വന്ദന ആകെ വല്ലാതായി. ഇതിപ്പോ കൊറേയായി ദേവേട്ടൻ തന്നെ വല്ലാതെ കളിയാക്കുന്നു. ശ്രമിക്കാഞ്ഞിട്ടാണോ…

സ്വപ്നംപോലെ…..

Story written by Rinila Abhilash

==========

“എന്തെ ഇത്ര ചിന്തിക്കാൻ…കൂട്ടുകാരിക്ക് ജോലി കിട്ടിയപ്പോൾ നിന്റെ മനസ്സമാധാനം പോയോ..?ദേവൻ ചോദിച്ചു

“…എന്തിന്…??….ഒരുപാട് സന്തോഷം….കാരണം അവൾ അത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ട്…ദേ കണ്ടോ അവളുടെ വാട്സാപ്പ് സ്റ്റാറ്റസ് എത്ര മാത്രം happy ആണവൾ..അവൾ അനുഭവിച്ച പ്രയാസങ്ങളും..കിട്ടിയ സപ്പോർട്ടും ഒക്കെ അതിൽ പറയുന്നുണ്ട്…..” വന്ദന  പറഞ്ഞു.

“ഇവിടെ ഒരാൾ കാലം കൊറേയായി പഠിക്കാൻ തുടങ്ങിയിട്ട്..സപ്പോർട്ട് തരാഞ്ഞിട്ടല്ലല്ലോ…ഒരു രക്ഷേമില്ല….ലെ…സാരമില്ല…എന്റെ കൂട്ടുകാരൊക്കെ അവരുടെ ഭാര്യമാർ ജോലിക്കാ രായതുകൊണ്ടുള്ള പ്രയാസങ്ങൾ ദിവസവും പറയുന്നത് കേൾക്കുമ്പോ എനിക്ക് തോന്നാറുണ്ട് നിനക്ക് ജോലി ഇല്ലാത്തത് നന്നായെന്ന്…അതുകൊണ്ട് ഞങ്ങൾ അച്ഛന്റെയും മക്കളുടെയും കാര്യം നല്ലപോലെ പോകുമല്ലോ…അല്ല്യോടീ…കല്യാണീ…പിന്നേ….കിച്ചനു..നാളെ മീറ്റിംഗ് ഉള്ള കാര്യം മറക്കണ്ട….”

വന്ദന ആകെ വല്ലാതായി…ഇതിപ്പോ കൊറേയായി ദേവേട്ടൻ തന്നെ വല്ലാതെ കളിയാക്കുന്നു..ശ്രമിക്കാഞ്ഞിട്ടാണോ…അല്ല…ഇപ്പോ വയസ്സ് 37 കഴിഞ്ഞു…വിവാഹത്തിന് മുൻപ് പിജി യും B. Ed ഉം കഴിഞ്ഞു…കല്യാണം കഴിഞ്ഞപ്പോൾ അടുപ്പിച്ചുള്ള പ്രസവം…കുഞ്ഞുങ്ങൾ…വീടുപണി…മക്കളുടെ പഠനം..ഇതിനിടയിൽ കിട്ടുന്ന സമയങ്ങളിലെല്ലാം പഠിക്കാൻ ശ്രമിച്ചിട്ടും പക്ഷെ എവിടെയും എത്താത്ത പോലെ….

ഫോൺ  ബെല്ലടിച്ചപ്പോൾ ആണ് ഓർമകളിൽനിന്ന് അവൾ ഉണർന്നത്….

കീർത്തിയാണ്…തന്റെ പ്രിയ കൂട്ടുകാരി…ജോലികിട്ടിയ വിവരം വിളിച്ചു പറയാനാവും..വളരെ സന്തോഷത്തോടെ അവൾ ഫോണെടുത്തു….

“എടീ ഒരുപാട് സന്തോഷായിട്ടോ..എന്തായാലും നീ ആഗ്രഹിച്ചപോലെ ഒരു ജോലി നിനക്ക് കിട്ടിയല്ലോ….”

