പ്രണയ പർവങ്ങൾ – ഭാഗം 04, എഴുത്ത്: അമ്മു സന്തോഷ്

“സാറാ “

ഒരു വിളിയോച്ച കേട്ട് അവൾ തിരിഞ്ഞു നോക്കി

അയല്പക്കത്തെ മിനിചേച്ചിയാണ്

“മോള് കോളേജിൽ പോകുന്ന വഴിയാണോ.?”

“അതെ ചേച്ചി “

“ഈ കത്ത് ഒന്ന് പോസ്റ്റ്‌ ചെയ്തേക്കാമോ.?,

അവർ ചുറ്റും നോക്കുന്നുണ്ടായിരുന്നു

അവൾക്ക് കൗതുകം തോന്നി
കത്ത്?

അവൾ അത് വാങ്ങി

“ഇപ്പോഴത്തെ കാലത്തു ആരാ ചേച്ചി കത്തെഴുതുക? ഫോൺ വിളിച്ചു പറഞ്ഞാൽ പോരെ?”

“എനിക്കു കത്തുകൾ ഇഷ്ടമാണ് സാറ. എഴുതാനും ഇഷ്ടമാണ് ലഭിക്കാനും ഇഷ്ടമാണ്”

“ഞാൻ ജീവിതത്തിൽ കത്തെഴുതിയിട്ടില്ല ചേച്ചി “

“മോൾക്ക് അതിന്റെ ആവശ്യമൊന്നും വന്നിട്ടില്ലല്ലോ. ഇപ്പോഴത്തെ കുഞ്ഞുങ്ങൾ എല്ലാം ഫോൺ വഴിയല്ലേ? ആ സ്നേഹം ഒരു ബ്ലോക്കിൽ തീരുകയും ചെയ്യും
കത്തുകൾ ഒരു സുഖമാ മോളെ
അക്ഷരങ്ങളിൽ കൂടി സ്നേഹം നമ്മെ തേടി വരും. അത് ഹൃദയത്തിൽ തൊടും “

സാറ ആ വാക്കുകൾ കേട്ട് അങ്ങനെ നിന്നു പോയി. അത്ര മനോഹരം ആയിട്ടായിരുന്നു ആ സംസാരം

“മോളുടെ ബസ് വരുന്നു വേഗം പൊയ്ക്കോളൂ “

പതിവ് ബസ് വരുന്നുണ്ട്

അവൾ വേഗം യാത്ര പറഞ്ഞു ബസിൽ കയറി. ബസിൽ ഇരിക്കുമ്പോൾ വെറുതെ അവൾ അഡ്രസ് നോക്കി

അൻവർ മുഹമ്മദ്‌. പിന്നെ ആർമിയുടെ അഡ്രസ്

ജമ്മുവിലേക്കാണ് കത്ത്. ആരായിരിക്കും അൻവർ മുഹമ്മദ്‌

അവൾ വെറുതെ ആലോചിച്ചു നോക്കി

മിനിചേച്ചിയുടെ ഭർത്താവ് മരിച്ചു പോയതാണ്

ഒരു കുഞ്ഞുണ്ട്

ഭർത്താവ് മരിച്ചപ്പോ വീട്ടിൽ വന്നു നിൽക്കുന്നതാണ്

വീട്ടിൽ അമ്മയും ഒരു അനിയനും മാത്രം ഉള്ളു

പാവങ്ങളാണ്

ചേച്ചി തയ്ച്ചുണ്ടാക്കുന്നതും കൃഷിയിൽ നിന്നു കിട്ടുന്നതുമാണ് വരുമാനം

പാവമാണ്

സ്നേഹം ഉള്ളവളാണ്. അൻവർ അവരുടെ പ്രണയം ആവും

പ്രണയം?

സാറ നേർത്ത പുഞ്ചിരിയോടെ അത് ഓർത്ത് ഇരുന്നു

എന്താണ് പ്രണയം?

സ്കൂൾ കാലം മുതൽ പിന്നാലെ നടന്ന ചെക്കന്മാർക്ക് കണക്കില്ല

അന്ന ചേച്ചി ചിലപ്പോൾ അസൂയയോടെ പറയും. നിന്റെ മുഖമെന്ത് ഭംഗിയാണ് ഒറ്റ പാട് പോലുമില്ല. കണ്ണാടി പോലെ എന്റെയൊക്കെ നോക്ക് മുഖക്കുരു വന്നു പൊട്ടിച്ച പാടാണ് മൊത്തം. സ്വന്തം മുഖം അങ്ങനെയൊന്നും കണ്ണാടിയിൽ നോക്കി നിന്നിട്ടില്ല

