പ്രണയ പർവങ്ങൾ – ഭാഗം 11, എഴുത്ത്: അമ്മു സന്തോഷ്

ചാർലി തിരിഞ്ഞതും അപ്പ മുന്നിൽ

“അതാരാ?”

“ഏത്?”

“നി സംസാരിച്ചു കൊണ്ട് നിന്നത്?”

“സാറ. നമ്മുടെ വീട്ടിൽ പാല് കൊണ്ട് വരുന്നതാണ്, അപ്പ കണ്ടിട്ടില്ലേ?”

“ഞാൻ കുറെ വർഷം ആയല്ലോ പലതും കാണുന്നു “

അവനൊന്നു ചമ്മി

” സാറ അടുത്തുള്ള വീട്ടിലെ കുട്ടിയെ സ്കൂളിൽ കൊണ്ട് വിട്ടതാ. അപ്പൊ കണ്ടപ്പോ മിണ്ടി എന്നേയുള്ളു “

“അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ “

“അതിന്റെ ചേച്ചിയുടെ മനസമ്മതമാ. അത് പറയുവാരുന്നു “

“റോഡിൽ നിന്നോ.?”

“അല്ല വീട്ടിൽ അവളുടെ പപ്പാ വരുംന്ന് “

അവനൊരു പരിഭ്രമം ഉള്ളത് അയാൾ കണ്ടു പിടിച്ചു

“നി എന്തിനാ ഇങ്ങനെ വിയർക്കുന്നത്എന്താ ചൂട്? പോയി മുറിയിൽ ഇരുന്നോ.? AC കൂട്ടിയിട്ടോ “

പപ്പാ ഇതെന്തോ അർത്ഥം വെച്ച് പറയുന്ന പോലെ. അവനു തോന്നി

ഇതെന്താ ഈ നാട്ടിൽ പെണ്ണുങ്ങളോട് മിണ്ടാൻ പാടില്ലേ?

അവൻ പിറുപിറുത്തു കൊണ്ട് സ്കൂളിലേക്ക് തിരിച്ചു പോരുന്നു

ഷെല്ലിയുടെ ഫോൺ വരുമ്പോൾ അവൻ സ്റ്റോക്ക് ക്ലിയർ ആക്കുകയായിരുന്നു

“ആ ചേട്ടാ പറ “

“എഡാ മറ്റെന്നാൾ. എത്തണം. ബോർഡ് മീറ്റിംഗ് ഉണ്ട്. പിന്നെ നമ്മുടെ ഫാക്ടറിയിലെ മാനേജർ ദിലീപിന്റെ കല്യാണം. നി മറന്നില്ലല്ലോ “

അവൻ നാക്ക് കടിച്ചു

“ദിലീപ്ന്റെ കല്യാണം  ഞാൻ മറന്നു പോയി “

“അടുത്ത ഞായറാഴ്ച.. എടാ പോയില്ലെങ്കി മോശമാ കേട്ടോ “

“ചേട്ടൻ പോയ മതി ഞായറാഴ്ച എനിക്കൊരു പരിപാടി ഉണ്ട്. ഇവിടെ ഇടവകയിൽ “

“നിനക്ക് എന്ത് പരിപാടി?”

“ഒരു മനസമ്മതം “

“ആരുടെ?”

“ഇവിടെ അടുത്തുള്ളതാ ചേട്ടന് അറിഞ്ഞൂടാ “

“നിനക്ക് എങ്ങനെ അറിയാം. നി കുറെ വർഷം ആയിട്ട് അവിടെയില്ലല്ലോ “

“എനിക്കു അറിയുകേല വീട്ടിൽ വന്നു വിളിച്ചതാ. അപ്പ പറഞ്ഞു പോകണം ന്ന്.”
അവൻ ഒരു കള്ളം. പറഞ്ഞു

“എടാ പക്ഷെ മീറ്റിംഗ്നു വരണം “

അവൻ ഒന്ന് മൂളി

സാറ പറഞ്ഞത് കൊണ്ട് മാത്രം അതിനു പോകണോ എന്ന് അവൻ ചിന്തിച്ചിരിക്കെ വൈകുന്നേരം തോമസും ഭാര്യയും കൂടി വീട്ടിൽ വന്നു

സ്റ്റാൻലി ഷേർളിയെ വിളിച്ചു

“ഇതാണ് നമ്മുട വീട്ടിൽ പാല് കൊണ്ട് വരുന്ന സാറയുടെ അമ്മയും അപ്പനും “

“ആഹാ സാറയുടെ പപ്പയും അമ്മയുമാണോ. ഇരുന്നട്ടെ. എന്താ വിശേഷം?” ഷേർലി മേരിയുടെ കൈ പിടിച്ചു

അവർ ഭവ്യതയോടെ ഒതുങ്ങി ഇരുന്നു

“മൂത്ത മോളുടെ മനസമ്മതമാ. ഇവിടെ നിന്നാ തുടക്കം. നേരിട്ട് ഇത് വരെ മിണ്ടിട്ടില്ല എന്നാലും സ്ഥലത്തെ ഏറ്റവും പ്രമാണിമാരുടെ വീട്ടിൽ നിന്നു വിളിച്ചു തുടങ്ങുന്നതാ അതിന്റെ ഒരു ഭംഗി “

തോമസ് പറഞ്ഞു

സ്റ്റാൻലി പുഞ്ചിരിച്ചു

“ഞായറാഴ്ച ആണ് “

“എവിടുന്നാ?’

