മെഴുകുതിരിവെട്ടങ്ങൾ
Story written by Lis Lona
============
“ടോജി…നീയാ വിശറിയിങ്ങെടുത്തേ…എന്തൊരു ചൂടാണ്…അവൾക്ക് ചൂടെടുക്കുന്നുണ്ടാകും ഞാനൊന്നു വീശികൊടുക്കട്ടെ…കണ്ടോ മുഖമൊക്കെ ചുവന്ന് വിയർത്ത പോലെ….”
അമ്മച്ചിക്കരികെയുള്ള കസേരയിലിരുന്ന് കൈകൾ കൊണ്ട് വീശികൊടുക്കുന്ന അപ്പച്ചൻ വിളിച്ചു പറഞ്ഞത് കേട്ടിട്ടും ഞാൻ അനങ്ങാതെ നിന്നു..
വിശറി എടുത്തു കൊടുക്കാൻ വൈകിയത് കൊണ്ട് ഇരുന്നിരുന്ന കസേരയിൽ നിന്നും വേച്ചു വേച്ചു ആളെഴുന്നേൽക്കാൻ നോക്കിയതും…ഞാനകത്തു നിന്നും പനയോല കൊണ്ട് മെടഞ്ഞ , അരികിൽ റോസ് നിറമുള്ള അലുക്കുകൾ പിടിപ്പിച്ച അപ്പച്ചന്റെ വിശറിയെടുത്തു കയ്യിൽ വച്ചുകൊടുത്തു.
കയ്യിലിരുന്ന കൈലേസുകൊണ്ട് അമ്മച്ചിയുടെ നെറ്റിയിലൊപ്പി പതിയെ വിശറി വീശിക്കൊണ്ടിരിക്കുന്ന അപ്പച്ചനെയും നോക്കി നിൽക്കുമ്പോൾ ഓർമകളെന്നെ ഒരുപാട് പുറകിലേക്ക് കൊണ്ടുപോയി….
“ഇതൊന്ന് ആ അമ്മിയിൽ വച്ചു ചതച്ചു തരാൻ പറഞ്ഞേ നിന്റമ്മച്ചിയോട്…എന്ത് മലമറിക്കുന്ന പണിയാണ് ഇവിടുള്ളത്..ഈ ചോറ് ഇത്തിരി കൂടെ വെന്തിരുന്നേൽ മനുഷ്യന് മര്യാദക്ക് തിന്നാമായിരുന്നു…ഇത്രേം തിരക്കിട്ട് ഈ അരി വാർക്കാൻ മയിസ്ട്രേറ്റ് പണിക്ക് പോകാനുണ്ടോ അവൾക്ക്…”
ദേഷ്യത്തിൽ പാത്രം തട്ടിനീക്കി ചോറുണ്ണുന്നിടത്തു നിന്നും എഴുന്നേൽക്കുന്ന അപ്പച്ചനാണ് ആദ്യം കണ്ണിൽ തെളിഞ്ഞ ഓർമ്മ…ഒപ്പം കണ്ണുകളിൽ ആർത്തലച്ചു വരുന്ന തിരമാലകളൊളിപ്പിച്ചു വാതിലിനു പുറകിൽ നിൽക്കുന്ന അമ്മച്ചിയും…
സഹായിക്കാനല്ലെങ്കിലും വാല് പോലെ കൂടെ നടക്കാനും സങ്കടം കേൾക്കാനും പലപ്പോഴും ഇളയമകനായ എനിക്കായിരുന്നു യോഗം…ഉരുകിയൊലിക്കുമ്പോഴും പ്രകാശം പരത്തുന്ന മെഴുകുതിരിവെട്ടം പോലെ എപ്പോഴുമൊരു പുഞ്ചിരി അമ്മച്ചിയുടെ മുഖത്തുണ്ടാകും…
രാത്രി വൈകി കിടക്കുന്ന അമ്മച്ചി മല മറിക്കുന്ന പണിയില്ലെങ്കിലും രാവിലെ അഞ്ചരക്ക് എഴുന്നേറ്റതാണെന്നറിയാം..
