പ്രണയ പർവങ്ങൾ – ഭാഗം 10, എഴുത്ത്: അമ്മു സന്തോഷ്

കുടുംബക്കരെല്ലാം വീണ്ടും വീണ്ടും ചർച്ചകൾ നടത്തി അവസാനം ആൽബിയുടെ വീട്ടുകാർ പറഞ്ഞതിനോട് യോജിക്കാൻ തീരുമാനമായി. അതല്ലാതെ വേറെ വഴി അവർക്ക് മുന്നിൽ ഉണ്ടായിരുന്നില്ല.

“ഇരുപത്തിയഞ്ചു ലക്ഷം ഞാൻ എവിടെ നിന്ന് എടുത്തു കൊടുക്കും.?”

തോമസ് വിലപിച്ചു”നമുക്ക് ഒരു വർഷം സമയം ഉണ്ട്. ആ സമയം കൊണ്ട് നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം. നാട്ടിൽ മേരിയുടെ വീതവും ഇതും കൂടി വിറ്റാൽ നമുക്ക് അതിൽ കൂടുതൽ കിട്ടുകേലെ. ” തറവാട്ടിലെ ഏറ്റവും മുതിർന്ന ആളായാ കുഞ്ഞുഞ്ഞു അച്ചായൻ പറഞ്ഞു

“പിന്നെ ഞങ്ങളു എവിടെ പോയി താമസിക്കും? എന്റെ സാറയ്ക്ക് ഞാൻ എന്താ കൊടുക്കുന്നെ. അവള് എന്റെ കുഞ്ഞല്ലേ?”

“എനിക്കു ഒന്നും വേണ്ട പപ്പാ ഈ വർഷം കഴിഞ്ഞ എനിക്കു. ഏതെങ്കിലും സ്കൂളിൽ ജോലി കിട്ടും. പിന്നെ നമുക്ക് ഒരു വീട് വാടകക്ക് എടുക്കാം. എവിടെയാണോ ജോലി അതിനടുത്തു താമസിക്കാം പപ്പാ വിഷമിക്കണ്ട. ഞാൻ ഇല്ലേ പപ്പക്ക്?”

കേട്ട് നിന്ന സർവരുടെയും കണ്ണ് നിറഞ്ഞു പോയ നിമിഷം. ആയിരുന്നു അത്

തോമസ് അവളെ കെട്ടിപ്പുണർന്നു വലിയ വായിലെ കരഞ്ഞു, എന്റെ പൊന്നുമോളെ എന്ന് നിലവിളിച്ചു, ആ സാധുവിനു അതെ കഴിയുമായിരുന്നുള്ളു

അന്നയ്ക്ക് കൂസലൊന്നുമില്ലായിരുന്നു

സർവവും വിറ്റാലും തന്റെ കാശ് തനിക്ക് വേണം ആൽബിക്ക് ഒപ്പം ജീവിക്കണം അത് മാത്രം ആയിരുന്നു അവളുടെ ലക്ഷ്യം

“നി ഇങ്ങനെ കരഞ്ഞു നിലവിളിക്കാതെ തോമസേ. ഞങ്ങള് കുടുംബക്കാർ കൂടി സഹായിക്കും ഒരു ഒരു പ്രശ്നം വരുമ്പോൾ എല്ലാരും ഒന്നിച്ചു നില്കണ്ടേ. നമ്മുട കൊച്ചിന് ഒരു തട്ട് കേട് പറ്റി. നമ്മുടെ ഇടയിൽ തീരണം അത്. പുറത്ത് ആരും അറിയരുത്. നാണക്കേട് ആണ് അറിയാമല്ലോ. അപ്പൊ അവർ പറഞ്ഞത് പോലെ നിശ്ചയം നടത്തി വെയ്ക്കാം. ഉടനെ വേണം ഇല്ലെങ്കിൽ അവരുടെ മനസ്സ് മാറും. ആ പെണ്ണുംപിള്ള ഒരു വല്ലാത്ത സാധനമാ. അച്ചനോട് സംസാരിക്കാൻ എന്റെ കൂടെ ആരൊക്കെയാ വരുന്നേ?”

