ഇതിൽ എന്താണ് ഇത്ര തെറ്റ്. കൂടെ പഠിച്ച ഒരു സുഹൃത്തിനോട് സംസാരിക്കുന്നു..വിശേഷങ്ങൾ പരസ്പരം പങ്കു വെയ്ക്കുന്നു…

Story written by Meenu M

=====================

എനിക്കെന്തോ പേടി തോന്നുന്നു ബാലു… രവിയേട്ടനെ അറിയുന്ന ആരെങ്കിലും ഒക്കെ കാണും…

അവൾ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു. ശീതീകരിച്ച ഒരു ഐസ്ക്രീം പാർലറിനുള്ളിൽ ആയിരുന്നു മൃദുലയും ബാലചന്ദ്രനും…..

അതിനു താൻ ഇങ്ങനെ പേടിക്കുന്നതെന്തിനു മൃദു… നമ്മൾ ജസ്റ്റ്‌ ഒന്നു കണ്ടു… സംസാരിച്ചു. ഒന്നുമില്ലെങ്കിലും സഹപാഠികൾ അല്ലെടോ നമ്മൾ?

മുന്നിൽ കൊണ്ടു വച്ച വാനില ഐസ്ക്രീമിൽ സ്പൂൺ വെച്ച് നന്നായി ഒന്നു ഇളക്കുന്നതിനിടയിൽ ബാലചന്ദ്രൻ പുഞ്ചിരിച്ചു.

ഞാൻ വിവാഹശേഷം അങ്ങനെ തനിച്ചു പുറത്ത് ഇറങ്ങാറില്ല…വല്ലപ്പോളും രവിയേട്ടൻ പുറത്തു കൊണ്ടു പോകും..ഇതിപ്പോ ബാലു നിർബന്ധിച്ച കൊണ്ടാ ഞാൻ…

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ. കോളേജിൽ ഒക്കെ എത്ര ആക്റ്റീവ് ആയി പറന്നു നടന്നിരുന്ന ആ മൃദുല മേനോൻ തന്നെ ആണോ ഇത്?

മൃദുല വിളറിയ ഒരു ചിരി സമ്മാനിച്ചു.

ശരിക്കും പറഞ്ഞാ വിവാഹം എന്ന പേരിൽ തന്റെ വീട്ടുകാർ തന്നോട് ഒരു ചതി ആണ് ചെയ്തത്…. രവി തന്നെ ഒരു കൂട്ടിൽ അടച്ചത് പോലെ ആയി.കാര്യം അത്യാവശ്യം സാമ്പത്തിക സ്ഥിതി ഒക്കെ ഉണ്ടെങ്കിലും എത്രയെന്നു വച്ചാ വീട്ടിൽ വെറുതെ ഇരിക്ക്യാ. ശ്വാസം മുട്ടില്ലേ…?.ഇങ്ങനെ മനുഷ്യൻമാരെ കാണാതെ ഇരുന്നാ…

അതുകേൾക്കെ മൃദുലയുടെ മുഖം മങ്ങിപ്പോയി. ശരിയാണ്. തുടർന്നു പഠിക്കാനും ഒരു ജോലി നേടാനും ഒക്കെ ആയിരുന്നു ആഗ്രഹം. അവിടെയാണ് ജാതകം ഒരു വില്ലൻ ആയി അവതരിച്ചത്.

21 വയസിൽ കുട്ടീടെ വിവാഹം കഴിഞ്ഞില്ലാ ച്ചാ പിന്നൊരു 30 നു ശേഷം നോക്ക്യാ മതി.

ജാതകം നോക്കി പോറ്റി അങ്ങനെ ആണ് പറഞ്ഞത്. പോറ്റി പറഞ്ഞാ പിന്നെ അച്ഛനും അമ്മയ്ക്കും വേറെ വാക്കില്ല.

ഡിഗ്രി പരീക്ഷ കഴിഞ്ഞതിനു തൊട്ടു പുറകെ ആയിരുന്നു വിവാഹം.

നഗരത്തിലെ ചെറിയൊരു ടെക്സ്റ്റയിൽസ് വ്യാപാരിയായ രവിമോഹനുമായി. ഇന്ന് ആ ബിസിനസ് വളർന്നു പന്തലിച്ചിരിക്കുന്നു

എത്ര കുട്ടികൾ ആണ് മൃദു ന്?

രണ്ടു പേര്. മോള് കോയമ്പത്തൂരിൽ ആണ്. എഞ്ചിനീയറിങ്ങിന്. മോൻ പ്ലസ് ടു.

ഇത്ര വലിയ കുട്ടികളുടെ അമ്മ ആണെന്ന് കണ്ടാൽ പറയില്ല.എന്തൊരു യങ് ആണ് താൻ….പിന്നെന്താ ഇപ്രാവശ്യം നമ്മുടെ കോളേജ് റീ യുണിയന് വരാൻ തോന്നിത്?കഴിഞ്ഞ തവണയും ഞാൻ ആദ്യം അന്നെഷിച്ചത് മൃദുലയെ ആയിരുന്നു…

അതൊന്നും ഞാൻ അറിഞ്ഞില്ല ബാലു….ഞാൻ ഗ്രൂപ്പിൽ ഒന്നും ഇല്ലായിരുന്നുലോ…ഈയിടെ വീട്ടിൽ ഉത്സവത്തിനു പോയപ്പോൾ നമ്മുടെ കൂടെ പഠിച്ച അമ്പിളിയെ കണ്ടു.. അവളാ ഗ്രൂപ്പിൽ ആഡ് ആക്കിത്..

