ഫോൺ ശബ്ദം നിലക്കാതെ മുഴങ്ങിയപ്പോൾ ആയാസപ്പെട്ട് സജീവ് കണ്ണുകൾ തുറന്നു…

ശിവാനി… 03

എഴുത്ത്: കർണൻ സൂര്യപുത്രന്‍

=============

ഫോൺ ശബ്ദം നിലക്കാതെ മുഴങ്ങിയപ്പോൾ ആയാസപ്പെട്ട് സജീവ് കണ്ണുകൾ തുറന്നു…

“സജൂ…നീ അവിടുന്ന് വിട്ടോ?”

മഹേഷിന്റെ സ്വരം കേട്ടതും  അവൻ മൊബൈൽ സ്‌ക്രീനിൽ നോക്കി..സമയം രാവിലെ ഒൻപതു മണിയാകുന്നു..ഓർമകളുമായുള്ള യുദ്ധം കഴിഞ്ഞ് തളർന്നുറങ്ങിയത് പുലർച്ചെയാണ്…

“ഇല്ല ഏട്ടാ…ഇറങ്ങാൻ പോകുന്നു….”

“എടാ…ബസിൽ നാലഞ്ചു മണിക്കൂർ എടുക്കും…നീ ട്രെയിൻ കിട്ടുമോന്ന് നോക്ക്..”

“എനിക്കിനി തിരിച്ചു റെയിൽവേ സ്റ്റേഷനിൽ പോകാനൊന്നും വയ്യ….ബസിൽ തന്നെ വന്നോളാം…എവിടാ ഇറങ്ങണ്ടേ?.”

“നീ മധുര ബസ്റ്റാന്റിൽ വന്നിട്ട് വിളിക്ക്..ഞാൻ അങ്ങോട്ട്‌ വരാം …”

കുളിച്ചു വേഷം മാറി ബാഗുമെടുത്ത് സജീവ് താഴേക്ക് ഇറങ്ങി..കൗണ്ടറിൽ ചെന്ന് എല്ലാം ക്ലിയർ ആക്കി പുറത്തിറങ്ങി..തമിഴ് മണ്ണിന്റെ ചൂട്…കലപില സംസാരിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ആൾക്കാർ…അടുത്തു കണ്ട ചായക്കടയിൽ കയറി ഇഡ്ഡലിയും സാമ്പാറും കഴിച്ചു…നേരെ സിങ്കനല്ലൂർ ബസ് സ്റ്റാൻഡിലേക്ക്…

“അണ്ണേ, മധുര ബസ് എങ്കെ കിടക്കും?” അവിടെ നിർത്തിയിട്ടിരുന്ന ബസ്സിന് മുന്നിൽ നിന്ന് സി ഗരറ്റ് വലിച്ചൂതുന്ന ഡ്രൈവറോട് സജീവ് ചോദിച്ചു..

“മധുരയാ…ദോ…അന്ത ബസ്..”

അയാൾ ചൂണ്ടിക്കാണിച്ച സ്ഥലത്ത് ഒരു ബസ് പോകാൻ റെഡി ആയി നില്കുന്നുണ്ടായിരുന്നു..അവൻ അതിൽ കയറിയിരുന്നു…പതിനഞ്ചു മിനിട്ടോളം കഴിഞ്ഞാണ് ബസ് സ്റ്റാൻഡിൽ നിന്ന് വിട്ടത്…ഫോണെടുത്ത് ഗാലറി തുറന്നു..നിറയെ ശിവാനിയാണ്…അവളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ വരെ ഉണ്ട്‌…ഒരു കുഞ്ഞുടുപ്പും ഇട്ട് അമ്മയുടെയും അച്ഛന്റെയും ചുമലിൽ പിടിച്ചു നിൽക്കുന്നത്…മൂന്നോ നാലോ വയസ്സേ ഉണ്ടാകൂ…

“സജൂ വേണ്ടടാ…അത് ഡിലീറ്റ് ചെയ്യ്…എല്ലാം അയക്കുന്ന കൂട്ടത്തിൽ അതും പെട്ടുപോയതാ…”

അവൾ കെഞ്ചി…ഒരിക്കൽ, പാർക്കിലെ വള്ളികുടിലിനു മുൻപിൽ നില്കുകയായിരുന്നു…

“അതിനെന്താ..? നല്ല ഭംഗിയുണ്ടല്ലോ? വേറെന്തു ഡിലീറ്റ് ചെയ്താലും ഇത് ഞാൻ സൂക്ഷിക്കും..”

“എനിക്കൊരു ചമ്മൽ….”

“എന്തിന്? എനിക്കല്ലേ അയച്ചത്…ചമ്മണ്ട..”

“നിന്റെ കുട്ടിക്കാലത്തെ ഫോട്ടോ ഒന്നുമില്ലേ സജൂ?”

“ഒന്ന് ഉണ്ടായിരുന്നു.. അമ്മാവന്റേം മഹേഷേട്ടന്റേം കൂടെ ഉള്ളത്…ചിതലരിച്ചു പോയി…അച്ഛന്റെയും അമ്മയുടെയും കൂടെ ഫോട്ടോ എടുക്കാനൊന്നും എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല…”

അവൾ ഒരു നിമിഷം നിശബ്ദമായി..പിന്നെ അവനോടു  ചോദിച്ചു…

“സജൂ, നമുക്ക് ഒരുമിച്ച് ഫോട്ടോ എടുക്കാം “

“അത് വേണോടീ…എന്റെ മോന്ത ഫോട്ടോയിൽ നേരിൽ കാണുന്നതിനേക്കാൾ വൃത്തികേട് ആയിരിക്കും….”

“ചെറുക്കാ, ചുമ്മാ ജാഡ കാട്ടാതെ..” അവിടെ ബഞ്ചിൽ സംസാരിച്ചു കൊണ്ടിരുന്ന കൗമാരക്കാരികളെ അവൾ  വിളിച്ചു…

“മോളെ ഒരു ഫോട്ടോ എടുത്ത് തരാമോ?”

അതിൽ ഒരു കുട്ടി മുന്നോട്ട് വന്ന് ഫോൺ വാങ്ങി..മൂന്നോ നാലോ ഫോട്ടോ എടുത്ത് ഫോൺ തിരികെ  തന്നു….തന്റെ തോളത്തു കൈ ഇട്ട് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ശിവാനി…ഹൃദയത്തിൽ ആരോ ചൂണ്ടകൊളുത്താൽ വലിക്കുന്ന വേദന അവന് അനുഭവപ്പെട്ടു…..

**************

ബസ് ഇറങ്ങിയപ്പോൾ പുറത്ത് വേവലാതിയോടെ മഹേഷ്‌ നിൽപുണ്ടായിരുന്നു. അവനെ കണ്ടതും ഓടി വന്ന് ഇറുക്കെ കെട്ടിപ്പിടിച്ചു…

“ഏട്ടൻ കുറേ നേരമായോ  ഇവിടെ?”

കാറിൽ കയറുമ്പോൾ സജീവ് ചോദിച്ചു..

“കുറച്ച്….നമുക്ക് ആദ്യം വല്ലതും  കഴിക്കാം. എന്നിട്ട് വീട്ടിലേക്ക് പോകാം..”

അവൻ തലയാട്ടി..ഹൈവേയിലൂടെ പത്തു മിനിട്ട് പോയപ്പോൾ ആദ്യം  കണ്ട  ഒരു റെസ്റ്റോറന്റിന് മുൻപിൽ കാർ  നിർന്നു….ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മഹേഷ്‌ സജീവിനെ നോക്കി…എന്തോ ആലോചിച്ചു പ്ലേറ്റിൽ ചിത്രം വരയ്ക്കുകയാണ്.

“സജൂ…”

അവൻ തല ഉയർത്തി നോക്കി..കലങ്ങിയ കണ്ണുകളും അവശതയാർന്ന മുഖവും കണ്ടപ്പോൾ മഹേഷിന് സങ്കടം സഹിച്ചില്ല…തന്റെ കയ്യും പിടിച്ചു പാട വരമ്പത്തൂടെ കൊച്ചു കൊച്ചു സംശയങ്ങളുമായി നടക്കുന്ന കുഞ്ഞിനെ  ഓർമ വന്നു..ആർക്കും വേണ്ടതായിപ്പോയ ഒരുവൻ…

“മോനേ, നീ ഞാൻ പറയുന്നത് അനുസരിക്കുമോ?”

അവൻ തലയാട്ടി..

“കഴിഞ്ഞത് കഴിഞ്ഞു….അത് തന്നെ ആലോചിച്ചു വിഷമിക്കരുത്…ഇത് പുതിയൊരു ജീവിതമാണ്…എനിക്ക് ചില പ്ലാനുകൾ ഒക്കെ ഉണ്ട്‌..അതിന് നിന്റെ സഹായം വേണം…നമുക്ക് എന്തെങ്കിലും മറക്കണമെങ്കിൽ  എളുപ്പവഴി  മനസ്സിനെ വേറെ എന്തിലെങ്കിലും കേന്ദ്രീകരിക്കുക എന്നതാണ്….”