കുഞ്ഞുഞച്ചായന്റെ കൂടെ തോമസും അനിയൻ ആന്റണിയും മേരിയുടെ ചേട്ടത്തിയുടെ ഭർത്താവ് കൊച്ചുമോനും ചെല്ലാമെന്ന് സമ്മതിച്ചു

ഉടനെ തന്നെ ഒരുക്കങ്ങൾ തുടങ്ങാൻ തീരുമാനം ആയി

“ഇതിപ്പോ പെണ്ണും വീട്ടുകാർ ആണ് നടത്തുന്നെ. നമ്മൾക്ക് ഇടവക മുഴുവൻ വിളിക്കണം സർവരും അറിയണം എൻഗേജ്മെന്റ് ആണെന്ന്. നാളെ ഒരിക്കൽ ഇവർക്ക് പിന്മാറണം എന്ന് തോന്നിയാലും നടക്കരുത് “

“ഇടവക മൊത്തം വിളിക്കുക എന്നൊക്ക പറഞ്ഞാൽ കാശ് ചില്ലറയാണോ വേണ്ടേ? എന്റെ കയ്യിൽ അത്രക്ക് ഒന്നുമില്ല “

“എടാ നിന്റെ വീതം വിറ്റത് ബാങ്കിൽ കിടക്കുവല്ലേ? അത് എടുത്തു ചിലവാക്ക് കല്യാണത്തിന് പിന്നെ നോക്കാം നമ്മൾ ബുദ്ധി പരമായി നീങ്ങിയില്ലങ്കിൽ അവർ പറ്റിക്കാൻ സാധ്യത ഉണ്ട്. ഇത് കഴിഞ്ഞു അവർ പിന്മാറിയാൽ ഇത് വെച്ച് നമുക്ക് നഷ്ടപരിഹാരം കേസ് ഫയൽ ചെയ്യാ. എങ്ങനെ എങ്കിലും കല്യാണനിശ്ചയം നടക്കട്ടെ “

ആലോചിച്ചു നോക്കിയപ്പോ ശരിയാണെന്നു തോമസിന് തോന്നി

കുടുംബക്കാർ പറഞ്ഞത് അനുസരിച്ചു പോകുന്നതാണ് നല്ലത് അല്ലെങ്കിൽ നാളെ അവരും കൂടെ കാണില്ല

അങ്ങനെ അച്ചനെ കണ്ടു സംസാരിച്ചു

“അതിനെന്താ തോമസേ ഈ ഞായറാഴ്ച പ്രസംഗം കഴിഞ്ഞു ഞാൻ അത് പള്ളിയിൽ ഒന്ന് പറയാം. അടുത്ത ഞായറാഴ്ച നമുക്ക് നടത്തം പോരെ. പിന്നെ നോമ്പ് തുടങ്ങി കഴിഞ്ഞാൽ പറ്റുകേല “

അത് ശരിയാണല്ലോ എന്ന് തോമസും അപ്പോഴാണ് ഓർത്തത്

നോമ്പ് തുടങ്ങുകയാണ്

കുടുംബക്കാരിൽ പ്രായമുള്ള മൂന്നു പേര് അവിടെ തന്നെ തങ്ങി ഞായറാഴ്ചക്ക് ഇനി രണ്ടു ദിവസം ഉള്ളു. അത് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞാൽ മനസമ്മതം. പിന്നെ അത്രയും ദൂരെ പോയിട്ട് തിരിച്ചു വരുന്നത് പലർക്കും ബുദ്ധിമുട്ട് ആയിരുന്നു.

അങ്ങനെ വിളിച്ചു തുടങ്ങി

മിനിചേച്ചിയുടെ വീട് തുറന്നു കിടക്കുന്ന കണ്ട് സാറ അവിടേക്ക് ചെന്നു

“ഇതെവിടെ ആയിരുന്നു ഒരാഴ്ച?”