“കളരിക്കലെ ജോസെഫിന്റെ മോനാ “

“ആൽബിയോ?”ഷേർലി ചോദിച്ചു

“അതെ അറിയാവോ?,

“പിന്നെ ആൽബിയുടെ അമ്മ എന്റെ ആങ്ങള കെട്ടിയേക്കുന്ന ലാലിയുടെ അകന്ന ബന്ധത്തിലുള്ളതാ . അത് ശരി അവള് പറഞ്ഞില്ലല്ലോ.”

“പെട്ടെന്ന് ആയിരുന്നു ഞങ്ങൾ നേരെത്തെ വിളിച്ചു തുടങ്ങിന്നെ ഉള്ളു. എല്ലാവരും വരണം “

ചാർളി അവിടേക്ക് വന്നു

“മോനും വരണം കേട്ടോ “

അവൻ ഒന്നും മിണ്ടാതെ നിന്നതേയുള്ളു

യാത്ര ചോദിച്ചു ഇറങ്ങിയപ്പോൾ ചാർലി ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി എടുത്തു

“ഇതിപ്പോ ഇച്ചിരി കൂടുന്നുണ്ട് “

സ്റ്റാൻലി ഒന്ന് നോക്കി

“ചൂടല്ലേ അപ്പായെ ” അവൻ അതുമായി മുകളിലേക്ക് നടന്നു

“ഞാൻ നാളെ കൊച്ചിക്ക് പോകും കേട്ടോ ചേട്ടൻ വിളിച്ചു. ബോർഡ് മീറ്റിംഗ് ഉണ്ട്
കുറച്ചു ദിവസം കഴിഞ്ഞേ വരുവുള്ളു “

ഷേർലിയുടെ മുഖം വാടി

“അതെന്തിനാടാ ബോർഡ് മീറ്റിംഗിന് നി പോകുന്നെ?”

“ചേട്ടൻ വിളിച്ചെന്ന് “

അവൻ മുറിയിലേക്ക് പോയി

“അവസാനം ഷെല്ലി അത് ഇവനെ ഏല്പിക്കും നോക്കിക്കോ. ഇവൻ അവിടെ സ്ഥിരമാകും “

“ഊഹും ഇല്ല. നി നോക്കിക്കോ അവൻ മറ്റെന്നാൾ ഇവിടെ വരും “

സ്റ്റാൻലി എന്തോ ആലോചിച്ചു പറഞ്ഞു

“അതെന്താ അങ്ങനെ ഒരുറപ്പ്”

“നി നോക്കിക്കോ “

“അതേയ് ആ കല്യാണം നടക്കാത്തതാ നല്ലത് “

അയാൾ നെറ്റി ചുളിച്ചു

“ഇപ്പൊ കല്യാണം വിളിച്ചില്ലേ? അവൾ ഭയങ്കര സാധനമ അന്നമ്മ. ആ കൊച്ചിന്റെ കാര്യം പോക്കാ. ഭയങ്കര ആർത്തിയുള്ള കൂട്ടരാ. അത്രേം കാശ് ഒക്കെ ഇവരുടെ കയ്യിൽ കൊടുക്കാനുണ്ടോ ?”

സ്റ്റാൻലി ചിരിച്ചു പോയി

“ഈ പെണ്ണിന്റെ തനി സ്വഭാവം മാറുകേല ല്ലേ?

അതിനു ഇപ്പൊ ഞാൻ എന്തോ പറഞ്ഞു

“ഒന്നുല്ലേ “

“എന്ന ഞാൻ ഇനി ഒന്നും പറയുന്നില്ല “

അയാൾ അവരുടെ ചുവന്ന മുഖത്തോട്ട് നോക്കി

പിന്നെ ചുറ്റും നോക്കി

ഒരു കൈ കൊണ്ട് വലിച്ചു നെഞ്ചിൽ ഇട്ടു

“അയ്യേ ദേ ചെറുക്കൻ ഉണ്ടെന്ന് “

“അതെനിപ്പോ എന്താ?”

“അമ്മേ നട്സ് ഉണ്ടെങ്കിൽ ഒന്ന് ചേച്ചിയുടെ കയ്യിൽ കൊടുത്തു വിട്ടേ “

ചാർളിയുടെ സ്വരം ഉയർന്നു കേട്ടപ്പോ അവർ അയാളുടെ പിടി വിടുവിച്ചു

“ഒന്ന് പോയെ ഇച്ചായാ “

“അവളുടെ നാണംമാറിയിട്ടില്ല ” അയാൾ ഒരു ചിരിയോടെ ജീപ്പിന്റെ താക്കോൽ എടുത്തു

“എങ്ങോട്ടാ?”

