സുന്ദരിയായ ഒരു യുവതി  അകത്തേക്ക് പ്രവേശിച്ചു. അവൾ  കയറിയതും  വല്ലാത്തൊരു സുഗന്ധം ആ മുറിയിൽ പരന്നു..

സ്നേഹക്കൂടാരം 02

എഴുത്ത്: കർണൻ സൂര്യപുത്രൻ

=============

അവസാനത്തെ പേഷ്യന്റിനെയും നോക്കി  നീതു എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് നേഴ്സ് ദിവ്യ അകത്തേക്ക് വന്നത്.

“ഡോക്ടർ, ഒരാൾ  കാണാൻ വന്നിട്ടുണ്ട്..കുറേ നേരമായി വെയിറ്റ് ചെയ്യുന്നു…”

“യെസ് വരാൻ പറയൂ…”

നീതു ചെയറിൽ ഇരുന്നു..സ്റ്റെത് ടേബിളിൽ തന്നെ വച്ചു..

സുന്ദരിയായ ഒരു യുവതി  അകത്തേക്ക് പ്രവേശിച്ചു..അവൾ  കയറിയതും  വല്ലാത്തൊരു സുഗന്ധം ആ മുറിയിൽ പരന്നു…അത്യാവശ്യം നല്ല ഉയരവും അതിനൊത്ത വണ്ണവും…വെളുത്ത നിറം  സ്വർണനിറമാർന്ന മുടി..റോയൽ ബ്ലൂ കളർ ഉള്ള ടോപ്പും വെള്ള ലെഗ്ഗിൻസും ആണ്  വേഷം..വശ്യമായ സൗന്ദര്യം…

“ഇരിക്കൂ…” നീതു പുഞ്ചിരിയോടെ പറഞ്ഞു..ആ സ്ത്രീ ഇരുന്നു…

“ഐ ആം സെലിൻ…ജനിച്ചതും  വളർന്നതുമൊക്കെ കാനഡയിൽ ആയിരുന്നു…ഇപ്പൊ ബാംഗ്ലൂരിൽ ഒരു ഐ ടി കമ്പനി  ഉണ്ട്‌…ഞാനിപ്പോ വന്നത് എനിക്ക് നീതുവിന്റെ ഒരു ഹെല്പ് വേണം…” കന്നഡചുവയുള്ള മലയാളത്തിൽ അവൾ സംസാരം ആരംഭിച്ചു..

“പറഞ്ഞോളൂ… ” നീതു  അമ്പരപ്പോടെ അവളെ  നോക്കി..

“ആക്ച്വലി ഞാനിപ്പോ വന്നത് മനോജിനെ പറ്റി സംസാരിക്കാനാണ്..”

നീതു ഒന്ന് ഞെട്ടി…അശുഭകരമായ എന്തോ ഒന്ന് നടക്കാൻ പോകുന്നത് അവൾ  അറിഞ്ഞു….

“പറയാൻ പോകുന്നത് നീതുവിന് ഉൾകൊള്ളാൻ പറ്റുമോ എന്നറിയില്ല…മനോജ്‌ നിന്നെ ചീറ്റ് ചെയ്യുകയാണ്…”

നീതു ചാടി എണീറ്റു…

“ദേ, അനാവശ്യം പറയരുത്….” അവൾ കൈ  ചൂണ്ടി.

സെലിൻ ശാന്തമായ ഒരു പുഞ്ചിരിയോടെ അവളെ  നോക്കി..

“അനാവശ്യം പറയാൻ  വേണ്ടി ബാംഗ്ലൂരിൽ നിന്ന് ഒരു പെണ്ണ് ഇത്രയും  ദൂരം  വരുമെന്ന് തോന്നുന്നുണ്ടോ?… നീതു  പ്ലീസ് സിറ്റ്…ക്ഷമയോടെ കേൾക്കണം…”

അവൾ ഇരുന്നു..

“എന്റെ കമ്പനിയുടെ ബിസിനസ്‌ പാർട്ണർ ആണ് മനോജ്‌…മനോജിന്റെ അച്ഛൻ രാംകുമാർ അങ്കിളും, എന്റെ പപ്പയും  കോളേജ് ഫ്രണ്ട്‌സ് ആണ്…സോ, അവരുടെ  സൗഹൃദം ബിസിനസിലും  തുടർന്നു…കാനഡയിൽ  നിന്ന് പപ്പ നാട്ടിലേക്ക് ബിസിനസ്‌ മാറ്റിയപ്പോൾ അങ്കിളും ഹെല്പ് ചെയ്തു…എന്റെ കമ്പനിയിൽ മനോജിനെ പാർട്ട്‌നർ ആക്കിയത് പപ്പ പറഞ്ഞിട്ടാണ്..ആഴ്ചയിൽ ഒരിക്കൽ മനോജ്‌ അങ്ങോട്ട് വരും…ആദ്യമൊക്കെ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു…ബട്ട്‌ പിന്നീടെപ്പോഴോ….”

സെലിൻ ഒന്ന് നിർത്തി നീതുവിനെ നോക്കി..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്…

“ഷിമോഗയിൽ എനിക്കൊരു ഫാം ഹൌസ് ഉണ്ട്‌..ഇടയ്ക്ക് ഞാനും മനോജും അവിടെ പോയി താമസിക്കാറുണ്ട്….പപ്പയും അങ്കിളും ഞങ്ങളുടെ  മാരേജിനു സമ്മതിച്ചു….യുഎസിലെ അരിസോണയിൽ ബിസിനസ്‌ തുടങ്ങാനുള്ള പ്ലാൻ ഉണ്ട്‌ ഞങ്ങൾക്ക്..ഏറെ കുറേ അത്‌ ഓക്കേ ആയതാണ്…ഒത്തിരി ക്യാഷ് ഞാൻ  ഇൻവെസ്റ്റ്‌ ചെയ്തു. എന്റെ സമ്പാദ്യത്തിന്റെ മുക്കാൽ ഭാഗവും…ബട്ട്‌…രണ്ടു ദിവസം  മുൻപ് ആണ്  മനോജിന്റെ ഫ്രണ്ട് സ്റ്റീഫൻ നീതുവിനെ കുറിച്ച് എന്നോട് പറഞ്ഞത്…ഞാൻ വിശ്വസിച്ചില്ല. അവനെ കുറേ ചീത്ത വിളിച്ചു…എന്നാൽ ഇന്നലെ അവൻ നീതുവിന്റെ  ഫ്ലാറ്റിലെ ബർത്ത് ഡേ പാർട്ടിയുടെ ഫോട്ടോസും വിഡിയോസും എനിക്ക് അയച്ചു തന്നു.. ഐ വാസ് റിയലി ഷോക്ക്ഡ്..”