“അമ്മേടെ അനിയത്തി മരിച്ചു പോയി എന്റെ സാറ കൊച്ചേ. പെട്ടെന്ന് ആയിരുന്നു നിന്ന നിൽപ്പിൽ ഇറങ്ങി ഓടി. ഹോ ഒരു ഷോക്ക് ആയി പോയി,

“എന്നാ പറ്റിയതാ?”

“റോഡ് മുറിച്ചു കടന്നപ്പോ വണ്ടി വന്നിടിച്ചതാ. കഷ്ടം പാവം കുഞ്ഞമ്മ ആയിരുന്നു.അമ്മ വന്നിട്ടില്ല അവിടെയാ. ഞാൻ പിന്നെ കൊച്ചിനെ നഴ്സറിയിൽ വിടേണ്ടത് കൊണ്ട് ഇങ്ങു പോരുന്നു. അവിടെന്തുവാ ആളും പേരുമൊക്കെ?”

“അന്ന ചേച്ചിയുടെ കല്യാണം നിശ്ചയിച്ചു. അടുത്ത ആഴ്ച ആണ് മനസമ്മതം “

“ഇത്രയും പെട്ടെന്നോ? ഒരു സൂചന പോലും തന്നില്ലല്ലോ “

“പെട്ടെന്നായിരുന്നു അവർ തമ്മിൽ സ്നേഹത്തിലാ, അപ്പൊ ചെറുക്കൻ ഓസ്ട്രേലിയക്ക് പോവാ ജോലിക്കാര്യത്തിന്. അപ്പൊ നിശ്ചയം നടത്തി വെയ്ക്കാമെന്ന് കുടുംബക്കാർ ഒക്കെ കൂടി തീരുമാനിച്ചു. അതാ പെട്ടെന്ന് ആയെ. ഞാൻ ഇതിനിടയിൽ എത്ര തവണ വന്നു നോക്കി “

“ഞാൻ ഇന്നലെ രാത്രി വന്നേയുള്ളു മോളെ. വീട് നോക്ക് അപ്പിടി പൊടിയും അഴുക്കും. കൊച്ചിനെയാണെങ്കിൽ സ്കൂളിൽ വിടണം “

“അവനെ ഒരുക്കി തന്ന ഞാൻ അങ്ങോട്ട് പോകുമ്പോൾ ആക്കിയേക്കാം. ക്രൈസ്റ്റ് സ്കൂളിൽ അല്ലെ?”

“ആ. എന്ന നിക്ക്. കൊച്ചിന് ബുദ്ധിമുട്ട് ആകുമോ?”

“ഇല്ല ഞാൻ അവിടുത്തെ സ്റ്റോപ്പിൽ നിന്ന് ബസ് കേറി പൊക്കോളാം “

സാറ പറഞ്ഞു

മുറ്റതെല്ലാം കരിയില വീണു കിടക്കുന്നുണ്ടായിരുന്നു

മിനിചേച്ചിയുടെ മോന്റെ പേര് അഭിജിത് എന്നാണ്. സാറ അവനെ അഭിക്കുട്ടാ എന്നാണ് ഓമനിച്ചു വിളിക്കുക

അവൻ കുളിച്ചൊരുങ്ങി ബാഗും ചുമലിൽ. തൂക്കി. അവളുടെ അരികിൽ വന്നു

“വല്ലോം കഴിച്ചോ?”

“ആം പഴം കഞ്ഞി കൂച്ചു “

അവൻ കൊഞ്ചി പറഞ്ഞു

“അതെന്താ മിനി ചേച്ചി ഇവന് പലഹാരം ഒന്നും ഉണ്ടാക്കി കൊടുക്കാഞ്ഞേ?”

