പിന്നെ അത് തന്നെയാണോ..അവരും ചോദിച്ചു തുടങ്ങിയിരിക്കുന്നു കല്യാണം നമുക്കെപ്പോ നടത്താമെന്ന്..

ആണൊരുത്തൻ….

Story written by Sadik Eriyad

============

ദേ ഏട്ടാ..ഇന്ന് അനുമോൻ ഇവിടെ വരുമ്പോൾ നിങ്ങൾ രണ്ടിലൊന്ന് അറിയണം കെട്ടോ..ചെക്കന് വയസ്സ് ഇരുപത്തൊമ്പത് കഴിഞ്ഞിരിക്കുന്നു..

പിന്നെ അത് തന്നെയാണോ..അവരും ചോദിച്ചു തുടങ്ങിയിരിക്കുന്നു കല്യാണം നമുക്കെപ്പോ നടത്താമെന്ന്..

അന്നേ ഞാൻ നിങ്ങളോട് പറഞ്ഞതാണ്, അവന്റെ അഭിപ്രായം കൂടി അറിഞ്ഞിട്ട് അവരോട് ചോദിച്ചാമതിയെന്ന്.

നിങ്ങൾക്കപ്പൊ നിങ്ങടെ ബന്ധത്തിൽ നിന്ന് തന്നെ മകന് പെണ്ണ് കെട്ടിക്കണമെന്ന് മോഹം കയറിയതല്ലെ…

എന്റെ ബന്ധമായത് കൊണ്ടാണൊ ലീനെ ഞാൻ അവന് വേണ്ടി ആ കുട്ടിയെ പോയി ചോദിച്ചത്. നീയും കൂടി സമ്മതിച്ചിട്ടല്ലെ..

അത് പിന്നെ ഏതൊരമ്മയാ അവളെ പോലൊരു കുട്ടിയെ തങ്ങളുടെ മകനെ കൊണ്ട് കെട്ടിക്കാൻ ആഗ്രഹിക്കാത്തത്. ആ അടക്കോം ഒതുക്കോം മറ്റുള്ളവരോട് പെരുമാറുന്ന രീതിയും പിന്നെ ആ കുട്ടിയുടെ ശാലീന സൗന്ദര്യവും…

ആ അത് തന്നെയാണ് എനിക്കും തോന്നിയത്. അല്ലാതെ എന്റെ ബന്ധത്തിലുള്ള കുട്ടി ആയത് കൊണ്ടല്ല. പിന്നെ നമ്മുടെ മുന്നിൽ വളർന്ന കൊച്ചുമല്ലെ…

അതെല്ല ഏട്ടാ ഞാൻ പറഞ്ഞത്. വലിയൊരു ടൗണിലെ ഓഫീസിലല്ലെ നമ്മുടെ അനു ജോലിചെയ്യുന്നത്. ഇനി അവിടെ അവന് വല്ല കുട്ടികളുമായി എന്തെങ്കിലും പ്രേമമോ മറ്റോ ഉണ്ടാകുമോ എന്നാണ് എന്റെ ഭയം…

എന്തായാലും അവനിന്ന് വരട്ടെ ഞാൻ ചോദിക്കാം…

ഓഫീസിൽ നിന്ന് വന്ന് കുളിയെല്ലാം കഴിഞ്ഞ് അച്ഛനും അമ്മക്കുമൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്ന അനുവിനോട് അച്ഛൻ പറഞ്ഞു..

അനൂപെ…വരുന്ന ഞായറാഴ്ച്ച രാജീവന്റെ മകൾ നയനയെ പെണ്ണ് കാണാൻ നമ്മൾ പോകുന്നു…

ആ കുട്ടിയെ നീ കണ്ടിട്ടുള്ളതാണെങ്കിലും പെണ്ണ് കാണൽ എന്നൊരു ഫോർമാൽറ്റിക്ക് വേണ്ടി ഒന്ന് കൂടി നീ കാണുന്നു..പറ്റിയാൽ ഈ ചിങ്ങത്തിൽ തന്നെ നമുക്കത് നടത്താം…

അച്ചന്റെ വാക്കുകൾ കേട്ട് വായിലേക്ക് വെച്ച ചപ്പാത്തി. ഇറക്കാൻ കഴിയാതെ ഇരുന്നു പോയി അനൂപ്..

