പ്രണയ പർവങ്ങൾ – ഭാഗം 33, എഴുത്ത്: അമ്മു സന്തോഷ്

രുക്കു അവളോട് എല്ലാം പറഞ്ഞു

“ഞാനാണ് കാരണം ഇങ്ങനെ അവൻ പെരുമാറിക്കളയുമെന്ന് പക്ഷെ ഞാൻ ഓർത്തില്ല.. ഇതിപ്പോ അവർ അനുവാദമില്ലാതെ പെണ്ണ് കാണാൻ കൊണ്ട് പോകുമെന്നും അവൻ ഓർത്തില്ല മോളെ.”

ക്യാന്റീനിൽ ആയിരുന്നു അവർ

“അത് സാരോല്ല.ആരു പറഞ്ഞാലും. എന്നേ ഒഴിവാക്കിയല്ലോ കുറച്ചു നാള്. അതിന് പറ്റിയല്ലോ. എന്നോട് തുറന്നു പറയാമല്ലോ. ഇങ്ങനെ ഒക്കെ ആണ്. അത് കൊണ്ട് ഞാൻ…. സ്നേഹം ആയിരുന്നില്ലല്ലോ. വെറും ഒരു സൗഹൃദം”

“ആണോ സാറ? അത്രേ ഉള്ളോ?”

“അത് പോലുമില്ലായിരുന്നുന്ന ഇപ്പൊ. തോന്നണേ. അല്ലെങ്കിൽ എന്നേ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നതെങ്ങനെ? ഞാൻ പിന്നാലെ ചെല്ലില്ല ടീച്ചറെ. പാവങ്ങളായിരിക്കാം പക്ഷെ അഭിമാനം ഉണ്ടാവില്ലേ എനിക്കും.. ടീച്ചർ പറ എന്നേ മറന്നേക്കാൻ.. അവർക്ക് പറ്റിയ കൂട്ടല്ല ടീച്ചറെ ഞാൻ “

അത് പറയുമ്പോഴും ആ കൺകോണിൽ ഒരു നീർതുള്ളി തിളങ്ങുന്നത് കണ്ടു രുക്മിണി

“അവനോട് ഞാൻ ഇതെങ്ങനെ പറയും സാറ? അവൻ തകർന്നു പോകും. അവൻ കരയുന്നത് ഞാൻ ആദ്യമായി കേട്ടത് ഇന്നലെയാ..നി കരുതും പോലെയല്ല. അവൻ.. ആ സ്നേഹവും അങ്ങനെ അല്ല. നിനക്ക് നല്ലത് വരട്ടെ എന്ന് വിചാരിച്ചു മാത്രം ആണ് അവൻ ഇങ്ങനെ പെരുമാറിയത്.”

സാറ ഒന്നും പറഞ്ഞില്ല

“അങ്ങനെ വിചാരിച്ചില്ലേ? ആ ആള് കൂടെയില്ലെങ്കിൽ സാറ സന്തോഷം ആയിട്ട് ഇരുന്നോളുമെന്ന്. സന്തോഷം “

അവൾ ചിരിക്കാൻ ശ്രമിച്ചു

“ഞാൻ ഉറങ്ങിട്ടു എത്ര ദിവസം ആയിന്ന് അറിയോ. ശരിക്കും വല്ലോം കഴിച്ചിട്ട്… പഠിച്ചിട്ട്.. ഇച്ചായൻ എന്നേ എന്താ ചെയ്തിട്ട് പോയെന്നോ. എന്നേ കൊ- ന്നു കളഞ്ഞു.. സാറ മരിച്ചു എന്ന് പറഞ്ഞേരെ. ഇനി വരണ്ട എന്ന് പറ “

