എന്റെ മോൻ വിഷമിക്കാതെ പോയിട്ട് വാ..ഈശ്വരൻ നമ്മുടെ ബുദ്ധിമുട്ട് എല്ലാം കാണുന്നുണ്ട്. അവർ അവനെ ആശ്വസിപ്പിച്ചു.

വൈകി വന്ന വസന്തം…

എഴുത്ത്: അനില്‍ മാത്യു

==============

അമ്മേ ഞാൻ പോയിട്ട് വരട്ടെ..

പറഞ്ഞ് കൊണ്ട് ബാഗും ഫയലുകളും എടുത്ത് അരുൺ പൂമുഖത്തേക്ക് വന്നു.

അച്ഛൻ ഉണർന്നോ അമ്മേ?

ഇന്ന് നേരത്തെ ഉണർന്നു. നീ ഇന്റർവ്യൂവിന് പോകുന്നെന്ന് മനസ്സിലായി. ചെന്ന് കണ്ടിട്ട് പോ..അവർ പറഞ്ഞു.

അരുൺ മെല്ലെ മുറിയിലേക്ക് കയറി.

കട്ടിലിൽ മുകളിലേക്ക് കണ്ണും നട്ട് കിടക്കുകയാണ് രവി. ഒമ്പത് വർഷമായി ഒരേ കിടപ്പാണ്. ശരീരം മുഴുവനായും തളർന്നു. വീട് പണയം വച്ച് വരെ ചികിത്സ നടത്തി. ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്ന് ഡോക്ടർമാരും വിധിയെഴുതി.

അരുൺ അച്ഛന്റെ അടുത്തെത്തി..അച്ഛാ ഇന്നൊരു ഇന്റർവ്യൂ ഉണ്ട്. ഞാൻ പോയിട്ട് വരാം. പറഞ്ഞ് കൊണ്ട് അവൻ അയാളുടെ കാലിൽ തൊട്ട് തൊഴുതു. രവിയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി. അത് കണ്ട അരുണിന് നിയന്ത്രണം വിട്ടു..അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് വെളിയിലേക്ക് ഇറങ്ങി.

എല്ലാം കണ്ട് കൊണ്ട് ദേവകി വെളിയിൽ നിൽപുണ്ടായിരുന്നു. അവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..

എന്റെ മോൻ വിഷമിക്കാതെ പോയിട്ട് വാ..ഈശ്വരൻ നമ്മുടെ ബുദ്ധിമുട്ട് എല്ലാം കാണുന്നുണ്ട്. അവർ അവനെ ആശ്വസിപ്പിച്ചു.

കണ്ണുകൾ തുടച്ച് കൊണ്ട് അരുൺ നടന്നു.

ന്റെ ഗുരുവായൂരപ്പാ..ഈ ജോലിയെങ്കിലും അവന് കിട്ടണേ..ദേവകി നെഞ്ചിൽ കൈ വച്ച് പ്രാർത്ഥിച്ചു കൊണ്ട് മുറിക്കുള്ളിലേക്ക് പോയി.

മൈക്കാട് പണിക്കാരനായിരുന്നു രവി. രവിയ്ക്കും ഭാര്യ ദേവകിയ്ക്കും ആണായിട്ടും പെണ്ണായിട്ടും ഒറ്റ മോനാണ് അരുൺ. കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വീട്ട് കാര്യങ്ങളും മകന്റെ പഠിപ്പും കൃത്യമായി നടന്നു. അല്ലലില്ലാതെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് വിധി അവരോട് ക്രൂരത കാണിച്ചത്.

കാലിന് ചെറിയ പെരുപ്പും വേദനയും തുടങ്ങിയിട്ട് കുറച്ചു ദിവസം ആയെന്ന് രവി ഭാര്യയോട് പറയാറുണ്ടായിരുന്നു. വൈകുന്നേരം പണി കഴിഞ്ഞു വരുമ്പോൾ അവർ കുറച്ച് തൈലം പുരട്ടി ചൂട് വക്കും..പിറ്റേന്ന് കാലത്ത് വീണ്ടും പണിക്ക് പോകും..അങ്ങനെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന സമയത്താണ് രവിയുടെ കൂടെ പണിഞ്ഞു കൊണ്ടിരുന്ന ഒരാളുടെ ഫോൺ അരുണിന് വരുന്നത്.

