വാ മൂടിക്കെട്ടിയ മാലാഖമാർ…
Story written by Lis Lona
================
“എന്തെടാ കണ്ണാ…അമ്മേടെ പൊന്നല്ലേ…കരയല്ലേടാ കണ്ണാ…”
നിസ്സഹായതയോടെ കുഞ്ഞിനെ ചേർത്ത് പിടിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങി…
സന്ധ്യക്ക് തുടങ്ങിയ വാശിയാണ്..ചുട്ടുപൊള്ളുന്ന പനിയുമുണ്ട് കുഞ്ഞിന്….
വിശന്നിട്ടാവുമെന്നു കരുതി മു ലഞെട്ടുകൾ മോന്റെ വായിലേക്ക് വച്ചു കൊടുക്കുമ്പോൾ അവനത് ശക്തിയിൽ തട്ടിമാറ്റി ഓക്കാനിക്കുന്നു….
രാവിലെ കുളിപ്പിച്ചു സുന്ദരകുട്ടപ്പനാക്കി വയറു നിറയെ സൂചിഗോതമ്പിന്റെ കുറുക്കും കൊടുത്തു ഉറങ്ങിയെഴുന്നേറ്റപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു…
നനഞ്ഞ തുണി കൊണ്ട് മേലൊക്കെ തുടച്ചു കൊടുത്തപ്പോ പനിക്ക് ഇത്തിരി ശമനമുണ്ട് .എന്നാലും രാത്രിയിൽ കൂടിയാൽ ഒറ്റക്ക് എന്ത് ചെയ്യും ഞാൻ…
തൊട്ടടുത്ത ഫ്ളാറ്റിലെ ഗീതേച്ചിയോട് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാൻ വയ്യാതായി.
“എന്താണിത് ബബിതേ…കുഞ്ഞുങ്ങളാവുമ്പോ പനിയും വാശിയുമൊക്കെ ഉണ്ടാവുമെടോ ഇതൊക്കെ സാധാരണയാണ്..താൻ പേടിക്കണ്ട അമ്മമാരൊന്നും അടുത്തില്ലെങ്കിലും ഞാനുണ്ട് ഇവിടെ….കേട്ടോ …”
ജോലിസംബദ്ധമായി ഏട്ടനെവിടെയെങ്കിലും പോയാൽ തൊട്ടടുത്ത ഫ്ളാറ്റിലെ ഗീതേച്ചിയും മോനുമാണ് സഹായം.
പക്ഷേ ഗീതേച്ചി കൈനീട്ടിയിട്ടും കണ്ണൻ പോകാൻ കൂട്ടാക്കിയേ ഇല്ല എന്നെയും അള്ളിപ്പിടിച്ചു ഇരിപ്പാണ്…സാധാരണ മോൻ ചേച്ചിയെ കാണുമ്പോൾ കുടു കൂടാ ചിരിച്ചുമറിഞ്ഞു പോകുന്നതാണ്…
ഗീതേച്ചിയും മകനും മാറി മാറി കൈനീട്ടിയിട്ടും അവൻ പോകാൻ കൂട്ടാക്കാതെ കരഞ്ഞു കൂവി എന്നെയും അള്ളിപിടിച്ചിരുപ്പാണ്….
കുറെ നേരത്തെ വാശിക്കൊടുവിൽ തളർന്നു കരഞ്ഞുറങ്ങിയ അവനെയൊന്ന് താഴെ കിടത്താൻ നോക്കിയപ്പോഴേക്കും കുഞ്ഞു ഞെട്ടിയുണർന്നു ശർദി തുടങ്ങി….ശർദ്ധിച്ചു കുഴഞ് കണ്ണൊക്കെ മേലോട്ട് മറിച്ചു് അവനെന്റെ നെഞ്ചിലേക്ക് വാടിയ താമരത്തണ്ട് പോലെ കുഴഞ്ഞു വീണു….
ആദ്യത്തെ പകപ്പൊന്നു മാറിയതും ഞാനും ഗീതേച്ചിയും അവനെയും കൊണ്ട് ഓടിയിറങ്ങി, ആസ്പത്രിയിലേക്ക്..
പോകുന്ന പോക്കിലും അവിടെത്തിയും മോൻ ഒന്നു രണ്ടു വട്ടം ശർദ്ധിച്ചു.
