ശരത്തിന്റെ മുഖത്ത് അത്ഭുതമൊന്നും കണ്ടില്ല. തല ചെരിച്ചെന്നെ ഒന്ന് നോക്കുക മാത്രം ചെയ്ത് വീണ്ടും ഡ്രൈവിങ്ങിലായി ശ്രദ്ധ…

കാലം മായ്ക്കാത്ത ചിലർ

Story written by Athira Sivadas

===========

“എനിക്കയാളെ വേണമായിരുന്നെടോ…” ഹൈവേ കടന്ന് കാർ ഒരിടവഴിയിലൂടെ നീങ്ങുമ്പോൾ ഗ്ലാസ്സിൽ പറ്റിയിരുന്ന വെള്ളത്തുള്ളികളെ നോക്കി ഞാൻ പറഞ്ഞു.

ശരത്തിന്റെ മുഖത്ത് അത്ഭുതമൊന്നും കണ്ടില്ല. തല ചെരിച്ചെന്നെ ഒന്ന് നോക്കുക മാത്രം ചെയ്ത് വീണ്ടും ഡ്രൈവിങ്ങിലായി ശ്രദ്ധ.

ഞാൻ പിന്നെയും ഗ്ലാസിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളികളെ നോക്കിയിരുന്നു. വയനാടാണ്…നല്ല തണുപ്പുണ്ട്. വെളുപ്പിന് വന്നപ്പോൾ നല്ല കോടയുമുണ്ടായിരുന്നു.

“സണ്ണിച്ചനിപ്പോ എന്തെടുക്കുവാരിക്കും…”

“താൻ ഇപ്പോൾ എന്തെടുക്കുവാ…” ചുണ്ടിൽ ചെറിയൊരു ചിരിയോടെയായിരുന്നു ചോദ്യം. മറുപടിയൊന്നും പറയാതെ പരിഭവം നിറച്ചൊന്ന് നോക്കുക മാത്രം ചെയ്തു ഞാൻ…

“ഹാ! പറേഡോ…”

“ഞാനിപ്പോൾ തന്റെ കൂടെ കാറിൽ അല്ലെ. നമ്മൾ തിരിച്ചു കോട്ടയത്തോട്ട് പോവല്ലേ…”

“അതല്ല. താനിപ്പോൾ ആരെക്കുറിച്ചാ ഓർക്കുന്നെ. ആരെക്കുറിച്ചാ സംസാരിക്കുന്നെ.”

വീണ്ടും ഞാനൊന്ന് തുറിച്ചു നോക്കി.

“താൻ പറേഡോ…”

“അത്‌ പിന്നെ…സണ്ണിച്ചനെക്കുറിച്ച്…”

“അഹ് അപ്പോ ചിലപ്പോ സണ്ണിച്ചനും തന്നെക്കുറിച്ചാവും ചിന്തിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ കണ്ടതല്ലേ. ഒന്നും മിണ്ടാനും കഴിഞ്ഞില്ല. പോരത്തെന് കണ്ടത് നിന്റെ കെട്ട്യോന്റെ കൂടെയും.

ചിലപ്പോൾ താനിപ്പോ എന്നോട് പറഞ്ഞത് പോലെ അവളെ എനിക്ക് വേണമായിരുന്നെന്ന് ഒക്കെ ചിന്തിക്കുന്നുണ്ടാവാം. അല്ലെങ്കിൽ കെട്ടിയ പെണ്ണിനോട് മണിയറേലിരുന്ന് സൊള്ളുവാരിക്കും.” ആ മറുപടിയ്ക്ക് ഞാനൊരു ചിരി മാത്രം നൽകി.

വീണ്ടും നോട്ടം ആ മഞ്ഞുതുള്ളികളിലെത്തി.

“എനിക്കറിയാം…സണ്ണിച്ചൻ എന്നെക്കുറിച്ചാ ചിന്തിക്കുന്നുണ്ടാവാ. സണ്ണിച്ചൻ എന്നെ മുഴുവനായൊന്നും മറന്നിട്ടുണ്ടാവില്ല ശരത്…ഇന്ന് എന്നെ വീണ്ടും കണ്ടപ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടതാ…” ബാക്കി പറയാനാവാതെ വാക്കുകൾ നഷ്ടപ്പെടുമ്പോഴും ഞാൻ പറയുന്നതൊക്കെ ശരത്തിനെ നോവിക്കുന്നില്ലേ എന്ന് ഞാൻ ചിന്തിച്ചിരുന്നു.

