ആരാണെന്നറിയാൻ മോപ് താഴെ വെച്ചോണ്ട് വാതിലിനടുത്തേക്ക് നടക്കാൻ തുടങ്ങിയതും എന്നെ തള്ളി മാറ്റി അങ്ങേര്…

Story written by Ezra Pound

=========

എന്താന്നറിയൂല ഈയിടെയായി അങ്ങേർക്കെന്നെ മുടിഞ്ഞ സംശയാണ്..അങ്ങേരെ കുറ്റം പറയാനും പറ്റൂല..എങ്ങോട്ട് തിരിഞ്ഞാലും അമ്മാതിരി വാർത്തകളല്ലേ..അതിന്റെ എഫക്ടാവും.

ഭർത്താവിനേം മക്കളേം ഉപേക്ഷിച്ചു വീട്ടമ്മ ഒളിച്ചോടി..നവവധു കാമുകന്റെ കൂടെ ഒളിച്ചോടി..തുടങ്ങി ഒളിച്ചോടുന്നത് മുഴുവനും പെണ്ണുങ്ങളാണ്.

ഒളിച്ചോടുന്നത് ആരുടൊപ്പമാ..ഇതുപോലെ കെട്യോളും കുട്യോളും ഒക്കെള്ള ആരെങ്കിലുമാരിക്കൂലേ..എന്നിട്ടും ഇന്നെവരെ ചെറുപ്പക്കാരൻ ഒളിച്ചോടിയെന്നോ മധ്യവയസ്‌കൻ ഒളിച്ചോടിയെന്നൊ ഉള്ള ഒരു വാർത്തേം വായിക്കാനുള്ള ഭാഗ്യണ്ടായിട്ടില്ല..നാട്ടു നടപ്പങ്ങനായിപ്പോയില്ലേ..ആരോടു പറയാൻ.

പറഞ്ഞുവന്നത് അതല്ലാട്ടോ..അങ്ങേരിങ്ങനെ സംശയിക്കാൻ തൊടങ്ങിയാല് കുടുംബത്തില് പ്രശ്നമുണ്ടാവാൻ വേറെന്തെലും വേണോ..പുറമെന്ന് നോക്കുന്നോർക്ക് ഹാ എന്ത് നല്ല കുടുംബം എന്നൊക്കെ തോന്നുമെങ്കിലും അകത്തിങ്ങനെ പുകയൂലെ..പതിയെ പതിയെ എല്ലാരും അറിയേം ചെയ്യും..അതൊക്കെ ആലോചിച്ചപ്പോ തന്നെ തല പെരുത്ത് വന്നു.

ഇപ്പൊ ആക്രിക്കൊക്കെ നല്ല വില കിട്ടുന്ന കാലല്ലേ..ഉച്ചകഴിഞ്ഞു ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് അയയിലുണക്കൻ ഇട്ട തുണികൾ എടുത്തോണ്ടിരിക്കുമ്പോഴാണ് ആക്രിയുണ്ടോ ചേച്ചീന്നും ചോയ്ച്ചോണ്ട് കാണാൻ  കൊള്ളാവുന്ന ഒരു  ചെറുപ്പക്കാരൻ  വീട്ടിലേക്ക്‌ വന്നെ..ഏതോ ചാരിറ്റിയുടെ ഭാഗമാണത്രേ..ആരാടാ നിന്റെ ചേച്ചി ന്നൊക്കെ ചോദിക്കാൻ തോന്നിയെങ്കിലും ചോദിച്ചീല..വെറുതെ അവന്റെ വായിലുള്ളതൂടെ കേക്കണോ…

അങ്ങേര് കിടക്കുവാണെന്ന് തോന്നുന്നു..ഈ സമയത്തങ്ങനൊരു ഉറക്ക് പതിവുള്ളതാ..മഴ നനയണ്ടാന്നു കരുതി  ബെഡ്റൂമിന്റെ ജനാലയോടു ചേർന്നാരുന്ന് ആക്രി സാധനങ്ങളും പ്ലാസ്റ്റിക്കുമൊക്കെ കൂട്ടി  വെക്കാറ്..പഞ്ചായത്തീന്ന് പ്ലാസ്റ്റിക്ക് എടുക്കാൻ വരാറുണ്ടെലും നനഞ്ഞതൊന്നും അവരെടുക്കൂല..നനഞു കണ്ടാൽ നമ്മളെന്തോ വല്യ കുറ്റം ചെയ്ത മാതിരി ഒരു നോട്ടവാ…അത് കാണാൻ കഴീലാന്ന് കരുതിയാ ഒക്കെ നനയാതെ സൂക്ഷിക്കുന്നെ..ഇങ്ങനെ കൂട്ടിയിട്ടാൽ ജനാലയെക്കൂടെ വല്ല പാമ്പും അകത്തേക്ക് കേറുമെടീ ന്നൊക്കെ അങ്ങേരു പറയുമെങ്കിലും നിങ്ങളെക്കാൾ വിഷമുള്ള പാമ്പുകളൊന്നും ഈ ഭൂമി മലയാളത്തിൽ ഉണ്ടാവൂലാന്ന് പറഞ്ഞോണ്ട് വായടപ്പിക്കാറാണ് പതിവ്.