സജീവ് ഒന്നും മിണ്ടിയില്ല…

“അവളെ മറക്കാൻ എളുപ്പമല്ല എന്നറിയാം…പക്ഷെ മറന്നേ തീരൂ…ശിവാനി ഇനി നിന്റെ ജീവിതത്തിൽ ഇല്ല..അതാണ്‌  യാഥാർഥ്യം…അത് നീ  ഉൾക്കൊള്ളണം…”

പറഞ്ഞു നിർത്തി മഹേഷ്‌ എഴുന്നേറ്റു…കൂടെ അവനും..

**************

മധുരയിൽ നിന്ന് നാല്പതു മിനിറ്റോളം കാർ സഞ്ചരിച്ചു….മഹേഷ്‌ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു..സജീവ്  വെറുതെ മൂളികേട്ടു കൊണ്ട് പുറത്തെ വരണ്ട കാഴ്ചകളിലേക്ക് കണ്ണ് നട്ടു…

“ദാ നമ്മൾ ഏകദേശം എത്തി…..ഇതാണ് തിരുമംഗലം…ആ കാണുന്നത് തേവർ ശില… ” ഇടത്തോട്ടുള്ള റോഡിലേക്ക് കാർ കയറ്റികൊണ്ട് മഹേഷ്‌ വിവരിച്ചു…

കുറച്ചു മുന്നോട്ട് പോയപ്പോൾ ഒരു റെയിൽവേ ഗേറ്റ് കണ്ടു…അവിടുന്ന് വലത്തോട്ട് പോക്കറ്റ് റോഡിലേക്ക് പ്രവേശിച്ചു…പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന വീടുകൾ..അവയ്ക്കിടയിലൂടെ ചെറിയ റോഡുകൾ….നീല പെയിന്റടിച്ച ബോർഡിൽ തമിഴ്ലും ഇംഗ്ലീഷിലും എഴുതിയിരിക്കുന്നത് സജീവ്  വായിച്ചു..

“മുത്താലമ്മൻ  കോവിൽ സ്ട്രീറ്റ്..”

കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ റോഡിന്റെ ഒരുവശത്തു മാത്രം വീടുകൾ…ഇടതു വശത്ത് വിശാലമായ  പാടം…അതിന് നടുവിൽ  ഒരു ചെറിയ ക്ഷേത്രം…ഒരു മരത്തിന്റെ കീഴെ വണ്ടി നിർതിയിട്ട് മഹേഷ്‌ പറഞ്ഞു..

“ഇറങ്ങ്…എത്തി…”

അവൻ ഇറങ്ങി…നീലയും വെള്ളയും പെയിന്റ് അടിച്ച രണ്ടു വീടുകൾ. കാറിന്റെ ശബ്ദം കേട്ടിട്ടാവണം  ഒരു യുവതി വാതിൽ തുറന്നു പുറത്തേക്ക് വന്നു…ഐശ്വര്യമുള്ള മുഖം…സജീവിനെ കണ്ടതും ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു…

“സജൂ…ഇത് മിത്ര…” മഹേഷ്‌ പരിചയപ്പെടുത്തി…

“അറിയാം…നേരിട്ട് അല്ലെങ്കിലും ഫോട്ടോ കണ്ടിട്ടുണ്ടല്ലോ…”

തൊട്ടടുത്ത വീട്ടിൽ താമസക്കാരിയോടുള്ള തന്റെ പ്രണയത്തെ കുറിച്ച് മഹേഷ്‌ പറഞ്ഞിട്ടുണ്ട്…തിരുമംഗലം ഹയർ സെക്കന്ററി സ്കൂളിൽ  ടീച്ചറാണ് മിത്ര…അച്ഛൻ റെയിൽവേയിൽ ആയിരുന്നു…റിട്ടയരായി…അനിയത്തി താമര പത്തിൽ പഠിക്കുന്നു…മിത്രയുടെ വീട്ടുകാർക്ക് എതിർപ്പൊന്നും ഇല്ല…പെട്ടെന്ന് കല്യാണം കഴിക്കാത്ത പരാതി മാത്രം..അവരുടെ നിർദേശപ്രകാരമാണ് മഹേഷ്‌ ആ  വീട് വാങ്ങിയത്…രണ്ടു വീടുകളും തമ്മിൽ ഏതാനും മീറ്റർ ദൂരമേ ഉളളൂ ..

മിത്ര കാറിനടുത്തു വന്നു…

“സജൂ…എന്നെ തെരിയുമാ?”

“ആമാ…അണ്ണൻ ഉങ്കളൈ പറ്റി എപ്പോവും സൊല്ലും…”

“എടാ നീ തമിഴ് പറഞ്ഞു കഷ്ടപ്പെടണ്ട..അവൾക്കു മലയാളം അറിയാം…സംസാരിക്കുമ്പോൾ തെറ്റും എന്നേയുള്ളൂ.”

മഹേഷ് ചിരിച്ചു…മിത്ര  സജീവിന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി വീട്ടിലേക്ക് നടന്നു..മൂന്ന് മുറികളും അടുക്കളയും ഉള്ള മനോഹരമായ വീട്….

“ശീഘ്രം ഫ്രഷ് ആയി വാ…സാപ്പിടലാം…” മിത്ര പറഞ്ഞു..

“ഈ ഏട്ടത്തിയമ്മ എന്നതിന് എന്താ തമിഴിൽ പറയുക?”

മിത്രയുടെ പിറകിൽ നിൽക്കുന്ന മഹേഷിനോട് സജീവ് ചോദിച്ചു….

“അണ്ണി എന്ന് പറയും എന്തേ?”

സജീവ് തൊണ്ട ഒന്ന് ശരിയാക്കി മിത്രയെ നോക്കി..

“ഓക്കേ അണ്ണി, ഇപ്പൊ വരേൻ..”

മിത്ര പൊട്ടിച്ചിരിച്ചു….

**************

അക്ഷരർത്ഥത്തിൽ  അതൊരു പുതിയ ജീവിതമായിരുന്നു…രാവിലെ മഹേഷിന്റെ കൂടെ ട്രാവൽസിലേക്ക് പോകും. മധുര സെൻട്രൽ, ആറപ്പാളയം, എയർപോർട്ട് റോഡ്…മൂന്നിടത്ത്  ട്രാവൽസിന്റെ ഓഫിസുകൾ ഉണ്ട്‌…അവിടെ ബിസിയാകും..സന്ധ്യക്ക് തിരിച്ചു വന്ന് മിത്രയുടെ വീട്ട് മുറ്റത്തേക്ക്…എല്ലാരും വട്ടമിട്ട് ഇരുന്ന് സംസാരിക്കും…ചിലപ്പോൾ എന്തെങ്കിലും ഗെയിം കളിക്കും…പാട്ടുകൾ പാടും…

സജീവിന് എല്ലാം പുതിയതാണ്…കുടുംബം മുഴുവൻ ഒന്നിച്ചിരുന്ന് സന്തോഷം പങ്കിടുന്നതൊന്നും അവന്റെ ജീവിതത്തിൽ മുൻപ് ഉണ്ടായിരുന്നില്ല…..അവിടെ ഉള്ള എല്ലാവർക്കും അവന്റെ കഥകൾ അറിയാം..അതുകൊണ്ട് തന്നെ അവനെ ഒരിക്കലും തനിച്ചാക്കരുത് എന്ന വാശി അവർക്കുണ്ട്…ഏകാന്തമായ നിമിഷങ്ങളിലാണല്ലോ ചിന്തകൾ കാട് കയറുന്നത്…..

അനിയനോടുള്ള സ്നേഹവുമായി മിത്രയും ചേട്ടനോടുള്ള സ്നേഹവുമായി താമരയും മകനോടുള്ള സ്നേഹവുമായി അവരുടെ അച്ഛനും അമ്മയും സജീവിനെ വീർപ്പുമുട്ടിച്ചു…

താൻ പതിയെ മാറുകയാണെന്ന്  അവൻ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു….എന്നോ നഷ്ടപ്പെട്ടുപോയ ഹൃദയം തുറന്നു ചിരിക്കാനുള്ള കഴിവ് വീണ്ടെടുത്തിരിക്കുന്നു.!!! ശരവണ ഹോസ്പിറ്റലിൽ തലവേദനയുടെ  ട്രീറ്റ്മെന്റ് പുനരാരംഭിച്ചു……

“എടാ ഞാനന്ന് പറഞ്ഞില്ലേ എനിക്ക് ഒരു പ്ലാൻ ഉണ്ടെന്ന്?”