“എന്റെ മോളെ ഇന്നലെ വൈകി വന്നപ്പോൾ വന്നു ഇച്ചിരി കഞ്ഞി വെച്ച് അച്ചാറും കൂട്ടി കഴിച്ചു കിടന്നതേ ഓർമ്മയുള്ളു. കൊച്ചിന് ഉച്ചക്ക് സ്കൂളിൽ നിന്നു ചോറ് കിട്ടും അത് കൊണ്ട് കുഴപ്പമില്ല. ഞാൻ കുറച്ചു കഴിഞ്ഞു ജോലി തീർത്തിട്ട് വല്ലതും ഉണ്ടാക്കാം “

അവൾ തലയാട്ടി

പോകുന്ന വഴി അന്തോണി ചേട്ടന്റെ കടയിൽ നിന്ന് അവനു ഒരു പാക്കേറ്റ് കപ്പലണ്ടി മുട്ടായി വാങ്ങി കൊടുത്തു

സ്കൂളിൽ ക്ലാസ്സിൽ കൊണ്ട് ഇരുത്തി

“ചേച്ചി പോവാട്ടോ “

അഭിക്കുട്ടൻ തലയാട്ടി

അവൾ ഒരുമ്മ കൊടുത്തു തിരിഞ്ഞതും ചാർളി

ഇവിടെയെന്താ എന്ന് നാവിൻ തുമ്പിൽ വന്ന ചോദ്യം അവൾ വിഴുങ്ങി. അവരുടെ കുടുംബത്തിന്റെ സ്കൂൾ ആണ്

പക്ഷെ അവൻ ചോദിച്ചു കണ്ണുകൾ കൊണ്ട്

“എന്റെ അയല്പക്കത്തെ മോനാ. ഞാൻ കൊണ്ടാക്കാൻ വന്നതാ “

“കോളേജിൽ പോകേണ്ടേ?,

“വേണം. ഇതിന്റെ മുന്നിൽ നിന്ന മതി ല്ലോ. ബസ് ഉണ്ട് “

അവൻ ഓ എന്നോ മറ്റൊ പറഞ്ഞു

“പിന്നെ ചേച്ചിയുടെ കല്യാണം ഉറച്ചു ആ ചെക്കൻ തന്നെ. ഞായറാഴ്ച മനസമ്മതമ. നമ്മുട പള്ളിയിൽ വെച്ച് “

“അത് നന്നായി. വേറെ ഒരുത്തൻ രക്ഷപെട്ടു “

അവൾക്ക് അതിന്റെ അർത്ഥം മനസിലായി

“വരുമോ?”

“ഇങ്ങനെ ആണോ മനസമ്മതം വിളിക്കുന്നെ?വഴിയിൽ വെച്ച്”

“പപ്പാ വന്നു വിളിക്കും. ഞാൻ പറഞ്ഞു ന്നേയുള്ളു. ചേച്ചിയുടെ ജീവൻ രക്ഷിച്ച ആളോട് വേണ്ടേ ആദ്യം പറയാൻ “

നന്ദി നിറഞ്ഞ മുഖത്തോടെ അവൾ പറഞ്ഞു

“ഓ അങ്ങനെ “

സാറ തലയാട്ടി

“വരണം “

“ഇവിടെ ഉണ്ടെങ്കിൽ നോക്കട്ട് “

“എവിടെ പോണു?”

“കൊച്ചിയില്. ചേട്ടൻ അവിടെയാണ്. “

അവൾ തലയാട്ടി

“ഉണ്ടെങ്കിൽ വരണം “

“ഉം “

അവളുടെ മുഖം വാടിയ പോലെ തോന്നിച്ചു

അവർ സ്കൂൾ കവാടത്തിൽ നിന്ന് സംസാരിക്കുന്നത് മാനേജരുടെ മുറിയിൽ ഇരുന്ന് സ്റ്റാൻലി കാണുന്നുണ്ടായിരുന്നു

ബസ് വന്നപ്പോ സാറ കയറി. ചാർലി അവിടെ തന്നെ നിന്നു. ബസ് അകന്ന് പോകുന്ന വരെ

തുടരും…