നിനക്കായ് ~ ഭാഗം 20 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ആശുപത്രിയിൽ കണ്ണൻ കണ്ണുകൾ തുറക്കുന്നുണ്ടോ എന്ന് കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്നതിനിടയിലും ഇന്നലെ കഴിഞ്ഞു പോയ സംഭവങ്ങൾ ഭീതിയോടെ ഓർത്തെടുക്കുകയായിരുന്നു മാളവിക.തൻറെ കണ്മുന്നിൽ വച്ച് ഒരു മിന്നായം പോലെ എന്തൊക്കെ യാണ് സംഭവിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കാൻ പോലും ആകുന്നില്ല ..

പലതും തീരുമാനിച്ച് ഉറപ്പിച്ചാണ് സരോവരത്തിൽ നിന്നും ഇറങ്ങിയത്. കോളേജിലെ കൂട്ടുകാരി ആയിരുന്ന മെറിൻറെ അടുത്തേക്കാണ് യാത്ര. അവളിപ്പോൾ അവളുടെ മമ്മിയുടെ അനിയത്തി സൂസിആൻറിയുടെ കൂടെ വയനാട്ടിലാണ് താമസം. അവിടെയുള്ള ഒരു കോളേജിൽ ബി എഡിന് പഠിക്കുന്നു. ഇത്രയും ദൂരത്തുള്ള മലയോര പ്രദേശത്ത് എന്തായാലും തന്നെ തേടി ആരും വരില്ല. പറ്റാവുന്നത്ര ഉയരത്തിൽ പഠനം പൂർത്തിയാക്കിയിട്ട് നല്ലൊരു ജോലി നേടിയെടുക്കണം. എന്നിട്ട് ഒന്നോരണ്ടോ കുഞ്ഞുങ്ങളെ ദത്തെടുക്കണം.. കൂട്ടത്തിൽ പറ്റാവുന്നത്ര അനാഥ കുഞ്ഞുങ്ങളെ സ്പോൺസർ ചെയ്തു പഠിപ്പിക്കണം. അച്ഛനും അമ്മയും ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് താങ്ങും തണലുമായി അവരുടെ അമ്മയായി കൂടെ കൂടണം .ഒരു കുഞ്ഞിനെ പ്പോലും ഗർഭപാത്രത്തിൽ ചുമക്കാൻ ശേഷിയില്ലാത്ത വൾക്ക് അനേകം കുഞ്ഞുങ്ങളെ ഹൃദയത്തിൽ ചുമക്കാൻ ആകും.പെറ്റമ്മയുടെ സ്നേഹം പകർന്നു കൊടുക്കാൻ അത് അനുഭവിച്ചറിയാത്ത തനിക്കും കഴിയും എന്ന് കാണിച്ചു കൊടുക്കണം…

തനിച്ചുള്ള ദൂരയാത്രയിൽ സ്വർണാഭരണങ്ങൾ കൈവശം വെക്കുന്നത് അപകടമായിരിക്കും എന്ന് തോന്നിയതിനാലാണ് ജ്വല്ലറിയിൽ കയറിയത്. പോരാത്തതിന് കോളേജ് അഡ്മിഷനും ബാക്കി ചിലവുകൾക്കും ഒക്കെയുള്ള പണവും കയ്യിൽ വേണം. ആഭരണങ്ങൾ വിൽക്കാൻ ഒരുങ്ങിയതും അച്ഛൻറെ ഓർമ്മയ്ക്കായി അവ കൈമോശം വരാതെ സൂക്ഷിക്കണമെന്ന് തോന്നി. അന്വേഷിച്ചപ്പോൾ പത്ത് വർഷത്തേക്ക് വരെ പണയത്തിൽ എടുക്കുന്നുണ്ട് എന്നറിഞ്ഞു. ഒന്നും ആലോചിച്ചില്ല കയ്യിലും കാതിലും കിടന്നത് കൂടി ഊരി കൊടുത്തു പണം വാങ്ങിച്ചു . കടയിൽ നിന്നും പുറത്തിറങ്ങാൻ നോക്കിയപ്പോഴാണ് റോഡിൻറെ സൈഡിൽ കിടക്കുന്ന ബുള്ളറ്റ് ശ്രദ്ധിച്ചത്. അതിന് മുകളിൽ ഇരുന്ന് ഫോണിൽ സംസാരിക്കുന്ന കണ്ണേട്ടന കണ്ടതും ജീവൻ പകുതിയും പരലോകം കണ്ടിരുന്നു. ഈ നേരത്ത് കണ്ണേട്ടൻ ഇവിടെ എങ്ങനെ എത്തി?.. എന്നെ കണ്ടാൽ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾക്ക് എന്തെങ്കിലും കള്ളത്തരം പറഞ്ഞ് രക്ഷപ്പെടാം എന്ന് വിചാരിച്ചാൽ കാതിൽ കമ്മല് പോലുമില്ലാത്ത കോലത്തിൽ ബാഗും തൂക്കി വരുന്നത് കണ്ടാൽ എന്തോ പ്രശ്നമുണ്ടെന്ന് ആർക്കും ഊഹിച്ചെടുക്കാവുന്നതേയുള്ളൂ…എന്തോ ഭാഗ്യത്തിന് ആൾ എന്നെ കണ്ടിട്ടില്ല എന്ന് തോന്നുന്നു…പോരാത്തതിന് പുറത്ത് ചാറ്റൽ മഴയും ഉണ്ട്.

“പുറത്ത് നല്ല മഴയാ ചേട്ടാ.. ഞാൻ ഇത്തിരി നേരം കൂടി ഇതിനകത്തു നിന്നോട്ടെ..” കടക്കാരനോട് അനുവാദം ചോദിച്ചു പുറത്തിറങ്ങാതെ അവിടെ തന്നെ നിന്നു. അതേ നിമിഷത്തിൽ തന്നെ കണ്ണേട്ടൻ കൈകൊണ്ട് എന്നെ മാടി വിളിക്കുന്നത് കണ്ടു. കയ്യോടെ പിടിച്ചു എന്നറിഞ്ഞതും മനസ്സ് ശൂന്യമായി..

