പ്രണയ പർവങ്ങൾ – ഭാഗം 34, എഴുത്ത്: അമ്മു സന്തോഷ്

അവളെ കണ്ട് തിരിച്ചു പോരുമ്പോഴും പൂർണമായും ഉള്ളു ശാന്തമായില്ല ചാർളിക്ക്. കുറ്റബോധം അവനെ അടിമുടി ഉലച്ചു കളഞ്ഞു. വീട്ടിൽ ചെന്നു മുറിയിലേക്ക് പോയി അവൻ വസ്ത്രങ്ങൾ പാക് ചെയ്തു

ഇഷ്ടം ഉള്ള പെണ്ണിന്റെ കൂടെ ജീവിക്കാൻ മറ്റുള്ളവരെ പേടിക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭയങ്കരമാണെന്ന് അവൻ ഓർക്കുകയായിരുന്നു. തനിക്ക് സത്യത്തിൽ ഇവരെയരെയും പേടിയില്ല. ഇവരെ എന്നല്ല ഈ ഭൂമിയിൽ ആരെയും പേടിയില്ല. എന്നായാലും ഒരു ദിവസം മരിക്കും. ആ ഓർമ്മയിൽ തന്നെ ആണ് ജീവിച്ചത്. പക്ഷെ തന്റെ കൊച്ച്. അവളുടെ നേരേ എന്തെങ്കിലും വന്നാൽ താങ്ങാൻ പറ്റില്ല

ആ മുഖം സങ്കടം കൊണ്ട് നിറഞ്ഞ പോലെ കണ്ടാൽ തന്നെ ഉള്ളു പിടയ്ക്കും. ഇന്ന് വിതുമ്പുന്ന ചുണ്ടുകൾ കണ്ടപ്പോ തന്റെ തന്നെ തലയിടിച്ച് തകർക്കാൻ തോന്നിപ്പോയി

പൊക്കോ മിണ്ടണ്ടാന്ന്…എങ്ങലടിച്ച് കരഞ്ഞു കൊണ്ടാണ് പറച്ചിൽ

സഹിക്കാൻ വയ്യ അവള് കരയുന്നത്

ഇപ്പൊ മനസ്സിലാകുന്നുണ്ട് അവളെന്താണ് തനിക്ക് തന്നതെന്ന്. ഈ ജീവിതത്തിന്റെ നിറവും മണവും, അതാണവള് തന്നത്

ഇച്ച എന്നുള്ള വിളിയിൽ സ്നേഹം നിറഞ്ഞ ഒരു പ്രപഞ്ചമാണ് തന്നത്. ഇനി ഒരിക്കലും വേദനിപ്പിക്കാൻ വയ്യ. അതെന്തിന് വേണ്ടിയാണെങ്കില് കൂടെ ചെയ്യില്ല

അവൻ കണ്ണാടി നോക്കി. മുഖത്ത് അടിച്ച ഒരടി. അവൻ മെല്ലെ അതിൽ തലോടി. ചാർളിയുടെ മുഖത്ത് അടിച്ച ഒരേയൊരു മനുഷ്യ ജീവി

അവന് ചിരി വന്നു

പൊന്നുമോളെ നീ എത്ര ഉമ്മ തരേണ്ട കവിൾ ആണിത്. ഒരടി ഇച്ച ക്ഷമിച്ചു

കരഞ്ഞു കൊണ്ട് കുറേ ഇടി ഇടിച്ചു. പിന്നെ പഴയ പോലെ കണ്ണുകളിൽ പ്രണയം നിറച്ചു കൊണ്ട് നോക്കിക്കൊണ്ട് ഇരുന്നു

ഇന്ന് രാത്രി വരുമോ? ആ ചോദ്യം

വരും…വാക്ക് കൊടുത്തു.

