ഇനിയെന്നും നിനക്കായ്…
എഴുത്ത്: അഫി
============
Dr. Sree Prabha MBBS,DGO Obstetrician, Gynaecologist
സ് കാനിംഗ് കഴിഞ്ഞ് ഡോക്ടറെ കാണാൻ പുറത്തു വെയിറ്റ് ചെയ്യുകയാണ് അവൾ ഹാഫിസ. ഇനിയും പത്തു നമ്പർ കഴിഞ്ഞേ തന്റെ നമ്പർ വരുകയുള്ളൂ. ചുറ്റുവട്ടവും വെറുതെ വീക്ഷിച്ച് കൊണ്ടിരിക്കുമ്പോഴാണ് നിറ വയറുമായി ഒരു പെൺകുട്ടി വരുന്നത് കണ്ടത്. ഒരു ഇരുപത്തി രണ്ട് വയസ്സ് കാണും. അവളുടെ ഭർത്താവ് അവളെ താങ്ങി പിടിച്ചു കൊണ്ട് വരുന്നുണ്ട്. തന്നെ നടന്നോളാം എന്ന് പറഞ്ഞിട്ടും അത്രയും കരുതലോടെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് വരുന്നത് കണ്ടപ്പോൾ ഹാഫിസയുടെ മനസ്സ് പതിനാലു വർഷം പിന്നിലേക്ക് സഞ്ചരിച്ചു.
അന്ന് മോളെ ഗർഭിണി ആയിരുന്നപ്പോൾ ഒരുപാട് കൊതിച്ചിട്ടുണ്ട് ചേർത്ത് നിർത്തിയിരുന്നെങ്കിൽ എന്ന്. ഓരോ ചെക്കപ്പിനും ഇക്ക കൂടെ വരും, കാര്യങ്ങൾ എല്ലാം സമയസമയങ്ങളിൽ നടത്തും എന്നല്ലാതെ തന്റെ നിറ വയറിൽ ഒന്ന് തൊട്ടതായി പോലും ഓർമയില്ല. എത്ര കൊതിച്ചിട്ടുണ്ട് തന്റെ വയറിനുള്ളിൽ കിടക്കുന്ന കുഞ്ഞിനെ കൊഞ്ചിച്ചെങ്കിലെന്ന്. ഇടക്കെന്നോ ഉറക്കത്തിൽ ആ ചുണ്ടുകൾ തന്റെ കവിളിൽ പതിയുന്നതായി തോന്നിയിട്ടുണ്ട്. ഒരു പക്ഷെ വെറും സ്വപ്നം ആയിരുന്നിരിക്കാം.
പതിനഞ്ചാം വിവാഹ വാർഷികമാണ് വരാൻ പോകുന്നത്. ഇന്ന് വരെ താൻ എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കും എന്നല്ലാതെ മറ്റൊരു പ്രത്യേകതയും ഉണ്ടാകാറില്ല. ചരട് പൊട്ടിയ പട്ടം പോലെ പറന്നു നടന്ന ഓർമകളിൽ നിന്ന് തിരികെ വന്നത് സിസ്റ്ററുടെ വിളി കേട്ടാണ്.
ഇന്ന് ഹോസ്പിറ്റലിൽ പോണമെന്നു ഇക്ക ഓർത്തു പോലുമില്ലെന്ന് തോന്നുന്നു. എന്തൊക്കെയോ തിരക്കുകൾ ഉണ്ടെന്ന് പറഞ്ഞു. സ്കൂൾ കഴിഞ്ഞു സാഹിയെ പിക് ചെയ്‌തോളാം എന്ന് പറഞ്ഞിട്ടുണ്ട് . അത് കൊണ്ട് ഇന്ന് ഇവിടെ കുറച്ചു വൈകിയാലും കുഴപ്പം ഇല്ല. ഓരോന്നോർത്ത് ഡോക്ടറുടെ മുന്നിൽ ചെന്നിരുന്നു. സ്വതവേ ഉള്ള പുഞ്ചിരി ആ മുഖത്തുണ്ട്.
“ഇപ്പൊ ബ്ലീ ഡിങ് പൂർണ്ണമായും നിന്നില്ലേ “
“അതെ ഡോക്ടർ. ഇപ്പൊ കുഴപ്പം ഒന്നുമില്ല. പക്ഷെ നടുവേദന ഒട്ടും കുറയുന്നില്ലല്ലോ.”
“മെഡിസിൻ തരാം. ഈ അടുത്തെപ്പോഴെങ്കിലും ഫിസിഷ്യനെ കൺസൾട്ട് ചെയ്തിരുന്നോ. “
“ഒരു അഞ്ചാറു മാസം മുമ്പ് ചെയ്തിരുന്നു. “
“മ്മ്. വിറ്റാമിൻ ഡി ഡെഫിഷ്യൻസി ഉണ്ടല്ലോ. 4 ng/mL. ഒരാൾക്ക് മിനിമം 20 ng / mL വേണം. “
“അന്ന് ഡോക്ടർ പറഞ്ഞിരുന്നു. പുറം വേദന ആയിട്ടാ അന്ന് കാണാൻ വന്നത്. അങ്ങനെ ടെസ്റ്റ് ചെയ്തപ്പോഴാ വിറ്റാമിൻ ഡി വളരെ കുറവാണെന്ന് അറിഞ്ഞത്. മെഡിസിൻ കഴിച്ചതിൽ പിന്നെ വേദന മാറി.”
“ഓക്കേ..കൂടെ ആരെങ്കിലും ഉണ്ടോ.”
“ഇല്ല ഡോക്ടർ. ഞാൻ ഒറ്റക്കെ ഉള്ളൂ. എന്തെങ്കിലും…എന്തെങ്കിലും കുഴപ്പമുണ്ടോ.”
“Look. താൻ പേടിക്കുവൊന്നും വേണ്ട. ഹെവി ബ്ലീഡിങ്, ബാക്ക് പെയിൻ കൂടാതെ വേറെ എന്തെങ്കിലും പ്രോബ്ലം തോന്നിയിട്ടുണ്ടോ.”
“ഇടക്ക് തലചുറ്റൽ പോലെ തോന്നിയിട്ടുണ്ട് അല്ലാതെ. വേറെ ഒന്നും. ഇല്ല “
“ഇയാളുടെ യൂട്രസിൽ ട്യൂ മർ ഉണ്ട്. കുറച്ചു സീരിയസ് കണ്ടീഷൻ ആണ്. എത്രയും പെട്ടെന്ന് യൂ ട്രസ് റിമൂവ് ചെയ്യേണ്ടി വരും.”
എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. ഉമ്മിച്ചിയോട് പറഞ്ഞിരുന്നെങ്കിൽ കൂടെ വരുമായിരുന്നു. ഒരു കണക്കിന് കൂടെ വരാതിരുന്നത് നന്നായി. ഇല്ലെങ്കിൽ ഇപ്പൊ ഉമ്മിച്ചിയെ അഡ്മിറ്റ് ആക്കേണ്ടി വന്നേനെ. പിന്നെ ഡോക്ടർ പറയുന്നതൊന്നും മനസ്സിലാകുന്നില്ല. ചെവി രണ്ടും കൊട്ടി അടഞ്ഞത് പോലെ. ഈ ഡോക്ടർക്ക് ഡയറക്റ്റ് ആയിട്ട് പറയേണ്ടിയിരുന്നില്ല. കാടു കയറിയ ചിന്തകൾ മനസ്സിലാക്കിയിട്ടാണെന്ന് തോന്നുന്നു ഡോക്ടർ അവളെ തട്ടി വിളിച്ചത്.