മുറ്റമെല്ലാം തൂത്തു വാരി എല്ലാവർക്കുമുള്ള പ്രാതലൊരുക്കി..ഉച്ചഭക്ഷണം ഡബ്ബകളിലാക്കി ഞങ്ങളെ സ്കൂളിലേക്ക് വിട്ട് , അപ്പച്ചന് മുണ്ടും ഷർട്ടും തേച്ചു കൊടുക്കാൻ ചിരട്ടക്കരിയുണ്ടാക്കാനോടുന്ന അമ്മച്ചി..തേച്ച വസ്ത്രത്തിലെ ചൂട് ഇടുമ്പോഴും നിൽക്കണമെന്നും ഷർട്ടും മുണ്ടും വടി പോലെ നിൽക്കണമെന്നൊക്കെ ഭർത്താവിന്റെ വെറുതെയുള്ള വാശികൾ അക്ഷരംപ്രതി അനുസരിക്കുന്നതു കാണാം…
വില്ലേജാപ്പീസിലെ ജോലിക്കിറങ്ങും മുൻപേ നാല് ചായയെങ്കിലും അപ്പച്ചന് നിര്ബന്ധമാണ്…അതും അടുപ്പിൽ നിന്നിറക്കിയ പാടേ ചൂടോടെ ഊതികുടിക്കണം..
ഉച്ച ഊണിന് മീൻ നിർബന്ധമുള്ള അപ്പച്ചന് വേണ്ടി സ്ഥിരം മീൻകൊണ്ടുവരുന്ന ഹംസാക്കായുടെ വിളിക്ക് കാതോർക്കുന്നതിനിടയിൽ തന്നെ അകം തൂക്കലും തുടക്കലും തുണി കഴുകലും എല്ലാം ചെയ്യുന്നതിനിടയിൽ എപ്പോഴാണ് അമ്മച്ചി ഭക്ഷണം കഴിക്കാറുള്ളത് എന്ന് ആരും അന്വേഷിക്കാറില്ല…
ഞാനടക്കം അഞ്ചുപേരുള്ള വീട്ടിൽ പെണ്ണായി അമ്മച്ചി മാത്രം…ഇട്ടിരിക്കുന്ന അ ടിവസ്ത്രം വരെ കുളിമുറിയിൽ തോരണം തൂക്കി ഇടുന്നതല്ലാതെ ആരും അത് കഴുകാറില്ല …
അപ്പച്ചൻ ഉച്ചക്ക് ഉണ്ടിട്ട് പോകുന്നത് വരെ പരീക്ഷയുടെ ഫലമറിയാൻ കാത്തിരിക്കുന്ന കുട്ടിയെ പോലെ പലതവണ പോയി കറിയിലെ ഉപ്പും മുളകും ശരിയാണോയെന്നും…ചോറിന്റെ വേവ് വിരൽത്തുമ്പ് കൊണ്ട് ഞെരടി നോക്കുകയും ചെയ്യുന്ന അമ്മച്ചിയെ പലപ്പോഴും ഞാൻ കളിയാക്കാറുണ്ട്….