അച്ഛൻ തളർന്നു വീണെന്നറിഞ്ഞ അവൻ പണി നടക്കുന്ന സ്ഥലത്തേക്കൊടി. അപ്പോഴേക്കും ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. അരയ്ക്ക് താഴോട്ട് തളർന്നു, കുറേക്കൂടി മെച്ചപ്പെട്ട ഹോസ്പിറ്റലിൽ ചികിത്സിച്ചാൽ ചിലപ്പോൾ ശരിയാവും എന്ന് ഡോക്ടറുടെ വാക്കുകൾക്ക് മുന്നിൽ ആ അമ്മയ്ക്കും മകനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വീടിന്റെ ആധാരം പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ എടുത്തു. വേറൊരു ഹോസ്പിറ്റലിൽ കൊണ്ട് പോയി കാണിച്ചെങ്കിലും കാശ് ചിലവായതല്ലാതെ പ്രയോജനം ഒന്നുമുണ്ടായില്ല.

പിന്നീട് ശരീരം മുഴുവൻ തളർന്നു. അതോട് കൂടി ആ കുടുംബം തീർത്തും ബുദ്ധിമുട്ടിലേക്ക് നീങ്ങി. ബാങ്കിൽ നിന്ന് തിരിച്ചടവിനുള്ള നോട്ടീസ് കൃത്യമായി വന്നു കൊണ്ടിരുന്നു. അരുൺ ഡിഗ്രി പൂർത്തിയാക്കിയിരുന്നു ആ സമയം. നല്ല മാർക്കോട് കൂടി പാസ്സാവുകയും ചെയ്തു. അന്ന് മുതൽ ഒരു ജോലിക്ക് ശ്രമിക്കുകയാണ്. പല ഇന്റർവ്യൂവിന് പോയിട്ടും എന്തോ ഭാഗ്യക്കേട് കൊണ്ട് ജോലി കിട്ടിയില്ല. ഉള്ള സമയങ്ങളിൽ കൂലിപ്പണിക്ക് പോയും രാവിലെ പത്രം ഇടാൻ പോയും കിട്ടുന്ന പൈസ കൊണ്ട് വീട്ട് ചിലവും നടത്തി ബാങ്കിലെ പലിശയും ഒക്കെ അടഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഇന്ന് അരുണിന്റെ ആറാമത്തെ ഇന്റർവ്യൂ ആണ്. നല്ല കമ്പനി ആണ്, ശമ്പളവും മോശമല്ല. ഈ ജോലി കിട്ടിയാൽ നഷ്ടപ്പെട്ട തങ്ങളുടെ ജീവിതം തിരിച്ചെടുക്കാമെന്ന് അരുണിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു.

വെയ്റ്റിംഗ് ഷെഡിൽ ബസ് കാത്ത് നിൽക്കുകയാണ് അരുൺ. നല്ല തിരക്കാണ് റോഡിൽ. വണ്ടികൾ ചീറിപ്പായുന്നു. പെട്ടന്നാണ് തന്റെ മുന്നിൽക്കൂടി ഒരു കാർ അസാധാരണ വേഗത്തിൽ പാഞ്ഞു പോയത്. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ആ കാർ റോഡ് സൈഡിലെ ഒരു മരത്തിൽ ഇടിച്ച് നിന്നു.

കാൽ നടക്കാർ അധികം ഇല്ലാഞ്ഞത് കൊണ്ട് ആരും ആ അപകടം പെട്ടന്ന് ശ്രദ്ധിച്ചില്ല.

ഇത് കണ്ട് നിന്ന അരുൺ പെട്ടന്ന് ഓടി കാറിന്റ അരികിലെത്തി. മരത്തിൽ ഇടിച്ച വണ്ടി ബോണറ്റും തകർത്ത് അകത്തേക്ക് കയറിയിരിക്കയാണ്. ഡ്രൈവിങ് സീറ്റിലെ ആള് സ്റ്റീയറിങ്ങിൽ മുഖമമർത്തി കിടക്കുകയാണ്. അരുൺ പെട്ടന്ന് മുന്നോട്ട് ചെന്ന് ഡോർ വലിച്ചു തുറന്നു. ഇടിയുടെ ശക്തിയാൽ ഡോർ തുറക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അപ്പോഴേക്കും ആളുകൾ കൂടി. എങ്ങനെയോ അകത്തു നിന്ന് അയാളെ വലിച്ചു പുറത്തു ഇറക്കി.