സിദ്ധുവായിരുന്നു ഗായത്രിയെ സ്നേഹിച്ചിരുന്ന അവളുടെ കാമുകൻ എന്ന് കണ്ണേട്ടനോട് പറയുന്നതിലും ഭേദം എൻറെ മരണം ആയിരുന്നു എന്ന് തോന്നി. കഴിഞ്ഞ കൂടിക്കാഴ്ചയിൽ സിദ്ധുവിൻറെ സ്നേഹത്തിൽ അഹങ്കരിച്ച് കണ്ണേട്ടൻറെ മുന്നിൽ ജയിച്ചു നിന്നത് ഓർത്തതും കൂടെ വേണ്ടെന്ന് വെച്ച് വഴിയിൽ ഉപേക്ഷിച്ച കണ്ണുനീർ പരിഭവങ്ങളില്ലാതെ വീണ്ടും കൂട്ടിനു വന്നു.

ധൈര്യം സംഭരിച്ച് കണ്ണുനീർ തുടച്ച് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും കണ്ണേട്ടൻറെ ബൈക്കിനു പുറകിൽ ഒരു കാറ് അരികു ചേർന്ന് വന്നിടിക്കുന്നത് കണ്ടു. ഒരു നിമിഷാർദ്ധം സ്തംഭിച്ചു നിന്നെങ്കിലും റോഡിലേക്ക് ഓടിച്ചെന്നു. ഇടിച്ചിട്ട് നിർത്താതെ പോയ വണ്ടിയുടെ നമ്പർ പ്ലേറ്റ്ലേക്ക് ആയി നോട്ടം… ഡ്രൈവർ സീറ്റിൽ സിദ്ധു വിനെ കണ്ടതും കയ്യും കാലുമൊക്കെ തളർന്നുപോയി. കണ്ണേട്ടൻ വേദനകൊണ്ട് ഞെരുങ്ങുന്നത് കണ്ടതും തല എടുത്ത് മടിയിൽ വെച്ചു.. വണ്ടി സൈഡിൽ ഒതുക്കി സിദ്ധു ഓടി വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല .. നിയന്ത്രണം വിട്ട് ഇടിച്ചത് കണ്ണേട്ടനെ ആണെന്ന് ചിലപ്പോൾ സിദ്ധു അറിഞ്ഞുകാണില്ല എന്നു തോന്നി.. എങ്കിലും ഞാൻ ഓടിയെത്തിയത് കണ്ടിട്ടുണ്ടല്ലോ?.. എന്നിട്ടുമെന്തേ സഹായിക്കാൻ വരാതിരുന്നത്.. അപകടം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ തന്നെയും കണ്ണേട്ടനേയും ഒരു വണ്ടിയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിലെ ത്തിച്ചു .അപകടത്തിൽപ്പെട്ട മനുഷ്യ ജീവന് എത്ര വിലയുണ്ടെന്ന് ഡോക്ടറായ സിദ്ദുവിന് അറിയാവുന്നത ല്ലേ? എന്നിട്ടും എന്തെ വണ്ടി നിർത്താതെ പോയത്?..

ഇനി ഇടിയുടെ ആഘാതത്തിൽ സിദ്ധുവിനോ വണ്ടിക്കോ വല്ലതും പറ്റി കാണുമോ?.. ഫോണെടുത്ത് വിളിച്ചു നോക്കിയാലോ എന്ന് ആയിരം പ്രാവശ്യം ചിന്തിച്ചു.. എന്നെ തേടി വരരുത് എന്നു പറഞ്ഞിട്ട് വിട്ടു പോന്നതല്ലേ ഞാൻ.. ഇനിയൊരു തിരിച്ചുപോക്ക് എങ്ങനെയാ… ആപത്തിൽ സംരക്ഷിക്കാൻ ഗായുവും അമ്മയും കൂടെ ഉണ്ടല്ലോ.. അന്ന് വിരൽ തുമ്പിൽ കത്തി കൊണ്ടൊരു കുഞ്ഞ് പോറൽ വന്നപ്പോൾ സിദ്ധു കരഞ്ഞു വിളിച്ചത് ഓർമ്മ വന്നു.. അപകടത്തിൽ എങ്ങാനും മുറിവുകൾ പറ്റിയിട്ടുണ്ടെങ്കിൽ വല്ലാതെ വേദനിക്കുന്നുണ്ടാവുമോ?. വേദനക്കിടയിൽ എന്നെക്കുറിച്ച് ഓർക്കുന്നുണ്ടാവുമോ?.. തൻറെ അവസ്ഥയോർത്ത് ദുഃഖവും ഗായത്രിയോട് എന്തെന്നി ല്ലാത്ത അസൂയയും തോന്നി മാളുവിന്.

കണ്ണൻ മയക്കത്തിൽ നിന്നുണർന്ന് കൺപോളകൾ വലിച്ചു തുറക്കാൻ ശ്രമിച്ചതും തലയിൽ ശക്തിയായി വേദനിക്കുന്നത് പോലെ തോന്നി. കൈകാലുകൾ അനക്കാൻ ശ്രമിച്ചതും വേദന ശരീരമാകെ ഉണ്ടെന്നു മനസ്സിലായി. എല്ലായിടത്തും പ്ലാസ്റ്ററിട്ട് കെട്ടിവരിഞ്ഞു വച്ചിരിക്കുന്നു. കാലുകൾക്ക് അടുത്തായി ഒരു കസേരയിൽ മാളു ഇരിക്കുന്നുണ്ട്. ഏതോ ലോകത്തേക്ക് കണ്ണുംനട്ട് ഇരിപ്പാണ് എങ്കിലും അവളുടെ കവിളുകളിൽ കണ്ണുനീരിൻറെ നനവുണ്ട്. ഒരു കൈ കൊണ്ട് മറു കൈ യിൽ പിടിച്ച് ഞെരിക്കുന്നുണ്ട്. സങ്കടവും ഭയവും ഒക്കെ വരുമ്പോൾ ഈ ഇരിപ്പ് അവൾക്ക് പണ്ടേ ഉള്ളതാണ് എന്നോർത്തു.

