പ്രണയ പർവങ്ങൾ – ഭാഗം 32, എഴുത്ത്: അമ്മു സന്തോഷ്

“ഇതിപ്പോ നമ്മൾ എങ്ങോട്ടാ?” യാത്രയ്ക്കിടയിൽ ചാർലി ചോദിച്ചു

“എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ…” ഷെല്ലി പറഞ്ഞു

ഷെറിയും ക്രിസ്ടിയും ചിരി അടക്കുന്നത് അവൻ കണ്ടു

വലിയൊരു വീട്ടിലേക്കാണ് കാർ ചെന്നു നിന്നത്

“വാടാ ” ചാർലി മടിച്ചു നിന്നപ്പോ ഷെല്ലി പറഞ്ഞു

പ്രായമുള്ള ഒരു സ്ത്രീയും പുരുഷനും ഇറങ്ങി വന്നു

“വരു വരു വഴി തെറ്റിയില്ലല്ലോ. അല്ലെ?”

“തെറ്റിയേനെ.. ഗൂഗിൾ മാപ്പ് ഇടക്ക് ഒന്ന് തെറ്റിക്കാൻ നോക്കി. പറ്റിയില്ല ” ചാർലി അമ്മച്ചിയുടെ കയ്യിൽ പിടിച്ചു

“എന്താ ഇവിടെ?” അവൻ പതിയെ ചോദിച്ചു

“വെറുതെ ” അവർ പതിയെ പറഞ്ഞു

“ഇഷാനി..മോളെ..” അവർ അകത്തേക്ക് നോക്കി വിളിച്ചു

അതിസുന്ദരിയായ ഒരു പെൺകുട്ടി കടന്നു വന്നു. അവൾ അവിടേക്ക് വന്നപ്പോ അവിടെ സുഗന്ധം നിറഞ്ഞു

“ഇതാണ് എന്റെ മോള്. Msc ബയോ ടെക് ആയിരുന്നു. ഇപ്പൊ ഇവിടെ തന്നെ ഒരു ഓഫീസിൽ വർക്ക്‌ ചെയ്യുന്നു..”

അവൾ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു

ഷെല്ലി ഓരോരുത്തരെയായി അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ചാർളിക്ക് അപകടം മനസിലായി. അവൻ രൂക്ഷമായി ഷെല്ലിയെ നോക്കി. അവൻ ഇറങ്ങി പോയേക്കുമെന്ന് സ്റ്റാൻലി ക്ക് തോന്നി. സ്റ്റാൻലി ആ കയ്യിൽ ഒന്ന് മുറുകെ പിടിച്ചു

“നമുക്ക് അകത്തേക്ക് ഇരിക്കാം. ഇവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ ” അത് ഷെറി ആണ് പറഞ്ഞത്

അവർ അകത്തേക്ക് പോയപ്പോ അവർ രണ്ടു പേരും മാത്രം ആയി

“ചാർലി?”

“യെസ് “

അവൻ എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി. ഇഷ പിന്നാലെയും

“പപ്പാ എല്ലാം പറഞ്ഞിട്ടുണ്ട്..”

ചാർലി അവളുടെ മുഖത്തേക്ക് നോക്കി

“ജയിലിൽ ആയിരുന്നു രണ്ടു വർഷം “

“ഉം “

“പക്ഷെ വെറുതെ വിട്ടു “

“അത് കാശിന്റെ പവർ…ഞാൻ കൊ- ന്നതാണ് “

അവളുടെ മുഖം വിളറി വെളുത്തു

“ശരിക്കും?”

“അതെ…”
അവൾ പിന്നെ. അധികം സംസാരിച്ചില്ല. അവിടേ നിന്ന് കൊച്ചിയിലെ വീട്ടിലേക്ക് വന്നപ്പോ അവൻ പൊട്ടിത്തെറിച്ചു

“ഇത് പോലുള്ള കാര്യങ്ങൾ മേലിൽ ഉണ്ടായാൽ ചാർളിയെ പിന്നെ നിങ്ങൾ കാണുകേലാ. ഞാൻ ഈ നാട് വിട്ടു പോകും. എങ്ങോട്ടെങ്കിലും പോകും “