“ഹേയ് താൻ പേടിക്കുകയൊന്നും വേണ്ട. പേഷ്യന്റ്ന്റെ കണ്ടിഷൻ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം എന്നാണ്. ഒന്നും ഒളിച്ചു വെച്ചിട്ട് കാര്യം ഇല്ലല്ലോ. എത്ര നേരത്തെ അറിയുന്നോ അത്രയും പെട്ടെന്ന് ട്രീറ്റ്മെന്റ് തുടങ്ങാം. പറയുന്നത് മനസ്സിലാകുന്നുണ്ടോ “
“മനസ്സിലാകുന്നുണ്ട് ഡോക്ടർ. യൂ ട്രസ് റിമൂവ് ചെയ്താൽ പൂർണമായും മാറുമോ. അതല്ല മറ്റു ഭാഗങ്ങളിലേക്ക് പടർന്നു കാണുമോ.”
“അത് അറിയാൻ വിശദമായ പരിശോധന വേണ്ടി വരും. Most cases ലും പടരാനുള്ള ചാൻസ് വളരെ വളരെ കുറവാണ്. എന്നിരുന്നാലും ഒരു കംപ്ലീറ്റ് ചെക്ക് അപ്പ് നടത്താം. എപ്പോഴത്തേക്ക് അഡ്മിറ്റ് ആകാൻ പറ്റും “
“അത് ഡോക്ടർ വീട്ടിൽ ചെന്നിട്ട്…..”
“ആ ഓക്കേ. ഒരു മാസത്തേക്കുള്ള മെഡിസിൻ തരാം. അതിനുള്ളിൽ ഒരു ഡേറ്റ് നമുക്ക് ഫിക്സ് ചെയ്യണം. എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തുന്നോ അത്രയും പെട്ടന്ന് അസുഖം ബേധമാകും “
“ഓക്കേ ഡോക്ടർ. ഞാൻ ഒരു മാസത്തിനുള്ളിൽ വരാം “
“അടുത്ത തവണ വരുമ്പോൾ ഹസ്ബന്റിനെയും കൂട്ടി വേണം വരാൻ “
മങ്ങിയ ചിരി സമ്മാനിച്ച് അവൾ ആ മുറി വിട്ടിറങ്ങി. വീട്ടിലേക്ക് പോകുന്ന വഴിയിലും ഹാഫിസ ചിന്തയിൽ ആയിരുന്നു. ഇനിയും എത്ര ടെസ്റ്റ് നടത്തേണ്ടി വരും. യൂ ട്രസ് റിമൂവ് ചെയ്താലും മറ്റ് ഓർഗൻസിലേക്ക് പടർന്നിട്ടുണ്ടെങ്കിലോ….മരുന്ന് കൊണ്ട് മാറുമോ..ഇതിനൊക്കെ ഒത്തിരി ചിലവാകില്ലേ. ഇക്ക കണക്ക് പറയുമോ. പറഞ്ഞാൽ എന്താ…ഉപ്പിച്ചി തന്ന സ്വർണം ഇരിപ്പുണ്ട് അത് വിക്കും. കോംപ്ലിക്കേറ്റഡ് ആണെന്നല്ലേ പറഞ്ഞെ എനിക്കെന്തെങ്കിലും പറ്റിയാൽ ഇക്ക…ഏയ് ഇല്ല..ഇക്കയുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. പക്ഷെ എന്റെ മോള്. അവൾ എന്ത് ചെയ്യും. എന്നേക്കാൾ കൂടുതൽ ഇഷ്ടം അവൾക്ക് അവളുടെ വാപ്പിയെ ആണ്. എങ്കിലും സങ്കടം വരുമ്പോൾ ഒരു താങ്ങിനായി എന്റെ അടുത്തേക്കാണ് ഓടി വരുന്നത്. പിന്നീടുള്ള ജീവിതത്തിൽ സപ്പോർട്ട് ആയി നിൽക്കേണ്ട ഒത്തിരി സാഹചര്യം വരില്ലേ…അപ്പോൾ എന്ത് ചെയ്യും. തകർന്ന് പോകില്ലേ എന്റെ കുഞ്ഞി. ഇക്ക രണ്ടാമതൊരു വിവാഹം കഴിച്ചാലും എന്നെ പോലെ എന്റെ പൊന്നു മോളെ നോക്കാൻ കഴിയുമോ.
“ഇത്താ…ഇവിടെ നിർത്തിയാൽ മതിയോ “
“ആ ഇവിടെ മതി “
ഓട്ടോക്കുള്ള കാശ് കൊടുത്ത് അവൾ വീട്ടിലേക്ക് നടന്നു. ഡോർ ലോക്ക് ആണ്. ഇത് വരെ വന്നില്ലേ ഇവർ. വരേണ്ട സമയം കഴിഞ്ഞല്ലോ. കതക് തുറന്ന് അകത്തു കടന്ന് കയ്യിലുള്ള ബാഗ് സെറ്റിയിലേക്ക് വലിച്ചെറിഞ്ഞു. നേരെ അടുക്കളയിലേക്ക് ചെന്ന് ഒരു കുപ്പി തണുത്ത വെള്ളം നിന്ന നിൽപ്പിൽ കുടിച്ചു. നേരം ഒത്തിരി ആയല്ലോ. ഞാൻ വന്നിട്ട് തന്നെ ഒരു മണിക്കൂർ കഴിഞ്ഞു. ഇവരിത് എവിടെ പോയോ എന്തോ. ഫോൺ എടുത്തു രണ്ട് മൂന്ന് തവണ വിളിച്ചപ്പോൾ ആണ് എടുത്തത്.
“ഉമ്മീ.. ഞങ്ങൾ ദേ എത്തി.”
നല്ല സന്തോഷത്തിലാണ് രണ്ട് പേരും. എവിടെയൊക്കെയോ കറങ്ങി തിരഞ്ഞ് അവൾക്കുള്ള ഫുഡും വാങ്ങിയിട്ടാണ് വരവ്. അല്ലെങ്കിലും കുറെ നാളുകളായുള്ള പതിവാണ് രണ്ട് പേരും കൂടിയുള്ള ഈ കറക്കം. അവർ ഒഴിവാക്കിയതല്ല ഹാഫിസയെ. അവൾ തന്നെ താൻ ഒഴിഞ്ഞതാണ്. അവൾ കൂടെ ഉള്ളപ്പോൾ അവളുടെ ഇക്ക വാഹിദിന് വളരെ ഗൗരവമാണ്. ചെറു പുഞ്ചിരി പോലും മുഖത്തുണ്ടാകാറില്ല. ഉമ്മി ഇല്ലാത്തപ്പോൾ വാപ്പി ഇങ്ങനെ അല്ലല്ലോ എന്ന സാഹി മോളുടെ ചോദ്യമാണ് പിന്നീട് ഹാഫിസ സ്വയം ഒഴിവാകാൻ കാരണം.
ദിവസങ്ങൾ മാറ്റങ്ങൾ ഒന്നുമില്ലാതെ കടന്ന് പോയിക്കൊണ്ടിരുന്നു…
മാറ്റങ്ങൾ ഉണ്ടായത് ഹാഫിസക്ക് മാത്രമാണ്. ഭക്ഷണം ഉണ്ടാക്കുന്നത് തൊട്ട് വീട്ടിലെ സകല പണികളും താളം തെറ്റി തുടങ്ങി. വാഹിദ് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പലവട്ടം അവളോട് ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞോഴിയുകയായിരുന്നു.
“ഉമ്മീ…എന്റെ പുതിയ ഡ്രസ്സ് എവിടെ “
“അത് നിന്റെ അലമാരയിൽ ഉണ്ട്. “
“നീ വരുന്നുണ്ടോ??”