സാറ കരഞ്ഞു കൊണ്ട് എഴുനേറ്റു പോയി

ചാർളിയുടെ ഫോണിലേക്ക് ആ ശബ്ദം വന്നു. അവർ തമ്മിൽ സംസാരിച്ചത്

ഇച്ചായൻ എന്നേ കൊ- ന്നു കളഞ്ഞു. അവിടെ എത്തിയപ്പോൾ അവൻ നിർത്തി. ഷർട്ട്‌ എടുത്തിട്ട് കീഎടുത്തു

സാറ കോളേജിൽ ആയിരുന്നു

സാറയെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പ്യൂൺ വന്ന് പറഞ്ഞപ്പോൾ അവൾ പേടിച്ചു പോയി

അതേ പേടിയോടെയാണ് ചെന്നത്

“ചാർലി “

“സാറ വന്നല്ലോ. ശരി ചാർലി “

ചാർലി അവളെ നോക്കി വാ എന്ന് പറഞ്ഞു

അവൾ മെല്ലെ അവന്റെ പിന്നാലെ നടന്നങ്കിലും പുറത്ത് ഇറങ്ങിയപ്പോ തിരിഞ്ഞു നടക്കാൻ ഭാവിച്ചു

അവൻ ആ കയ്യിൽ മുറുകെ പിടിച്ചു

“പിടി വിട്ടു നിൽക്കുവാ ഞാൻ, നി ഇവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കരുത്. ഞാൻ എല്ലാരോടും വിളിച്ചു പറയും നി എന്റെ പെണ്ണാണെന്ന് “

ആ ഇരുണ്ട മുഖം സാറ ആദ്യമായിട്ടാണ് കാണുന്നത്

അവൾ കൈ വീടിച്ചു

“എന്റെ കൂടെ വന്ന് കാറിൽ കയറ്. എനിക്ക് സംസാരിക്കാൻ ഉണ്ട് “

അവൾ ചുറ്റും നോക്കി

കോളേജാണ്. നാളെ ഇത് മതി ഒരു സംസാരം

അവൾ അവന്റെ കൂടെ ചെന്നു കാറിൽ കയറി. അവൻ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്ന് അവൾ ശ്രദ്ധിച്ചില്ല

കാർ ഓടി കൊണ്ട് ഇരുന്നു. പിന്നെ ഒരിടത്തു നിർത്തി

“എടി ഇങ്ങോട്ട് നോക്ക്..”

അവൾ പുറത്തേക്ക് നോക്കിയിരുന്നു

“ഞാൻ ചെയ്തതെല്ലാം തെറ്റാ എല്ലാം.. വിവരക്കേട് കൊണ്ടാ.. എനിക്ക് ഞാൻ..”

അവൾ മിണ്ടിയില്ല

“നി എന്നേ തല്ലിക്കോ..സാറാ എടി ക്ഷമിക്ക് “

“ഞാൻ കുരിശുങ്കൽ ചാർളിക്ക് ചേർന്ന പെണ്ണല്ല… എന്നേ വെറുതെ വിട് “

“മനസ്സില്ല.. എടി എനിക്ക് നിന്നോട് മുടിഞ്ഞ പ്രേമമാ. ഞാൻ അത് സമ്മതിച്ചു. എനിക്ക് വേറെ ഒരു പെണ്ണിനെ ഇനി പറ്റുകേല “

“എന്നിട്ടാണോ പെണ്ണ് കാണാൻ പോയത് ? കണ്ടല്ലോ ” അവളുടെ കണ്ണ് തുളുമ്പി

ചാർളിക്ക് ശബ്ദം ഇല്ല

“സ്നേഹം ഉണ്ടെങ്കിൽ വേറെയാളെ കാണുമോ? ഇല്ലാലോ. പോയി. കണ്ടു.”

അവൾ വിറയ്ക്കുന്ന ചുണ്ടുകൾ കടിച്ചു പിടിച്ചു

“സ്നേഹം പോലും.. എന്താ സ്നേഹം..ഒഴിഞ്ഞു പോണതോ?”

“സാറ?”

