കോളേജിന്റെ തൊട്ട് അടുത്തായിരുന്നു വീട് രുക്കുവിന്റെയും കിച്ചുവിന്റെയും വീട്. ചാർലി അവിടെയെത്തുമ്പോൾ കിച്ചു ഉണ്ട്
“കോളേജിലേക്ക് രുക്കുവിന് നടന്നു പോകാനുള്ള ദൂരമേയുള്ളല്ലോ ” ചാർലി പറഞ്ഞു
“അതെ. നിനക്ക് കുടിക്കാൻ എന്താ?നിന്റെ ബ്രാൻഡ് ഒന്നുമില്ല. നല്ല മോര് വേണേൽ തരാം.”
“വേണ്ട പിരിയും ” ചാർലി കണ്ണിറുക്കി
“അത് ശരി രാവിലെ അടിച്ചു?”
“രണ്ടെണ്ണം. ബ്രേക്ക് ഫാസ്റ്റിന്റെ കൂടെ.”
കിച്ചു അവനെ നോക്കുകയായിരുന്നു
വിഷാദത്തിന്റെ നേർത്ത അലകൾ ഇപ്പോഴും കണ്ണിലുണ്ടെങ്കിലും മുഖത്ത് സന്തോഷം ഉണ്ട്. ഒരു ഉത്സാഹം. ജയിലിൽ ആയിരുന്നപ്പോൾ എല്ലാ ആഴ്ചയും കിച്ചു അവനെ കാണാൻ പോകുമായിരുന്നു. അവൻ ഉണ്ടാക്കി കൊണ്ട് പോകുന്ന പൊങ്കൽ കൊതിയോടെ അവൻ മേടിച്ചു വെയ്ക്കും. ഇടക്ക് രുക്‌മിണിയും വരും
“രുക്കുവിനെ കൊണ്ട് വരണ്ട ” ഒരു ദിവസം അവൻ പറഞ്ഞു
ജയില് ആയത് കൊണ്ട് പലതരത്തിൽ ഉള്ള ആൾക്കാർ, അവരുടെ നോട്ടങ്ങൾ
അത് കേട്ടപ്പോ പക്ഷെ അവള് ദേഷ്യപ്പെട്ടു
“എന്റെ ഇഷ്ടം ആണ് ഞാൻ വരും.”
രുക്കുവിന്റെ കൈ നെറ്റിയിൽ ചേർത്ത് അവൻ അന്ന് ഏറെ നേരം നിന്നു. പിന്നെ തന്നെ നോക്കി ചിരിച്ചു
“പൊണ്ടാട്ടി കൊള്ളാം. ഡാ ” എന്നോ മറ്റൊ തമാശ പറഞ്ഞു
തമിഴ് നാട്ടുകാരിയാണ് രുക്കു. വ്യത്യാസം ഒരു പാടുണ്ട്. ഒന്ന് മാത്രം സെയിം. സ്നേഹം. ഏഴാം ക്ലാസ്സ് വരെയേ ഒന്നിച്ചു പഠിച്ചുള്ളൂ. പക്ഷെ സ്നേഹം തുടർന്ന് പോയി…
ചാർലി ഒരാളെ കൊന്നുന്നു കേട്ടപ്പോ ആദ്യം വിശ്വാസം വന്നില്ല
പിന്നെ…
“ഡാ..അവൾ എപ്പോ വരും?” ചാർലി കിച്ചു നെ ഒന്ന് തട്ടി
“ലീവ് കൊടുത്തിട്ട് ഉടനെ വരും ” അവൻ ചാർളിക്ക് നല്ല ഒരു കാപ്പി ഇട്ടു കൊടുത്തു. അവൻ അത് കുടിച്ചു കൊണ്ട് ഇരിക്കുമ്പോ രുക്കു വന്നു
“തടിച്ചോടാ നീ?”
അവൾ അവന്റെ വയറ്റിൽ ഒരു ഇടി കൊടുത്തു
“ആണോടാ ഞാൻ തടിച്ചോ?’ ചാർലി കിച്ചുവിനോട് ചോദിച്ചു
“കുറച്ചു തടിച്ചു. പക്ഷെ സുന്ദരനായി. നല്ല വെളുത്തു ചുവന്ന്..ഗ്ലാമർ കുട്ടപ്പൻ “
“അത് അമ്മച്ചിയുടെ തീറ്റയുടെ ഗുണം “
“പോ– ത്തും പ– ന്നിയും ഒക്കെ അല്ലെ കുഞ്ഞേ?” രുക്കു വേഷം മാറി വന്നു
“പറ പറ വിശേഷം പറ ” അവൾ അവരുടെ അരികിൽ ഇരുന്നു
“വിശേഷം…എന്ത് വിശേഷം?”