അപ്പോൾ അമ്പിളിക്ക് ഒരു സ്പെഷ്യൽ താങ്ക്സ് കൊടുക്കണം അല്ലേ?

ബാലചന്ദ്രൻ മൊബൈലിൽ നോക്കിയാണ് സംസാരിച്ചത്. അയാളുടെ ഫോണിൽ മെസ്സേജുകൾ തുരു തുരാ വന്ന് കൊണ്ടിരിക്കുന്നു.

ചോക്ലേറ്റ് ഐസ്ക്രീം പതിയെ നുണയുന്നതിനിടയിൽ മൃദുല വാച്ചിൽ നോക്കി.

ബാലു ഇപ്പോൾ എഴുതാറില്ലേ…. ബുക്സ് എന്തെങ്കിലും ആക്കിയോ?

ഇപ്പോൾ പ്രതിലിപിയിൽ എഴുതുന്നുണ്ട്.അന്ന് പഠനം കഴിഞ്ഞു ഒരു ജോലിക്ക് വേണ്ടി ഉള്ള അലച്ചിൽ ആയിരുന്നു. ജീവിതം ഇങ്ങനെ മുന്നിൽ പകച്ചു നിൽക്കുമ്പോൾ എന്ത് എഴുതാൻ…….ആദ്യം വയറു നിറയാൻ ഉള്ള വഴി അല്ലേ നോക്കേണ്ടത്? എന്നിട്ട് അല്ലേ വായനക്കാരുടെ മനസ് നിറയ്ക്കുന്നതിനെ പറ്റി ആലോചിക്കാൻ പറ്റു..

ബാലചന്ദ്രൻ മൃദുലയെ നോക്കി മനോഹരം ആയി പുഞ്ചിരിച്ചു. ചിരിക്കുമ്പോൾ ആ താടിക്കിടയിൽ എവിടെയോ ഒരു നുണക്കുഴി ഉള്ളത് പോലെ തോന്നി.

ഞാൻ ബാലുവിന്റെ കഥകളുടെ വലിയ ഒരു ആരാധിക ആയിരുന്നു അന്നൊക്കെ….പിന്നെ… പ്രതിലിപിയിൽ ഏത് പേരിൽ ആണ് എഴുതുന്നത്?ഞാൻ ഒരു സ്ഥിരം വായനക്കാരി ആണ്.

മൃദുല ഐസ് ക്രീം തീർന്നപ്പോൾ ചുണ്ടുകൾ ടിഷ്യൂ പേപ്പർ കൊണ്ടു ഒപ്പുന്നതിനിടയിൽ പറഞ്ഞു.

ബാലു എടതിരിഞ്ഞി….. അതാണ് എന്റെ ഐഡി…. വായിച്ചിട്ടുണ്ടോ എന്റെ സ്റ്റോറീസ്?ആക്ച്വലി….

ഞാൻ മൃദുലയുടെ സൗന്ദര്യത്തിന്റെ ഒരു വലിയ ആരാധകൻ ആയിരുന്നു പഠിക്കുന്ന സമയത്ത്….എന്തൊരു സുന്ദരി ആയിരുന്നു താൻ. ഇന്നും ഒരു മാറ്റവും ഇല്ല കേട്ടോ… ഇരുപത്തി രണ്ടു കൊല്ലം മുൻപ് ഞാൻ കണ്ട മൃദുല മേനോൻ എങ്ങനെ ആണോ അതുപോലെ തന്നെ ഇരിക്കുന്നു.കുറച്ചു കൂടെ തടിച്ച് സുന്ദരി ആയോന്നു സംശയം…

ബാലചന്ദ്രൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ മൃദുല ഒന്ന് പരിഭ്രമിച്ചു പോയി. മേൽ ചുണ്ടിനു മേലെ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ കർച്ചീഫ് കൊണ്ടു ഒപ്പി വെറുതെ വാച്ചിൽ നോക്കി.

എങ്കിൽ ഞാൻ ഇറങ്ങട്ടെ ബാലു…സ്റ്റോറി ടെ ലിങ്ക് എനിക്ക് ഒന്ന് അയച്ചു തന്നോളോ.

എങ്ങനെ എങ്കിലും അവിടെ നിന്നും ഓടിപോകാൻ മൃദുല കൊതിച്ചു.

ഞാൻ വൈകിട്ട് മെസ്സേജ് അയക്കാം… അന്ന് എടുത്ത കുറച്ചു ഫോട്ടോസ് കൂടെ സെന്റ് ചെയ്യാം. ഓക്കേ…

മ്മ്.. ഓക്കേ.