കുളിച്ചു വന്നു ഒരു പൊട്ടു വെയ്ക്കാറുണ്ട് ചിലപ്പോൾ അതുമില്ല. പൊന്നിൻ കുടത്തിനെന്തിനാ പൊട്ട്. പൊട്ട് കാണാനില്ല എന്ന് പരാതി പറഞ്ഞാൽ അമ്മ തിരിച്ചു ചോദിക്കും

ആ ചോദ്യം കേട്ട് മടുത്തത് കൊണ്ട് ഇപ്പൊ ചോദിക്കാറില്ല

ഇപ്പൊ നിവിൻ ചേട്ടൻ പുറകെ കൂടിയിട്ടുണ്ട്. പുറകെ കൂടുന്നവരുടെ ഉദ്ദേശമൊക്കെ വേറെയാണെന്ന് അവൾക്ക് അറിയാം. അത് കൊണ്ട് തന്നെ യാതൊരു പ്രോത്സാഹനവും കൊടുക്കാറില്ല. സമയം ആകുമ്പോൾ മുന്നിൽ ഒരാൾ വരും. അയാളെ സ്നേഹിക്കും. അത് കല്യാണത്തിന് മുൻപാണോ പിൻപാണോ എന്നൊന്നും അറിയില്ല

“എടി ആ പ്രൊജക്റ്റ്‌ ചെയ്തോ?”

ബസിൽ നിമ്മി അടുത്ത് വന്നിരുന്നപ്പോ മാത്രം ആണ് അവൾ കണ്ടത് നിമ്മി കൂട്ടുകാരിയാണ്

അവളുടെ ബസ് സ്റ്റോപ്പിന് തൊട്ട് അടുത്തുനിന്നു ആണ് നിമ്മി കയറുക

പോകും വഴിയിൽ കുരിശുങ്കൽ വീട് കാണാം

സാറ വെറുതെ അങ്ങോട്ട് ഒന്ന് നോക്കി

“ചാർളിച്ചായൻ ജയിലിൽ നിന്ന് വന്നിട്ടുണ്ട്. നിനക്ക് അറിയാമോ കക്ഷിയെ?”

നിമ്മി കുരിശുങ്കൽ തറവാടുമായി ബന്ധം ഉള്ള ആളാണ്

നിമ്മിയുടെ അമ്മാച്ഛൻ ആണ് സ്റ്റാൻലി (അമ്മയുടെ ആങ്ങള )

“ഇല്ല പള്ളിയിൽ വെച്ച് കേട്ടു. രാവിലെ പാല് കൊടുക്കാൻ പോയപ്പോ കണ്ടു “

“ഉം “

“പണ്ടേ തല്ലുകാരൻ ആയിരുന്നോ?”

സാറ ചോദിച്ചു

“ങേ?”

“അല്ല, ഒരു സാധു മനുഷ്യൻ ഒരിക്കലും ഒരു ദിവസം പെട്ടെന്ന് ഒരാളെ കുത്തി കൊ-ല്ലില്ലല്ലോ. അതും ഒരു കു-ത്തിനു മരിച്ചു എന്നാണല്ലോ പറഞ്ഞത്?”

നിമ്മി ചുറ്റും നോക്കി

ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി

“ആള് കുറച്ചു പിശകാ. ഇവിടെ ഈ വീട്ടിൽ പാവം അമ്മ മോൻ ഒക്കെയായിരുന്നു. പഠിച്ചത് ഒക്കെ മൂത്ത ചേട്ടന്റെ വീട്ടിൽ നിന്നാ ടൗണിൽ. അവർ തമ്മിൽ ഒരു പത്തു വയസ്സ് വ്യത്യാസം ഉണ്ട്. അത് കൊണ്ട് മോനെ പോലെയാ. ഇവിടെ അങ്ങനെ അവധിക്ക് അല്ലാതെ വരികേല. വന്നാ പിന്നെ ഷേർലി അമ്മച്ചിയുടെ പൊന്നുമോനാ. എന്റെ പപ്പാ ഇവിടുത്തെ ഷെല്ലി ചാച്ചന്റെ കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്. അവിടെയുള്ള തൊഴിലാളി സമരം ഒക്കെ ഒറ്റ ദിവസം മതി ആൾക്ക് തീർക്കാൻ. പക്ഷെ ന്യായമില്ലാത്ത കാര്യത്തിൽ അങ്ങനെ തല്ല് ഉണ്ടാക്കി കേട്ടിട്ടില്ല. അത് കൊണ്ടല്ലേ പോലീസ് ആകാൻ ആഗ്രഹിച്ചത്..ടെസ്റ്റ്‌ ഒക്കെ പാസ്സ് ആയി. അപ്പോഴാണ് കേസ്. കേസ് തള്ളിപ്പോകുമെന്ന് എല്ലാർക്കും അറിയാം. സാക്ഷി വേണ്ടേ? പിന്നെ ച-ത്തവന്റെ കുടുംബക്കാരും മോശമല്ല. പാലായിലെ വലിയ ഏതോ കുടുംബക്കാരാ. അത് കൊണ്ടാണ് കേസ് ഇത്രയും നീണ്ടു പോയത്. ഇറങ്ങുന്ന അന്ന് നിന്നെ തീർക്കുമെന്നൊക്കെ അവർ അലറിയെന്നാ കേട്ടത് “

“എന്റെ കർത്താവെ അപ്പൊ അവർ ഇയാളെ കൊ-ല്ലുമോ?”