ഒത്തിരി നാളുകൾക്കു ശേഷമുള്ള ചോദ്യമാണ്. ഇന്നത് കേൾക്കുമ്പോ എന്തോ നിർവികരതയാണ് തോന്നുന്നത്.
“ഇല്ല…”
“ഉമ്മീ…ഇന്ന് ഞങ്ങൾ വൈകുന്നേരം വരുള്ളൂട്ടോ. കുറെ സ്ഥലങ്ങളിൽ കറങ്ങാൻ ഉണ്ട്. അല്ലെ വാപ്പി.”
“മ്മ്..”
“എന്തായാലും ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ട് പോയാൽ മതി. “
വാപ്പിയും മോളും കൂടെ രാവിലെ തന്നെ എങ്ങോട്ടോ പോയി. അവൾ ചോദിച്ചതുമില്ല. ആരും പറഞ്ഞതുമില്ല. ഇന്ന് വെഡിങ് ആനിവേഴ്സറി ആണ്. അത് പോലും ഓർമയില്ല. കുഴഞ്ഞു മറിയുന്ന ചിന്തകളുമായി അവൾ ഓരോ പണികൾ തീർത്തു. ഇന്ന് എന്തായാലും ദേവൂനെ കാണാൻ പോണം. ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിച്ചില്ലെങ്കിൽ ചങ്ക് പൊട്ടി പോകും എന്ന് തോന്നി. പണിയെല്ലാം കഴിഞ്ഞ് റെഡി ആയി വീടും പൂട്ടി അവൾ ഇറങ്ങി.
“”ഒരു ഫ്രണ്ടിനെ കാണാൻ പോകുന്നു. താക്കോൽ തറവാട്ടിൽ കൊടുത്തിട്ടുണ്ട് “”
വാഹിദിന് മെസ്സേജ് അയച്ചിട്ട് അവൾ ബസിൽ കയറി. പുറത്തെ കാഴ്ചയിലേക്ക് കണ്ണ് നട്ടിരിക്കുമ്പോൾ അവളുടെ മനസ്സ് രണ്ട് വർഷം മുന്നോട്ട് സഞ്ചരിച്ചു…
മുഖമില്ലാത്ത സൗഹൃദങ്ങൾക്ക് ആയുസ്സും വിശ്വസ്ഥതയും കുറവായിരിക്കുമെന്ന് വിശ്വസിച്ചിടത്ത് നിന്ന് കിട്ടിയതാണ് അവളെ….ദേവികയെ….തന്റെ പ്രിയപ്പെട്ട ദേവു. ചുരുങ്ങിയ സുഖാന്വേഷണങ്ങളിൽ നിന്ന് തുടക്കം കുറിച്ച് തന്റെ എല്ലാം എല്ലാമായി മാറിയവൾ. കൂടെ പിറക്കാതെ കൂടെപ്പിടപ്പായി, ഉറ്റ സുഹൃത്തായി വഴികാട്ടിയായി എന്നെന്നും കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ളവൾ. എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെക്കുവാൻ അവൾ മാത്രമേ ഉള്ളൂ ഇപ്പോൾ. ഒരു തവണ ദേവു അവളെ കാണാൻ എറണാകുളത്ത് വന്നിട്ടുണ്ട്.
“ദേവൂ…നീ എവിടാ…വർക്കിൽ ആണോ “
“ഇല്ലടാ ഇന്ന് ലീവ് ആണ്. ഒന്ന് ബാങ്കിൽ പോണം. ഞാൻ ഇപ്പൊ വീട്ടിൽ നിന്ന് ബാങ്കിലേക്ക് പോയികൊണ്ടിരിക്കുവാ.”
“നീ എപ്പോഴാ ഫ്രീ ആവുക “
“ഒരു മണിക്കൂറിനുള്ളിൽ ഫ്രീ ആകും. എന്ത് പറ്റി. നിന്റെ ശബ്ദം എന്തെ വല്ലാതെ ഇരിക്കുന്നെ.”
“അതൊക്കെ പറയാം..എനിക്ക് നിന്നെ കാണണം. ഞാൻ അങ്ങോട്ട് വന്നു കൊണ്ടിരിക്കുവാ. ടൗണിൽ എത്തുമ്പോ വിളിക്കാം. ബാങ്ക് ടൗണിൽ തന്നെ അല്ലെ “
“അതേടാ. നീ ഇവിടെ എത്തുമ്പോ വിളിക്ക് “
ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഹാഫിസയെയും വഹിച്ച് ആ ബസ് കോട്ടയം ടൗണിൽ എത്തി. സ്റ്റോപ്പിൽ തന്നെ അവളേയും കാത്ത് ദേവു ഉണ്ടായിരുന്നു. അടുത്തുള്ള ബേക്കറിയിൽ കയറി ഓരോ ഫ്രഷ് ജ്യൂസ് കുടിച്ച് ദേവുവിന്റെ ടൂവീലറിൽ കയറി അവർ യാത്രയായി. ഈ നേരമായിട്ടും ഹാഫിസ ഒന്നും തന്നെ സംസാരിച്ചില്ല. അവളുടെ മുഖം കണ്ടപ്പോഴേ എന്തോ സീരിയസ് ആയിട്ടുള്ള പ്രശ്നം അവളെ അലട്ടുന്നുണ്ടെന്ന്. അവളുടെ മനസ്സറിഞ്ഞെന്ന പോലെ ദേവു വണ്ടി കൊണ്ട് വന്നു നിർത്തിയത് വീടിനടുത്തുള്ള പുഴയോരത്താണ്. ഈ സമയം അവിടേക്ക് ആരും വരില്ല. ഇരിക്കാനായി തടി ബെഞ്ചും ഉണ്ട്. മരത്തണലിൽ ആയതിനാൽ വെയിലിനെയും പേടിക്കണ്ട.
“ഇനി പറ ഹാഫിസൂ എന്താ നിന്റെ പ്രശ്നം.”
അവൾക്ക് ഒന്നും തന്നെ സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. നെഞ്ചാകെ വിങ്ങുന്ന പോലെ. വിതുമ്പലായി തുടങ്ങിയത് പൊട്ടിക്കരച്ചിൽ ആകാൻ അധികം സമയം വേണ്ടി വന്നില്ല. ഉള്ളിലെ പിരിമുറുക്കം കണ്ണീരായി ഒഴുകി തീരട്ടെ എന്ന് കരുതി ദേവു നിശബ്ദയായ് ഇരുന്നു. ഒട്ടൊരു നേരത്തിനു ശേഷം കണ്ണുകൾ തുടച്ച് പുഴയിലെ വെള്ളം കൊണ്ടവൾ മുഖം കഴുകി.
“ഇനി പറയാലോ അല്ലെ “
“മ്മ് പറയാം. നിന്നോടല്ലാതെ മറ്റാരോടും ഉള്ളു തുറന്ന് സംസാരിക്കാൻ കഴിയില്ല. നീയല്ലാതെ ആരും എന്നെ മനസ്സിലാകുകയുമില്ല. കഴിഞ്ഞ ദിവസം സവാദ് കുറച്ചു വീഡിയോസ് അയച്ചിരുന്നു “
“ആര്…നിന്റെ അലവലാതി കസിനോ “
“മ്മ്..”
“അവൻ എന്താ പറഞ്ഞെ. മോശപ്പെട്ട വീഡിയോ വല്ലതും എടുത്തോ അവൻ. ബ്ലാക്ക്മേൽ ചെയ്യുവാണോ. ഞാൻ പറഞ്ഞതല്ലേ അപ്പോഴേ ആ ഞരമ്പന്റെ കാര്യം നിന്റെ ഇക്കാടെ അടുത്ത് പറയാൻ. “
തന്റെ കയ്യിലുള്ള മൊബൈലിൽ നിന്ന് വീഡിയോ ഓൺ ആക്കി ദേവുവിന്റെ കയ്യിൽ കൊടുത്ത് അവൾ പുഴയുടെ ഓളങ്ങളിലേക്ക് മിഴികളൂന്നിയിരുന്നു.
