സാറ ഒന്നും കഴിച്ചില്ല. അവൾക്ക് വിശന്നില്ല. കുറെ നേരം കിടന്നുറങ്ങി. പിന്നെ എപ്പോഴോ എഴുന്നേറ്റു. അപ്പൊ അവന്റെ മിസ്സ് കാൾ കണ്ടു തിരിച്ചു വിളിച്ചു
“സാറ?”
“ഉം “
“സാറയ്ക്ക് നാട്ടിൽ പോകണമെങ്കിൽ പൊയ്ക്കോളൂ. ഇവിടെ ഞാൻ തനിച്ചു മതി “
“പൊക്കോളാം ” അവളുടെ ശബ്ദം ഇടറി
അവൾ ഫോൺ വെച്ചു. പിന്നെ മുട്ടിൽ മുഖം ചേർത്ത് ഇരുന്നു. അറിയാത് കരഞ്ഞു പോയി
എന്തിനാ ദൈവമേ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്? അവൾ ദൈവത്തോട് ചോദിച്ചു
സാറയോട് പൊയ്ക്കോ എന്ന് പറഞ്ഞപ്പോ ഞാൻ പോകുന്നില്ല എന്ന് അവൾ മറുപടി പറയും എന്നാണ് അവൻ ഓർത്തത്. ഞാൻ പൊക്കോളാം എന്ന്…കേൾക്കാൻ ഇരിക്കുകയായിരുന്നു അപ്പൊ…
വാതിൽക്കൽ നിഴലനക്കം കേട്ടപ്പോ അവൻ നോക്കി..സാറ
“കഴിച്ചോ?”
അവൻ ഒന്ന് മൂളി
അവൾ അകത്തേക്ക് വന്ന് ഇരുന്നു
“ഞാൻ പൊക്കോളാൻ സീരിയസ് ആയിട്ട് പറഞ്ഞതാണോ?”
“അതെ “
“ഞാൻ പോയിട്ട് എന്നാ വരണ്ടേ?”
“വരണ്ട “
അവൾ ഞെട്ടി ആ മുഖത്ത് നോക്കി
“വരണ്ടേ?”
“വേണ്ട “
“ഉം…”
അവൾ പെട്ടെന്ന് എഴുന്നേറ്റു
“ഇനി ഞാൻ വരികയെ വേണ്ടേ?”
“വേണ്ട “
അവൻ വേദന കടിച്ച് അമർത്തി. സാറ മെല്ലെ നടന്നു പോയി. അവൾ ചെന്നു ബാഗ് ഒക്കെ പാക്ക് ചെയ്യാൻ തുടങ്ങി. ഇനി വരണ്ടാന്നു പറഞ്ഞു. ഇനി വേണ്ട തന്നെ. അവൾ പുറം കൈ കൊണ്ട് മുഖം തുടച്ചു. ബാഗ് തൂക്കി. അവന്റെ മുന്നിൽ ചെന്നു
“ഇവിടെ നിന്ന് ട്രെയിൻ ഉണ്ടാവും. പോട്ടെ..”
അവൻ ഒന്നും മിണ്ടിയില്ല
അവൾ നടക്കാൻ തുടങ്ങുമ്പോ ആ കയ്യിൽ മുറുകെ പിടിച്ചു
“ഞാൻ പൊക്കോളാൻ പറഞ്ഞാ നീ ഉടനെ പോവോ?”
“ഉം “
“അത്രേയുള്ളൂ.?”
അവൾ കൈ കുടഞ്ഞു തെറിപ്പിച്ചു
“വൈകിയ ട്രെയിൻ കിട്ടില്ല. പോട്ടെ “
“സാറ?”
അവൻ എഴുന്നേറ്റു വാതിൽ അടച്ചു
“നിനക്ക് എന്നെ കാണാതെ പറ്റുമോ. സാറ?”
“എന്റെ സന്തോഷവും സമാധാനവും അല്ല പ്രധാനം. ഇച്ചായന്റെയാ. ഞാൻ ഒരു ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ പോകണം. എന്റെ വേദന ഞാൻ സഹിക്കും “
“ഞാൻ നിന്നെ ഉപേക്ഷിച്ചു പോയാലും നീ സഹിക്കും?”
“അത് ഇച്ചായന് സന്തോഷം ആണെങ്കിൽ ഞാൻ സഹിക്കും. പിന്നാലെ വരുകേല “
“ശരി നീ പൊയ്ക്കോ. ഇനി ഇവിടെ വെറുതെ എന്റെ ഒപ്പം നിന്നു നിന്റെ സമയം വേസ്റ്റ് ആക്കണ്ട. എനിക്ക് കുഴപ്പമില്ല.”
അവൻ മാറി നിന്നു
“ഇച്ചാ ഞാൻ ആയിട്ട് പോണതല്ല. എന്നോട് പൊയ്ക്കോ എന്ന് പറഞ്ഞു. ഇനി ഒരിക്കലും വരണ്ടാന്നു പറഞ്ഞു. എന്റെ പഴയ ഇച്ചാ അല്ലേ എന്നെ സ്നേഹിച്ചിട്ടുള്ളു. ഈ ഇച്ചാന് എന്നോട് സ്നേഹം ഇല്ലല്ലോ..ഞാൻ…ഇങ്ങനെ ഇവിടെ..”
