പ്രണയ പർവങ്ങൾ – ഭാഗം 07, എഴുത്ത്: അമ്മു സന്തോഷ്

പശുവിനെ കറക്കാൻ ആള് വന്നപ്പോ സാറ പാത്രം എടുത്തു കൊടുത്തു

“ചേച്ചി ആശുപത്രിയിൽ ആണ് അല്ലെ മോളെ?”

അവൾ ഒന്ന് പതറി

“ആ “

“അച്ചായൻ വിളിച്ചാരുന്നു. ഇന്നാ മോളെ പാല്. ഞാൻ അങ്ങോട്ട്‌ പോവാണേ “

അവൾ തലയാട്ടി

പാല് കുപ്പികളിൽ നിറച്ചു വീടും പൂട്ടി ഇറങ്ങി സാറ

ഇന്നലത്തെ മഴ എന്ത് മാത്രം നാശനഷ്ടം ഉണ്ടാക്കി ദൈവമേ, റോഡ് മുഴുവൻ മരങ്ങൾ വീണു കിടക്കുന്നു. അവൾ സൂക്ഷിച്ചു സൈക്കിൾ ഓടിച്ചു കൊണ്ടിരുന്നു

അയാൾ വീട്ടിൽ പറഞ്ഞു കാണുമോ?

എങ്ങനെ അവരുടെ മുഖത്ത് നോക്കും?

അവൾ മടിച്ചു മടിച്ചാണ് അങ്ങോട്ട് ചെന്നത്

ബാൽകണിയിൽ ഭാഗ്യം ആരുമില്ല

“ചേച്ചി പാല് “

“സാറ മോള് ഇന്ന് നേരെത്തെ വന്നല്ലോ. മഴ വല്ല കുഴപ്പവും ഉണ്ടാക്കിയോ മോളെ?”

“ഇല്ല ചേച്ചി “

പാല് പാത്രത്തിൽ ഒഴിച്ച് കുപ്പി തിരിച്ചു കൊടുത്തു സിന്ധു

“പോട്ടെ “

അവൾ യാത്ര ചോദിച്ചു നടന്നു

ഗേറ്റ് കടന്നതും പൊട്ടി വീണത് പോലെ ചാർലി

അവൾ കുനിഞ്ഞു പോകാൻ ഒരുങ്ങി

“നിന്റെ അപ്പനും അമ്മയും വന്നോ.?”

“ഉം “

“എങ്ങനെ ഉണ്ട് ചേച്ചിക്ക്.?”

“ഐ സി യു വില.. ഇപ്പൊ അറിഞ്ഞൂടാ “

“നിന്റെ പേരെന്താ”

അവൾ മുഖത്ത് നോക്കി

ഇന്നലെ കണ്ടപ്പോ തോന്നിയ മുരട്ടത്തരം ഇല്ല

“സാറ “

“എന്താ പഠിക്കുന്നത്?”

“ടി ടി സി ക്ക് “

“രണ്ടാം വർഷം?”

“ഉം “

“St ആൽബർട്ട്സിൽ ആണോ.?”

“അതെ “

“പൊയ്ക്കോ “

“ബില്ല് അടച്ച കാശ് ഞാൻ പിന്നെ തരാം. പപ്പയോടു പറഞ്ഞിട്ടുണ്ട്. പിന്നെ..ആരോടും പറയരുത് ഇതൊന്നും. നാണക്കേട് ആണ് “

“ബെസ്റ്റ്. ഇത് ആരോടെങ്കിലും പറഞ്ഞാൽ എനിക്കാ നാണക്കേട്, എന്റെ വണ്ടിയിൽ ആണല്ലോ ഈ പാപം ഞാൻ ചുമന്നത്. നീ ദയവ് ചെയ്തു എന്റെ പേര് ആരോടും പറയാതിരുന്നാൽ മതി “

അവൾക്ക് കലി വന്നു

പക്ഷെ പേടി കാരണം മിണ്ടിയില്ല

“നീ അത് കണ്ട് പഠിക്കാതിരുന്നാ മതി..അല്ല പറഞ്ഞിട്ടും കാര്യമില്ല. മൂത്തതിനെ കണ്ടല്ലേ ഇളയത് പഠിക്കുന്നത്?”

“അപ്പൊ മൂത്ത ആരെങ്കിലും കൊ- ലപാതകം ചെയ്തിട്ടാണോ ഇയാള് ചെയ്തത് ” അവൾ പിറുപിറുത്തു

“എന്താ?”

“ഒന്നുമില്ല താങ്ക്സ് എന്ന് പറഞ്ഞതാ “

“വെളച്ചിൽ എടുക്കല്ലേ പൊയ്ക്കോ.”