“മാളൂ…ടീ മാളു…” ഉച്ചത്തിൽ വിളിക്കാൻ ചുണ്ടനക്കുമ്പോൾ തലയ്ക്കകത്ത് വേദനയുടെ സ്ഫോടനം നടക്കുന്നത് പോലെ തോന്നി കണ്ണന്.. ഒടുവിൽ അവൾ തന്നെ കണ്ടെന്നു തോന്നുന്നു.

“കണ്ണേട്ടാ…. കണ്ണ് തുറന്ന് കണ്ടല്ലോ ൻറെ ദേവി..എന്നെ മനസ്സിലാകുന്നുണ്ടോ കണ്ണേട്ടന്…”

“പോടീ .. എനിക്കൊരു കുഴപ്പവുമില്ല .. ഞാൻ നിൻറെ പേരല്ലേ വിളിച്ചത്..നീ കരയാതെ കാര്യം പറയ്.. ഞാൻ എത്ര ദിവസമായി ഇവിടെ കിടക്കുന്നു.. എൻറെ എന്തൊക്കെ അവയവങ്ങള ഡാമേജ് ആയത്..”

“ഒരു ദിവസം കഴിഞ്ഞു..കാലിന് കാര്യമായ ഫ്രാക്ചർ ഉണ്ട്. പിന്നെ തലയ്ക്കും. ആളുകളെ തിരിച്ചറിഞ്ഞു തുടങ്ങിയെങ്കിൽ ..ഓർമ്മയ്ക്ക് കുഴപ്പം ഒന്നും ഇല്ലെങ്കിൽ പേടിക്കേണ്ട എല്ലാം ശരിയാകും എന്ന് ഡോക്ടർ ഉറപ്പ് പറഞ്ഞിരുന്നു. എല്ലാം തിരിച്ചറിയാൻ പറ്റുന്നുണ്ടല്ലോ.. സമാധാനമായി..”

അവളെ അവസാനമായി കണ്ടത് ഓർമ്മവന്നതും അവളുടെ സാമീപ്യം ആശ്വാസത്തിനേക്കാൾ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന് തോന്നി കണ്ണൻ.

“ഒരു ദിവസം കഴിഞ്ഞിട്ടും നീ വീട്ടിൽ പോയില്ലേ.. അതോ സിദ്ധാർത്ഥ് ഉണ്ടോ ഇവിടെ നിൻറെ കൂടെ..?..

അന്നു നീ വലിയ ബാഗും ഒക്കെ എടുത്ത് എന്തിനാ ജ്വല്ലറി യിലേക്ക് പോകുന്നത് കണ്ടത്?.. നീ ഇങ്ങനെ ഒറ്റയ്ക്കാണോ എല്ലായിടത്തും പോണത് ?”

ചോദ്യം പ്രതീക്ഷിച്ചത് ആയിരുന്നെങ്കിലും നേരിൽ കേട്ടതും ഒരു നിമിഷം മാളു പതറിപ്പോയി. പറയാൻ ഒരുക്കി വച്ചിരുന്ന കള്ളങ്ങൾ ഒക്കെ കണ്ണേട്ടൻറെ നോട്ടത്തിനു മുന്നിൽ ആവിയായിപ്പോയി. പണ്ട് കളികൾക്കിടയിൽ തോറ്റിട്ട് കരയുന്നതുപോലെ പൊട്ടിക്കരഞ്ഞുകൊണ്ട് സങ്കടങ്ങൾ എല്ലാം ഒന്നൊന്നായി ഇറക്കി വെച്ചു. ഗായത്രി യെകുറിച്ച് കേട്ടതും കണ്ണേട്ടനും വല്ലാതെ ആകുന്നത് കണ്ടു. പക്ഷേ മാളു വീടുവിട്ടിറങ്ങിയ കാര്യംകേട്ടതും പൊട്ടിത്തെ റിയായിരുന്നു..

“നിനക്കെന്താ മാളു ഭ്രാന്തുണ്ടോ?.. ഭാര്യയെക്കാൾ വലുതാണോ കാമുകി?.. നീ ഇത്ര വിഡ്ഢിയാണോ…

വിവാഹശേഷം നിനക്ക് തന്നെ ഇല്ലേ മാറ്റങ്ങൾ ..നിനക്ക് എല്ലാംകൊണ്ടും എന്നേക്കാൾ വലുത് സിദ്ധാർത്ഥ് അല്ലേ ഇപ്പോൾ.. അതുപോലെതന്നെ ആയിരിക്കില്ലേ അയാൾക്ക് തിരിച്ചും.. വിവാഹം ഒരു കുട്ടിക്കളിയല്ല തോന്നുമ്പോൾ വേണ്ടെന്നുവയ്ക്കാൻ.. കഴിഞ്ഞ തവണ കണ്ടപ്പോൾ നീ എന്നോട് പറഞ്ഞതും അത് തന്നെയായിരുന്നല്ലോ?..എന്നിട്ട് ഇപ്പോൾ സ്വന്തം ജീവിതം വിട്ട് എറിഞ്ഞു വന്നിരിക്കുന്നു…എന്നിട്ട് അവനെ ഓർത്തു കരച്ചിലും. ഇതൊന്നും നേരിൽ കാണുന്ന എനിക്ക് മനസ്സിലാകുന്നില്ല എന്നാണോ നിൻറെ ധാരണ ..”

കണ്ണേട്ടൻറെ കുറ്റപ്പെടുത്തലുകളിൽ ഒരു നിമിഷം തളർന്നു പോയി. പിന്നെ സ്വന്തം പക്ഷം ന്യായീകരിച്ച് തുടങ്ങി.

