മൊളീഷ്യം
Story written by Sai Bro
===============
“ചേട്ടൻ ആ നീലജെ ട്ടി ഊരിക്കേ, ഈ പച്ച കളർ ധരിച്ചാൽ മതി ഇന്ന്.. “
കുളിച്ചു ഡ്രസ്സ് മാറുന്നതിനിടയിൽ പിറകിൽ നിന്ന് ആ ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി..
ദാണ്ടെ, പച്ചനിറത്തിലുള്ള ക ളസം നീട്ടിപിടിച്ചു നിൽക്കുന്നു ഈ വീട്ടിലെ പുതുപ്പെണ്ണ് അതായത് എന്റെ ഭാര്യ ‘രാജകുമാരി..’
ഭർത്താവിന്റെ ശരീരത്തിൽ തുണികുറവാണെന്ന ബോധം അവൾക്ക് വന്നപ്പോളായിരിക്കണം ആ ക ളസം ബെഡിൽ വെച്ചുകൊണ്ട് തിരിഞ്ഞു നിന്നവൾ പതിയെപറഞ്ഞു..
“ഇന്ന് ഉടുക്കാനുള്ള പച്ചകരയുള്ള മുണ്ടും പച്ച ഷർട്ടും ദേ മേശപ്പുറത്തു തേച്ചുവെച്ചിട്ടുണ്ട്, ആ കളർ ചേട്ടന് നന്നായി ചേരും “
അത് പറഞ്ഞു അവൾ മുറിവിട്ടിറങ്ങി പോകുമ്പോൾ ഞാൻ മുൻപേ വലിച്ചു കേറ്റിയിരുന്ന ജെ ട്ടി അസ്വസ്ഥതയോടെ ഊരി റൂമിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു..
വീട്ടുകാർതമ്മിൽ സംസാരിച്ചു ഉറപ്പിച്ചായിരുന്നു എന്റെയും രാജകുമാരിയുടെയും വിവാഹം..അതുകൊണ്ട് തന്നെ കല്യാണത്തിന് മുൻപേ എനിക്കവളോട് കൂടുതലൊന്നും സംസാരിക്കാനും കഴിഞ്ഞിരുന്നില്ല.. പക്ഷെ ഞങ്ങളുടെ ആദ്യരാത്രി മുതൽക്കേ തന്നെ രാജകുമാരിയുടെ സ്വഭാവത്തിൽ എനിക്ക് എന്തൊക്കെയോ പൊരുത്തകേടുകൾ തോന്നിതുടങ്ങി..
ചില്ല് ഗ്ലാസ് നിറയെ തുളുമ്പുന്ന പാലുമായി രാജകുമാരി മുറിയിലേക്ക് കയറി വരുമ്പോൾ എന്റെ ഇടനെഞ്ചിൽ ചെറിയൊരു ഡപ്പാംകൂത്ത് നടക്കുന്നുണ്ടായിരുന്നു..കേട്ടറിവ് മാത്രമുള്ള ആദ്യരാത്രിയെ കുറിച്ചുള്ള ആശങ്കകൾ ആയിരുന്നു അതിന് കാരണം..പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരുന്നു രാജകുമാരിയുടെ പെരുമാറ്റങ്ങൾ…
അവൾ നീട്ടിയ കാച്ചിയ പാൽപാത്രം ചുണ്ടോടടുപ്പിച്ചു ഒറ്റവലിക്ക് പകുതിയോളം അകത്താക്കി ബാക്കി പകുതി പാൽ അവൾക്ക് നേരെ നീട്ടുമ്പോൾ അവൾ കഴുത്ത് വെട്ടിച്ചു പറഞ്ഞു..
“എനിക്ക് വേണ്ട.. “
ങേ.. ! ഞാനൊന്ന് അമ്പരന്നു..
“അല്ല, ആദ്യരാത്രിയിൽ ഭർത്താവ് കുടിക്കുന്ന പാലിൽ നിന്ന് അല്പം ഭാര്യയും കുടിക്കണം എന്നാണല്ലോ ചടങ്ങ്..അതുകൊണ്ട് കുറച്ചെങ്കിലും..? ” ഞാനത് പറഞ്ഞു മുഴുവനാക്കുംമുൻപേ രാജകുമാരി ഇടക്ക് കയറി..