വളരെ സീരിയസ് ആയിരുന്നു അവൻ

ഞാൻ പോവാ എന്ന് പറഞ്ഞു അവൻ നാട്ടിലേക്ക് പോരാൻ ഒരുങ്ങി

“എന്റെ മോൻ ക്ഷമിക്ക്. ഇനി ഉണ്ടാവില്ല. രണ്ടു ദിവസം കൂടെ ഇത് കഴിഞ്ഞു ഇവര് അങ്ങ് പോകും. നീ ഒന്ന് അടങ്ങ് ചാർലി “

ഷെല്ലി പറഞ്ഞപ്പോൾ അവൻ ഒതുങ്ങി. മുറിയിലേക്ക് പോയി

ചാർളിക്ക് താൻ എന്തോ തെറ്റ് ചെയ്യുന്ന പോലെ തോന്നി. കണ്മുന്നിൽ സാറയുടെ നിറഞ്ഞ കണ്ണുകൾ

“കൊച്ചിയിൽ വല്ല റിലേഷൻ ഉണ്ടോ അതാണോ ഓടി പോകുന്നത്?” ഒരിക്കൽ അവൾ ചോദിച്ചു

ഇല്ലന്ന് ആണയിട്ട് പറഞ്ഞു. ഇന്ന് താൻ ഒരു പെൺകുട്ടിയെ കല്യാണം ആലോചിക്കാൻ വന്നിരിക്കുന്നു. അവളെ മോഹിപ്പിച്ചിട്ട്.. അവളെ സ്നേഹിക്കുന്നതായി ഭാവിച്ചിട്ട്…

താൻ ചെയ്യുന്നത് തെറ്റാണ്. തന്റെ പെണ്ണ് സാറയാണ്. അവന്റെ കണ്ണുകൾ നിറഞ്ഞു

ദൈവമേ…എന്ന് അവൻ ഉള്ളിൽ തട്ടി വിളിച്ചു പോയി. തിരിച്ചു വേഗം പോയ മതി എന്ന് തോന്നി പ്പോയി. ഒന്ന് കാണണം. ദൂരെ നിന്ന് മതി. ഒന്ന് കണ്ട മതി. ഒന്നും മിണ്ടണ്ട

തന്നോട് ഇനി മിണ്ടുകയുമില്ല

അറിയാം. പക്ഷെ കാണണം. വീട്ടിൽ ആണെങ്കിൽ അവളെ രണ്ടു നേരം കാണാം. പുറത്ത് ഇറങ്ങുകില്ല എന്നേയുള്ളു. ആ രൂപം തന്റെ കണ്ണിൽ ഉണ്ടാകും. ഇതിപ്പോ രണ്ടു മൂന്ന് ദിവസമായി. ഒരിടത്തു നിന്നും മറ്റൊരിടത്തു പോകും. ബന്ധുക്കൾ ആണ് എല്ലാം. ഒഴിയാൻ വയ്യ. ഇടയ്ക്ക് അവൻ അവളെ ഒന്ന് വിളിച്ചു പോയി

നിയന്ത്രിക്കാൻ വയ്യാതെ. ഫോൺ ഓഫ്‌ ആണ്. ഓൺലൈൻ വന്നിട്ട് ഇപ്പൊ ഒരാഴ്ച. അവൻ വിയർത്തു പോയി