ദൈവമെ താൻ വർഷങ്ങളായി ആരെയും അറിയിക്കാതെ മനസ്സിലിട്ട്
നീറുന്ന വേദന. ഇവരോട് എങ്ങനെ പറയും…

പറയേണ്ട സമയവും വന്നിരിക്കുന്നു..ഇനിയും താൻ ഇത് ഒളിച്ചു വച്ചാൽ ചിലപ്പൊ അച്ഛനും അമ്മയും മറ്റുള്ളവരുടെ മുന്നിൽ കിടന്ന് വിയർക്കേണ്ടി വരും..എന്റെ ദൈവമെ ഞാൻ എങ്ങനെ അത് ഇവരോട് അവതരിപ്പിക്കും..

തലയും താഴ്ത്തി ഇരിക്കുന്ന അനുവിനോടായ് അമ്മ പറഞ്ഞു..

അച്ഛൻ അവരുമായി സംസാരിച്ച് എല്ലാം ഉറപ്പിച്ചു വച്ചിരിക്കുവാണ്. ഞായറാഴ്ച്ച നമുക്ക് പോയി വിവാഹത്തിന്റെ ഡെയ്റ്റ് കൂടി തീരുമാനിച്ച് അവൾക്കൊരു മോതിരവുമിട്ട് പോരാം.

എന്താ അനു നീ ഒന്നും മിണ്ടാത്തത് നമ്മൾ പോകുവല്ലെ..

അത്…അത് അമ്മേ എനിക്കിപ്പൊ കല്യാണം വേണ്ട അമ്മെ..അനു വിക്കി വിക്കി അത് പറയുമ്പോൾ..

ദേഷ്യത്തോടെ അച്ഛൻ പറഞ്ഞു…ഇല്ല അനു ഇനിയും നിന്റെ കല്യാണം നീട്ടി കൊണ്ട് പോകാൻ ഞങ്ങൾക്ക് കഴിയില്ല. നിന്റെ ചേച്ചിമാരും അളിയൻ മാരുമൊക്കെ. നിന്നെ പെണ്ണ് കെട്ടിക്കുന്നില്ലെയെന്ന് ചോദിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ട് മൂന്ന് കഴിഞ്ഞു. ഇനി നിനക്ക് വേണ്ടി വെയ്റ്റ് ചെയ്യാൻ ഞങ്ങൾ ഒരുക്കമല്ല അനൂപെ..

അതും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് കൈ കഴുകാൻ വാഷ് ബെയ്സനരികിലേക്ക് പോയി…

അനു മോനെ…അമ്മേടെ കുട്ടി പറയ് മോന്റെ മനസ്സിൽ വേറെ വല്ല പെൺ കുട്ടിയും ഉണ്ടൊ. പറയ് മോനെ…നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടൊ..

ഇല്ല അമ്മെ ഞാൻ ആരെയും പ്രേമിക്കുന്നില്ല പക്ഷെ..പക്ഷെ എനിക്ക് എനിക്ക് കല്യാണം..അത് മുഴുവനാക്കാൻ കഴിയാതെ കരഞ്ഞു കൊണ്ട് അനു അവിടെ നിന്ന് എഴുന്നേറ്റ് പോയി..

അത്രയും വലുതായ മകന്റെ കരച്ചിലും പോക്കും കണ്ട ആ അമ്മ. കിടക്കാൻ റൂമിലേക്ക് ചെന്നപ്പോൾ അവന്റെ അച്ഛനോട് പറഞ്ഞു…എന്റെ കുട്ടി എന്തോ കാര്യത്തിൽ ഒരുപാട് വിഷമിക്കുന്നുണ്ട് ട്ടൊ..

