ക്ഷീണം കൊണ്ട് തളർന്ന കണ്ണുകൾ അടയും മുൻപ് ആരോ കവിളിൽ തട്ടി വിളിക്കുണ്ടായിരുന്നു…കണ്ണുകൾ തുറന്നപ്പോൾ…

ഉള്ളം

Story written by Dwani Sidharth

==========

ആശുപത്രിവരാന്തയുടെ ചേറുപിടിച്ച മൂലയിലേക്ക് തലചായ്ച്ചുകിടക്കുമ്പോൾ അവൾക് വിറയ്ക്കുണ്ടായിരുന്നു…

ഉമിനീരുവറ്റിയ ചുണ്ടുകളിൽ അവൾ നാവുകൊണ്ട്  വീണ്ടും ചെറുനനവിനായി തിരഞ്ഞു…വേദനയുടെ ആധിക്യത്തിൽ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന വിയർപ്പുത്തുള്ളികളിൽ വരെ അവൾ ദാഹമകറ്റാനായി അഭയം തേടി…

ഇരുകൈകളാലും വീർത്തുന്തിയ വയറിനെ താങ്ങിപിടിച്ചു കിടക്കുമ്പോഴും ബോധം മറയുന്ന കണ്ണുകൾ പ്രിയപ്പെട്ട ആർക്കോ വേണ്ടി തിരഞ്ഞുകൊണ്ടിരുന്നു…

ബോധം നിലച്ച് ആ വരാന്തയിലേക്ക് തന്നെ തളർന്നുവീഴുമ്പോൾ ആരൊക്കെയോ ഓടി വരുന്നതും എടുത്തുപൊക്കുന്നതുമെല്ലാം അവളറിഞ്ഞു…

**********

അസ്ഥികൾ നുറുങ്ങുന്ന വേദനകൾക്കൊടുവിൽ ഒരു പിഞ്ചുകുഞ്ഞിന്റെ അലമുറയിട്ടുള്ള കരച്ചിൽ അബോധവസ്ഥയിലും അവളുടെ ചുണ്ടിൽ ഒരു നറുചിരി സമ്മാനിച്ചു…

ഏറെ നേരത്തെ മയക്കത്തിനുശേഷം  പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നപ്പോൾ അവളുടെ ഇരുകൈകളും അവൾക്കിരുവശവും തിരഞ്ഞു…

ശൂന്യമായിരുന്നയിടം എന്തിനോ അവളിൽ ഒരു ഭീതി നിറച്ചു…കണ്ണുകൾ നിറഞ്ഞു…

‘എന്റെ കുഞ്ഞെവിടെ സിസ്റ്ററെ…’

തളർന്നിരുന്നു ആ സ്വരം…

വെളുത്തതുണിയിൽ പൊതിഞ്ഞ ആ മാലാഖകുഞ്ഞിനെ കയ്യിലേക്ക് വച്ചുകൊടുത്തപ്പോൾ അവളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ കുഞ്ഞിന്റെ കൈകളിൽ തട്ടിത്തെറിച്ചു…

ചോ രത്തുള്ളികൾ ഉറ്റിവീണ പോലുള്ള ചുവന്ന ആ കുഞ്ഞിച്ചുണ്ടുകളിൽ അവളും പതിയെ ചുണ്ടുചേർക്കുമ്പോൾ ജീവിതത്തിലാദ്യമായി അത്രമേൽ ശാന്തമായി അവളൊന്നു പുഞ്ചിരിച്ചു…വേദനകൾ എല്ലാം മറന്നു…

ലേബറൂമിന്റെ ചില്ലിനപ്പുറം അക്ഷമനായി നിൽക്കുന്ന രണ്ടു കണ്ണുകളിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു…

നേഴ്സ് ആണോന്നോ, ഡോക്ടർ ആണോ അറിയില്ല…ആരൊക്കെയോ  എന്തൊക്കെയോ പറയുന്നുണ്ട്…ശകാരിക്കുന്നുണ്ട്…അതിനിടയിലും ആ കണ്ണുകൾ നീളുന്നത് തങ്ങളിലേക്ക് തന്നെയാണ്…