അസുഖം വല്ലോം ആണോ ഇനി. അവൻ രുക്കുവിന്റെ നമ്പർ ഡയൽ ചെയ്തു

“എന്താടാ? അവൻ കാര്യം ചുരുക്കി പറഞ്ഞു

“കോളേജിൽ വരുന്നുണ്ട് “

“പക്ഷെ മൊബൈൽ ഓഫ്‌ ആണ്. അന്ന് നീ പറഞ്ഞത് കൊണ്ട് ഞാൻ കുറച്ചു നാളുകൾ ഒഴിഞ്ഞു മാറിയിരുന്നു.. അവള് എന്നെ പോലെ ഒരാളുടെ കൂടെ കൂടി നശിച്ച് പോകണ്ട എന്ന് കരുതിട്ട്. ഇവർ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നപ്പോൾ അത് ഇത്രയും ദിവസം ആയിപ്പോകുമെന്ന് ഞാൻ ഓർത്തില്ല..എന്നെ കൊണ്ട് വന്നു പെണ്ണും കാണിച്ചെടി..എന്റെ ഉള്ളു കത്തി പോകുന്ന പോലെയാ.എനിക്ക് വയ്യ.. ഇവിടെ നിന്ന് ഉടനെ വരാനും പറ്റില്ല.. അവളെ കാണാതിരിക്കാനും വയ്യ… എന്നോട് വെറുപ്പായിരിക്കും ഇപ്പൊ. ഇനി എന്നെ സ്നേഹിക്കത്തില്ല “

അവൻ വിതുമ്പി കരഞ്ഞു

“എനിക്ക് പറ്റുന്നില്ല…എനിക്കു ഒന്ന് ആ ശബ്ദം കേൾക്കണം രുക്കു. അവള്…അവള്…എന്നെ വെറുത്തു കാണും അല്ലേടി. ഒരു രസത്തിനു കുറച്ചു നാളുകൾ സ്നേഹിച്ചിട്ട് ഉപേക്ഷിച്ചു പോയ ഒരുത്തൻ ആയിരിക്കും മനസ്സില്…ഇനി എന്നെ നോക്കുക പോലും ചെയ്യില്ല “

രുക്കു സത്യത്തിൽ ഞെട്ടിപ്പോയി

അവർ അറിഞ്ഞ ചാർലി ഇങ്ങനെ ആയിരുന്നില്ല. അവൻ അങ്ങനെ കരയുന്നത് ബാല്യത്തിൽ പോലുമവൾ കണ്ടിട്ടില്ല

“രുക്കു…ഞാൻ അങ്ങ് ച- ത്തു കളഞ്ഞാലോ എനിക്കു ജീവിതം മടുത്തു… എന്തിന് വേണ്ടിയാ ഇങ്ങനെ ഞാൻ..”

“നീ വെറുതെ ഇരുന്നോ..പറഞ്ഞു പറഞ്ഞു നീ ഇത് എങ്ങോട്ടാ പോകുന്നത്?”

“എനിക്ക് അവളെ വേണം.. അവളെ മതി..ഇപ്പൊ മനസിലായി അത്..എനിക്ക്..വേറെയാരും വേണ്ട. അല്ലെങ്കിൽ ഞാൻ എന്തിനെ വേണേൽ നേരിട്ടോളാം..ആരെ വേണേൽ..അവൾക്ക് വേണ്ടിട്ട്.. നീ അവളോട് ജസ്റ്റ്‌ എന്നെ ഒന്ന് വിളിക്കാൻ പറയാമോ “

രുക്കു ഒന്ന് മൂളി

“അവള് വിളിക്കില്ല എനിക്ക് അറിയാം. പക്ഷെ നീ പറയണം..”
“പറയാം ” അവൻ കാൾ കട്ട്‌ ചെയ്തു

പിന്നെ ലൈറ്റ് അണച്ചു കിടന്നു. ഉറക്കമൊന്നുമില്ല. വെറുതെ കിടക്കുന്നു. വെളുപ്പിന് എപ്പോഴെങ്കിലും ഒന്ന് മയങ്ങും അത്ര തന്നെ

പിറ്റേന്ന് കോളേജിൽ വെച്ച് രുക്കു സാറയെ വിളിപ്പിച്ചു

“മോളുടെ ഫോണിനെന്തു പറ്റി” സാറയുടെ മുഖത്ത് അതിശയം

“എന്ത് പറ്റി”

“ഫോൺ കേടായി പോയി “

“എന്ന്?”