അവൾ പുറത്തേക്കിറങ്ങി തിടുക്കപ്പെട്ട് നടക്കുന്നത് ഗ്ലാസ്‌ ഡോറിന് ഉള്ളിലൂടെ അയാൾക്ക് കാണാമായിരുന്നു.അതും നോക്കി അയാൾ പുഞ്ചിരിച്ചു.

******************

മേൽകഴുകി ഒഴുകി കിടക്കുന്ന ഒരു നൈറ്റി എടുത്തിട്ടു മൃദുല. ബെഡ് റൂമിലെ വലിയ കണ്ണാടിയ്ക്ക് മുന്നിൽ വന്ന് നിന്നു.

ബാലു പറഞ്ഞത് നേരാണ്. സുന്ദരി ആണ് താൻ.ചെറുപ്പവും.ഏതൊരാളും രണ്ടാമതൊന്നു നോക്കും…

അങ്ങനെ നോക്കാത്തത് ഒരുപക്ഷെ രവിയേട്ടൻ മാത്രമേ കാണൂ….വിവാഹം കഴിഞ്ഞിട്ട് 22 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.രവിയേട്ടൻ വളരെ പഴഞ്ചൻ ആണ്.നല്ലൊരു ഡ്രസ്സ്‌ ധരിക്കുക കൂടി ഇല്ല. എപ്പോളും രാഷ്ട്രീയക്കാരുടെ പോലെ വെള്ള മാത്രം.

ആ തലയിൽ ഏത് നേരവും ലാഭത്തിന്റെ കണക്കും സ്റ്റോക്കെടുപ്പും പുതിയ ട്രെൻഡിനെ കുറിച്ചുള്ള അന്നെഷണവും ആണ്.കുറെ കൂടെ ബിസിനസ്‌ എങ്ങനെ വളർത്തിയെടുക്കാം എന്ന ചിന്തയും…

മൃദുല ഒരു നിരാശയോടെ ബെഡിൽ കിടന്നു ഫോൺ എടുത്ത് നോക്കി. ബാലുവിന്റെ മെസ്സേജ് ഉണ്ട്.മൃദുലയ്ക്ക് മനസ്സിൽ പെട്ടെന്ന് ഒരു ഉണർവ്വ് അനുഭവപ്പെട്ടു.

സ്റ്റോറിയുടെ ലിങ്ക് അയച്ചിട്ടുണ്ട്. ഒപ്പം അന്ന് കോളേജ് റീ യുണിയന് എടുത്ത ഫോട്ടോസ്…

മൃദുല ഒരു പുഞ്ചിരിയോടെ ഓരോന്നും നോക്കി കൊണ്ടിരുന്നു.

ഒരു ഫോട്ടോയിൽ ബാലു എന്തോ മാർക്ക്‌ ചെയ്തിട്ടുണ്ട്.

അവൾ അത് എടുത്തു നോക്കി. അതിൽ താനും ബാലുവും അടുത്താണ് നിൽക്കുന്നത്.രണ്ടു പേരെയും ഒന്നിച്ചു ചേർത്ത് ബാലു ഒരു റൗണ്ട് വരച്ചിട്ടുണ്ട്.

നല്ല രസണ്ട് അല്ലെടോ?

അങ്ങനെ ഒരു കമന്റ്‌ താഴെ എഴുതി ചേർത്തിട്ടുണ്ട്.

മൃദുല അതൊന്ന് സൂം ചെയ്ത് നോക്കി. ശരിയാണ്. നന്നായിട്ടുണ്ട്. ബാലുവും വളരെ ചെറുപ്പം ആണ് കാണാൻ… താടി വച്ച ആ രൂപം കാണാൻ തന്നെ നല്ല ഭംഗിയാണ്.

അവൾ ഒരു തംബ്സ് അപ്പ് തിരികെ അയച്ചു.

പെട്ടെന്ന് തന്നെ ബാലചന്ദ്രൻ ഓൺലൈൻ കാണിച്ചു.

ബാലുവിന്റെ ഫാമിലി?

ഭാര്യ സിതാര ഇവിടെ അടുത്ത് CBSE സ്കൂളിൽ ടീച്ചർ ആണ്. രണ്ടു മക്കൾ. ആൺകുട്ടികൾ ആണ്.

ഒരു പിക് അയക്കുമോ ഒന്ന് കാണാൻ?

പെട്ടെന്ന് തന്നെ ഒരു ഫോട്ടോ വന്നു. ബാലുവിന്റെ മനോഹരമായ ഫോട്ടോ….

മൃദുല ഒന്ന് ഞെട്ടിപ്പോയി.ഫോട്ടോ ചോദിച്ചപ്പോൾ ബാലു തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു.

സോറി. ഞാൻ ഫാമിലി പിക് ആണ് ചോദിച്ചത്?

ഓ. സോറി. ഇപ്പൊ അയച്ചേക്കാം..

