പ്രണയ പർവങ്ങൾ – ഭാഗം 87, എഴുത്ത്: അമ്മു സന്തോഷ്

രാവിലെ വരെ തുണി നനച്ചിട്ടും ദേഹം തുടച്ചും സാറ അടുത്ത് ഇരുന്നു. അവൻ ഉറക്കം തന്നെ ആയിരുന്നു. സാറ ഇടക്ക് വിങ്ങി കരയുന്നത് കണ്ട് ഷെല്ലി അടുത്ത് ചെന്നു

“മോളെ ഇങ്ങനെ കരയാതെ..”

“ഇതാ ഞാൻ പോണില്ലന്ന് പറഞ്ഞത്..പനിയോ ഇൻഫെക്ഷനോ ഒന്നും വരരുത് കുറച്ചു നാളത്തേക്ക് എന്ന് ഡോക്ടർ പറഞ്ഞാരുന്നു “

“സാധാരണ പനിയാണ് ഡോക്ടർ പറഞ്ഞു. ഇൻഫെക്ഷൻ ഒന്നുമില്ല. മനസ്സിന്റെയാ..മോള് പോയതിന്റെ സങ്കടം കൊണ്ട “

ഒടുവിൽ അയാൾ സത്യം പറഞ്ഞു

അവൾ കുറച്ചു നേരം അനങ്ങാതെ ഇരുന്നു. പിന്നെ മുഖം താഴ്ത്തി

“ചേട്ടൻ കുറച്ചു നേരം മുറിയിൽ പോയി കിടന്നു ഉറങ്ങിക്കോ. മുഖത്ത് നല്ല ക്ഷീണം ഉണ്ട്. രാത്രി മുഴുവൻ ഉറങ്ങാത് ഇരുന്നതല്ലേ?”

അടുത്ത് ഒരു മുറി കൂടി എടുത്തു ഇട്ടിട്ടുണ്ട്. അത് കാര്യമായി

ഷെല്ലി പോയി കിടന്നു

സാറ കുളിച്ചു വരുമ്പോൾ അവൻ ഉണർന്നു കിടപ്പുണ്ട്

“എപ്പോ വന്ന്?” അവൻ അടഞ്ഞ സ്വരത്തിൽ ചോദിച്ചു

അവൾ മുടി തോർത്ത്‌ കൊണ്ട് നല്ല പോലെ കെട്ടി അടുത്ത് വന്നിരുന്നു

“രാത്രി “

“എന്തിനാ രാത്രി യാത്ര ചെയ്തത്?”

അവൻ ദേഷ്യം ഭാവിച്ചു

“എന്തിനാ എന്നെ പറഞ്ഞു വിട്ടത്?”

അവൾ ആ കവിളിൽ കൈ വെച്ചു. അവൻ മുഖം ഒന്ന് ചുളിച്ചു.

തണുപ്പ്

അവൾ കൈ പതിയെ വലിച്ചെടുക്കാൻ ശ്രമിച്ചപ്പോ അമർത്തി പിടിച്ചു. അവിടെ ഇരുന്നോട്ടെ എന്ന അർത്ഥത്തിൽ

“പറ എന്തിനാ എന്നെ പറഞ്ഞു വിട്ടത്?” അവൾ അടക്കി ചോദിച്ചു

“വീട്ടിൽ എല്ലാർക്കും കാണാൻ ആഗ്രഹം ഉണ്ടെന്ന് അപ്പ പറഞ്ഞു ഞാൻ കാരണം എത്ര നാളുകൾ ആയി ഇവിടെ…എന്റെ സ്വാർത്ഥത കൊണ്ട് ആർക്കും ഒരു വിഷമം വരണ്ട എന്ന് കരുതി.”

“ഞാൻ ആരാ ഇച്ചാ ആ മനസില്? ഇന്നും എല്ലാരെ പോലെ ഒരു അപരിചിതയാണോ? എന്നോട് സ്നേഹം തോന്നുന്നില്ലേ? ഇഷ്ടം ആവുന്നില്ലേ?”

