അതും പറഞ്ഞ് തന്റെ അടുത്ത് നിന്ന് നീങ്ങിയിരിക്കുന്ന മിന്നുവിന്റെ  അടുത്തേക്കായി ചിഞ്ചുവും നീങ്ങിയിരുന്നു…

Story written by Nivya Varghese

=============

“മിന്നൂ നീ അല്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി അനുവായിട്ടുള്ള ഫ്രണ്ട്ഷിപ്പ് ഞാൻ വേണ്ടാന്ന് വെയ്ക്കില്ല.”

“ദേ നോക്ക് ചിഞ്ചൂ, ഇതിന് മുൻപ് നീ ആരെങ്കിലും ആയിട്ട് കൂട്ട് കൂടുന്നതിനോ സംസാരിക്കുന്നതിനോ അങ്ങനെ എന്തെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ…ഇല്ലല്ലോ, അപ്പോ പിന്നെ  ഇത് നിനക്കൊന്ന് കേട്ടൂടേ ചിഞ്ചൂ….”

“അത് തന്നെയാ ഞാൻ നിന്നോട് ചോദിക്കുന്നേ, ഇതു വരെ ഇങ്ങനെ ഒന്നും പറയാത്ത നീ ഇപ്പോ എന്താ അനു ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ്  വേണ്ടാന്ന് വെയ്ക്കാൻ പറയൂന്നേന്ന് എനിക്ക് മനസിലാവാത്തെ.”

“അതിന്റെ കാരണം ഒന്നും നിന്നോട് പറയാൻ പറ്റില്ല ചിഞ്ചൂ. നീ ഞാൻ പറയുന്നതങ്ങ് കേട്ടാ മതി. കൂടുതല് വർത്തമാനം ഒന്നും ഇങ്ങോട്ട് പറയണ്ട.”

അതും പറഞ്ഞ് തന്റെ അടുത്ത് നിന്ന് നീങ്ങിയിരിക്കുന്ന മിന്നുവിന്റെ  അടുത്തേക്കായി ചിഞ്ചുവും നീങ്ങിയിരുന്നു.

“മിന്നൂ എന്തൊക്കെ പറഞ്ഞലും ശരി അനുവുമായിട്ട് ഞാൻ സംസാരിക്കും. ഫ്രണ്ട്ഷിപ്പ് തുടരുക തന്നെ ചെയ്യും.  ഞാൻ അത് അവസാനിപ്പിക്കണമെങ്കിൽ എനിക്ക് കൂടി ബോധ്യപ്പെടുന്ന ഒരു കാരണം നീ പറയണം. അല്ലാതെ വെറുതെ എന്നോട് അരിശപ്പെട്ടിട്ട് ഒരു കാര്യല്ല.”

“ചിഞ്ചൂ  നിന്നോട് ഞാൻ പറഞ്ഞു…കൂടുതൽ ഒന്നും ചോദിക്കണ്ട. ഞാൻ പറയുന്നതങ്ങ് കേട്ടാ മതീന്ന്. “

“നീ പറയുന്നതെല്ലാം ഇത് വരെ ഞാൻ കേട്ടിട്ടില്ലേ മിന്നൂ. എന്തിന് എങ്കിലും ഞാൻ എതിര് പറഞ്ഞിട്ടുണ്ടോ. എന്തെങ്കിലും കേൾക്കാതിരുന്നിട്ടുണ്ടോ ശരിക്കും ഉള്ള കാര്യം എന്താന്ന് പറയ് മിന്നൂ …….  “

മിന്നുവും എന്ന മനീഷയും ചിഞ്ചു എന്ന ക്രിസ്റ്റിയും ചേച്ചിയനിയത്തിമാരുടെ മക്കളാണ്. ചെറുപ്പം മുതൽ  ഒന്നിച്ചാണ് അവര് പഠിക്കുന്നത്. മൂന്നു മാസത്തിന് മൂത്തത് മിന്നുവായതു കൊണ്ട് മിന്നു പറയുന്നതാണ് ചിഞ്ചുവിന് വേദവാക്യം. അതിനപ്പുറം ചിഞ്ചുവിന് ഒന്നും ഇല്ല. അത് എന്ത് കാര്യത്തിലായാലും ശരി. അത്രയ്ക്ക ഇഷ്ടമാണ് ചിഞ്ചുവിന് മിന്നുവിനെ.  ഇപ്പോ ഇരുവരുംനഗരത്തിലെ പ്രശ്സതമായ ക്രിസ്ത്യൻ കോളേജിലെ BSw ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളാണ്….

”ഞാൻ പറഞ്ഞുല്ലോ ചിഞ്ചു അങ്ങനെ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാന്ന്. നിനക്ക് ലൈബറിയിലേക്ക് പോണം ന്ന് അല്ലേ പറഞ്ഞേ നീ പോയേ പോയി ബുക്ക് എടുക്ക്. ഇനി ഇതില് കൂടുതല് ചോദ്യം ഒന്നും വേണ്ട.”

