പ്രണയ പർവങ്ങൾ – ഭാഗം 29, എഴുത്ത്: അമ്മു സന്തോഷ്

പാല് കൊടുത്തിട്ട് പോരാൻ തുടങ്ങുകയായിരുന്നു സാറ

“മോളെ ഒന്ന് നിന്നെ” ഷേർലി അമ്മച്ചി

സാറ നിന്നു

“മോൾക്ക്. കോളേജിൽ എത്ര വരെയാണ് ക്ലാസ്സ്‌?”

“മൂന്ന് മണി.”

“വീട്ടിൽ എപ്പോ വരും?”

“മൂന്നര മൂന്നെമുക്കാല് “

“എന്റെ മോളുടെ രണ്ടു കുട്ടികൾ ഒരു രണ്ടു മാസത്തോളം ചിലപ്പോൾ ഇവിടെ കാണും, അവർക്ക് ഇച്ചിരി പാഠങ്ങൾ പറഞ്ഞു കൊടുക്കാമോ? വൈകിട്ട് ഒരു ഒന്ന് ഒന്നര മണിക്കൂർ മതി “

അവൾ തലയാട്ടി

അവർ പുഞ്ചിരിച്ചു

“ബുദ്ധിമുട്ട് ഇല്ലല്ലോ..”

“ഇല്ല “

അവർക്ക് അവളോട് ഒരിഷ്ടം കൂടിയത് പോലെ തോന്നി. ഒന്നിനും എതിര് ഇല്ല. വളരെ സമാധാനം നിറഞ്ഞ ഒരു മുഖം

“വീട്ടിൽ പപ്പക്ക് വിരോധം വല്ലോം കാണുമോ?”

“ഇല്ല. ഞാൻ വന്നോളാം.”

അവർ എഴുന്നേറ്റു മുറ്റത്തൊട്ട് വന്ന് ഔട്ട്ഹൗസ് ചൂണ്ടി

“ഇത് വൃത്തി ആക്കിയിടാൻ പറയാം..എന്തെങ്കിലും വേണോ?”

“ബോർഡും ചോക്കും ഒരു ഡസ്റ്ററൂം വേണം. വരച്ചു കാണിക്കാൻ ഉള്ളതൊക്കെ പറഞ്ഞു കൊടുത്താൽ ശരിയാവില്ല. പിന്നെ കുട്ടികൾക്ക് പുതിയ ഓരോ ബുക്കും പെൻസിൽ പെൻ ഒക്കെ വേണം..പുസ്തകം ഉണ്ടോ?”

“അത് അറിഞ്ഞൂടാ..ഷെറിയെ…മോളെ ഷെറി “

ഷെറി ഉറക്ക ചടവോടെ അങ്ങോട്ട് വന്ന് നിന്നു

“മോളെ ഇത് സാറ. ഞാൻ അന്ന് കരോളിന് പരിചയപ്പെടുത്തിയില്ലേ?” ഷെറി അവളെ അടിമുടി ഒന്ന് നോക്കി

കറുപ്പിൽ വെള്ള പൊട്ടുള്ള മുട്ട് വരെ എത്തുന്ന ഒരു ഉടുപ്പ് ധരിച്ച് മുടി രണ്ടായി പിടഞ്ഞു മാറിലിട്ട് ഒരു ചെറിയ കുട്ടി.

അവൾ വെറുതെ തലയാട്ടി

“ഇതാണ് ടീച്ചർ ” ഷെറി അത്ഭുതം കൂറുന്ന മിഴികൾ ഉയർത്തി

“ഇതോ ഈ കൊച്ചു കുട്ടിയോ?,

ഷേർലി ചിരിച്ചു

“ടീച്ചർ ആകാൻ പഠിക്കുന്ന കുഞ്ഞാ “

ഷെറി മന്ദഹസിച്ചു

“ആണോ?”