ശരിയാടീ…ഒരുപാട് നാളത്തെ പ്രയത്നം ത്തന്നെയാ…വിചാരിക്കുന്നപോലെ എളുപ്പമല്ല ഒരു ജോലി നേടിയെടുക്കാൻ…പ്രത്യേകിച്ച്  വീട്ടമ്മമാരായ നമ്മളെ പോലുള്ളവർ….നിന്നെ വിളിക്കാഞ്ഞിട്ട് ഒരു സമാധാനം കിട്ടിയില്ല അതാ…പിന്നെ…നീ നിന്റെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കരുത്..ഞാൻ തന്നെ മക്കളെ എന്റെ വീട്ടിൽ നിർത്തി മൂന്നു മാസത്തോളം ഒരു ഹോസ്റ്റലിൽ നിന്നിട്ട് രാപ്പകൽ കഷ്ടപ്പെട്ട് പഠിച്ചതാണ്…മക്കളെ വിട്ട്  നിർത്തി…പക്ഷെ..അതിപ്പോ നന്നായെന്ന് തോന്നുന്നു….

“”…നമ്മളില്ലാതെ എങ്ങനെ നമ്മുടെ മക്കൾ…ഇവിടെ ഞാനില്ലേൽ ഒന്നും നടക്കില്ലെന്നേ…മക്കൾക്കും അച്ഛനും..”

“നീ കരുതുംപോലല്ലടാ…നമ്മളില്ലേലും അവർ നല്ല രീതിയിൽ മുന്നോട്ട് പോകും നിനക്ക് സംശയമുണ്ടോ….2 ദിവസം പനിയാണെന്നും പറഞ്ഞു കിടന്നു നോക്ക്‌…നിനക്ക് ഒന്നിനും കഴിയില്ലെന്നു കാണുമ്പോ അവർ മാറും…നമ്മൾ നമ്മുടെ ചിന്തകളാണ് മറ്റേണ്ടത്….ഇത്തിരി പ്രാധാന്യം നമ്മുടെ സ്വപ്നങ്ങൾക്ക് കൊട്ക്കണം…നമ്മുടെ അച്ഛനും അമ്മയും എന്തോരം സ്വപ്നം കണ്ടാണ് നമ്മെ പഠിപ്പിച്ചത്…അതെങ്കിലും നമ്മൾ  പൂർത്തീകരിക്കണ്ടേ….ലക്ഷ്യമുണ്ടെങ്കിൽ വഴി താനേ തെളിയും…നീ ആലോചിക്ക്‌…എന്നിട്ട്  നല്ലൊരു തീരുമാനത്തിലെത്തുക..”

അവൾ പറഞ്ഞത് സത്യമാണോ…ഞാനില്ലെങ്കിലും…ഏയ്‌…അങ്ങനെ വരില്ല…എന്നാലും ഒരു  പരീക്ഷണം നടത്തി നോക്കാം…

വൈകിട്ട് മക്കൾ എത്തിയപ്പോൾ പനി യാണെന്നും പറഞ്ഞു മൂടിപ്പുതച്ചു കിടന്നു….മക്കളെ അടുത്തേക്ക്‌ അടുപ്പിച്ചില്ല…ദേവേട്ടൻ വന്നപ്പോൾ ഡോക്ടറെ കാണാൻ പോകാമെന്നു പറഞ്ഞു….വേണ്ട…തനിക്കല്പം റസ്റ്റ്‌ എടുത്താൽ മാറിക്കോളും എന്ന് പറഞ്ഞു..പനി കുറവുണ്ടെന്ന് പറഞ്ഞപ്പോൾ..പിറ്റേ ദിവസം ദേവേട്ടൻ തന്നെ തന്റെ വീട്ടിലേക് കൊണ്ടാക്കി…ലീവ് എടുക്കാമെന്ന് ദേവേട്ടൻ പറയുമെന്ന് വെറുതെ ആശിച്ചു….