“ഡാ ഇത് നിന്റെ ഇക്കയും മോളും അല്ലെ. കൂടെ ഉള്ളത്…?”
“ഷഹാന…ഇക്കാടെ പഴയ കാമുകി “
“ചിലപ്പോൾ അവർ കറങ്ങാൻ പോയപ്പോൾ അവിചാരിതമായി കണ്ട് മുട്ടിയതാകും. അല്ലാതെ ഈ വീഡിയോയിൽ ഒന്നുമില്ലല്ലോ”
“ആ ഒരു വീഡിയോ മാത്രം അല്ലെ നീ കണ്ടുള്ളൂ. ഇനിയും ഉണ്ട്. ഒരു ദിവസം മുഴുവൻ കൂടെ നടന്നത് അവിചാരിതമായി കാണാൻ എനിക്ക് പറ്റില്ല ദേവൂ. അതിലുപരി. ഇക്കാടെ മുഖത്തെ ആ ചിരി കണ്ടോ. എന്തോ നേടിയത് പോലെ. നഷ്ടപ്പെട്ടതെന്തോ കൈവന്ന പോലെ. എന്ത് ഹാപ്പിയാ അല്ലെ. ഇക്ക മാത്രം അല്ല ന്റെ സാഹി…അവൾ എന്ത് സ്നേഹത്തോടെയാ അവളുടെ കൈപിടിച്ച് നടക്കുന്നത്….ഞാൻ…ഞാൻ അവർക്ക് ഇപ്പൊ ആരും അല്ലാതായി. എന്നെ അവർക്ക് വേണ്ട….ആർക്കും വേണ്ട….എന്തിനാ…എന്തിനാ ഇങ്ങനൊരു പാഴ് ജന്മം…പടച്ചോനും തോന്നിയിട്ടുണ്ടാകും ഞാനൊരു പാഴ്ജന്മമാണെന്ന് അത് കൊണ്ടാകും പെട്ടെന്ന് എന്നെ അങ്ങോട്ട് വിളിക്കാൻ പോണേ “
“ഹാഫിസൂ….നീ എന്താ ഈ പറയുന്നേ…നിനക്ക് തോന്നുന്നുണ്ടോ നിന്റെ ഇക്ക അവളെ കൂടെ കൂട്ടുമെന്ന്. കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികൾ ഉള്ളതല്ലേ അവൾക്ക് “
“കെട്യോനുമായിട്ട് പിണങ്ങി അവൾ വീട്ടിൽ വന്നു നിൽക്കാൻ തുടങ്ങിയിട്ട് ആറേഴു മാസമായി. അവളുടെ അടുത്തേക്ക് പോകുവാണെങ്കി ഇക്ക പോട്ടെ..എനിക്കെന്താ. ഞാൻ എന്തായാലും അധികം ദിവസം ഉണ്ടാവൂല…പോവാ….ഞാനും പോവാ “
“എന്തൊക്കെയാ പെണ്ണെ നീയീ പറയുന്നേ..എവിടെ പോകുന്നു നീ “
“എനിക്ക്..ട്യൂ മർ ആണെടി…യൂ ട്രസിൽ “
“ഈശ്വരാ….എന്താ നീയീ പറയുന്നേ…എന്നാ ഹോസ്പിറ്റലിൽ പോയെ. ഡോക്ടർ എന്താ പറഞ്ഞെ…എന്നിട്ട് നീയെന്താ എന്നോട് പറയാഞ്ഞേ “
ഹോസ്പിറ്റലിൽ പോയപ്പോൾ തൊട്ടുള്ള കാര്യങ്ങൾ പറഞ്ഞു. അന്ന് രാത്രിയാണ് സവാദ് ആ ആ വീഡിയോ അയച്ചത്.
“ഒരു മാസത്തോളം ആയില്ലേ പെണ്ണെ…ഇത്രയും ദിവസം നീ എങ്ങനെ പിടിച്ചു നിന്നു.
എന്നോടെങ്കിലും പറയാരുന്നു. എല്ലാം മറന്ന് കള. നാളെ തന്നെ പോയി ഡോക്ടറെ കണ്ടോളണം കേട്ടല്ലോ. മറ്റു ഭാഗങ്ങളിൽ വരുന്ന ട്യൂ മർ പോലെയല്ലഡാ…യൂ ട്രസ് റിമൂവ് ചെയ്താൽ പിന്നേ പേടിക്കാനില്ല.”
“മറ്റു ഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ടെങ്കിലോ”
“ഒന്നും ഉണ്ടാകില്ല പെണ്ണെ…നീ പേടിക്കാതെ. പടരാനുള്ള ചാൻസ് കുറവാ. നീ ടെൻഷൻ അടിക്കേണ്ട. ഞാനില്ലേ കൂടെ. എത്രയും പെട്ടെന്ന് വീട്ടിൽ പറഞ്ഞ് ഓപ്പറേഷനുള്ള കാര്യങ്ങൾ ചെയ്യണം.”
“മ്മ്…”
“എന്ത് കും…നീ ആ ടെൻഷൻ ഒക്കെ വിട്. നമുക്ക് ചുമ്മാ ചുറ്റി അടിച്ചിട്ട് വരാം. നിനക്ക് ഇപ്പൊ തന്നെ തിരിച്ചു പോണോ “
“വേണ്ടാ…മൈൻഡ് ഓക്കേ ആയിട്ട് പോയാ മതി. “
ഹാഫിസ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഏഴു മണിയായി. ബസിൽ ഇരിക്കുമ്പോൾ സഹിയുടെ ടീച്ചർ അയച്ച മാർക്ക് ഷീറ്റ് കൂടാതെ മറ്റൊരു വീഡിയോ കൂടെ അവളുടെ മുറിവിൽ എരുവേകാൻ ആ മൊബൈലിൽ വന്നു.
ഡോർ തുറന്ന് അകത്തു കടന്നപ്പോഴേ കണ്ട് ചിരിച്ചു കൊണ്ട് ഓടി വരുന്ന സാഹിയെ. കയ്യിലെ ഹാൻഡ് ബാഗ് വലിച്ചെറിഞ്ഞ് മൊബൈലിൽ മാർക്ക് ഷീറ്റ് എടുത്ത് അവളുടെ നേരെ കാണിച്ചു.
“എന്താ സാഹീ ഇത്. വെറും പാസ്സ് മാർക്ക് മാർക്ക് മാത്രം ഉള്ളൂ എല്ലാത്തിനും. എന്താ നിനക്ക് പറ്റിയത്. കഴിഞ്ഞ എക്സാമിന് ഫുൾ മാർക്ക് വാങ്ങിയതല്ലേ. പെട്ടെന്ന് ഇത്രയും മാർക്ക് കുറയാൻ എന്താ പറ്റിയത്. പറയടി…..എന്ത് മല മറിക്കുന്ന പണിയാ നിനക്കിവിടെ “
“ഒന്ന് പോയെ ഉമ്മീ…ഒരു മാർക്ക്…ഇപ്രാവശ്യം മാർക്ക് കുറഞ്ഞാൽ എന്താ അടുത്ത പ്രാവശ്യം നല്ല മാർക്ക് വാങ്ങും. അതൊക്കെ വിട് ഉമ്മി ഇത് നോക്കിയേ…ഉമ്മിക്ക് വേണ്ടി വാങ്ങിയതാ “
സാരിയോ മറ്റോ ആണ്..അതൊന്ന് നോക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞു കളഞ്ഞ് സാഹിയുടെ കയ്യിൽ മുറുക്കെ പിടിച്ചു.