“ചടങ്ങ് തെറ്റിക്കാൻ വേണ്ടിയല്ലട്ടോ അങ്ങിനെ പറഞ്ഞെ..ബൂസ്റ്റ് ഇട്ട പാല് മാത്രേ ഞാൻ കുടിക്കാറുള്ളു..അല്ലെങ്കിൽ ഞാൻ ശർദ്ധിക്കും.. “
“ങേ..ബൂസ്റ്റ് ഇട്ട പാൽ മാത്രം കുടിക്കുന്ന പെണ്ണോ..? ” മുന്നിലിരിക്കുന്നവളെ ഞാൻ അടിമുടിയൊന്ന് നോക്കി..
“ഇവിടുത്തെ അടുക്കളയിൽ ബൂസ്റ്റ് ഇരിപ്പുണ്ടെങ്കിൽ കുറച്ചെടുത്തു ഈ പാലിൽ ചേർത്ത് കുടിച്ചൂടേ രാജകുമാരിക്ക്.?” ശബ്ദം താഴ്ത്തി ഞാനത് ചോദിച്ചപ്പോൾ അവളുടെ മുഖം സന്തോഷത്താൽ ചുവന്നുതുടുക്കുന്നത് ഞാൻ കണ്ടു..
“ഇതിൽ ബൂസ്റ്റ് ഇട്ടിട്ട് ഇപ്പൊ വരാട്ടോ..” എന്ന് പറഞ്ഞുകൊണ്ട് പാൽപാത്രവും കൊണ്ട് അവൾ അടുക്കളയിലേക്ക് ഓടുന്നത് കണ്ടപ്പോൾ ഞനൊന്ന് ചിരിച്ചു..
‘പാവം പെണ്ണ്..എന്ത് നിഷ്കളങ്കതയാണ് ആ മുഖത്ത്..’
പാലിൽ ബൂസ്റ്റ് കലക്കികൊണ്ട് ഓടിവന്ന രാജകുമാരി വീണ്ടും എന്നെകൊണ്ട് ആ പാൽകുടിപ്പിച്ചു, എന്നിട്ടേ അവൾ ആ പാത്രത്തിൽ ചുണ്ട് ചേർത്തൊള്ളൂ..
മുല്ലപൂക്കൾ വിതറിയ കട്ടിലിൽ കെട്ടിപിടിച്ചങ്ങിനെ കിടക്കുമ്പോൾ അവൾ എന്റെ കാതിൽ ഒരു സ്വകാര്യം പറഞ്ഞു..
“ചേട്ടൻ എന്നെ രാജകുമാരീന്ന് വിളിക്കണ്ട..”
“പിന്നെ..? ” ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി..
“എന്നെ “രാരീ ” ന്ന് വിളിച്ചാൽ മതി.” അവൾ നാണിച്ചുകൊണ്ട് പറഞ്ഞു..
“അതെന്താ..രാജകുമാരി നല്ല പേരാണല്ലോ..? “
“വേണ്ട..എന്നെ ‘രാരീ’ന്ന് വിളിച്ചാൽ മതി..” ഇത്തവണ അവളുടെ ശബ്ദം അല്പം കടുത്തതുപോലെ തോന്നി..
“ശരി, രാരീ..നേരം വെളുക്കാറായി..നമുക്ക് ഉറങ്ങണ്ടേ..?” ആദ്യരാത്രി കുളമാകാതിരിക്കാൻ ഞാൻ അങ്ങിനെ പറഞ്ഞപ്പോൾ അവളെന്നെ ഇറുക്കെ കെട്ടിപിടിച്ചു..
കല്യാണം കഴിഞ്ഞു പിറ്റേദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരിക്കുമ്പോൾ അമ്മായിയമ്മ അതാ മുന്നിൽകൊണ്ട് വെച്ചിരിക്കുന്നു ഒരു പ്ലേറ്റ് നിറയെ ചൂട് ഇടിയപ്പം..ഒപ്പം കടലക്കറിയും..
കടലക്കറിയിൽ മുക്കിയ ഇടിയപ്പം ചുരുട്ടി വായിലേക്ക് വെക്കുമ്പോഴാണ് രാജകുമാരി കുളികഴിഞ്ഞു അവിടേക്ക് വന്നത്..
“അമ്മേ, ആ മൊളീഷ്യം ഇങ്ങോട്ട് എടുത്തേ.” അവൾ അത് പറഞ്ഞു എനിക്കരിക്കരുകിൽ ഇരുന്നപ്പോൾ ഞാൻ ഒന്ന് അമ്പരന്നു..പ്രാതലിന് ഇനിയുമുണ്ടോ വിഭവങ്ങൾ..?