ഒരു ദിവസം മഹേഷ്‌ പറഞ്ഞു…വീടിന്റെ ടെറസിൽ നില്കുകയായിരുന്നു അവർ..

“ഒരു ടാക്സി സർവീസ്  തുടങ്ങണം…എന്താ നിന്റെ അഭിപ്രായം? “

“നല്ലതല്ലേ? പക്ഷെ കാശ് ഒരുപാട് വേണ്ടി വരും..”

“അത്യാവശ്യം വണ്ടി നമ്മൾ വാങ്ങും..പിന്നെ നമുക്ക് വിശ്വസിക്കാൻ പറ്റുന്ന ചില ടാക്സികളുമായി ഒരു ഡീൽ..അതായത് നമ്മുടെ വണ്ടികൾ  ബിസി ആയാൽ അവർ നമുക്ക് വേണ്ടി ഓടും…നമ്മുടെ കമ്മീഷൻ കഴിച്ചുള്ള  കാശ് അവർക്ക് കൊടുക്കും…ഞാനിപ്പോ ട്രാവൽസിൽ ലോങ്ങ്‌ ട്രിപ്പ്‌ ബസ്സുകൾക്ക് ചെയ്യുന്ന അതേ ബിസിനസ്….”

“അത് നല്ല ഐഡിയ ആണ്…”

“പക്ഷെ നീ മുന്നിൽ നിൽക്കണം..”

“ഞാനോ…എപ്പോ പൊട്ടി എന്ന് ചോദിച്ചാൽ മതി..”

“ആദ്യം നിന്റെ ഈ കോ പ്പിലെ അപകർഷതാ ബോധം എടുത്ത് ആറ്റിൽ കള…എടാ ഒരിക്കലും എഴുന്നേൽക്കാൻ കഴിയില്ല എന്ന് നീ വിചാരിച്ചാൽ  ദൈവത്തിനു പോലും നിന്നെ രക്ഷിക്കാൻ കഴിയില്ല…മനുഷ്യനായാൽ  സെൽഫ് റെസ്‌പെക്ട് വേണം…”

മഹേഷ്‌ ദേഷ്യപ്പെട്ടു…

“അതല്ല ഏട്ടാ…ഇത്രയും പൈസ ഇറക്കുന്നതല്ലേ…പരാജയപ്പെട്ടാൽ?”

“എന്നാലെന്താ, നമ്മൾ  അടുത്ത പരിപാടി നോക്കും…കാശ് പിന്നേം ഉണ്ടാക്കാം..നീ തനിച്ചല്ല പാർട്ണർമാർ ഉണ്ട്‌.”

“അതാരാ..?”

“മിത്ര..ടെക്നിക്കൽ ആയ ഉപദേശങ്ങളെല്ലാം അവൾ തന്നോളും…ക്യാഷും ഇറക്കും..ബാക്കി പൈസ ഞാൻ ഉണ്ടാക്കിക്കോളാം എന്താ…”?

സജീവ് ആലോചനയിൽ  മുഴുകി…

“ഇത്രക്ക് തല പുകയ്ക്കാൻ ഒന്നുമില്ല…നമ്മൾ  തുടങ്ങുന്നു..”

*************

പിറ്റേ ദിവസം തന്നെ  തയ്യാറെടുപ്പുകൾ  തുടങ്ങി….വൈകുന്നേരങ്ങളിൽ മിത്രയുടെ വീട്ടുമുറ്റത്ത് ആയിരുന്നു ആസൂത്രണം…ജീവിതാനുഭവങ്ങൾ  ഏറെ ഉള്ള മിത്രയുടെ അച്ഛനും അവളുടെ സ്കൂളിലെ ചില സുഹൃത്തുക്കളും ചർച്ചകളിൽ സജീവ സാന്നിധ്യമായി…അവളുടെ ബെസ്റ്റ് ഫ്രണ്ട്  വിക്ടർ ആവശ്യമായ പേപ്പർ വർക്കുകളെല്ലാം ചെയ്ത് തരാമെന്ന് ഏറ്റു..മഹേഷിന്റെ കൂട്ടുകാരും എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു….

അങ്ങനെ എട്ടു മാസത്തെ പരിശ്രമത്തിന് ശേഷം മധുര മീനാക്ഷി ടെമ്പിളിന് അടുത്ത് സൗത്ത് ചിത്തിരൈ സ്ട്രീറ്റിൽ “ഡയൽ മി ” കേബ് സെർവീസ് ആരംഭിച്ചു…

ഒരുപാട് വെല്ലുവിളികൾ അതിജീവിക്കാനുണ്ടായിരുന്നു…തമിഴ്നാട് മുഴുവൻ പടർന്നു പന്തലിച്ച നിരവധി ടാക്സി സെർവീസുകൾകിടയിൽ  അവർ ശ്രദ്ധിക്കപ്പെട്ടില്ല…മഹേഷിന്റെയും മിത്രയുടെയും അവളുടെ അച്ഛന്റെയും പൈസ കൂടാതെ ബാങ്ക് ലോണും ഉണ്ടായിരുന്നു….ഒന്നര വർഷത്തോളം  നഷ്ടം മാത്രം….സജീവ് തളർന്നു…തനിക്കു വേണ്ടി മറ്റുള്ളവർ ബുദ്ധിമുട്ടുന്നത് അവന് സഹിച്ചില്ല…മതിയാക്കാം എന്ന് പല തവണ ചിന്തിച്ചു…പക്ഷേ മഹേഷും മിത്രയും വിട്ടില്ല..

“എല്ലാ ബിസിനസ്സും ഇങ്ങനൊക്കെ തന്നാ തുടങ്ങുന്നേ…ഞങ്ങളുടെ നഷ്ടത്തെ പറ്റി നീ ചിന്തിക്കേണ്ട…ഇനി കടം കയറി വീടും ട്രാവൽസും വിൽക്കേണ്ടി വന്നാലും ഇതിൽ നിന്ന് പിന്മാറില്ല…എന്തായാലും പട്ടിണി കിടക്കേണ്ടി വരില്ല…എനിക്കും നിനക്കും വണ്ടി ഓടിക്കാൻ അറിയാം ഇവള് ടീച്ചറും..വാടകയ്ക്ക് വീടും കിട്ടും…പിന്നെന്താ പ്രശ്നം…”

മഹേഷ്‌ മിത്രയെ ചേർത്തു പിടിച്ചു…

“സജൂ, കവലപ്പെടാതെ…കൊഞ്ചം  വെയിറ്റ് പണ്ണ്…എല്ലാം നല്ല പടി നടക്കും…”

മിത്രയും ആത്മവിശ്വാസം പകർന്നു…വീണ്ടും ഒരു വർഷം കടന്നു പോയി…നഷ്ടങ്ങളിൽ നിന്ന് കരകേറി തുടങ്ങി….ഒരുപാട് നല്ല സുഹൃത്തുക്കൾ…അവരുടെ  സഹായത്തോടെ സജീവ് പിടിച്ചു കയറി…പതിയെ പതിയെ മധുര ജില്ല വിട്ട് പുറത്തേക്കും ടാക്സി സർവീസ് വ്യാപിച്ചു…ജീവിതം മറ്റൊരു ദിശയിലേക്ക് വഴിമാറി ഒഴുകുന്നു…..

മഹേഷ്‌ ഇടയ്ക്ക് പലപ്പോഴും നാട്ടിൽ പോയി വന്നു…ഒരിക്കൽ വന്നപ്പോൾ കൈയിൽ കുറേ കാഷ് ഉണ്ടായിരുന്നു…

“എടാ..റോഡരികിലുള്ള സ്ഥലം  വിറ്റു..ഇനി വീട് മാത്രമേ ഉള്ളൂ…അതവിടെ നിൽക്കട്ടെ എപ്പോഴെങ്കിലും നമുക്ക് കുറച്ചു ദിവസം അവിടെ പോയി താമസിക്കാമല്ലോ..”

“ഇപ്പൊ എന്തിനാ വിറ്റത്?…”

“ഒരു സർജറി ചെയ്‌താൽ  ഇടയ്ക്കിടെ ഉള്ള നിന്റെ തലവേദന  മാറും എന്നല്ലേ ഡോക്ടർ പറഞ്ഞത്…അതിനും, പിന്നെ ഈ വീടൊന്നു പുതുക്കി പണിയാനും..”

“വീടിന്റെ കാര്യം ഓക്കേ..പക്ഷേ എന്റേത് വിട്ടേക്ക്..”

“അതെന്താടാ ഞാൻ പുറത്ത് നിന്നുള്ളവനാണോ…എന്റെ ഉത്തരവാദിത്തങ്ങൾ ഞാൻ ചെയ്യേണ്ടേ?”