“എന്ത് നിസാരമായിട്ടാണ് നീയീ പറയുന്നത്. എന്ന് മുതലാ പഠിത്തം ഒക്കെ ഇത്ര ഇമ്പോര്ടന്റ്റ് അല്ലാതായി തോന്നിയത് നിനക്ക്. പറ…”
“എന്റെ പൊന്ന് വാപ്പീ…എവിടന്ന് കിട്ടി ഈ ഉമ്മിയെ. ഇതിലും ബേധം ആന്റിയായിരുന്നു. മാർക്ക് കുറഞ്ഞ കാര്യം പറഞ്ഞപ്പോൾ ആന്റി എന്നെ സമാധാനിപ്പിക്കുകയാ ചെയ്തെ. അടുത്ത പ്രാവശ്യം നല്ല മാർക്ക് വാങ്ങാം എന്ന് പറഞ്ഞു. ഇതെന്തൊരു സാധനോ “
“എങ്കിൽ നിന്റെ വാപ്പിയോട് അവളെ കൊണ്ട് വന്നു ഇവിടെ പൊറുപ്പിക്കാൻ പറയടി “
“ഹാഫിസ….”
“ഒച്ചയെടുക്കണ്ട. എല്ലാം മനസ്സിലാകുന്നുണ്ട് എനിക്ക്. ഓഹ്…ഇതെന്താ..കേക്ക്…വെഡിങ് ആനിവേഴ്സറി കേക്ക്…എന്തിനാ ഇതൊക്കെ…ഏഹ്..പറ എന്തിനാ ഈ നാടകം..എന്റെ കണ്ണിൽ പൊടി ഇടാനോ… “
ഷഹാനയുടെ കൂടെ പോയി വാങ്ങിയ കേക്ക് ആയതു കൊണ്ട് തന്നെയാവണം അവളത് തട്ടി താഴെ കളഞ്ഞു.
“നീയെന്താ ഈ കാണിക്കുന്നേ “
“ഉമ്മീ….”
“ആരും ഒരക്ഷരം മിണ്ടി പോകരുത്…ആഘോഷം മുഴുവൻ അവളുടെ കൂടെ ആയിരുന്നല്ലോ…പിന്നേ ആരെ കാണിക്കാനാ ഈ കേക്കും കൊണ്ട് വന്നത്.
കറങ്ങല് മാത്രം ഉള്ളോ…അതോ കൂടെ പൊറുക്കലും തുടങ്ങിയോ “
ദേഷ്യം കൊണ്ട് വിറച്ചു കൊണ്ട് വാഹിദ് അവളുടെ ഇടത് കവിളിൽ ആഞ്ഞടിച്ചു.
“നീ ഇത്രക്ക് വൃത്തികെട്ടവളായിരുന്നോ…ഛീ….നമ്മുടെ മോളുടെ മുന്നിൽ വെച്ച് എങ്ങനെ പറയാൻ തോന്നി നിനക്ക്. “
അവളെ നോക്കുക പോലും ചെയ്യാതെ അവൻ പുറത്തേക്ക് നടന്നു. സാഹിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് അവൻ തിരികെ ഓടിയെത്തിയത്. ചെന്നപ്പോൾ കാണാൻ കഴിഞ്ഞത് നിലത്ത് ബോധമില്ലാതെ കിടക്കുന്ന ഹാഫിസയെയും അവളുടെ തല മടിയിൽ വെച്ച് കരയുന്ന സാഹിയെയുമാണ്. ഒരു നിമിഷം ഹൃദയം നിലച്ചു പോകുന്ന പോലെ തോന്നി അവന്.
“ഹാഫിസയുടെ കൂടെ ആരാ ഉള്ളത് “
“ഞാനാണ്…”
“ഡോക്ടർ ശ്രീ പ്രഭയെ ചെന്ന് കാണാൻ പറഞ്ഞിട്ടുണ്ട്. “
എന്തിനായിരിക്കും ഡോക്ടർ കാണണം എന്ന് പറഞ്ഞത്. ഇനി…ഇനി വിശേഷം വല്ലതും ആയി കാണുമോ..അതോ വേറെന്തെങ്കിലും….ഓരോന്ന് ചിന്തിച്ചു കൂട്ടി അവൻ ഡോക്ടറുടെ കേബിനിലേക്ക് ചെന്നു.
“ഡോക്ടർ..ഞാൻ ഹാഫിസയുടെ ഹസ്ബൻഡ് ആണ് “
“ആ വന്നിരിക്ക്. തനിക്കൊക്കെ ഉത്തരവാദിത്തം എന്ന് പറഞ്ഞ സാധനം ഉണ്ടോടോ..ഇത്രയും സീരിയസ് കണ്ടീഷൻ ആണെന്ന് പറഞ്ഞിട്ടും എന്ത് കൊണ്ട് നേരത്തെ വന്നില്ല. അത് പോട്ടെ മെഡിസിൻ എങ്കിലും കൃത്യമായി കഴിക്കുന്നുണ്ടോ എന്ന് നോക്കാൻ കഴിയില്ലേ. ഭർത്താവ് ആണെന്ന് പറഞ്ഞു നടന്നാൽ മാത്രം പോരാ കൂടെയുള്ളവളുടെ കാര്യങ്ങൾ കൂടെ ശ്രദ്ധിക്കണം.”
“അവൾക്ക് എന്താ പറ്റിയത് ഡോക്ടർ. എനിക്കൊന്നും അറിയില്ല. ഒന്നും പറഞ്ഞില്ല എന്നോട്.”
റിപ്പോർട്ട് സഹിതം എല്ലാ കാര്യങ്ങളും ഡോക്ടർ അവനു പറഞ്ഞു കൊടുത്തു.
“എത്ര പെട്ടെന്ന് ഓപ്പറേറ്റ് ചെയ്യുന്നോ അത്രയും നല്ലതാണ്. ഇനിയും നീട്ടികൊണ്ട് പോകാൻ പറ്റില്ല. ഈ മാസം 21ന് ഡേറ്റ് ഫിക്സ് ചെയ്യാം. ബാക്കി പ്രോസീജ്യർ ഒക്കെ നഴ്സ് പറഞ്ഞു തരും. “
ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിയിട്ടും അവൾ ആരോടും ഒന്നും മിണ്ടിയില്ല. ദേവുവിനെ മാത്രം വിളിച്ച് ഓപ്പറേഷൻ ഡേറ്റ് പറഞ്ഞു. അവളുടെ ഉമ്മയും ഉപ്പയും അനിയത്തിയും വന്നിട്ടും അവളാരോടും ഒന്നും മിണ്ടിയില്ല. ഓപ്പറേഷന്റെ അന്ന് ദേവൂവും വന്നിരുന്നു. കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നെങ്കിലും എല്ലാ ട്യൂ മറും നീക്കം ചെയ്തു. തിരിച്ചു പോകാൻ ദേവുവിന് മനസ്സ് വന്നില്ലെങ്കിലും കുഞ്ഞുങ്ങളുടെ കാര്യം ഓർത്തപ്പോൾ ഹാഫിസയെ റൂമിലേക്ക് മാറ്റുന്നതിന് മുന്നേ അവൾക്ക് പോകേണ്ടി വന്നു. എങ്കിലും കുഴപ്പം ഒന്നും ഇല്ലെന്ന സമാധാനം ഉണ്ടായിരുന്നു.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി നേരെ ഹാഫിസയുടെ വീട്ടിലേക്കാണ് പോയത്. മൂന്ന് മാസം ബെഡ് റസ്റ്റ് പറഞ്ഞത് കൊണ്ട് അതാണ് നല്ലതെന്ന് എല്ലാവരും തീരുമാനിച്ചു. ഈ മൂന്ന് മാസത്തിനിടക്ക് ഒരിക്കൽ പോലും അവൾ വാഹിദിന് മുഖം കൊടുത്തില്ല. അവൻ വരുമ്പോൾ തന്നെ കണ്ണടച്ച് കിടക്കും. കാണണ്ട എന്ന വാശിയോടെ. സാഹിയോട് മാത്രം എന്തെങ്കിലും സംസാരിക്കും. എങ്കിലും എന്നും അവൻ അവളുടെ അടുത്ത് വരും.