അമ്മായിയമ്മ സ്നേഹഭാവത്തിൽ മേശപ്പുറത്തുകൊണ്ടുവെച്ച പാത്രത്തിലേക്ക് ഞാൻ ആകാംക്ഷയോടെ എത്തിച്ചു നോക്കി..
‘എന്താണീ ‘മൊളീഷ്യം..? ‘
ഒരു സ്പൂണുകൊണ്ട് രാജകുമാരി ആ പാത്രത്തിലുണ്ടായിരുന്ന മോര്കറി എന്റെ പ്ലേറ്റിലെ ഇടിയപ്പത്തിന്റെ മുകളിലേക്ക് ഒഴിക്കുമ്പോളാണ് എനിക്കാ വിഭവത്തെ മനസിലായത്..
“മ്മടെ നാട്ടിലേ മോര്കറിയാണ് ഇവിടുത്തെ മൊളീഷ്യം…ന്നാലും ഇടിയപ്പത്തിന്റെ ഒപ്പം ആരേലും മോര്കറി കഴിക്കുമോ..? “
ഇത്യാദി സംശയങ്ങൾ മനസ്സിൽ ഉയരുമ്പോൾ രാജകുമാരി എന്റെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു..
“കഴിക്ക് ചേട്ടാ..ആ മൊളീഷ്യം കൂട്ടി കഴിക്ക്.. “
ഒരുവിധത്തിൽ അപ്പവും കഴിച്ചു എണീറ്റ് കൈകഴുകി തിരിയുമ്പോൾ അവൾ കൈ തുടക്കുവാൻ ടർക്കിയുമായി പിറകിൽ നിൽപ്പുണ്ടായിരുന്നു..
“എന്ത് സ്നേഹമുള്ള ഭാര്യ..” ഞാൻ അത് മനസ്സിൽ ചിന്തിച്ചുകൊണ്ട് പുഞ്ചിരിച്ചു..
പക്ഷെ അന്ന് ഉച്ചക്ക് ചോറിനൊപ്പം ഒരു പാത്രം നിറയെ മൊളീഷ്യം രാജകുമാരി എന്റെ പ്ലേറ്റിലേക്ക് വിളമ്പുന്നത് കണ്ടപ്പോൾ ഞാൻ അരികിൽ നിന്നിരുന്ന അമ്മായിയമ്മയെ ദയനീയമായി ഒന്ന് നോക്കി..
“കഴിക്ക് മോനേ, അവൾക്ക് മൊളീഷ്യം അത്രക്ക് ഇഷ്ട്ടാ..ഇനി രാരിയുടെ ഇഷ്ട്ടങ്ങൾ മോന്റെയും കൂടി ഇഷ്ട്ടങ്ങളല്ലേ..? വയറ് നിറച്ചു കഴിക്ക്.. “
വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ ആ ഊണ് കഴിച്ച് എണീറ്റത്..മൊളീഷ്യം കഴിച്ചു വയറു കലങ്ങിയതുകൊണ്ടാണോ എന്നറിയില്ല പതിവില്ലാതെ രണ്ടുമൂന്നുതവണ ‘രണ്ടിന്’ പോകേണ്ട അവസ്ഥയും വന്നു എനിക്കന്ന്..
ശേഷമുള്ള ഉച്ചമയക്കത്തിൽ രാജകുമാരിയുടെ മടിയിൽ കിടന്ന് അവളുടെ സ്നേഹചുംബനങ്ങൾ ഏറ്റുവാങ്ങവേ ഞാൻ കഴിഞ്ഞതെല്ലാം മറന്നുപോയി..
പക്ഷെ അന്ന് വൈകീട്ട് സ്ഥിതിഗതികൾ വീണ്ടും മോശമായി.. അത്താഴത്തിനു വീണ്ടും അവൾ മൊളീഷ്യം വിളമ്പിയപ്പോൾ ആ കയ്യിൽ പിടിച്ച് “രാജകുമാരി എനിക്ക് ഇനിയിത് വേണ്ട ” എന്നെനിക്ക് പറയേണ്ടി വന്നു..