“അതല്ല ഏട്ടാ…ഏട്ടത്തിക്ക് എപ്പോഴെങ്കിലും തോന്നിയാലോ എനിക്ക് വേണ്ടി എല്ലാം നശിപ്പിക്കുന്നു എന്ന്?”

“എടാ പൊട്ടാ..ഇത്രേം കാലമായിട്ടും നിനക്കവളെ മനസിലായില്ലേ? നിന്റെ സർജറി എത്രയും പെട്ടെന്ന് ചെയ്യണമെന്ന് അവൾ തന്നെയാ പറഞ്ഞത്…ഇനി നിനക്ക് വേറൊരു സർപ്രൈസ് തരാം…”

മഹേഷ്‌ തന്റെ കയ്യിൽ ഇരുന്ന ഫയൽ അവന് നേരെ നീട്ടി….

“എന്താ ഇത്?”

“നമ്മുടെ വീടിന്റെ ആധാരം..റോഡരികിലെ സ്ഥലം എന്റെ പേരിലും വീട് നിന്റെ പേരിലുമാ അച്ഛൻ എഴുതി വച്ചിരുന്നേ…നിന്നോട് ഞാൻ പറയാതിരുന്നതാ..നിന്റെ  അച്ഛനും അമ്മയും കരഞ്ഞു കാണിച്ചാൽ നീ അതും വിറ്റ് അവർക്ക് കാശ് കൊടുക്കും…”

സജീവ് ഞെട്ടി…അവന്റെ കണ്ണുകൾ നിറഞ്ഞു…അമ്മാവന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു…സ്വന്തം മകൻ അനുഭവിക്കേണ്ട സ്വത്ത്‌ അനിയത്തിയുടെ മകന്റെ പേരിൽ എഴുതി വച്ചിരിക്കുന്നു…

“എനിക്ക് വേണ്ട…അത് ഏട്ടന്റെ വീടാ….”

“അപ്പൊ നീയെന്റെ ആരാടാ? എന്നെ അന്യനായിട്ടാണ് കാണുന്നതെങ്കിൽ നീ ഇത് വാങ്ങണ്ട…പക്ഷെ ഒന്നോർത്തോ…അച്ഛൻ എന്നെയും നിന്നെയും വേർതിരിച്ചു കണ്ടിട്ടില്ല…അദ്ദേഹത്തിന്റെ ആത്മാവ് വേദനിക്കും..”

മഹേഷിന്റെ ശബ്ദം ഇടറി…അവൻ സജീവിന്റെ അടുത്ത് വന്ന് അവനെ നെഞ്ചോട് ചേർത്തു..

“ഞാൻ നീ എന്ന് തരം തിരിക്കല്ലേടാ..നമ്മൾ..അങ്ങനെ വേണം  ചിന്തിക്കാൻ”.

ആ നെഞ്ചിൽ തലവച്ചു സജീവ് കരഞ്ഞു…

സർജറി കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് മിത്ര ആയിരുന്നു അവനെ ശുശ്രൂശിച്ചു കൊണ്ടിരുന്നത്…ഒരമ്മയെ പോലെ അവൾ അവനെ പരിചരിച്ചു…ഒരുകാലത്ത് ഒത്തിരി കൊതിച്ചിട്ടും കിട്ടാതെ പോയ സ്നേഹവാത്സല്യങ്ങൾ എല്ലാവരും അവന് വാരിക്കോരി കൊടുത്തു…..ഇടയ്ക്കിടക്ക് ചെക്കപ്പിന് ഹോസ്പിറ്റലിൽ പോകുമ്പോഴും മിത്രയും അവളുടെ അച്ഛനും കൂടെ  ചെല്ലും…രണ്ടു മാസത്തോളം റെസ്റ്റും കഴിഞ്ഞ് അവൻ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു…കടബാധ്യതകൾ ഏറെ കുറെ തീർന്നു കഴിഞ്ഞു…ചെറിയ രീതിയിൽ സമ്പാദ്യവും തുടങ്ങി…

അവനു ആ നാട് സമ്മാനിച്ച വേറൊരു സൗഹൃദമാണ് അരുൾ…ഡ്രൈവറാണ്…

അവനെ കാണുമ്പോൾ ഹരീഷിനെ ഓർമ്മ വരും..അതേ കുസൃതി നിറഞ്ഞ സംസാരം..വഴിയേ പോകുന്ന വയ്യാവേലി എല്ലാം എടുത്തു തലയിൽ വയ്ക്കുന്ന സ്വഭാവവും..പക്ഷേ സജീവിന് വേണ്ടി എന്തും ചെയ്യും..സന്തോഷവും സമാധാനവും നിറഞ്ഞ നാളുകൾ..

*************

മധുരയുടെ മണ്ണിൽ ഇത് ഏഴാം വർഷം.. ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ  വന്നു..മഹേഷിന്റെയും മിത്രയുടെയും വിവാഹം കഴിഞ്ഞതും അവർക്കൊരു പെൺകുഞ്ഞ് ജനിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ അവന് തോന്നി…

അവരുടെ സ്വകാര്യതയ്ക്ക് തടസ്സം ആവേണ്ട എന്ന് കരുതി വീട് മാറാൻ  ശ്രമിച്ച സജീവിനെ മിത്ര  ഒരു ദിവസം മുഴുവൻ വഴക്ക് പറഞ്ഞു….ആ  സ്നേഹത്തിന് മുൻപിൽ തോൽക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല…അവരുടെ മകൾ ജനനി ഉറങ്ങുന്നത് സജീവിനെ കെട്ടിപ്പിടിച്ചാണ്…..

പതിനെട്ടു വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മധുര മീനാക്ഷിയുടെ കുംഭാഭിഷേകം…നഗരത്തിൽ വൻ ജനാവലിയാണ്..ഡ്രസ്സ്‌ എടുക്കാൻ വന്നതാണ് സജീവും കുടുംബവും..മാലിക് രാജ ടെക്സ്റ്റൈൽസിൽ നിന്നും പർച്ചേസിങ്ങും കഴിഞ്ഞ് പുറത്തിറങ്ങിയതേ ഉളളൂ…സജീവിന്റെ വിരൽത്തുമ്പിൽ തൂങ്ങി ജനനി  ഐസ്ക്രീം വേണമെന്ന് വാശി പിടിച്ചു…അടുത്തെവിടെയാണ് കൂൾബാർ ഉള്ളതെന്നറിയാൻ അവൻ  ചുറ്റും നോക്കി..

പെട്ടെന്ന്….റോഡിന്റെ അപ്പുറത്തുള്ള വിഷൻ ഒപ്റ്റിക്കൽസിൽ നിന്നും ഇറങ്ങുന്ന രൂപത്തിൽ  അവന്റെ കണ്ണുകൾ പതിഞ്ഞു…മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി…ഒരു തരിപ്പ് ശരീരത്തിലൂടെ അരിച്ചു കയറി…..

“ശിവാനി…!!!”

ചുണ്ടുകൾക്കിടയിലൂടെ ശബ്ദം ഞരങ്ങിയിറങ്ങി …

“എന്താടാ?” അവന്റെ ഭാവമാറ്റം കണ്ടമ്പരന്ന മഹേഷ്‌ ചോദിച്ചു..

“ഏട്ടാ, ശിവാനി..”

“എവിടെ?”

അവൻ റോഡിന്റെ അപ്പുറത്തേക്ക് കൈ ചൂണ്ടുമ്പോഴേക്കും ഒരു ബസ് വന്ന് അവരുടെ മുൻപിൽ നിന്നു…ജനനിയെ മിത്രയുടെ കൈയിൽ ഏല്പിച്ചു മഹേഷ്‌ സജീവിനെയും കൂട്ടി റോഡ് മുറിച്ചു കടന്നു…കടുത്ത ട്രാഫിക്കിനിടയിലൂടെ അപ്പുറത്തു എത്തുന്നത് ശ്രമകരമായിരുന്നു….പിടയുന്ന നെഞ്ചുമായി അവൻ അപ്പുറത്തു എത്തുമ്പോഴേക്കും ശിവാനി ആൾക്കൂട്ടത്തിലെവിടെയോ അലിഞ്ഞു ചേർന്നു……

*****************

“നിനക്ക് തോന്നിയതായിരിക്കും…ഇവിടെ അവളെങ്ങനെ വരാനാ ?”

