പിന്നൊരു കാര്യം, വാതിലടക്കാൻ നിർദ്ദേശം കൊടുത്ത് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ പെട്ടെന്ന് ഓർമ വന്നു തിരിഞ്ഞ്…

കാക്ക….
Story writen by Dhanya Lal
==================

ഒന്നിന് പിറകെ ഒന്നായി അസംഖ്യം കാക്കകൾ, കൂർത്ത കൊക്കുപയോഗിച്ചുള്ള ആദ്യത്തെ കൊത്ത് കണ്ണിലാണ് കൊണ്ടത്, ചൂ-ഴ്ന്നു എടുക്കപ്പെട്ട കണ്ണുകളുമായി, ദേഹമാസകലം ചോ- രയൊലിപ്പിച്ച് മണ്ണിൽ കിടന്നുരുളുന്ന താൻ, അമർത്തിയ നിലവിളിയോടെ പരമേശ്വരൻ മാഷ് ഉറക്കം ഞെട്ടിയുണർന്നു.

*******************

“കൊച്ചേ ചോറു വിളമ്പി മേശപ്പുറത്ത് അടച്ചു വച്ചിട്ടുണ്ട്, ജനാല തുറന്നു ഇട്ടേക്കരുത് ആകെ ഒരു കഷണം മീൻ വറുത്തത് ആണ് ഉള്ളത്. അതാ കള്ളി പൂച്ച വന്ന് തിന്ന് കളയും, ഒരിത്തിരി കടു മാങ്ങയും, ചമ്മന്തിയും കൂടി ഉണ്ട്, വിശന്നിരിക്കരുത് നേരത്ത് കഴിച്ചോണം, പുറത്തേക്ക് ഒന്നും ഇറങ്ങരുത്.”

മുത്തശ്ശി ഒരോ കാര്യം പറഞ്ഞു നിർത്തി മുഖത്തോട്ട് നോക്കുമ്പോഴെല്ലാം അവൾ തല കുലുക്കി കാണിച്ച് കൊണ്ടിരുന്നു

“ചുമ്മാ തല കുലുക്കിയ പോര, അനുസരിച്ച് അടങ്ങി ഇരുന്നോണം, കെട്ട കാലമാ കുഞ്ഞുങ്ങൾ എന്നോ വയസ്സി എന്നോ നോക്കാത്ത കുറേ എണ്ണം ഉണ്ട് നാട് മുഴുക്കെ…”

ഉള്ളിലൂറിയ നൊമ്പരം ഗൗരവത്തിൻ്റെ മുഖം മൂടിയിലൊളിപ്പിച്ച് അവർ അവളോട് പറഞ്ഞു.

പിന്നൊരു കാര്യം, വാതിലടക്കാൻ നിർദ്ദേശം കൊടുത്ത് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ പെട്ടെന്ന് ഓർമ വന്നു തിരിഞ്ഞ് നിന്നവർ അവളെ നോക്കി,

ചോറ് വാരി ആ കാക്കയ്ക്ക് കൊടുക്കരുത് ഇവിടുന്ന് പോകുന്നില്ല ആ ശല്യം, അവളുടെ ഒരു കാക്കയും പൂച്ചയും “

അവിവാഹിതയായ ഭവാനി അമ്മയുടെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണ് ഊമയായ അനുമോൾ. അബദ്ധത്തിൽ തീ പൊള്ളലേറ്റ അമ്മയെ രക്ഷിക്കാൻ ഉള്ള ശ്രമത്തിനിടെ തീ പടർന്നു അച്ഛനും കൂടി മരിച്ചതിൻ്റെ ആഘാതത്തിൽ ഊമയായി പോയ കുട്ടി. കുടുംബക്കാർ എല്ലാം കൈയൊഴിഞ്ഞ 13 വയസ്സുള്ള അവളെ ഭവാനിയമ്മ കൂടെ കൂട്ടുകയായിരുന്നു, ചികിത്സകള് അനവധി ചെയ്തെങ്കിലും ഉള്ളിലുറഞ്ഞ് പോയ അവളുടേ ശബ്ദം മാത്രം തിരിച്ച് വന്നില്ല.

അനുമോൾക്ക് സ്കൂൾ അവധിയുള്ള ദിവസങ്ങളിൽ സാധാരണയായി ഭവാനിയമ്മ ജോലിക്ക് പോകാറില്ലെങ്കിലും എന്ത് ബുദധിമുട്ട് വന്നാലും സഹായ ഹസ്തവുമായി എത്തുന്ന പരമേശ്വരൻ മാഷിൻ്റെ വീട്ടിലേക്ക് എന്തെങ്കിലും ജോലിക്ക് വിളിച്ചാൽ പറ്റില്ലെന്ന് പറയാറില്ല അവർ, മാത്രമല്ല മക്കൾ കൂടെ ഇല്ലാത്ത മാഷിനും ഭാര്യ സാവിത്രി ടീച്ചർക്കും അനുമോൾ എന്നു വച്ചാൽ ജീവനുമാണ്.