അവളുട കണ്ണുനീർ അവന്റെ നെഞ്ചിൽ വീണു. അവൻ കൈ ഉയർത്തി അത് തുടച്ചു കളഞ്ഞു

“നീ പോയപ്പോ പെട്ടെന്ന് എന്റെ ചുറ്റും ഒരു തീകുണ്ഡം ഉണ്ടായി. എനിക്കു പൊള്ളുന്ന പോലെ. ഓടി രക്ഷപെട്ടു പോകാൻ പറ്റുന്നില്ല. നീറി പിടയുന്ന വേദന. പുകച്ചിൽ. ദാഹം…പിന്നെ എപ്പോഴോ ഞാൻ കിടന്നു പോയി..”

അവൻ ആ കണ്ണിൽ നോക്കി കിടന്നു

“ഇപ്പോഴോ?” അവൾ മെല്ലെ ചോദിച്ചു

“മഞ്ഞു പെയ്യുന്ന പോലെ. ഇപ്പൊ ഡിസംബർ ആണോ.?”

“ഉം “

“അതിന്റെ മഞ്ഞ് ആയിരിക്കും “

അവൾ ഒന്ന് നോക്കി

“അയ്യടാ..” അവളാ നെഞ്ചിൽ നുള്ളി

“ശോ ചുവന്നു ” അവൾ പെട്ടെന്ന് തലോടി

“നീയാണ് ആ തണുപ്പ്…മഞ്ഞിന്റെ, മഴയുടെ ഒക്കെ..പുഴയുടെ..കടലിന്റെ..തണുപ്പ് “

“പുസ്തകം വായിക്കുന്ന കൊണ്ട് ഗുണം ഉണ്ടായി ” അവൾ സ്നേഹത്തോടെ കളിയാക്കി

“മുൻപത്തെ ഞാൻ ഇങ്ങനെ ഒന്നും പറയില്ലായിരുന്നോ?”

അവൾ ഇല്ലന്ന് തലയാട്ടി

“പിന്നെ എന്താ പറയുക?”

“ഇങ്ങനെയല്ല..വേറെ തരത്തിൽ ഈ അർത്ഥം വരുന്ന പോലെ ഒക്കെ തന്നെ..പക്ഷെ ഇപ്പൊ ചാർളിയുടെ ഭാഷയ്ക്ക് ഒരു ശുദ്ധി വന്നു. Purified ആയി “

“എന്താടി വിളിച്ചേ?” ശബ്ദം മാറി

“ദേ ഈ മീറ്റർ കറക്റ്റ് ആണ്. ഇതാണ് പഴയ ചാർളിയുടെ ടോൺ.” അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു

അവനും ചിരിച്ചു പോയി

“എങ്ങനെ ഉണ്ട് ഇപ്പൊ?” ഡോക്ടർമാരുടെ സംഘം മുറിയിലേക്ക് വന്നു

“ആഹാ സാറ എപ്പോ വന്നു?”

“രാത്രി തന്നെ വന്നു “

“കണ്ടോ ചാർലി ഇത്രയും സ്നേഹം ഉള്ള ഒരു കൊച്ചിനെ എവിടെ കിട്ടും. ദൈവം കുറച്ചു പരീക്ഷണം ഒക്കെ തന്നെങ്കിലും ഈ ആളുടെ സ്നേഹം എടുത്തു കളഞ്ഞില്ലല്ലോ. അത് പോരെ?”

ചാർലി മെല്ലെ ഒന്ന് ചിരിച്ചു. പിന്നെ എഴുന്നേറ്റു ഇരുന്നു

“Temparature നോർമൽ ആയല്ലോ. പൾസ് ബിപി ഒക്കെ നോർമൽ ആയി. ഇന്നലെ ഞങ്ങൾ കുറച്ചു പേടിച്ചു..എന്തായാലും പനി ഒന്ന് കഴിയട്ടെ അത് കഴിഞ്ഞു ഒരു സ്കാൻ വേണം..”

അവൻ ഒന്ന് മൂളി

പക്ഷെ സാറയുടെ കണ്ണിൽ പേടി നിറഞ്ഞു

“സ്കാൻ എന്തിനാ ഡോക്ടർ? ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ “

“എന്തിനാ ഇങ്ങനെ പേടിക്കുന്നത് സാറ? എന്തെങ്കിലും പുതിയ ഡെവലപ്പ്മെന്റ് ഉണ്ടോന്ന് നോക്കട്ടെ..ഡിസ്ചാർജ് ഒന്നും വേണ്ടേ. അതോ രണ്ടാളും ഇവിടെ തന്നെ താമസിക്കാൻ തീരുമാനിച്ചോ?”