ഇന്നലെ മനുവിന്റെ കൂടെ  ഉണ്ടായിരുന്ന ക്ളീൻ ഷേവ്  ചെയ്ത ചെറുപ്പക്കാരനെ നീതുവിന് ഓർമ  വന്നു…ബാംഗ്ലൂരിലെ ഫ്രണ്ട് ആണെന്ന് മനു പരിചയപ്പെടുത്തിയിരുന്നു…

“ഞാൻ മനോജിനെ  വിളിച്ചു. പക്ഷേ  അവൻ പറഞ്ഞത്  നിങ്ങൾ ജസ്റ്റ്‌ ഫ്രണ്ട്‌സ് മാത്രമാണെന്നാ…എല്ലാം നേരിൽ പറയാമെന്നു പറഞ്ഞു അവൻ ഫോൺ വച്ചു…എനിക്ക് വിശ്വാസം വന്നില്ല…അതുകൊണ്ട് ഇവിടുത്തെ എന്റെ സോഴ്സ് വച്ച്  ഞാൻ  അന്വേഷിച്ചു…എല്ലാം അറിഞ്ഞു…കുറേ കരഞ്ഞു.. ബട്ട്‌ എനിക്ക് അങ്ങനെ നിലവിളിച്ചുകൊണ്ടിരിക്കാൻ പറ്റില്ല..അവനെ  വിശ്വസിച്ച് ഞാൻ  ചിലവാക്കിയിരിക്കുന്നത് കോടികൾ  ആണ്….അത്‌ നഷ്ടപ്പെടുത്താൻ  വയ്യ..എന്നെ ചതിച്ചതിനു അവനോട് പ്രതികാരം  ചെയ്യാൻ ഒന്നോ രണ്ടോ ഫോൺ കോളുകൾ മതി…പക്ഷെ അതല്ല  എനിക്ക് വേണ്ടത്…എന്നെ പോലെ വഞ്ചിക്കപ്പെട്ട ഒരു പെണ്ണാ നീതുവും…നിന്നെയെങ്കിലും രക്ഷിക്കണം…അതിനാ ഞാൻ ഇങ്ങോട്ട് വന്നത്….”

സെലിൻ ബാഗ് തുറന്ന് കുറച്ച് ഫോട്ടോസ് എടുത്ത് മേശപ്പുറത്തു ഇട്ടു…അവളും  മനോജും  ചേർന്നുള്ളത്…അവസാന ഫോട്ടോ ഒരു ബെഡിൽ അവളോട് ചേർന്നു കിടക്കുന്നത്…നീതുവിന്റെ കണ്ണു നീർ അതിലേക്ക് വീണു..

“റിയലി സോറി നീതു…. “

“ഏയ്‌ സാരമില്ല….. ” നീതു കണ്ണുകൾ തുടച്ചു കൊണ്ട് എഴുന്നേറ്റു…

“നമുക്ക് പുറത്തെവിടെങ്കിലും പോയി സംസാരിക്കാം..ഞാൻ കരയുന്നത് സ്റ്റാഫ്‌ കണ്ടാൽ ശരിയാവില്ല…”

“ഷുവർ…” സെലിൻ പറഞ്ഞു..എന്നിട്ട് അവൾ  നീതുവിന്റെ പുറകിൽ നടന്നു..പുറത്ത് സെലിന്റെ കാർ കിടപ്പുണ്ട്. അവളെ  കണ്ടതും ഡ്രൈവർ ഓടിവന്നു ഡോർ തുറന്നു.

“നോ..നോ..ഐ വിൽ ഗോ വിത്ത്‌ ഹെർ….ജസ്റ്റ്‌ വെയിറ്റ് ഇൻ ഹോട്ടൽ..”

അയാൾ തലയാട്ടി..

കാറിന്റെ അടുത്തെത്തി നീതു സെലിനോട്‌ ചോദിച്ചു..

“കാൻ യൂ ഡ്രൈവ് പ്ലീസ്….എനിക്ക് കയ്യും കാലുമൊക്കെ വിറക്കുന്നു..”

സെലിൻ അവളെ  സഹതാപത്തോടെ  നോക്കി…എന്നിട്ട് കീ  വാങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു…നീതു സീറ്റിൽ ചാരിയിരുന്ന് കണ്ണുകൾ  അടച്ചു….

************

“നിന്റെ ഡോക്ടറു കൊച്ചു വിളിച്ചില്യോടാ??”

അടുക്കളയിൽ സവാള  അറിയുകയായിരുന്ന കെവിനോട് അമ്മച്ചി ചോദിച്ചു…അടുക്കളപ്പടിയിൽ ഇരുന്ന് അമ്മച്ചി ചിക്കൻ വെട്ടുകയാണ്..

“എന്റെ ഡോക്ടറോ??അവളെന്റെ കാമുകി ഒന്നും അല്ല..”

“പിന്നെന്തിനാ എന്റെ മോൻ എപ്പോഴും ആ കൊച്ചിന്റെ ഫോട്ടോയും നോക്കി ഇരിക്കുന്നെ “?…

“ഞാൻ തമന്നയുടെ ഫോട്ടോയും നോക്കി ഇരിക്കാറുണ്ട്..അതിനർത്ഥം അവളോട് എനിക്ക് പ്രേമം ആണെന്നാണോ?”

“അതാരാ??”

“ജങ്ഷനിൽ പച്ചക്കറിക്കട  നടത്തുന്ന സരോജിനി ചേച്ചീടെ മോള്….” അവനു ദേഷ്യം വന്നു…

“കിന്നാരം പറഞ്ഞോണ്ടിരിക്കാതെ ഒന്ന് വേഗം നോക്ക് അമ്മച്ചീ..എനിക്ക് സന്ധ്യക്ക്‌ മുൻപ് പോണം..”

കാസറഗോഡ് ജില്ലയിലെ വിദ്യാനഗറിലേക്ക് അവനു ഒരു ട്രിപ്പ്‌ കിട്ടിയിട്ടുണ്ട്…ഒരു പ്രായമുള്ള സ്ത്രീയെ അവരുടെ മകളുടെ  വീട്ടിൽ എത്തിക്കണം..രാത്രി ഏഴു മണിക്ക് ഇവിടുന്ന് പുറപ്പെടണം….

“എടാ, എല്ലാരും ചോദിച്ചു തുടങ്ങി എപ്പോഴാ പുതിയ വീട്ടിലേക്ക് താമസം മാറുന്നതെന്ന്…” അമ്മച്ചി അവനെ  നോക്കി..ഇപ്പൊ താമസിക്കുന്നതിന്റെ തൊട്ട് പിന്നിൽ അത്യാവശ്യം സൗകര്യമുള്ള ഒരു വീട് അവർ പണിതിട്ടുണ്ട്…

“ഒന്ന് രണ്ട് മാസം കഴിയട്ടെ…മുറ്റത്തു ഇന്റർലോക്ക് കൂടെ ഇടണം..ഇല്ലേൽ മൊത്തം ചളിയാകും..കൈയിൽ കാശൊന്നും ഇരിപ്പില്ല…”

അവൻ മുറിച്ചു വച്ച സവാള ഒരു പാത്രത്തിലേക്ക് ഇട്ടു എഴുന്നേറ്റു…വൈകിട്ട് പുറപ്പെടും മുൻപ് അവൻ  ഫോൺ നോക്കി..നീതുവിന്റെ മെസ്സേജ് ഒന്നുമില്ല…അവൻ വെറുതെ ഒന്ന് വിളിച്ചു നോക്കി..

