പിന്നേ എല്ലാവരും ഫ്രീ ആയിട്ടിരുന്നപ്പോ ടീച്ചർടെ കാര്യം വീണ്ടും ചർച്ചക്ക് വന്നു
“അമ്മച്ചിക്ക് അറിയാമോ ഏതെങ്കിലും ടീച്ചർമാരെ. ഒരു മാസം ഞങ്ങളിവിടെ ഉണ്ടല്ലോ. വൈകിട്ട് ഒരു മണിക്കൂർ എങ്കിലും ഇച്ചിരി പറഞ്ഞു കൊടുക്കാൻ” ഷെറി ചോദിച്ചു
ഷേർലി കുറച്ചു നേരമെന്തോ ആലോചിച്ചു
“സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർമാർക്കൊക്കെ വൈകിട്ട് വീട്ടിൽ ട്യൂഷൻ ഉണ്ട്. അവർ ഇത് കളഞ്ഞിട്ട് ഇങ്ങോട്ട് വരില്ല. പിന്നെ..ആ ടീച്ചർ ആകാൻ പഠിക്കുന്ന ഒരു കൊച്ചുണ്ട്. ഞാൻ പരിചയപ്പെടുത്തിയില്ലേ? സാറ. അതിനോട് ചോദിച്ചു നോക്കട്ട്. പക്ഷെ ശമ്പളം കൊടുക്കണം കേട്ടോ. ഫ്രീ ഒന്നും പറ്റില്ല. പാവങ്ങളാ “
“അതിനെന്താ അമ്മച്ചി കൊടുക്കാമല്ലോ
അതുങ്ങളെ ഒന്ന് പഠിപ്പിച്ച മതി കണക്കും സയൻസും “
“സിന്ധു…” അമ്മച്ചി അടുക്കളയിലേക്ക് നോക്കി വിളിച്ചു
“എന്താ അമ്മച്ചി?”
“സാറ വരുമ്പോൾ എന്നെ ഒന്ന് കാണാൻ പറയണേ “
“പറയാം അമ്മച്ചി “
ചാർലി അത് കേട്ട് നിൽക്കുകയായിരുന്നു. അവൻ വന്ന് അരികിൽ ഇരുന്നു
“നിനക്ക് പഠിപ്പിച്ചു കൊടുത്തു കൂടെ ചെറുക്കാ.? മാത്‍സ് ഇവന് ഭയങ്കര ഈസി ആണ് “
“ഞാൻ പറഞ്ഞാൽ ഇരിക്കില്ല ചേച്ചി
സാറ മിടുക്കിയ. നന്നായി പഠിപ്പിക്കും, ഷേർലി അമ്പരന്ന് നോക്കി
“അത് നിനക്ക് എങ്ങനെ അറിയാം ” അവൻ പെട്ടെന്ന് വിളറി
“അത് രുക്കു ഇല്ലെ അമ്മേ രുക്കു എന്റെ ഫ്രണ്ട്? അവൾ പഠിപ്പിക്കുന്നുണ്ട് സാറയെ, അവള് പറഞ്ഞതാ “
“ആഹാ. അപ്പൊ മിടുക്കി കൊച്ചായിരിക്കും. രുക്കു ഇപ്പൊ കോളേജ് ടീച്ചർ ആയി അല്ലിയോടാ?”
അവൻ മൂളി
“കിച്ചുവോ?”
“അവൻ ബാങ്കിൽ തന്നെ “
“പണ്ടൊക്കെ വരുമായിരുന്നു ഇപ്പൊ കണ്ടിട്ട് കുറെയായി “
“ഞാൻ ഒരു ദിവസം പോയിട്ടുണ്ടായിരിന്നു ” അവൻ പറഞ്ഞു
ഷെറി അവനെ തന്നെ നോക്കിയിരിക്കുകയായൊരുന്നു. പണ്ടാണെങ്കിൽ ഒരു മൂളൽ ഒരു ചിരി തീർന്നു. ഇപ്പൊ നന്നായി വർത്താനം പറയുന്നുണ്ട്. അതൊരു നല്ല മാറ്റം ആണ്
ഫോൺ ബെൽ അടിച്ചപ്പോ അവൻ മുറിയിൽ പോയി
സാറ
“ലൊക്കേഷൻ ഞാൻ അയച്ചിട്ടുണ്ട്. എപ്പോഴാ വരിക?”