അവൾ വേഗം സൈക്കിൾ ഉന്തി പോയി

“അത് ചവിട്ടാൻ ഉള്ളതാ ‘” അവൻ തെല്ലുറക്കെ പറഞ്ഞു

അവൾ തിരിഞ്ഞു നോക്കിയിട്ട് സൈക്കിളിൽ കയറി വേഗത്തിൽ ചവിട്ടി പോയി

ചാർളിയുടെ ചുണ്ടിൽ ഒരു ചിരി വന്നു

മുകളിൽ ബാൽകണിയിൽ സ്റ്റാൻലി അത് കാണുന്നുണ്ടായൊരുന്നു

ചാർലി പൊതുവെ അങ്ങനെ സംസാരിക്കുന്ന തരമല്ല, പ്രത്യേകിച്ച് പെണ്ണുങ്ങളോട്

ആരെങ്കിലും ഇങ്ങോട്ട് വന്നു മിണ്ടിയാൽ പോലും ഒന്ന് മൂളിയും മുക്കിയും പറഞ്ഞു തീർക്കും

ഇതിപ്പോ എന്താ ആ കൊച്ചിനോട് പതിവില്ലാതെ ഒരു സംസാരം

സാറയെ സ്റ്റാൻലി ക്ക് അറിയാം, അവളുടെ കുടുംബത്തിനെയും അറിയാം

ആ കൊച്ച് ടീച്ചർ ആകാൻ പഠിക്കുവാ എന്ന് ഷേർലി ഒരു ദിവസം പറഞ്ഞാരുന്നു. കാണാൻ നല്ല സുന്ദരി കൊച്ചാണ്. ഒരു മാലാഖ കൊച്ചിനെ പോലെ

അയാളുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം വിരിഞ്ഞു

“മിക്കവാറും ഷെല്ലി ഇവനെ കൊണ്ട് പോകും ഇച്ചായാ ” കഴിഞ്ഞ രാത്രി കൂടി ഷേർലി പറഞ്ഞു

ചാർളിക്കും ഷെല്ലിക്കൊപ്പം നിൽക്കുന്നതാണ് ഇഷ്ടം അവന്റെ എല്ലാം കൊച്ചിയാണ്, ഇവിടെ വെക്കേഷന് വരുന്ന ഒരു മൂഡാണ്. ഇപ്പൊ പിന്നെ ജയിലിൽ നിന്ന് വന്ന ഒരു മാനസിക അവസ്ഥയിൽ നിൽക്കുന്നെന്നെ ഉള്ളു

അവൻ പോകും

ഷെല്ലിയെ പോലെ അവനും അവിടെ സ്ഥിരമാക്കും.

അനാഥ പ്രേതങ്ങളെ പോലെ. താനും അവളും ഇവിടെ തനിച്ചാകും. അവൻ ഇവിടെ വിട്ട് പോകാതിരുന്നെങ്കിൽ!

ഇവിടെ നിന്നെങ്കിൽ!

അതിന് ഒരു കാരണം വേണം

അവന്റെ മനസ്സ് ഉറച്ചു പോകാൻ ഒരു കാരണം

ചാർലി മുകളിലേക്ക് നോക്കിയപ്പോൾ. അപ്പനെ കണ്ടു

അവൻ ഒന്ന് പതറിയ പോലെ തോന്നി. അതോ തോന്നലോ

ഒരു കള്ള ലക്ഷണം ഉണ്ട്

ചോദിക്കുന്നില്ല

എവിടെ വരെ പോകും എന്ന് അറിയാമല്ലോ, അയാൾ തിരിഞ്ഞു താഴേക്ക് പോയി

താഴെ ഷേർലി ചായ കപ്പിലേക്ക് പകരുകയായിരുന്നു

“കൊച്ചിനെ കണ്ടാരുന്നോ?”

“മുറ്റത്തു നിൽക്കുന്ന കണ്ടു “

“കൊച്ചേ ദേ ചായ “

അവര് ഉറക്കെ വിളിച്ചു പറഞ്ഞു

അവൻ മുറ്റത്ത് നിന്ന് അകത്തോട്ടു കേറി

“നി ഈ വെളുപ്പിന് മുറ്റത്തെന്തോ ചെയ്യുവാടാ “

“ഞാൻ ആ പറമ്പിൽ ഉള്ള രണ്ട് വാഴക്കന്നു പിരിച്ചു വെയ്ക്കുവാരുന്നു
എന്താ അമ്മേ?”

“ഒന്നുമില്ല നിന്നെ മുറിയിൽ കണ്ടില്ല “

“അമ്മച്ചി എന്തിന് ഈ സ്റ്റെപ്പ് ഒക്കെ കേറി അങ്ങോട്ട് വരുന്നേ? ഞാൻ ഇങ്ങോട്ട് വരികലെ?”

അവൻ ചായ എടുത്തു സിപ്പ് ചെയ്തു

“സിന്ധു ചേച്ചിയെ ചായ പൊളി “

സിന്ധു ചിരിയോടെ തല കുലുക്കി

“ഇതെങ്ങനെ കണ്ടു പിടിക്കുന്നെടാ.?”