“കെവിൻ ഞാൻ പിന്നെ വിളിക്കാം..” അവളുടെ  സ്വരത്തിൽ പതിവില്ലാത്ത ഗൗരവം….അവൻ  സോറി പറഞ്ഞു ഫോൺ വച്ചു..

************

അടുത്ത ദിവസം…മനോജിന്റെ ഓഫീസ്..കസേരയിൽ  കൈ കെട്ടി ഇരിക്കുകയാണ് നീതു…അവളുടെ നോട്ടം നേരിടാൻ ആകാതെ അവൻ മുഖം തിരിച്ചു…ഒരു സി ഗരറ്റിനു തീ കൊളുത്തി….

“മനൂ…എന്തെങ്കിലും പറയാനുണ്ടോ?” ശാന്തമെങ്കിലും ഉറച്ച സ്വരത്തിൽ അവൾ  ചോദിച്ചു…

“പറ്റിപ്പോയി..സോറി.”

“ആഹാ…സോ നൈസ്….ഒറ്റ വാക്കിൽ എത്ര സിംപിൾ ആയി പറഞ്ഞു തീർത്തു…!!”.. അവൾ പരിഹാസപൂർവ്വം കൈ അടിച്ചു…പിന്നെ  ചാടി എണീറ്റ് അവന്റെ അടുത്തെത്തി..ഷർട്ടിനു കുത്തി പിടിച്ചു…

“ഞാൻ വേറൊരുത്തന്റെ കൂടെ കിടക്കുന്ന ഫോട്ടോസ് കണ്ടാൽ  നിനക്ക് എന്ത് തോന്നും?? എങ്ങനെ മനസ്സ് വന്നെടാ??..നിനക്ക് വേണ്ടതെല്ലാം ഞാൻ  തന്നില്ലേ? ഒരിക്കൽ എങ്കിലും നിനക്കിഷ്ടമില്ലാത്തത് എന്തെങ്കിലും ഞാൻ  ചെയ്തിട്ടുണ്ടോ??. നിനക്ക് വേണ്ടി കാത്തിരുന്ന് എന്റെ അച്ഛനേം അമ്മയെയും വെറുപ്പിച്ചു…എന്റെ സന്തോഷങ്ങളെല്ലാം  നിനക്ക് വേണ്ടി മാറ്റി വച്ചു…എന്നിട്ടും…..”…

അവൾക്ക് ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ശ്വാസം മുട്ടി….

“നിനക്ക് നിന്റെ ലൈഫ്…നിന്റെ ഡ്രീംസ്…അമേരിക്കയിലെ ബിസിനസ്…അവിടെ സെറ്റിൽ ആവണം….അതിനുള്ള ഒരു ഉപകരണം ആണ് സെലിൻ…അപ്പൊ ഞാനോ?? ഞാൻ നിന്റെ ആരായിരുന്നു…ഇവിടെ നിന്റെ കിടപ്പറയിൽ ഒരു ശരീരം മാത്രം.. അല്ലേ???”

“നീതു പ്ലീസ്..അങ്ങനൊന്നും പറയരുത്..ഞാൻ  നിന്നെ സ്നേഹിച്ചത് ആത്മാർഥമായിട്ടാണ്…പറഞ്ഞില്ലേ പറ്റി പോയി…നിന്നോട് തുറന്ന് പറയണമെന്ന് വിചാരിച്ചതാ…പക്ഷേ…”

“പക്ഷേ??..എന്താ ഒരു പക്ഷേ…?? “..അവൾ  അവന്റെ കണ്ണുകളിലേക്ക് നോക്കി..അവൻ തലകുനിച്ചു….

“എന്തിനായിരുന്നു മനൂ ???എന്തൊക്കെ സ്വപ്നമായിരുന്നു എനിക്ക്…നിന്നെ കൊല്ലണം എന്നുണ്ട്…പക്ഷെ ഇപ്പഴും നീ എന്റെ ജീവനാണ്….” അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വീണു….അവൻ അവളെ കെട്ടിപിടിച്ചു…അവൾ കുതറി പിന്നോട്ട് മാറി…

“മതി…എല്ലാം ഇവിടെ തീരുന്നു…നിന്റെ പേരും എഴുതി വച്ചിട്ട് ചാവാനൊന്നും ഞാൻ പോകുന്നില്ല…അതുപോലെ തന്നെ  നിന്റെ പേരിൽ കേസുകൊടുക്കുകയോ മീഡിയയുടെ മുന്നിൽ പോവുകയോ ചെയ്യില്ല..അത്‌ സെലിന് ഞാൻ കൊടുത്ത വാക്കാണ്…അവളുടെ കൂടെയുള്ള ജീവിതമായിരിക്കും  നിനക്ക് കിട്ടാൻ പോകുന്ന ഏറ്റവും വലിയ  ശിക്ഷ…ഇനി എന്റെ മുന്നിൽ നീ വരരുത്…”

അവൾ കണ്ണുകൾ  തുടച്ചു…ബാഗിൽ നിന്ന് അവൻ പിറന്നാളിന് കൊടുത്ത ചെയിൻ എടുത്ത് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു…എന്നിട്ട് പുറത്തേക്ക് നടന്നു…കാറിൽ കയറി  സ്റ്റീയറിങ്ങിൽ മുഖം വച്ചു അവൾ പൊട്ടിക്കരഞ്ഞു….ബാഗിലെ പ്രഗ്നൻസി കിറ്റിലെ രണ്ടു വരകൾ തന്നെ പരിഹസിച്ചു  ചിരിക്കുന്നതായി അവൾക്ക് തോന്നി…മെല്ലെ വയറിൽ തൊട്ടു….ക്ഷമിക്കൂ കുഞ്ഞേ…എല്ലാം എന്റെ തെറ്റാണ്…എന്റെ തെറ്റ്..വിഷമിക്കണ്ട…നിനക്ക് ഞാനുണ്ട്..ഞാൻ മാത്രം മതി…എനിക്ക് നിന്നെ വേണം…അവൾ  മനസ്സിൽ പറഞ്ഞു….

ആരോടെങ്കിലും സംസാരിക്കണം  എന്നവൾക്ക് തോന്നി…ഫോൺ എടുത്തു..ഓരോ പേരിലൂടെയും കണ്ണുകൾ പായിച്ചു…ആരെ  വിശ്വസിക്കും എന്നു അറിയില്ല…ആ  സമയത്താണ് അച്ഛന്റെ വിളി വന്നത്..

“നീ എപ്പോഴാ ഇങ്ങോട്ട് വരുന്നേ?”