“നിനക്ക് നാളെ എന്താ പരിപാടി?”
“ഞാൻ നാളെ പള്ളിയിൽ പോകും. ഇത് എന്റെ അമ്മേടെ ആങ്ങളേടെ വീടാ. ഇവർ പോകുന്ന പള്ളി കുറച്ചു ദൂരെയാണ്. ഞാനും അമ്മാച്ചന്റെ മോളും കൂടി നാളെ പള്ളിയിൽ പോകും. അപ്പൊ വാ..”
“പാലായിൽ ആണ് എന്റെ ഇളയ ചേച്ചിയുടെ ഭർത്താവ് ക്രിസ്റ്റിയുടെ വീട്. നീ ഇപ്പൊ അയച്ച ലൊക്കേഷന്റെ അടുത്ത്. ഒരു ഭാഗ്യം എന്താന്ന് വെച്ചാ. അവിടെ ഇപ്പൊ ആരുമില്ല. പിന്നെ ഒരു കാര്യം കൂടി ഉണ്ട് പാലായിൽ. ഞാൻ കൊ– ന്ന ഡാനിയുടെ വീട് പാലയിലാ. ഈ ലോക്കാലിറ്റി തന്നെ…”
അവളുടെ ഹൃദയത്തിൽ പേടി നിറഞ്ഞു
“വരണ്ട… പ്ലീസ്.” അവൾ പേടിയോടെ പറഞ്ഞു
“ഞാൻ വരും..നീ പേടിക്കണ്ട. ഞാൻ ഒരു കാര്യം പറയാം വന്നിട്ട്..”
“ഇപ്പൊ പറ ഫോണിൽ കൂടി. വരണ്ടാന്നു പ്ലീസ് ” അവളുടെ ശബ്ദം ഇടറി
“പേടിക്കാതിരിക്കടി, ഇത് ചാർളിയാ..അങ്ങനെയൊന്നും ഒരുത്തൻ എന്റെ ദേഹത്ത് തൊടുകേല..നിനക്ക് കാണണ്ട എങ്കിൽ പറഞ്ഞോ വരികേല “
അവളുടെ ഹൃദയം മിടിക്കുന്നത് അവന് കേൾക്കാം
“പറയടി മടിക്കേണ്ട..” ശബ്ദം മാറി
“അതാണോ ഞാൻ പറഞ്ഞതിന്റെ അർത്ഥം?” അവൾക്ക് നല്ല ദേഷ്യം വന്ന് പോയി
“ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചല്ലെ?”
“നിനക്ക് കാണണോ വേണ്ടയോ ഒറ്റ ഉത്തരം “
“ഉം.”
“എന്നേ കാണണോ?” അവൻ വീണ്ടും ചോദിച്ചു
സാറയുടെ ഉള്ളിൽ ഒരു തിരമാല വന്നലച്ചു
“വേണം “
“എന്നാ പിന്നെ ഫോൺ വെച്ചോ “
അവൻ കാൾ കട്ട് ചെയ്തു
പിന്നെ ക്യാൻവാസിൽ പേപ്പർ ഫിക്സ് ചെയ്തു. പെൻസിൽ കൂർപ്പിച്ചു. കണ്ണുകൾ അടച്ചു. കാറ്റിൽ ഉലയുന്ന നീളൻ മുടിയിഴകളാണ് ഉള്ളിലേക്ക് ആദ്യം വന്നത്. പിന്നെ ആ കണ്ണുകൾ. നുണക്കുഴികൾ
അവന്റെ പെൻസിൽ ചലിച്ചു കൊണ്ടിരുന്നു
സാറ അത്ര മെലിഞ്ഞിട്ടല്ല. വളരെ സുന്ദരമായ മുഖവും ഉടലുമാണ് അവളുടെ
അവൻ പെട്ടെന്ന് അവളെ വരച്ചു തീർത്തു. പിന്നെ അത് റോൾ പോലെ ചുരുട്ടി റബ്ബർ ബാൻഡ് ഇട്ട് അലമാരയിൽ വെച്ചു
അടുത്ത കടലാസ് വെച്ചു. കടലാസുകളിൽ ചിത്രങ്ങൾ നിറഞ്ഞു
എല്ലാം ഒരാളുടെ ചിത്രങ്ങൾ..