സാറ മെല്ലെ ചിരിച്ചു

ഡോക്ടർ അവനെ ഒന്നു കൂടി പരിശോധിച്ച് നോക്കി

“ടാബ്ലറ്റ് അഞ്ചു ദിവസം കഴിച്ചോ..അത് മുടക്കേണ്ട ചേട്ടൻ എവിടെ?”

“മറ്റേ മുറിയിൽ ഉണ്ട്. ചേട്ടനും നല്ല ക്ഷീണം ഉണ്ട്. പനി പിടിച്ചോ ആവോ. ഒന്ന് നോക്കുമോ?”

“പിന്നെന്താ?”

ഡോക്ടർ മുറിയിൽ നിന്ന് പോയപ്പോ അവൾ ക്യാന്റീനിൽ പോയി ഭക്ഷണം വാങ്ങി വന്നു

“നോക്ക് ഇച്ചാ ഇടിയപ്പവും കിഴങ്ങു കറിയും. ഇവിടെ വന്നേ പിന്നെ ആദ്യമായി കിട്ടുവാ. പല്ല് തേച്ചാരുന്നോ?”

അവൻ മൂളി

“വാരി തരട്ടെ?”

അവൻ ഒന്ന് നോക്കി

“ഒന്നും കഴിച്ചില്ലല്ലോ. ഈ ട്രിപ്പ് മാത്രം അല്ലേ ഉള്ളാരുന്നു “

“നീ വല്ലോം കഴിച്ചാരുന്നോ?”

“എനിക്ക് പനി ഇല്ലല്ലോ. എനിക്കെ ഭയങ്കര സ്റ്റാമിനയാ, കണ്ടോ മസിൽ. “

“അധ്വാനിക്കുന്ന ജനവിഭാഗത്തിൽ പെട്ട?”

അവൻ ചോദിച്ചു

“യെസ് യെസ് അത് തന്നെ..അതാണ് ഞാൻ. അല്ലാതെ കുരിശുങ്കൽ ചെറുക്കനെ പോലല്ല “

“പോ- ടി ” അവൻ ചിരിച്ചു പോയി

“കഴിക്ക് ” അവൾ വായിൽ വെച്ചു കൊടുത്തു

“കയ്ക്കുന്ന പോലെ..രുചി ഇല്ല “

“പനി ഉള്ള കൊണ്ട. ഗുളിക ഉള്ളതാ കഴിക്ക് “

“ചായ മാത്രം മതി ” അവൻ മുഖം മാറ്റി

“എന്റെ പൊന്ന് കഴിക്ക് ” അവൾ മുഖം അടുപ്പിച്ചു

അവൻ അറിയാതെ വാ തുറന്നു. അവളുട മുഖം തൊട്ട് അടുത്ത്. പിടയ്ക്കുന്ന നീൾ മിഴികൾ. ചുവന്നു തുടുത്ത ചുണ്ടുകൾ. റോസപ്പൂവിന്റെ ഭംഗിയുള്ള കവിൾതടങ്ങൾ. നല്ല മണം

അവൻ അത് ശ്വസിച്ചു, അവളിൽ ലയിച്ചു

പിന്നെയും വാ തുറന്നപ്പോ അവൾ പൊട്ടിച്ചിരിച്ചു

“തീർന്നു “

അവൻ ചമ്മലോടെ നോക്കി

“പോയി വാങ്ങിച്ചോണ്ട് വരട്ടെ?”

“വേണ്ട നിറഞ്ഞു “

അവൻ ആ മുഖത്ത് നിന്നു നോട്ടം മാറ്റി

“ഞാൻ പോയി കഴിച്ചിട്ട് വരാട്ടോ “

“നിനക്കുള്ളത് കൂടെ ഞാൻ തിന്നു തീർത്തോ?”