മഹേഷ്‌ അവനെ  ആശ്വസിപ്പിക്കാൻ ശ്രമിച്ചു…ടൗണിൽ കുറെ തിരഞ്ഞെങ്കിലും ശിവാനിയെ കണ്ടെത്താൻ കഴിയാതെ അവർ വീട്ടിൽ എത്തിയിരുന്നു..സജീവ് ഹാളിലെ സെറ്റിയിൽ തളർന്നിരിക്കുകയാണ്..മിത്ര അവന്റെ അടുത്തിരുന്ന് മുടിയിലൂടെ വിരലോടിച്ചു…

“അവളെ ഏത് ആൾക്കൂട്ടത്തിനിടയിൽ കണ്ടാലും എനിക്ക് തിരിച്ചറിയാമേട്ടാ….” കരയുന്നത് പോലെ അവൻ പറഞ്ഞു..അത് സത്യമാണെന്ന് മഹേഷിന് അറിയാം…വെറും ഒരു സ്നേഹബന്ധമല്ല സജീവിന് അവളോട് ഉണ്ടായിരുന്നത്..അവന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ വിത്തുകൾ പാകിയത്  ശിവാനിയാണ്…അവളുടെ  വരവോടെയാണ് അവൻ സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയത്….

“നമുക്ക് നോക്കാം…നീ ടെൻഷനടിക്കണ്ട..ഈ മധുരയിൽ എവിടെയുണ്ടായാലും മീനാക്ഷിയമ്മൻ അവളെ നിന്റെ മുന്നിൽ കൊണ്ടുവരും…”

മഹേഷ്‌ പറഞ്ഞു…വീടിനു മുന്നിൽ ബൈക്ക് നിർത്തി അരുൾ അകത്തേക്ക് വന്നു…

“മച്ചാ..അന്ത പൊണ്ണു താനാ?? ” അവൻ  ചോദിച്ചു…കാറിൽ വരുമ്പോൾ മിത്ര അരുളിനെ വിളിച്ചു കാര്യം  പറഞ്ഞിരുന്നു…

“ആമാ…അവൾ  താൻ…” മിത്രയാണ് സംസാരിച്ചത്…സജീവിന്റെ ക്ഷീണിച്ച മുഖം കണ്ടപ്പോൾ അരുളിന് സങ്കടം വന്നു..

“ഡേയ്…റിലാക്സ്…എങ്കെ പോനാലും അവളെ കണ്ടു പുടിപ്പേൻ..” അവൻ  വാക്ക് കൊടുത്തു…

“അക്കാ, എന്ത ഷോപ്പ്?” അരുൾ മിത്രയെ നോക്കി…

“വിഷൻ ഒപ്റ്റിക്കൽസ്… SBI ബാങ്കുക്ക് പക്കം..”

അവൻ ഫോൺ എടുത്ത് ആരെയോ  വിളിച്ചു..കുറച്ചു നേരം സംസാരിച്ചു…എന്നിട്ട് സജീവിന്റെ അടുത്തിരുന്നു..

“ഉനക്ക് അവളെ പാക്കണമാ? “

അവൻ ഞെട്ടലോടെ അരുളിനെ നോക്കി..വിജയഭാവത്തിൽ ഒന്ന് ചിരിച്ച ശേഷം അരുൾ കാര്യം വിവരിച്ചു…അവന്റെ കൂട്ടുകാരൻ ആഷികിനു അറിയാവുന്ന ഷോപ്പ് ആണത്…മലയാളികൾ..കോഴിക്കോട്ടുകാർ…അവിടെ അന്വേഷിച്ചാൽ എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല….സജീവ് എഴുന്നേൽക്കാൻ തുടങ്ങവേ മഹേഷ്‌ അവന്റെ കൈയിൽ പിടിച്ചു..

“സജൂ ഒരു മിനിട്ട്..”

അവൻ ചോദ്യഭാവത്തിൽ ഏട്ടനെ നോക്കി..

“നമുക്ക് അവളെ  കണ്ടു പിടിക്കാം…അതിന് മുൻപ് ഒരു ചോദ്യം..അവളെ കണ്ടിട്ട് എന്തിനാ? അതിന് ഉത്തരം തന്നിട്ട് നമുക്ക് പോകാം…”

ആ പറഞ്ഞതിന്റെ അർത്ഥം അവന് മനസിലായില്ല.

“അവൾക്കു നിന്നോട് സൗഹൃദമല്ലാതെ മറ്റൊരു ബന്ധവുമില്ല എന്ന് തുറന്നു പറഞ്ഞതല്ലെ? അവളുടെ മുൻപിൽ വരാതിരിക്കാൻ ശ്രമിക്കാമെന്നു നീയും പറഞ്ഞതാ…പിന്നെ ഈ കൂടികാഴ്ചയ്ക്ക്  എന്ത് പ്രസക്തി?”

സജീവ് തല കുനിച്ചു..

“ഒരാവേശത്തിൽ അവളെ കണ്ടെത്താമെന്നു ഞാൻ പറഞ്ഞതാ..പക്ഷെ ഒന്നാലോചിച്ചപ്പോൾ നീ കാണാതിരിക്കുന്നതാ നല്ലതെന്നു തോന്നുന്നു…കണ്ടാൽ ഒരിക്കൽ ഉണങ്ങിയ മുറിവുകളിൽ നിന്ന് വീണ്ടും ര ക്‌തമൊഴുകും…”

“അതിന്  ഞാനവളെ മറന്നിട്ടില്ലായിരുന്നു ഏട്ടാ….”

മഹേഷ്‌ ഞെട്ടലോടെ അവനെ  നോക്കി..തളർന്ന മിഴികളിൽ നീരുറവ പൊട്ടുന്നു…

“മോനേ…ഇപ്പോഴും???” അവിശ്വസനീയതയോടെ  മഹേഷ്‌ ചോദിച്ചു.

“അതേ…ഓരോ സെക്കന്റും ഞാൻ അവളെ ഓർക്കാറുണ്ട്…എന്റെ മനസ്സിൽ ഞാനവളോട് സംസാരിക്കാറുണ്ട്…ഇണങ്ങുകയും പിണങ്ങുകയും ചെയ്യാറുണ്ട്…നിങ്ങളെ വിഷമിപ്പിക്കാതിരിക്കാൻ എല്ലാം മറന്നെന്നു അഭിനയിക്കുകയായിരുന്നു..പക്ഷേ  രാത്രി ഒന്ന് കണ്ണടച്ചാൽ  അവളുടെ മുഖം തെളിയും..ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങൾ…എല്ലാം…അവൾക്കെന്നെ ഒരുപാടിഷ്ടമായിരുന്നു ഏട്ടാ…ഒരുപാട് അനുഭവിച്ച പാവം പെണ്ണാ അത്…ഞാൻ കാരണം പിന്നെയും നാണം കേട്ടപ്പോൾ സഹിച്ചിട്ടുണ്ടാവില്ല..അത് കൊണ്ടായിരിക്കും അങ്ങനെ പറഞ്ഞിട്ടുണ്ടാവുക…”

“അതൊക്കെ ശരി തന്നെ..പക്ഷെ ഇത്രയും വർഷം കഴിഞ്ഞില്ലേ? ഒരു തവണ പോലും നിന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തിട്ടില്ലല്ലോ…നീ സ്നേഹിക്കും പോലെ അവൾക്കു നിന്നോട്  ഉണ്ടാവില്ല..”

“എനിക്കറിയുന്നത് പോലെ ഏട്ടന് അവളെ അറിയില്ല..”

“ആയിക്കോട്ടെ…അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിൽ?”

സജീവ് ഏട്ടനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“എന്നാലും സാരമില്ല…എനിക്ക് ഒന്ന് കാണണം..ആ ശബ്ദം ഒരിക്കൽ കൂടി കേൾക്കണം…അത് മതി…മരണം വരെ അവളെ പ്രണയിക്കാൻ എന്റെ സ്വന്തമാക്കണം എന്നൊന്നും ഇല്ലല്ലോ…”

അതോടെ മഹേഷ്‌ നിശബ്ദനായി..കുറച്ചു നേരം ആലോചിച്ചിരുന്ന ശേഷം എഴുന്നേറ്റ് കാർ കീ എടുത്തു..

“വാ പോകാം.”

***************

സൗത്ത് മധുര…

പിള്ളയാർ തെരു സ്ട്രീറ്റ്…മൂന്നാം നമ്പർ വീട്…അടുക്കളയിൽ തിരക്കിട്ട ജോലിയിൽ ആയിരുന്നു ശിവാനി…ഒരു ഗ്ലാസ്‌ വെള്ളവുമെടുത്ത് അവൾ റൂമിലേക്ക് കയറി..മേശപ്പുറത്ത് നിന്ന് രണ്ട് ടാബ്‌ലറ്റ്സ് എടുത്ത് കട്ടിലിൽ ഇരുന്നു.

“മോളേ…ഈ മരുന്ന് കഴിക്ക്..”

കട്ടിലിൽ കിടന്നിരുന്ന പെൺകുട്ടി കണ്ണുകൾ തുറന്നു.

“കുറച്ചു കഴിയട്ടെ ചേച്ചീ…”

“അത് പറ്റില്ല…ചേച്ചിക്ക് ജോലിക്ക് പോകാൻ സമയമായി. വേഗം കഴിക്ക്..”