“എന്തൊക്കെ ന്യായവാദങ്ങൾ നിരത്തിയാലും എൻറെ മനസ്സാക്ഷിയുടെ മുന്നിൽ കണ്ണേട്ടൻ ഇന്നും കുറ്റക്കാരനാണ്.അതുപോലെ തന്നെയാണ്ഗായുവിൻറെ മുന്നിൽ സിദ്ധുവും..ഞാൻ കാരണം അയാൾ തെറ്റുകാരൻ ആവാൻ പാടില്ല..അവർ ആഗ്രഹിച്ചതു പോലെ ഒരുമിച്ചു തന്നെ ജീവിച്ചോട്ടെ.. അധികാരവും അവകാശവും ഒക്കെ പിടിച്ചു വാങ്ങിയിട്ട് എന്തിനാ?.. അയാൾക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ പോലും കഴിയില്ല എനിക്ക് എന്ന് കണ്ണേട്ടന് അറിയാമല്ലോ..
സ്വന്തം അപ്പച്ചി പോലും സ്വീകരിക്കാതിരുന്ന എന്നെ മകളായി സ്നേഹിച്ച ആ അമ്മയുടെ മകൻറെ നന്മ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.. സ്വയം വേദനിച്ചാലും ഞാൻ കാരണം മറ്റുള്ളവരുടെ വേദന കാണാൻ എനിക്കാവില്ല..”

“ശരി ഇങ്ങനെയൊക്കെ ആണ് നിൻറെ മനസ്സിൽ എങ്കിൽ നീ എനിക്ക് കൂട്ടിരിക്കണ്ട.. സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞിട്ടും ഞാൻ ഇപ്പോഴും നിന്നോട് കുറ്റക്കാരൻ ആണല്ലോ?. മനുഷ്യരുടെ ഉള്ളു കാണാൻ വയ്യാത്ത നിന്നോട് ഇനി സംസാരം ഇല്ല. ഈ നിമിഷം എൻറെ കൺ വെട്ടത്തുനിന്നും എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കോ…”
കണ്ണൻ മാളുവിനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

“ഞാൻ പൊയ്ക്കോളാം.. പക്ഷേ ഇപ്പോഴല്ല. ഈ അവസ്ഥയിൽ കണ്ണേട്ടനെ ഉപേക്ഷിച്ചു പോകാൻ എനിക്ക് പറ്റില്ല. ആരോഗ്യം വീണ്ടെടുക്കുന്ന നിമിഷം ഞാൻ പോവുക തന്നെ ചെയ്യും… അല്ല ഇനി എന്നെ പറഞ്ഞയക്കണം എന്ന് നിർബന്ധം ആണെങ്കിൽ ഞാൻ അപ്പച്ചിയെയോ അപ്പുവേട്ടനെയോ വിളിക്കാം ഇവിടെ കൂട്ടിരിക്കാൻ…”

“വേണ്ടാ.. അവരൊന്നും എൻറെ ആരുമല്ല.. ആ വീടുമായി എനിക്കുണ്ടായിരുന്ന ബന്ധം വേണ്ടെന്നു വച്ചതാണ്..
അമ്മാവനോടും മുത്തശ്ശിയോടും കുറ്റങ്ങൾ ഏറ്റു പറയണം എന്ന് തോന്നിയത് കൊണ്ട് വന്നതാണ് ഈ നശിച്ച നാട്ടിലേക്ക്. അന്ന് ഓർക്കാപ്പുറത്ത് നിന്നെ കണ്ടതോടെ കൂടി എല്ലാം പൂർത്തിയായി . ഇനി ഇങ്ങോട്ടേക്ക് ഒരു തിരിച്ചുവരവ് വേണ്ടെന്ന് തോന്നിയപ്പോൾ ആശിച്ച് വാങ്ങിച്ച എൻറെ ബൈക്ക് കൂടെ വേണമെന്ന് തോന്നി പോയി. ഗോപുവിൻറെ കയ്യിൽ പണം കൊടുത്തയച്ച് അവന് വേണ്ടിയാണെന്ന രീതിയിൽ അപ്പുവേട്ടനോട് വിലപറഞ്ഞ് നിർബന്ധപൂർവ്വം വാങ്ങിച്ചതാണ്. ആ ബൈക്കും കൊണ്ട് കൊണ്ട് തിരിച്ചു പോകുമ്പോഴാണ് നീ കയ്യിൽ ഒരു ബാഗും പിടിച്ച് ജ്വല്ലറിയിലേക്ക് കയറി പോകുന്നത് കണ്ടത്. എന്തോ നിന്നോട് മിണ്ടാതെ പോകാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല.. അത് ഇങ്ങനെയൊക്കെ വരാനാകും.

എന്നാലും എൻറെ സംശയം അതല്ല.. അത്രയ്ക്കും അരിക് ചേർത്താണ് ഞാൻ ബൈക്ക് നിർത്തിയത്. എന്നിട്ടും ആ കാറുകാരൻ വന്നിടിച്ചത് എങ്ങനെയാണെന്നാ .. ഇവനൊക്കെ എവിടെ നോക്കിയിട്ട് ആണാവോ വണ്ടി ഓട്ടുന്നത്.. രണ്ടെണ്ണം പൊട്ടിച്ച് പിടിച്ച് അകത്തിടുകയാ വേണ്ടത്… അല്ല അന്വേഷണത്തിന് പോലീസ് ഒന്നും വന്നില്ലേ?. നീ കണ്ടിരുന്നോ ഇടിച്ചിട്ട വണ്ടിയെ….”

കൈയും കാലും ഒക്കെ വിറക്കുന്നത് പോലെ തോന്നി. സിദ്ധുവിൻറെ കൈകൊണ്ടാണ് അപകടം സംഭവിച്ചതെന്ന സത്യം തുറന്നു പറയാൻ കഴിയുന്നില്ല..

“ഇല്ല ..ഞാൻ ധൃതിയിൽ ശ്രദ്ധിച്ചില്ല.. പോലീസുകാര് വന്നപ്പോഴും ഞാൻ അത് തന്നെയാ പറഞ്ഞത്. കണ്ണേട്ടന് ബോധം വന്നു എന്നറിഞ്ഞാൽ അവർ ഇനിയും ചോദ്യം ചെയ്യാൻ വരും..നമുക്ക് കേസും കൂട്ടവും ഒന്നും വേണ്ട കണ്ണേട്ടാ.. എല്ലാം ഭേദമാക്കാൻ മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ട് ഞാൻ..രാവും പകലും ഇവിടെ കൂട്ടിരുന്നോളാം… അപകടം ഉണ്ടായിട്ടും തിരിഞ്ഞു നോക്കാൻ മനസ്സ് കാണിക്കാത്ത അയാളെ അയാളുടെ പാട്ടിനു വിട്ടേക്ക്.. പ്ലീസ്..”