“മിന്നു…..മിന്നൂ….അനുന്റെ അമ്മയക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന നാട്ടുക്കാരുടെ പറച്ചില് കാരണം കൊണ്ടല്ലേ അനുവായിട്ട് അധികം അടുപ്പം കൂട്ടും ഒന്നും വേണ്ടാന്ന് നീ  പറയുന്നേ…..””

“ചിഞ്ചൂ ……………”

“സത്യം പറയുമ്പോ വെറുതേ ഒച്ച വെയ്ക്കണ്ട മിന്നൂ….”

എനിക്ക് അറിയാം അത് തന്നെയാ കാര്യംന്ന്. സമൂഹത്തിന്റെ മുൻപില് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്ന ഒരാളുടെ മകളെന്ന നിലയിൽ അനുവും അങ്ങനെയാവും അല്ലെങ്കിൽ അങ്ങനെ തന്നെയാവണം എന്ന് വാശി പിടിക്കുന്ന ചിലരുടെ വാക്കുകൾ കേൾക്കുന്ന ഒരാളാവരുത് എന്റെ മ്മിന്നൂ. അവളുടെ അമ്മ പണ്ട് അങ്ങനെ എന്തോ ചെയ്തെന്ന് കരുതി ഇപ്പോ സ്വന്തമായി കഷ്ടപ്പെട്ട് നല്ലൊരു  ജോലി ചെയ്ത അല്ലേ ജീവിക്കുന്നേ… “”

“പിന്നെ…..അച്ചാറും പപ്പടവും ഉപ്പേരിയും ഉണ്ടാക്കി കൊടുക്കുന്നത് അല്ലേ വല്യ ജോലി.”

“ചെറുതായാലും ശരി വലുതായലും ഓരോ ജോലിക്കും അതിന്റേതായ മഹത്വമുണ്ട് മിന്നു വെറുതേ നീ  പുച്ഛിക്കണ്ട. എനിക്കറിയാം ഇതൊന്നും കേട്ടാ എന്റെ മിന്നുക്കുട്ടി അനൂനെയും അവൾടെ അമ്മയെയും പറ്റിയുള്ള അഭിപ്രായം ഒന്നും മാറ്റാൻ പോണില്ലെന്ന്. പക്ഷേ മിന്നു നിനക്ക് യ്ക്ക അറിയോ……ഒരാഴ്ച്ച മുൻപ് നമ്മുടെ ഈ  കോളേജിൽ ഫുഡ് ഫെസ്റ്റ് നടന്നില്ലേ. അന്ന് നമ്മളെല്ലാവരും ഫെസ്റ്റ് അടിച്ചു പൊളിക്കുന്ന തിരക്കിലായിരുന്നില്ലേ അന്നാണ് അനൂനെ ഞാൻ ശരിക്കും ശ്രദ്ധിക്കുന്നത്. മുൻപ് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഒരു ചെറു പുഞ്ചിരിക്ക് അപ്പുറം എനിക്ക് അവളെ പറ്റി ഒന്നും നിന്നെ പോലെ തന്നെ എനിക്കും  അറിയില്ലായിരുന്നു. ഫോണിന്റെ ചാർജ് കഴിഞ്ഞപ്പോ നിന്റെ ബാഗിനുള്ളിൽ നിന്ന്  പവർ ബാങ്ക്  എടുക്കാൻ വന്നപ്പോഴാണ് ഫെസ്റ്റിനു പോകാതെ ക്ലാസിലിരിക്കുന്ന അനുനെ ഞാൻ കാണുന്നത്. എന്താ ഫെസ്റ്റിനു ഒന്നും വരാത്തെന്ന് ചോദിച്ചതിന് ആദ്യം ഒന്നും അവള് മറുപടി  പറഞ്ഞില്ലെങ്കിലും ഒരുപാട് നിർബന്ധിച്ചപ്പോ അവളു പറഞ്ഞ മറുപടി ശരിക്കും എന്നെ വേദനിപ്പിച്ചു. ഇങ്ങനെയുള്ള ഒരമ്മയുടെ മകളായതു കൊണ്ട് നാലാള് കൂടുന്നിടത്ത് ഒക്കെ പോകാൻ അവൾക്ക് പേടിയാണെന്ന്. ആരും അവളായിട്ട് കൂട്ട് കൂട് കൂടുന്നില്ലെന്ന്. പലരും മറ്റു പല രീതിയിലാണ് അവളെ സമീപിക്കുന്നേന്ന്. ഫെസ്റ്റും പരിപാടികളും ഒക്കെയായതു കൊണ്ട് ഇന്ന് കോളേജിലേക്ക് വരുന്നില്ലെന്ന് വിചാരിച്ചതാ പക്ഷേ ഇങ്ങനെ ഒരാളുടെ മകളായി ജനിച്ചത് അനുവിന്റെ കുറ്റം ഒന്നും അല്ലല്ലോ.

