പ്രണയ പർവങ്ങൾ – ഭാഗം 42, എഴുത്ത്: അമ്മു സന്തോഷ്

സാറ കടന്ന് വരുമ്പോൾ തന്നെ അവനെ കണ്ടു. അവർ ഒന്നിച്ച് മുട്ട് കുത്തി പ്രാർത്ഥിച്ചു. പിന്നെ പള്ളിയുടെ പുറത്തെ വാകമരച്ചോട്ടിലെ ബെഞ്ചിൽ ഇരുന്നു. സാറ അവനൊരു മുട്ടായി കൊടുത്തു

“ഇച്ചാ ഇന്നുണ്ടല്ലോ ക്ലാസ്സിലെ ഒരു കൊച്ചിന്റെ പിറന്നാൾ ആയിരുന്നു “

അവൻ അത് പാതി മുറിച്ചിട്ട് അവൾക്ക് കൊടുത്തു ബാക്കി കഴിച്ചു

“എന്നാ നിന്റെ പിറന്നാൾ?”

സാറ ഒന്ന് ചിരിച്ചു

“പറയ്,

“ക്രിസ്മസ്ന് “

അവന്റെ കണ്ണുകൾ വിടർന്നു

“എന്നിട്ടെന്താ പറയാഞ്ഞേ?”

“ഊഹും “

“ശേ പറഞ്ഞില്ലല്ലോ “

“പറഞ്ഞില്ലെങ്കിലും അത് മെമ്മറബിൾ ആയിരുന്നു. ഇച്ചാ എനിക്കു കേക്ക് തന്നു. പിന്നെ കുഞ്ഞ് ഒരു നോട്ടും തന്നു “

അവൻ ആ മുഖം നോക്കി നിന്നു

“ഞാനും കർത്താവും ഒരേ ദിവസമാണ് ജനിച്ചത്. അത് കൊണ്ടല്ലേ കുരിശ്  ചുമക്കുന്നത് “

അവനു ഒരു നിമിഷം കഴിഞ്ഞേ മനസിലായുള്ളു
“എടീ..” അവൻ ആ ചെവിയിൽ പിടിച്ചു

“ആവൂ വേദനിച്ചു ട്ടോ “

“കുറച്ചു വേദന നല്ലതാ “

“ദു- ഷ്ടൻ “

“ആണോടി?”

“പിന്നല്ലാതെ “

“പിന്നെന്തിനാ മോള് ഈ ദു- ഷ്ടൻ തെ- മ്മാടിയെ സ്നേഹിക്കുന്നത്?”

സാറ ആ കണ്ണുകളിലേക്ക് നോക്കി

“അറിയില്ല..ഇഷ്ടാ എനിക്ക്..അതെ അറിയൂ ” അവൾ മെല്ലെ പറഞ്ഞു

അവൻ അതിൽ പരിസരം മറന്നു ലയിച്ചു പോയി

അങ്ങനെ അവൾക്കൊപ്പം ആദ്യമായാണ് ഒറ്റയ്ക്ക് ഇരിക്കുന്നത്.

തന്റെ പെണ്ണ്, അവൾക്കൊപ്പമുള്ള നിമിഷങ്ങൾ, അവളുടെ കൊച്ച് വർത്തമാനങ്ങൾ, ആ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ, നുണക്കുഴി, ചിരി

ഒക്കെ നല്ല ഭംഗി. സമയം കടന്നു പോകുന്നത് അവർ അറിഞ്ഞതേയില്ല

“ഇച്ചാ..ഞാൻ പോട്ടെ?”