തൻറെ മുഖത്ത് നോക്കാതെ സംസാരിക്കുന്ന മാളു വിൻറെ ശരീരഭാഷ ശ്രദ്ധിക്കുകയായിരുന്നു കണ്ണൻ. അവൾ എന്തൊക്കെയോ തന്നിൽനിന്നും ഒളിപ്പിച്ച് വെക്കുന്നുണ്ട്. കയ്യും കാലും അനക്കാൻ പറ്റുമ്പോൾ ഒറ്റയ്ക്ക് നടക്കാൻ ആകുന്ന നിമിഷം എല്ലാം അന്വേഷിച്ചറിയണം. സിദ്ധാർത്ഥനെ പോയി കണ്ടു മാളുവിനെ അയാളെ തിരിച്ചേല്പിക്കണം.

അയാളെ ഗായത്രി സ്നേഹിക്കുന്നു എന്നറിഞ്ഞതിൻറെ പരിഭ്രമത്തിൽ കാണിച്ചു കൂട്ടുന്നതാണ് ഇതൊക്കെ. സ്നേഹിച്ചിരുന്ന കാലത്ത് എന്നോട് സംസാരിച്ചതിന് എൻറെ പെൺ സുഹൃത്തുക്കളോട് പോലും അടി ഉണ്ടാക്കിയവളാണ് സ്വന്തം ഭർത്താവിനെ കാമുകിക്ക് വിട്ടുകൊടുക്കുന്നത്.. ഈ വാശിയും തീരുമാനവും ഒക്കെ എത്രകാലം കാണും എന്ന് നോക്കാം.. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്ത് ഇവരുടെ ജീവിതത്തിൽ നിന്നും ദൂരേക്ക് പോകാൻ കഴിയണേ എന്നയാൾ പ്രാർത്ഥിച്ചു..

“തലയിലെ മുറിവ് പൂർണമായും ഭേദമായിട്ടുണ്ട്. കാലിൽ കാണുന്ന ഈ ചെറിയ മുടന്ത് ഫിസിയോ തെറാപ്പി വഴി ശരിയാക്കാവുന്നതേ ഉള്ളൂ.. ഞാൻ എനിക്ക് അറിയാവുന്ന ഒരു ഡോക്ടറുടെ ക്ലിനിക്കിലെ നമ്പർ തരാം. അയാളുടെ അടുത്ത് ഏറിയാൽ രണ്ടാഴ്ച അത്രയും മതിയാകും.. അതുവരെ കാലിന് അധികം സ്ട്രെയിൻ കൊടുത്തു നടക്കരുത്.. ഇവിടുന്ന് ഇന്ന് തന്നെ ഡിസ്ചാർജ് ആകാം…:”

ഡോക്ടറുടെ സംസാരം കേട്ടതും എന്തെന്നില്ലാത്ത ആശ്വാസം തോന്നി മാളുവിന്. കണ്ണേട്ടൻ ഡോക്ടറോട് നന്ദിപൂർവം എന്തൊക്കെയോ ചോദിച്ചറിയുന്നുണ്ട്. ഇവിടെ ചികിത്സ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ബില്ല് അടയ്ക്കുന്നതോടു കൂടി തൻറെ കയ്യിലുള്ള പണം പൂർണ്ണമായും തീരും. ഇനിയങ്ങോട്ട് എങ്ങനെ ജീവിക്കും എന്നത് ഒരു സമസ്യയായി തോന്നി.

“മാളു എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്” ബെഡിന്ന് അരികിൽ പരസഹായമില്ലാതെ എഴുന്നേറ്റ് നിന്നുകൊണ്ടാണ് കണ്ണനത് പറഞ്ഞത്. ആ നിൽപ്പ് കണ്ടതു മാളുവിന് നേരിയ ആശ്വാസം തോന്നി.

“ഇനിയങ്ങോട്ടുള്ള ജീവിതത്തിന് നിനക്ക് ഞാൻ രണ്ടു ഓപ്ഷനുകൾ തരാം. ആദ്യത്തേത് നീ സിദ്ധാർത്ഥ്ൻറെ ജീവിതത്തിലേക്ക് തിരിച്ചു പോകണം എന്നതാണ്. നിയമപരമായി നീ അയാളുടെ ഭാര്യയാണ്. അയാളെ ഉപേക്ഷിച്ച് പോന്ന തെറ്റിന് നിന്നോട് മാപ്പ് തന്നു അയാൾ നിന്നെ സ്വീകരിക്കും. ഞാനും എന്നാലാവുന്ന പോലെ നിൻറെ പക്ഷം അയാളെ പറഞ്ഞു മനസ്സിലാക്കി കൊള്ളാം..

അതിന് നിനക്ക് വയ്യ അയാളെ ഗായത്രിക്ക് വിട്ട് കൊടുക്കണം എന്നാണ് ഇപ്പോഴും നിൻറെ തീരുമാനം എങ്കിൽ നീ എൻറെ കൂടെ വരണം. വീണ്ടും പഴയ മാളു ആയിട്ട് ..നമ്മൾ സ്വപ്നം കണ്ട ആ ജീവിതത്തിലേക്ക്..”