അവൾ പെട്ടെന്ന് വാതിൽ തുറന്നു
അവൻ തടയുന്നതിനു മുൻപ് ഇറങ്ങി പോയി. അവൻ അനങ്ങാതെ ഇരുന്നു. കണ്ണീർ ഒഴുകി കൊണ്ട് ഇരുന്നു.
സാറ പടികൾ ഇറങ്ങി താഴെ ചെന്നു എങ്കിലും അവൾക്ക് പോകാൻ കഴിയുന്നില്ലായിരുന്നു. അവനെ ഒറ്റയ്ക്ക് വിട്ട് പോകുമ്പോൾ ഹൃദയം പൊട്ടുന്ന പോലെ തോന്നി. അവന് വയ്യാഞ്ഞിട്ടാണ് തന്നെ ഇങ്ങനെ…അവൻ അവനായിരുന്ന സമയം തന്നെ ജീവനായിരുന്നു. അവൾ ഏറെ നേരം താഴെ കസേരകളിൽ ഒന്നിൽ ഇരുന്നു
ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവൾ എടുത്തു
“സാറ..ട്രെയിനിൽ കയറിയോ?
“ഇല്ല”
“തിരിച്ചു വരാമോ.?”
അവൾ മിണ്ടിയില്ല
“പ്ലീസ് ” അവന്റെ സ്വരം ഇടറി
അവൾ ഫോൺ കട്ട് ചെയ്തിട്ട് ഓടി പടികൾ കയറി. അവന്ടെ മുറിയിൽ എത്തി. ബാഗ് വലിച്ചെറിഞ്ഞു ആ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു
കിതച്ച തളർന്നു പോയ മുഖം അവൻ നെഞ്ചിൽ അടക്കി
“ഇനി പോവോ ഇങ്ങനെ?”
“ഇല്ല…ഇല്ലാ “
അവൾ ആ നെഞ്ചിൽ മുഖം ഇട്ടുരുട്ടി. പിന്നെ ഇറുക്കെ കെട്ടിപിടിച്ചു. അവൻ വേച്ചു പോകുന്ന പോലെ ശക്തിയിൽ…എത്ര നേരം അങ്ങനെ നിന്നെന്ന് രണ്ടു പേർക്കും അറിയില്ല. സാറ ആണ് പതിയെ അടർന്നു മാറിയത്. അവൾ മുടി ഒതുക്കി മുഖം തുടച്ച് അവിടെ കട്ടിലിൽ കയറി ഇരുന്നു. അവൻ കസേരയിലും
“സോറി “
അവൻ വീണ്ടും മെല്ലെ പറഞ്ഞു.
സാറ മെല്ലെ കട്ടിലിൽ കിടന്നു
“തല വേദനിക്കുന്നു. ഞാൻ ഉറങ്ങിക്കോട്ടെ “
അവൻ മൂളി
കണ്ണുകൾ അടയുന്നത് നോക്കി അവൻ ഇരുന്നു. ഉറങ്ങി കഴിഞ്ഞപ്പൊ ഒരു പുതപ്പ് എടുത്തു നന്നായി പുതച്ചു കൊടുത്തു. സാറ ഉണർന്നപ്പോൾ രാത്രി ആയി തുടങ്ങി
“അയ്യോ രാത്രി ആയി. എന്നെ എന്താ വിളിക്കാഞ്ഞേ?”
“നല്ല ഉറക്കം ആയിരുന്നു “
“ശോ എന്നാലും വിളിക്കണ്ടേ?,
അവൾ എഴുന്നേറ്റു ബാത്‌റൂമിൽ പോയി വന്നു
“ഞാൻ മുറിയിൽ പോട്ടെ?”
“ഇവിടെ കിടക്കാമോ.?”
അവൾ ആ മുഖത്ത് നോക്കി
“രണ്ടു ബെഡ് ഉണ്ടല്ലോ..എപ്പോഴാ സ്ഥിരം ഉറക്കം വരുന്ന സമയം?”
“ഒമ്പത്..എനിക്ക് ലൈറ്റ് വേണ്ട. എന്തെങ്കിലും വായിക്കാൻ ഉണ്ടെങ്കിൽ അത്…”
“ഞാൻ വായിക്കുന്നില്ല പോരെ?”
അവൻ ദേഷ്യം ഭാവിച്ചു
“വിശക്കുന്നു “
അവൾ വയർ തടവി
“കാന്റീനിൽ വിളിച്ചു പറയട്ടെ?”
അവൾ കൈ കാട്ടി വിളിച്ചു അവനെ
“നോക്കിക്കേ തട്ടുകട.”
“ഉം “
“അവിടെ പോയി കഴിക്കാം. ദോശ ആണെന്ന് തോന്നുന്നു. ശരിക്കും കാണാൻ വയ്യ.”