“ഒരു സെക്കൻഡ് “

അവൻ പോക്കറ്റിൽ നിന്ന് എന്തോ എടുത്തു. കണ്മഷി പെൻസിൽ

“ഇത് എവിടുന്നാ?” അവൾ അതിശയം കൂറി

“ഷോപ്പിൽ നിന്ന് വാങ്ങിയതാ. അല്ലാതെവിടുന്നാ? ഞാനന്ന് പറഞ്ഞില്ലേ സർപ്രൈസ്. അത് ഇതാണ്. ഇത് മാത്രം അല്ല കുറേ പൊട്ടുകളും ഉണ്ട് “

അവൻ അവൾക്ക് ഒരു പാക്കേറ്റ് കൊടുത്തു

“തുറന്നു നോക്ക് “

കുറെയധികം മനോഹരമായ ചെറിയ പൊട്ടുകൾ. അവൾക്ക് എന്ത് പറയണമെന്ന് അറിയാതെയായി. അവൻ അവൾക്ക് മുന്നിൽ വന്ന് കുനിഞ്ഞു

“കണ്ണെഴുതാതെ പൊട്ട് തൊടാതെ നടക്കരുത് എന്റെ സുന്ദരിക്കുട്ടി “

അവൻ ആ മുഖം ഇടതു കൈ കൊണ്ട് തെല്ല് ഉയർത്തി. ഭംഗിയായി പെൻസിൽ ഉപയോഗിച്ച് കണ്ണുകളിൽ മഷി വരച്ചു. അവന്റെ ശ്വാസം മുഖത്ത് തട്ടുമ്പോൾ താൻ തളർന്നു പോകും പോലെ. അവൾക്ക് തോന്നി. ഒരു പൊട്ട് കൂടെ നെറ്റിയിൽ ഒട്ടിച്ചു അവൻ. പിന്നെ അവളുടെ ബാഗ് വാങ്ങി രണ്ടും അതിൽ ഇട്ടു

“കുറെ പൊട്ടുകൾ ഉണ്ട്..ഒറ്റ ദിവസം ഇനി ഒരുങ്ങാതെ നടന്നാൽ നോക്കിക്കോ..നീ അല്ലേടി പറഞ്ഞത് ഇച്ചാ വന്നിട്ട് ഒരുങ്ങാമെന്ന്. എന്നിട്ട് ഇപ്പോഴും ഒരു മാതിരി ” അവൻ നേർത്ത ശാസനയോടെ പറഞ്ഞു

അവൾ ആ കയ്യിൽ മുറുകെ പിടിച്ചു. പിന്നെ മുഖത്തേക്ക് നോക്കി

“പള്ളിയല്ലായിരുന്നെങ്കിൽ ഇപ്പൊ ഞാൻ കെട്ടിപിടിച്ചു ഒരുമ്മ തന്നേനെ… ഐ ലവ് യൂ ഇച്ചാ “

ചാർലി സ്തബ്ധനായി. അവൾ നിറഞ്ഞ കണ്ണുകളോടെ അവന്റെ കയ്യിൽ മുറുകെ പിടിച്ചു

“താങ്ക്യൂ “

“പോട്ടെ ഞാൻ..”

അവനു എന്തെങ്കിലും പറയാൻ കഴിയും മുന്നേ ഒരു മുയൽ കുഞ്ഞിനെ പോലെ അവളിറങ്ങി ഓടി പോയി

“ശോ ഒരുമ്മ മിസ്സായി ” അവൻ തന്നെ പറഞ്ഞു

തിരിഞ്ഞപ്പോ അച്ചൻ

“പേടിച്ചു പോയല്ലോ “
അവൻ പെട്ടെന്ന് പറഞ്ഞു

“എടാ പോക്കിരി, മേക്കപ്പ് കഴിഞ്ഞോ? നീ ഇതൊക്കെ എവിടെ നിന്ന് പഠിച്ചു?”