മാളുവിനെ സിദ്ധാർത്ഥ്ലേക്ക് തിരിച്ചു വിടാൻ ഇങ്ങനെ പറയുകയല്ലാതെ വേറെ വഴിയില്ല എന്ന് തോന്നി കണ്ണന്. അയാളെ ഓർത്ത് അവൾ ഉള്ളുകൊണ്ട് കരയുന്നത് കഴിഞ്ഞ ഒരു മാസമായി നേരിൽ കാണുന്നു. അവളെ കൊണ്ടത് സമ്മതിപ്പിച്ച് എടുത്തേ പറ്റൂ…

“ഞാൻ നിങ്ങളുടെ മാളു ആയിട്ട് വരാനോ?. ഒരിക്കലുമില്ല.
ഞാൻ എൻറെ ഭർത്താവിനെ ഉപേക്ഷിച്ചിട്ട് പോന്നത് അയാളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ്. ഒരു പെണ്ണിന് വേണ്ടതിലധികം സ്നേഹം ഞാൻ ഈ ചുരുങ്ങിയ കാലം കൊണ്ട് അയാളിൽനിന്നും നേടിക്കഴിഞ്ഞു. എനിക്ക് ജീവിക്കാൻ ആ ഓർമ്മകൾ ധാരാളം മതി. കണ്ണേട്ടൻ എന്നോട് ഇങ്ങനെ ചോദിക്കാൻ പോലും പാടില്ലായിരുന്നു. കണ്ണടനോട് ഒപ്പം ഞാൻ ജീവിച്ചാൽ എനിക്ക് കിട്ടാൻ പോകുന്ന പേര് എന്താണെന്ന് അറിയാമോ?.. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയവൾ.. നാട്ടുകാരെ പേടിച്ചിട്ടല്ല.. സിദ്ധുവിൻറെ മനസ്സിലോ അമ്മയുടെ ഉള്ളിലോ അങ്ങനെയൊരു തോന്നലിൻറെ കണികയെങ്കിലും ഉടലെടുത്താൽ പിന്നെ ഞാൻ എന്തിനു ജീവിക്കണം..
ആ വീട്ടിലെ മീനു ചേച്ചിയുടെ ജീവിതം എന്താകും. എന്നെ പോലൊരു പെണ്ണിനെ കണ്ണേട്ടൻ വീണ്ടും കൂടെ കൂട്ടിയാൽ അപ്പച്ചിയുടെ അവസ്ഥ എന്താകും.കണ്ണേട്ടനേ ഞാൻ പരിചരിച്ചത് പഴയ കളിക്കൂട്ടുകാരിയായ മാളു ആയിട്ടാണ്.. കൂടാതെ ഈ അപകടത്തിൽ എനിക്കും ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്എന്നു തോന്നിയത് കൊണ്ടാണ്.കണ്ണേട്ടനേ ഫിസിയോതെറാപ്പി സെൻററിൽ എത്തിക്കുന്നത് വരെ ഞാൻ കൂടെയുണ്ടാവും. അത് കഴിഞ്ഞ് എനിക്ക് എൻറെ വഴി. നിങ്ങൾക്ക് നിങ്ങളുടേതും.

ചവിട്ടി തുള്ളി പോകുന്ന മാളുവിനെ കണ്ടതും ഇതൊരു നടക്ക് പോകുന്ന ലക്ഷണം ഇല്ല എന്ന് കണ്ണന് മനസ്സിലായി. കാലുകൾക്ക് തളർച്ച തോന്നിയതും കട്ടിലിൽ കയറിക്കിടന്നു അവളോട് ബില്ല് അടച്ചിട്ട് വരാൻ പറഞ്ഞു. തൻറെ കൈവിരലിൽ തൂങ്ങി നടന്നിരുന്ന പൊട്ടിപെണ്ണ് കയ്യെത്തി പിടിക്കാനാവാത്തത്രയും തൻറെടിയും തന്നിഷ്ടകാരിയും ഒക്കെയായി മാറിയത് ഒരത്ഭുതമായി തോന്നുന്നു. അവളുടെ മനസ്സിന് വല്ലാതെ മുറിവേറ്റിട്ടുണ്ട്. ഇവിടുന്ന് ഇറങ്ങിയിട്ട് ഒരു ടാക്സി പിടിച്ച് അവളെ നേരിട്ട് സിദ്ധാർത്ഥ്ൻറെ വീട്ടിൽ തിരികെ ഏൽപ്പിക്കണം. അയാൾക്ക് മാത്രമേ ഈ മുറിവ് ഉണക്കാൻ ആകൂ.. താനും ഗായത്രിയും വീണ്ടും തനിച്ചാകും… സാരമില്ല.. എന്തൊക്കെയോ നല്ലതിന് ആവും ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് കരുതാം..സിദ്ധാർഥ്നോട് തനിക്ക് എന്തോ പഴയപോലെ വെറുപ്പ് തോന്നുന്നില്ലെന്ന് കണ്ണൻ ഓർത്തു. എല്ലാം ഒതുങ്ങുമ്പോൾ പതിയെ തൻറെ കൈവിട്ടു പോയ ജീവിതവും തിരികെ പിടിക്കണം.. സിദ്ധാർത്ഥ്നെ മാളു സ്നേഹിക്കുന്നതു പോലെ തനിക്ക് വേണ്ടി ജീവിക്കുന്ന ഒരു പങ്കാളി എവിടെയെങ്കിലും ഉണ്ടാകുമായിരിക്കും.

“സാർ ഇതാ ബില്ല് സെറ്റിൽ ചെയ്ത ഡോക്യുമെൻസ്. കഴിക്കേണ്ട മരുന്നുകളും രീതിയും ഇതിൽ വിശദമായി എഴുതിയിട്ടുണ്ട്. മരുന്ന് മുടക്കരുത് കേട്ടോ .. ..”

