അവർക്കിഷ്ടമായിട്ടില്ലെന്നു അവരുടെ മുഖം കണ്ടാൽ അറിയില്ലേ? പിന്നെ ഞാനെന്തിനാ അവിടെ കെട്ടിയൊരുങ്ങി നിക്കുന്നത്…

കറുമ്പി

എഴുത്ത്: അനില്‍ മാത്യു

==============

ഓട്ടോയിൽ നിന്നിറങ്ങി ഇന്റർവ്യൂ നടക്കുന്ന ഫ്ലോറിലേക്ക് പടി കയറുമ്പോൾ അവൾക്ക് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു.

ഫോൺ റിങ് ചെയ്യുന്നു..അമ്മയാണ്.

ആ അമ്മേ, ഞാൻ ഇവിടെ എത്തി. കഴിഞ്ഞിട്ട് വിളിക്കാം..ഇല്ലമ്മേ പേടിയൊന്നും ഇല്ല. ശരി..

ഫോൺ വച്ചിട്ട് റിസപ്ഷനിൽ പേര് രജിസ്റ്റർ ചെയ്തു.

എന്താ പേര്?

രമ്യ

അവിടെ ഇരുന്നോളൂ..വിളിക്കും.

അവിടെ ഇട്ടിരുന്ന കസേരയിൽ അവളിരുന്നു.

ചിന്തകൾ കുറെ പിന്നോട്ട് പോയി..

***********

രമ്യ…വിളി കേട്ട് എഴുതി കൊണ്ടിരുന്ന അവൾ മുഖമുയർത്തി നോക്കി. ടീച്ചർ ആണ്.

അവൾ എഴുന്നേറ്റു ടീച്ചറിന്റെ അടുത്തേക്ക് ചെന്നു.

ഈ ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നിനക്കാ..ഇനീം നന്നായി പഠിക്കണം ട്ടോ. അത് പറഞ്ഞ് ടീച്ചർ അവളുടെ ചുമലിൽ തട്ടി. അവൾ തല കുലുക്കി..തിരിഞ്ഞു ബഞ്ചിൽ ചെന്നിരുന്നു.

ഈ കറുമ്പി എപ്പോഴും ഫസ്റ്റ് ആണല്ലോ?അടുത്തിരുന്ന കുട്ടികൾ അടക്കം പറയുന്നു.

കറുമ്പി..അന്ന് കിട്ടിയ പേര് ഇന്ന് വരെ പലരിൽ നിന്നും കേൾക്കുന്നു. പക്ഷെ  തനിക്കതിൽ വിഷമം തോന്നിയിട്ടില്ല. വീട്ടിൽ നിന്ന് ഓണത്തിനും മറ്റും ഡ്രെസ് എടുക്കാൻ പോകുമ്പോൾ തനിക്കിഷ്ടപ്പെട്ടത് എടുക്കാൻ തുടങ്ങുമ്പോ ആരെങ്കിലും പറയും നിന്റെ കളറിന് അത് ചേരില്ല. ഒടുവിൽ മറ്റുള്ളവരുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കേണ്ടി വരും.

വർഷങ്ങൾ കടന്ന് പോയി…കല്യാണാലോചന പലതും വന്നു. എല്ലാവർക്കും നിറമുള്ള പെണ്ണിനെ മതി. അമ്മ ഒരു ദിവസം സ്റ്റുഡിയോയിൽ കൊണ്ട് പോയി, ഫോട്ടോ എടുത്തിട്ട് അത് സ്റ്റുഡിയോയിലെ ആളെക്കൊണ്ട് മുഖം കുറെ വെളുപ്പിച്ച പ്രിന്റ് എടുത്തു. അച്ഛൻ കണ്ടപ്പോൾ അമ്മയെ കുറെ വഴക്ക് പറഞ്ഞു. ആ മോളിങ്ങനെ ഇവിടെ നിന്ന് മൂത്ത് നരയ്ക്കട്ടെ, എങ്ങനേലും ആരുടെയെങ്കിലും കൂടെ പറഞ്ഞ് വിടാൻ നോക്കുമ്പോൾ..അമ്മ അച്ഛന് നേരെ കയർത്തു.

ആ ഫോട്ടോ അമ്മ ബ്രോക്കറുടെ കയ്യിൽ കൊടുത്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആരോ ഒരു കൂട്ടർ കാണാൻ വന്നു. ചായയുമായി അവൾ ചെന്നപ്പോൾ  ചെക്കൻ അവളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം തല താഴ്ത്തി. അവൾ കൂടെ വന്നവരെ നോക്കി..എല്ലാവരുടെയും മുഖത്ത് ഒരിഷ്ടക്കേട്‌. അവൾ തിരിഞ്ഞു മുറിയിലേക്ക് നടന്നു.

നീ ഇങ് പോന്നോ? അവിടെ നിൽക്കണ്ടേ? അമ്മ വന്നു ചോദിച്ചു.