അവൾ ആ പെൺകുട്ടിയെ കുറച്ച് ഉയർത്തി..എന്നിട്ട്  മരുന്ന് കഴിപ്പിച്ചു..വീണ്ടും കിടത്തി…തിരിയാൻ തുനിയവേ അവൾ ശിവാനിയുടെ കൈയിൽ പിടിച്ചു..

“എന്താടീ?”

“ഒരിക്കൽ പോലും ചേച്ചി എന്നെ വെറുത്തിട്ടില്ലേ?”

ശിവാനി വീണ്ടും അവളുടെ അടുത്തിരുന്നു..എന്നിട്ട് കവിളിൽ ഉമ്മ വച്ചു..

“വെറുക്കാനോ? നീയെന്റെ മോള് തന്നെയല്ലേ? എനിക്ക് സന്തോഷമേയുള്ളൂ…ദൈവം നിന്നെ എനിക്ക് തിരിച്ചു തന്നല്ലോ…. “

“എന്നെ എന്തിനാ  ചേച്ചിക്ക്…ശവം പോലെ കിടക്കുന്ന ഒരു പെണ്ണ്..അതും  ഒരിക്കൽ ചേച്ചിയുടെ ജീവിതം തകർത്തിട്ട് പോയവൾ..”

“കൊച്ചേ…നീ എന്റെ കയ്യിൽ നിന്ന് മേടിക്കും..എത്ര പ്രാവശ്യം ഞാൻ  നിന്നോട് പറഞ്ഞു അതൊന്നും സംസാരിക്കണ്ട എന്ന്..”

“അതല്ല ചേച്ചീ…”

ശിവാനി അവളുടെ വായ പൊത്തി.

“എനിക്ക് ഈ ലോകത്തിൽ നീ മാത്രമേ ഉളളൂ…അത് ഓർമ്മ വേണം…നിനക്ക് വേണ്ടിയാ ഞാൻ ജീവിക്കുന്നെ…”

മേശപ്പുറത്തിരുന്ന കണ്ണട എടുത്ത് അവൾക്കു വച്ചു കൊടുത്തു. ഒരു പുസ്തകവും അടുത്ത് വച്ചു…

“നീ ഇത് വായിച്ചു തീർക്കുമ്പോഴേക്കും ചേച്ചി തിരിച്ചു വരാം…”

അവൾ പുറത്തിറങ്ങി…പെട്ടെന്ന് കുളിച്ചു ഡ്രസ്സ്‌ മാറികഴിഞ്ഞപ്പോഴേക്കും കതകിൽ ആരോ തട്ടുന്നത് കേട്ടു..

“ചേച്ചീ..ആരോ  വന്നിട്ടുണ്ട്..” ഗായത്രി വിളിച്ചു പറഞ്ഞു.

“അത് തസ്‌ലിമ ആയിരിക്കും… “

അടുത്ത വീട്ടിലെ കുട്ടിയാണ്. ശിവാനി പോയി വരുന്നത് വരെ ഗായത്രിയുടെ അടുത്തിരിക്കാൻ ചിലപ്പോഴൊക്കെ വരാറുണ്ട്…അവൾ വാതിൽ  തുറന്നു….ശ്വാസം നിലച്ചു പോയി…മുന്നിൽ സജീവ്..അവളുടെ മുഖം വിളറി വെളുത്തു…കാലുകളിലൂടെ വിറയൽ അരിച്ചു കയറുന്നു….അനങ്ങാൻ  പറ്റുന്നില്ല….അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി നില്കുകയാണ്…

“ഒരാൾ വീട്ടിൽ വന്നാൽ കേറിയിരിക്കാൻ പറയാനുള്ള മര്യാദ കാണിക്കാം….”

ശിവാനി അവന്റെ പിന്നിലേക്ക് നോക്കി..മഹേഷും  മിത്രയും  അരുളും അവിടെ നില്കുന്നുണ്ട്…അവൾ അകത്തേക്ക് വഴി മാറി കൊടുത്തു…എല്ലാവരും അകത്തു കയറി..

“ഇരിക്കാനൊക്കെ സൗകര്യം കുറവാ… ” അവൾ പറഞ്ഞൊപ്പിച്ചു…

“ആയിക്കോട്ടെ… പരിചയപ്പെടുത്താം..ഞാൻ മഹേഷ്‌….ഇത് എന്റെ അനിയൻ  സജീവ്…അത് എന്റെ ഭാര്യ മിത്ര..ഇത് ഞങ്ങളുടെ ഫ്രണ്ട് അരുൾ..എന്റെ അനിയന് വളരെ വേണ്ടപ്പെട്ട ഒരാളെ  ടൗണിൽ  വച്ച് കണ്ടു…രണ്ടു ദിവസമായി ഞങ്ങൾ അന്വേഷിച്ചു നടക്കുന്നു…ഇന്ന് രാവിലെയാ അരുളിന് ഡീറ്റെയിൽസ് കിട്ടിയത്…”

പരുക്കൻ സ്വരത്തിൽ മഹേഷ്‌ പറഞ്ഞതും മിത്ര ശാസിച്ചു.

“മഹീ സ്റ്റോപ്പ്‌…”

ശിവാനി ഒന്നും മിണ്ടിയില്ല…

“ആരാ ചേച്ചീ…” അകത്തു നിന്നും ഗായത്രി വിളിച്ചു ചോദിച്ചു..എന്ത് പറയണമെന്നറിയാതെ  ശിവാനി പകച്ചു  നിന്നു..

“ഗായത്രിയെ ഞങ്ങൾ  ഒന്ന് കണ്ടോട്ടെ..” മഹേഷ്‌ ചോദിച്ചു…അവൾ ശരിക്കും ഞെട്ടി..

“ഇത്രക്ക് ഷോക്ക് വേണ്ട..അനിയത്തി വയ്യാതെ കിടക്കുകയാണെന്നും  ഇയാൾ ഇവിടെ അടുത്തൊരു ഹോട്ടലിൽ ജോലിക്ക് പോകുന്നുമെന്നും അറിഞ്ഞിട്ടാ വന്നത്…” എല്ലാവരും ഗായത്രി കിടക്കുന്ന റൂമിലേക്ക് കയറി…

“മോൾക്ക്‌ ഞങ്ങളെ  മനസ്സിലായോ?”

അവൾ എല്ലാരേയും നോക്കി..കണ്ണുകൾ സജീവിന്റെ മുഖത്ത് പതിഞ്ഞു..

“സജുവേട്ടൻ…അല്ലേ? അറിയാം…ചേച്ചിയുടെ ഫോണിൽ ഫോട്ടോ കണ്ടിട്ടുണ്ട്..ചേച്ചി പറഞ്ഞിട്ടുമുണ്ട്…”

ഇത്തവണ അമ്പരന്നത് അവരാണ്…ശിവാനി തലകുനിച്ചു നിന്നതേയുള്ളൂ…

“എന്നെങ്കിലും ഏട്ടൻ വരും എന്ന് ചേച്ചി പറഞ്ഞിരുന്നു…ഞാൻ  വിശ്വസിച്ചില്ല..”

സജീവ് അവളുടെ അടുത്തിരുന്നു…മഹേഷ്‌ മിത്രയെയും അരുളിനെയും വിളിച്ച് പുറത്തിറങ്ങി. ആ റൂമിൽ അവർ  മൂന്നു പേര് മാത്രം..കുറേ സമയം മൗനം തളം കെട്ടി നിന്നു….ഒടുവിൽ ഗായത്രിയാ തുടങ്ങിയത്..

“ചേച്ചിയോട് ദേഷ്യമാണോ?”

“എന്തിന്?”

“ഒരിക്കലും തനിച്ചാക്കില്ല എന്ന് പറഞ്ഞിട്ട് പാതി വഴിയിൽ ഉപേക്ഷിച്ചില്ലേ?”

“അതിനു കാരണക്കാരൻ  ഞാൻ  തന്നാ  മോളുടെ ചേച്ചി അല്ല..പിന്നെ ചേച്ചിക്കാ എന്നോട് വെറുപ്പ്…”

“അങ്ങനെ പറയല്ലേ? എന്റെ ചേച്ചിക് ആരെയും വെറുക്കാൻ പറ്റില്ല..അങ്ങനെയെങ്കിൽ ആദ്യം  വെറുക്കേണ്ടത് എന്നെയല്ലേ? “

സജീവ്  ഒന്നും മിണ്ടിയില്ല…

“ദിവസവും ചേട്ടനെ കുറിച്ച് ഒരു വാക്കെങ്കിലും പറയും…നിങ്ങളുടെ പഴയ കാലത്തെ കുറിച്ച്….തമാശകളും  ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം…”

“എന്നിട്ടും എന്നെ ഒരിക്കൽ പോലും വിളിക്കണമെന്ന് അവൾക്ക് തോന്നിയില്ലല്ലോ “

“അത് ഞാൻ കാരണമാ…അതോർക്കുമ്പോഴാ എനിക്ക് എന്നോട് തന്നെ ദേഷ്യം.. ഒന്ന് ചത്തു കിട്ടിയെങ്കിൽ എന്റെ ചേച്ചി രക്ഷപ്പെട്ടേനെ…”

അവൾ വിതുമ്പി…ശിവാനി മുന്നോട്ട് വന്നു.