“വരണ്ടാരുന്നു അല്ലെ…” ശരത്തിന്റെ ശബ്ദത്തിലെ നോവ് ഞാനറിഞ്ഞിരുന്നു.

“വരണമായിരുന്നു. സണ്ണിച്ചന്റെ മിന്നുകെട്ടിന് ഞാൻ സാക്ഷിയാകണമായിരുന്നു. ഇനി അങ്ങനൊരു വിഷമം വേണ്ടല്ലോ. സണ്ണിച്ചനും നല്ലൊരു ജീവിതമായില്ലേ.”

“എന്നാലും സണ്ണിച്ചൻ എന്താ തന്നെ വിളിക്കാതിരുന്നേ. ബാക്കി ഫ്രണ്ട്സ് ഒക്കെ ഉണ്ടാരുന്നല്ലോ.”

” വിളിക്കാൻ തോന്നിയിട്ടുണ്ടാവില്ല. അതോ…ഇനി മറന്നതാവോ…” എത്രയൊക്കെ അരുതെന്ന് പറഞ്ഞിട്ടും കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു.

സണ്ണിച്ചൻ…ഒരു കാലത്ത് എന്റേതായിരുന്ന…എന്റേത് മാത്രമായിരുന്ന സണ്ണിച്ചൻ. ഇന്ന് മറ്റാരുടേതോ ആയിരിക്കുന്നു. സണ്ണിച്ചൻ മിന്ന്കെട്ടിയ അലീന ഡെവിസ് ശരത്തിന്റെ കോളേജ്മേറ്റ്‌ ആയിരുന്നു. വീട്ടിൽ വന്ന് വയനാടേക്ക് അവൾ കല്യാണത്തിന് ക്ഷണിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തതും സണ്ണിച്ചനെയായിരുന്നു. സണ്ണിച്ചനും ഞങ്ങളുടെ ഫ്രണ്ട്സിനുമൊപ്പം എത്രയോ തവണ വയനാടുള്ള സണ്ണിച്ചന്റെ വീട്ടിലേക്ക് വന്നിരിക്കുന്നു ഞാൻ.

വിശാലമായ കാപ്പിത്തോട്ടങ്ങൾ താണ്ടി അന്നൊക്കെ ഞാൻ സണ്ണിച്ചന്റെ ബുള്ളറ്റിന് പിന്നിൽ സണ്ണിച്ചനെ ചേർന്നിരുന്ന് പോവാറുണ്ടായിരുന്നു. ഒരു ബ്ലാങ്കെറ്റ് പുതച്ചാണ് ഞങ്ങൾ രണ്ടാളും കോടമഞ്ഞു കാണാറ്. തണുപ്പ് അധികരിക്കുമ്പോൾ സണ്ണിച്ചൻ എന്നെ ആ നെഞ്ചിലേക്ക് ഒന്നുകൂടി ചേർത്ത് പിടിക്കും. കൈകൾ രണ്ടും നെഞ്ചിൽ ചേർത്ത് പിടിച്ച് സണ്ണിച്ചന്റെ കൈകൾക്കുള്ളിൽ നിൽക്കുമ്പോൾ ആ തണുത്ത വെളുപ്പാൻകാലത്തും ചെറുചൂട് എന്നെ പൊതിയും. സണ്ണിച്ചന്റെ നെഞ്ചിലെ ചൂട്…

കോളേജിൽ എന്റെ സീനിയറായിരുന്നു സണ്ണിച്ചൻ.  ഒരിക്കൽ “ഒരു സങ്കീർത്തനം പോലെ” തിരഞ്ഞു കൊണ്ട് ഞാൻ നിൽക്കുമ്പോൾ സണ്ണിച്ചൻ വന്നതും പരിചയപ്പെട്ടതും ബുക്ക്‌ കണ്ടുപിടിക്കാൻ സഹായിച്ചതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ…

ധാരാളം വായിക്കുന്ന കൂട്ടത്തിലായിരുന്നു സണ്ണിച്ചൻ. വായിച്ചതിനെയൊക്കെപ്പറ്റി എന്നോടേറെ വാചലനാകാറുമുണ്ടായിരുന്നു.

എങ്ങനെയാണ് ഞാൻ സണ്ണിച്ചനുമായി പ്രണയത്തിലായതെന്ന് എനിക്കോർമ്മയില്ല. പ്രണയാഭ്യർത്ഥനകളോ പ്രണയലേഖനങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. എങ്ങനെയോ തിരിച്ചറിഞ്ഞതാണ് എന്റെ പ്രണയത്തിന്റെ ഉടമ ഇയാളാണെന്ന്.