“ചിത്രങ്ങൾ വരയ്ക്കുന്ന എനിക്കാണോ അച്ചോ കണ്ണിൽ ഒന്ന് വരച്ചു കൊടുക്കാൻ പാട്? ഈസി അല്ലെ? റൊമാൻസിൽ ഇതിനൊക്കെ വലിയ സ്ഥാനം ഉണ്ടച്ചോ. ഞാനാരോടാ പറയുന്നേ? ഞാൻ ഒന്നും പറഞ്ഞില്ലേ “

“പൊന്നെടാ ഉവ്വേ ഇത് പള്ളിയാ “

“അത് കൊണ്ട് എനിക്ക് കിട്ടാനുള്ള ഒരുമ്മ പോയികിട്ടി “

“എടാ എടാ അയ്യേ നാണമില്ലെടാ ?”

“ശെടാ ഉമ്മ എന്താ മോശം കാര്യമാണോ. ഞാൻ കുറച്ചു മുൻപ് ഒരെണ്ണം അച്ചന് തന്നാരുന്നല്ലോ
വേണ്ടന്ന് പറഞ്ഞില്ലല്ലോ. അത്രേ ഉള്ളു “

“എന്റെ ദൈവമേ ആരെങ്കിലും കേൾക്കും ഈ  ചെറുക്കന്റെ നാക്ക്.. പിന്നെ..നമ്മുടെ പള്ളിപ്പറമ്പിൽ…,ഒരു കാര്യം “

അവൻ നടന്ന് തുടങ്ങി

“ഒന്ന് പോയെ പള്ളിപ്പറമ്പിൽ ഉണ്ട. എനിക്കു അടുത്ത പണിം കൊണ്ട് വന്നേക്കുവാ “

അവൻ ബുള്ളറ്റിന്റെ കീ എടുത്തു കൊണ്ട് ഇറങ്ങി

“എടാ ഉവ്വേ നിനക്ക് പഞ്ചാരയടിക്കാൻ പള്ളി വേണം..ഇത് വയ്യ “

“എന്റെ പൊന്നോ ഞാൻ നാളെ വരാം
ഇപ്പൊ പോട്ടെ “

അവൻ ഇറങ്ങി പോകുന്നത് അച്ചൻ ചിരിയോടെ നോക്കി നിന്നു

ഒരുമ്മ…ഒരുമ്മ കിട്ടിയിരുന്നെങ്കിൽ നന്നായേനെ…അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു

എന്ത് ഭംഗിയാണ് കണ്ണെഴുതി കാണാൻ

അവന്റെ ബുള്ളറ്റ് കടന്നു പോകുമ്പോൾ അവൾ മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു. അവൻ ഒന്ന് നോക്കിയിട്ട് മെല്ലെ ഓടിച്ചു പോയി

സാറ കണ്ണാടിയിൽ നോക്കി. കുളിച്ചിട്ടും അത് പോയിട്ടില്ല. നല്ല ഭംഗി. പ്രതീക്ഷിച്ചില്ല പെട്ടെന്ന് കണ്ണെഴുതി തരുമെന്ന്

അവൾ ബാഗ് തുറന്നു നോക്കി. നല്ല ഭംഗിയുള്ള കുഞ്ഞ് പൊട്ടുകൾ. കുറെയുണ്ട്. അവൾ അതൊക്ക ഒരു ബോക്സിൽ ഇട്ടു വെച്ചു

ചാർലി ഉഗ്രൻ കാമുകനാണ്. അവൾ ഓർത്തു

ഓരോ കുഞ്ഞ് കാര്യവും ഓർക്കും ശ്രദ്ധിക്കുകയ്യും ചെയ്യും. ആദ്യം കണ്ടപ്പോ ഇട്ട ഡ്രെസ്സിന്റെ നിറം വരെ പറയും. ഓരോന്നും ഓർമ്മയിൽ ഉണ്ട്
അവൾ ബുക്ക്‌ എടുത്തു

ദൈവമേ കുറെ ചാർട് വരയ്ക്കാൻ ഉണ്ട്. തനിക്ക് ആണെങ്കിൽ വരയ്ക്കാൻ അറിഞ്ഞും കൂടാ. അവൾക്ക് പെട്ടെന്ന് ഒരു ഐഡിയ തോന്നി