ജീവനുണ്ട്, ആരെങ്കിലും ഒന്ന് പിടിക്കൂ..ഇയാളെ ഹോസ്പിറ്റലിൽ എത്തിക്കാം പെട്ടന്ന്..അരുൺ പറഞ്ഞു.

പക്ഷേ, ആരും മുന്നോട്ട് വരാതെ അവരവരുടെ വണ്ടിയും എടുത്ത് പൊയ്ക്കൊണ്ടിരുന്നു.

അരുൺ പെട്ടന്ന് ചാടിയെഴുന്നേറ്റ് റോഡിലേക്കിറങ്ങി. വരുന്ന ഓരോ വണ്ടിക്കും കൈ കാണിച്ചു. ഒരു വണ്ടി നിർത്തി..അവൻ ഡ്രൈവറോട് കാര്യം പറഞ്ഞു. അയാളും അരുണും കൂടി അയാളെ താങ്ങിയെടുത്തു വണ്ടിയിൽ കിടത്തി.

ആ വണ്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.

അത്യാഹിത വിഭാഗത്തിന് മുന്നിൽ ആ വണ്ടി ബ്രേക്ക്‌ ചെയ്തു..അപ്പോഴേക്കും സ്‌ട്രെച്ചെറുമായി അറ്റെൻഡർമാർ ഓടിയെത്തി..ഡോക്ടറുടെ നിർദേശപ്രകാരം ഓപ്പറേഷൻ അയാളെ തിയേറ്ററിലേക്ക് മാറ്റി.

റിസപ്ഷനിൽ വിവരം പറഞ്ഞ് പേരും അഡ്രസ്സും കൊടുത്തിട്ട് അരുൺ ഓപ്പറേഷൻ തിയേറ്ററിന്റെ മുന്നിലുള്ള ചെയറിൽ ഇരുന്നു.

പെട്ടന്നാണ് അവന് സ്ഥലകാല ബോധം ഉണ്ടായത്..തന്റെ ഇന്റർവ്യൂ…അവൻ വാച്ചിലേക്ക് നോക്കി. സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു. തുണിയിലും മറ്റും ചോ ര..ഈശ്വരാ..അവന്റെ കണ്ണുകൾ നിറഞ്ഞു. എല്ലാ സ്വപ്നങ്ങളും അസ്തമിക്കുകയാണോ…?സർട്ടിഫിക്കറ്റ് ആ അപകടം നടന്ന സ്ഥലത്ത് പോയി..ആരുടെയെങ്കിലും കയ്യിൽ കിട്ടിയാൽ തിരിച്ചു തരുമോ..ചിന്തകൾ അവനെ ഭ്രാ ന്ത് പിടിപ്പിച്ചു.

ഏകദേശം മൂന്ന് നാല് മണിക്കൂർ കഴിഞ്ഞ് കാണും ഡോക്ടർ വെളിയിൽ വന്നു.

ആരാ ആളുടെ കൂടെ വന്നത്?

ഞാനാണ്..അരുൺ എഴുന്നേറ്റു.

താങ്കളുടെ ആരാണ് അത്? ഡോക്ടർ ചോദിച്ചു.

അരുൺ നടന്ന സംഭവം എല്ലാം പറഞ്ഞു.

തക്ക സമയത്ത് കൊണ്ട് വന്നത് കൊണ്ട് ജീവൻ രക്ഷിക്കാൻ പറ്റി. വെൽഡൺ അരുൺ. ഡോക്ടർ അരുണിന്റെ ചുമലിൽ തട്ടി അഭിനന്ദിച്ചു.

അപ്പോഴേക്ക് ആരൊക്കെയോ അവിടേക്ക് വന്നു. കൂട്ടത്തിൽ ഒരു സ്ത്രീയും. അപകടം പറ്റിയ ആളുടെ ഭാര്യയാണെന്ന് തോന്നുന്നു…കരഞ്ഞു കൊണ്ട് അവർ തിയേറ്ററിന് മുന്നിലേക്ക് വന്നു.