അവൾ എത്തി നോക്കുന്ന കണ്ട് അവന് ചിരി വന്ന്
“വാ പോയിട്ട് വരാം “
അവൻ എഴുന്നേറ്റു
അവൾ വേഗം മുടി ചീകി വൃത്തി ആയി. മുറി അടച്ചു തിരിയുമ്പോ മുന്നിൽ ഡോക്ടർ
“എങ്ങോട്ടാ രണ്ടു പേരും കൂടി “
“ഞങ്ങൾ..”
അവൾ പറയാൻ തുടങ്ങിയപ്പോൾ അവൻ ആ കയ്യിൽ പിടിച്ചു
“ജസ്റ്റ് ഒരു നൈറ്റ് വാക്. വേഗം വരും,
“ആഹാ ഓക്കേ ഓക്കേ “
ഡോക്ടർ നടന്നു പോയി
“അതെന്താ തട്ട് കടയിൽ പോവാ ന്ന് പറയാഞ്ഞേ?”
“എടി മോശമല്ലേ ഡോക്ടർ എന്ത് വിചാരിക്കും?”
“പിന്നെ വിശന്നിട്ടല്ലേ?”
“നീ ഇങ്ങോട്ട് വന്നേ,
അവൻ വേഗം നടന്നു
“പതിയെ പോ ഓടല്ലേ “
അവൻറെ സ്പീഡിന്റെ ഒപ്പം എത്താൻ അവൾക്ക് ഓടേണ്ടി വന്ന്
“എനിക്ക് ദോശ “
അവൾ തോണ്ടി
“പൊറോട്ട ചിക്കൻ ഫ്രൈ ഒരു പ്ലേറ്റ്. പിന്നെ ദോശ ചമ്മന്തി “
“ഞാൻ വെജ് ആണെന്ന് എങ്ങനെ അറിയാം?”
അവൾ വിസ്മയം പൂണ്ട കണ്ണുകൾ വിടർത്തി
“എന്നെ കാണിച്ച വീഡിയോയിൽ പറയുന്നുണ്ടല്ലോ.”
അവൾക്ക് സന്തോഷം ആയി. അത് ഓർത്തു വെച്ചല്ലോ.
അവൾ ആർത്തിയോടെ കഴിക്കുന്നത് അവൻ നോക്കി നിന്നു
“ഇതെന്താ നീ ഇന്ന് ഒന്നും കഴിച്ചില്ലേ?”
“ഇല്ലാ “
“അതെന്താ?”
“ഇച്ചാ indifferent ആയിട്ട് പെരുമാറി “
“ഒന്നങ് തന്നാലുണ്ടല്ലോ.”
“പിന്നെ..”
“കഴിക്ക് കഴിക്ക് “
അവൾ കള്ളച്ചിരിയോടെ അവനെ നോക്കി. ഇനി ഇങ്ങനെ ഒരു സീൻ ഉണ്ടാക്കില്ല. അവൻ ഉറപ്പിച്ചു. അവളുടെ മുഖം കാണാതെ ഒരു നിമിഷം പോലും വയ്യ
താൻ പിണങ്ങിയാൽ അവൾക്ക് സങ്കടം ആകും. താൻ മൂഡ് ഓഫ് ആയാലും അങ്ങനെ തന്നെ. ഇതിപ്പോ തനിക്കാണോ അവൾക്കാണോ കുഴപ്പം?
അവർ ഭക്ഷണം കഴിഞ്ഞു മെല്ലെ തിരിച്ചു നടന്നു
“ഇച്ചാ? “
“ആ “
അവൻ ചിന്തയിൽ നിന്നും ഉണർന്ന് നോക്കി
“ഇച്ചാ എന്താ ഷേവ് ചെയ്യാത്തെ… താടി ഒക്കെ വളർന്നു.. തലമുടിയും വളർന്നു “
അവൻ ചിരിച്ചു പോയി
“നിനക്ക് അത് ഇഷ്ടം അല്ലെ?”
“ഏത് താടി ഉള്ളതോ?”
“ആ “
“ഉം “
അവൾ മുഖം തിരിച്ചു
“ശരിക്കും ഇഷ്ടം?”
“ഉം “
“പിന്നെ എന്തൊക്കെയാ എന്നിലുള്ള ഇഷ്ടങ്ങള്?”
“അത് പറയില്ല “
അവൾ തിരിഞ്ഞു കളഞ്ഞു
“പറയടി “
അവൻ പിടിച്ചു നിർത്തി. അവൾ കൈ നീട്ടി വിരൽ കൊണ്ട് നെഞ്ചിൽ തൊട്ടു. ആ കണ്ണുകൾ അപ്പൊ നക്ഷത്രം പോലെ തിളങ്ങുന്നുണ്ടായിരുന്നു. ചാർലി ഉമിനീരിറക്കി. പിന്നെ ആ കൈ എടുത്തു. വിരലുകൾ താടിയിൽ വെച്ചു മെല്ലെ ഉരസി
സാറയുടെ മുഖം രക്തനിറമായി. ആ വിരൽ തുമ്പിൽ ഒരുമ്മ
തുടരും…