അങ്ങനെ രണ്ട് വർഷങ്ങൾ…വീട്ടുകാരുമായൊരു യുദ്ധത്തിനോ ഒളിച്ചോട്ടത്തിനോ ഒന്നും ഞങ്ങൾ തയാറായിരുന്നില്ല. സമാധാനമായി വീട്ടിൽ പറഞ്ഞ് എല്ലാവരുടെയും അനുഗ്രഹത്തോടെ ഒന്നാവണമെന്നായിരുന്നു ആഗ്രഹം.

പക്ഷേ വയനാട്ടെ ഏതോ ഓണം കേറാ മൂലയിലുള്ള നസ്രാണിച്ചെക്കന് എന്നെ കൊടുക്കില്ലെന്ന് പറഞ്ഞു പപ്പ. അന്ന് സണ്ണിച്ചൻ പി.ജി കഴിഞ്ഞിട്ടേയുള്ളൂ. സ്വന്തമായൊരു ജോലിയോ വരുമാനമോ ഇല്ലാതെ എങ്ങനെ എന്നൊരു ചോദ്യം മുന്നിലുണ്ടായിരുന്നു.

ഒടുക്കമൊരു തീരുമാനം ഒന്നിച്ചിരുന്നെടുക്കേണ്ടി വന്നു. പിരിയാം എന്ന് സണ്ണിച്ചൻ എന്നോട് പറഞ്ഞില്ല. “മറക്കാൻ പറ്റുമോ.” എന്നെന്റെ കണ്ണിൽ നോക്കി ചോദിച്ചപ്പോൾ കണ്ണ് നിറച്ച് ഇല്ലെന്ന പോലെ തലയനക്കിയതേയുള്ളൂ ഞാൻ.

“വേണമെന്ന് തോന്നുമ്പോൾ വിളിച്ചാൽ മതി. അന്ന് ഞാൻ വരും. ഞാനുണ്ടാകും എവിടെയെങ്കിലും ആ ഒരു വിളിക്കായ്.”  അവസാനം കാണുമ്പോൾ അങ്ങനെ പറഞ്ഞായിരുന്നു സണ്ണിച്ചൻ മടങ്ങിയത്.

എനിക്ക് മറക്കാൻ കഴിയുമോ എന്ന് പരീക്ഷിച്ചതായിരുന്നോ സണ്ണിച്ചൻ. അതോ പരസ്പരം തുറന്ന് പറയാതെയൊരു വേർപിരിയലിന് വഴിയൊരുക്കിയതായിരുന്നോ. ഭീരുക്കളെപ്പോലെ സ്വയം പിൻവാങ്ങുമ്പോൾ പിന്നീടൊരിക്കലും കാണാൻ ഇടവരരുതേ എന്നൊരു പ്രാർത്ഥന ഉണ്ടായിരുന്നു.

പക്ഷേ കാലം എന്നെ ഓർമ്മപ്പെടുത്തികൊണ്ടേയിരുന്നു ആ തീരുമാനമൊരു തെറ്റായിരുന്നെന്ന്. ശരത്തുമായുള്ള വിവാഹാലോചന നടക്കുമ്പോഴായിരുന്നു സണ്ണിച്ചനെ തേടി ഞാൻ ഭ്രാന്ത് പിടിച്ചലഞ്ഞത്. സണ്ണിച്ചനും അമ്മച്ചിയും അന്ന് ന്യൂയോർക്കിൽ എവിടെയോ ആയിരുന്നു. ആരെങ്കിലും പറഞ്ഞറിഞ്ഞാൽ എന്നെ തേടി വരുമെന്ന് ശരത്തുമായുള്ള വിവാഹത്തിന്റെ മുഹൂർത്തത്തിന് മുൻപ് വരെ ഞാൻ പ്രതീക്ഷിച്ചു. പക്ഷേ വന്നില്ല…പിന്നീട് ഒരിക്കലും…