“വരാം അച്ഛാ കുറച്ച് തിരക്കുണ്ട്…” അവൾ പരമാവധി ശബ്ദം ഇടറാതെ ശ്രമിച്ചു കൊണ്ട് പറഞ്ഞു…

“നീ കല്യാണക്കാര്യം പറയുമ്പോൾ ഒഴിഞ്ഞു മാറുന്നത് കാണുമ്പോൾ ആരോ മനസ്സിൽ ഉള്ളത് പോലെ തോന്നുന്നു…ആരായാലും എനിക്ക് പ്രശ്നമില്ല…അവന്റെ ജോലിയോ സാമ്പത്തികമോ ഒന്നും ഞാൻ നോക്കില്ല…കണ്ണടയും മുൻപ് നിന്റെ വിവാഹം ഒന്ന് കാണണം…അത്രയേ  ഉള്ളൂ..”

ഒരു കരച്ചിൽ തികട്ടി വരുന്നത് അവളറിഞ്ഞു….ഫോൺ കട്ട് ചെയ്തു..അവൾ  കാർ മുന്നോട്ട് എടുത്തു…കുറച്ച് ദൂരം പോയപ്പോൾ അവൾക്ക് കെവിന്റെ മുഖം മനസ്സിൽ കടന്നു വന്നു…വിശ്വസിക്കാൻ പറ്റുന്നവൻ..അവനോട് സംസാരിച്ചാൽ മനസ്സ് ചിലപ്പോൾ ഒന്ന് തണുത്തേക്കും…അവൾ ഓരം ചേർന്ന് വണ്ടി നിർത്തി…അവന്റെ നമ്പറിലേക്ക് വിളിച്ചു…എടുക്കുന്നില്ല…വീണ്ടും വീണ്ടും വിളിച്ചു….നോ ആൻസർ…ഇന്നലെ വിളിച്ചപ്പോൾ സംസാരിക്കാതെ ഫോൺ വച്ചതിലുള്ള ദേഷ്യം ആയിരിക്കും..അല്ലെങ്കിലും അതങ്ങനെയാണ്..ജീവിതത്തിൽ ആരുടെയെങ്കിലും സാമീപ്യം അത്യാവശ്യമെന്നു തോന്നുന്ന സമയത്ത്  കിട്ടില്ല…അവൾ ഫോൺ  തുറന്ന് സിം കാർഡ് വെളിയിൽ എടുത്തു…മെല്ലെ രണ്ടായി ഒടിച്ചു പുറത്തേക്ക് എറിഞ്ഞു..എന്നിട്ട് കാർ മുന്നോട്ട് എടുത്തു…

അതെ സമയം ഇങ്ങു മാഹി പാലത്തിന്റെ അടുത്ത് തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള ലോറിയിൽ ഇടിച്ചു തകർന്ന ടാക്സി കാറുള്ളിൽ ചോരയിൽ കുളിച്ച ഫോണിന്റെ ഡിസ്പ്ലേയിൽ, “നീതു  കാളിങ് ” എന്ന് തെളിഞ്ഞു വന്നു…..

കൂടി  നിന്ന ആൾക്കാരിൽ ഒരാൾ  മറ്റൊരാളോട് പറഞ്ഞു…

“കാറുകാരൻ മര്യാദക്കാണ് വന്നത്…ആ ലോറി റോങ് സൈഡ് കേറിയതാ…ഓവർ സ്പീഡ് ആയിരുന്നു…ഞാനാ കടയിലിരുന്ന് ചായ കുടിച്ചോണ്ടിരിക്കുമ്പോഴാ സംഭവം….”

പാലത്തിനരികെ മത്സ്യകച്ചവടം നടത്തുന്ന ചേച്ചി മീൻ വാങ്ങാൻ വന്നയാളെ നോക്കി..

“എന്റമ്മേ..ഒരു വല്ലാത്ത കാഴ്ച്ച ആയിരുന്നു..നല്ലോരു ചെറുപ്പക്കാരൻ…ചോ രയിൽ കുളിച്ചു കിടക്കുകയാരുന്നു…ആംബുലൻസിൽ കേറ്റുമ്പോ അനക്കമൊന്നും ഇല്ല…പാവം..അതിന്റെ വീട്ടിൽ ആരെങ്കിലും കാത്തിരിക്കുന്നുണ്ടാവില്ലേ..??. മാതാവേ..ആ കുഞ്ഞിന്റെ ജീവന് കുഴപ്പം ഒന്നും ഉണ്ടാവല്ലേ….”

ഒരു പോലീസുകാരൻ കാർ പരിശോധിക്കുകയായിരുന്നു..സീറ്റിനടിയിൽ നിന്ന് ഫോൺ കണ്ടെടുത്തു…കുറച്ചു രൂപയും…അയാൾ  ഫോൺ ഓപ്പൺ ചെയ്യാൻ ശ്രമിച്ചു തുടങ്ങി…മയ്യഴിയുടെ കാറ്റിൽ രക്തത്തിന്റെ ഗന്ധം അലിഞ്ഞു ചേർന്നു…

***************

തഞ്ചാവൂർ.. തമിഴ്നാട്..

കാമാക്ഷി അമ്മൻ കോവിലിന്റെ വടക്കു വശമുള്ള ശ്രീഗണേശാ ക്ലിനിക്…രോഗികളുടെ വെയ്റ്റിംഗ് റൂമിൽ  ആരും  തന്നെ  ഇല്ല..ഒരു അഞ്ച് വയസുകാരി  അവിടെ ഇരുന്ന് കളിക്കുന്നുണ്ട്…..അവിടെ സഹായത്തിനു നിൽക്കുന്ന  സാവിത്രി ഡോക്ടറുടെ റൂമിലേക്ക് തലയിട്ടു..

“ഡോക്ടറമ്മാ…ഉങ്കളെ പാക്കറുതുക്ക് യാരോ വന്തിരുക്ക്…മലയാളി താൻ…. “

“യാര്??? “

“തെരിയാത്..”

“ശരി, വര സൊല്ല്..”

വാതിൽ കടന്നു  വന്ന ആളെ കണ്ട് അവൾ  ഞെട്ടി പോയി…നീണ്ടു മെലിഞ്ഞ ആ  രൂപത്തിന് വലിയ മാറ്റം ഒന്നും ഇല്ല..നെറ്റിയിലും കവിളിലും  മുറിപ്പാടുകൾ ഉണ്ട്‌…കണ്ണടയും വച്ചിട്ടുണ്ട്….

“കെവിൻ..”

“മാഡം  മറന്നിട്ടില്ല അല്ലേ??.. “

നീതു ഒന്നും മിണ്ടിയില്ല…അവൻ  പതിയെ മുന്നോട്ട് നടന്നു കസേരയിൽ ഇരുന്നു…ചെറിയ മുടന്ത് ഉണ്ട്‌….