അവൻ അതിശയത്തിൽ ചോദിച്ചു. അവൾ പൊട്ടിച്ചിരിച്ചു

“അതിനെന്താ ഞാൻ പോയി കഴിച്ചിട്ട് വരാം. വേഗം വരാം “

അവൾ എഴുന്നേറ്റവനെ പിടിച്ചു എഴുനേൽപ്പിച്ചു. മുഖവും വായും കഴുകിച്ചു. പിന്നെ മരുന്നുന്നുകൾ കൊടുത്തു

“കിടന്നോ വേഗം വരാം “

വാതിൽ ചാരി അവൾ പോകുന്നത് നോക്കി അവൻ കിടന്നു. നല്ല സുഖമാണ് ഈ അവസ്ഥ. വേറെ ഒന്നും ഓർക്കേണ്ട. താനും അവളും മാത്രം. അവളുടെ കൊഞ്ചൽ കേട്ട് അങ്ങനെ ഇരുന്നാ മതി

സാറ വന്നു

“സാറ?”

“ഉം “

“അന്ന് രണ്ടു ഫ്രണ്ട്സ് നെ കുറിച്ച് പറഞ്ഞില്ലേ കിച്ചുവും രുക്കുവും. അവർ എന്താ എന്നേ കാണാൻ വരാഞ്ഞത്?”

സാറയുടെ മുഖം ഒന്നു വാടി

“ടീച്ചർ പ്രെഗ്നന്റ് ആയിരുന്നു. തമിഴ്നാട്ടിൽ ആണല്ലോ വീട്. ഒത്തിരി വൈകിയാ കിട്ടിയത് എന്നുള്ള കൊണ്ട് അവർ യാത്ര ഒന്നും സമ്മതിക്കില്ല. ഇച്ചായന് ഒരു ആക്‌സിഡന്റ് ഉണ്ടായി. കോമയിൽ ആയി. അത് അറിഞ്ഞു..കിച്ചു ചേട്ടൻ ഹോസ്പിറ്റലിൽ വന്നപ്പോ വിജയ് ചേട്ടൻ പറഞ്ഞു. ഇനി വരരുത് അത് ഇച്ചാനു ഇൻഫെക്ഷൻ വരുമെന്നോ മറ്റോ..എനിക്ക് ഒന്നിനും വയ്യാരുന്നു ഇച്ചാ, ആ സമയം ഞാൻ ഫോൺ നോക്കിട്ടില്ല. എന്നേ വിളിച്ചു കാണും മെസ്സേജ് അയച്ചും കാണും. എനിക്ക് അറിഞ്ഞൂടാ. പിന്നെ ഒരു വിധം നോർമൽ ആയപ്പോൾ ഞാൻ കിച്ചു ചേട്ടനെ വിളിച്ചു പറഞ്ഞു. ചേട്ടൻ ഇപ്പൊ അവിടെയാ. അവിടെ നിന്ന് ഇങ്ങോട്ട് വരണ്ടേ. വൈഫ് ഈ അവസ്ഥയിലും. ഞാൻ മൂന്നാല് ദിവസം മുന്നെയാ പറഞ്ഞത്. അപ്പൊ പറഞ്ഞു കുറേ തവണ ഹോസ്പിറ്റലിൽ വന്നിരുന്നു കാണാൻ അനുവാദം കിട്ടിയില്ല എന്നൊക്കെ..ഈ ഹോസ്പിറ്റലിൽ ആയതോ ഓർമ്മകൾ നഷ്ടം ആയതോ ഒന്നും പാവം അറിഞ്ഞില്ല. ഒരു പ്രാവശ്യം ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡിസ്ചാർജ് ആയി ന്ന് പറഞ്ഞത്രേ. അപ്പൊ നോർമൽ ആയല്ലോ എന്ന് കരുതി വീട്ടിൽ ചെന്നെന്ന് പറഞ്ഞു. അന്ന് ആരും ഉണ്ടായിരുന്നില്ല. അവരൊക്കെ ഇവിടെ ആയിരുന്നു. നല്ല വിഷമം ഉണ്ടാര്ന്നു ഞാൻ വിളിച്ചു പറയുമ്പോൾ..ഇപ്പൊ എല്ലാം അറിഞ്ഞപ്പോൾ കരഞ്ഞു കൊണ്ട് കട്ട്‌ ചെയ്തു “

അവനത് കേട്ടിരുന്നു

ഏതോ നാട്ടിൽ തന്നെ ഓർത്തു കരയുന്ന ഒരു കൂട്ടുകാരനുണ്ട്. ആരൊക്കെയോ എവിടെ ഒക്കെയോ ഇരുന്നു തന്നെ സ്നേഹിക്കുന്നു. അവന്റെ കണ്ണിൽ ജലം നിറഞ്ഞു

തുടരും….