”എടി കൊച്ചേ…നിന്റെ കെട്ടിയോനല്ലേ അത്…നിങ്ങളോട് പറഞ്ഞതല്ലായിരുന്നോ ചെലപ്പോ ഓപ്പറേഷൻ വേണ്ടിവരും വേണ്ടുന്ന മുൻകരുതലൊക്കെ എടുക്കണം ന്നൊക്കെ…പിന്നെ ഭർത്താവിനെ മാത്രം കൂട്ടിയാണോ പ്രസവത്തിനു വരുന്നേ….ലേബർ റൂമിലേക്ക് എത്താൻ കൊറച്ചൂടെ വൈകിയിരുന്നേൽ ആ വരാന്തയിൽ കിടന്ന് പ്രസവിക്കേണ്ടി വന്നേനെ…അതങ്ങനെയാ…കൂടെ ഉണ്ടായിരുന്ന ഒരാൾ നിറ ഗർഭിണിയേം ഇട്ടേച്ച് ചുറ്റിതിരിയാൻ പോയേക്കുവല്ലായിരുന്നോ…എല്ലാം ഇരിക്കുന്നു ഒരുപോലെ…”

കൂട്ടത്തിലെ ഹെഡ് നേഴ്സ് എന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ ശകാരവർഷം പൊഴിക്കുമ്പോഴും തലകുമ്പിട്ടിരിക്കാൻ മാത്രമേ  അവൾക് കഴിഞ്ഞിള്ളൂ…

ആരൊക്കെയോ സഹതാപത്തോടെ നോക്കുന്നുണ്ട്…ചിലർ നഴ്സിനോട് ശരിവെക്കുന്ന രീതിയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്….ഒന്നും കെട്ടില്ലെന്ന് നടിച്ചു…

കണ്ണുകൾ വീണ്ടും തിരഞ്ഞത് ആ റൂമിന്റെ ചില്ലുവാതിലിലേക്ക് തന്നെയാണ്….ആ കണ്ണുകളും നിറഞ്ഞിട്ടുണ്ട്…ഞാൻ നോക്കുമ്പോൾ പ്രയാസപ്പെട്ട് ചിരിക്കാൻ ശ്രമിക്കുന്നുണ്ട്…

ചുറ്റുമുള്ള, തന്നെ പോലുള്ള രോഗികളുടെ കൂടെ എന്തിനും ഏതിനും ആളുകളുണ്ട്…കഴിക്കാൻ കൊടുക്കനും…ബാത്‌റൂമിലേക്ക് കൈപിടിച്ചുകൊണ്ടുപോവാനും അങ്ങനെയൊക്കെ…തനിക്ക് മാത്രം ആരുമില്ല…താങ്ങാൻ ആരുമില്ലാത്തത് കൊണ്ടാവും അവൾക്ക്  തളർച്ചയും കുറവായിരുന്നു…

അതിയായി ദാഹിക്കുന്നുണ്ടെങ്കിലും ആരോടും ഒന്നിനും ചോദിക്കാൻ തോന്നിയില്ല…ചിലപ്പോ അതിനും എന്തെങ്കിലും ഒക്കെ കേൾക്കേണ്ടി വരും…

ക്ഷീണം കൊണ്ട് തളർന്ന കണ്ണുകൾ അടയും മുൻപ് ആരോ കവിളിൽ തട്ടി വിളിക്കുണ്ടായിരുന്നു…കണ്ണുകൾ തുറന്നപ്പോൾ കുറച്ചു പ്രായം തോന്നുന്ന സ്ത്രീ…കയ്യിൽ ഒരു ഗ്ലാസ്‌ കഞ്ഞിയുണ്ട്…

അവളാ കഞ്ഞിയിലേക്കും ആ സ്ത്രീയുടെ മുഖത്തേക്കും മാറിമാറി നോക്കി…

”മോളൊന്നും കഴിച്ചില്ലല്ലോ…പെറ്റ വയറു ഇങ്ങനെ കാലിയക്കികൂടാ…കുഞ്ഞിന് പാല് കിട്ടണേൽ മുലെന്തേലും കഴിക്കണം…എനിക്കുമുണ്ട് മോളുടെ അതെ അവസ്ഥയിൽ ഒരു മോള്…പ്രസവിച്ചു കിടക്കുവാ…”