പരിശോധനക്കൊടുവിൽ ഡോക്ടർ, വേറെ കുഴപ്പമൊന്നുമില്ല കുറെ ശർദ്ധിച്ചതു കൊണ്ടും പാല് കുടിക്കാത്തതുകൊണ്ടും ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടിട്ടുണ്ട്…ഒരു കുപ്പി ഗ്ലുക്കോസ് കേറ്റണമെന്നു പറഞ്ഞു..
ഒന്ന് രണ്ട് രക്തപരിശോധന കൂടിയുണ്ട് അതിൽ കുഴപ്പമൊന്നും ഇല്ലെങ്കിൽ രാവിലെ പോവാമെന്ന് കൂടി പറഞ്ഞതോടെ അല്പം ആശ്വാസത്തോടെ കുഞ്ഞിനരികിൽ ഞാനിരുന്നു.
സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ…ഗീതേച്ചി മോനേ വിളിച് കാര്യങ്ങൾ പറയുന്നതിനിടക്കാണ് ഡോക്ടറെന്നെ വീണ്ടും വിളിപ്പിച്ചത് .
മോനുറങ്ങുന്നത് കൊണ്ട് ഞാൻ മോനെ ചേച്ചിയെ ഏൽപിച്ചു അകത്തേക്ക് ചെന്നു…
റിപ്പോർട്ടിലേക്ക് കണ്ണും നട്ട് നെറ്റിയിൽ വിരല് കൊണ്ട് തടവുന്ന ഡോക്ടറെയും നോക്കി ഞാൻ കസേരക്കരികിൽ നിന്നു .
“ഇരിക്കൂ…”
മോന്റെ ബ്ലഡ് റിപ്പോർട്ട് എല്ലാം നോർമലാണ് കേട്ടോ അതിലൊന്നും പേടിക്കാനില്ല നിർത്താതെയുള്ള കരച്ചിൽ കാരണമാകും പനി….ഡ്രിപ് കഴിഞ്ഞാൽ ഞാൻ മരുന്ന് എഴുതി തരാം തൽക്കാലത്തേക്ക്, കുറഞ്ഞില്ലെങ്കിൽ വന്ന് കുട്ടികളുടെ ഡോക്ടറെ കാണിക്കണം…”
ഒരു ചെറുപ്പക്കാരിയാണ് ഡ്യൂട്ടി ഡോക്ടർ…പറഞ്ഞു കഴിഞ്ഞിട്ടും തീരാത്ത പോലെ എന്റെ മുഖത്തേക്ക് അവർ വീണ്ടും നോക്കി…
“ആരാ കൂടെ വന്നേക്കുന്നത്…അമ്മയാണോ ഇയാൾടെ”
“അല്ല…അടുത്ത വീട്ടിലെ ചേച്ചിയാണ്..ഏട്ടൻ സ്ഥലത്തില്ല അതുകൊണ്ട് അവരെയും കൂട്ടിയാണ് വന്നത് “
എന്റെ മുഖത്തേക്ക് നോക്കുംതോറും ഗൗരവം കൂടി വരുന്ന കണ്ണുകൾ…
പിന്നെയവർ പറഞ്ഞത് എന്റെ ചെവിയിൽ വീണോ വ്യക്തമായിട്ടും…ഞാൻ പതറിയ സ്വരത്തോടെ വീണ്ടും എന്തെന്നു ചോദിക്കുമ്പോഴേക്കും അവരെണീറ്റ് വന്നെന്റെ തോളിൽ പിടിച്ചു….
പതിയെ എന്റെ കയ്യിൽ പിടിച് അവർ കാര്യങ്ങൾ പറയുമ്പോൾ ഞാൻ മനസ്സുരുകി ദൈവത്തിനെ വിളിച്ചു എന്റെ കേൾവിശക്തി തിരിച്ചെടുക്കാൻ…
പരിശോധനക്കിടയിൽ മോന്റെ തൊണ്ടയിലെ മുറിവുകളിൽ സംശയം തോന്നി അവർ കണ്ണന്റെ ശർദിലും പരിശോധനക്കെടുത്തിരുന്നു…അതിൽ സെ മെന്റെ…ശു ക്ലത്തിന്റെ…അംശമുണ്ടെന്ന്…
തലയിലാരോ കൂടം കൊണ്ടടിക്കും പോലെയാണ് വാക്കുകൾ ചെവിയിൽ വീഴുന്നത്..ഏഴ് മാസമേ എന്റെ കുഞ്ഞിനുള്ളു…ഒന്ന് മിണ്ടാൻ പോലുമാകാത്ത എന്റെ മോൻ..