സാറ തലയാട്ടി

“പക്ഷെ ടീച്ചർനെ അവർ പാടുപെടുത്തും കേട്ടോ..ഒരു അനുസരണ ഇല്ലാത്ത പിള്ളാര..ഒന്നും അറിഞ്ഞും കൂടാ “

“നോക്കട്ടെ ” സാറ മെല്ലെ പറഞ്ഞു

അവളുടെ ശബ്ദം പതിഞ്ഞതായിരുന്നു. മുഖം ശാന്തവും നിർമ്മലവുമായിരുന്നു

“എന്നാ പിന്നെ ഇന്ന് തുടങ്ങാവോ?” ഷെറി അവളെ നോക്കി

“ഞാൻ കുറച്ചു കാര്യങ്ങൾ അമ്മച്ചിയോട് പറഞ്ഞിട്ടുണ്ട്. അതൊന്ന് തയ്യാറാക്കിയിട്ട് തുടങ്ങാം..വൈകുന്നേരം ആവുവാണെങ്കിൽ വിളിച്ചു പറഞ്ഞ മതി ഞാൻ വന്നോളാം “

“നമ്പർ ഒന്ന് തന്നേക്ക് “
ഷെറി ഫോൺ എടുത്തു. അവൾ നമ്പർ പറഞ്ഞു കൊടുത്തു. മുകളിൽ പെട്ടെന്ന് അവൻ പ്രത്യക്ഷപ്പെട്ടു

സാറ അങ്ങോട്ടേക്ക് നോക്കി. അവൻ റോഡിൽ നിൽക്കാം എന്ന് കണ്ണ് കാണിച്ചു. അവൾ കണ്ണുകൾ മാറ്റി

“അപ്പൊ എല്ലാം റെഡി ആക്കിയിട്ടു വിളികാം കേട്ടോ. ഇന്ന് വൈകുന്നേരം തന്നെ തുടങ്ങാം “

അവൾ തലയാട്ടി

“ഫീസ് എത്രയാ?” ഷെറി പെട്ടെന്ന് ചോദിച്ചു

“ഇവിടെ ഒക്കെ എല്ലാ വിഷയത്തിലും ട്യൂഷൻ എടുക്കുന്നതിനു 1000 രൂപ വാങ്ങും. അത് മതി ” അവൾ വ്യക്തമായി പറഞ്ഞു

വേണ്ടന്നോ, അയ്യോ അത് സാരമില്ലന്നോ നിങ്ങളുടെ ഇഷ്ടത്തിന് തന്നാ മതിന്നോ ഒന്നും പറഞ്ഞില്ല. ഷേർലിക്ക് അത് ഇഷ്ടപ്പെട്ടു

“ശരി ” ഷെറി ചിരിച്ചു

സാറ തിരിഞ്ഞു നടന്നു

“ആയിരം ഇച്ചിരി കൂടുതൽ അല്ലെ അമ്മച്ചി. ഇവള് ടീച്ചർ ആയിട്ടില്ലല്ലോ പഠിക്കുന്നല്ലേയുള്ളു “

“അയ്യോടി ഇന്നലെ കൊച്ചിന് ഷൂ മേടിച്ചല്ലോ നീ. മുവായിരം രൂപക്ക്. കാലിൽ ഇടുന്ന ഷൂസിന് അത്രയും വിലകൊടുക്കാം വിദ്യാഭ്യാസത്തിനു വയ്യ. വേണ്ടെങ്കിൽ പറഞ്ഞേക്ക് ആ കൊച്ചിന് പഠിക്കാൻ ഉള്ളതാ,

ഷെറി വിളറി പോയി

“എന്റെ അമ്മച്ചി ഹൊ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു “

ഷേർലി വീട്ടിനുള്ളിലേക്ക് കയറി പോയി

ബസ് സ്റ്റോപ്പിൽ നിന്നും ഒരു ചെറിയ വളവ് കഴിഞ്ഞാൽ പ്രൈവറ്റ് റോഡ് ഉണ്ട്. കുരിശുങ്കൽ വീട്ടിലേക്ക് ഉള്ളത് അത് അവരുടെ എസ്റ്റേറ്റ് വരെ ചെന്ന് അവസാനിക്കും.