“നിനക്ക് ഭ്രാ ന്തുണ്ടോ പെണ്ണേ? വെറുതെ ഓരോന്ന് പറയാതെ…”

സജീവ് അവളുടെ മുഖത്തേക്ക് നോക്കി..പണ്ടത്തെ ശിവാനിയേ അല്ല…കുട്ടിത്തം നിറഞ്ഞിരുന്ന ആ  മുഖത്ത് ഇന്ന് വല്ലാത്തൊരു പക്വത….കുറേ കൂടെ മെലിഞ്ഞിട്ടുണ്ട്..പഴയ നിറമൊക്കെ നഷ്ടപ്പെട്ടു. പക്ഷേ ആ കണ്ണുകളുടെ തിളക്കം മാത്രം അതേ പോലെ തന്നെ…ഒരിക്കൽ തന്റെ പ്രാണനായിരുന്നവൾ ഇതാ  തൊട്ടടുത്ത്…ഒന്ന് വാരിപ്പുണരാൻ മനസ്സ് കൊതിച്ചു…മഹേഷ്‌ തല അകത്തേക്ക് നീട്ടി..

“എടാ ഞങ്ങൾ ഇറങ്ങുകയാ…അരുളിന്റെ ബൈക്ക് പുറത്ത് ഉണ്ട്‌…ആ  പിന്നെ ശിവാനീ, ഞങ്ങൾ ഇറങ്ങുകയാ, കുറച്ച് ജോലി തീർക്കാനുണ്ട്…വീണ്ടും നമ്മൾ  കാണും.”..

ആ പറഞ്ഞതിന്റെ അർത്ഥമവൾക്ക് മനസ്സിലായില്ല..ഗായത്രിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം  മഹേഷ്‌ പോയി…സജീവ്  പൂമുഖത്തേക്ക് നടന്നു…പിന്നാലെ ശിവാനിയും…

“നിനക്കൊന്നും എന്നോട് ചോദിക്കാനില്ലേ ശിവാ?”

“എന്ത് ചോദിക്കാൻ? നീ  മധുരയിൽ ഉണ്ടെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ  ഞാനറിഞ്ഞു..”

“എങ്ങനെ?”

“ഹരീഷ് പറഞ്ഞു..നീ ടാക്സി സർവീസ് തുടങ്ങിയതും അറിഞ്ഞു…”

“തെ ണ്ടി…അവനൊരക്ഷരം എന്നോട് മിണ്ടിയില്ല.” ഒരു നിമിഷത്തേക്ക് അവൻ  പഴയ സജീവ് ആയി. ശിവാനി ഒന്ന് ചിരിച്ചു..

“ഇത്രയും അടുത്ത് ഉണ്ടായിട്ടും കാണണം എന്ന് തോന്നിയില്ലേ..?”

“തോന്നിയിരുന്നു. പല തവണ…പക്ഷെ എന്നെ കണ്ടാൽ നീ പഴയതു പോലെ ദുർബലനാവും…ജയിക്കണമെന്ന വാശി പോകും. അത് കൊണ്ട് മനസ്സിനെ അടക്കി”

കുറച്ചു നേരം മിണ്ടാതെ നിന്നതിനു ശേഷം അവൻ ചോദിച്ചു..

“നീ എങ്ങനെ ഇവിടെത്തി..?”

“എത്തിപ്പെട്ടു…വിശ്വസിച്ച് ആരുടെ കൂടെയാണോ ഇവൾ പോയത്, അവൻ  ഉപേക്ഷിച്ചു. ആര്ക്കും ഭാരമാവരുത് എന്നു കരുതിയാവണം എന്റെ കുട്ടി സ്വയം അവസാനിപ്പിക്കാൻ ശ്രമിച്ചത്…പക്ഷേ പരാജയപെട്ടു.. ശരീരത്തിന്റെ പാതി തളർന്നു പോയി…നോക്കാൻ ആരുമില്ലാതെ കിടന്നപ്പോൾ ആശുപത്രിക്കാരാ  നാട്ടിലെ അഡ്രെസ്സ് തപ്പിയെടുത്ത് വിവരമറിയിച്ചത്…അങ്ങനെ ഇവിടെത്തി…ആദ്യമൊക്കെ അച്ഛൻ സഹായിക്കാൻ ഉണ്ടായിരുന്നു…ഇപ്പോ മരിച്ചിട്ട് മൂന്ന് വർഷമായി…”

അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് അവൻ കണ്ടു,.

“പിന്നെയങ്ങോട്ട് കഷ്ടപ്പാട് ആയിരുന്നു…സഹായത്തിന് ആരുമില്ല…മുബീനയുടെ വാപ്പയുടെ ഒരു കൂട്ടുകാരൻ ഇവിടുണ്ട്. അദ്ദേഹമാ  ഈ  വാടക വീടും ജോലിയും സംഘടിപ്പിച്ചു തന്നത്..അവളുടെ ചികിത്സയ്ക്കായി നാട്ടിലെ വീടൊക്കെ വിറ്റു. ഒരുകണക്കിന് അത് നന്നായി. ഇവിടെ മനസമാധാനമുണ്ട്.

“ഒറ്റയ്ക്ക് പൊരുതുമ്പോൾ എന്നെ വിളിച്ചൂടായിരുന്നോ?”

“തോന്നിയില്ല..”

“ഏത് ഹോസ്പിറ്റലിലാ ട്രീറ്റ്മെന്റ്..?”

“അരവിന്ദ്.. ഇപ്പൊ കുറേ മാറ്റമുണ്ട്..കൈകൾ ഒക്കെ പഴയത് പോലെയായി…അവൾ എഴുന്നേറ്റു നടക്കുമെന്ന് തന്നെയാ പ്രതീക്ഷ…കുറച്ച് കാശുണ്ടാക്കി ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ പോകണം…”

അവൻ എഴുന്നേറ്റു..

“ഞാനിറങ്ങുകയാ..ഗായത്രിയോട് പറഞ്ഞേക്ക്..”

അവൾ ഒന്നും മിണ്ടിയില്ല..ബൈക്ക് പോയപ്പോൾ അവളുടെ  നെഞ്ച് വിങ്ങി…എന്നാലും സജൂ നീയന്താ  വേറൊന്നും പറയാതെ പോയത്?കാലങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഇത്രമാത്രമാണോ നിനക്ക് ചോദിക്കാനുണ്ടായത്?..അവൾ  കണ്ണുകൾ തുടച്ച് അകത്തേക്ക് കയറി.

“സജുവേട്ടൻ പോയോ?” ഗായത്രി ചോദിച്ചു…അവളൊന്ന് മൂളി.

“എന്ത് പറഞ്ഞു? “

“ഒന്നുമില്ല…” ആ മുഖത്തെ വേദന ഗായത്രിയിലും പടർന്നു..രണ്ടാമത്തെ തവണയും താൻ കാരണം ചേച്ചിയുടെ ജീവിതം നശിച്ചു എന്നവൾക്ക് തോന്നി..ആ കുറ്റബോധം അവളുടെ കണ്ണുകളിലൂടെ ചുട്ടു പഴുത്തു പുറത്തേക്കൊഴുകി…

*************

രാവിലെ ഗായത്രിയെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി കിടത്തിയതേ ഉളളൂ…പുറത്ത് ഏതോ വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു..ആരോ  ഗേറ്റ് തുറക്കുന്നു…ഏതോ വണ്ടി മുറ്റത്തേക്ക് കയറുകയാണ്..അവൾ  ഓടിച്ചെന്നു വാതിൽ  തുറന്നു..മുറ്റത്തു  ഒരു ആംബുലൻസ്…അതിന് പിന്നാലെ വന്ന കാർ  ഗേറ്റിനു വെളിയിൽ തന്നെ  നിർത്തി..അതിൽ  നിന്നും മഹേഷും  അരുളും ഇറങ്ങി…ഗൗരവഭാവം മാറ്റാതെ അവൻ അകത്തേക്ക് വന്നു..

“രാവിലത്തെ ചായകുടി ഒക്കെ കഴിഞ്ഞോ?”

അവൾ കാര്യം മനസ്സിലാകാതെ  തലയാട്ടി.

“പോകാം?”

“എവിടേക്ക്?”

“ശരവണ ഹോസ്പിറ്റൽ…അവിടെ ഒന്ന് കാണിച്ചു നോക്കാം…ഗായത്രിയുടേത് പോലെ ഒരുപാട് കേസുകൾ അവിടുന്ന് ശരിയായിട്ടുണ്ട്..”