“അവന് ഒരാൺകുട്ടി ഉണ്ടായിക്കാണണം എന്ന് വെല്യ ആഗ്രഹമായിരുന്നു. ഇനിയിപ്പോ അത് നടക്കുമെന്ന് തോന്നുന്നില്ല. “
വാഹിദിന്റെ ഉമ്മയാണ്. ഇടയ്ക്കിടെ ഇത് കേൾക്കുന്നുണ്ട്. ഇനി ഒരിക്കലും ഗർഭം ധരിക്കാൻ കഴിയില്ലെന്ന് അറിഞ്ഞപ്പോൾ അത് കൂടി.
“ഒന്നും നമ്മുടെ കയ്യിൽ അല്ലല്ലോ ഇത്താ..പടച്ചോൻ ഓരോന്ന് തീരുമാനിച്ചിട്ടുണ്ട് അത് പോലെ നടക്കും. അല്ലാതെ ഇപ്പൊ വേറെ വഴി ഒന്നും ഇല്ലല്ലോ.”
“ആ ഒന്നൂടെ കെട്ടിയാൽ ചിലപ്പോ ഉണ്ടാകും”
“എന്ത് വർത്താനം ആണ് നിങ്ങളീ പറയുന്നത്. രണ്ടാമത് കെട്ടാൻ അവൻ സമ്മതിക്കോ..അല്ലെങ്കി തന്നെ ആൺകുട്ടി ഉണ്ടാകാൻ വേണ്ടി ആരെങ്കിലും മാറി മാറി കെട്ടോ “
“അവന്റെ അനിയനും പെങ്ങളും കൂടെ ഓരോന്ന് ആലോചിക്കുന്നുണ്ട്. അവൻ മാത്രം ഒന്നും പറയുന്നില്ല. അല്ല ഉള്ളിൽ ആഗ്രഹം ഉണ്ടാകും. “
ഹാഫിസയുടെ മുറിയിൽ അല്ലെങ്കിലും ഉച്ചത്തിലുള്ള സംസാരം അവൾക്ക് നന്നായി കേൾക്കാമായിരുന്നു. ഉമ്മിച്ചി ദേഷ്യപ്പെട്ടു സംസാരിച്ചത് കൊണ്ടാകും വാഹിദിന്റെ ഉമ്മ വേഗം പോയത്.
മുറിവൊക്കെ ഒരു വിധം കരിഞ്ഞു തുടങ്ങി. നടക്കാനും മറ്റുമുള്ള ബുദ്ധിമുട്ടും ഒഴിവായി. ദേവുവിനോടൊഴിച്ച് മറ്റാരോടും യാതൊരു അടുപ്പവും കാണിക്കാതിരുന്നത് എല്ലാവരിലും ആശങ്ക ഉളവാക്കിയിരുന്നു. തിരികെ വീട്ടിലേക്ക് കൊണ്ട് പോകാൻ വാഹിദും സാഹിയും വന്ന ദിവസമാണ് അവളെ കാണാതായത്. അന്ന് രാവിലെ വരെ ആർക്കും ഇങ്ങനൊരു കാര്യം ഒരു സംശയം പോലും തോന്നിയിരുന്നില്ല..
എല്ലാവർക്കും അതൊരു ഷോക്ക് ആയിരുന്നു. ആരോടും പറയാതെ ആരോരും അറിയാതെ അവൾ എന്തിന് എങ്ങോട്ട് പോയി എന്നോർത്ത് അവളെ സ്നേഹിച്ചിരുന്ന ഒരു പറ്റം ആളുകളുടെ ഉള്ളം നീറി.
**************
ആറ് മാസങ്ങൾക്ക് ശേഷം……..
“വാപ്പി……”
“എന്താ സാഹി…..”
“വാപ്പി….വാപ്പിക്ക്….”
“എന്ത് പറ്റി കുഞ്ഞി…വാപ്പിയോട് സംസാരിക്കാൻ എന്താ മോൾക്ക് ബുധിമുട്ട്.”
“വാപ്പിക്ക് ഷഹാന ആന്റിയെ കല്യാണം കഴിച്ചൂടെ.”
“പറ്റില്ല…ഷഹാനയെ എന്നല്ല ഒരു പെണ്ണിനേയും ഇനി വാപ്പി ജീവിതത്തിലേക്ക് കൊണ്ട് വരില്ല. എന്നെങ്കിലും മോൾടെ ഉമ്മി വരും “
“ഉമ്മി ഇനി നമ്മളെ തേടി വന്നില്ലങ്കിലോ “
“അവൾ വരും. അധികം നാൾ നമ്മളെ പിരിഞ്ഞിരിക്കാൻ അവൾക്ക് കഴിയില്ല. അത്രക്ക് ഇഷ്ടമാ അവൾക്ക് നമ്മളെ. ഇനി അഥവാ അവൾ വന്നില്ലെങ്കിലും മറ്റൊരു പെണ്ണ് വാപ്പിയുടെ ജീവിതത്തിൽ ഉണ്ടാവില്ല. വർഷങ്ങൾ ഇത്രയായിട്ടും ഇത് വരെയും അവളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അവൾക്ക് കൊടുക്കാത്ത സ്നേഹം അതൊരിക്കലും ആർക്കും കൊടുക്കുകയുമില്ല. ആരൊക്കെ വന്നാലും മോൾടെ ഉമ്മിക്ക് പകരം ആകുമോ. മോൾക്ക് പറ്റുമോ ഉമ്മിടെ സ്ഥാനത്ത് മറ്റൊരാൾ.”
വാഹിദിനെ കെട്ടിപ്പിടിച്ച് സാഹി പൊട്ടിക്കരഞ്ഞു….
“എനിക്ക് പറ്റൂല്ല വാപ്പി…എനിക്ക്…എനിക്ക് വേണം ഉമ്മിയെ…ഉമ്മിയെ കാണണം..തിരിച്ചു വരാൻ പറയ് വാപ്പി..വാപ്പിക്കറിയാലോ ഉമ്മി എവിടാന്ന്. വിളിച്ചു കൊണ്ട് വാ വാപ്പി…”
“വാപ്പിടെ മോള് ഇങ്ങനെ കരയല്ലേ. അവൾ വരും. ഉറപ്പായും വരും. വാപ്പി പോയി കൂട്ടികൊണ്ട് വരാൻ നിന്നാൽ തിരിച്ചു വരാനുള്ള സമയം അവൾ ഇനിയും കൂട്ടും. അത്രക്ക് വാശിയാ ഇപ്പൊ പെണ്ണിന്. “
“മ്മ്….”
“ഉമ്മിയെ അത്രക്ക് ഇഷ്ടം ആണെങ്കിൽ പിന്നെ എന്തിനാ മോള് ഷഹാനയെ കല്യാണം കഴിക്കാൻ പറഞ്ഞെ… “
“അത് വെല്ലുമ്മ പറഞ്ഞു…ഉമ്മി പോയതിൽ പിന്നേ വാപ്പി ഭയങ്കര സങ്കടത്തിൽ ആണെന്ന്. ഷഹാന ആന്റി വന്നാൽ വാപ്പിടെ സങ്കടം മാറുമെന്ന്. ഇല്ലെങ്കിൽ ഉമ്മിയെ പോലെ വാപ്പിയും എന്നെ വിട്ട് പോകുമെന്ന് പറഞ്ഞത് കൊണ്ടാ ഞാൻ…അല്ലാതെ എനിക്ക് ഉമ്മിയെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല.”