അന്ന് പുറത്തുനിന്നു ഭക്ഷണം കഴിക്കാൻ പോകുന്നതിന്റെയും ഔട്ടിങ് പോകുന്നതിന്റെയും സ്റ്റാറ്റസ് അവർ ഇടുന്നത് കണ്ടപ്പോൾ…അവളുടെ നെഞ്ചുരുകി…അവര്ക് യാതൊരു പ്രശ്നവുമില്ല…ഇടക്ക് വിളിച്ചു പനി കുറവുണ്ടെങ്കിൽ വേഗം വരുട്ടോ ഇവിടെ ആകെ കുഴഞ്ഞു മറഞ്ഞു കിടക്കുവാണെന്ന് പറഞ്ഞു. ദേവേട്ടൻ ഫോൺ വച്ചപ്പോ വല്ലാത്തൊരു ദേഷ്യവും സങ്കടവും ഒക്കെ തോന്നി…4 ദിവസത്തിന് ശേഷം  അവൾ വീട്ടിലേക്ക്‌ തിരിച്ചു..ഈ നാലു ദിവസങ്ങളിൽ വീട്ടിലവർ  ആഘോഷിക്കുവായിരുന്നു…ഇനി ആഘോഷത്തിന്റെ ബാക്കിപ്പത്രമായി അലങ്കോല മായിക്കിടക്കുന്ന വീടിനെ നേരെയാക്കാൻ താൻ വല്ലാതെ പാട് പെടേണ്ടി വരും….

എന്തായാലും ഒരു കാര്യം തീരുമാനിച്ചു…തനിക്കും തന്റെ ലക്ഷ്യത്തിലേക്കുള്ള വഴി നോക്കണം…അല്ലെങ്കിൽ കൊറേ കഴിയുമ്പോ താൻ ഒന്നുമല്ലാതായിതീരും തന്റെ മക്കളുടെ മുന്നിൽ….

വൈകിട്ട് ദേവൻ വന്നപ്പോൾ തന്നെ വന്ദന കാര്യം പറഞ്ഞു താൻ ജോലിക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്..ചെറിയ ചില സഹായങ്ങൾ ചെയ്താൽ തനിക്ക് കുറച്ചെങ്കിലും സമയം കൂടുതൽ പഠനത്തിനായി മാറ്റിവെക്കാമല്ലോ എന്ന്…എല്ലാം മൂളിക്കേട്ട് പിറ്റേദിവസം മുതൽ പഴയ അതെ രീതികൾ…..

ഭക്ഷണം വിളമ്പി മേശപ്പുറത്തെത്തിയാൽ മാത്രം കഴിക്കുന്ന…എല്ലാത്തിനും വിളിച്ചുകൂവുന്ന…അതേ  ഭർത്താവ്…ഒരു മാറ്റം ആഗ്രഹിച്ചാൽ നടക്കുന്നതെങ്ങനെ…ഒരു പെണ്ണിന്റെ സ്വപ്നത്തിന് എന്തുവില….

സങ്കടവും ദേഷ്യവും എല്ലാംകൂടെ വന്ദനക്ക്‌ ആകെ ഭ്രാന്ത് പിടിക്കുന്നപോലെ തോന്നി…ആഗ്രഹിച്ച ജോലിയിലേക്കുള്ള ദൂരം വെറുതെ. 6 മാസം മാത്രമായിരിക്കെ…ഇനിയെന്ത് ചെയ്യും…

വൈകിട്ട് ദേവൻ  ഓഫീസിൽ നിന്നെത്തിയപ്പോൾ കാണുന്നത് പാക്ക് ചെയ്ത ലഗേജ് പിടിച്ചു നിൽക്കുന്ന വന്ദന യെയാണ്…..