അല്പസമയത്തേക്ക് ഒരു നിശബ്ദത വന്നു ഞങ്ങൾക്കിടയിൽ..പെട്ടെന്ന് ഒന്നും മിണ്ടാതെ അവൾ റൂമിലേക്ക് കയറിപ്പോയി..വെറുതെ ചോറ് കുഴച്ചുകൊണ്ടിരുന്ന ഞാൻ അത് നിർത്തി അരികിൽ നിന്ന അമ്മായിയമ്മയെ നോക്കി..എന്റെ നോട്ടം കണ്ടിട്ടാവണം അവർ മുഖം താഴ്ത്തി അടുക്കളയിലേക്ക് വലിഞ്ഞത്..
അന്ന് രാത്രി എനിക്ക് മുഖം തരാതെ ബെഡിൽ മുഖം അമർത്തി പിടിച്ചു കിടന്ന രാജകുമാരിയെ വെളുപ്പിന് കോഴികൂവിയ നേരത്താണ് ഒന്ന് ആശ്വസിപ്പിച്ചു നെഞ്ചോട് ചേർത്ത് കിടത്താൻ കഴിഞ്ഞത്..ഞങ്ങളുടെ ദാമ്പത്യജീവിതത്തിലെ രണ്ടാമത്തെ രാത്രിയിൽ ഗാഢനിദ്രയിലേക്ക് വഴുതി വീഴുമ്പോഴും അവൾ പിറുപിറുക്കുണ്ടായിരുന്നു..
“എന്നാലും ചേട്ടൻ മൊളീഷ്യം വേണ്ടന്ന് പറഞ്ഞല്ലോ.”
മൂന്നാം ദിവസമായ ഇന്ന് ഇഷ്ട്ടപെട്ട ജെ ട്ടിയിടാനുള്ള സ്വാതന്ത്ര്യം വരെ എനിക്ക് നഷ്ടപ്പെട്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി..എന്റെ ഭാര്യ അവളുടെ ഇഷ്ട്ടങ്ങളെല്ലാം എന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ്..ഞാനതിൽ എതിർപ്പ് പ്രകടിപ്പിച്ചാൽ അത് അവളെ വല്ലാതെ അസ്വസ്ഥയാകുന്നു..
എന്തായാലും ഭാര്യക്ക് ഇഷ്ട്ടപെട്ട പച്ചകളർ വസ്ത്രങ്ങൾ ധരിച്ചു ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോൾ അമ്മായിയമ്മ ആരും കാണാതെ എന്റെ എന്റെ അടുത്തേക്ക് വന്നു..
“മോനേ രാരീയെ ഒന്ന് ശ്രദ്ധിക്കണേ..അച്ഛനില്ലാതെ വളർന്നത് കൊണ്ട് അവളുടെ വാശികളെല്ലാം ഞാൻ അംഗീകരിച്ചുകൊടുത്തിട്ടേ ഒള്ളു ഇതുവരെ..ഇതൊക്കെ കാണുമ്പോൾ മോന് ദേഷ്യം വരുന്നുണ്ടെന്നും എനിക്കറിയാം..എന്നാലും പറയുവാ, ഈ വാശികൾ മാറ്റി നിർത്തിയാൽ അവളൊരു പാവമാണ്.. ” അതും പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറയുന്നത് ശ്രദ്ധിക്കാതെ ഞാൻ രാജകുമാരിയെയും കൂട്ടി ആ വീടിന്റെ പടിയിറങ്ങി..
എന്റെ വീടെത്തി രാജകുമാരി ഡ്രസ്സ് മാറാൻ റൂമിലേക്ക് കയറിയ തക്കത്തിന് ഞാൻ അമ്മയുടെ അടുത്ത് ചെന്ന് കാര്യങ്ങൾ ചെറുതായൊന്ന് വിശദീകരിച്ചു..
“അമ്മേ, കുറച്ച് വാശി കൂടുതലാണ് രാജകുമാരിക്ക്..അതോണ്ട് അവൾ എന്തെങ്കിലും പറഞ്ഞാൽ അമ്മയത് അംഗീകരിച്ചുകൊടുക്കണം, പറ്റില്ലാ എന്ന് പറയാൻ നിക്കണ്ട.. “
എന്റെ മുഖഭാവവും പറച്ചിലും കേട്ടപ്പോൾ അമ്മക്കെന്തോ സംശയം പോലെ..
“എന്താടാ, എന്തേലും കുഴപ്പമുണ്ടോ..? “
“ഒന്നൂല്യ അമ്മേ, ഞാൻ പന്തല്കാരന് പൈസ കൊടുത്തിട്ട് ഇപ്പൊ വരാം..” അതും പറഞ്ഞ് കലങ്ങിമറിഞ്ഞ മനസ്സോടെ ഞാൻ പുറത്തേക്ക് ഇറങ്ങി..