വിതുമ്പി കരയുന്ന മകളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കിമ്പോഴും അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എല്ലാവരും മാറി മാറി പറഞ്ഞിട്ടും വാഹിദിന്റെ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. അവസാന ശ്രമം എന്ന പോലെയാണ് സാഹിയെ വെച്ച് അവളുടെ വെല്ലുമ്മയും വീട്ടുകാരും കളിച്ചത്.എക്സാം കഴിഞ്ഞ് വേനൽ അവധിയാണ് സാഹിക്ക്. വീട്ടിൽ ഒറ്റക്കിരുന്നപ്പോഴാണ് ഒറ്റപ്പെടലിന്റെ ഭീകരത അവളെ തീവ്രമായി ബാധിച്ചത്. ഹാഫിസയുടെ അനിയത്തി ലാമിയ ഇടക്ക് അവളെ വിളിക്കുമായിരുന്നു. സാഹിയുടെ സംസാരത്തിലെ സങ്കടം മനസ്സിലാക്കിയാണ് ലാമിയ അവളെ കാണാൻ വന്നത്.
“സാഹി മോളെ…. “
“കുഞ്ഞുമ്മാ….. “
“എന്തൊക്കെ ഉണ്ട് വിശേഷം. ആകെ ക്ഷീണിച്ചു പോയല്ലോ മോള്.”
“വാപ്പി അല്ലെ കുക്കിങ് ഒക്കെ..അതിന്റെയാ..ഇതാരാ “
പർദ്ദയും ബുർഖയും ധരിച്ച സ്ത്രീയെ നോക്കി സാഹി ചോദിച്ചു.
“ഓ ഇത് എളാപ്പാടെ കസിൻ ആണ്.
“ആഹാ..മോള് ചോറുണ്ടോ. “
“ഇല്ല. കഴിക്കാൻ പോണേ ഉള്ളൂ. “
“എങ്കിൽ കൈ കഴുകി വാ..ദേ മോൾക്ക് ഇഷ്ടപ്പെട്ട ബിരിയാണി കൊണ്ട് വന്നിട്ടുണ്ട്.”
വേഗം കൈ കഴുകി വന്ന് അവൾ ബിരിയാണി കഴിച്ചു. കണ്ണ് നിറയുന്നത് കണ്ടാണ് ലാമിയ സാഹിയുടെ അടുത്തേക്ക് വന്നത്.
“എന്താ മോളെ..എന്തിനാ കരയുന്നെ “
“ഉമ്മി…ഉമ്മി ഇണ്ടാക്കിയ ബിരിയാണി പോലെ തോന്നി. കുഞ്ഞുമ്മയ്ക്ക് അറിയോ ഉമ്മി എവിടേന്ന്. വരാൻ പറയോ ഉമ്മിയോട്. എനിക്ക് പറ്റുന്നില്ല ഉമ്മി ഇല്ലാതെ. എനിക്ക് മാത്രം അല്ല വാപ്പിക്കും. എപ്പോഴും സങ്കടമാണ് വാപ്പിക്ക്. “
ലാമിയയെ കെട്ടിപ്പിടിച്ചു കരയുന്ന സാഹിയുടെ മുടിയിൽ കൂടെ വന്ന സ്ത്രീ പതിയെ തലോടി. എന്തുകൊണ്ടോ ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ആ സ്പർശം മനസ്സിലായത് കൊണ്ട് സാഹി ഞെട്ടി തല ഉയർത്തി നോക്കി.
“ഉമ്മീ….”
ആർത്തു കരഞ്ഞവൾ ആ സ്ത്രീയെ മുറുകെ കെട്ടിപിടിച്ചു. മുഖം മറച്ചാലും സാഹിക്ക് അവളുടെ ഉമ്മിയെ തിരിച്ചറിയാൻ ആ ഒരു സ്പർശം മാത്രം മതിയായിരുന്നു.
“ഇനി എന്നെ വിട്ട് പോകല്ലേ ഉമ്മീ… “
“ഇനിയും എന്തിനാ ഇത്താത്ത ഈ ഒളിച്ചു കളി. പാവം അല്ലെ മോള്. “
“ഇനി…ഇനി എങ്ങും പോകിലല്ലോ ഉമ്മി. ഞാൻ വിടില്ല എങ്ങും…നോക്കിക്കോ “
കുറെ നേരം പിടിച്ചു ഉമ്മിയുടെയും മോളുടെയും പരിഭവവും പരാതിയും തീരാൻ. ഓരോ വിശേഷങ്ങൾ പറഞ്ഞ് കൊണ്ട് വന്ന ബിരിയാണി സാഹിക്ക് വാരി കൊടുത്തു കൊണ്ടിരുന്നപ്പോഴാണ് വാഹിദ് വന്നത്. അവന്റെ കോലം ആകെ മാറിപ്പോയിരുന്നു. വെട്ടി ഒതുക്കിയ താടിക്ക് പകരം ഇപ്പോൾ കാടു പിടിച്ച മീശയും താടിയുമാണ്. നര കയറി പ്രായം കൂടിയ പോലെ..9 മാസം ഇത്രയും മാറ്റമോ…അവളുടെ കണ്ണുകൾ അവന്റെ മുഖമാകെ പാറി നടന്നു.
ഒരു നിമിഷം കണ്ട കാഴ്ച്ചയിൽ തറഞ്ഞു നിന്നെങ്കിലും ഒന്നും മിണ്ടാതെ അവൻ അകത്തേക്ക് കയറിപ്പോയി. അത് കണ്ടപ്പോൾ ഹാഫിസ തിരികെ പോകാം എന്നുള്ള തീരുമാനം എടുത്തിരുന്നു. പക്ഷെ സാഹി മോളുടെ വാശിക്ക് മുന്നിൽ അവൾക്ക് അടിയറവ് വെക്കേണ്ടി വന്നു. മനസ്സ് നിറഞ്ഞാണ് ലാമിയ തിരികെ വീട്ടിലേക്ക് പോയത്. ചിന്നി ചിതറിയേക്കാവുന്ന സഹോദരിയുടെ ജീവിതം സുരക്ഷിതമാക്കിയതിലുള്ളസന്തോഷമായിരുന്നു ഉള്ളു നിറയെ.
രാത്രി സാഹിയെ ഉറക്കിയതിന് ശേഷമാണ് ഹാഫിസ ഫ്രഷ് ആകാൻ അവരുടെ മുറിയിലേക്ക് പോയത്. കുറച്ചു നേരം മുമ്പാണ് വാഹിദ് പുറത്തേക്ക് പോയത്. അത് കൊണ്ട് തന്നെ ധൈര്യമായി അവൾ ഫ്രഷ് ആകാൻ കയറി. കണ്ണാടിയുടെ മുന്നിൽ മുടി കോതിക്കൊണ്ടിരിക്കുമ്പോഴാണ് തന്നെ തന്നെ നോക്കികൊണ്ട് നിൽക്കുന്ന വാഹിദിനെ കാണുന്നത്. ഒരു നിമിഷം അവൾ അവനെ തന്നെ നോക്കി നിന്നു. തടിയൊക്കെ ഡ്രിം ചെയ്തിട്ടുണ്ട്. അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ കാറ്റ് പോലവൻ വന്നു പൂണ്ടടക്കം കെട്ടിപ്പിടിച്ചിരുന്നു.