നഴ്സ് വന്ന് പറഞ്ഞതും ചിന്തകളിൽ നിന്നുണർന്ന് ഇത്ര നേരമായിട്ടും മാളുവിനെ കണ്ടില്ലല്ലോ എന്നോർത്തു. അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടു പോയതും മുടന്തുള്ള കാലും വലിച്ച് ആധിയോടെ ആശുപത്രിയിൽ ആകെ തിരഞ്ഞ് നടന്നു നോക്കി. ആ തിരച്ചിൽ കാലങ്ങളോളം.. ദേശങ്ങളോളം നീണ്ടു പോയെങ്കിലും മാളുവിനെ അയാൾക്ക് കണ്ടെത്താനായില്ല. കടന്നു പോകുന്ന ഓരോ മുഖങ്ങളിലും മാളവികയെ തേടി കണ്ടു കിട്ടാതെ വരുമ്പോൾ കല്യാണ ദിവസം തൻറെ വരവിനായി കാത്തിരുന്നവളെ സങ്കൽപ്പിച്ചു നോക്കും. ഒരു സൂചനപോലും നൽകാതെ താൻ ഉപേക്ഷിച്ച് പോയപ്പോൾ അവൾ എത്ര മാത്രം വേദനിച്ചു കാണും എന്ന് കാലം തനിക്ക് കാട്ടിത്തരുന്നത് പോലെ തോന്നി കണ്ണന്… അവൾക്കായുള്ള തിരച്ചിലിൽ താൻ ഇപ്പോൾ വർഷങ്ങൾ ഒമ്പത് പിന്നിട്ടു കഴിഞ്ഞിരിക്കുന്നു…

******************************

9 വർഷങ്ങൾക്കിപ്പുറം..

കാത്തിരിക്കുന്ന അവസാനത്തെ രോഗിയെയും അറ്റൻഡ് ചെയ്തു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ നോക്കുകയായിരുന്നു സിദ്ധാർത്ഥ്. ഈ ഹോസ്പിറ്റലും ഇവിടത്തെ അന്തേവാസികളും തൻറെ ജീവിതത്തിൻറെ ഒരു ഭാഗമാണ്. അത് അറിഞ്ഞിട്ടും അമ്മയും ഗായത്രിയും ഇവിടം വിട്ടു മാറാൻ നിർബന്ധിക്കുന്ന തിനോട് യോജിക്കാൻ ആവുന്നില്ല. പക്ഷേ താനും കൂടെ വേണമെന്ന ഗായത്രിയുടെ വാശിക്ക് മുന്നിൽ എപ്പോഴൊക്കെയോ താൻ തോറ്റു പോകുന്നുണ്ട്. ഒരു തീരുമാനത്തിൽ എത്താൻ ആവാതെ കണ്ണടച്ചിരുന്നു സിദ്ധാർത്ഥ്. കുറച്ചു കഴിഞ്ഞതും വാതിലിൽ ആരോ മുട്ടുന്നത് കേട്ടു.ഇതിനിയും തീർന്നില്ലേ എന്ന് മനസ്സിൽ പ്രാകികൊണ്ടാണ് കണ്ണുയർത്തി നോക്കിയത്.. വാതിൽക്കൽ നിൽക്കുന്നത് രോഗികളല്ല…അപ്പുവേട്ടൻ.. അല്ല.. ഡോക്ടർ അഭിജിത്ത്.

തങ്ങൾ തമ്മിൽ സംസാരിച്ചിട്ടോ മുഖാമുഖം നോക്കിയിട്ടോ വർഷങ്ങൾ 9 കഴിഞ്ഞിരിക്കുന്നു. ഡോക്ടറെ കാണുമ്പോൾ ആദ്യം ഓർമ്മയിലേക്ക് എത്തുന്നത് തൻറെ കൈകൊണ്ട് കണ്ണന് സംഭവിച്ചുപോയ അപകടത്തെക്കുറിച്ച് ആണ്. ഏതോ നിമിഷത്തെ മനസ്സിൻറെ ചാപല്യത്തിൽ സംഭവിച്ചുപോയ കൈപ്പിഴ..അകമ്പടിയായി ഓർക്കേണ്ട എന്ന് എത്ര ശ്രമിച്ചാലും തെളിമയോടെ പലതും ഓർമയിലേക്ക് എത്തും. അറിയാതെ നിയന്ത്രണം കൈ വിട്ടു പോകും..

പലപ്പോഴും ഓർക്കും ഇതിൽ ഡോക്ടറുടെ പിഴവ് എന്താണെന്ന്.. അങ്ങനെ ചിന്തിച്ചതു കൊണ്ടാണ് ഡോക്ടർ അമൃതയുടെ ട്രീറ്റ്മെൻറ് മുടക്കാതെ ഇരുന്നത്.

അത്ര ഗുരുതര പ്രശ്നം അല്ലാതിരുന്നിട്ടും എത്രയൊക്കെ ചികിത്സിച്ചിട്ടും അവർ ഗർഭിണിയാകാതെ ഇരുന്നതിന് ദൗർഭാഗ്യം എന്നെ പറയാൻ കഴിയൂ.. എങ്കിലും അവരുടെ കാര്യത്തിൽ പലപ്പോഴും തൻറെ കഴിവുകേട് ആണെന്ന് തോന്നി സ്വയം കുറ്റപ്പെടുത്തിയിട്ടുണ്ട്. 8 മാസം മുൻപേ അവർ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ മനസ്സ് അറിയാതെ ഓർമ്മയിൽ തേടി പോയത് തന്നെ ഉപേക്ഷിച്ചു കണ്ണനൊപ്പം പോയവളെ പറ്റിയാണ്.. അവളിലും ചികിത്സ ഫലിച്ചു കാണുമോ.. തുടർ ചികിത്സചെയ്തിട്ടുണ്ടെങ്കിൽ ലോകത്തിൻറെ ഏതെങ്കിലും കോണിൽ അവളും ഒരമ്മയായി കാണുമോ എന്നൊക്കെ ഓർത്തതും എന്തെന്നറിയാത്ത വികാരം വീണ്ടും കീഴടക്കി കളഞ്ഞു.

അന്ന് മുറിയിൽ നിന്നും പുറത്തിറങ്ങി നടക്കുന്ന വഴിയിൽ ഡോക്ടർ അഭിജിത് സൗഹൃദം പുതുക്കാനായി നിൽക്കുന്നത് കണ്ടിട്ടും സംസാരിക്കാൻ കഴിഞ്ഞില്ല..പലപ്പോഴും കുറ്റബോധം തോന്നാറുണ്ട് .. പക്ഷേ ഈ വിഷയത്തിൽ മാത്രം ഞാൻ എല്ലാവർക്കും പരിചയമുള്ളസിദ്ധാർത്ഥ് അല്ലെന്ന് തോന്നാറുണ്ട്..