വാതിൽ മുട്ടുന്ന ശബ്ദം കേട്ട് അവൻ ചെന്നു
അപ്പ
“അപ്പ എന്താ ഇങ്ങോട്ട്?” അവൻ പരിഭ്രമത്തിൽ ചോദിച്ചു
“എന്തോന്ന്?” സ്റ്റാൻലി ഒന്ന് നോക്കി
“അല്ല എന്റെ മുറിയിലോട്ട് അങ്ങനെ വരാറില്ല…അപ്പ ഇരിക്ക് ” അവൻ കസേര വലിച്ചിട്ടു
“കൊച്ചിയിൽ നിന്നുള്ള ഒരാലോചനയുടെ കാര്യം വിജയ് പറഞ്ഞാരുന്നോ?”
അയാൾ അവന്റെ മുഖത്ത് നോക്കി
“ആർക്ക്?”
“നിനക്ക് “
“എനിക്കോ.?” അവൻ അസ്വസ്ഥതയോടെ നോക്കി
“ആ…പെൺകൊച്ചു പിജി എന്തോ ചെയ്തു നിൽക്കുവാ. വിജയുടെ റിലേഷൻ ആണ്. നല്ല വീട്ടുകാരാ. ഇപ്പൊ എല്ലാരും കുടുംബത്തുണ്ട്. അപ്പൊ എല്ലാരും കൂടി കാണാം എന്നാ ആലോചന. എന്താ നിന്റെ അഭിപ്രായം?”
“ഞാൻ ഇപ്പൊ കല്യാണത്തിന് റെഡി അല്ല. ഇപ്പൊ വേണ്ട ” അവൻ തീർത്തു പറഞ്ഞു
“എത്ര വയസ്സായി എന്ന് അറിയാമോ?”
“അറിയാം 27”
“ഇപ്പൊ തന്നെ വൈകി”
“അപ്പാ ഞാൻ ജയിലിൽ കിടന്ന ഒരാളാണ്. ഒരാളെ കൊ– ന്നിട്ട് ജയിലിൽ പോയ ഒരാൾ. ആ ലേബൽ മാറില്ല “
“അവർക്ക് അത് ഒന്നും വിഷയമല്ല.. നീ ഒന്ന് വന്ന് പെണ്ണിനെ കാണ് “
“എന്ത് കാര്യത്തിന്? കണ്ടാലും ഞാൻ നോ പറയും. എനിക്കിനി ഒരു പെണ്ണിനെ സ്നേഹിക്കാൻ ഒന്നും പറ്റുകേല “
അറിയാതെ പറഞ്ഞു പോയതായിരുന്നു ചാർലി
“എന്ന് വെച്ചാ ഇപ്പൊ ആരോടെങ്കിലും സ്നേഹം ഉണ്ടോ?” അവന്റെ മുഖം വിളറി
“അങ്ങനെ അല്ല, ഇപ്പൊ ആ ഒരു ആലോചന വേണ്ട. അപ്പ പ്ലീസ് പാ..അവരോട് പറ എനിക്ക് പറ്റില്ലാന്നു..”