ഇയാളവിടേക്ക് ചെന്ന് തട്ടീം മുട്ടീം ബഹളമുണ്ടാക്കി അങ്ങേരുടെ ഉറക്കം കളയണ്ടാന്ന് കരുതി ആക്രിയുണ്ടോന്നറിയാൻ  ജനാലക്കരികിലേക്ക് പതിയെ ചെന്ന് ഇല്ലെന്ന് കണ്ടപ്പോ പോയിട്ട് പിന്നെ വാ ന്ന് പറഞ്ഞയാളെ തിരിച്ചയച്ചോണ്ട് തുണികൾ തോളത്തിട്ട് ബക്കറ്റിൽ വെള്ളോം നിറച്ചോണ്ട് അകത്തേക്ക് പോവുമ്പോഴുണ്ട് അങ്ങേര് ഭീമൻ രഘുനെ പോലെ ഷർട്ടിടാതെ മസിലും പിടിച്ചോണ്ട് വാതിൽക്കൽ നിക്കുന്നു.

നിപ്പ് മാത്രല്ല ഭീമൻ രഘൂന്റെ മാതിരിയുള്ള നോട്ടവും ഭാവവും..മീശയില്ലെന്നേ ഉള്ളൂ..

ആരോടാടി പോയിട്ട് പിന്നെ വരാൻ പറഞേ..ദൈവമെ ശബ്ദവും ഏതാണ്ടതേ പോലായി. ആക്രിയെടുക്കാൻ വന്നതാണെന്ന് പറഞ്ഞിട്ടൊന്നും അങ്ങേർക്ക് വിശ്വസാവുന്നുമില്ല.

അങ്ങേരുടെ ഇമ്മാതിരി മട്ടും ഭാവവും കാണുമ്പോഴൊക്കെ വല്ല ചിരവയോ അമ്മിക്കല്ലോ എടുത്തോണ്ട് തലക്കിട്ട് രണ്ടെണ്ണം കൊടുക്കാൻ തോന്നാറുണ്ടെങ്കിലും മക്കളുടെ ഭാവിയും നാളെ സോഷ്യൽ മീഡിയകളിൽ വരാനിടയാവുന്ന വാർത്തകളെ പറ്റിയും ഒക്കെ ഓർത്തപ്പോ വേണ്ടെന്ന് വെക്കാറാണ് പതിവ്..വേറൊന്നും കൊണ്ടല്ല ഭർത്താവിനെ കാമുകനോടൊപ്പം ചേർന്ന് ആക്രമിച്ചൂന്നൊക്കെയാവും എരണം കെട്ടവന്മാർ എഴുതി പിടിപ്പിക്ക.

അതോണ്ടന്നെ കേക്കാത്ത മട്ടിൽ അകത്തേക്ക് നടന്ന് തുണികൾ മേശപ്പുറത്തിട്ടോണ്ട് തറ തുടക്കാൻ നേരാണ് പുറത്താരോ കാളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടെ.

ആരാണെന്നറിയാൻ മോപ് താഴെ വെച്ചോണ്ട് വാതിലിനടുത്തേക്ക് നടക്കാൻ തുടങ്ങിയതും എന്നെ തള്ളി മാറ്റി അങ്ങേര് അങ്ങോട്ടേക്ക് ഓടിയെത്തിയതും ഒരുമിച്ചാരുന്നു..സൂക്ഷിക്കണേ മനുഷ്യാന്ന് പറയുമ്പോഴേക്കുംദാണ്ടേ അങ്ങേര് തറയിൽ കിടക്കുന്നു..ഒക്കെ ഒരു സെക്കന്റിനുള്ളിൽ സംഭവിച്ചു കഴിഞ്ഞിരുന്നു.

മുടിഞ്ഞ വെയിറ്റല്ലേ..എഴുന്നേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ എനിക്ക് പൊങ്ങുന്നു..വീഴുന്ന ശബ്ദം കേട്ടാവണം പുറത്തു നിപ്പുണ്ടായിരുന്ന ആള് വാതിൽ തള്ളി തുറന്നോണ്ട് അകത്തേക്ക് കേറി..നേരത്തെ ആക്രിയും ചോദിച്ചോണ്ട് വന്നവൻ..ഈശ്വര ഇയാള് പോയില്ലാരുന്നോ..എന്തായാലും തക്ക സമയത്തയാൾ വന്നത് ഭാഗ്യായി..ഒരു കണക്കിന് അങ്ങേരെ താങ്ങിയെടുത്തോണ്ട് കട്ടില്മ്മേൽ കിടത്തി.

അയല്പക്കത്തെ വീട്ടിലേക്ക് വണ്ടി കേറാത്തോണ്ട് അവിടുന്നു കിട്ടിയ ആക്രി സാധനങ്ങളൊക്കെ വീടിനു മുന്നിൽ വെച്ചോട്ടെന്ന് ചോയ്ക്കാനാരുന്നു അയാള് വന്നേ..ഒന്ന് രണ്ട് വീടുകൾ കൂടി കേറാനുണ്ടത്രേ.

അയാള് പൊയ്ക്കഴിഞ്ഞപ്പോ അങ്ങേരെന്നെ ദൈന്യതയോടെ ഒരു നോട്ടം..ഞാനത് മൈൻഡാക്കാൻ പോയില്ല..വെറുതെ എന്നെ സംശയിച്ചതിനു ദൈവം തന്ന ശിക്ഷയാണ് മനുഷ്യാ..കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനായില്ലേ ന്ന് പറഞ്ഞോണ്ട് പുറത്തേക്കുള്ള വാതിലടക്കാനായി പോവുമ്പോ ഉള്ളത് പറയാലോ ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു സന്തോഷമുണ്ടാരുന്നു.