അത് നീ പറഞ്ഞ പോലെ അവന് വല്ല പ്രേമവും കാണും ലീനെ. അത് നമ്മളോട് പറയാനുള്ള ബുദ്ദിമുട്ട് കൊണ്ടാവും…

അനു അപ്പോൾ തന്റെ മുറിയിലെ ബെഡ്ഡിൽ കമഴ്ന്ന് കിടന്ന് കരയുകയായിരുന്നു..

എങ്ങനെ പറയും താൻ തന്റെ അച്ഛനോടും അമ്മയോടും…എന്ത്‌ തന്നെ വന്നാലും അവരെ ഇനി അറിയിക്കാതിരുന്നിട്ട് കാര്യമില്ല..

അനു എഴുന്നേറ്റ് മുഖം കഴുകി അച്ഛനും അമ്മയും കിടക്കുന്ന റൂമിലേക്ക് നടന്നു..

ഡോറിലൊന്ന് തട്ടിയിട്ട് അമ്മേ എന്നും വിളിച്ച് അവൻ അകത്തേക്ക് കടന്നു..

എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്..ഞാൻ..ഞാൻ ഈ ലൈറ്റൊന്ന് ഓഫ് ചെയ്തോട്ടെ അച്ഛാ..

അനു എന്തിനാടാ ലൈറ്റ് ഓഫ് ചെയ്യുന്നെ…നിനക്ക് എന്ത്‌ വേണേലും ഞങ്ങടെ മുഖത്ത് നോക്കി പറഞ്ഞൂടെ..

എനിക്ക് ഇപ്പൊ അങ്ങനെ പറയാൻ കഴിയില്ല അമ്മ…കണ്ടില്ലെ ഞാൻ വിറക്കുന്നത്.

പേടി കൊണ്ടല്ല ഞാൻ വിറക്കുന്നത് എന്റെ ഉള്ളിലെ  നീറുന്ന വേദന കൊണ്ടാണ്…

ലൈറ്റ് ഓഫ് ചെയ്ത് ഹാളിനുള്ളിൽ നിന്ന് റൂമിലേക്ക് കിട്ടുന്ന മങ്ങിയ വെട്ടത്തിൽ നിന്ന് കൊണ്ട് അനു പറയാൻ തുടങ്ങി..

ഒരു പെൺ കുട്ടിയെ വിവാഹം കഴിച്ച് അതിനെ ചതിക്കാൻ എനിക്ക് കഴിയില്ല..

ഈ ജന്മം ഒരു പെണ്ണിനേയും എന്റെ ജീവിത പങ്കാളിയാക്കാൻ എനിക്ക് കഴിയില്ല.

കാരണം എന്റെ ഉള്ളിൽ ഒരു പെണ്ണിനോട് തോന്നേണ്ട വികാരവും വിചാരവും ഒന്നും തന്നെയില്ല..

ഞാൻ..ഞാൻ ഒരുപാട് പരിശ്രമിച്ചു ഒരു പെണ്ണിനെ മോഹിക്കാൻ…പ്രണയിക്കാൻ..അങ്ങനെ ഒരു മനസ്സ് എന്നിലുണ്ടാകാൻ ഞാൻ ഒരുപാട് കൊതിച്ചു..

പക്ഷെ എന്റെ മനസ്സിൽ അങ്ങനെ ഒന്ന് ഇല്ല. ഞാനിത് തിരിച്ചറിഞ്ഞിട്ട് പത്ത് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞു..