ഞാൻ കുറച്ചു ദിവസത്തേക്കു ഒരു ഹോസ്റ്റലിലേക് മാറി നിക്കാൻ തീരുമാനിച്ചു…പരീക്ഷ കഴിയും വരെ എനിക്ക് കുറച്ചു സമയം വേണം…

“നീ പോയാൽ…പിന്നെ..ഇവിടെ….നടക്കില്ലെടോ…”

“അതൊക്കെ വെറുതെ ആണെന്ന് 4 ദിവസം ഇവിടെന്ന് മാറി നിന്നപോലെ എനിക്ക് മനസ്സിലായി…ഇനി കുറച്ചു ദിവസം എനിക്കെന്റെ സ്വപ്നത്തിലേക് പറക്കാൻ ഒരു അവസരം അത്രയേ ഞാൻ ചോദിക്കുന്നുള്ളു…..”

ദിവസങ്ങൾ കഴിഞ്ഞുപോയി..വീട്ടിലെ കാര്യങ്ങൾ ദേവൻ നന്നായി നോക്കുന്നുണ്ടെന്നു അവൾക്ക്‌ മനസ്സിലായി. സ്വന്തം അച്ഛനും അമ്മയും ഇല്ലാത്തതുകൊണ്ട് വല്ലാതെ പണിപ്പെടും ദേവേട്ടൻ എന്ന് അറിയാം..തന്റെ അച്ഛനോ അമ്മക്കോ  വന്നു നിൽക്കാനുംകഴിയില്ല…

“താൻ പേടിക്കണ്ടെടോ…എല്ലാം ഞാൻ നോക്കിക്കോളാം നീ നന്നായി പഠിക്കാൻ നോക്ക്…നീ ഇത്ര സീരിയസ് ആണെന്ന് മനസ്സിലാക്കാൻ ഞാൻ വൈകിപോയതാണ്…നിനക്കുംഒരുസ്വപ്നമുള്ളത് ഞാൻ ഓർക്കണമായിരുന്നു..സോറി ഡീ…”

പിന്നീടുള്ള ദിവസങ്ങൾ പഠിക്കാനുള്ള ഊർജ്ജം ആ വാക്കുകളിൽ നിന്നും ലഭിച്ചു…ആഴ്ചയിലൊരിക്കൽ അവൾ വീട്ടിൽ പോകും മക്കളോടൊപ്പം…ഇടക്ക് ദേവേട്ടൻ മക്കളെ കൊണ്ട് ഹോസ്റ്റലിൽ എത്തും..

എക്സാം കഴിഞ്ഞു….നല്ല മാർക്കും ലഭിച്ചു..ജോലി ഉറപ്പാണെന്നു മനസ്സിൽ ഉറപ്പിച്ചു അവൾ വീട്ടിൽ തിരിച്ചെത്തി. തുടർന്ന് ഡ്രൈവിംഗ് പഠിച്ചു…ചെറിയ ചെറിയ ആഗ്രഹങ്ങൾ…അവയ്‌ക്കെല്ലാം ഇപ്പോ ദേവേട്ടൻ കൂടെയുണ്ട്..മനസ്സിൽ താൻ ആഗ്രഹിച്ച എന്തൊക്കെയോ നേടി എന്ന സന്തോഷത്തോടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി…തന്റെ അച്ഛന്റെ ആഗ്രഹം പോലെ താൻ ഒരു ടീച്ചറാവും താമസിയാതെ….

ആഗ്രഹങ്ങൾ തീവ്രമായിരിക്കണം…എങ്കിലേ അവയ്ക്കുവേണ്ടിപ്രവർത്തിക്കാനുള്ള മാർഗം തെളിയൂ…മനസ്സിൽ കീർത്തിക്ക് ഒരുപാട് നന്ദി പറഞ്ഞു..നമ്മുടെയെല്ലാം ജീവിതത്തിൽ  വഴിത്തി രി വായി ഒരാൾ വരും അവരെ തിരിച്ചറിയുമ്പോൾ നമ്മൾ ജീവിതത്തിൽ വിജയിക്കും

***********

ഓരോസ്ത്രീക്കും മനസ്സിൽ ഒരുപാട് സ്വപ്നങ്ങളുണ്ടാകും ചെറുതെങ്കിലും അവയ്ക് പ്രാധാന്യം നൽകാൻ നമുക്കും ശ്രമിക്കാം…അല്ലേ…

(നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുമല്ലോ )