“അകത്തേക്ക് വരാമോ ഡോക്ടർ സിദ്ധാർത്ഥ്…” ഔപചാരികതയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ തന്നെ വല്ലാതായി.

“വരൂ…ഞാൻ പലപ്പോഴായി ഡോക്ടറിനോട് മോശമായി പെരുമാറിയിട്ടുണ്ട് എന്നറിയാം.ഒന്നും മനപ്പൂർവ്വമല്ല…വികാരം വിവേകത്തെ കീഴ്പ്പെടുത്തുമ്പോൾ സംഭവിച്ചു പോകുന്നതാണ്..അപ്പുവേട്ടൻ എന്നോട് ക്ഷമിക്കണം..”

“ഛെ സിദ്ധു എന്തൊക്കെയോ പറയുന്നത്…ഞാനൊരു അച്ഛനായ സന്തോഷം പറയാനാ ഓടിവന്നത്. എങ്ങനെയാണ് തന്നോട് നന്ദി പറയേണ്ടത് എന്നറിയില്ല. താനൊരു വലിയ ഡോക്ടറാണ്..അതിലേറെ വലിയൊരു മനുഷ്യനും.ഞാനും എൻറെ കുടുംബവും തന്നെ ഒത്തിരി ദ്രോഹിച്ചിട്ടുണ്ട്.എന്നിട്ടും അമ്മുവിൻറെ ചികിത്സ താൻ നിഷേധിച്ചിട്ടില്ല. അത് തന്നിലെ ഡോക്ടറുടെ വലിയ മനസ്സാണ്…

തൻറെ നന്മയ്ക്ക് വേണ്ടി എന്നും ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ടാവും…”

അവസാനത്തെ വാചകങ്ങൾ കേട്ടതും തനിക്ക് ചിരി വരുന്നതു പോലെതോന്നി സിദ്ധാർത്തിന്..

“എൻറെ സഹോദരങ്ങൾ ചെയ്ത തെറ്റിന് ഞാൻ മാപ്പ് പറയുകയാണ്..പലപ്പോഴായി പറയണമെന്ന് ഓർത്തതാണ്…പക്ഷേ ഡോക്ടറെ അഭിമുഖീകരിക്കാൻ വയ്യാഞ്ഞിട്ടാണ്…” തൻറെ കാലിൽ വീഴുന്നതു പോലെയാണ് അയാൾ അത് പറയുന്നത് എന്ന് തോന്നി സിദ്ധാര്ത്ഥന്. ഒരു നിമിഷത്തേക്ക് അയാളോട് എന്തെന്നില്ലാത്ത അലിവ് തോന്നി.

“എന്തായിത് അപ്പുവേട്ടാ.. അതൊക്കെ പഴങ്കഥകൾ അല്ലേ.. അതൊക്കെ വിട്ടുകള ..കുഞ്ഞ് ആണാണോ പെണ്ണാണോന്ന് പറഞ്ഞില്ലല്ലോ?..”

ആ ഒരൊറ്റ ചോദ്യത്തിൽ അപ്പുവേട്ടനിൽ വാത്സല്യം നിറയുന്നത് കണ്ടു. “മോളാണ്”.. സന്തോഷത്തിൽ മറുപടി വന്നു.

“പെൺകുഞ്ഞ് ആണോ.. നന്നായി..അപ്പുവേട്ടന് ഇനി വിശ്രമം എന്ന സാധനം ഉണ്ടാകില്ല.. വീട്ടിലുള്ളവൾ ഞാൻ എത്തിയാൽ പിന്നെ എന്നെ നിലം തൊടികില്ല..അതിൻറെ സന്തോഷം അനുഭവിച്ചുതന്നെ അറിയണം..ഓൾ ദ ബെസ്റ്റ്.. എൻറെ അഭിനന്ദനങ്ങൾ അമൃത ചേച്ചിയെയും അറിയിച്ചേക്കണേ…”

അപ്പുവേട്ടൻ സന്തോഷത്തോടെ യാത്ര പറഞ്ഞു പോയതും വല്ലാത്ത ആശ്വാസം തോന്നി സിദ്ധുവിന്.. ഉള്ളിലുണ്ടായിരുന്ന കാറും കോളും അകന്നു പോയത് പോലെ തോന്നി. അതേസമയം തന്നെ ഗായത്രിയുടെ ഫോണും അയാളെ തേടിയെത്തി. അങ്ങേത്തലക്കൽ നിന്നും കേൾക്കുന്ന അവളുടെ അപേക്ഷിക്കുന്ന പോലത്തെ സംസാരം കേട്ടതും മുഷിപ്പിക്കാൻ തോന്നിയില്ല.. ഏത് നരകത്തിലേക്ക് ആയാലും കൂട്ടു വരാമെന്ന് സമ്മതിച്ചു കൊടുത്തു..അവളുടെയും അമ്മയുടെയും ഇഷ്ടത്തിന് തന്നെയാകട്ടെ കാര്യങ്ങൾ.. കാലങ്ങൾക്കിപ്പുറം അന്നെന്തോ പതിവില്ലാത്ത സന്തോഷവും വീടെത്താൻ വല്ലാത്ത ധൃതിയും തോന്നി സിദ്ധുവിന്…

തുടരും..

കഥയുടെ ഭൂതകാലം കഴിഞ്ഞ് വർത്തമാനത്തിൽ എത്തിയിരിക്കുന്നു. ആദ്യ പാർട്ടിൽ കണ്ട ആദിയും ഒത്തുള്ള മാളവികയുടെ ജീവിതം മറന്നു കാണില്ല എന്ന് കരുതുന്നു…അവളെ കടന്നു പോകുന്ന വണ്ടിയിൽ ഇരുന്നു നോക്കിയത് കണ്ണനാണോ, സിദ്ധുവാണോ അതോ ഇനി വേറെ ആരെങ്കിലും ആണോ എന്നുള്ളത് നിങ്ങളുടെ ഭാവനയ്ക്ക് വിട്ടിരിക്കുന്നു…

പിന്നെ ഇന്നലത്തെ പൊങ്കാലയ്ക്ക് എല്ലാവർക്കും പ്രത്യേകം നന്ദി….