കാണണം മിണ്ടണം ഒറ്റയ്ക്ക് കുറേ നേരം ഒപ്പം ഇരിക്കണം. രാവിലെ വരും…

തന്റെ കണി അവളാണ് എന്നും…

അവൻ കാറിന്റെ കീ എടുത്തു

“നീ ഈ രാത്രി എങ്ങോട്ടാ?” ഷെല്ലി ചോദിച്ചു

“എനിക്ക് വീട്ടിൽ പോകണം ” സ്റ്റാൻലി അമ്പരന്ന് നോക്കി

രാത്രി പത്തു മണിയായി

“നീ എന്താ ചാർളി ഈ പറയുന്നത്? രാത്രി എത്ര ആയി ന്ന് നോക്ക്..ഇത്രയും ദൂരം ഡ്രൈവ് ചെയ്തിട്ട്..അത് വേണ്ട…”

“അത് നിങ്ങളാണോ തീരുമാനിക്കുന്നത്?” ഒരു അലർച്ച

ഷെല്ലി നടുങ്ങിപ്പോയി

“എന്റെ കാര്യത്തിൽ ആരും ഇടപെടേണ്ട ഞാൻ എനിക്ക് തോന്നിയ പോലെ ചെയ്യും “

അവൻ ഇറങ്ങി പോയി

സ്റ്റാൻലി മുറ്റത്തേക്ക് ചെന്നപ്പോ കാർ പാഞ്ഞു പോയി കഴിഞ്ഞു. രാത്രി കിച്ചുവിന്റെ വീട്ടിൽ പോയിട്ട് വെളുപ്പിന് വീട്ടിലോട്ട് പോകാം. മനസ് ശരിയല്ല. വരുന്ന വഴി അവൻ കിച്ചുവിനെ വിളിച്ചു

കിച്ചു ആദ്യ ബെലിൽ തന്നെ ഫോൺ എടുത്തു

“എടാ ഞാൻ അങ്ങോട്ട് വരുവാണ്.. ഈ രാത്രി ഞാൻ വേറെ എവിടെ നിന്നാലും ശരിയാവില്ല “

കിച്ചുവിന് അപകടം മണത്തു “നീ ഇപ്പൊ എവിടെയാ?”

“കോട്ടയം ടൗണിൽ കയറി.”

പൊടുന്നനെ അതിഭയങ്കരമായ ഒരു ശബ്ദമവൻ കേട്ടു

“ചാർലി..എടാ..”

കിച്ചു വിളിച്ചു കൊണ്ട് ഇരുന്നു

ആ സമയം ചാർളിയുടെ കാറിലേക്ക് ഒരു ലോറി പാഞ്ഞു വന്നു കയറിയിരുന്നു

അവൻ ബോധത്തിന്റെ അവസാന നൂലിഴയും വിട്ട് ര- ക്തത്തിൽ മുങ്ങി കിടന്നു. ലോറിയിൽ നിന്ന് ആൾക്കാർ ഇറങ്ങി നോക്കി

“എടാ തീർന്നു ന്ന തോന്നുന്നേ..പോയാലോ ” കാർ തരിപ്പണമായി പോയിരുന്നു

അപ്പോളേക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌കാർ ശബ്ദം കേട്ട് അവിടേക്ക് വന്നു

തകർന്ന് പോയ ഒരു കാർ. അതിനുള്ളിൽ ഉള്ള മനുഷ്യൻ ര- ക്തത്തിൽ മുങ്ങിയിരുന്നു

കിച്ചുവും രുക്കുവും സ്ഥലത്തെത്തുമ്പോൾ അവനെ ഹോസ്പിറ്റലിലേക്ക് മാറ്റി കഴിഞ്ഞു

അവർ അവിടേക്ക് ഓടി

“ഇരുപത്തിനാലു മണിക്കൂർ കഴിയട്ടെ…സിറ്റുവേഷൻ കുറച്ചു മോശമാണ്. റിലേറ്റീവ്സ് ആരും ഇല്ലെ?”

ഡോക്ടർ ചോദിച്ചു

കിച്ചുവിന്റെ കയ്യിൽ സ്റ്റാൻലിയുടെ നമ്പർ ഉണ്ടായിരുന്നു. അവൻ അയാളെ വിളിച്ചു പറഞ്ഞു

ഒരു ദുസ്വപ്നം കണ്ടാണ് സാറ ചാടിയെഴുന്നേറ്റത്

അവളെ വിയർപ്പിൽ കുളിച്ചു

എന്താ താൻ കണ്ടത്?

