അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ, അവൻ അകത്തേക്ക് കയറി പോയപ്പോൾ ശ്രീദേവിക്ക് നെഞ്ച് തകരുന്നത് പോലെ തോന്നി…

Story written by Saji Thaiparambu

=============

“എന്തിനാമ്മേ..ഈ പ്രായത്തിൽ എന്നെ നാണം കെടുത്താനായിട്ട് ഈ പണിക്ക് പോയത്”

“എന്താ ഉണ്ണിക്കുട്ടാ..അമ്മ എന്ത് ചെയ്തെന്നാ”

“ഒന്നും ചെയ്തില്ലേ? എന്റെ കൂട്ടുകാരെന്നെ കളിയാക്കി കൊല്ലുവാ, നിനക്ക് കല്യാണപ്രായമായപ്പോഴാണോ?നിന്റ മ്മയ്ക്ക് ഗ ർഭം ധരിക്കാൻ തോന്നിയതെന്ന്”

“ങ്ഹേ അതോ?

അപ്രതീക്ഷിതമായി അവന്റെ വായിൽ നിന്നും ആ ചോദ്യമുയർന്നപ്പോഴാണ്, താൻ ഗർഭിണിയയിരിക്കുന്നത് അനവസരത്തിലായി പോയി എന്ന് ശ്രീദേവിക്ക് തോന്നിയത്.

അവന്റെ പൊട്ടിത്തെറിക്ക് ന്യായമുണ്ട്, കാരണം രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണവൻ .

“ഛെ! ,അച്ഛനെങ്കിലും എന്നെക്കുറിച്ച് ഓർക്കാമായിരുന്നില്ലേ ? എനിക്ക് വയ്യ, ഇനി ആ കോളേജിലേക്ക് പോകാൻ…എല്ലാം സഹിക്കാം, എന്നെ കാണുമ്പോഴുള്ള പെൺപിള്ളേരുടെ പരിഹാസച്ചിരി കാണുംപോഴാ, ഞാൻ നാളെ മുതൽ കോളേജിൽ പോകുന്നില്ല”

അവൻ തീർത്ത് പറഞ്ഞു .

“അയ്യോ മോനേ…അങ്ങനൊന്നും പറയല്ലേടാ ,അച്ഛൻ നിന്നെ പഠിപ്പിച്ച് ഒരു ഉദ്യോഗസ്ഥനാക്കാൻ വേണ്ടി, എന്തുമാത്രം ബുദ്ധിമുട്ട് സഹിക്കുന്നുണ്ടെന്നറിയാമോ?

“ഇല്ല, അമ്മയിനി എന്ത് പറഞ്ഞാലും ശരി, ഞാൻ പോകില്ല ,ഞാനിനി പോകണമെന്ന് അമ്മയ്ക്ക് നിർബന്ധമാണെങ്കിൽ ഈ ഗർഭമില്ലാതാകണം”

“ഉണ്ണിക്കുട്ടാ..

ശ്രീദേവിയുടെ ശബ്ദം അറിയാതെ ഉയർന്ന് പോയി.

“അപ്പോൾ നിന്റെ തീരുമാനത്തിന് മാറ്റമൊന്നുമില്ല അല്ലേ?

അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ, അവൻ അകത്തേക്ക് കയറി പോയപ്പോൾ ശ്രീദേവിക്ക് നെഞ്ച് തകരുന്നത് പോലെ തോന്നി.

പഠിത്തത്തിൽ മിടുക്കനാണവൻ ,അത് കൊണ്ട് തന്നെ ,അവനിലാണ് ആ ദമ്പതികളുടെ എല്ലാ പ്രതീക്ഷയും, ഈ കാരണം കൊണ്ട് അവന്റെ പഠിപ്പ് മുടങ്ങിയാൽ, അതവർക്ക് താങ്ങാനാവില്ല.

അദ്ദേഹം വന്നിട്ട്, ഇതിന്എന്തെങ്കിലുo പ്രതിവിധി കണ്ടേ പറ്റു, എന്നവൾ തീരുമാനിച്ചു

പിറ്റേന്ന് ഉണ്ണിക്കുട്ടന്റെ മൊബൈലിലേക്ക് അവന്റെ കസിൻ ബ്രദറിന്റെ ഒരു കോള് വന്നു.