പെട്ടെന്ന് തന്നെ ഫാമിലി ഫോട്ടോ വന്നു. ഭാര്യ വലിയ സുന്ദരി ഒന്നും അല്ല. ഇരുനിറത്തിൽ ചുരുണ്ട മുടി.തടിച്ചിട്ടാണ്. ഒരു ഗൗരവക്കാരി. കുട്ടികൾ ബാലുവിനെ പോലെ ക്യൂട്ട് ആണ്..

എങ്കിലും…

എല്ലാവരും നന്നായിരിക്കുന്നു.

എന്നാണ് കമന്റ് ചെയ്തത്…..

എന്തു കാര്യം? ഭയങ്കര തിരക്കാണ് എന്റെ ഭാര്യക്ക്.തന്റെ രവിയേട്ടനെ പോലെ. എനിക്ക് എന്റെയും എന്റെ മക്കളുടെയും കാര്യങ്ങൾ നോക്കുന്ന ഒരു പാവം ഭാര്യ മതിയായിരുന്നു.

മൃദുലയ്ക്ക് എന്തു പറയണം എന്ന് അറിയില്ലായിരുന്നു.അതുകൊണ്ട് ഒരു സ്മൈലി മാത്രം അയച്ചു.

മൃദുലയെ പോലെ…..

നേരത്തെ അയച്ച മെസ്സേജിന്റെ തുടർച്ച പോലെ ബാലുവിന്റെ ഈ വാക്കുകൾ വായിച്ചപ്പോൾ ഉള്ളിൽ എന്തോ പതഞ്ഞു പൊങ്ങുന്നത് പോലെ ആണ് അവൾക്ക് തോന്നിയത്. ഹൃദയം അതിദ്രുതം മിടിക്കുന്നു.

ജോലിക്ക് പോയി തുടങ്ങിയപ്പോൾ എന്നെ ശ്രദ്ധിക്കാൻ താരയ്ക്ക് സമയം ഇല്ല. സ്കൂളിൽ നിന്ന് വന്നാലും വീട്ടിൽ കുട്ടികളെ പഠിപ്പിക്കലും സ്കൂളിലെ ഓരോ വർക്കും ഒക്കെ ആയി അയാൾ എപ്പോഴും തിരക്കിൽ ആണ്.ചിലപ്പോൾ തോന്നും വെറുതെ സൃഷ്ടിച്ചുണ്ടാക്കുന്ന തിരക്ക് അല്ലേ ഇതൊക്കെ എന്ന്?

അതെന്താ?

എന്തോ… പണ്ട് മുതലേ അയാൾ ഇങ്ങനെ ആണ്. ഒട്ടും റൊമാന്റിക് അല്ല. ഞാൻ ആണെങ്കിൽ ഈ എഴുത്തും കുറച്ചു സാഹിത്യോം ഒക്കെ ഉള്ളോണ്ട് എപ്പോളും സ്നേഹം കൊതിച്ചു കൊണ്ടിരിക്കുന്നു.

മൃദൂല അതിനു മറുപടി ഒന്നും കുറിച്ചില്ല.

ശരിക്കും നമ്മൾ തുല്യദുഃഖിതർ ആണ് ല്ലേ?

ബാലചന്ദ്രന്റെ ആ ചോദ്യത്തിൽ മൃദുല വിയർത്തു പോയി.

ഇങ്ങനെ ഒന്നും സംസാരിക്കരുത് എന്ന് ബാലുവിനോട് പറയണം എന്നുണ്ട്.

പക്ഷേ ബാലുവിന് ഫീൽ ചെയ്താലോ….

കേൾക്കുമ്പോൾ ഒരു സുഖം ഒക്കെ തോന്നുന്നുണ്ട്. വിശേഷങ്ങൾ പറയാനും കേട്ടിരിക്കാനും ഒരാൾ…

മൃദുല ഒരു ആശയകുഴപ്പത്തിൽ ആയിരുന്നു…

ഇതു ശരിയാണോ?

ഇതിൽ എന്താണ് ഇത്ര തെറ്റ്. കൂടെ പഠിച്ച ഒരു സുഹൃത്തിനോട് സംസാരിക്കുന്നു.. വിശേഷങ്ങൾ പരസ്പരം പങ്കു വെയ്ക്കുന്നു…അത്രയല്ലേ ഉള്ളൂ…അത്ര മാത്രം.,

മനസ് പെട്ടെന്ന് തന്നെ ഉത്തരം കൊടുത്തു.

ഇതു പുതിയ കഥയുടെ ലിങ്ക് ആണോ?

എത്രയും പെട്ടെന്ന് സംസാരം അവസാനിപ്പിക്കാൻ അവൾക്ക് തിടുക്കം തോന്നി.മനസ്സിൽ ഇപ്പോളും ഒരു വടം വലി നടക്കുന്നു.

യെസ്… സത്യം പറഞ്ഞാ കഴിഞ്ഞ മാസത്തെ റീ യുണിയന് ശേഷം എഴുതി തുടങ്ങിയ കഥ ആണ്. ഒന്നൂടെ വ്യക്തം ആക്കിയാൽ മൃദുവിനെ കണ്ടതിനു ശേഷം…

എങ്കിൽ…. എങ്കിൽ പിന്നേ ഞാൻ വായിച്ചു നോക്കട്ടെ. ഓക്കേ ബൈ..