പേടിക്കാനൊന്നും ഇല്ലന്നാ ഡോക്ടർ പറഞ്ഞത്..അരുൺ ശബ്ദം താഴ്ത്തി പറഞ്ഞു.

താങ്കളാണോ അച്ചായനെ കൊണ്ട് വന്നത്..? കൂട്ടത്തിൽ വന്ന ഒരാൾ ചോദിച്ചു.

അതേ..അരുൺ മറുപടി നൽകി.

താങ്കളുടെ ആണോ ഈ സർട്ടിഫിക്കറ്റ്? അയാൾ കയ്യിലിരുന്ന കവർ അരുണിന് നേരെ നീട്ടി. ഞങ്ങൾ ആക്‌സിഡന്റ് നടന്ന സ്ഥലത്ത് പോയിരുന്നു. അവിടെ വെളിയിൽ ഇത് കിടക്കുന്നത് കണ്ടു. തീർച്ചയായും ഇത് അച്ചായനെ ഹോസ്പിറ്റലിൽ കൊണ്ട് പോയ ആളുടെയാവും എന്ന് കരുതി ഇങ്ങോട്ട് പോന്നപ്പോൾ കൊണ്ട് വന്നതാണ്.

അപ്പോഴാണ് അവന് ആശ്വാസം ആയത്. വളരെ നന്ദി..അവൻ പറഞ്ഞു.

നന്ദി ഞങ്ങളല്ലേ പറയേണ്ടത്? എങ്ങനെ പറയണമെന്ന് അറിയില്ല..അയാൾ അരുണിന്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

ഏയ്‌ അതൊക്കെ ഒരു മനുഷ്യന്റെ കടമയല്ലേ? എന്നാൽ ഞാൻ പൊക്കോട്ടെ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. അരുൺ പറഞ്ഞു. എന്നിട്ട് അവിടെ നിന്നും ഇറങ്ങി.

തിരിച്ചു വീട്ടിൽ വരുമ്പോൾ ദേവകി ഉമ്മറത്തുണ്ട്.

ദേഹം മുഴുവനും ചോ ര ഉണങ്ങിപ്പിടിച്ചു കയറി വരുന്ന അരുണിനെ കണ്ട് അവർ ഞെട്ടി.

എന്താ? എന്ത് പറ്റി മോനേ…? അവർ ചോദിച്ചു.

അരുൺ നടന്ന കാര്യമെല്ലാം ദേവകിയോട് പറഞ്ഞു.

ആ, സാരമില്ല..ആ ജോലിയല്ലെങ്കിൽ വേറെ ജോലി ന്റെ മോന് കിട്ടും..നിന്റെ മനസ്സ് നല്ലതാണ്..ഈശ്വരൻ ഒരിക്കലും കൈ വിടില്ല. അവർ മകനെ സമാധാനിപ്പിച്ചു.

രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അരുണിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. അവൻ ഫോണെടുത്തു.

ഹലോ അരുണല്ലേ? മറുതലയ്ക്കൽ നിന്ന് ചോദ്യം.

അതേ, താങ്കളാരാണ്?

ഞാൻ ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത്? ഒന്നിവിടം വരെ വരാമോ?

ശരി വരാം..അരുൺ ഫോൺ കട്ട്‌ ചെയ്തു.

ഒരു മണിക്കൂറിനുള്ളിൽ അരുൺ ഹോസ്പിറ്റലിൽ എത്തി. അവനെ കാത്ത് അന്ന് അവന്റെ സർട്ടിഫിക്കറ്റ് കൊടുത്തയാൾ ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെയുണ്ടായിരുന്നു.

അച്ചായനെ റൂമിലേക്ക് മാറ്റി. റൂം തനിക്ക് അറിയില്ലല്ലോ..അത് കൊണ്ടാണ് ഞാനിവിടെ കാത്ത് നിന്നത്. വരൂ..അയാൾ പറഞ്ഞു.

റൂമിലെത്തിയപ്പോൾ അവിടെ കുറേ വിസിറ്റേഴ്സ് ഉണ്ടായിരുന്നു. എല്ലാവരും വില കൂടിയ ഡ്രെസ്സും സ്വർണ്ണാഭരണങ്ങളും ധരിച്ചവരായിരുന്നു. ഇയാൾ ഏതോ വലിയ കാശ്കാരനാണെന്ന് അരുണിന് മനസ്സിലായി.