ശരത് നല്ലയാളായിരുന്നു. എന്നെ കേൾക്കുന്നൊരു സുഹൃത്തായും…മനസ്സിലാക്കുന്നൊരു സഹോദരനായും…പക്വതയുള്ളൊരു ഭർത്താവായും അയാൾ എനിക്കൊപ്പം നിന്നു. സണ്ണിച്ചനെ പറ്റി ഞാൻ വാ തോരാതെ പറയുമ്പോഴൊക്കെ അയാൾ നല്ലൊരു കേൾവിക്കാരനായി എനിക്ക് മുൻപിലിരുന്നു. എപ്പോഴോ ഞാൻ എന്നെ തന്നെ അയാളുടെ ഭാര്യയായി ജീവിക്കാൻ പ്രാപ്തയാക്കിയെടുത്തു. എങ്കിലും എവിടെയോ സണ്ണിച്ചനുണ്ടായിരുന്നു. പലപ്പോഴും ഒരു നോവായി…ഇടയ്ക്കൊക്കെ ചുണ്ടിലൊരു നേർത്ത ചിരിയായി…എപ്പോഴും സണ്ണിച്ചൻ എനിക്കൊപ്പമുണ്ടായിരുന്നു.

“താൻ എന്റേ കൂടെ ഹാപ്പി അല്ലെ ദേവിക…” ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഞാൻ സണ്ണിച്ചനെപ്പറ്റി പറയുന്നതൊന്നും ശരത്തിനെ നോവിക്കാറില്ലേ എന്ന്. അങ്ങനെയൊരു ഭാവം അയാളിൽ ഞാൻ കണ്ടിട്ടേയില്ല. ഇന്നാദ്യമായി ശരത് ആ ചോദ്യം എന്നോട് ചോദിച്ചിരിക്കുന്നു.

“തന്റെ കൂടെ ഞാനൊരുപാട് ഹാപ്പിയാണ് ശരത്. എങ്കിലും സണ്ണിച്ചന്റെ കൂടെയായിരുന്നെങ്കിൽ ഇത്തിരിക്കൂടെ ഹാപ്പി ആകുമായിരുന്നു…” ഞങ്ങൾക്കിടയിൽ മറകളൊന്നും തന്നെ ഇല്ലെന്നുള്ളതായിരുന്നു ആത്മാർത്ഥമായ ആ ഉത്തരത്തിന് കാരണം.

ശരത്തിൽ എനിക്കൊരു സുഹൃത്തും, സഹോദരനും, കാമുകനും, ഭർത്താവും എല്ലാമുണ്ട്. അയാൾക്കൊപ്പം ഞാനൊരുപാടൊരുപാട് സന്തോഷിക്കുന്നുമുണ്ട്. പക്ഷേ സണ്ണിച്ചൻ…കിട്ടാതെപോയത് കൊണ്ടാവണം ആ ഓർമ്മകളെന്നെ തീക്ഷ്‌ണമായി വേട്ടയാടുന്നത്.

സണ്ണിച്ചനുവേണ്ടി മാത്രം ഹൃദയത്തിൽ ഞാനിന്നുമൊരിടം കരുതിയിട്ടുണ്ട്. ഒരെത്തിനോട്ടങ്ങൾക്കും എത്താനാവാത്ത സ്നേഹം കൊണ്ട് മൂടപ്പെട്ടൊരിടം.

“ഡോ…ഞാനും ഒരു മനുഷ്യനാണ് കേട്ടോ. കുറച്ചു കുശുമ്പ് എനിക്കും ഉണ്ട്. ഇനി സണ്ണിച്ചന് അലീന ഉണ്ട്. പുള്ളി ഹാപ്പി…”

“എന്താ ശരത് ഹാപ്പിയല്ലേ…”

“അതിനെന്റെ പെൺപിറന്നോര് വിചാരിക്കണം.” ഒരു കുസൃതിച്ചിരിയോടെ പറഞ്ഞ് ഗിയർ നീക്കുമ്പോൾ ശരത്തിന്റെ ഇടത്തെ തോളിൽ ഞാൻ തല ചായ്ച്ചു.

കണ്ണുകളടച്ചു അലീനയുടെ കഴുത്തിൽ മിന്നുകെട്ടുന്ന സണ്ണിച്ചന്റെ ചിത്രമോർത്തു. സണ്ണിച്ചൻ സന്തോഷായിരിക്കട്ടെ…കണ്ണ് തുറന്ന് ശരത്തിനെയൊന്ന് പാളി നോക്കി. തണുപ്പ് അകത്തേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ഒന്നുകൂടി ഞാൻ ശരത്തിലേക്ക് ചേർന്നിരുന്ന് കണ്ണുകളടച്ചു.

വയനാട് താണ്ടി ഞങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു…കാലം മായ്ക്കാത്ത ചിലതിനെ ഓർമ്മകൾക്കുള്ളിൽ വരിഞ്ഞു മുറുകി ഒരു തടങ്കലിലടച്ചുകൊണ്ട്…

©️ആതിര