“അത് പിന്നെ ജനിച്ചപ്പോൾ. തൊട്ട് കുടിക്കുന്നതല്ലിയോ അമ്മച്ചി ഉണ്ടാക്കി തന്നതിനേക്കാൾ ചായ സിന്ധു ചേച്ചി ആയിരിക്കും തന്നിട്ടുള്ളത്. അല്ലിയോ ചേച്ചി?”

സ്റ്റാൻലി അവനെ നോക്കിയിരിക്കുകയായിരുന്നു

പതിവില്ലാതെ ഒരു വർത്താനം

ഒരു ബഹളം

ഒരു ഇളക്കം

“തോട്ടത്തിൽ ഒന്ന് പോകണം നി റെഡി ആയിക്കോ “

ചാർലി തലകുലുക്കി

“വൈകിയെ വരുവുള്ളു കേട്ടോ “

“ഓ ശരി അപ്പാ “

ഷേർലി വാ പൊത്തി ചിരിച്ചു

“അപ്പനോട് സംസാരിക്കുമ്പോ എന്താ വിനയമെന്റെ കൊച്ചിന്?”

അവൻ ഒന്നും പറഞ്ഞില്ല വെറുതെ ചിരിച്ചു

“ഇനിയെന്നാടാ കൊച്ചിക്ക് പോകുന്നെ?”

“എന്താ അമ്മയ്ക്ക് വരണോ?”

“ഇല്ലടാ നി ഉടനെ പോകണ്ട, നമ്മുട സ്കൂളിൽ എന്തൊക്കെയോ കുഴപ്പം. നി ഒന്ന് നോക്കിയെങ്കിൽ നന്നായിരുന്നു. ഹൈ സ്കൂൾ ആക്കാനുള്ള എന്തോ ഒക്കെ അപ്പൻ ചെയ്താരുന്നു. പക്ഷെ എന്തൊക്കെയോ തടസ്സം. അപ്പൻ പിന്നെ അത് നോക്കിയില്ല മനസ്സ് ശരി അല്ലാരുന്നല്ലോ “

“ഞാൻ നോക്കാം അമ്മച്ചി “അവൻ സമ്മതിച്ചു

കുരിശുങ്കൽ തറവാട്ടുകാർക്ക് ഒരു സ്കൂൾ ഉണ്ട്, ഏഴാം ക്ലാസ്സ്‌ വരെയുള്ളു. ഹൈ സ്കൂൾ ആകുമ്പോൾ കുട്ടികൾ ടൗണിൽ ഉള്ള സ്കൂളിലേക്ക് മാറും. ഒത്തിരി പാവപ്പെട്ട കുഞ്ഞുങ്ങൾ പഠിക്കുന്നുണ്ട്. അങ്ങനെ വലിയ ഫീസ് ഒന്നുമില്ല. ഹൈ സ്കൂൾ ആകുമ്പോൾ ഉള്ള പറിച്ചു നടീൽ കുഞ്ഞുങ്ങളെ ബാധിക്കുന്നുണ്ട്. അവർക്ക് വലിയ വിഷമം ആണ് പോകാൻ തന്നെ. സ്കൂളിൽ മാത്രം ചാർലി ഇടപെട്ടിട്ടില്ല

അപ്പൻ പഴയ എം എക്കാരനാണ്

വിദ്യാഭ്യാസം സ്വത്ത് ആണെന്ന് കരുതുന്ന ആള്

ചാർലി ഡിഗ്രിക്ക് മാത്‍സ് ആയിരുന്നു. പിജി ചെയ്തതും മാത്സിൽ തന്നെ. നല്ല മാർക്ക് വാങ്ങിയാണ് പാസ്സ് ആയത്
എസ് ഐ സെലെക്ഷൻ കിട്ടുന്ന ഇടവേളയിൽ പ്രൈവറ്റ് ആയിട്ട്എം എസ് സി പാസ്സ് ആയി

മിക്കവാറും കൊച്ചിയിൽ ആയത് കൊണ്ട് സ്കൂളിലെ കാര്യം അവൻ ശ്രദ്ധിക്കാറില്ല

അതൊക്ക അപ്പനും ജേക്കബ് സാറും കൂടിയാണ് നോക്കുന്നത്

ജേക്കബ് സർ ആണ് പ്രിൻസിപ്പൽ
സാറിന്റെ ഭാര്യയും മകനും അവിടെ തന്നെ ടീച്ചർമാരാണ്

സ്കൂൾ നന്നായി നോക്കിക്കൊള്ളും

ഇപ്പൊ എന്താ പുതിയ കുഴപ്പം എന്നവന് മനസിലായില്ല

നോക്കാം

അവൻ ഓർത്തു

തുടരും….