അടുത്ത ബെഡിലായി തങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ഒരു പെൺകുട്ടിയിലേക്ക് കൈചൂണ്ടിയാണ് അവരത് പറഞ്ഞത്…

അവൾ നന്ദിയോടെ ആ പെൺകുട്ടിയെ നോക്കിയൊന്നു ചിരിച്ചു…

”എന്താ മോളെ…ഇങ്ങനൊരാവശ്യത്തിനൊക്കെ വരുമ്പോ ആരെയേലും ഒപ്പം കൂട്ടണ്ടേ…ഇവിടെ മോൾക്കാവശ്യം ഒരു സ്ത്രീയുടെ കൂട്ടാണ്…ഇവിടെ ഭർത്താവിനെക്കൊണ്ട് ഒന്നും ചെയ്യാനില്ല…കൊച്ച് കരയുമ്പോൾ എടുത്തൊന്ന് ഉറക്കാൻ പോലും ആ കൊച്ചനെ കൊണ്ട് കഴിയോ….?”

“ഞങ്ങള്ക്ക്  അങ്ങനെ ആരൂല്ല…വരാനും നോക്കാനും ഒന്നും… “

പറയുമ്പോൾ പെണ്ണിന്റെ കണ്ണുകൾ ഈറൻ ആയിരുന്നു.

വീണ്ടും സംശയത്തോടെ നോക്കുന്ന ആ സ്ത്രീയുടെ കണ്ണിലേക്ക് നോക്കി അവൾ തുടർന്നു…

ചെറുപ്പം മുതലേ ആ സന്തോഷം എന്താണെന്ന് അറിയാതെ വളർന്ന ഒരാളായിരുന്നു ഞാൻ…സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന അച്ഛനുമമ്മയും ഒരിക്കൽപോലും എന്നെ മനസിലാക്കിയിട്ടില്ല…

നല്ല മാർക്കോടെ പാസ്സായിട്ടും കൂടെയുള്ളവരെല്ലാം നല്ല നല്ല കോഴ്സ്സിന് പോയപ്പോഴും എന്നെ പഠിക്കാൻ വിട്ടില്ല..പകരം പണിക്ക് വിട്ടു…

എന്നിട്ടും അവരെന്നോട് ഒന്ന് ചിരിക്കയെങ്കിലും ചെയ്ത് ഞാൻ കണ്ടത് പണിയെടുത്തു കിട്ടണ എന്തേലും ചില്ലറകാശ്  ഞാനവരെ ഏല്പിക്കുമ്പോ മാത്രായിരുന്നു…ഒരുവേള ഞാനവരുടെ മകളല്ലെന്ന് വരെ തോന്നിപോയിട്ടുണ്ട്…

അവിടടുത്തൊരു തയ്യൽ കടയിലായിരുന്നു പണി…വീട്ടിലും പണിസ്ഥലത്തും ആരോടും മിണ്ടാത്ത…നേരെ നോക്കി നടക്കപോലും ചെയ്യാത്ത എന്നെ…

ആ എന്നെമാത്രം നോക്കി പതിവായി നോക്കിനിൽക്കുന്ന ഒരാളെ കാണാൻ തുടങ്ങി…കണ്ണിൽ ഒരുതരം പ്രത്യേക തിളവും…

ആദ്യമാദ്യം കാര്യമാക്കിയില്ല…പിന്നീടത് ആ നോട്ടവും ചിരിയും പതിവായപ്പോ ഞാനും അയാൾക്കായി ചെറിയൊരു ചിരി തിരിച്ചുനൽകി…എന്റെ ആ ചിരിയിൽ പോലും ആ മുഖം വിടരുന്ന ഭാവങ്ങളും…ആ കണ്ണുകൾ സന്തോഷിക്കുന്നതും…ഞാൻ കൗതുകത്തോടെ നോക്കി നിന്നു…

ജീവിതത്തിൽ ആ സമയത്ത് ഞാനേറ്റവും ആഗ്രഹിച്ചത് അങ്ങനൊരു ചിരിയായിരുന്നു…ആ ഒരു ശ്രദ്ധയായിരുന്നു…

പിന്നീടാത്തൊരു പതിവായി…വേറൊന്നുമില്ല ആ ഒരു കാഴ്ചയും ഒരു ചെറുചിരിയും അതിനുമപ്പുറം ഒരിക്കൽ പോലും ഒരുവാക്കുപോലും തമ്മിൽ  മിണ്ടിയില്ല..