അരുണിനെ കണ്ടപ്പോൾ എല്ലാവരും നന്ദി പറഞ്ഞു. പിന്നീട് ഓരോരുത്തരായി വെളിയിലേക്ക് ഇറങ്ങി.

അരുണും അയാളും മാത്രമേ ഉളളൂ റൂമിൽ.

അരുൺ..അല്ലെ?അയാൾ ചോദിച്ചു.

അതെ..

എന്റെ പേര് ജോർജ്കുട്ടി..ബിസിനസ്‌ ആണ്.

ഉം..അരുൺ മൂളി.

എനിക്കൊരു പുതുജീവൻ തന്നത് താനാണെടോ. ഡോക്ടർ പറഞ്ഞു പത്തു മിനിറ്റ് കൂടി കഴിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ തട്ടി പോയേനെ എന്ന്..അയാൾ മെല്ലെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..ആട്ടെ താൻ എന്ത് ചെയ്യുന്നു?

അരുൺ തന്റെ കുടുംബത്തേക്കുറിച്ചും മറ്റും അയാളോട് പറഞ്ഞു. അവസാനത്തെ പ്രതീക്ഷ ആയിരുന്നു സർ അന്നത്തെ ഇന്റർവ്യൂ…അത് പറഞ്ഞു നിർത്തുമ്പോൾ അരുണിന്റെ ശബ്ദം മുറിഞ്ഞു.

എവിടെ ആയിരുന്നു ഇന്റർവ്യൂ?

ജി ആൻഡ് ജി ഇന്റർനാഷണൽ…അവൻ മറുപടി പറഞ്ഞു.

താൻ വിഷമിക്കാതെടോ, ദൈവം തനിക്ക് വേണ്ടി എന്തെങ്കിലും കരുതിയിട്ടുണ്ടാവും…തനിക്ക് നല്ലൊരു ജോലി കിട്ടും. അയാൾ പറഞ്ഞു.

കുറച്ചു നേരം കൂടി അവൻ അവിടെ ഇരുന്നിട്ട് പോകാൻ എഴുന്നേറ്റു. സർ എന്നാൽ ഞാൻ പൊക്കോട്ടെ?

ഒരു മിനിറ്റ് അരുൺ…അയാൾ ബെഡിന്റ അടിയിൽ നിന്ന് ഒരു ചെക്ക് ലീഫ് എടുത്ത് അരുണിന് നേരെ നീട്ടി.

എന്താ സർ ഇത്? അവൻ അത് വാങ്ങാതെ ചോദിച്ചു.

ഇഷ്ടമുള്ളത് എഴുതിയെടുത്തോളൂ..എന്റെ ജീവന്റെ വില..അയാൾ പറഞ്ഞു.

അരുണിന്റെ മുഖം വല്ലാണ്ടായി.

ഒരു മനുഷ്യ ജീവനാണ് ഞാൻ രക്ഷിച്ചത്, അതിന് എന്ത് വിലയിടാനാണ്? എനിക്ക് വേണ്ട സർ. എനിക്കിന്ന് ആവശ്യം ഒരു ജോലിയാണ്. അത് കണ്ടെത്തണം എനിക്ക്. അതിന്റെ വരുമാനം കൊണ്ട് ഞാൻ എന്റെ കുടുംബം നോക്കിക്കോളാം സാർ.അവൻ പറഞ്ഞു.

അയാൾ എത്ര നിർബന്ധിച്ചിട്ടും അവനത് വാങ്ങാൻ കൂട്ടാക്കിയില്ല.

അവിടെ നിന്ന് ഇറങ്ങുമ്പോൾ അരുണിന്റെ മനസ്സിൽ മുന്നോട്ടുള്ള ജീവിതത്തേക്കുറിച്ചുള്ള ചിന്തയായിരുന്നു.

മൂന്ന് മാസം കടന്ന് പോയി.

കടയിൽ നിന്ന് വീട്ട് സാധനങ്ങൾ വാങ്ങി വരുന്ന വഴിയാണ്.

പോസ്റ്റ്‌മാന്റെ സൈക്കിൾ ബെൽ കേട്ട് അരുൺ തിരിഞ്ഞു നോക്കി.