പെട്ടിയിൽ ഇച്ചായൻ…ചുറ്റും കരച്ചിൽ…പ്രാർത്ഥന…

അവൾ പെട്ടെന്ന് എഴുന്നേറ്റു മാതാവിന്റെ മുന്നിൽ മെഴുകുതിരി കത്തിച്ചു മുട്ട് കുത്തി

“എന്റെ മാതാവേ…ഞാൻ കണ്ട സ്വപ്നം.
ഒന്നും വരാതെ നോക്കിക്കോണേ..എന്റെ ഇച്ചായനെ കാത്തോളണേ…” അവൾ കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു

ഫോൺ ഇല്ല. അല്ലെങ്കിൽ വിളിച്ചു നോക്കാമായിരുന്നു. രാത്രി വരണം എന്ന് പറയണ്ടായിരുന്നു

ചാർളിയുടെ ബന്ധുക്കൾ മുഴുവൻ ആശുപത്രിയിൽ എത്തി. ഷേർലിയോട് തത്കാലം ഒന്നും പറഞ്ഞില്ല. അവർക്ക് സംശയം ഉണ്ടാകാതിരിക്കാൻ പെണ്ണുങ്ങൾ ആരും വന്നില്ല. ആണുങ്ങൾ മാത്രമേ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നുള്ളു

ഷെല്ലി തളർന്നു പോയിരുന്നു. അവൻ ഒരിടത്ത് സർവം തകർന്നവനെ പോലെ ഇരുന്നു. അവൻ എന്തിനാണ് രാത്രി പിണങ്ങിയിറങ്ങി പോയതെന്ന് അയാൾക്ക് മനസിലായില്ല. എന്തോ ഒരു വിഷമം ഉണ്ട് എന്ന് അവർക്ക് തോന്നിയിരുന്നു

സ്റ്റാൻലി വിറയ്ക്കുന്ന കരങ്ങളിൽ കൊന്ത മുറുകെ പിടിച്ചു ചൊല്ലി പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നു ബോധം വന്നിട്ടില്ല

ദൈവമേ എന്റെ കൊച്ച്

അയാൾ കരഞ്ഞു കൊണ്ട് ദൈവത്തെ വിളിച്ചു

സാറ ഉറങ്ങിയില്ല. നേരം വെളുത്തതും അവൾ പാലുമായി കുരിശുങ്കൽ തറവാട്ടിലേക്ക് ഓടി. ആരുമില്ല

അവൾക്ക് ഉള്ളിൽ ഭീതി നിറഞ്ഞു

വാക്ക് തെറ്റിക്കില്ല ചാർലി

അപ്പൊ…എന്തോ പറ്റി

അവൾ നെഞ്ചിടിപോടെ തിരിച്ചു നടന്നു

“സാറ?”

സിന്ധു ചേച്ചി..തിരിച്ചു വരുന്ന വഴി ചേച്ചിയെ കണ്ടു

ചേച്ചി ബസ്സ്സ്റ്റോപ്പിൽ നിൽക്കുന്നു

“കൊച്ച് അറിഞ്ഞോ ചാർലി കുഞ്ഞിന് ആക്‌സിഡന്റ് പറ്റി. ഇന്നലെ രാത്രി. മെഡിക്കൽ കോളേജിലാ..”

സാറ ഹൃദയം നിലച്ച പോലെ. അങ്ങനെ നിന്നു. അവര് കരയുന്നതവൾ കണ്ടു

“ഞാൻ അങ്ങോട്ട് പോവ…സീരിയസ് ആണെന്ന പറഞ്ഞെ. എന്റെ ഈശ്വര എന്റെ കൊച്ചിന് ആയുസ്സ് കൊടുക്കണേ ഭഗവാനെ..” അവർ മുഖം തുടയ്ക്കുന്നു

ബസ് വന്നപ്പോൾ അവർ കയറി പോയി. സാറ മരവിച്ച കാലുകൾ പെറുക്കി വെച്ച് നടന്ന് പോരുന്നു

താൻ കണ്ട സ്വപ്നം…എന്റെ കർത്താവെ..

അവൾ വീട്ടിൽ കൊണ്ട് സൈക്കിൾ വെച്ചിട്ട് പള്ളിയിലേക്ക് ഓടി

പള്ളിയിൽ ചെന്ന് അവൾ ആ ക്രൂശിത രൂപത്തിന്റെ മുന്നിലേക്ക് വീഴുകയായിരുന്നു. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് മുട്ട് കുത്തി

“എനിക്കൊന്നും പറയാൻ അറിയാൻ മേല..എനിക്ക് എന്താ പറയേണ്ടതെന്നും അറിയാൻ മേല. എന്റെ ഇച്ചായൻ..” അവൾ വിതുമ്പി പൊട്ടി..