“ശരി നീ കല്യാണം കഴിക്കണ്ട. അവരൊക്കെ പറഞ്ഞത് കൊണ്ട് പേരിന് ആ വീട്ടിൽ വരെ പോയിട്ട് വരാം ഒരു ട്രിപ്പ് ആകും. എന്തായാലും അവധി “
“നാളെ എനിക്ക് വേറെ ഒരു സ്ഥലത്ത് പോകണം ” അവൻ പെട്ടെന്ന് പറഞ്ഞു
“എവിടെ?”
“ഒരു ഫ്രണ്ട്നെ കാണാൻ “
“ശരി മറ്റെന്നാൾ പോകാം “
“അപ്പ ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം പറയാം. ഞാൻ ഒരു രണ്ടു വർഷം എങ്കിലും കഴിഞ്ഞേ കല്യാണം കഴിക്കുകയുള്ളു. ഞാൻ ഒന്ന് സെറ്റിൽ ആയിട്ട്. ഒന്നുകിൽ ജോലി അല്ലെങ്കിൽ ഇവിടെ സ്കൂളിന്റെ പരിപാടി. അങ്ങനെ എന്തെങ്കിലും. അല്ലാതെ ഞാൻ കല്യാണം കഴിക്കില്ല. അത് ഫിക്സ് ചെയ്യാൻ എനിക്ക് ടൈം വേണം. ഞാൻ എന്റെ അടുത്ത കുറച്ചു വർഷം ഇവിടെ തന്നെ ആവും. കൊച്ചി നഗരത്തിൽ വളർന്ന ഒരു പെണ്ണ് ഈ കാട്ടുമുക്കിൽ അഡ്ജസ്റ്റ് ചെയ്യില്ല. എനിക്ക് സ്വര്യം വേണം…വെറുതെ അവരുടെ വീട്ടിൽ പോയി ഒരു ഷോ വേണ്ട. എനിക്കു താല്പര്യമില്ല.”
ചാർളിക്ക് അവൻ പറഞ്ഞ ചില കാര്യങ്ങൾ സന്തോഷം ഉണ്ടാക്കി. ചിലത് ഒരു ആകുലതയും
അയാൾ എഴുന്നേറ്റു
“ഞാൻ എന്താ അവരോട് പറയേണ്ടത്?”
“എനിക്കിപ്പോ കല്യാണം വേണ്ട അത് തന്നെ “
അയാൾ നടന്നിട്ട് തിരിഞ്ഞു ക്യാൻവാസിൽ നോക്കി. രണ്ടു കണ്ണുകൾ..മാത്രം…
“മനസ്സിൽ ആരും ഇല്ലന്ന് ഉറപ്പാണോ?,
ചാർലി മിണ്ടിയില്ല
“ആ കൊച്ചിന് ഇത് അറിയാമോ?” അവൻ കസേരയിൽ ഒന്ന് മുറുകെ പിടിച്ചു
“ഇവന്മാരൊക്കെ അറിഞ്ഞാൽ അതിനെ വെച്ചേക്കുമോ?”
ചാർലി മുഖം ഉയർത്തി
ആ മുഖത്ത് അഗ്നി പടർന്ന പോലെ..
“അവരെ മാത്രം അല്ല സൂക്ഷിക്കേണ്ടത്.. കളപ്പുരയ്ക്കലെ ജിമ്മിയെയും ജോൺ നെയും കൂടി സൂക്ഷിക്കണം. തക്കം പാർത്തു നടക്കുവാ. അനിയന്റെ ചാവിനു പകരം ചെയ്യാൻ…നിന്റെ ചേട്ടന്മാരുടെ സ്നേഹവും നീ തിരിഞ്ഞു നിന്നാൽ ഇല്ലാണ്ടാകുന്ന ഒന്നാണെന്നു കൂടി മറക്കണ്ട “
“അപ്പാ?” അവൻ മെല്ലെ വിളിച്ചു
“അവൾക്ക് അറിഞ്ഞൂടാ..അവള് കൊച്ചല്ലേ പപ്പാ..ഞാൻ ഒന്നും പറഞ്ഞിട്ടില്ല..പക്ഷെ വേറെ ഒരാളെ കുറിച്ച് പപ്പാ എങ്കിലും എന്നോട് പറയരുത്..എനിക്കു പറ്റുകേല..”