അവർക്കിഷ്ടമായിട്ടില്ലെന്നു അവരുടെ മുഖം കണ്ടാൽ അറിയില്ലേ? പിന്നെ ഞാനെന്തിനാ അവിടെ കെട്ടിയൊരുങ്ങി നിക്കുന്നത്?

കള്ളം പറഞ്ഞു ആളുകളെ പറ്റിക്കാൻ തനിക്ക് നന്നായി അറിയാമല്ലോ ബ്രോക്കറെ..ചെക്കന്റെ അച്ഛൻ പുറത്തു നിന്ന് ഉച്ചത്തിൽ പറയുന്നത് കേട്ടു.

ജനലിലൂടെ നോക്കിയപ്പോൾ അവർ പടിയിറങ്ങി പോകുന്ന കണ്ടു.

അവർ പോയ ശേഷം അച്ഛൻ അമ്മയുമായി വീണ്ടും വഴക്കടിച്ചു.

എന്റെ പേരിൽ നിങ്ങൾ ഇനി വഴക്കടിക്കണ്ട. സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയാണ് എനിക്കിപ്പോ ആവശ്യം. നിറത്തിന്റെ പേരിൽ ഒരുപാട് സഹിച്ചു. ഇനി നിങ്ങൾക്കും ഞാൻ ഒരു ഭാരമാകുന്നതിന് മുമ്പ് എനിക്കത് നേടണം…

************

രമ്യാ…

അവളുടെ പേര് വിളിച്ചപ്പോൾ ആണ് ചിന്തയിൽ നിന്നുണർന്നത്.

അകത്തേക്ക് കയറിയപ്പോൾ അവിടെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ട്.

ഇരിക്ക്…

അവൾ ഇരുന്നു.

അവർ സർട്ടിഫിക്കറ്റിനായി കൈ നീട്ടി. അവൾ കൊടുത്തു.

നാല് പേരും സർട്ടിഫിക്കറ്റ് മാറി മാറി നോക്കി.

ഗ്രേറ്റ്‌..ഒരാൾ പറഞ്ഞു.

നോക്ക് രമ്യ, ഈ കമ്പനിയിലെ ജോലിക്ക് ഊർജസ്വലതയും സ്മാർട്ട്‌ ആയതും എഡ്യൂക്കേറ്റഡ് ആയതുമായ ആളുകളെയാണ് ആവശ്യം. അതെല്ലാം രമ്യക്കുണ്ട്.

അവൾക്ക് മനസ്സിൽ സന്തോഷം തോന്നി.

പക്ഷെ…..അവർ ഒന്ന് നിർത്തി.

അറിയാം സാർ, ആ പക്ഷെയുടെ അർത്ഥം. ഞാനത് പ്രതീക്ഷിച്ചിരുന്നു , അത്‌ കൊണ്ട് വിഷമമില്ല. ഓർമ്മവച്ച നാൾ മുതൽ കേട്ട് ശീലിച്ചതാ സർ..അതെന്റെ മനസ്സിനെ ഒരിയ്ക്കലും തളർത്തിയില്ല. ഒരാളുടെ കഴിവും മനസ്സും നോക്കാതെ നിറം നോക്കിയാണ് നിങ്ങൾ ജോലിക്ക് എടുക്കുന്നതെങ്കിൽ ആ ജോലി എനിക്ക് ആവശ്യമില്ല സർ. ബൈ

അവൾ അവിടെ നിന്ന് ഇറങ്ങി.

തിരിച്ചു സ്റ്റെപ് ഇറങ്ങുമ്പോൾ പിറകിൽ നിന്ന് ആരോ വിളിച്ചു.

രമ്യേ…അവൾ തിരിഞ്ഞു നോക്കി.

എം ഡി പറഞ്ഞു തിരിച്ചു ചെല്ലാൻ..അയാൾ പറഞ്ഞു.

അവൾ വീണ്ടും സ്റ്റെപ് കയറി

എന്താടോ, കാര്യം പറഞ്ഞു തീരുമാനം ആകുന്നതിനു മുമ്പ് ഇറങ്ങിപ്പോയോ?

അല്ല സർ നിങ്ങളുടെ ജോലിക്ക് ഞാൻ യോഗ്യ അല്ല, പിന്നെ നിന്നിട്ടെന്തിനാ?

യൂ ആർ സെലെക്ടഡ്..ആ സ്ത്രീ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു.

അറിയാം കുട്ടി, നമ്മുടെ സമൂഹത്തിൽ നിറം ഒരു ശാപമാണ്. കരുത്താണ് അവിടെ കാണിക്കേണ്ടത്. നീ എന്ത് കൊണ്ടും ഈ ജോലിക്ക് യോഗ്യത ഉള്ളവളാണ്. അടുത്തയാഴ്ച ജോയിൻ ചെയ്തോളു..

അവിടെ നിന്ന് നന്ദി പറഞ്ഞിറങ്ങുമ്പോൾ തൊലിയുടെ നിറമല്ല മനസ്സിന്റെ കരുത്താണ് വിജയം എന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു…

~Anil Mathew Kadumbisseril