ഒരു ദിവസം പണികഴിഞ്ഞു വീട്ടിലേക്കെത്തിയപ്പോൾ എന്നെയും കാത്ത് ഒരു കൂട്ടരുണ്ടായിരുന്നു…പെണ്ണുകാണാൻ വന്നതാണെന്ന് അമ്മ പറഞ്ഞു…

അച്ഛനെക്കാളും പ്രായം തോന്നും…തോന്നാലല്ല…അച്ഛനെക്കാൾ പ്രായമുണ്ട്…

അയാൾക്ക് കഴുത്ത് നീതികൊടുത്താൽ കുടുംബം രക്ഷപെടുമത്രേ…അന്ന് സ്നേഹത്തോടെ എന്നെ തലോടുകയും ഭക്ഷണം വിളമ്പിതരികയും ഊട്ടുകയും ചെയ്യുന്ന അമ്മ എനിക്കത്ഭുതമായി…

മറുത്തൊന്നും പറഞ്ഞില്ല…പറഞ്ഞിട്ടും കാര്യമില്ല…ആഗ്രഹിച്ച ഒന്നും ജീവിതത്തിൽ ഇന്നേ വരെ കിട്ടിയിട്ടില്ല…അതുകൊണ്ട് തന്നെ കൂടുതലൊന്നും ആഗ്രഹിക്കാറുമില്ല…

അന്ന് രാത്രിയിൽ എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല…കണ്ണടക്കുമ്പോൾ വഴിയരികിൽ പ്രതീക്ഷയോടെ തന്നെ മാത്രം നോക്കി നിൽക്കുന്ന കണ്ണുകൾ അവളുടെ ഉറക്കം കെടുത്തികൊണ്ടിരുന്നു…

പിറ്റേന്നുള്ള ജോലിസ്ഥലത്തേക്കുള്ള യാത്രയിലും ആ ആൾ അവിടെ തന്നെ നിൽപ്പുണ്ട്…ചുണ്ടിൽ പതിവുപോലുള്ള പുഞ്ചിരിയും…എന്തോ അന്നെനിക്ക് തിരിച്ചു ചിരിക്കാനായില്ല…ഒന്ന് നോക്കാൻ പോലും…

ജോലിക്കിടിയിൽ കൂടെ ജോലി ചെയ്യുന്ന ചേച്ചിയാണ് ആരോ കാണാൻ വന്നിട്ടുണ്ടെന്നും പറഞ്ഞു വിളിച്ചത്…

പോയിനോക്കിയപ്പോൾ  അമ്മയുടെ അത്രേം പ്രായമുള്ള ഒരു സ്ത്രീയും രണ്ടു പെൺകുട്ടികളും…ഏകദേശം എന്റെ പ്രായം കാണും രണ്ടാമത്തെ ആൾക്ക്…

ആരാണെന്ന് അറിയാതെ ഞാനവരെ നോക്കിനിന്നു…

തന്നെ കല്യാണം ആലോചിച്ചുവന്ന ആളുടെ ഭാര്യയും മക്കളുമാണ്…

കല്യാണത്തിന്ന് പിന്മാറണമെന്നും ഇല്ലെങ്കിൽ ഉറപ്പിച്ചുവച്ച മൂത്തമോളുടെ കല്യാണം മുടങ്ങുമെന്നും അങ്ങനെ സംഭവിച്ചാൽ മൂന്നു പേരും ആത്മഹത്യം ചെയ്യുമെന്നും ആ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു…

ഒലിച്ചിറങ്ങുന്ന കണ്ണീര് സാരിത്തുമ്പാൽ ഒപ്പിയെടുത്ത്…രണ്ടു പെണ്മക്കാതെളയും ചേർത്തുപിടിച് പോവുന്ന അവരുടെ കാഴ്ച്ച…ഹൃദയത്തെ വരിഞ്ഞുമുറുക്കി…ഹൃദയം മുറിയുന്നതുപോലെ തോന്നി…