“ആ എസ് ഐ ടെസ്റ്റ് ഒന്നുടെ നോക്കെടാ “
“ഇനിപ്പോ കിട്ടുമോ? ജയിലിൽ കിടന്ന സ്ഥിതിക്ക്..” അവൻ വിഷമത്തോടെ നിർത്തി
“കുറ്റം ചെയ്തിട്ടില്ല എന്ന് തെളിഞ്ഞില്ലേ? പിന്നെ എന്താ?”
“എനിക്കു. എന്തോ പോലീസിനെ ഒക്കെ അടുത്ത് അറിഞ്ഞത് കൊണ്ടാവും. ഇപ്പൊ താല്പര്യമില്ല…”
“പിന്നെ എന്താ പ്ലാൻ?”
“സ്കൂൾ ഒന്ന് അപ്ഗ്രേഡ് ചെയ്യണം. അപ്പയ്ക്ക് പ്രായമായി. തോട്ടം ഒറ്റയ്ക്ക് പാടാ. അത് നോക്കണം “
“ഇത് കൊള്ളാം നല്ല ഐഡിയയാ ആരും നമ്മുടെ മുകളിൽ ഇല്ലല്ലോ സ്വന്തം കാര്യം നമുക്ക് തന്നെ നോക്ക” രുക്കു പറഞ്ഞു
അവൻ എഴുന്നേറ്റു ജനലിൽ കൂടി റോഡിൽ നോക്കി നിന്നു. കോളേജ് വിട്ട് കുട്ടികൾ പോകുന്നത് കാണാം
“നിനക്ക് സാറ തോമസ് എന്ന ഒരു സ്റുഡന്റിനെ അറിയാമോ? സെക്കന്റ് ഇയർ?”
“അറിയാം..എന്താഡാ?”
“എന്റെ പള്ളിയിലാ. ഞാൻ ചോദിച്ചപ്പോ നീയാണ് ടീച്ചർ എന്ന് പറഞ്ഞു “
“നല്ല മിടുക്കി കുട്ടിയാ..നന്നായി പാടുകയും ഡാൻസ് ചെയ്യുകയും ഒക്കെ ചെയ്യും “
അവൻ ഒന്ന് മൂളി
കിച്ചു അവനെ തന്നെ കുറച്ചു നേരം നോക്കിയിരുന്നു. വെറുതെ ഒരു ചോദ്യമല്ല അത്. അവൻ അങ്ങനെ ഒരു പെണ്ണിനെ കുറിച്ച് ഈ നാളുകളിൽ പറയുന്നത് കേട്ടിട്ടില്ല
“അവർക്ക് എപ്പോഴാ എക്സാം തീരുക?”
“മൂന്ന് മണിക്ക് ” അവൻ വാച്ചിൽ നോക്കി
ഒന്ന് ആകുന്നേയുള്ളു
“ചാർലി?” അവൻ കിച്ചുവിന്റെ വിളി കേട്ട് തിരിഞ്ഞു
“ആരാ സാറ?”
“ഞാൻ പറഞ്ഞില്ലേ എന്റെ ഇടവകയിൽ ഉള്ളതാ “
“അത്രേ ഉള്ളോ?”
ചാർലി ചിരിച്ചു
“എടാ കൊച്ചു പെണ്ണാണ്..വെറുതെ ഇരിക്ക് “
പിന്നെ അവൻ വേഗം വിഷയം മാറ്റി
“നീ വല്ലോം ഉണ്ടാക്കിട്ടുണ്ടെങ്കിൽ താ പെണ്ണെ വിശക്കുന്നു ” എന്ന് പറഞ്ഞു രുക്കുവിന്റെ ഒപ്പം കൂടി
“സാമ്പാർ രസം അവിയൽ ഇത്രേ ഉള്ളു “
അവൾ പറഞ്ഞു
“എന്റെ ദൈവമേ ഇതൊന്ന് മാറ്റി പിടിക്ക്. ഞാൻ ഒരു ദിവസം ബീ- ഫ് കുരുമുളക് ഇട്ട് കൊണ്ട് തരാം ഒരു പിടി പിടിച്ചു നോക്ക് ” രുക്കു അവനിട്ട് ഒന്ന് കൊടുത്തു
“ഈ ശ- വം തീനിയെ കൊണ്ട് തോറ്റു ” കിച്ചു പൊട്ടിച്ചിരിച്ചു പോയി
“നിനക്ക് പറ്റിയ പേരാടാ കൊള്ളാം “
“പോടാ കോ- പ്പേ “
അവൾ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോൾ അവൻ വിരൽ വളച്ച് ഉഗ്രൻ എന്ന് കാണിച്ചു
“പൊണ്ടാട്ടി സമയൽ പ്രമാദം സാമി “
കിച്ചു ചിരിച്ചു
“നീ വെജ് ശീലിച്ചു നോക്ക്. കുറച്ചു നാൾ. നല്ലതാ ഹെൽത്തിന് “
“ഉം?”