“ഒരാഴ്ച ആയി “

“ചാർളി വിളിച്ചിരുന്നു “

പെട്ടെന്ന് സാറ കുനിഞ്ഞു കളഞ്ഞു

അവളുടെ കണ്ണിൽ നിന്ന് കണ്ണീര് മേശപ്പുറത്തേക്ക് മഴ പെയ്യുന്ന പോലെ. ഇറ്റ് വീഴുന്ന കണ്ട് രുക്കു സീറ്റിൽ നിന്ന് എഴുന്നേറ്റു

“മോളെ കരയല്ലേ ആരെങ്കിലും കാണും
കരയാതെ “

അവൾ മുഖം തുടച്ച് ചുണ്ട് കടിച്ചു പിടിച്ചു

“എന്റെ ഫോണിൽ നിന്ന് വിളിച്ചു തരട്ടെ?” അവൾ വേണ്ട എന്ന് തലയാട്ടി

പിന്നെ എങ്ങലടിച്ചു. ശബ്ദം പുറത്ത് വരാതെയിരിക്കാൻ സ്വന്തം കൈ കൊണ്ട് വാ പൊത്തി

“സാറ പ്ലീസ്.. കരയണ്ട..മോള് വിളിക്കണ്ട. പോട്ടെ.. ഞാൻ അവനോട് പറഞ്ഞോളാം.

ഉം?” അവൾ മുഖം തുടച്ച് കുറച്ചു നേരം അവിടെ നിന്നു

“ടീച്ചർ വിളിക്കുമ്പോ പറയണം ഇനി എന്നെ വിളിക്കണ്ടാന്ന്. ഇപ്പൊ കാണാൻ പോയില്ലേ ഒരു പെൺകുട്ടിയെ. അതിനെ കല്യാണം കഴിച്ചു സുഖമായി ജീവിക്കാൻ പറഞ്ഞുന്ന് പറയണം. ഞാൻ…ഞാൻ…ഞങ്ങള് പാവങ്ങളാ ടീച്ചറെ..എന്നെ പറ്റിച്ചതാ..സ്നേഹം കാണിച്ചിട്ട്…ഞാൻ വിശ്വസിച്ചു പോയി..തോന്നുമ്പോ സ്നേഹിക്കാനും ഉപേക്ഷിക്കാനുമൊക്കെ അവർക്ക് നല്ല കഴിവാ. എന്നെ പോലുള്ളവര് അത് അറിഞ്ഞു വരുമ്പോഴേക്കും…പക്ഷെ സാരമില്ല..എന്നോട് മോശമായി പെരുമാറിട്ടൊന്നുമില്ല.. മാന്യമായി തന്നെയാ. അതിനു നന്ദി ഉണ്ട്….എവിടെ ആണെങ്കിലും സന്തോഷം ആയിട്ട് ഇരുന്ന മതി..ഒരു അപേക്ഷ ഉള്ളു. എന്നെ ഇനി കോൺടാക്ട് ചെയ്യരുത് എന്ന് പറയണം അത് കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയോട് ചെയ്യുന്ന തെറ്റാ. ഞാൻ അതിനു കൂട്ട് നിൽക്കില്ല. ദൈവം പൊറുക്കില്ല..”

അവൾ പോയിട്ടും രുക്കു ഏറെ നേരം അങ്ങനെ ഇരുന്നു. അവളുടെ മിഴികളും നനഞ്ഞിരുന്നു

അവൾ ചാർളിയെ വിളിച്ചു. ചാർലി എല്ലാം കേട്ടു. അവനു ഒന്നും പറയാനില്ലായിരുന്നു. താൻ പെണ്ണ് കാണാൻ വന്നത് അവൾ അറിഞ്ഞു. അവനു ജീവിതത്തിൽ ആദ്യമായി ഭയം തോന്നി. താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് അതാണ്. അറിഞ്ഞു കൊണ്ടല്ല. പക്ഷെ താൻ അത് ചെയ്തു. അത് അവൾ അറിയുകയും ചെയ്തു

ഇച്ചാ…എന്നെ പറ്റിച്ചു അല്ലെ..സ്നേഹം കാണിച്ചിട്ട്…ഞാൻ എന്ത് തെറ്റാ ചെയ്തേ…

അവൾ ചോദിക്കും പോലെ അവനു തോന്നി

അവളില്ലെ ഇനി?