അവൻ പെട്ടെന്ന് കുനിഞ്ഞു ആ കാലിൽ അമർത്തി പിടിച്ചു

സാറ പൊള്ളിയിട്ടെന്നവണം കാല് വലിച്ചെടുക്കാൻ ശ്രമിച്ചു

“ക്ഷമിക്ക്.. “

സാറ പൊട്ടിക്കരഞ്ഞു കൊണ്ട് ആ കൈ പിടിച്ചു മാറ്റി

“എന്നോട് മിണ്ടണ്ട..” അവൾ ഏങ്ങി കരഞ്ഞു

“എന്നോട് മിണ്ടാതെയിരുന്നത് എത്ര ദിവസം എന്നറിയോ?”

“ഇന്നേക്ക് കൂട്ടി മുപ്പത്തി രണ്ടു ദിവസം “

അവൻ മെല്ലെ പറഞ്ഞു

“ഞാൻ എന്നാ ചെയ്തിട്ടാ?”

അവന് ഉത്തരം ഇല്ല

“എന്നോട് പറഞ്ഞ മതിയാരുന്നു. ഇങ്ങനെ ഒക്കെയാ. നി വേറെ പൊയ്ക്കൊന്ന്. അതിന് പകരം എന്താ മിണ്ടാതെ എന്നറിയാതെ ഞാൻ…”

“അങ്ങനെ പറഞ്ഞിരുന്നെങ്കിൽ നി പോയേനെ?”

“ആം..എനിക്ക് മനസ്സിലാവുമല്ലോ എല്ലാം. ഞാൻ കൊച്ച് കുട്ടിയൊന്നുമല്ല. ഞാൻ പോയേനെ. ഞാൻ പറഞ്ഞല്ലോ ഞാൻ ഈ നാട്ടിൽ നിന്ന് പോകുമെന്ന്..സന്തോഷം ആയിട്ട് പിരിഞ്ഞു പോകാമല്ലോ.”

“നീ എന്നേ പിരിഞ്ഞു പോകുമോ.?” അവന്റെ കണ്ണുകൾ ചുവന്നു

“പോകും.”

അവന്റെ കൈകൾ അവളുടെ കൈകളിൽ അമർന്നു

“ഇനി പോകുമോ.? “

സാറ അവന്റെ കണ്ണിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു

“നീ എന്റെ പെണ്ണാണ് എന്ന് ഞാൻ ഇപ്പൊ നിന്നോട് പറഞ്ഞില്ലേ…”

“അത് ഞാനും കൂടെ സമ്മതിച്ചു തരണ്ടേ?” അവൾ വീറോടെ ചോദിച്ചു

“നിനക്ക് എന്നോട് അങ്ങനെ ഒന്നില്ലേ?” അവൾ മുഖം താഴ്ത്തി

“ഇങ്ങോട്ട് നോക്കെടി.. മുഖത്ത് നോക്ക് “

“ഇല്ല “

“ചാർളിയോട് നിനക്ക് പിന്നെ എന്നാ?”

“ഒന്നുല്ല. വേറെ പെണ്ണിനെ കാണാൻ പോയതല്ലേ ഇനി. ഒന്നുല്ല ” അവൾ കൈ വലിച്ചെടുത്തു

ചാർളിക്ക് എന്നാ പറയേണ്ടത് എന്നറിയാതെയായി

“മോളെ ഇങ്ങോട്ട് നോക്ക് “

അവൾ നോക്കിയില്ല

“എടി… ഇച്ചാൻ. ആ പെണ്ണിനെ ശരിക്കും കണ്ട് കൂടിയില്ല “

“ഓ അതാണല്ലേ വിഷമം? പോയി കാണ് ഒന്നുടെ. എന്നിട്ട് ഇഷ്ടം ആണെന്ന് പറ. പോ എനിക്ക് വേണ്ട “

അവൻ ആ മുഖം പിടിച്ചു തിരിച്ചു

“എന്നേ വേണ്ടേ?”