മൃദൂല മൊബൈൽ നെറ്റ് ഓഫ് ആക്കി വച്ചു…

മറുപുറത്ത് ബാലചന്ദ്രൻ ഒന്ന് പുഞ്ചിരിച്ചു.

പത്മരാജൻ കഥകൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാൾ.

“എല്ലാ ബന്ധങ്ങളിലും സ്വാർത്ഥതയുടെ, കപടതയുടെ, ആത്മ വഞ്ചനയുടെ,
പകയുടെ, ചതിയുടെ, ലൈം-ഗികത്വത്തിന്റെ, ദുർഗന്ധം ചുരത്തി നിൽക്കുന്നുവെന്ന് എന്നേ ഞാൻ കണ്ടുപിടിച്ചതാണ്… അതു നീ അറിഞ്ഞിരുന്നില്ല അല്ലേ???”

പുസ്തകത്തിൽ ആ വരികൾ അടിവരയിട്ടുകൊണ്ടു അയാൾ മൃദുലയുടെ പ്രൊഫൈൽ പിക് ഓപ്പൺ ആക്കി.

***********************

കിച്ചണിൽ ഓരോന്ന് ചെയ്യുമ്പോളും ബാലചന്ദ്രന്റെ ഓരോ വാക്കുകളും മൃദുലയുടെ മനസ്സിൽ നിറഞ്ഞു നിന്നു.

മൃദു സുന്ദരി ആണ് കേട്ടോ..

ആണോ.. മൃദുല വർക്ക്‌ ഏരിയയിലെ വാഷ് ബേസിനു അരികിലുള്ള കണ്ണാടിയിൽ നോക്കി.

കണ്ണിനു താഴെ ചെറിയ കറുപ്പ് നിറം ബാധിച്ചിട്ടുണ്.നെറുകയിൽ മുടിയിഴകൾ ഒന്നോ രണ്ടോ നരച്ചിട്ടുണ്ട്. അതിന്റെ എണ്ണം കൂടിയോ? അഞ്ചോ ആറോ ആയിരിക്കുന്നു. മൃദുലയ്ക്ക് ആധി തോന്നി.അവൾ ഒന്നു കൂടെ പരിശോധിച്ചു.

നീയെന്താ കാലത്ത് തന്നെ ഈ കണ്ണാടി ടെ മുന്നിൽ നിന്ന് സർക്കസ് കാണിക്കുന്നേ. ഒന്നു മാറുന്നുണ്ടോ.

രവിമോഹൻ ദേഷ്യപ്പെട്ടപ്പോൾ അവൾ അവിടെ നിന്നും മാറി നിന്നു.

മ്മ്?

ബ്രഷ് വായിൽ വെച്ചു കൊണ്ട് അയാൾ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ഒന്നുമില്ലെന്ന് ചുമൽ പൊക്കി കൊണ്ട് മൃദുല അകത്തേക്ക് നടന്നു.

ഒരിക്കൽ പോലും രവിയേട്ടൻ പറഞ്ഞിട്ടില്ല. താൻ സുന്ദരി ആണെന്ന്. എങ്ങനെ ഒരുങ്ങിയാലും പ്രത്യേകിച്ച് ഒരു അഭിപ്രായം ഇല്ല. ശ്രദ്ധിക്കുക കൂടി ഇല്ല.

ഈ മഞ്ഞ സാരിയിൽ മൃദു സുന്ദരി ആയിരിക്കുന്നു. ഒരു വിഷുപക്ഷി പോലെ…

പ്രൊഫൈൽ ഫോട്ടോയ്ക്ക് ബാലു കമന്റ്‌ പറഞ്ഞത് അങ്ങനെ ആണ്.

ബാലു എത്ര നന്നായി സംസാരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നു.

മൃദുല ഒരു നെടുവീർപ്പോടെ സിങ്കിൽ കിടന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി.

***********************

ഒഴിവ് സമയങ്ങളിൽ മൃദുല ബാലചന്ദ്രനോട് സംസാരിച്ചു കൊണ്ടിരുന്നു. പഴയ കാര്യങ്ങൾ, വീട്ടുകാര്യങ്ങൾ അങ്ങനെ മണിക്കൂറുകളോളം ചാറ്റ് നീണ്ടു പോയി.

മൃദുലേ.. നീ ചെയ്യുന്നത് ശരിയാണോ?

ഇതിൽ എന്താണ് തെറ്റ്? നല്ലൊരു സുഹൃത്തിനോട് സംസാരിക്കുന്നു. അതിൽ കവിഞ്ഞു ഒന്നുമില്ലല്ലോ…

മനസ്സിൽ ദൈവവും സാത്താനും തമ്മിൽ എന്നും ഒരു വാക്പോരു നടന്നു കൊണ്ടിരുന്നു. അതിൽ സാ-ത്താൻ ജയിച്ചു കൊണ്ടിരുന്നു.