ചാർലി ആ റോഡിലായിരുന്നു

“ഇച്ചാ അതെ അമ്മച്ചി ട്യൂഷന്റെ കാര്യം പറയുവാരുന്നു “

“എന്നിട്ട് “

“ഞാൻ വരാമെന്ന് പറഞ്ഞു..ഫീസ് എത്ര എന്ന് ചോദിച്ചു ചേച്ചി?”

“ആഹാ “

“ഞാൻ ആയിരം രൂപ എന്നാ പറഞ്ഞത്. എന്റെ വീടിനടുത്തുള്ള സുജ ടീച്ചർ അത്രയും വാങ്ങും. അതോണ്ടാ പറഞ്ഞത്. കൂടിപ്പോയോ?”

“ഹേയ്. നീ ചെയ്യുന്ന ജോലിക്ക് നീ ശമ്പളം വാങ്ങിച്ചോണം അവിടെ മറ്റു സെന്റിമെന്റ്സ് ഒന്നും വേണ്ട “

“വേറെ എന്ത് സെന്റിമെന്റ്സ്?” അവൾ നിഷ്കളങ്കമായെന്നോണം ചോദിച്ചു

അവൻ ആ കണ്ണുകളിലേക്ക് നോക്കി. സാറ പുഞ്ചിരിച്ചു

“ഒന്നുമില്ലേ?”

“ഊഹും..” അവൾ ചുണ്ട് കടിച്ചു കൊണ്ട് തല വെട്ടിച്ചു

“ഉറപ്പാണോ?”

“ഉം “

“ശരി.ഇല്ലെങ്കിൽ വേണ്ട. ഞാൻ ഇന്ന് കൊച്ചിക്ക് പോകും “

അവളുടെ മുഖം പെട്ടെന്ന് മാറി

“അതെന്തിനാ അങ്ങനെ പറഞ്ഞതിന് ഉടനെ കൊച്ചിക്ക് പോണത്?”

“ഞാൻ പോയ എന്താ? നീ പോയി നിന്നില്ലേ ഒരാഴ്ച?”

“ഒരാഴ്ച ഒന്നുമില്ല അഞ്ചു ദിവസം “

“ആ അഞ്ചെങ്കിൽ അഞ്ചു ദിവസം നീ പോയല്ലോ പിന്നെ ഞാൻ പോയ എന്താ?”

സാറ പിണങ്ങിയെന്ന വണ്ണം സൈക്കിൾ മുന്നോട്ട് എടുത്തു. അവൻ അത് ബലമായി പിടിച്ചു നിർത്തി

“എന്താ?”

“ഒന്നുല്ല “

“നിനക്ക് സെന്റിമെന്റ്സ് ഒന്നുമില്ലന്നല്ലേ പറഞ്ഞത്?”

നോക്കി നിൽക്കെ സാറയുടെ കണ്ണുകൾ ഒന്ന് നിറഞ്ഞ പോലെ തോന്നി

“എവിടെ ആണെന്ന് വെച്ച പൊയ്ക്കോ ” അവൾ ഇടറിപറഞ്ഞു

“സാറ” അവൻ മെല്ലെ വിളിച്ചു

“പൊ മിണ്ടണ്ട പൊയ്ക്കോ.” അവൾ സൈക്കിൾ ഉന്തി നടന്നു പോകാൻ ശ്രമിച്ചു

“ഞാൻ പോണില്ല. വെറുതെ പറഞ്ഞതാ “

അവൾ ചുണ്ട് കടിച്ചു പിടിച്ചു കുനിഞ്ഞു നിന്നതേയുള്ളു

“എടി?”