“സുഖമാണോ ?” അവൾ  ചോദിച്ചു…

അവൻ അതിന് മറുപടി പറയാതെ അവളുടെ  മുഖത്തേക്ക് തന്നെ  നോക്കി…ആ  കണ്ണുകളിലെ തിളക്കവും   മുഖത്തു സാദാ വിടർന്നു നിന്നിരുന്ന പുഞ്ചിരിയുമൊക്കെ നഷ്ടമായിരുന്നു..ചിറകുകൾ അരിയപ്പെട്ട മാലാഖ…അവനു വല്ലാത്ത വേദന  തോന്നി…

“താൻ വല്ലാതെ  മാറിയിരിക്കുന്നു നീതു…”

“മാറ്റം അനിവാര്യമല്ലേ?”

“ആയിരിക്കാം…”

“ഇവിടെ എങ്ങനെ എത്തി??”

“ആത്മാർത്ഥമായി ഒരാളെ  ഇഷ്ടപ്പെടുകയും  അയാളെ അന്വേഷിക്കുകയും ചെയ്‌താൽ ഈ ലോകം നമുക്ക് മുന്നിൽ തീരെ  ചെറുതായി  വരും…”

“ആഹാ…താൻ നന്നായി സംസാരിക്കാനും പഠിച്ചല്ലോ…”?

“ഉവ്വ്…കുറേ കാലം  കിടപ്പിലായിരുന്നു…വായിക്കാനും ചിന്തിക്കാനുമൊക്കെ ഒരുപാട് സമയം  കിട്ടി…”

“അറിഞ്ഞിരുന്നു…തനിക്ക് മാഹിയിൽ വച്ചു അപകടം നടന്നതും മരണത്തിൽ നിന്ന് തിരിച്ചു വന്നതുമൊക്കെ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു…”

അവൻ പുഞ്ചിരിച്ചു…

“നീതൂ, താൻ എന്നെ കാണാൻ വരാത്തതിൽ പണ്ടൊക്കെ എനിക്ക് വലിയ സങ്കടം ഉണ്ടായിരുന്നു..ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ട് ഒന്ന് വന്നില്ലല്ലോ…പിന്നീട് അത്‌ ദേഷ്യമായി മാറി…പക്ഷേ  വെറുക്കാൻ പറ്റിയില്ല..അതുകൊണ്ട് തന്നെ  എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ ആദ്യം തന്റെ  ഫ്ലാറ്റിൽ പോയി…അവിടാർക്കും ഒന്നും അറിയില്ലായിരുന്നു…പിന്നെ തന്റെ  കൂട്ടുകാരെയൊക്കെ കണ്ടു..ആർക്കും വ്യക്തത ഇല്ലായിരുന്നു..അവസാനം ഡോക്ടർ അരുണിമ, തന്റെ മനസാക്ഷി സൂക്ഷിപ്പുകാരി,…അവരാണ് എല്ലാം പറഞ്ഞത്…അന്ന് തൊട്ട് തുടങ്ങിയ അന്വേഷണം ആണ്…”

അവൾ  നിർവികാരതയോടെ കേട്ടിരുന്നു…

“ഇപ്പൊ വന്നത്  വേറൊരു കാര്യം പറയാനാ…ഒരു കൊച്ചു വീട് പണിതിട്ട് വർഷം കുറേ ആയി…ഗൃഹപ്രവേശം നടത്താനിരുന്നപ്പോഴാ  ഇങ്ങനൊക്കെ ആയത്…ഇപ്പൊ നടത്തണമെന്ന് അമ്മച്ചിക്ക് വലിയ ആഗ്രഹം…അധികം ആരെയും  ക്ഷണിക്കുന്നില്ല..കുറച്ച് കൂട്ടുകാരും നാട്ടുകാരും…ബന്ധുക്കളായി ഞങ്ങൾക്ക് അങ്ങനെ ആരും ഇല്ല…അടുത്ത ഞായറാഴ്ച ആണ്…താൻ  വെള്ളിയാഴ്ച വൈകിട്ടെങ്കിലും അവിടെത്തണം…”

“ഞാൻ വരില്ല കെവിൻ…നാട് എന്നത് ഞാൻ മറക്കാൻ ശ്രമിക്കുന്ന ഒരു ദുസ്വപ്നം മാത്രമാണ്….”

“ആയിക്കോട്ടെ..പക്ഷേ  എനിക്ക് വേണ്ടി ഒരേ ഒരു പ്രാവശ്യം വരണം…പാലുകാച്ചൽ  കഴിഞ്ഞിട്ട് വേണമെങ്കിൽ ഞാൻ തന്നെ ഇവിടെ കൊണ്ടു വിടാം…”

പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞ് അകത്തേക്ക് വന്നു..കെവിൻ അവളെ  എടുത്ത് മടിയിലിരുത്തി..

“മോളുടെ പേരെന്താ?”

അവൾ ഒന്നും മിണ്ടാതെ  നാണത്തോടെ  തല  കുനിച്ചു…

“പവിത്ര ” നീതുവാണ് മറുപടി പറഞ്ഞത്.

കെവിൻ പോക്കറ്റിൽ നിന്ന് ഒരു ചോക്ലേറ്റ് എടുത്ത് കുഞ്ഞിന് കൊടുത്തു..

“കുറച്ചു ദിവസം കഴിഞ്ഞാൽ  മോള് അമ്മയും കൂട്ടി അങ്ങ് ദൂരെ ഒരിടത്തു വരണം കേട്ടോ…അവിടൊരു മുത്തശ്ശി മോളേ കാത്തിരിക്കുന്നുണ്ട്..” അവൻ അവളുടെ കവിളിൽ ഉമ്മ വച്ചു…

“പോട്ടെ, കുറേ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…”

അവൻ പുറത്തിറങ്ങിയപ്പോൾ നീതുവും വന്നു..

“താൻ എന്നെ ക്ഷണിക്കാൻ വേണ്ടി മാത്രമാണോ ഇത്രയും ദൂരെ വന്നത്..?? അതിനും മാത്രം ഞാൻ ആരാ  തന്റെ??”

അവൻ ചിരിച്ചു…

“എല്ലാ ബന്ധങ്ങളും  അങ്ങനെ നിർവചിക്കാൻ പറ്റില്ല..വേണ്ടപ്പെട്ട ആരോ ആണെന്ന് തോന്നി…അതാ വന്നത്..” അവൻ  നടന്നകന്നു..

******
“അമ്മച്ചിയേയ്…ഇവിടൊരു പന്തൽ ഇട്ടാൽ  ഭക്ഷണം ഉണ്ടാക്കാൻ സൗകര്യമായേനെ..”..

അൻവർ തന്റെ  അഭിപ്രായം പറഞ്ഞു..

“ഓ..അതിനെന്താ…ടാർപായയും  കസേരയുമൊക്കെ  നീ സതീശന്റെ കടയിൽ  നിന്നെടുത്തോ…അധികം ആളൊന്നും ഉണ്ടാവത്തില്ലെടാ…നിങ്ങള് കൂട്ടുകാരും പിന്നെ ഈ   ചുറ്റിലും കാണുന്ന മൂന്ന് വീട്ടുകാരും..അത്രേ ഉള്ളൂ….” പറമ്പിൽ വീണ  നാളികേരം എടുത്തുകൊണ്ടു വരികയായിരുന്നു അമ്മച്ചി..