ഇനി കോൺടാക്ട് ചെയ്യരുത് എന്ന്…

അവന്റെ നെഞ്ചു ക്രമാതീതമായി മിടിച്ച് തുടങ്ങി

ഇച്ചായൻ ദു- ഷ്ടനാ…

ശരിയാ താൻ ദുഷ്ടനാണ്

അവൻ മുഖം പൊത്തി കുനിഞ്ഞിരുന്നു

ആ നോട്ടം…ചിരി…ഇച്ചാ എന്നുള്ള വിളി….അധികാരത്തോടെ കയ്യിൽ മുറുകുന്ന കൈകൾ….ഒന്നുമില്ല ഇനി….ഇനി ജീവിതത്തിൽ ഒരിക്കലും മുന്നിൽ വരില്ലേ?

അവന് തന്റെ ഹൃദയം പൊട്ടിത്തെറിച്ചു പോകുമെന്ന് തോന്നി. കാണാത്ത പോലെ കുറച്ചു ദിവസം കടന്ന് പോയിരുന്നു. പക്ഷെ ഇതതല്ല

താൻ ച- തിയനായി അവളുടെ ഉള്ളിൽ…വഞ്ചന….അത് പൊറുക്കില്ല സാറ

“നിനക്ക്  അവളെ കാണണമെങ്കിൽ പോയി കാണെടാ ” സ്റ്റാൻലി അവന്റെ പരവേശം കണ്ടു പറഞ്ഞു

“ഇനി കണ്ടിട്ട് കാര്യമൊന്നുമില്ല. എല്ലാം തീർന്ന്. അവള് ഇനി എന്നോട്..”

സ്റ്റാൻലി അമ്പരന്ന് പോയി.

ചാർലി എല്ലാം പറഞ്ഞു

“നീ എന്തൊരു മണ്ടനാടാ ചെറുക്കാ..പെണ്ണിന്റെ മനസ്സിൽ ഒരു കരട് വീണാ തീർന്നു. മറ്റെന്തും അവള് സഹിക്കും. ഇതിപ്പോ..”

“അപ്പയ്ക്ക് അറിഞ്ഞൂടാരുന്നോ എല്ലാം പിന്നെന്തിനാ എന്നേ കൊണ്ട് പോയി പെണ്ണിനെ കാണിച്ചേ..?”

“എടാ ഞാൻ അറിഞ്ഞോ..പാതി വഴി എത്തിയപ്പോൾ. അല്ലെ പറയുന്നത്? നീ വേറെ കാറിലല്ലായിരുന്നോ? ഞാൻ എങ്ങനെ പറയാനാ?”

അവൻ മുഖം പൊത്തി കട്ടിലിൽ ഇരുന്നു

“നീ ഒരു കാര്യം ചെയ്യ്. രുക്കുവിനോട് സത്യം പറയാൻ പറ. അവളാണല്ലോ ഇതൊക്കെ ഉപദേശിച്ചു തന്നത് “

“അത് കൊണ്ടൊന്നും കാര്യമില്ല അപ്പ. ആര് പറഞ്ഞാലും ഞാൻ അതൊന്നും ചെയ്യാൻ പാടില്ലായിരുന്നു..തെറ്റാ ഞാൻ ചെയ്തേ..ദൈവം ക്ഷമിക്കാത്ത തെറ്റാ ഞാൻ ചെയ്തേ.. ഒരു മാസത്തോളം കാണാത്ത പോലെ നടന്നിട്ട് ഇപ്പൊ പെണ്ണ് കാണാൻ വന്നേക്കുന്നു. അവള് കൊച്ചാ.. മനസിന്‌ ബലം കാണുകേലാ. എത്ര നീറിക്കാണും.. ഞാൻ ചീത്തയാ. ദുഷ്ടനാ. എനിക്ക് പക്ഷെ അവളെ വേണ്ടന്ന് വെയ്ക്കാൻ പറ്റുന്നില്ലപ്പാ.. ഉപേക്ഷിച്ചു കളയാൻ നോക്കുമ്പോൾ നെഞ്ച് പൊട്ടിപോകുന്ന വേദനയാ. മരിച്ചു പോയ മതിയാരുന്നു ഞാൻ..” അവൻ ബെഡിൽ വീണു

“എന്റെ ചുറ്റും തീയാ..പൊള്ളിപ്പോകുന്ന പോലെ “

സ്റ്റാൻലിയുടെ കണ്ണ് നിറഞ്ഞു. അയാൾ അവന്റെ അരികിൽ ഇരുന്നു. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ

തുടരും…