ഒരിക്കൽപോലും വച്ചത് നന്നായെന്ന് അപ്പച്ചൻ പറയാറില്ല..ഉപ്പ് കൂടിയെന്നും ഇനി മുളക് ബാക്കിയുണ്ടോ വീട്ടിലെന്നും…കറിയിൽ നിന്നും കറിവേപ്പില പെറുക്കി മാറ്റുമ്പോൾ ഇത് മാത്രമായി തോരൻ വച്ചാ പോരെ എന്നൊക്കെ സ്ഥിരം കേൾക്കാം…
വീട്ടുചിലവുകൾക്കായി കിട്ടുന്ന പൈസയിൽ നിന്നും ഞാൻ സോപ്പിട്ട് വാങ്ങിയത് മിണ്ടാതെ പലപ്പോഴും പൈസയുടെ കണക്കുകൾ ബോധിപ്പിക്കുമ്പോൾ എവിടെ ചിലവായി?? നിന്റെ വീട്ടിൽ കൊടുത്തോ?? എന്ന ചോദ്യങ്ങൾക്കൊപ്പം കിട്ടുന്ന ചീത്ത വിളികൾ അമ്മച്ചി കേട്ടു നിൽക്കുന്നതും കണ്ടിട്ടുണ്ട്…
എന്നാലും ഒരു പരാതിയുമില്ലാതെ ആരും പറയാതെ തന്നെ ആരോടും ഒരു സഹായവും ചോദിക്കാതെ അമ്മച്ചിയെന്നും കൃത്യനിഷ്ഠയോടെ ജോലിയെല്ലാം ചെയ്ത് തീർക്കും…
മക്കളെല്ലാം വളർന്ന് സ്വന്തം ജീവിതം കരുപിടിക്കാൻ തുടങ്ങാറായപ്പോഴേക്കും അപ്പച്ചന്റെ ദേഷ്യവും അമ്മച്ചിയോടുള്ള അവഗണനയും എവിടെയോ പോയ്മറഞ്ഞിരുന്നു…ഇനിയുള്ള ജീവിതത്തിൽ ഭാര്യയല്ലാതെ ആരുമുണ്ടാകില്ലെന്ന തിരിച്ചറിവായിരിക്കാം…
അവനോന്റെ ഉടുതുണി സ്വയം കഴുകുന്നത് നല്ലതെന്ന് പറഞ് ആദ്യം അപ്പച്ചനാണ് സ്വന്തം തുണി കഴുകാൻ തുടങ്ങിയത്…
പിന്നെയുള്ള കാഴ്ചകളിൽ എന്തിനും ഏതിനും അമ്മച്ചിക്കൊപ്പം ആളുമുണ്ടായിരുന്നു…
ഉറക്കെ ചിരിച്ചു സംസാരിച്ചു കൊണ്ടുള്ള വൈകീട്ടുള്ള നടത്തവും…നടത്തത്തിനിടയിൽ കാണുന്നവരോട് രണ്ടുപേരും സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവക്കുന്നതുമെല്ലാം മനസ്സു നിറഞ്ഞാണ് കാണാറുള്ളത്…
വൈകീട്ട് നടുവകത്തിരുന്നു ടീവിയിലെ സീരിയൽ കഥകളും അന്നു കണ്ട എപ്പിസോഡിന്റെ വിലയിരുത്തലുകളും പരസ്പരം നടത്തുന്ന അവരെ നോക്കി ഞാനും ഭാര്യയും മുറിയിലിരുന്ന് ചിരിക്കും…
സിനിമ കാണുമ്പോൾ നടന്നതെന്തെന്ന് ചിലപ്പോൾ മനസിലാകാതെ ചോദ്യങ്ങൾ ചോദിക്കുന്ന അമ്മച്ചിക്ക് എത്ര ക്ഷമയോടെ ആണ് അപ്പച്ചൻ കഥ വിശദീകരിച്ചു കൊടുക്കുന്നത്..
പണ്ടൊക്കെ പള്ളിയിലേക്ക് പോകാൻ പുറപ്പെട്ട് അപ്പച്ചനെ കാത്തുനിൽക്കുന്ന അമ്മച്ചി ഒടുവിൽ നീ പൊക്കോ ഞാൻ വന്നോളാം എന്ന് കേട്ട് എല്ലാ ഞായറാഴ്ചയും തനിയെ സങ്കടത്തോടെ നടന്നു മറയുന്ന കാഴ്ചയും പതിവായിരുന്നു..
ആ പതിവു ചിത്രങ്ങൾ അമ്മച്ചിക്കായി കാത്തു നിൽക്കുന്ന അപ്പച്ചനും….പള്ളിപടികൾ കയറാനായി അപ്പച്ചന്റെ കൈ പിടിച്ചു സഹായിക്കുന്ന അമ്മച്ചിയുമായി കാലം മാറ്റി വരച്ചു…
പച്ചക്കറി വാങ്ങാനും മീൻ വാങ്ങാനും അമ്മച്ചിക്കൊപ്പം വിളിക്കാതെ അപ്പച്ചനും റോഡിലേക്കിറങ്ങി ചെല്ലുമ്പോൾ അകത്തിരുന്നു ട്രീസയെന്നെ തോണ്ടും..ദേ പോണു ഇണപ്രാവുകൾ..