കഴുത്തിൽ നനവ് പടർന്നപ്പോഴാണ് അവൻ കരയുകയാണെന്ന് അവൾക്ക് മനസ്സിലായത്. പിടച്ചിലോടെ അവൾ അവന്റെ മുഖം പിടിച്ചുയർത്തി.
“ഇനി എന്നെ വിട്ട് പോകല്ലേടി…എനിക്ക് സഹിക്കാൻ പറ്റുന്നില്ല. നീയില്ലാതെ ഇത്രയും ദിവസം എങ്ങനെ കഴിച്ചു കൂട്ടി എന്ന് എനിക്കെ അറിയൂ….നീ ലാമിയുടെ കൂടെ ഉണ്ടെന്നറിഞ്ഞിട്ടും വരാതിരുന്നത് കണ്മുന്നിൽ നിന്ന് വീണ്ടും നീ എങ്ങോട്ടെങ്കിലും പോകുമോ എന്ന് പേടിച്ചിട്ടാ…ഇനിയും ഞങ്ങളെ വിട്ട് പോകല്ലേ മോളെ…ഞാനും ഷഹാനയും തമ്മിൽ അരുതാത്ത ഒരു ബന്ധവുമില്ല. സത്യമായിട്ടും….അന്ന് യാദൃഷികമായാണ് മാളിൽ വെച്ച് അവളെ കണ്ടത്. അവളുടെ കുഞ്ഞിന് ഹാർട് കംപ്ലയിന്റ് ഉണ്ട്. ആ കുഞ്ഞ് സാഹിയുടെ കൂടെ വരണം എന്ന് വാശി പിടിച്ചത് കൊണ്ടാ ഒപ്പം കൂട്ടിയത്. അല്ലാതെ അവളുടെ കൂടെ കറങ്ങാൻ പോയതല്ല. വെഡിങ് ആനിവേഴ്സറിക്ക് നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടിയാ സാഹിയും ഞാനും കൂടെ ടൗണിൽ പോയത്. അവിടെ വെച്ചാണ് ഹോസ്പിറ്റലിൽ പോയി തിരിച്ചു വന്ന ഷഹാനയെയും മോനെയും കണ്ടത്. നീയല്ലാതെ മറ്റൊരാളും എന്റെ മനസ്സിൽ ഇല്ല ഫിസാ….എനിക്കറിയില്ല എങ്ങനെയാണ് എന്റെ സ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന്. ജോലിയിലെ ടെൻഷൻ കാരണം എനിക്കൊന്ന് ചിരിക്കാൻ പോലും കഴിയുമായിരുന്നില്ല. ഇപ്പോഴാ ടെൻഷൻ എല്ലാം ഒതുങ്ങിയത്…അപ്പോഴേക്കും നീ എന്നിൽ നിന്ന് ഒത്തിരി ദൂരെ പോയിരുന്നു.”
“സോറി…ഇക്കാ…ഞാൻ “
“ഏയ്യ് ഒന്നും പറയണ്ട നീ…നിന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും. എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ഞാൻ നിന്നോട് ചെയ്തത് തെറ്റ് തന്നെയാണ്. എന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ വേണ്ട സമയത്ത് നിന്റെ കൂടെ നിൽക്കാതിരുന്നത് നിന്റെ വേദന മനസ്സിലാക്കാതെയിരുന്നത് എന്റെ തെറ്റ് തന്നെയാണ്…ഞാനാണ് നിന്നോട് സോറി പറയേണ്ടത്. സോറി മോളെ…. “
അവന്റെ നെഞ്ചിൽ ചാരി കിടന്ന് സങ്കടങ്ങൾ പെയ്തൊഴിയുമ്പോൾ ലോകം മുഴുവൻ കൈപിടിയിൽ ഒതുക്കിയ സന്തോഷമായിരുന്നു അവൾക്ക്.
“ഇക്കാ…. “
“മ്മ് “
“ഞാൻ എങ്ങോട്ടാ പോയതെന്ന് ചോദിക്കുന്നില്ലേ…എന്ത് കൊണ്ടാ പോയതെന്ന് ചോദിക്കുന്നില്ലേ “
“ഇല്ലാ…നിന്നോട് ചെയ്ത തെറ്റിന് ശിക്ഷ അനിവാര്യമായിരുന്നു. എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷയാണ് നീയില്ലാതെ ജീവിക്കുക എന്നത്. ഒറ്റ നിമിഷത്തെ തോന്നലിൽ ആണ് നീ പോയതെന്നറിയാം. ഞാൻ വേറെ കെട്ടും എന്ന് കരുതി അല്ലെ…ഇവിടെ നിന്ന് ദേവുവിന്റെ അടുത്തേക്ക് പോയതും അത് കഴിഞ്ഞ് ലാമിയുടെ വീട്ടിൽ എത്തിയതും എല്ലാം ഞാൻ അറിഞ്ഞു “
“എങ്ങിനെ അറിഞ്ഞു “
“നിന്റെ ദേവു വിളിച്ചു ഒരു ദിവസം. നിന്നെ അന്വേഷിച്ചു ദേവു വർക്ക് ചെയ്യുന്ന സ്ഥലത്ത് പോയിരുന്നു. അന്ന് പക്ഷെ അവളെ കാണാൻ കഴിഞ്ഞില്ല. പിറ്റേന്ന് അവൾ വിളിച്ചു നീ അവളുടെ കൂടെ ഉണ്ടെന്ന് പറഞ്ഞു. അപ്പോഴാ എനിക്ക് ശ്വാസം നേരെ വീണത്. “
“എടി ദുഷ്ടത്തി…വിളിക്കട്ടെ അവളെ ഞാൻ..”
“ഹെലോ….”
“എടി പ രട്ടെ…തേ പ്പ് കാരി…നീയെന്നെ ഒറ്റി അല്ലേടി…”
“ആ ഒറ്റി നല്ല അന്തസായി ഒറ്റി. അത് കൊണ്ടെന്താ നീ ഇപ്പൊ ഹാപ്പി അല്ലെ “
“ഞാൻ ഹാപ്പി ആണെന്ന് ആര് പറഞ്ഞു “
“അത് നിന്റെ സംസാരം കേൾക്കുമ്പോ അറിയാലോ….ഇപ്പൊ പൊന്ന് മോള് ഫോൺ വെച്ചിട്ട് പ്രിയതമനോട് സൊള്ള് “
“എന്തിനാ അവളെ വഴക്ക് പറയുന്നേ…ഇങ്ങട് വാ നീ എത്ര നാളായി…”
“എന്ത്…”
“ഇങ്ങ് വാ പെണ്ണെ…എത്ര നാളായി നിന്നെ കെട്ടിപ്പിടിച്ചു കിടന്നിട്ട്… “
“അയ്യടാ…എനിക്ക് മര്യാദക്ക് കിടന്നുറങ്ങണം. മാറി കിടക്ക് മനുഷ്യാ…”
കളിചിരികൾക്കൊടുവിൽ എപ്പോഴോ തളർന്നവൾ അവന്റെ മാറിൽ മുഖമമർത്തി കിടന്നു.
“നാളെ എല്ലാരും വരും…ഓരോ ചോദ്യവും പറച്ചിലും ആയി….ക്രൂ ശിക്കുവോ എന്നെ “
“ആര് ക്രൂ ശിക്കാൻ…നിന്നെ ആരും ഒന്നും പറയില്ല..ഞാനില്ലേ കൂടെ… “
“ആഹാ…ഇപ്പൊ അങ്ങനെ ആയോ…”
“ഇനിയെന്നും അങ്ങനെയാകും….”
~അഫി