എന്റെ മനസ്സിന്റെ ഈ മാറ്റം ഞാൻ..എന്റെ കൗമാരത്തിൽ തന്നെ അറിഞ്ഞു തുടങ്ങിയതാണ്…

അന്ന് മുതൽ ആരോടും ഇതൊന്ന് തുറന്ന് പറയാൻ കഴിയാതെ ഞാൻ എന്റെ ഉള്ളിലിട്ട് നീറുകയാണ്. ശ്വാസം കിട്ടാതെ പിടയുകയാണ് ഞാൻ…

ഒരു പെൺ കുട്ടിയെ വിവാഹം ചെയ്ത് ആ കുട്ടിയുടെ ശാപം ഏറ്റ് വാങ്ങാൻ എനിക്ക് കഴിയില്ല..

സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ മറ്റു ആൺകുട്ടികൾ പ്രണയത്തെ കുറിച്ചും പെൺ കുട്ടികളെ കുറിച്ചും പറയുമ്പോൾ ഞാനും കൊതിച്ചിട്ടുണ്ട് എന്റെ മനസ്സും അവരെ പോലെ ആയെങ്കിലെന്ന്..

ഞാനും ഒരുപാട് പരിശ്രമിച്ചു പ്രണയിക്കാൻ…ഒരു പെണ്ണിനെയെങ്കിലും ഒന്ന് മോഹിക്കാൻ..പക്ഷെ എന്റെ മനസ്സിന് അതിന് കഴിഞ്ഞില്ല..

എനിക്ക്..എനിക്കറിയില്ല ഞാൻ മാത്രം എന്തെ ഇങ്ങനെയെന്ന്..എന്റെ മനസ്സും മോഹവുമെല്ലാം ആണിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്…

നമ്മുടെ വീടിനും നിങ്ങൾക്കും മാനക്കേടായി നിൽക്കാതെ ഞാനെന്റെ ജീവൻ വെടിയാൻ കൊതിച്ചതാണ്. പക്ഷെ അതിനും എനിക്ക് കഴിയുന്നില്ല…

എല്ലാം കേട്ട് നെഞ്ച് പൊട്ടി കരഞ്ഞു കൊണ്ടിരുന്ന അനുവിന്റെ അമ്മ…ലൈറ്റ് ഓൺ ചെയ്ത് കൊണ്ട് നിലത്തേക്ക് ഇരുന്ന് പോയ അനുവിനെ വന്ന് കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞു..

എന്റെ ദൈവമെ ഞങ്ങളെന്താണ് ഈ കേട്ടത്..എന്താണ് എന്റെ കുട്ടിക്ക് പറ്റിയത്….അമ്മയും മകനും അലമുറയിട്ട് കരയുമ്പോൾ..

ഒരിറ്റ് കണ്ണ് നീർ പുറത്തേക്ക് വരുന്നില്ലെങ്കിലും ഹൃദയം പൊട്ടി വിങ്ങുകയായിരുന്നു അനുവിന്റെ അച്ഛന്റെ…

മകന്റെ അരികിൽ വന്ന് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു…

എന്തിനും ഇപ്പൊ ചികിത്സയുണ്ട് നമുക്ക് നല്ലൊരു ഡോക്ടറുടെ അരികിൽ പോകാം..

ചെല്ല് മോനിപ്പൊ ചെന്ന് കിടക്ക്. ഇപ്പോഴെങ്കിലും നിനക്ക് ഞങ്ങളോടിത് പറയാൻ ധൈര്യം കിട്ടിയല്ലൊ…

അച്ഛന്റെയും അമ്മയുടെയും റൂമിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ അനു മനസ്സിൽ തീരുമാനിച്ചു, അവരുടെ സമാധാനത്തിന് വേണ്ടിയെങ്കിലും താൻ അവർക്കൊപ്പം ഒരു ഡോക്ടർക്കരികിൽ പോകണമെന്ന്…

കേരളത്തിലെ തന്നെ വളരെ പ്രശസ്തമായൊരു ഹോസ്പിറ്റലിൽ മണിക്കൂറുകളോളം അനുവിനെ കൗൺസലിംഗ് നടത്തിയ ശേഷം..ഡോക്ടർ അവന്റെ അച്ഛനെയും അമ്മയെയും റൂമിലേക്ക് വിളിപ്പിച്ച്. അവരോടായി അദ്ദേഹം പറയാൻ തുടങ്ങി…

സ്വന്തം മക്കളിൽ ഇത് പോലുള്ള അവസ്ഥകളുണ്ടായാൽ ഏത് പേരന്റ്സിനും സഹിക്കാൻ കഴിയില്ല..