“അതൊന്നും വേണ്ട..”

“അത് നീ മാത്രം തീരുമാനിച്ചാൽ പോരാ?”

മഹേഷിന്റെ ശബ്ദമുയർന്നു.

“ഇത്രേം അടുത്ത ഉണ്ടായിട്ടും ഒറ്റയ്ക്ക് കഷ്ടപ്പെടുമ്പോൾ നീ എന്തുകൊണ്ട് ഞങ്ങളുടെയടുത്ത് വന്നില്ല എന്ന് ഞാൻ  ചോദിക്കില്ല..നിന്റെ സ്വഭാവം നല്ലോണം അറിയാം. അതുകൊണ്ട് കുറ്റപ്പെടുത്തുന്നുമില്ല. പക്ഷെ ഞാൻ  നിന്നെ എന്റെ അനിയത്തിയുടെ സ്ഥാനത്താ അന്നും ഇന്നും കാണുന്നത്..അതുകൊണ്ട് തന്നെ ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്‌..”

അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ടു നിന്നു..മഹേഷ്‌ അവളുടെ അടുത്ത് ചെന്നു ചുമലിൽ  കൈ  വച്ചു..

“മോളേ…എതിർത്തൊന്നും പറയരുത്…നിന്റെ ഭാവി മാത്രമല്ല, ആ  കുട്ടിയുടെ ജീവിതം കൂടിയാ പോകുന്നത്. അതോർമ്മ വേണം…”

ശിവാനി തീർത്തും നിസ്സഹായയായി…പിന്നീടെല്ലാം സ്വപ്നത്തിലെന്നപോലെയാണ്  നടന്നത്..ആംബുലൻസിൽ  ഹോസ്പിറ്റലിൽ എത്തിയപ്പോൾ സജീവും മിത്രയും അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു…മണിക്കൂറുകൾ  നീണ്ട പരിശോധനയ്ക്കൊടുവിൽ  ഡോക്ടർ ജെയിംസ് ആൽബർട്ട് പ്രതീക്ഷയുടെ പൂച്ചെണ്ടുകൾ നീട്ടി…

“ഡോണ്ട് വറി…ഷീ  വിൽ  ബി ഫൈൻ…അഡ്മിറ്റ്‌ പണ്ണിടലാം…” പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു…

ഹോസ്പിറ്റലിനു പുറത്ത് കാറിന്റെ പിൻസീറ്റിൽ ചാരി ഇരിക്കുകയായിരുന്നു സജീവ്..വീട്ടിൽ പോയി അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം മിത്രയും  ശിവാനിയും കൊണ്ടു വന്നു…കുറച്ച് കഴിഞ്ഞപ്പോൾ ശിവാനി  അവന്റെയടുത്ത് വന്നിരുന്നു.

“എന്തായി?”

“അഡ്മിറ്റ്‌ ചെയ്തു…നാളെ മുതൽ  ട്രീറ്റ്മെന്റ് തുടങ്ങും… “

“ഉം “

“ഈ കടങ്ങളെല്ലാം ഞാൻ എങ്ങനെ വീട്ടും സജൂ?”

“പണ്ട് എന്റെ ലോൺ അടക്കാനും മറ്റു കടങ്ങൾ തീർക്കാനുമൊക്കെ നീ കുറെ കാശ് തന്നിട്ടില്ലേ?..അതിന് പ്രത്യുപകാരമാണെന്ന് കൂട്ടിക്കോ…”

“പകരത്തിനു പകരം അല്ലേ?”

“അതെ..അല്ലാതെ വേറെ ബന്ധമൊന്നും നമ്മൾ തമ്മിലില്ലല്ലോ…?”

അവൾ മിണ്ടിയില്ല..

“ശിവാ…”

“ഉം “.

“ഇനിയുമെന്തിനാടി നീയിങ്ങനെ  അഭിനയിക്കുന്നെ? തുറന്ന് സമ്മതിച്ചു കൂടെ നിനക്കെന്നെ ഇഷ്ടമാണെന്നു?”

“അതറിയാമെങ്കിൽ നീയെന്തിനാടാ  എന്നെ വിട്ടു പോയത്?”

അവൾ പൊട്ടിക്കരഞ്ഞു..

“നിന്നോട് അങ്ങനെയൊക്കെ പറഞ്ഞല്ലോ എന്നോർത്ത് കുറേ സങ്കടപ്പെട്ടു…വിളിക്കണം എന്ന് വിചാരിച്ചതാ..പക്ഷേ വിളിച്ചാൽ നീ  തിരിച്ചു നാട്ടിലേക്ക് തന്നെ വരും…നിന്റെ പൈസയെ മാത്രം സ്നേഹിക്കുന്ന വീട്ടുകാർക് വേണ്ടി വീണ്ടും സ്വയം നശിക്കും…ഇവിടെ ഏട്ടന്റെ കൂടെ നീ  സന്തോഷത്തോടെ ജീവിക്കും എന്ന് വിശ്വസിച്ചു…അതാ..”

“നീ അല്ലെടീ എന്റെ സന്തോഷം?നീയില്ലാതെ ഞാൻ എങ്ങനെ?”..അവൻ അവളെ നെഞ്ചോട് ചേർത്തു..വർഷങ്ങളായി  അനുഭവിച്ചു കൊണ്ടിരുന്ന യാതനകൾ മഴപോലെ പെയ്തു തോർന്നപ്പോൾ അവൻ  സ്നേഹത്തോടെ വിളിച്ചു..

“ശിവാ “..

“എന്താടാ?”

“ഇനി എന്നെ വിട്ട് പോകരുത്..”

“നീയെങ്ങനെ എന്നെ കണ്ടുപിടിച്ചു..അത് പറ..?”

“നീ അന്ന് കണ്ണടയുടെ ഫ്രെയിം മാറ്റിയ ഷോപ്പിൽ പോയി അന്വേഷിച്ചു. പണ്ട് കണ്ണട വാങ്ങിയതും അവിടുന്നായാത് കൊണ്ട് നിന്റെ നമ്പർ അവിടെ സിസ്റ്റത്തിൽ ഉണ്ടായിരുന്നു…അത് കിട്ടി..ബാക്കി എങ്ങനെയാണെന്നറിയില്ല..എന്റെ ഫ്രണ്ട് അരുൾ ആണ്  മറ്റു ഡീറ്റെയിൽസ് സംഘടിപ്പിച്ചത്…”

അവൾ ഒന്നും മിണ്ടാതെ അവന്റെ മാറിൽ തല വച്ചു കിടന്നു.

“നഴ്സിംഗ് ജോലി വിട്ടിട്ട് ഹോട്ടലിൽ പണി  അല്ലേ?”

“അവളെ  നോക്കാൻ ആരെങ്കിലും വേണ്ടേ? ഇതാവുമ്പോൾ  ഇടയ്ക്കിടെ ഓടിവരാം..”

“ഉം..”

“നീയെന്താ  സജൂ  വേറെ കെട്ടാതിരുന്നേ? ഞാൻ അനിയത്തിയെ നോക്കാൻ വേണ്ടിയാണെന്ന കാരണം  ഉണ്ട്‌ നീയോ?”

അവൻ അവളുടെ മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു..

“നിനക്ക് കാരണം അറിയില്ല അല്ലെടീ..”

“സത്യമായും ഇല്ല..”

“എന്നാൽ അറിയണ്ട..”

“ബാക്കി വിശേഷങ്ങൾ  പറ…”

“നീ മുൻപിൽ കേറി ഇരിക്ക് നമുക്കൊന്ന് പുറത്ത് പോയിട്ട് വരാം.. “

രണ്ടുപേരും മുൻസീറ്റിൽ ഇരുന്നു..കാർ റോഡിലൂടെ മെല്ലെ നീങ്ങി…അവർക്കൊരുപാട് പറയാനുണ്ട്…വര്ഷങ്ങളായി  അനുഭവിച്ച യാതനകൾ, വേദനകൾ,…പരാതികൾ, പരിഭവങ്ങൾ.. മനസിലെ പ്രണയം  തുറന്നു പറയാതിരുന്നതിനുള്ള ക്ഷമാപണം…അങ്ങനെ ഒത്തിരി……മറ്റുള്ളവർക്ക് വേണ്ടി മാത്രം  ജീവിച്ചിരുന്ന രണ്ടുപേർ ഇനി അവർക്കായി ജീവിച്ചു തുടങ്ങട്ടെ….നന്മ  നിറഞ്ഞ ഒരു കൂട്ടം മനുഷ്യർ  അവർക്കു  ചുറ്റും പ്രാർത്ഥനയോടെയുണ്ട്…..

അവസാനിച്ചു ❤❤