“അങ്ങനെ കൊ-ല്ലാനൊന്നും പറ്റുകേല. സ്റ്റാൻലി പാപ്പൻ എന്താ മോശമാണോ? പിന്നെ ഷെല്ലി ചാച്ചൻ. ജെറി ചാച്ചൻ അങ്ങനെ കുറെ പേരുണ്ടല്ലോ കുടുംബത്തിൽ..പിന്നെ ഈ ചാർലിച്ചായൻ ഒറ്റയ്ക്ക് മതി ഒരു അഞ്ചാറ് എണ്ണത്തിനെ ഒക്കെ തീർക്കും. ഭയങ്കര ജിമ്മൻ ആണ്
മസിൽ കണ്ടില്ലാരുന്നോ?”

“ഒന്ന് പോടീ ഞാൻ കണ്ടവന്റെ മസിൽ നോക്കി നടക്കുവല്ലേ “

“അത് ശരിയാണല്ലോ. അല്ല ഞാൻ പറഞ്ഞുന്നേയുള്ളു “

സാറ ചിരിച്ചു

“ആൾക്ക് പ്രേമം ഒന്നുമില്ല?കാത്തിരിക്കാൻ ഒരാൾ ഇല്ലായിരുന്നോ.?”

“ഒലക്ക നി. അങ്ങേരുടെ മോന്ത കണ്ടിട്ടുണ്ടോ? പൈൽസ് പിടിച്ചവന്മാരുടെ പോലെ ഉം ന്നാ “

സാറ ഉറക്കെ പൊട്ടിപ്പോയി

അവൾ വാ പൊത്തി

“അങ്ങേരെയാരും പ്രേമിക്കില്ല. പ്രേമിക്കാൻ കൊള്ളില്ല. “

“അതെന്താ?,

“എന്റെ വകയിൽ ഒരു ചേച്ചി ഉണ്ടായിരുന്നു ജിജി. കക്ഷിക്ക് ചെറിയ പ്രേമം ഒക്കെ ഉണ്ടായിരുന്നു
നേരിട്ട് പറയാൻ ഒരു പേടി..അങ്ങനെ എന്റെ ചേച്ചി വഴി ആളിന്റെ അരികിൽ കാര്യം എത്തിച്ചു. ഉടനെ വന്നു മറുപടി എന്റെ കാശ് കണ്ടിട്ടുള്ള പ്രേമമല്ലേ. ആ പരിപ്പ് ഇവിടെ വേവൂല എന്ന്
കാശിന്റെ നല്ല അഹങ്കാരം ഉണ്ട്..അതോടെ ജിജി ചേച്ചിക്ക് വെറുപ്പായി. ചേച്ചി കഴിഞ്ഞ വർഷം വേറെ കെട്ടി..”

“അയ്യേ അൽപനാണല്ലോ “

“അല്പൻ മാത്രം അല്ല തനി ചെ-റ്റയാണ്. പിന്നെ ഒരേയൊരു സ്വഭാവഗുണം പെൺപിള്ളേരെ ശല്യം ചെയ്യില്ല എന്നതാണ്. പെണ്ണ് വീക്നെസ് ഇല്ല. ബാക്കിയെല്ലാം ഉണ്ട്. ക- ള്ള് ക-ഞ്ചാ-വ് പു-ക”

“ഉയ്യോ “

“ഉണ്ടെടി..ഇങ്ങേർ പോലീസ് ആരുന്നെങ്കിൽ. ദൈവമേ കിട്ടുന്ന പ്രതികൾ നാല്പത് തികയ്ക്കില്ല. തീർന്നു. ദൈവം മനഃപൂർവം ആണ് കൊടുക്കാഞ്ഞത് “

സാറ അത് അങ്ങനെ കേട്ടിരുന്നു

മുന്നിൽ ഒരു ഭീകരരൂപം

ഒരു തെമ്മാടി

കർത്താവെ പാല് കൊടുക്കുമ്പോൾ എന്നും ആ തിരുമുഖം കാണേണ്ടി വരുമല്ലോ

രക്ഷിക്കണേ..

തുടരും….