“ദേ, ആരാണ്ടു വിരുന്നുകാര് വരുന്നു..” ഗേറ്റിനു പെയിന്റ് അടിക്കുകയായിരുന്ന രാജേഷ് വിളിച്ചു പറഞ്ഞു…അമ്മച്ചി നാളികേരം മുറ്റത്തേക്കിട്ട് തിരിഞ്ഞു നോക്കി…ഒക്കത്ത് ഒരു കുഞ്ഞുമായി ഒരു പെണ്ണ്…

“കെവിന്റെ വീടല്ലേ?”…അവൾ  ശങ്കയോടെ  ചോദിച്ചു…

“നീതു അല്ലേ? വാ മോളേ..ഞാൻ അവന്റെ അമ്മച്ചിയാ..” അവർ  സന്തോഷത്തോടെ നീതുവിനെ ചേർത്തു പിടിച്ചു… എന്നിട്ട് കുഞ്ഞിനെ പിടിച്ചു വാങ്ങി..

“എന്താ സുന്ദരിക്കുട്ടീടെ പേര്?”

“പവിത്ര…” നാണത്തോടെ ഉള്ള മറുപടി..

“ആഹാ , അസ്സല് പേരാണല്ലോ….” അൻവർ പറഞ്ഞു…

“ആരാ  അമ്മച്ചീ ഇത്?”..

“എന്റെ ചെറുക്കന്റെ കൂട്ടുകാരിയാടാ…കുറേ ദൂരേന്നു വരികയാ…” അമ്മച്ചി നീതുവിന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങി..

“വാ മോളേ..നമുക്ക് അകത്തേക്ക് പോകാം…ഇവിടെ ഈ പെയിന്റിന്റെ മണം കുഞ്ഞിന് നന്നല്ല..”

അവർ നീതുവിനെയും കൂട്ടി പഴയ വീടിന്റെ അകത്തേക്ക് നടന്നു…

കെവിൻ ഒരു പേപ്പറും പേനയും എടുത്ത് എന്തോ എഴുതുകയായിരുന്നു…റൂമിനകത്തേക്ക് കയറി  വന്ന നീതുവിനെ കണ്ട് അവൻ  ആഹ്ലാദത്തോടെ എഴുന്നേറ്റു.

“താൻ എത്തിയോ?? വിളിച്ചിരുന്നെങ്കിൽ ഞാൻ  സ്റ്റേഷനിൽ വന്നേനെ..”

“ഞാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ?”

“തീർച്ചയായും..”..

“അതെങ്ങനെ?”

“മനസ്സ് പറഞ്ഞു…മോളെവിടെ?”

“അമ്മച്ചിയുടെ അടുത്തുണ്ട്…”

“താൻ പോയി റസ്റ്റ്‌ എടുക്ക്…പിന്നെ സംസാരിക്കാം..” അവൾ  പുറത്തിറങ്ങി…

**************

പറമ്പിൽ താറാവുകളുടെ പിന്നാലെ നടക്കുകയാണ്  പവിത്ര…അമ്മച്ചി അതും  നോക്കി താടിക്ക് കയ്യും കൊടുത്ത് ഇരിക്കുന്നു.

“ഈ തങ്കകുടത്തേയും  ആ പെങ്കൊച്ചിനെയും കളഞ്ഞിട്ടല്ലേ ആ നാറി സ്വന്തം സുഖം തേടി പോയത്??? എന്റെ കർത്താവേ അവന്റെ തലയിൽ ഇടിത്തീ വീഴണേ…”

“അമ്മച്ചി ആരെയാ പ്രാ കുന്നത്?” അൻവർ  അങ്ങോട്ട് കടന്നു  വന്നു..

“ഒന്നുമില്ലെടാ മോനേ..ചുമ്മാ ഓരോന്ന് ആലോചിച്ചു…”

“നമ്മടെ ബ്രൂസ്‌ലി എവിടെ?”.

“അവനാ പെങ്കൊച്ചിന്റെ കൂടെ പുഴക്കരക്ക് പോയി..”

“മോൾക്ക് ഈ നാടൊക്കെ ഇഷ്ടപ്പെട്ടോ..” അൻവർ പവിത്രയോട് ചോദിച്ചു…അവൾ  ആഹ്ലാദത്തോടെ തലയാട്ടി….

*************

പുഴക്കരയിൽ  വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന ഒരു തെങ്ങിനടുത്ത് നിൽക്കുകയാണ് നീതുവും  കെവിനും…ശാന്തമായി ഒഴുകുന്ന പുഴ..രണ്ടു കരയിലും പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പ്…മനസും ശരീരവും  തണുപ്പിക്കുന്ന കാറ്റ്…അവൾക്ക് വല്ലാത്തൊരു സുഖം തോന്നി. മൈദാമാവും മഞ്ഞളും ചേർത്ത് കുഴച്ചത് ചെറിയ ഉരുളകൾ  ആക്കി അതിൽ  നിന്ന് ഒന്നെടുത്തു കെവിൻ ചൂണ്ടയിൽ കൊരുത്തു..എന്നിട്ടത് പുഴയിലേക്ക് നീട്ടി എറിഞ്ഞു…അതിന്റെ അറ്റം നീതുവിന് നീട്ടി..അവൾ  അത് കൗതുകത്തോടെ  പിടിച്ചു..കുറച്ചു കഴിഞ്ഞപ്പോൾ അനക്കം  തട്ടുന്നത് അവൾ  അറിഞ്ഞു..

“അയ്യോ എന്തോ തട്ടുന്നു..” അവൾ വലിച്ചു..പക്ഷേ ഒന്നും കിട്ടിയില്ല…കെവിൻ പൊട്ടിച്ചിരിച്ചു….

“അങ്ങനല്ല ഡോക്ടറേ…ആദ്യം മീൻ  ഒന്ന് കൊത്തി നോക്കും..എന്നിട്ട് രണ്ടാമതും വരും..അപ്പൊ വലിച്ചോണം…ഇങ്ങു താ..ഞാൻ കാണിച്ചു തരാം…”

അവൻ ഒരിക്കൽ കൂടി  ഇര കോർത്തു ചൂണ്ട നീട്ടി എറിഞ്ഞു എന്നിട്ട് അവളുടെ പിന്നിൽ പോയി നിന്നു..അവളുടെ കൈ പിടിച്ച് വിരലിൽ അതിന്റെ അറ്റം പിടിപ്പിച്ചു…അവന്റെ ചുടു ശ്വാസം കഴുത്തിൽ അടിക്കുന്നത് അവൾ  അറിഞ്ഞു…അവളുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടി…കുറച്ചു സമയത്തിന്  ശേഷം അവൻ ചൂണ്ടയും അവളുടെ കൈയും  ഒറ്റയടിക്ക് പിന്നോട്ട് വലിച്ചു…ഒരു മീൻ കിടന്ന് പിടക്കുന്നു…അവൻ  ശ്രദ്ധാപൂർവം അതിനെ  വിടുവിച്ചു പുഴയിലേക്ക് തന്നെ ഇട്ടു…

“അതെന്തേ?”.