“ആണെന്ന് “
“ഇത് പോലെ രുചി ആയിട്ട് കിട്ടിയ നോക്കാമേട. നിന്റെ പൊങ്കൽ കഴിച്ചിട്ട് എത്ര നാളെയെടി?”
“നീ ഇടക്ക് വാ. ഉണ്ടാക്കി തരാം “
“അങ്ങോട്ട് വന്നൂടെ..ഒന്നുല്ലങ്കിൽ രണ്ടും കൂടെ പഠിച്ചു പ്രേമിച്ച സ്കൂൾ അവിടെ തന്നെ ഉണ്ട് “
അവർ കള്ളച്ചിരി പാസ്സാക്കി
ചാർളിയുടെ സ്കൂളിൽ ആയിരുന്നു ഏഴാം ക്ലാസ്സ് വരെ അവർ മൂന്ന് പേരും. അത് കഴിഞ്ഞു ചാർലി കൊച്ചിയിൽ പോയി. ഇവരുടെ കുടുംബം ഇങ്ങോട്ടും.
സംസാരം നീണ്ടു
“നീ എന്താ ഞങ്ങൾക്ക് കുട്ടികൾ ആകാത്തതിനെ കുറിച്ച് ഒന്നും ചോദിക്കാത്തത്?” രുക്കു കുറച്ചു നേരം കഴിഞ്ഞു അവനോട് ചോദിച്ചു
“ആകുമ്പോൾ ആകുമല്ലോ എന്തിനാ ചോദിച്ചിട്ട്…”
“സാധാരണ ആരു കണ്ടാലും ആദ്യം അത് ചോദിക്കും..നീ മാത്രേ ഉള്ളു ചോദിക്കാത്തത്” കിച്ചു പറഞ്ഞു
“ഓ അതൊക്ക വലിയ കാര്യമാണോ?ഇപ്പൊ നിങ്ങൾ മാത്രം ഉള്ള സമയം. അത് അടിച്ചു പൊളിച്ചു ജീവിക്കാൻ നോക്ക്. കുട്ടികൾ വന്നാലും ഇല്ലെങ്കിലും ജീവിതം നമ്മുടെയല്ലേ? അത് സന്തോഷം ആയിട്ട് വെയ്ക്ക് “
രുക്കു ചിരിച്ചു
“ഇവന്റെ തലയിൽ വെളിവ് വീണു “
“കണ്ടോ നല്ലത് പറഞ്ഞ അങ്ങനെ പറഞ്ഞോണം “
മൂന്ന് ആയപ്പോൾ അവൻ ഇറങ്ങി
“കിച്ചു..നീ നേരെത്തെ ചോദിച്ചില്ലേ സാറ ആരാണെന്ന്. ഇപ്പൊ ഞാൻ നിനക്ക് കാണിച്ചു തരാം. “
കിച്ചു അമ്പരന്ന് നിൽക്കെ അവൻ ഗേറ്റിനരികിലേക്ക് നീങ്ങി നിന്നു. രുക്കു കിച്ചുവിനെ നോക്കി എന്താ എന്നാ അർത്ഥത്തിൽ…ദൂരെ നിന്ന് സാറ നടന്നു വരുന്നുണ്ടായിരുന്നു
അവനെ കണ്ടവൾ അടുത്ത് വന്നു
രുക്കുവിനോട് നമസ്തേ എന്ന് പറഞ്ഞു
“എങ്ങനെ ഉണ്ടായിരുന്നു എക്സാം?” അവൻ ചോദിച്ചു
“എളുപ്പം ആയിരുന്നു ” അവൾ പുഞ്ചിരിച്ചു
“സാറക്ക് എല്ലാം എളുപ്പമാണ്. നല്ല മാർക്ക് ഉണ്ടാവും. ആള് ക്ലാസ് ടോപ്പർ ആണ് ” രുക്കു പറഞ്ഞു
കിച്ചു രണ്ട് പേരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു
ചാർലി കൺട്രോൾഡ് ആണ്. പക്ഷെ സാറ അങ്ങനെ അല്ല. അവളുടെ മുഖം ഒറ്റ നിമിഷം കൊണ്ട് ചുവന്നു തുടുത്തു കഴിഞ്ഞു. കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങുന്നുണ്ട്
“എപ്പോ വന്നു?” അവനോട് അവൾ ചോദിക്കുന്നു
അവൻ മറുപടി പറയുന്നു
“കഴിച്ചോ?” അടുത്ത ചോദ്യം. അവൻ മൂളിയെന്ന് തോന്നുന്നു. അവളുടെ കണ്ണുകൾ അവന്റെ മുഖത്താണ്. അതിൽ നിറയുന്ന സ്നേഹം കിച്ചു വ്യക്തമായി കണ്ടു. മറ്റാരെയും അവൾ നോക്കുന്നില്ല. അവനെ മാത്രം…
“നീ ബസിൽ അല്ലെ?” അവൾ തലയാട്ടി
“സമയം ആയോ?”