പക്ഷെ നമ്മൾ സഹിച്ചെ മതിയാകൂ. കാരണം അവൻ ആഗ്രഹിച്ചിട്ടൊ അവൻ കൊതിച്ചിട്ടൊ കിട്ടിയതെല്ല അങ്ങനെയൊരു മനസ്സും ആ മനസ്സിലെ മോഹങ്ങളും..

നമ്മളൊക്കെ ചിന്തിക്കുന്നതിലും എത്രയോ മേലെ നിങ്ങളുടെ മകൻ അനൂപ് വേദനിച്ചിട്ടുണ്ട്…

അവന്റെ മനസ്സിലേക്ക് നമ്മുടേതായ ഇഷ്ട്ടങ്ങളും മോഹങ്ങളും ചേർത്ത് വെക്കാൻ ഒരു വൈദ്യശാസ്ത്രത്തിനും കഴിയില്ല..

നമ്മുടെ ഭൂമിയിലെ കോടി കണക്കിന് മനുഷ്യരിൽ ചിലർ ഇങ്ങനെയൊക്കെ ജനിക്കുന്നു..

ആണായ് ജനിച്ച് പെണ്ണിന്റെ മനസ്സുമായി ജീവിക്കുന്നവർ…പെണ്ണായ് ജനിച്ച് ആണിന്റെ മനസ്സുമായി ജീവിക്കുന്നവർ..പിന്നെ അനൂപിനെ പോലെയും മനസ്സുള്ളവർ…അങ്ങനെ അങ്ങനെ പലവിധ ജീവനുകൾ..

കഴിയുമെങ്കിൽ മകനെ മനസ്സിലാക്കി മകന്റെ ഹൃദയത്തെ മനസിലാക്കി സ്നേഹിച്ച് കൂടെ നിർത്തുക..വളരെ ദുർബലമായിരിക്കും ഇങ്ങനെയുള്ളവരുടെ ഹൃദയം…

ഡോക്ടറുടെ വാക്കുകൾ കേട്ട് ഹൃദയം തകർന്ന് കരഞ്ഞുകൊണ്ട് ഡോക്ടറുടെ റൂമിൽ നിന്ന് ആ അച്ഛനും അമ്മയും പുറത്തിറങ്ങുമ്പോൾ..

പുറത്ത് നിൽക്കുന്ന അനുവിനെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു ആ അമ്മ…

അച്ഛന്റെ മൗനം മാത്രം അനുവിനെ വല്ലാതെ നോവിച്ചു…

ഒന്നും മിണ്ടാതെ അച്ഛൻ കാറ് ഡ്രൈവ് ചെയ്യുമ്പോൾ അമ്മയും മകനും പുറകിലിരുന്ന് കരയുകയായിരുന്നു…

റോഡിനരികിലെ ഒരു കടക്ക് മുന്നിൽ കാറ് കൊണ്ട് നിറുത്തി അനുവിനോട് ഒരു കുപ്പി വെള്ളം വാങ്ങി വരാൻ പറഞ്ഞു അച്ഛൻ..

അവൻ ഇറങ്ങിയതും കാറ് സ്പീഡിൽ മുന്നോട്ടെടുത്തു അദ്ദേഹം.

അത് കണ്ട അനു ഒരു നിമിഷം ചിന്തിച്ചു പോയി തന്നെ അച്ഛൻ ഉപേക്ഷിച്ചിരിക്കുന്നു എന്ന്..