മുൻപൊക്കെ അവിടേക്കാണ് പോകുന്നതെന്ന് കേട്ടാൽ തന്നെക്കാൾ മുന്നേ ചാടി ഇറങ്ങുന്നവൾ ഇന്ന് കൂടെ വിളിച്ചിട്ടും വരാത്തത് എന്തെന്നവർ അദ്ഭുതം കൂറി, കഴിഞ്ഞ മാസം അവിടെ പോയി വന്ന ശേഷം ആണ് ഇങ്ങനേ, ഹാ വലുതാവുകയല്ലേ ഇനിയിത്തിരി അടക്കവും ഒതുക്കവും കൂടും മനസ്സിൽ ഓർത്തവർ മുന്നോട്ട് നടന്നു.

ഗേറ്റ് കടക്കുമ്പോ തന്നെ കടക്കുമ്പോൾ തന്നെ കണ്ടൂ എങ്ങോട്ടോ പോകാൻ ഇറങ്ങുന്ന മാഷിനെ…

“അനുക്കുട്ടി വന്നില്ലേ ഭവാനി ഏടത്തി” നിറഞ്ഞ ചിരിയോടെ ഗേറ്റിനടുത്ത് വന്നു കൊണ്ട് മാഷ് കുശലം ചോദിച്ചു

“വിളിച്ചതാ മാഷേ, കൂടെ വന്നില്ല, എങ്ങനെ വരാനാ കുറേ കാക്കയും പൂച്ചയും ഒക്കേയല്ലെ കൂട്ട്, എൻ്റെ കണ്ണ് തെറ്റിയ തിന്നാൻ കൊടുത്തതു അവറ്റകൾക്ക് തട്ടി കൊടുക്കും പെണ്ണ്” വാത്സല്യം നിറഞ്ഞ ദേഷ്യത്തോടെ അവർ പറഞ്ഞു.

ഒന്നു മൂളി ചിരിച്ച് കൊണ്ട് മാഷും ഇറങ്ങി നടന്നു.

കുരുമുളക് ഉണങ്ങാനിടാൻ നിലം ഒരുക്കി ചാണകം മെഴുകലായിരുന്നു അന്ന് ഭവാനിയമ്മയ്ക്ക് കിട്ടിയ ആദ്യത്തെ പണി. തൊഴുത്തിൽ നിന്നും പശുക്കളെ അഴിച്ച് പറമ്പിൽ കെട്ടി ചാണകം വാരി ബക്കറ്റിലിട്ട് കലക്കി കൊണ്ടിരിക്കുമ്പോഴാണ് തേങ്ങ ഇടാൻ വരുന്ന നാരായണൻ ടീച്ചറേ എന്ന് കൂവി വിളിച്ചു ഓടി വന്നത്.

“ടീച്ചറെ, ഭവാനി ഏടത്തി ഓടി വായോ, നമ്മുടെ മാഷിനെ കുറേ കാക്കകൾ ഭവാനി ഏടത്തിയുടെ വീട്ടു മുറ്റത്ത് ഇട്ട് കൊത്തുന്നു ദേഹം മുഴുവൻ ചോ–രയാണ്”

രണ്ട് പേരും ഓടി അവിടെ എത്തുമ്പോഴേക്കും ബോധം നശിച്ച് മാഷ് നിലത്ത് കിടപ്പുണ്ടായിരുന്നു. പൂഴി മണ്ണും ചോ–രയും പറ്റിപ്പിടിച്ച് നിലത്ത് വീണ് കിടന്നിരുന്ന അയാളുടെ കണ്ണു കണ്ട് സാവിത്രി ടീച്ചർ അലറി കരഞ്ഞു.

തുറന്ന് കിടന്ന വാതിൽ അപ്പോഴാണ് ഭവാനിയമ്മ കണ്ടത്. എൻ്റെ മോളെന്നും പറഞ്ഞവർ അകത്തേക്ക് കുതിച്ചു. കീറി പറിഞ്ഞ വസ്ത്രങ്ങളും പൊട്ടിയ ചുണ്ടുമായി അകത്ത് പേടിച്ചരണ്ട് നിൽക്കുന്ന അനുമോളെ കണ്ടതും അവർക്ക് കാര്യം മനസ്സിലായി.

എടാ നീയെൻ്റെ മോളെ….

ആർത്തു വിളിച്ചു മുറ്റത്തേക്ക് ഇറങ്ങിയ അവർ ചാണകം പുരണ്ട കൈയാലെ അയാളുടെ മുഖത്ത് ആഞ്ഞടിച്ചു

“ഒരു പിടി അന്നം ആ കാക്കകൾക്ക് എറിഞ്ഞു കൊടുത്തതിൻ്റെ നന്ദി അതുങ്ങൾ എൻ്റെ കുഞ്ഞിനോട് കാണിച്ചു, അല്ലായിരുന്നെങ്കിൽ നീയെൻ്റെ മോളെ..അപ്പൂപ്പാ എന്നും പറഞ്ഞ് നിൻ്റെ കൈ പിടിച്ച് നടന്ന അതിനേയല്ലെ നീ”

തൂഫ് അയാളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി അവരകത്തേക്ക് നടന്നു. കേട്ട കാര്യത്തിൻ്റെ പകപ്പിൽ അയാളെ ഒന്ന് നോക്കി ടീച്ചറും തിരിഞ്ഞ് നടന്നു.

കലി അടങ്ങാതെ കാക്കകൾ അപ്പോഴും ആകാശത്ത് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.