“അഞ്ചു മിനിറ്റ് കൂടി ഉണ്ട് “
“നിങ്ങൾ ഒരു നാട്ടിലേക്ക് അല്ലെ? ഒന്നിച്ചു പോകാമല്ലോ “
“ഞാൻ കാറിൽ അല്ല ” ചാർലി പെട്ടെന്ന് പറഞ്ഞു
“സാറ ബുള്ളറ്റ്ൽ കയറില്ലെ?”
“ഇത് വരെ ഇല്ല..പേടിയാ ” അവൾ മെല്ലെ പറഞ്ഞു
“നീ ബസിൽ വന്ന മതി. നാട്ടുകാർക്ക് അത് മതി കഥ ഉണ്ടാക്കാൻ ” ചാർലി പറഞ്ഞപ്പോ ആ മുഖം വാടി
“പോട്ടെ ” അവൾ യാത്ര പറഞ്ഞു നടന്നു
ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ ഓടി ചെന്ന് ബസിൽ കയറി
“ആ കൊച്ചിന് കയറിയ കൊള്ളാം എന്നുണ്ടാരുന്നു. എന്തോന്ന് മനുഷ്യൻ ആണെടാ നീ?”
“എന്നിട്ട് വേണം…അതൊന്നും വേണ്ട “
“ശെടാ..നല്ല ഉഗ്രൻ കൊച്ചാണല്ലോ എന്താ ഗ്ലാമർ?” കിച്ചു പറഞ്ഞു
“കോളേജിൽ ഫാൻസ് അസോസിയേഷൻ വരെയുള്ള കക്ഷിയാ..എന്ത് മാത്രം ചെക്കൻമാര് അകത്തും പുറത്തും പിന്നാലെ നടക്കുന്നതെന്നോ. ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്ന ടീച്ചർമാർക്ക് വരെയുണ്ട് ക്രഷ്.” രുക്കു പറഞ്ഞു
“ചിലരുടെ കയ്യിൽ പൂമാല കിട്ടുന്ന പോലെയ ചിലർക്ക് ഇങ്ങനെ ഒക്കെ ഉള്ള ഒന്നിനെ കിട്ടീയാ ” അർത്ഥം വെച്ച് കിച്ചു പറഞ്ഞപ്പോ ചാർലി ഒന്ന് കൊടുത്തു
“എന്നെ കൊ- ല്ല് ഇനി..സത്യം പറയടാ പ്രേമം ആണോ?” കിച്ചു ചോദിച്ചു
“അയ്യടാ ഇച്ചിരി ഇല്ലാത്ത അതിനോടൊ? കാണുമ്പോൾ സംസാരിക്കും അത്രേ ഉള്ളു.”
“അത്രേ ഉള്ളു”
“എനിക്കു അങ്ങനെ അല്ലല്ലോ തോന്നിയത്”
“നിനക്ക് പിന്നെ എങ്ങനെ ആണാവോ തോന്നിയത്?”
“ആ കൊച്ചിന് നിന്നോട് മുടിഞ്ഞ പ്രേമം ആണെന്ന് “
ചാർളിയുടെ മുഖം ഒന്ന് ചുവന്നു
“ഞാൻ ഇറങ്ങുവാ രുക്കു. നീ ഇവനെ നന്നാക്കി എടുക്കാൻ നോക്ക് എനിക്കു വലിയ പ്രതീക്ഷ ഇല്ല. പിന്നെ നോക്ക് അപ്പൊ ഓക്കേ. ഡാ “
അവൻ കിച്ചുവിനെ ഒന്ന് കെട്ടിപിടിച്ചു
രുക്കുവിനെയും ഒന്ന് ചേർത്ത് പിടിച്ചു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു
“കള്ളൻ ” കിച്ചു പിറുപിറുത്തു
“ശരിക്കും ” രുക്കു അതിനെ പിന്തങ്ങി
തുടരും…