“തീരെ കുഞ്ഞാണ്…പാവം…”

ചൂണ്ട നിലത്തിട്ട് അവൻ  അവളുടെ നേരെ തിരിഞ്ഞു നിന്നു. “ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു..”

അവൾ ചോദ്യഭാവത്തിൽ  നോക്കി..

“സാധാരണക്കാരിയായ  ഒരു പെണ്ണ് ചതിക്കപ്പെടുന്നത് മനസിലാക്കാം..പക്ഷേ  വലിയൊരു കുടുംബത്തിൽ ജനിച്ച ഒരു പെണ്ണ്…അതും  ഒരു ഡോക്ടർ…എങ്ങനെ??”

അവൾ ഒന്ന് ചിരിച്ചു..

“പണക്കാരിയായാലും, പാവപ്പെട്ടവളായാലും  വിദ്യാഭ്യാസം ഉള്ളവളായാലും ഇല്ലാത്തവളായാലും  ഇതിനു ഒരേ കാരണമേ ഉള്ളൂ…സ്നേഹം..സ്നേഹിക്കുന്നവനോടുള്ള വിശ്വാസം..ആ സമയത്ത് ഭൂരിഭാഗം സ്ത്രീകളും ഒരു മായാലോകത്ത് ആയിരിക്കും…ഞാനും  അങ്ങനെ തന്നെ…അവന്റെ കൂടെ കിടക്ക പങ്കിട്ടത് അടങ്ങാത്ത കാ മദാഹം കൊണ്ടൊന്നും ആയിരുന്നില്ല..ഞാൻ  സ്നേഹിക്കുന്നവന്റെ, എന്നെ ഇഷ്ടപ്പെടുന്നവന്റെ സന്തോഷം… അത് മാത്രമായിരുന്നു മനസ്സിൽ….” അവളുടെ കണ്ണുകൾ  നിറഞ്ഞൊഴുകി..

“സാരമില്ല…ഞാനിന്ന് സന്തോഷവതിയാണ്..ഒരു മോളുണ്ട്…പക്ഷേ നാളെ  അവൾ അച്ഛനെ ചോദിക്കുമ്പോൾ എന്ത് പറയും?.. അമ്മയെ ചതിച്ചു സ്വന്തം സുഖം നോക്കി പോയ ഒരുത്തനാണെന്നോ?.. “

അവൾ പൊട്ടികരഞ്ഞു.. “ഗർഭിണി ആണെന്നറിഞ്ഞതോടെ വീട്ടുകാർ കൈ വിട്ടു…കുടുംബത്തിന്റെ അഭിമാനം ആയിരുന്നു അവർക്ക് വലുത്..കുഞ്ഞിനെ നശിപ്പിച്ചാൽ  സ്വീകരിക്കാമെന്ന് അച്ഛൻ…ഞാൻ എങ്ങനെ അത് ചെയ്യും…? ഒടുവിൽ രണ്ടും കല്പിച്ചു ജീവിക്കാൻ തുടങ്ങി..ഒരു സുഹൃത്ത് ആണ്  തഞ്ചവൂരിൽ ജോലി ശരിയാക്കി തന്നത്…ഒറ്റപ്പെടലിന്റെ വേദനയിൽ പലപ്പോഴും  ആരെങ്കിലും അടുത്തുണ്ടാവണം എന്നാഗ്രഹിച്ചിരുന്നു..ഒരാശ്വാസത്തിന്..തന്റെ  മുഖം മനസിലെത്തും…പക്ഷേ  തന്റെ അവസ്ഥ അറിഞ്ഞപ്പോൾ അതിന് കഴിഞ്ഞില്ല..”

കെവിൻ അവളുടെ  അടുത്ത് ചെന്ന് അവൾ കെട്ടിപ്പിടിച്ചു…അവൾ  ആ  നെഞ്ചിൽ തലവച്ചു കരഞ്ഞു…വര്ഷങ്ങളായി  അടക്കി വച്ചതെല്ലാം  ഒഴുകി തീരും വരെ…

“നീതൂ..”

“ഉം “?

“നിനക്കിനി പോണോ?”

“വേണം..”

‘ഇവിടെ എന്റെ കൂടെ നിന്നൂടെ..? “

അവൾ നിന്ദാഭാവത്തിൽ  ചിരിച്ചു..

“എന്തിന്?? പി ഴച്ചു പെറ്റവളോടുള്ള സഹതാപം ആണോ?? വേണ്ട..ഒരിക്കൽ എന്നെ രക്ഷിച്ചവനാ നീ…നിന്റെ സാമീപ്യം കൊതിച്ചിരുന്ന കാലം ഉണ്ടായിരുന്നു..അതുകൊണ്ടാ വന്നത്…എനിക്ക് തിരിച്ചു പോണം…അജ്ഞാത വാസം തുടരണം…”

അവൾ കണ്ണുകൾ തുടച്ചു കൊണ്ട് തിരിച്ചു നടന്നു…..

************

വീടിന്റെ പാലുകാച്ചൽ  വളരെ  ഭംഗിയായി  നടന്നു…വന്നവർക്കെല്ലാം നീതുവിനെ ഒരുപാട് ഇഷ്ടമായി…അവളുടെ ഹൃദ്യമായ പെരുമാറ്റം എല്ലാവരുടെയും മനം കവർന്നു..അവൾ ഒരു ഡോക്ടർ ആണെന്നറിഞ്ഞതോടു കൂടി ബഹുമാനവും ഇരട്ടിച്ചു..നീതുവിനും ആ നാട് ഒത്തിരി ഇഷ്ടമായി…നിഷ്കളങ്കരായ, സ്നേഹസമ്പന്നരായ നാട്ടുകാർ…പക്ഷെ അവൾ തിരിച്ചു പോകാൻ ഒരുങ്ങി…അമ്മച്ചിയെ തേടി നടക്കുകയാണ് അവൾ..വീടിനു പിന്നിൽ ശബ്ദം കേട്ട് അങ്ങോട്ട് പോയി..അയൽവാസികളായ  കുറച്ചു സ്ത്രീകളും  കെവിന്റെ കൂട്ടുകാരുമൊക്കെ അവിടെ ഉണ്ട്‌ അമ്മച്ചി അവരോട് കാര്യമായി  എന്തോ സംസാരിക്കുന്നു..അവൾ ഒരു നിമിഷം ശ്രദ്ധിച്ചു..