എത്ര നിർബന്ധിച്ചാലും അമ്മച്ചിയോടൊപ്പമല്ലാതെ ഊണിനിരിക്കാൻ അപ്പച്ചൻ വരാത്തത് കാണുമ്പോഴും കണ്ടുപഠിക്കെന്ന് പറഞ് അവളെന്നെ പിച്ചും…അവൾക്കറിയില്ലല്ലോ അമ്മച്ചി കുടിച്ച കണ്ണുനീരിന്റെ കണക്ക്…
തലേന്നു കിടക്കാൻ പോകുമ്പോഴും രാവിലത്തെ കഞ്ഞിക്ക് ചെറുപയറുതോരൻ മതിയല്ലേന്ന് ചോദിച്ച അമ്മച്ചി നേരം പുലരുമ്പോഴേക്കും തന്നെ തനിച്ചാക്കി പോയത് ഇനിയും അംഗീകരിക്കാനാവാതെ നിർവികാരതയോടെ നോക്കിയിരിക്കുന്ന അപ്പച്ചനെ എങ്ങനെ ഞാൻ ആശ്വസിപ്പിക്കും …
നഷ്ടപ്പെട്ടവരുടെ ഓർമകളിലൂടെ ഇനിയുള്ള ജീവിതത്തിൽ ഒറ്റപെടുന്നവരുടെ വേദനയ്‌ക്കാണ് വലിയ നോവെന്ന ചിന്തയെന്നെ കൊളുത്തിവലിക്കുന്നു..എത്രെ താഴിട്ട് പൂട്ടിയാലും പിന്നെയും തളിരിട്ട് വരുന്ന ഓർമ്മകൾ…
ഇനിയും മായാത്തൊരു പുഞ്ചിരിയോടെ വെളുത്ത റോസാപൂക്കൾക്കിടയിൽ വെള്ള ലില്ലിപ്പൂക്കൾ കൊണ്ടുള്ള കിരീടവുമണിഞ്…കൈകൾക്കുള്ളിൽ ചേർത്ത് പിടിച്ച കുരിശുമായി വെള്ളത്തുണിയിൽ പൊതിഞ്ഞ മാലാഖയെ പോലെ സുന്ദരിയായി പെട്ടിക്കുള്ളിൽ നീണ്ടു നിവർന്ന് കിടക്കുന്ന അമ്മച്ചിയെ നോക്കിയിരിക്കുന്ന അപ്പച്ചൻ…
വിലയില്ലാത്തതെന്നു കരുതി മാറ്റിനിർത്തിയതിനെ നെഞ്ചോട് ചേർത്ത് സ്നേഹിച്ചു കൊതി തീരും മുൻപേ ഒരു വാക്കു പോലും പറയാതെ പോയ ഞെട്ടലാണോ ആ കണ്ണുകളിൽ…അതോ തനിച്ചാവും മുൻപേ തനിയെ നടന്ന് പഠിക്കാത്തതിന്റെ നിസ്സഹായാവസ്ഥയോ…
നൽകാനുള്ള സ്നേഹം നൽകാതെ പിന്നേക്ക് വെച്ചു പിന്നീടത് കൊടുക്കാൻ കഴിയാതെ നെഞ്ച് നീറിയിരിക്കുന്ന ഏതൊരാളെയും പോലെ ട്രീസയെ നോക്കുമ്പോൾ എന്റെ നെഞ്ചും പിടയാൻ തുടങ്ങിയത് ഞാനറിഞ്ഞു….
എന്തേയെന്നെ കൂടെ കൂട്ടാതിരുന്നതെന്ന ചോദ്യം പലയാവർത്തി ചോദിച്ചു അപ്പച്ചനപ്പോൾ അമ്മച്ചിയുടെ തലക്കലിരുന്ന ഉരുകിത്തീരാറായ മെഴുകുതിരി കാറ്റിലണയാതിരിക്കാൻ കൈകൾ ചേർത്ത് പിടിച്ചു വെറുതെ പരിശ്രമിക്കുന്നുണ്ടായിരുന്നു…
~ലിസ് ലോന