“ടാ ഉണ്ണീ.. നീ ഇത് വരെ ഉറക്കമെഴുന്നേറ്റില്ലേ?

“ഇല്ല ബ്രോ, നേരത്തെ എഴുന്നേറ്റിട്ടെന്തിനാ ഞാനെന്തായാലും കോളേജ് പഠിത്തമൊക്കെ നിർത്തി”

“നിനക്കെന്താടാ ഭ്രാന്തായോ ,എടാ നീയെപ്പോഴും പറയാറുണ്ടായിരുന്നല്ലോ, നിനക്ക് ഒരു അനിയനോ അനുജത്തിയോ ഉണ്ടായിരുന്നെങ്കിലെന്ന് ,ഒരു പക്ഷേ ,നിന്റെ ആഗ്രഹപ്രകാരം അവർ അങ്ങനൊരു കൂടെപ്പിറപ്പിനെ നിനക്ക് സമ്മാനിച്ചതാണെങ്കിലോ?

“ഒന്ന് പോടാ..അത് പണ്ടല്ലേ ഞാൻ പറഞ്ഞിട്ടുള്ളത്, എന്ന് വച്ച് അമ്മയ്ക്കും അച്ഛനും നര വീണ് തുടങ്ങിയപ്പോഴാണോ, എനിക്ക് കൂടപ്പിറപ്പ് വേണമെന്ന് അവർക്ക് തോന്നിയത്, ശരി, ഞാനൊന്നു ഫ്രഷാവട്ടെ, നിന്നെ ഞാൻ പിന്നെ വിളിക്കാം”

ഫോൺ കട്ട് ചെയ്ത്, ഉണ്ണിക്കുട്ടൻ പതിവ് ചായ കുടിക്കാനായി അടുക്കളയിലേക്ക് ചെന്നു.

“അമ്മയെന്തേ, അമ്മൂമ്മേ…?

“അവള് ശ്രീനാഥുമായിട്ട് ആശുപത്രിയിലേക്ക് പോയി”

“ങ്ഹേ..അമ്മയ്ക്ക് എന്ത് പറ്റി?

“അവൾക്ക്ഒന്നും പറ്റിയിട്ടില്ല, നിനക്ക് ഒന്നും പറ്റാതിരിക്കാനായി ശ്രീദേവിയുടെ ഗർഭം അലസിപ്പിക്കാനാ അവര് പോയത്”

“ങ്ഹേ എനിക്ക് എന്ത് പറ്റാൻ?

“അതോ ,അവർ കാരണം നിന്റെ പഠിപ്പ് മുടങ്ങിപ്പോകാതിരിക്കാൻ, പത്തിരുപത് വർഷമായി , താഴത്തും തലയിലും വയ്ക്കാതെ കണ്ണിലെണ്ണയൊഴിച്ച് നിന്നെ വളർത്തി വലുതാക്കിയതല്ലേ?, പെട്ടെന്നൊരു ദിവസം ,അതെല്ലാം ഇല്ലാതാകാൻ പോകുന്നു എന്നറിഞ്ഞാൽ അവർക്ക് സഹിക്കുമോ? അപ്രതീക്ഷിതമായി അവർക്കൊരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ, ആ പാവങ്ങൾ മതി മറന്നു പോയി, എന്നത് ശരിയാ, അതിന് അവരെ ,എനിക്ക് കുറ്റപ്പെടുത്താൻ കഴിയില്ല”

“അല്ലേലും അമ്മൂമ്മ അവരുടെ സൈഡല്ലേ പറയൂ”