“എന്റെ തല തെറിച്ച  ചെക്കൻ ചെയ്ത തെറ്റാണ്…ഈ  കൊച്ചും അവനും ഇഷ്ടത്തിലാരുന്നു…ഈ പാവത്തിന് വയറ്റിലായ സമയത്താ അവൻ വണ്ടിയടിച്ച് കിടപ്പിലായെ..ഇവളുടെ വീട്ടുകാരെല്ലാം ചേർന്ന് നാടുകടത്തി…കുഞ്ഞിനെ ഇല്ലാണ്ടാക്കാൻ കുറേ ശ്രമിച്ചു..ഇവള് വിട്ടില്ല…തമിഴ്‌നാട്ടിലെങ്ങാണ്ട് താമസിച്ചു അത് പ്രസവിച്ചു…ഇവൻ സുഖമായതിനു ശേഷം ഇടക്കിടക്ക് ഇവളെ കാണാൻ പോവാറുണ്ടാരുന്നു..എന്നെ പേടിച്ചാ പറയാഞ്ഞത്…ഇപ്പൊഴാ എന്നോടിതൊക്കെ പറയുന്നേ….”

നീതു ഞെട്ടിപ്പോയി…കോപത്തോടെ അവൾ  വീടിനകത്തേക്ക് നടന്നു..കട്ടിലിൽ കിടക്കുകയാണ് കെവിൻ. പവിത്ര അവന്റെ നെഞ്ചിൽ ഇരിക്കുന്നുണ്ട്. കൈയിൽ എന്തോ കളിപ്പാട്ടവും…

“ഒന്നൂടെ വിളിച്ചേ…പപ്പാ..”.. അവൻ പറയുന്നു…

ഇച്ചിരി ലജ്ജയോടെ  പവിത്ര അത് ആവർത്തിച്ചു..

“പപ്പാ .”

അവൻ സന്തോഷത്തോടെ അവളെ നെഞ്ചിലേക്കിട്ട് തെരുതെരെ  ചുംബിച്ചു..

“കെവിൻ, എന്താ ഇതൊക്കെ?”

“എന്ത്?”

“നിന്റെ അമ്മ അവിടെ നാട്ടുകാരോട് ഞാനും  നീയും പ്രണയത്തിലായിരുന്നെന്നും ഇത് നിന്റെ കുഞ്ഞാണെന്നും പറയുന്നു..നീയോ  കുഞ്ഞിനെ ഓരോന്ന് പറഞ്ഞു പഠിപ്പിക്കുന്നു.. ഇതൊക്കെ എന്താ?”.. അവൾ  കിതച്ചു… ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു…കണ്ണുകൾ നിറഞ്ഞു തുടങ്ങി…അവൻ  പവിത്രയെ മെല്ലെ താഴെ  ഇറക്കി..

“പപ്പയുടെ മോള് അപ്പുറത്തു പോയി കളിച്ചോ..”…. അവൾ പുറത്തേക്കോടി.

“അമ്മച്ചി അത്യാവശ്യം നല്ലോണം സീരിയലും സിനിമകളുമൊക്കെ കാണും.. അതുകൊണ്ട് കഥ  ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ല…” അവൾ എന്തോ പറയാൻ  തുടങ്ങവേ കെവിൻ തന്റെ  വിരൽ  അവളുടെ  ചുണ്ടിൽ വച്ചു തടഞ്ഞു…

“മോള് ഇനി ഇവിടെ വളരും…ചതിക്കപ്പെട്ട  ഒരു അമ്മയുടെ മകളായിട്ടോ, അച്ഛനാരെന്നറിയാത്ത ഒരു പെണ്ണായിട്ടോ അല്ല…എന്റെ മകൾ ആയിട്ട്… ആരും  അവളെ കുറിച്ചോ നിന്നെ കുറിച്ചോ മോശമായി  ചിന്തിക്കുക പോലും ചെയ്യരുത്..അതിനാ  ഇങ്ങനൊരു കഥ ഉണ്ടാക്കിയത്… ഇതിപ്പോ കുറച്ചു നാൾ എന്നെ പറ്റി അതുമിതും പറഞ്ഞു  നടക്കും. അതിന് ശേഷം എല്ലാരും എല്ലാം മറക്കും…. “

അവൾ  സമ്മതമല്ലെന്ന് തലയാട്ടി…

അവൻ നീതുവിന്റെ  തൊട്ട് മുന്നിൽ എത്തി..അവൾ  കണ്ണുമടച്ചു നിന്നു…

“പണ്ട് നിന്നെ രക്ഷിച്ചത്  സിനിമാ ഡയലോഗ് പറഞ്ഞിട്ടായിരുന്നു…ഇന്ന് നീ എന്നെ വിട്ട് പോകാതിരിക്കാൻ അതേ പോലെ ഒന്ന് പറയുന്നു…ഇങ്ങോട്ട് വന്നത് എന്റെ സമ്മതം ചോദിച്ചിട്ടല്ല.. പക്ഷെ ഇവിടുന്ന് പോകണമെങ്കിൽ എന്റെ സമ്മതം വേണം….”

നിറകണ്ണുകളോടെ അവൾ  അവനെ നോക്കി..

“ശരിയാവില്ല..”

“ശരിയാകും മാഡം…സഹതാപം അല്ല..സ്നേഹം തന്നെയാണ്..ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് സ്നേഹിച്ചു ചതിക്കാൻ അറിയില്ല….” അവൾ  നിലത്തേക്കിരുന്ന് കൈകളാൽ മുഖം പൊത്തി കരഞ്ഞു….കെവിൻ അവളുടെ അടുത്ത് ഇരുന്ന് ശിരസ്സിൽ മൃദുവായി തലോടി…..

“നിനക്ക് എന്നെ ഉൾകൊള്ളാൻ എത്ര വർഷം വേണമെങ്കിലും എടുക്കാം…അത് വരെ ഞാൻ കാത്തിരിക്കും…പക്ഷെ പവിത്ര എന്റെ മകൾ ആണ്..അത് തിരുത്തരുത്…ആരോടും…”

അവൾ  അവന്റെ തോളിലേക്ക് തലചായ്ച്ചു….

പുറത്ത് അമ്മച്ചി കഥയുടെ  അവസാന ഘട്ടത്തിലേക്ക് എത്തിയിരുന്നു…

“എന്തായാലും എത്രയും പെട്ടെന്ന് അവനെ കൊണ്ട് അവളുടെ കഴുത്തിൽ ഒരു മിന്നു കെട്ടിക്കണം…അതിന്  ശേഷം ഇവിടടുത്തുള്ള ഏതേലും ആശുപത്രിയിൽ ആ കൊച്ചിന് ജോലി ശരിയാക്കണം…ഇനിയെങ്കിലും രണ്ടും സന്തോഷത്തോടെ ജീവിക്കട്ടെ…” കേൾവിക്കാർ തലയാട്ടി…

തണുത്തൊരു കാറ്റ് എല്ലാവരെയും തലോടിക്കൊണ്ട് കടന്നു പോയി…

ശുഭം.