“ഒന്ന് കറങ്ങിയേച്ചും വരാമെഡി നിനക്ക് വല്ലോം വേണോ?”

“ഓ വേണ്ട. വേഗം ഇങ്ങു വന്നേച്ചാ മതി “

അപ്പൻ പോകുന്നത് ചാർലി ജനലിൽ കൂടി നോക്കി നിന്നു

പിന്നെ സിന്ധു കൊണ്ട് വന്ന നട്സ് എടുത്തു ചവച്ചു

ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് ഒറ്റ വലിക്കത് കുടിച്ചു തീർത്തു

രണ്ടാമത്തെ ഗ്ലാസ്‌ നിറയ്ക്കുമ്പോൾ

ഒരു മുഖം മുന്നിൽ വന്നു

“വരണം “

പിണങ്ങിയ പോലെ

“വരാം ” അവൻ വെറുതെ പറഞ്ഞു

കണ്ണടച്ച് അവളെയോർത്തു മനസ്സിൽ ഇത് വരെ അരുതാത്ത ഒരു ചിന്തയും വന്നിട്ടില്ല

അവളെ കാണുമ്പോൾ ഒരു സന്തോഷം തോന്നും. അവളുടെ കണ്ണുകൾ ഇഷ്ടമാണ്. മഷി എഴുതാത്ത വലിയ കണ്ണുകൾ. ആ കണ്ണുകളിലാണ് സർവ്വ ഭാവവും വിരിയുക. സംസാരിക്കാൻ നല്ല രസം ഉണ്ട്. നല്ല ശബ്ദം ആണ്. പള്ളിയുടെ കൊയർ ഗ്രൂപ്പിൽ ഉണ്ടാവും

പള്ളിയിൽ പോയിട്ട് രണ്ടു വർഷം ആയി, ജയിലിൽ നിന്ന് വന്നതിനു ശേഷം പള്ളിയിൽ പോയില്ല, തോന്നിയില്ല

മനുഷ്യൻമാരുടെ നോട്ടം, അവരുടെ ചോദ്യം. ഒരു മടുപ്പാണ്

സാറ കോളേജിൽ നിന്ന് വന്നു വേഷം മാറ്റി

മമ്മിയും പപ്പയും കൂടെ മനസമ്മതം വിളിക്കാൻ പോയി എന്ന് ചേച്ചി പറഞ്ഞു

ചേച്ചി എന്ത് ചെയ്യുകയാണെന്ന് അവൾ നോക്കി

മൊബൈൽ നോക്കി വെറുതെ കിടക്കുകയാണ്

“ചായ വേണോ ചേച്ചി?”

അന്ന തിരിഞ്ഞു

“വേണ്ട നി കുടിച്ചോ “

അവൾ കപ്പ് മൊത്തി അന്നയുടെ അരികിൽ വന്നിരുന്നു

“ചേച്ചി എന്തിനാ ഇനിം വിഷമിച്ചു കിടക്കുന്നെ. എല്ലാം ശരിയായി. മനസമ്മതവും ആയി. ഇനിം ബ്യൂട്ടി പാർലറിൽ ഒക്കെ ഒന്ന് പൊ “

അന്ന സാറയെ നോക്കി ചിരിച്ചു

“മോള് ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ?”

“ഇല്ലല്ലോ എന്താ  ചേച്ചി?”

സാറ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു

“സ്നേഹിക്കരുത് എന്ന് ചേച്ചി പറയത്തില്ല. പക്ഷെ നമ്മളെക്കാൾ ഉയർന്നവരെ സ്നേഹിക്കരുത്. അവർ ഇത് പോലെ ചതിക്കും. കാശിന്റെ കണക്ക് വെച്ച് ജീവിതം നശിപ്പിക്കും.. അവനെ വെറുതെ വിടുകേല ഞാൻ അത് കൊണ്ട് മാത്രം ആണ് കാശ് ചോദിച്ചിട്ടും നാണം കെടുത്തിയിട്ടും ഈ കല്യാണം മതി എന്ന് ഞാൻ പറഞ്ഞത്. അങ്ങനെ അവനും അവന്റെ വീട്ടുകാരും സുഖിക്കണ്ട “

സാറയ്ക്ക് അവൾ പറഞ്ഞത് ശരിക്കും മനസിലായില്ല

ചേച്ചി അല്ലെ അവന്റെ കൂടെ കണ്ടയിടത്തൊക്കെ പോയി ഗർഭിണി ആയത്
അതും ഒന്നും രണ്ടുമല്ല മൂന്ന് തവണ. എന്തൊരു നാണംകെട്ട ഏർപ്പാട് ആയി പോയി. പഠിച്ചു നല്ല ഒരു ജോലി വാങ്ങിക്കാനുള്ള സമയം പ്രേമിച്ചു നടന്നു. ഇപ്പൊ ദേ കിടന്നു കരഞ്ഞിട്ടെന്താ കാര്യം

അവൾ പതിയെ എഴുന്നേറ്റു മുറ്റത്തു വന്നിരുന്നു

പഠിക്കാൻ ഉള്ളത് തുറന്നു വായിച്ചു തുടങ്ങി

തുടരും…