“അതേടാ, ഞാൻ അവരുടെ സൈഡേ നില്ക്കു, അതിന് കാരണവുമുണ്ട് ,ഇരുപത് കൊല്ലം മുമ്പ്, ശ്രീനാഥിന്റെ അമ്മയുടെ ഉദരത്തിൽ, ഒരു ഭ്രൂ ണമായിരുന്ന നിന്നെ, ശ്രീയ്ക്ക് നാണക്കേടാവുമെന്ന് കരുതി ,ലക്ഷ്മി അബോർട്ട് ചെയ്യാൻ ഒരുങ്ങിയപ്പോൾ ,ശ്രീ യാണതിന് സമതിക്കാതെ, നിന്നെ പ്രസവിക്കണമെന്ന് ലക്ഷ്മിയോട് വാശി പിടിച്ചത് ,പ്രസവത്തോടെ ലക്ഷ്മി മരിച്ചപ്പോൾ നിന്റെ സ്വന്തം അച്ഛനല്ല ,ഈ ഏട്ടനാണ് നിന്റെ അച്ഛൻ സ്ഥാനം സ്വയം ഏറ്റെടുത്തത്, അതിന് ശേഷം അവന്റെ വിവാഹം നടന്നെങ്കിലുo,അനുജനായി പിറന്ന നിന്നെയവർ , മകനായി വളർത്തി, അന്നവൻ ,നീ ചെയ്തത്പോലെ അമ്മയോട് കയർത്ത് സംസാരിച്ചിരുന്നെങ്കിൽ, ശ്രീദേവിയെപ്പോലെ ഒരു പക്ഷേ ലക്ഷ്മിയും അബോർട്ട് ചെയ്ത് നിന്നെ ഇല്ലാതാക്കിയേനെ”

“അപ്പോൾ എന്റെ ചേട്ടനെയും ചേടത്തിലെയുമാണോ? ഞാനിത്ര നാളും അച്ഛനും അമ്മയുമായി കണ്ടത്”

“അതെ, അവർ നിന്നെ സ്വന്തം മകനായി തന്നെയാ വളർത്തിയത്, അവർക്കൊരു കുഞ്ഞുണ്ടായാൽ, ചിലപ്പോൾ നിന്നോടുള്ള സ്നേഹത്തിന് കുറവ് വരുമെന്ന് അവർ ഭയപ്പെട്ടു, അത് കൊണ്ട് തന്നെ, ശ്രീദേവി ഗർഭിണിയാകാതിരിക്കാനുള്ള മുൻകരുതലുകളെല്ലാമെടുത്തു, ഒടുവിൽ, നിനക്ക് ഒരു കൂടെപ്പിറപ്പിന്റെ കുറവുണ്ടെന്ന് നിന്റെ പെരുമാറ്റത്തിൽ നിന്ന് തന്നെ മനസ്സിലാക്കിയ അവർ ,ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ് തുടങ്ങി, പക്ഷേ എന്തിനും ദൈവം കൂടി കനിയണമല്ലോ? ആ അനുഗ്രഹം കിട്ടിയത് ഇപ്പോഴാണെന്ന് മാത്രം, “

“അമ്മുമ്മെ.. ഇതൊന്നും എനിക്കറിയില്ലായിരുന്നു, ഞാനെന്ത് പാപിയാണല്ലേ? എനിക്കവരോട് മാപ്പ് പറയണം”

“ഉം പറഞ്ഞോളു, പക്ഷേ ഒരിക്കലും ഞാനിതെല്ലാം നിന്നോട് പറഞ്ഞെന്ന്, അവരറിയരുത്, അവർക്കത് സഹിക്കാനാവില്ല”

ഇല്ല, അമ്മൂമ്മേ..എനിക്കും അത് താങ്ങാനാവില്ല ,അവർ എന്നും എന്റെ മാതാപിതാക്കളായി തന്നെ ഇരുന്നാൽ മതി”

അവൻ വേഗം പുറത്തിറങ്ങി ,ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആശുപത്രിയിലേക്ക് പാഞ്ഞു.

ആശുപത്രിയിൽ എത്തുമ്പോൾ, ശ്രീനാഥ് അ ബോർഷനുള്ള സമ്മതപത്രത്തിൽ ഒപ്പിടാൻ ഒരുങ്ങുകയായിരുന്നു

ഉണ്ണിക്കുട്ടൻ ഓടിച്ചെന്ന് നഴ്സിന്റെ കയ്യിലിരുന്ന ഫയൽ തട്ടിയെറിഞ്ഞു.

അവൻ അമ്മയെയും അച്ഛനെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.

“എന്നോട് ക്ഷമിക്കു, നിങ്ങളുടെ സ്നേഹം ഞാൻ മനസ്സിലാക്കിയില്ല. എനിക്ക് വേണമമ്മേ ,അമ്മ പ്രസവിക്കുന്ന അനുജനാണെങ്കിലും അനുജത്തിയാണെങ്കിലും, ഞാൻ നോക്കിക്കൊള്ളാം, പൊന്ന് പോലെ”

~സജിമോൻ തൈപറമ്പ് (19.07.2019)