“വേണ്ട “

“എനിക്ക് വേണം “

അവൾ മുഖം തിരിക്കാൻ ശ്രമിച്ചു

ചാർളി ആ മുഖത്ത് വലതു കൈ വെച്ച് അവന്റെ മുഖത്തോട്ട് അടുപ്പിച്ചു

“എനിക്ക് വേണം.എന്റെ ജീവിതം മുഴുവൻ.”

“എനിക്ക് വേണ്ട ” അവൾ മെല്ലെ പറഞ്ഞു

“എനിക്ക് വയ്യ വേദനിക്കാൻ. വേണ്ട എന്ന് തോന്നുമ്പോൾ ഉപേക്ഷിച്ചു കളയാൻ എളുപ്പമാണ് ഇച്ചായന്. എനിക്ക്…ഞാനങ്ങനെ അല്ല..സ്നേഹിച്ചു പോയ ആര് പറഞ്ഞാലും ഞാൻ കേൾക്കില്ല. ആ ആളെ വിട്ട് ഞാൻ പോവില്ല. ഇച്ചായൻ അങ്ങനെ അല്ല. ചേട്ടൻമാരെ എതിർക്കാൻ വയ്യ കുടുംബക്കാരെ പേടി… എന്തിനാ.. അല്ലെങ്കിലും ഇത്രയും വലിയ ഒരു കുടുംബത്തിൽ എനിക്ക് വരണ്ട..”

അവൾ നേരെയിരുന്നു

“എന്നേ തിരിച്ചു കൊണ്ട് വിട്..ഞാൻ മുന്നിൽ ഇനി വരത്തില്ല..വീട്ടിലും വരത്തില്ല..” അവൾ കരഞ്ഞു പോയി

“എന്നേ ഒഴിവാക്കാൻ പള്ളിൽ പോലും വന്നില്ല അല്ലെ?” ചാർലി തളർന്നു

“എന്തിനാ ഇച്ചാ എന്നോട് അങ്ങനെ ഒക്കെ ചെയ്തേ”

അവൻ സ്റ്റിയറിങ്ങ് വീലിൽ മുഖം അണച്ചു കിടന്നു. ഒരു ചോദ്യത്തിനും ഉത്തരം ഇല്ല. കുറച്ചു നേരം കിടന്നിട്ട് അവൻ എഴുന്നേറ്റു. മുഖം തുടച്ചു

“സാറാ.. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിനക്ക് എന്നേ ഇഷ്ടമാണെന്ന് എനിക്ക് അറിയാം.. ആ ഇഷ്ടം എത്ര ഉണ്ടെന്നും എനിക്ക്. അറിയാം.. ചാർലിയേ അല്ലാതെ മറ്റൊരുത്തനെ നീ ഓർക്കുക പോലുമില്ലന്ന് എനിക്ക് അറിയാം.. ഒരിക്കലും നിനക്ക് വേറെ ഒരാണിന്റെ കൂടെ ജീവിക്കാൻ പറ്റത്തില്ലന്നും..കാരണം നിന്റെ ഉള്ളിൽ ഞാൻ ഉണ്ട്..ഞാൻ മാത്രേ ഉള്ളു. പക്ഷെ ഇപ്പൊ ദേഷ്യം ആണ് നിനക്ക് ഞാൻ പിണങ്ങിയിരുന്നത്. വേറെ ഒരു പെണ്ണിനെ കാണാൻ പോയത്. ഒക്കെ..അതൊക്കെ മാറും. നീ എന്നിലേക്ക് വരും കടൽ കരയിലേക്ക് വരും പോലെ..”

സാറ ആ മുഖത്തേക്ക് നോക്കി

“ഞാൻ കാത്തിരിക്കും, എന്റെ പെണ്ണ് എന്നിലേക്ക് വരുന്ന ദിവസത്തിന് “

സാറ മെല്ലെ മുഖം കുനിച്ചു

“എടി..ഇങ്ങോട്ട് നോക്ക് “

അവൻ ചൂണ്ട് വിരലുപയോഗിച്ച് ആ മുഖം ഉയർത്തി

“എന്ത് പ്രായശ്ചിത്തം വേണേലും ചെയ്യാം..നീ പറഞ്ഞ മതി..”