താൻ പോലും അറിയാതെ തന്റെ മനസ് രവിയിൽ നിന്നും കൂടുതൽ കൂടുതൽ അകലുന്നതും അത് ബാലചന്ദ്രനിലേയ്ക്ക് അടുക്കുന്നതും മൃദുല തിരിച്ചറിഞ്ഞില്ലെന്നുള്ളതാണ് വാസ്തവം.

മൃദു ഇന്ന് ശോകം ആണല്ലോ എന്ത് പറ്റി?

എന്തേ ഇന്ന് മൃദുന്റെ മുഖം വാടി ഇരിക്കുന്നു. രവി വഴക്ക് പറഞ്ഞോ?.

മൃദു ഇന്നലെ ഉറങ്ങി ഇല്ലെന്നു തോന്നുന്നു?വയ്യായ്ക എന്തെങ്കിലും?

ഓരോ തവണയും തന്നെ കാണുന്നില്ലെങ്കിൽ പോലും ദൂരെ എവിടെയോ ഇരുന്നു തന്റെ ഹൃദയവിചാരങ്ങൾ മനസിലാക്കുന്ന ബാലുവിനെ കുറിച്ച് ഓർത്ത് മൃദുല അത്ഭുതപ്പെട്ടു.

എങ്ങനെ ആണ് ബാലുവിന് തിരിച്ചു അറിയാൻ കഴിയുന്നത്? ആരും എന്നേ ഈ വിധം മനസ്സിൽ ആക്കിയിട്ടില്ല.

അതൊക്കെ അറിയാം. ഒരു എഴുത്തുകാരൻ എന്ന് പറഞ്ഞാ ഒരു മനശാസ്ത്രജ്ഞനെ പോലെ ആണ്.

അതെങ്ങനെ?

തന്റെ മുന്നിൽ ഇരിക്കുന്ന ഒരു വ്യക്തിയോട് കുറച്ചു നേരം സംസാരിച്ചാൽ അയാൾ എങ്ങനെ ഉള്ള വ്യക്തി ആണെന്ന് എളുപ്പം മനസിലാക്കാനും പിന്നീട് അയാൾ എങ്ങനെ ഒക്കെ ചിന്തിക്കും എന്ന് ഊഹിക്കാനും ഒരു എഴുത്തുകാരന് പറ്റും.

ചുമ്മാ പുളു….

അല്ലെടോ സത്യം….എങ്കിൽ ഞാൻ പറയട്ടെ. ഈയിടെ ആയി മൃദു ഏറ്റവും കൂടുതൽ ഓർക്കുന്നത് എന്നെ കുറിച്ചാണ്…തന്റെ രവിയേട്ടന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്ന് വരേ മൃദു ചിന്തിച്ചിട്ടുണ്ട്…

മൃദുല പരിഭ്രമിച്ചു പോയി.സത്യമായിരിക്കുമോ? എഴുത്തുകാർക്ക് മനസ് അറിയാൻ ഉള്ള കഴിവുണ്ടോ?

അവൾ പെട്ടെന്ന് തന്നെ നിഷേധിച്ചു..

ഇല്ലില്ല…. ബാലു പറഞ്ഞതെല്ലാം തെറ്റിപ്പോയി.

ആണോ.എങ്കിൽ സോറി.മൃദുല മേനോനെ മനസിലാക്കുന്നതിൽ എനിക്ക് തെറ്റ് പറ്റിപോയിരിക്കുന്നു…. എന്തായാലും ഞാൻ പറഞ്ഞ കാര്യം ഒന്ന് ചിന്തിച്ചു നോക്കിക്കൂടെ? എനിക്കും മടുത്തെടോ… ജീവിതം ഒന്നേ ഉള്ളൂ മൃദു…. അതിങ്ങനെ മുരടിപ്പിച്ചു കളയാൻ ഉള്ളതാണോ? ആർക്കു വേണ്ടി? കുട്ടികൾക്ക് വേണ്ടി ആണെന്നൊക്കെ എല്ലാവരും പറയും. പക്ഷേ… ചിറകിനു കരുത്തു വെച്ചാൽ അവരും പറക്കും. ഉയരത്തിലേക്ക്… പറക്കാൻ പഠിപ്പിച്ച അമ്മക്കിളിയെയോ തീറ്റതേടി അലഞ്ഞു അത് കൊക്കിൽ പകർന്ന അച്ഛൻകിളിയെയോ തിരഞ്ഞു ഒറ്റ കിളികുഞ്ഞു പോലും തിരികെ വന്നിട്ടില്ല. ഇപ്പോൾ ആ ഒരു ലോകത്തിൽ ആണ് മനുഷ്യരും…

ബാലചന്ദ്രൻ പതുക്കെ ചിരിക്കുന്നത് മൃദുല കേട്ടു. അതിൽ ഒരു സങ്കടം ഒളിഞ്ഞിരിക്കുന്ന പോലെ തോന്നി. മൃദുല ഒന്നും പറയാതെ ഫോൺ വച്ചു.

*******************

ഒരു ഉച്ച നേരത്ത് മൊബൈൽ നോക്കി അലസം കിടക്കുകയായിരുന്നു മൃദുല.