അന്നു ഞാൻ വിചാരിച്ചതാ മിന്നു, അവളെ ഇനി ഒറ്റയ്ക്ക ആക്കില്ലെന്ന്. BSW പഠിക്കുന്ന എനിക്ക് എങ്കിലും മാറി ചിന്തിക്കാൻ തുടങ്ങിയില്ലെങ്കിൽ പിന്നെ ഞാനും നീയും ഒക്കെ ഇത് കഷ്ടപ്പെട്ട് പഠിക്കുന്നതില് എന്ത് അർത്ഥമാ ഉള്ളത്. നമ്മള് ഇത് നമ്മുടെ ഇഷ്ടത്തിന് പഠിക്കുന്നത് അല്ലേ. അല്ലാതെ ആരും നമ്മളെ നിർബന്ധിച്ചിട്ട് അല്ലല്ലോ നമ്മളീ ഈ കോഴ്സിനു ചേർന്നത്

എല്ലാവരും ഒറ്റപ്പെടുത്തിയ ഒരാൾക്ക് നമ്മളാൽ കഴിയുന്ന ഒരു സഹായം ചെയ്യുന്നത് അയാൾക്ക് പറയാനുള്ളത് മുഴുവൻ കേട്ടിരിക്കുന്ന ഒരു ഫ്രണ്ടാവുന്നത് തെറ്റിലേക്കു പോവാതെയിരിക്കാൻ ശരിയിലൂടെ മാത്രം നടക്കാൻ  കഷ്ടപ്പെടുന്ന ഒരാളെ ശരിയിലൂടെ തന്നെ നടത്തുമ്പോ അതിന് അയാൾടെ കൂടെ നിൽക്കുമ്പോഴേയൊക്കെ  അല്ലെ മിന്നു നമ്മളും വലുതാവുന്നേ. അല്ലാതെ അയാളെ തെറ്റിലേക്കു തള്ളിവിട്ടിട്ട് നോക്കി നിന്നിട്ട് എന്താ കാര്യം മിന്നൂ….

എനിക്ക് അറിയാം അനൂന്റെ കൂടെ നടന്നാ ഞാനും നീയുമൊക്കെ അനുനെ പോലെയാണ്ന്ന് നമ്മുടെ വീട്ടുക്കാരും കൂട്ടുക്കാരും  നാട്ടുക്കാര് പറയും. എല്ലാവരും നമ്മളെ ഒറ്റപ്പെടുത്തും  എനിക്കു് നിനക്കും  നല്ല തറവാട്ടിൽ നിന്ന് കല്യാണലോചന ഒന്നും വരില്ലാന്ന് അല്ലേ ഒക്കെ നിന്റെ  പേടി.

അതൊക്കെ അതിന്റെ സമയത്ത് നടന്നോളും. അതൊന്നും ഓർത്ത് ഇപ്പോഴേ എന്റെ  മിന്നുകൂട്ടി പേടിക്കണ്ട.

എനിക്ക് അറിയാം  ഇതൊന്നും അത്ര പെട്ടെന്ന് എന്റെ കുട്ടിക്ക് ഉൾക്കൊള്ളാൻ പറ്റില്ലെന്ന്. പക്ഷേ എനിക്ക് ഉറപ്പുണ്ട് ഈ നാട്ടുക്കാര് പറയുന്നതൊന്നും അല്ല എല്ലാ കാര്യത്തിലും പൂർണമായ  ശരിയും സത്യവും എന്ന് എന്റെ മിന്നുന് ക അറിയാന്ന് അതു കൊണ്ട് ഞാൻ ഇപ്പോ ചെയ്യുന്നത് ശരിയാണെന്ന് എന്റെ മിന്നൂ തന്നെ എന്നോട് പറയും അത് എനിക്ക് ഉറപ്പാ. ആ ദിവസം അധികം വൈകാതെ തന്നെ വരുംന്ന് എനിക്ക് അറിയാം.

അതു കൊണ്ട് ഞാനിപ്പോ വേഗം പോയി ലൈബ്രറിയിൽ നിന്ന്  ബുക്ക് എടുത്ത്ട്ട് വരാം. അല്ലെങ്കിൽ ചിലപ്പോ ആ ബുക്ക് വേറെ ആരെങ്കിലും എടുത്ത് കൊണ്ട് പോയാലോ…..”

അതും പറഞ്ഞ്  ചിരിച്ചു കൊണ്ട് ബുക്ക് എടുക്കാൻ വരാന്തയിലൂടെ നടന്നു  പോകുന്ന ചിഞ്ചുവിനെ  നോക്കി കൊണ്ട് മിന്നു അവിടെ തന്നെ തറഞ്ഞു നിന്നു.

*ഒരു കൂട്ടുകാരിയുടെ ജീവിതത്തിൽ നിന്നും പകർത്തിയത്*