സാറയ്ക്ക് നേർത്ത ചിരി വന്നു

പക്ഷെ അത് അവള് കാണിച്ചില്ല

“പറയ് “

“ഒന്നും വേണ്ട. എന്നേ കൊണ്ട് വിട് ക്ലാസ്സ്‌ ഇപ്പൊ. കഴിഞ്ഞു കാണും “

“ഇല്ല പറയ് “

“എന്നേ കൊണ്ട് വിട്ടാ മതി വേറെ ഒന്നും വേണ്ട ” അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു

“ഇനി എങ്ങോട്ടാ എന്നേ വിട്ടിട്ട്?”

“കൊച്ചിക്ക് “

“ഓ കൊച്ചി വിട്ടു ഒരു കളിയില്ല “

“അതല്ല ഈ കാർ ചേട്ടന്റെയാ കൊടുക്കണം. എല്ലാരും അവിടെയാ..”

അവൾ ഒന്നും പറഞ്ഞില്ല

“എന്താ പറ?” അവൾക്ക് എന്തോ പറയാനുണ്ടെന്ന് അവന് തോന്നി

“എന്നാ തിരിച്ചു വരിക?”

“അറിഞ്ഞൂടാ “

“ഇന്ന് രാത്രി തിരിച്ചു വരാമോ?”

“അതാണോ പ്രായശ്ചിത്തം”

അവൾ ഒന്ന് മൂളി

“വന്നാൽ?”

“വന്നാൽ. ഒന്നുല്ല”

അവന് ദേഷ്യം വന്നു

“ദേ ഞാൻ ഒന്ന് തരും പെണ്ണെ. വന്നാൽ  ദേഷ്യം  മാറുമോ?”

അവൾ ഒന്ന് മൂളി

“വരും “

അവൾ നോക്കി

“നീ രാവിലെ വീട്ടിൽ വാ ഞാൻ ഉണ്ടാകും”

സാറ മറുപടി പറഞ്ഞില്ല

അവൻ ആ തോളിൽ കൂടി കയ്യിട്ട് ചേർത്ത് ഇരുത്തി

“മോളെ എടി…നിന്റെ ഇച്ചായൻ അല്ലെ? പോട്ടെടി “

സാറ രൂക്ഷമായി ഒന്ന് നോക്കി

“എന്റെ പൊന്നല്ലേ?”

അവൾ ആ മുഖത്ത് ഒറ്റ അടി വെച്ചു കൊടുത്തു

“ഹോ… എന്താ അടി.. തീർന്നോ ദേഷ്യം “

സാറ അവനെ കുറേ ഇടി ഇടിച്ചു

അവളുടെ ദേഷ്യം മുഴുവൻ അവൾ തീർത്തു

“കൊ- ല്ലെടി എന്നേ “

അവൾ ചെറുതായി ചിരിച്ചു

“നീ എന്നേ കൊ- ന്നോ സാറാ. എനിക്ക് വയ്യ ഈ ശബ്ദം കേൾക്കാതിരിക്കാൻ..എനിക്ക് വയ്യ നിന്നെ കാണാതിരിക്കാൻ.. എനിക്ക് വയ്യടി പിണങ്ങാൻ..നീ എന്നേ ഇനിം അടിച്ചോ.. നോവിച്ചോ..”

അവളുടെ കണ്ണ് നിറഞ്ഞൊഴുകി

അവൾ ആ മുഖത്ത് അടിച്ച് പോയത് തടവി

“സോറി “

“സാരമില്ല “

“കൊണ്ട് വിട് എന്നേ ഒത്തിരി വൈകി “

അവൾ മെല്ലെ പറഞ്ഞു

അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു…

തുടരും