കണ്ണിനു മുൻപിൽ ആകെ ഒരു ഒരു പുക…വല്ലാത്ത നീറ്റലോടെ തൊണ്ടക്കുഴിയിലെല്ലാം വേദന വന്നു നിറയുന്നു….
ആർത്തലച്ചു വരുന്ന സങ്കടം ഞാനൊതുക്കി ഗീതേച്ചിയെ വിളിപ്പിച്ചു…അതേ അവരാണിത് കേൾക്കേണ്ടത്..കണ്ണനിന്ന് പകൽ കണ്ട ഒരേയൊരു പുരുഷൻ അവരുടെ ഡിഗ്രിക്ക് പഠിക്കുന്ന മകനാണ്..
അവനാണ് ഉച്ചക്ക് ഉറങ്ങിയെണീറ്റ കണ്ണനെ വീട്ടിലേക്ക് കൊണ്ട് പോയത്…അവിടെ നിന്നും കണ്ണനെ അവൻ തിരികെ കൊണ്ട് വരുന്നത് മോൻ നല്ല വാശിയാണ് കരച്ചിൽ നിർത്തുന്നില്ല ചേച്ചി എന്ന് പറഞ്ഞാണ്.
കുഞ്ഞുമക്കളിൽ പോലും ലൈം ഗികസംതൃപ്തി തേടുന്ന അവനെപോലുള്ളവരുടെ അമ്മമാരല്ലേ ആദ്യം ഇതറിയേണ്ടത്…
കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന എന്റെ കുഞ്ഞിനരികിൽ ആകെ തകർന്ന് ഞാനിരിക്കുമ്പോൾ കണ്ടു…കൊടുങ്കാറ്റുപോലെ ഗീതേച്ചി വാർഡിനു പുറത്തേക്ക് പോകുന്നത്…
കണ്ണനെ കയ്യിലെടുത്തതും ഞാൻ പൊട്ടിക്കരഞ്ഞു പോയി…എന്റെ കയ്യിന്റെ ചൂടറിഞ്ഞു ഞെട്ടിയുണർന്ന കുഞ്ഞും കൂടെക്കരഞ്ഞു നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു……
പാലു കൊടുക്കാൻ നോക്കിയ എന്റെ നെഞ്ചിൽ…സങ്കടം പറയാനറിയാതെ കുഞ്ഞികൈ കൊണ്ട് തല്ലി അവന്റെ പരാതി തീരുവോളം…
കണ്ണീരൊലിക്കുന്ന മുഖവുമായി ഞാൻ കാത്തിരുന്നു പരാതി പറഞ്ഞു തീർന്നെന്റെ കുഞ്ഞിന്റെ വയറു നിറയ്ക്കാനായി…..
ഡിസ്ചാർജ് വാങ്ങി തനിയെ മോനെയും കൊണ്ട് ഞാൻ വീടെത്തുമ്പോൾ ഗീതേച്ചി ഓടിവന്നെന്റെ കാൽക്കൽ വീണു…
“മോളെ മാപ്പ്…അമ്മയായി പോയില്ലേ…കൊ ല്ലാനെന്റെ മനസ്സനുവദിക്കുന്നില്ല…ഞാനവന്റെ രണ്ടു കൈകളും വെട്ടി മാറ്റി…ഇനിയവന്റെ കൈ ഒരു കുഞ്ഞിന് നേരെയും ഉ ദ്ധരിച്ച ലിം ഗവുമായി ചെല്ലില്ല ഇതൊരമ്മയുടെ വാക്കാണ്….”
മോനെ മാറോടടുക്കി അവരുടെ ഫ്ലാറ്റിലേക്ക് എത്തി നോക്കിയ ഞാൻ കണ്ടു..രക്തത്തിൽ കുളിച്ചു കിടക്കുന്ന അവരുടെ ഏകമകനെയും ആസുരഭാവത്തോടെ അവനെയും നോക്കി നിൽക്കുന്ന അവന്റെ അമ്മയെയും….
~ലിസ് ലോന (30.08.2018)