എന്ത് ചെയ്യണമെന്നോ ആരോട് പറയണമെന്നോ ഒന്നും അറിയില്ലായിരുന്നു…അങ്ങനെ പറയാൻ എനിക്കാരുമില്ലായിരുന്നു…

വീട്ടിൽ ചെന്നമ്മയുടെല്ലാം പറഞ്ഞപ്പോൾ പ്രതീക്ഷിച്ചതുതന്നെയായിരുന്നു മറുപടി…

അവരുടെ കണ്ണുകൾക്ക് പുതിയ ബന്ധകാരന്റെ പണകൊഴുപ്പിൽ കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു…

രാത്രിയിലെപ്പോയോ…ഇരുണ്ട മുറിയിലെ ഒരാൾരൂപത്തെ കണ്ടവൾ അലറി വിളിക്കുമ്പോയേക്കും  ഒരു കൈ അവളുടെ വാ ബന്ധിച്ചിരുന്നു…

ഏറിവരുന്ന ഹൃദയമിടിപ്പോടെ അയാളെ തള്ളിമാറ്റി ലൈറ്റിട്ടപ്പോ തന്നെ നോക്കി ചിരിച്ചിരിക്കുന്ന വൃദ്ധനെ കണ്ട് അവളൊന്ന് ഞെട്ടി…തന്നെ പെണ്ണുകാണാൻ വന്ന അയാളാണ്…

ഉള്ളിലെ ഭീതി പുറത്തുകാട്ടത്തെ മുറിയുടെ വാതിൽ കടന്ന്…അമ്മയുടെ മുറിയുടെ വാതിൽ ശക്തിയിൽ അടിച്ചപ്പോൾ നിമിഷങ്ങൾക്കകം വാതിൽ തുറക്കപ്പെട്ടു…

ഉണ്ടായ സംഭവങ്ങൾ എല്ലാം വിവരിച്ചിട്ടും ഭാവമാറ്റമേതും ഇല്ലാതെ നിൽക്കുന്നവരുടെയും  കൂടെ അറിവോടെയാണ് ഇതൊക്കെ എന്ന് മനസിലാക്കാൻ അധികനേരമൊന്നും എനിക്ക് വേണ്ടിവന്നില്ല…

പിന്നെയുമവിടെ നില്കാൻ തോന്നിയില്ല…രാത്രിയാണെന്നു പോലും വകവെക്കാതെ ഇറങ്ങിയോടുമ്പോൾ മരണം മാത്രമേ മുന്നിൽ കണ്ടുള്ളു…

പുഴയിലെ തെളിഞ്ഞ വെള്ളത്തിലേക്ക് നോക്കുമ്പോൾ എന്നെ സ്നേഹമുള്ള ആരോ മാടിവിളിക്കുന്നതായി തോന്നി…

ജനനം മുതലുള്ള എല്ലാ വേദനകളും തിരശീലായിലെന്ന പോലെ മുന്നിൽ തെളിഞ്ഞു…ഓർത്തെടുക്കാൻ പോലും സന്തോഷിച്ച നാളുകൾ എനിക്ക് അന്യമായിരുന്നു…

പിന്നീടാ ആ ഓർമകൾ പോലും എന്നിൽ നിന്നും മാഞ്ഞുപോയിരുന്നു…മൊത്തം ശൂന്യത മാത്രം…

പുഴയിലേക്ക് ചാടാൻ ഓങ്ങുമ്പോഴേക്കും ആരോ പുറകിൽ നിന്നും വലിച്ചു ദേഹത്തോട് ചേർത്തിരുന്നു…തന്നെ നോക്കി ക്രോധത്താൽ ചുവന്ന കണ്ണും മുഖവും അവളിൽ ഭീതി നിറച്ചു…

അതുവരെ വഴിയരികിൽ തനിക്കായി ചിരിച്ചു മാത്രം കണ്ടിട്ടിട്ടുള്ള മുഖത്തെ അപ്പോഴത്തെ ഭാവം നിർവചനങ്ങൾക്ക്  അപ്പുറമായിരുന്നു…