ആ ഞാൻ വീട്ടിലോട്ട് വരുവായിരുന്നു. ഒരു രജിസ്റ്റേർഡ് ഉണ്ട്. പോസ്റ്റ്‌ മാൻ പറഞ്ഞത് കേട്ട് അരുൺ നിന്നു.

ഒപ്പിട്ട് കൊടുത്തിട്ട് അരുൺ കത്ത് വാങ്ങി പൊട്ടിച്ചു.

അന്ന് മുടങ്ങിപ്പോയ ഇന്റർവ്യൂവിന് വീണ്ടും വിളിച്ചിരിക്കുന്നു. അവന് അത്ഭുതമായി.

പോകേണ്ട ദിവസം ആയി, അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് കൃത്യം ഒമ്പത് മണിക്ക് തന്നെ അവൻ ആ കമ്പനിയിൽ എത്തി.

മറ്റ് ആരെയും കാണുന്നില്ല, ഇനി ഇന്ന് തന്നെയാണോ? അവൻ സംശയത്തോടെ ലെറ്ററിലെ ഡേറ്റ് നോക്കി.

അതെ ഇന്ന് തന്നെ ആണല്ലോ.

ചേട്ടാ ഇന്നിവിടെ ഇന്റർവ്യൂ നടക്കുന്നുണ്ടോ? അവിടെ കണ്ട ഒരാളോട് ചോദിച്ചു.

എന്നാൽ ഇന്ന് ഇന്റർവ്യൂ ഉള്ള കാര്യം അയാൾക്ക് അറിയില്ല. ലെറ്റർ കിട്ടിയിട്ട് വന്നതാണെന്ന് പറഞ്ഞപ്പോൾ അയാൾ ഇരിക്കാൻ പറഞ്ഞു.

ഞാൻ എം ഡി യോട് ചോദിച്ചിട്ട് വരാം.. അയാൾ ഓഫീസിനുള്ളിലേക്ക് പോയി.

അല്പം കഴിഞ്ഞപ്പോൾ അയാൾ ഇറങ്ങി വന്നു.

എം ഡി അകത്തുണ്ട്..ചെന്നോളൂ..

അരുൺ മെല്ലെ എഴുന്നേറ്റ് ഓഫീസിനുള്ളിലൂടെ നടന്ന് എം ഡി യുടെ ക്യാബിന്റെ മുന്നിലെത്തി.

മേ ഐ കം ഇൻ സർ..

യെസ് കം ഇൻ..അകത്തു നിന്ന് ശബ്ദം കേട്ടു.

അരുൺ മെല്ലെ വാതിൽ തുറന്ന് അകത്തേക്ക് കയറി.

അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ അന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയ ജോർജ്കുട്ടി എന്ന അച്ചായൻ.

എന്താ അരുൺ അന്തിച്ചു നിൽക്കുന്നത്? വരൂ ഇരിക്ക്..ജോർജ് കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

അരുൺ കസേരയിൽ ഇരുന്നു.

എന്താ സർ ഇതൊക്കെ? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

അന്ന് തന്നെ ഹോസ്പിറ്റലിൽ വിളിപ്പിച്ചു തന്നോട് സംസാരിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി താൻ ഇവിടേക്കുള്ള ഇന്റർവ്യൂവിനാണ് അന്ന് വരാൻ തയ്യാറായത് എന്ന്. അതേടോ ആ ഇന്റർവ്യൂ നടത്താൻ വേണ്ടിയാണ് അന്ന് ഞാനും രാവിലെ ഇറങ്ങിയത്..ആ കാർ എങ്ങനെ ആക്‌സിഡന്റ് ആയി എന്ന് എനിക്കിപ്പോഴും അറിയില്ല. ആ അത് പോട്ടെ…അതൊന്നും ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

സർ, സർട്ടിഫിക്കറ്റ്…അവൻ എഴുന്നേറ്റ് സർട്ടിഫിക്കറ്റ് അയാളുടെ നേരെ നീട്ടി.

തന്റെ സർട്ടിഫിക്കറ്റ് എല്ലാം നോക്കിയതാടോ..എല്ലാം പെർഫെക്ട് ആണ്.

ങേ എപ്പോ? അവൻ ചോദിച്ചു.