ഒരു കരച്ചിൽ കേട്ടാണ് ഫാദർ അവിടേക്ക് വന്നത്. സാറ ഏങ്ങി കരഞ്ഞു കൊണ്ട് മുട്ടിൽ നിന്ന് പ്രാർത്ഥിക്കുന്ന കണ്ടു. അവൾ രാവിലെ ഈ സമയം വരാറില്ല. എന്തിനാവും അവൾ ഇങ്ങനെ കരയുന്നത് എന്നോർത്തു അച്ചൻ

അവൾ മുഖം തുടച്ച് എഴുനേൽക്കുമ്പോൾ അച്ചനെ കണ്ടു

“എന്താ കുഞ്ഞേ സങ്കടം?” അവൾ എന്താ പറയുക എന്നോർത്ത് കുറച്ചു നേരം നിന്നു

“എന്തിനാ നീ ഇങ്ങനെ കരയുന്നത്”

“കുരിശുങ്കലേ ചാർലിക്ക് ആക്‌സിഡന്റ് ഉണ്ടായിന്ന് അവിടെ നിൽക്കുന്ന ചേച്ചി പറഞ്ഞു..കേട്ടപ്പോ..” അച്ചൻ ഞെട്ടിപ്പോയി

“ചാർളിക്കോ. അപകടമോ.?”

“ആ “

അച്ചൻ തന്റെ മൊബൈൽ എടുത്തു ആരെയൊക്കെയോ വിളിച്ചു നോക്കി

“എപ്പോ? എങ്ങനെ…ആ ശരി”

അദ്ദേഹം ഫോൺ വെച്ചു

“ഞാൻ അറിഞ്ഞില്ല മോളെ…ഞാൻ അങ്ങോട്ട് ഒന്ന് പോകട്ടെ.. ശരി..”

അദേഹത്തിന്റെ പരിഭ്രമവും വെപ്രാളവും അവൾ വ്യക്തമായി കണ്ടു

“എങ്ങനെ ഉണ്ടെന്നാ പറഞ്ഞത്?” അദ്ദേഹം ആ മുഖത്തേക്ക് നോക്കി

“സീരിയസ് ആണ് കുഞ്ഞേ. ഞാൻ പോയി നോക്കിട്ട് വരാം “

സാറ പൊട്ടിയോഴുകുന്ന കണ്ണുകളോടെ അവിടെ തളർന്നു ഇരുന്നു. തനിക്ക് ഒന്ന് കാണാൻ പോലും പോകാൻ കഴിയില്ല. എന്ത് പറഞ്ഞു പോകും. ആരാണെന്ന് പറയും. ആരുമല്ലല്ലോ…

അവൾ മുട്ടിൽ മുഖം വെച്ച് കരഞ്ഞു കൊണ്ടേയിരുന്നു

കോളേജിൽ എത്തിയപ്പോ ഡിപ്പാർട്മെന്റ്ൽ പോയി നോക്കി സാറ

ടീച്ചർ വന്നിട്ടില്ല

അവളുടെ ഫോൺ അവൾ ശരിയാക്കാൻ നോക്കിയിരുന്നു

ഏറെ പഴകിയതായതു കൊണ്ട് ഇനി ഉപേക്ഷിച്ചു കളയുന്നത് ആണ് നല്ലത് എന്ന് പറഞ്ഞു നന്നാക്കാത് കടക്കാരൻ തിരിച്ചു കൊടുത്തു. അവൾ ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു പോരുന്നു

ആരോടാണ് ചോദിച്ചു നോക്കുക?അവൾ പള്ളിയിൽ ചെന്നു

“അച്ചൻ ഇല്ല കുഞ്ഞേ. കുരിശുങ്കലെ മോന് സീരിയസ് ആയത് കൊണ്ട് ആശുപത്രിയിൽ നിൽക്കുവാ. മരിച്ചു പോകുമെന്ന പറയുന്നത് കേട്ടത്. അന്ത്യകുർബാന കൊടുക്കണമല്ലോ അതാണ്‌ അച്ചൻ അവിടെ നിൽക്കുന്നത് “

സാറ ആ വെറും നിലത്ത് ബോധമറ്റ് വീണു…

തുടരും…..