ബാലുവിനെ ഓൺലൈൻ കാണുന്നില്ല.അവൾക്ക് നിരാശ തോന്നി. വാട്സ്ആപ്പിൽ നിന്നും ഇറങ്ങി എഫ് ബി തുറന്നു…

“പൂർവ്വവിദ്യാർത്ഥിസംഗമത്തിന് ഇടയിൽ പരിചയം പുതുക്കിയ സഹപാഠികൾ പ്രണയിച്ച് ഒളിച്ചോടി…

സോഷ്യൽ മീഡിയയിൽ മൊത്തം വൈറലായ ആ വാർത്ത വായിച്ചു മൃദുല ഞെട്ടിപ്പോയി.രണ്ടു പേരും കുടുംബം ആയി ജീവിക്കുന്നവർ ആണ്…

അവൾ തിടുക്കത്തിൽ കമന്റ്‌ ബോക്സ്‌ തുറന്നു. ആളുകൾ വാക്കുകൾ കൊണ്ട് പൊങ്കാല തീർത്തിട്ടുണ്ട്.മൃദുലയുടെ നെഞ്ച് ശക്തമായി മിടിച്ചു.ആളുകളുടെ അഭിപ്രായങ്ങൾ തനിക്ക് ചുറ്റും നിന്ന് തന്നെ കൊല്ലാൻ ഉള്ള കൂരമ്പുകൾ ആയി ചെവിയിൽ അലയടിക്കുന്നു. ഓരോ വാക്കുകളും തന്നോടാണ് പറയുന്നത് എന്ന് തോന്നുന്നു……മൃദുല ചെവി പൊത്തിപ്പോയി.

രണ്ടു ദിവസം അവൾ ഫോൺ നോക്കിയതേ ഇല്ല. ബാലുവിന്റെ എണ്ണമറ്റ മെസ്സേജുകൾ വന്നു കിടക്കുന്നുണ്ട്. ഈ സമയങ്ങളിൽ എല്ലാം ദൈവവും സാത്താനും മത്സരിച്ചു കൊണ്ടിരുന്നു. ഇത്തവണ രണ്ടു പേരും ജയിച്ചില്ല… തോറ്റിട്ടും ഇല്ല. മത്സരം തുടർന്നു കൊണ്ടേ ഇരിക്കുന്നു.

********************

എന്തുപറ്റി? സുഖം ഇല്ലേ നിനക്ക്?

ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇരിക്കുമ്പോൾ പതിവില്ലാതെ രവി ചോദിക്കുന്നത് കേട്ട് മൃദുല ഞെട്ടി മുഖം ഉയർത്തി.

എന്താ…… ഒന്നുമില്ല.

മൃദൂല അയാളെ തുറിച്ചു നോക്കി.

പിന്നെ? രണ്ടു ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു. ആകെ കൂടെ ഒരു മൗനം. ഏത് നേരവും എന്തോ ആലോചനയിൽ ആണല്ലോ?

അപ്പോൾ നിങ്ങൾ എന്നേ ശ്രദ്ധിക്കാറുണ്ടോ? എനിക്കിതു വരേ തോന്നിയിരുന്നില്ല.

നിർവികാരമായ വാക്കുകൾ കേട്ട് രവി അടുത്തിരിക്കുന്ന മകനെ നോക്കി. അവനും അവളെ നോക്കുന്നുണ്ട്.

നിന്റെ കഴിഞ്ഞെങ്കിൽ എണീറ്റു പോയി കൈ കഴുകെടാ. ക്ലാസ്സിൽ പോണ്ടേ നിനക്ക്?

രവി ആദ്യമായി അങ്ങനെ പറഞ്ഞപ്പോൾ മകൻ അത്ഭുതത്തോടെ അയാളെ ഒന്ന് നോക്കി എണീറ്റു പോയി.

മൃദുലെ… എന്താ നിനക്ക്?

അയാൾ അവളുടെ കൈകൾക്ക് മീതെ കൈ വച്ചു. എന്തുകൊണ്ടോ തന്റെ ശരീരം വിറച്ചത് പോലെ മൃദുലയ്ക്ക് തോന്നി. അവൾ പെട്ടെന്ന് എണീറ്റ് റൂമിലേയ്ക്ക് നടന്നു.

രവി ഒരു നെടുവീർപ്പോടെ അതും നോക്കി കുറച്ചു നേരം ഇരുന്നു.

മൃദുലയ്ക്ക് ശക്തമായ തലവേദന അനുഭവപ്പെട്ടു. അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

രവി മുറിയിലേയ്ക്ക് കടന്നു വരുമ്പോൾ തലയിണയിൽ കവിൾ ചേർത്ത് മൃദുല കണ്ണടച്ച് കിടക്കുന്നുണ്ടായിരുന്നു.

ഡീ.. എന്താ? തലവേദന ഉണ്ടോ?

രവി മൃദുലയുടെ മുടിയിഴകൾ ഒതുക്കി വെച്ചു. നെറ്റിയിൽ ബാം പുരട്ടി കൊടുത്തു.