പപ്പയും അമ്മയും വീട്ടിൽ ഇല്ല, ചേച്ചി പതിവ് പോലെ മുറിയിൽ

“ഇച്ചാ അതേയ് “

ഫോൺ എടുത്ത ഉടനെ അവൾ പറഞ്ഞു

“കാര്യം പറ “

“എന്റെ ഇച്ചായൻ സൂപ്പറാ “

“നീ കാര്യം പറ “

“അല്ല ഇച്ചായൻ നല്ല ഉഗ്രൻ കാമുകനാട്ടോ “

“ഞാൻ എന്താ ഇപ്പൊ ചെയ്തു തരണ്ടത് അത് പറ. നിനക്ക് ഏതാണ്ട് കാര്യം സാധിക്കാൻ ഉണ്ട്. അത് ക്ലിയർ ആയിട്ട് പറ “

“കണ്ടു പിടിച്ച് ” അവൾ ചമ്മി

“കണ്ടു പിടിക്കും നിന്നെക്കാൾ എട്ട് ഒമ്പത് ഓണം കൂടുതൽ ഉണ്ടതല്ലേ?”

“എനിക്കെ കുറെ ചാർട് വരയ്ക്കാൻ ഉണ്ട്. എനിക്കു ആണെങ്കിൽ വരയ്ക്കാൻ അറിഞ്ഞൂടാ എനിക്ക് വരച്ചു തരുവോ”

“പിന്നെന്താ?”

“ശരിക്കും?”

“തരാം. നാളെ നീ അത് രുക്കുവിന്റെ കയ്യിൽ കൊടുത്തേക്ക് ഞാൻ മേടിച്ചോളാം “

“ബുദ്ധിമുട്ട് ആകുമോ.?”

“ഊഹും ഇല്ല. ചെയ്തു തരാം “

“താങ്ക്സ് “

“എന്നാ മോള് വെച്ചോ “

അവൾ ഫോൺ കട്ട്‌ ചെയ്തു. സാധാരണ കാമുകൻ ആയിരുന്നെങ്കിൽ ഇത് എങ്ങനെ പറഞ്ഞേനെ എന്ന് അവൾ ഓർത്തു

ഞാൻ വരച്ചു തരാ നീ എന്ത് പകരം തരും എന്ന് ചോദിക്കും

മിനിമം ഒരു ഉമ്മ എങ്കിലും മേടിക്കും. ഇന്നാണെങ്കിൽ താൻ അങ്ങനെ പറയുകയും ചെയ്തു. എന്നിട്ടും ഒന്നും പറഞ്ഞില്ല. നോക്കി നിന്നേയുള്ളു

ആള് പെട്ടെന്ന് അമ്പരന്ന് പോയി

അവൾ തന്നെ ചിരിച്ചു

എന്റെ തെ- മ്മാടി നിന്നെ ഞാൻ എന്താ ചെയ്യ്ക. പക്ഷെ അവൻ ഒത്തിരി sincere ആണ്. അത് അവൾക്ക് അറിയാം. തികച്ചും മാന്യനും. ഒരു തരത്തിലും ഇത് വരെ മോശമായി പെരുമാറിയിട്ടില്ല. അർത്ഥം വെച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. തറവാടിത്തം. അതാണ് നല്ല കുടുംബത്തിൽ ജനിച്ച ആണ്..പെണ്ണിനെ കാണുമ്പോൾ കിടക്കാൻ കൂട്ട് വിളിക്കുന്നവനല്ല ആണ്. അവളുടെ ആത്മാവിനെ തൊടുന്നവൻ. അവളെ ഒരു പൂവ് പോലെ കരുതുന്നവൻ

അവൾ പുസ്തകം എടുത്തു പഠിക്കാൻ തുടങ്ങി

തുടരും….