ഇടവഴിയിലെ നായ…
Story written by Praveen Chandran
=============
സ്കൂൾ വിട്ട് ആ വഴി വരുംമ്പോഴൊക്കെ അവളുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു…അധികം ആൾപെരുമാറ്റമില്ലാത്ത ആ വഴിയിലൂടെ നടന്നു വരുമ്പോൾ അവളെ നോക്കി എന്നും ആ നായ അവിടെയിരിപ്പുണ്ടാവും..
അതിന്റെ മുരളലും ഞരക്കവും മതിയായിരുന്നു അവളെ ഭയചകിതയാക്കാൻ…
ടീവിയിൽ പേപ്പ ട്ടികളുടെ ആക്രമണങ്ങളെ പറ്റി കണ്ടറിഞ്ഞതുമുതൽക്കുളള ഭയമാണ് അവൾക്ക് നായകളെ…മിക്കപ്പോഴും ആ നായയെ അവിടെ തന്നെ കാണാമായിരുന്നു…
അച്ഛൻ മരിച്ചത് മുതൽ അമ്മയായിരുന്നു അവൾക്കെല്ലാം…അവർ അടുക്കളപണിക്ക് പോയാണ് അവളെ വളർത്തിയിരുന്നത്…അത് കൊണ്ട് തന്നെ അവളെ സ്കൂളിൽ കൊണ്ട് വിടാനോ മറ്റോ അവർക്ക് സമയമുണ്ടായിരുന്നില്ല..
അച്ഛന്റെ മരണം ആ കുഞ്ഞുമനസ്സിനെ വല്ലാതെ നൊമ്പരപെടുത്തിയിരുന്നു…അത്രയ്ക്കും സ്നേഹിച്ചാണ് അവളെ ആ അച്ഛൻ വളർത്തിയിരുന്നത്…
അച്ഛനായിരുന്നു അവളെ സ്കൂളിൽ കൊണ്ട് വിട്ടിരുന്നതെല്ലാം…അച്ഛന്റെ മരണത്തോടെ അവരെ ആരും തിരിഞ്ഞു നോക്കാതെയായി…
നായപേടി കൂടി കൂടി ഉറക്കത്തിൽ വരെ അവൾ ഞെട്ടിയുണരാൻ തുടങ്ങിയിരുന്നു…
മകളുടെ അവസ്ഥയിൽ ആ അമ്മയുടെ മനസ്സ് നീറാൻ തുടങ്ങിയിരുന്നു…അങ്ങനെയാണ് അവർ ആ നായക്ക് വിഷം വയ്ക്കാൻ തീരുമാനിച്ചത്..
ഇന്നോടെ അതിന്റെ ശല്ല്യം തീർക്കണം..ഇനിമുതൽ തന്റെ മകൾക്ക് അതിനെ പേടിക്കാതെ സ്കൂളിൽപോകാം…
ഇ റച്ചികഷ്ണത്തിൽ വിഷം പുരട്ടി ആ വഴിയരികിൽ വച്ച് അവർ ജോലിക്ക് പോയി…
മകൾ പതിവുപോലെ സ്കൂളിലേക്ക് പോകാൻ ഒരുങ്ങവെയാണ് തൊട്ട് അപ്പുറത്തെ വീട്ടിലെ മാമൻ അവളോടൊപ്പം കൂടിയത്..
അവൾക്കതൊരാശ്വാസമായി തോന്നി…
ഇന്നെങ്കിലും ആ നായയെ പേടിക്കാതെ പോകാമല്ലോ..
അവർ ഇരുവരും ആ ഇടവഴിയിലെത്തിയതും അവൾ അയാളോട് ആ നായയെപറ്റി പറഞ്ഞു..
അത് കേട്ടതും അയാളവളെ തോളിൽ കൈവച്ചു കൊണ്ട് ആശ്വസിപ്പിച്ചു..
“മോളു പേടിക്കണ്ടാട്ടോ..ഇനി മുതൽ മാമൻ വരാം കൂട്ടിന്..”
അവൾ തലകുലുക്കി…
ഇടവഴിയിലേക്ക് കടന്നതും അയാളവളുടെ വായും മുഖവും പൊത്തി..അവൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ബലിഷ്ഠമായ ആ കരങ്ങൾക്കു ളളിൽ അമർന്ന് അവൾക്ക് ബോധം നഷ്ടപെട്ടു…
അയാളവളെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു…
ഇരയെ കിട്ടിയ വേട്ടക്കാരനെപോലെ അവളുടെ ശരീരത്തിലേക്ക് അയാൾ പ്രവേശിക്കാനൊരുങ്ങിയതും അലറിക്കൊണ്ട് അയാൾ കുതറിമാറിയതും ഒരുമിച്ചായിരുന്നു…
കുറച്ചു സമയത്തിനുശേഷം ആ വഴി വന്ന ഒരാൾ ആ കാഴ്ച്ച കണ്ട് അലറി വിളിച്ചുകൊണ്ടോടി…
ആളുകളെ കൂട്ടി അയാൾ തിരിച്ചെത്തുംമ്പോഴേക്കും ആ നായ അയാളെ ക ടിച്ചു കൊ ന്നിരുന്നു…
രക്തത്തിൽ കുളിച്ച് കിടന്നിരുന്ന അയാളുടെ കുറച്ച് മാറി പത തുപ്പി ആ നായയും ചത്തു കിടന്നിരുന്നു…
കുഞ്ഞിന്റെ വിവരമറിഞ്ഞ് എവിടെ നിന്നോ ആ അമ്മ ഓടിയെത്തി…
നിസാരപരിക്കുകളോടെ അവൾ രക്ഷപെട്ടിരുന്നു..
തന്റെ കുഞ്ഞിനെ രക്ഷിച്ചത് ആ നായയാണെന്ന് മനസ്സിലാക്കാൻ അവർക്കധിക സമയം വേണ്ടി വന്നില്ല…
അതിനെ വി ഷം വച്ച് കൊന്നതോർത്ത് അവർ സങ്കടപെട്ടു…
“അമ്മേ അച്ഛൻ അച്ഛൻ! ഞാൻ കണ്ടു…”
ബോധമുണർന്നതും അവൾ ആ നായയെ നോക്കി പരിഭ്രമത്തോടെ പറഞ്ഞു…
“എന്താ മോളേ ഇത്…എന്റെ കുട്ടിക്ക് ഒന്നൂല്ല്യാട്ടോ” അവർ അവളെ ചേർത്തു പിടിച്ചു ..
ചുമരിൽ വച്ചിരുന്ന ഭർത്താവിന്റെ ഫോട്ടോയിൽ നോക്കുമ്പോൾ അവരുടെ കണ്ണു നിറഞ്ഞിരുന്നു …
~പ്രവീൺ ചന്ദ്രൻ