സ്റ്റാൻലി ആ തോളിൽ ഒന്ന് തട്ടി
“അത്രയ്ക്ക് ഒക്കെ ഉറപ്പിച്ച് പറയാറായോ?”
“ഞാൻ ഒരു പെണ്ണിനെ ഇതിന് മുന്നേ സ്നേഹിച്ചിട്ടില്ല അപ്പാ..ഇത് സ്നേഹം മാത്രം അല്ല….ഉള്ളിൽ..അവളിങ്ങനെ..”
അവന്റെ കണ്ണുകൾ പെട്ടെന്ന് നനഞ്ഞു
“എനിക്ക്. അവളെ ജീവനേക്കാൾ ഇഷ്ടമാ അപ്പാ…അവൾക്ക് എന്നേം ഇഷ്ടാ..പക്ഷെ പറഞ്ഞിട്ടില്ല..സമയം ആയില്ല. അപ്പ എങ്കിലും ഇത് അറിയണം. ജീവിച്ചാലും മരിച്ചാലും ചാർലി സാറയുടേതാണ്..”
സ്റ്റാൻലി അത്ഭുതം കൂറുന്ന കണ്ണുകൾ ഉയർത്തി അവനെ തന്നെ ഏറെനേരം നോക്കി നിന്നു പോയി
“ഇപ്പൊ ആരും അറിയരുത് ആരും ” അയാൾ മെല്ലെ പറഞ്ഞു
അവൻ മൂളി
ഒരു ഭാരം ഒഴിഞ്ഞു
അപ്പ പോയപ്പോൾ അവൻ മൊബൈൽ എടുത്തു
സാറ ഓൺലൈൻ
“അതേയ്..”
“പറ “
“ആരാണെന്നു പറയും?”
“നിന്റെ ഫ്രണ്ട് ആണെന്ന് പറ “
“ഇത്രേം വലിയ ആളോ “
“എന്താ ഞാൻ ഫ്രണ്ട് അല്ലെ?” മറുപടി ഇല്ല
“എടി?”
“ആ അതേ….പക്ഷെ “
“എന്ത് പക്ഷെ..നിനക്ക് ഇഷ്ടം ഉള്ള റിലേഷൻ പറഞ്ഞോ. എന്തിനും ഞാൻ ok ആണ് ” സാറ വിടർന്ന മിഴികളോടെ അത് വായിച്ചു
എന്താ ഇതിന്റെ അർത്ഥം. അവളുടെ നെഞ്ചിടിച്ചു
“എന്റെ ബ്രദർനെ പോലെ എന്ന് പറയട്ടെ”
“അത് ഞാൻ നിന്റെ കസിന്റെ മുന്നിൽ വെച്ച് പൊളിച്ചടുക്കി കയ്യിൽ തരും. മോള് നാറും. എനിക്ക് ആൾറെഡി മൂന്ന് സിസ്റ്റേഴ്സ് ഉണ്ട്. ഇനി വേണ്ട..ആ പേര് പറഞ്ഞു പോയേക്കരുത് “
“ശോ… 🤭 “
“വേറെ എന്തും പറഞ്ഞോ 💗💗💗”
“പോടാ ക- ള്ളതെ- മ്മാടി “
അവൻ ചിരിച്ചു കൊണ്ട് ബൈ പറഞ്ഞു
പിന്നെ കണ്ണുകൾ അടച്ച് അവളെ ഓർത്തു..അവളുടെ നുണക്കുഴികളെ…
കൊതിപ്പിച്ചു കൊ- ല്ലുമോ മോളെ നീ?
അവൻ ഇരുട്ടിനോട് ചോദിച്ചു
തുടരും…..