അതെവേഗത്തിൽ ദേഹത്തൂന്ന് വലിച്ചുമാറ്റി മുഖത്ത് ശക്തിയോടെ പ്രഹരിക്കുമ്പോഴേക്കും ബോധം മറഞ്ഞിരുന്നു…

കണ്ണുതുറന്നപ്പോൾ എവിടെയാണെന്ന് മനസിലായില്ല…ഒരു കൊച്ചുമുറിയിലെ  അതെ പോലുള്ള ഒരു കൊച്ചുകട്ടിലിൽ ആണ്…ചുറ്റും നോക്കി…ആരുമില്ല…

തലേ ദിവസത്തെ കാര്യങ്ങൾ ഓർക്കവേ വേദനയും പേടിയും മനസിനെ കീഴ്പ്പെടുത്തികൊണ്ടിരുന്നു…

സ്വബോധം വീണ്ടെടുത്ത് പുറത്തേക്കിറങ്ങിയപ്പോൾ ഉമ്മറത്തെ തിണ്ണയിലേക്ക് കാലുനീട്ടിവച്ചു എന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന  ആളെ കണ്ട് അവളൊന്നു നിന്നു…

കുറച്ചു സമയം അതെ നിൽപ്പ് തുടർന്ന് ഒന്നും മിണ്ടാതെ ഇറങ്ങിപോരുമ്പോൾ പുറകിന്ന്  തിരിച്ചുവിളിച്ചിരുന്നു…

വീണ്ടും മറ്റൊരാൾക്ക്‌ ഭാരമാവാൻ മനസില്ലാത്തത് കൊണ്ട് ഇറങ്ങാൻ തന്നെയായിരുന്നു തീരുമാനം…

സമ്മതിച്ചില്ല…

എതിർത്തിട്ടും…വാശിപിടിച്ചിട്ടും…ഒന്നിനും ഫലമുണ്ടായില്ല…ആ സ്നേഹത്തിന് മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നു… 

പിന്നീട് ജീവിതത്തിലെ നല്ല നാളുകയിരുന്നു…സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടെന്ന് തോന്നിയ ഈ ലോകത്തിൽ എനിക്ക് ആരെങ്കിലും ഒക്കെയുണ്ടെന്ന് തോന്നിയ നാളുകൾ…

ഒട്ടും വൈകാതെ ഭാര്യയാക്കി കൂടെ കൂട്ടാൻ ആവശ്യപ്പെട്ടതും ഞാനായിരുന്നു…അതിനുമേൽ സുരക്ഷിതത്വം എനിക്ക് വേറെവിടെയും കിട്ടില്ലെന്ന്‌ ഉറപ്പായിരുന്നു…

പണത്തിനു മാത്രമേ കുറവുണ്ടായിരുന്നുള്ളൂ…സ്നേഹത്തിന്റെ കാര്യത്തിൽ ഞാൻ സമ്പന്നയായിരുന്നു…ഇപ്പൊ ഇതാ ഞങ്ങൾക്ക് സ്വന്തംന്ന് പറയാൻ ഈ കുഞ്ഞൂടെ വന്നില്ലേ…ഇനി എന്താ വേണ്ടേ…

കണ്ണീരിനിടയിലും നിറഞ്ഞചിരിയോടെ പറഞ്ഞുതീർത്തവളുടെ മുഖത്തേക്ക് ആ സ്ത്രീ നോക്കി നിന്നു…അത്രമേൽ സ്നേഹത്തോടെ അവരവളുടെ കവിളിലൂടെ വിരലോടിച്ചു…അനുഗ്രഹിക്കാനെന്ന പോലെ തലയിലൊന്നു തൊട്ടു…

ഒരു കുഴപ്പങ്ങളും കൂടാതെ ദൈവം തിരികെ തന്ന അമ്മയെയും കുഞ്ഞിനേയും ചേർത്ത് പിടിച്ച് ആ കുഞ്ഞുവീടിന്റെ പടികൾ കയറുമ്പോൾ…അവൻ സ്നേഹത്തിന്റെ മറ്റൊരു പുതിയ വേഷം കൂടെ അണിയുകയായിരുന്നു…

തന്റെ ഓർമ്മയിൽ പോലും ഇല്ലാത്ത ഒരച്ഛന്റെ വേഷം…

അവസാനിച്ചു…❤