ഞാൻ കഷ്ടപ്പെടുന്നത് നിനക്കും നമ്മുടെ മക്കൾക്കും വേണ്ടി അല്ലേ? നിനക്ക് അറിയോ? ഒന്നുമില്ലായ്മയിൽ നിന്നാണ് രവി ഇന്ന് കാണുന്നതെല്ലാം സൃഷ്ടിച്ചെടുത്തത്.കുഞ്ഞുന്നാളിൽ മറ്റുള്ളവരുടെ കീറി പഴകിയ വസ്ത്രം അല്ലാതെ ഒന്നും ധരിച്ചിട്ടില്ല. അമ്മ പണിയെടുക്കുന്ന വീടുകളിൽ നിന്നു കിട്ടുന്ന ഇത്തിരി ഭക്ഷണം പങ്കിട്ടിട്ടാണ് ഞങ്ങൾ ഇത്രയും മക്കൾ വിശപ്പടക്കിയിരുന്നത്.പിന്നെ
വാശി ആയിരുന്നു ജീവിതത്തോട്…. ഫുട് പാത്തിൽ തുടങ്ങിയ തുണി കച്ചവടം ആണ് ഇന്ന് ഈ നിലയിൽ എത്തിയത്.അന്നൊക്കെ നല്ലോണം മുണ്ട് മുറുക്കി ഉടുത്തിട്ട് തന്നെ ആണ് ഇന്ന് ഇങ്ങനെ…. ഇന്നും അതുകൊണ്ടാകാം നിറമുള്ള ഒരു വസ്ത്രം ധരിക്കാൻ എനിക്ക് തോന്നാറില്ല….എന്തൊക്കെയോ വെട്ടിപിടിക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു.അതിനിടയിൽ ജീവിക്കാൻ മറന്നു പോയിട്ടുണ്ട്.സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു…ഉള്ളിൽ മുഴുവൻ നീയും നമ്മുടെ മക്കളും മാത്രം ആണ്…. പക്ഷേ സ്നേഹം…. അത് പ്രകടിപ്പിക്കാൻ ഉള്ളത് തന്നെ ആണ്…നീ… നീ അതെന്നെ ഓർമ്മിപ്പിച്ചു…

രവി നെഞ്ചിൽ പതിയെ തടവി. സങ്കടം കൊണ്ട് അയാളുടെ നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു.

മൃദുല ഉറക്കെ എങ്ങലടിച്ചു കരഞ്ഞു.

കരയണ്ട… ഇനി നമുക്ക് ഒന്ന് ജീവിച്ചു തുടങ്ങാം. നീ ആഗ്രഹിക്കുന്ന പോലെ. പിന്നെ എല്ലാരും പോകുമ്പോ നീയിങ്ങനെ വെറുതെ ഇരുന്നിട്ടാണ് ഓരോന്ന് ആലോചിച്ചു കൂട്ടുന്നത്. നാളെ മുതൽ എന്റെ കൂടെ ഷോപ്പിൽ വന്നിരിക്കാം. എപ്പോളും കസ്റ്റമറും തിരക്കും ഒക്കെ ആണ്. അതിന്റെ ഇടയിൽ നീ കഷ്ടപെടണ്ടല്ലോ എന്ന് ഓർത്തിട്ടായിരുന്നു ഞാൻ ഇത്ര നാളും….ജീവിതത്തിൽ ഞാൻ അനുഭവിച്ച വേനൽ ഒന്നും എന്റെ പ്രിയപ്പെട്ടവർ അറിയേണ്ടതില്ല എന്ന് കരുതി. അവർ വസന്തം മാത്രം കാണട്ടെ എന്ന് ആശിച്ചു..

രവി കുനിഞ്ഞു മൃദുലയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. അവൾ ഒരു തേങ്ങലോടെ അയാളെ ചുറ്റി പിടിച്ചു.

മനസിലെ യുദ്ധം അവസാനിച്ചിരുന്നു. ഇത്തവണ സാ-ത്താൻ തോറ്റു. ദൈവം ജയിച്ചു.

മൃദുല അയാളെ ചുറ്റി പിടിച്ചു കൊണ്ട് തന്നെ ബാലചന്ദ്രനെ ബ്ലോക്ക്‌ ചെയ്തു… ഫോൺ അലക്ഷ്യമായി ബെഡിലേയ്ക്കിട്ടു. കൂടുതൽ മുറുക്കത്തിൽ രവിയെ കെട്ടിപിടിച്ചു.

രവി അവൾക്ക് വിധേയൻ ആയി നിശ്ശബ്ദം അവളെ ചുറ്റിപിടിച്ചു കിടന്നു…..എങ്കിലും തലേന്ന് രാത്രിയിൽ മൃദുലയുടെ ഫോണിൽ കണ്ട വാട്സ്ആപ്പ് ചാറ്റ് അപ്പോഴും രവിയെ കുത്തി നോവിച്ചു കൊണ്ടിരുന്നു. അയാളുടെ കണ്ണിൽ നിന്നും പെയ്യുന്ന പേമാരി മൃദൂല അറിയാതെ തലയിണ ഒളിപ്പിച്ചുകൊണ്ടിരുന്നു…

~മീനു