“ദു- ഷ്ടനാ ഇച്ചായൻ “

പെട്ടെന്ന് അവൾ പൊട്ടിത്തെറിച്ചു. പിന്നെ സൈക്കിൾ വെട്ടി മാറ്റിച്ചു ഉന്തി നടന്നു പോയി. ചാർളി നേർത്ത ചിരിയോടെ ആ പോക്ക് നോക്കി നിന്നു. പിന്നെ കൈകൾ ആകാശത്തേക്ക് വിടർത്തി ശ്വാസം ഉള്ളിലേക്ക് എടുത്തു. പിന്നെ തോട്ടത്തിലേക്ക് നടന്നു പോയി

ഔട്ട്‌ ഹൌസ് വൃത്തിയാക്കുന്ന ജോലി സിന്ധുവിനായിരുന്നു. ഷേർലി നിന്ന് അത് പറഞ്ഞു കൊടുത്തു. ഒരു കസേര മേശ. പിന്നെ സ്കൂളിൽ നിന്ന് രണ്ടു ബെഞ്ചും ഡെസ്കും എടുപ്പിച്ചു

“അമ്മേ അവിടെ സ്കൂളിൽ കസേരയും ടേബിളും ഉണ്ട്. അത് മേടിച്ചിട്ടാ പോരെ?” ഷെറി ചോദിച്ചു

“സ്കൂളിൽ ഈ ബെഞ്ചും ഡെസ്കും എന്തിനാ എന്ന് അറിയാമോ നിനക്ക്?” ഷെറി അറിഞ്ഞൂടാ എന്നാ മട്ടിൽ തലയാട്ടി

“പിള്ളേർ എല്ലാം കൂടി ഇരിക്കുമ്പോ നീ ശ്രദ്ധിച്ചിട്ടുണ്ടോ ചില കുഞ്ഞുങ്ങൾ വലുതായിരിക്കും ചിലർ ചെറുതായിരിക്കും. അപ്പൊ കുറച്ചു പേര് അഡ്ജസ്റ്റ് ചെയ്തു അവരെ ഇരുത്തും. ചിലർക്ക് പെൻസിൽ കാണുകേല അപ്പൊ അടുത്ത് ഇരിക്കുന്നവർ കൊടുക്കും. ചിലർക്ക് scale ആയിരിക്കും ഇല്ലാത്തത്. അത് പോലെ ടീച്ചർ നോട്ട് കൊടുക്കുമ്പോ ചിലർക്ക് നല്ല വേഗത്തിൽ എഴുതാൻ കഴിവ് കാണും. ചിലർക്ക് പതിയെ പറ്റു. അപ്പൊ അവൻ അടുത്തിരിക്കുന്നവന്റെ നോക്കി എഴുതി എടുക്കും. മനസിലാകാത്തത് അപ്പുറത്ത് ഇരിക്കുന്നവർ പറഞ്ഞു കൊടുക്കും. അങ്ങനെ സ്വയമറിയാതെ കുഞ്ഞുങ്ങൾ കരുതലും അഡ്ജസ്റ്റ്മെന്റും സ്നേഹവും പഠിക്കും. ഇപ്പൊ എല്ലാം ഒറ്റയ്ക്ക് ആണ്. ഒറ്റയ്ക്ക് അതിന്റെ കുഴപ്പം എന്താ എന്ന് വെച്ചാൽ  കുഞ്ഞുങ്ങളുടെ മനസ്സ് വരണ്ട മരുഭൂമി പോലെയാകും. സ്നേഹവും കരുതലുമില്ലാത്ത മരുഭൂമി “

ഷെറിക്ക് വാക്കുകൾ നഷ്ടപ്പെട്ടു

അമ്മച്ചി പറഞ്ഞത് മുഴുവൻ സത്യമാണെന്നു അവൾക്ക് തോന്നി.
അവൾ ദീർഘമായി നിശ്വസിച്ചു

തുടരും….