അന്ന് തന്റെ സർട്ടിഫിക്കറ്റ് കൊണ്ട് തന്നില്ലേ? അത് എന്റെ അനിയൻ ആണ്..എന്റെ പാർട്ണർ. അവൻ അതെല്ലാം അന്നേ ചെക്ക് ചെയ്തിട്ട് എന്നോട് പറഞ്ഞിരുന്നു. പിന്നെ ഹോസ്പിറ്റലിൽ വച്ചു തന്നോട് ജോലിയുടെ കാര്യം പറയാഞ്ഞത് തനിക്കൊരു സർപ്രൈസ് ആവട്ടെ എന്ന് കരുതിയാണ്. തന്റെ ക്വാളിഫിക്കേഷനേക്കാളും ഞാൻ ഇഷ്ടപ്പെട്ടത് തന്റെ സ്വഭാവമാണ്.

അയാൾ ചെയറിൽ നിന്ന് എഴുന്നേറ്റു…

വരൂ..

ക്യാബിൻ തുറന്ന് അയാൾ പുറത്തേക്കിറങ്ങി..പിന്നാലെ അവനും.

പതിനഞ്ചോളം സ്റ്റാഫുകൾ ഉണ്ടവിടെ..എം ഡി വരുന്നത് കണ്ട് എല്ലാവരും എഴുന്നേറ്റു.

ഡിയർസ്, ഒരാളെ പരിചയപ്പെടുത്താനാണ് ഞാൻ വന്നത്…ഇത് അരുൺ. നിങ്ങളുടെ പുതിയ മാനേജർ.

സ്റ്റാഫുകൾ എല്ലാം അരുണിനെ വിഷ് ചെയ്തു.

അരുൺ ഞെട്ടി..മാനേജറോ? ഞാനോ? അക്കൗണ്ട് സെക്ഷനിലേക്കാണല്ലോ താൻ അപ്ലൈ ചെയ്തത്. വിശ്വാസം വരാതെ അരുൺ അയാളുടെ മുഖത്തേക്ക് നോക്കി.

അത് മനസ്സിലാക്കിയിട്ടേന്നോണം അയാൾ അരുണിനെയും വിളിച്ചു കൊണ്ട് വീണ്ടും കാബിനിലേക്ക് കയറി.

എന്താ, അരുൺ വിശ്വാസം വരുന്നില്ലേ? എന്റെ ജീവന്റെ വിലയായി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ എനിക്ക് സമാധാനം ആവില്ലെടോ..

അരുണിന് താൻ സ്വപ്നം കാണുകയാണെന്ന് തോന്നി.

സന്തോഷം ആയില്ലേ? അയാൾ ചോദിച്ചു.

സാർ..എനിക്ക്…ആഹ്ലാദം കൊണ്ട് അരുണിന് വാക്കുകൾ കിട്ടുന്നില്ലായിരുന്നു.

എങ്കിൽ ശരി..ഇന്ന് പോയിട്ട് തിങ്കളാഴ്ച ജോയിൻ ചെയ്തോളൂ..

ശരി സാർ….അരുൺ നന്ദി പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി. എങ്ങനെ എങ്കിലും വീട്ടിൽ ചെന്ന് അമ്മയോടും അച്ഛനോടും പറഞ്ഞാൽ മതിയെന്നായി.

വീട്ടിലേക്ക് ഓടിക്കയറി അമ്മയെ കെട്ടിപ്പിടിച്ച് കാര്യങ്ങൾ പറഞ്ഞു..അമ്മയ്ക്കും വിശ്വാസം വരുന്നില്ല..രണ്ടാളും കൂടി രവിയുടെ അടുക്കൽ ചെന്നു..

ദേ നമ്മുടെ മോന് മാനേജർ ആയി ജോലി കിട്ടിയെന്ന്..അവർ അത് പറയുമ്പോൾ അവരുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു..

രവിയുടെ കൈകളിൽ പിടിച്ചു കൊണ്ട് അരുൺ കട്ടിലിലിൽ അയാളുടെ അടുത്തിരുന്നപ്പോൾ അയാളുടെ കണ്ണുകളിൽ നിന്ന് സന്തോഷത്തിന്റെ കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു…

~Anil Mathew Kadumbisseril