പക്ഷെ അനുവിന് വെള്ളം വാങ്ങി നടന്നു വരാൻ അല്പം സമയം എടുക്കുന്ന രീതിയിൽ അദ്ദേഹം കാറ് നിർത്തിയിട്ട് തന്റെ ഭാര്യയോട് പറഞ്ഞു..

ഈ ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുൻപെ എനിക്ക് പരിജയമുള്ള ഒന്ന് രണ്ട് ഡോക്ടർമാരുമായ് ഞാൻ സംസാരിച്ചിരുന്നു ലീന..

അവരും ഇത് തന്നെയാണ് പറഞ്ഞത്..നമ്മുടെ മോൻ ആഗ്രഹിച്ചു കൊണ്ടോ അവൻ അറിഞ്ഞു കൊണ്ടോ ആയതല്ല ഇങ്ങനെ..അവൻ പോലും അറിയാതെ ആയിപ്പോയതാണ്..

എന്നിലൂടെ നിന്റെ ഉദരത്തിൽ വിരിഞ്ഞ് നമുക്ക് പിറന്ന മകനാണ് അവൻ. ആർക്ക് വേണ്ടേലും ആരൊക്കെ വെറുത്താലും നമുക്ക് കളയാൻ കഴിയുമൊ നമ്മുടെ മകനെ…

നമ്മുടെ കാലം കഴിഞ്ഞാൽ അവനൊരു തുണവേണ്ടേ ഏട്ടാ. പൊട്ടികരഞ്ഞു കൊണ്ട് ലീനയെന്ന ആ അമ്മ ഭർത്താവിനോട് ചോദിച്ചു….

നമ്മുടെ മോഹങ്ങളിൽ ചിലപ്പോൾ നിൽക്കില്ല ലീന, ചില ജീവിതങ്ങൾ…

അത്രയും സമയം അടക്കിപ്പിടിച്ച വിങ്ങലുകളെല്ലാം ഒലിച്ചിറങ്ങുന്ന കണ്ണീരോടെ വാവിട്ട് കരഞ്ഞു ആ അച്ഛൻ…

വെള്ളവുമായ് അനു കാറിനരികിലേക്ക് നടന്ന് എത്തുമ്പോൾ അച്ഛൻ പുറത്തിറങ്ങി നിൽക്കുന്നുണ്ട്..അമ്മ കറിനുള്ളിൽ കരഞ്ഞു കൊണ്ട് കിടക്കുന്നു..

കാറ് ഞാൻ മുന്നോട്ടെടുത്തപ്പോൾ നീ ചിന്തിച്ചു കാണും അച്ഛൻ നിന്നെ ഇവിടെ കളഞ്ഞു കൊണ്ട് പോകുവാണെന്ന് അല്ലെ അനു…

ഈ അച്ഛനുണ്ടായ നീയെന്ന മകനിലും വലുതല്ലടാ മോനെ ഒരഭിമാനവും..നീയെന്ന മകനാണ് അച്ഛന്റെ ഏറ്റവും വലിയ അഭിമാനം…

ഇന്ന് നിന്റെ ഈ അച്ഛൻ ഒരു കാര്യത്തിൽ ഏറെ അഭിമാനിക്കുന്നു..വീട്ടുകാരുടെ മുന്നിൽ എല്ലാം ഒളിച്ച് വച്ച് ഒരു പെൺ കുട്ടിയുടെ ജീവിതം നീ നശിപ്പിച്ചില്ലല്ലോ..അവിടെയാണ് അച്ഛന്റെ കുട്ടി ആണൊരുത്തനായത്…

അച്ഛനെ കെട്ടിപുണർന്ന് ഒരുപാട് കരഞ്ഞു അനൂപ്…

ഒത്തിരി സ്നേഹത്തോടെ, സാദിഖ് എറിയാട്