ഒരു മണിക്കൂറോളം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ അവിടുത്തെ അന്തരീക്ഷം ആകെ ശ്മശാനമൂകമായിരുന്നു..രാജകുമാരിയെ പുറത്തെങ്ങും കണ്ടില്ല. പന്തികേട് തോന്നിയ ഞാൻ അകത്തൊക്കെ കറങ്ങി നോക്കിയപ്പോൾ അടുക്കളയോട് ചേർന്നുള്ള തിണ്ണയിൽ താടിക്ക് കൈയ്യും കൊടുത്ത് അമ്മ ഇരിക്കുന്നത് കണ്ടു..
ഞാൻ അങ്ങോട്ട് ചോദിക്കുന്നതിന് മുൻപേ നടന്നതെല്ലാം അമ്മ ഒറ്റശ്വാസത്തിൽ എനിക്ക് പറഞ്ഞുതന്നു..
ഞാൻ പുറത്തേക്ക് പോയപ്പോൾ അപ്പുറത്തെ വീട്ടിലെ പത്തുവയസ്സുകാരൻ പയ്യൻ രാജകുമാരിയെ പരിചയപ്പെടാൻ വീട്ടിലേക്ക് വന്നെന്നും, അവര് തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കെ രാജകുമാരി തനിക്ക് ‘രാരീ’ എന്ന് വിളിക്കപ്പെടാനാണ് ഇഷ്ടമെന്നും അവനോട് പറഞ്ഞത്രേ..അവൻ അത് കൂട്ടാക്കാതെ വീണ്ടും വീണ്ടും അവളെ രാജകുമാരി ചേച്ചി എന്ന് വിളിച്ചു പ്രകോപിപ്പിച്ചപ്പോൾ അവൾ പെട്ടെന്ന് ദേഷ്യപ്പെട്ട് ആ പയ്യനെ മുൻവശത്തെ തിണ്ണയിൽ നിന്നും തള്ളി താഴെയിട്ടത്രേ..ആ വീഴ്ചയിൽ അവന്റെ ഇടത്തെ കയ്യിന്റെ എല്ല് പൊട്ടി ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് പോലും..
“എന്നിട്ട് അവളെവിടെ..? ” അല്പം നേരം സ്തംഭിച്ചു നിന്നതിനുശേഷം ഞാൻ അമ്മയോട് ചോദിച്ചു..
“അവള് അപ്പോൾ റൂമിൽ കേറി വാതിൽ അടച്ച് ഇരിക്കുന്നതാ..ഞാൻ വിളിച്ചിട്ട് ഒന്നും മിണ്ടുന്നുമില്ല..സത്യത്തിൽ എന്താടാ അവൾക്ക് കുഴപ്പം..? അയല്പക്കക്കാരൊക്കെ ഓരോന്ന് പറഞ്ഞുതുടങ്ങി.. “
അമ്മ മൂക്ക് പിഴിഞ്ഞുകൊണ്ട് അത് പറഞ്ഞപ്പോൾ എനിക്ക് അരിശം കൂടി..
“നിങ്ങളൊക്കെകൂടിയല്ലേ എന്റെ തലേല് അവളെ കെട്ടിവെച്ചുതന്നത്..ഇനീപ്പോ വരുന്നതുപോലൊക്കെ അനുഭവിച്ചോ.. ” അത്രയും പറഞ്ഞുകൊണ്ട് അമ്മക്ക് മുഖം കൊടുക്കാൻ നിക്കാതെ ഞാൻ റൂമിനടുത്തേക്ക് നടന്നു..
വാതിലിൽ ഒന്ന് തള്ളിനോക്കിയപ്പോഴേക്കും വാതിൽ മലക്കെ തുറന്നു..അകത്തു നിന്നും ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല..മുറിയിൽ മൊത്തം പരതിയപ്പോഴും രാജകുമാരിയെ അവിടെയെങ്ങും കണ്ടില്ല..പെട്ടെന്നാണ് വാതിലിന് പിറകിൽ നിന്നും ഒരു അനക്കം കേട്ടത്..വാതിൽ പാളി പതിയെ മാറ്റിനോക്കിയപ്പോൾ ചുമരിൽ മുഖം ചേർത്ത്പിടിച്ചു നിൽക്കുന്നു അവൾ..
നീയെന്ത് പണിയാ ഈ കാണിച്ചേ..?രാജകുമാരിയുടെ ചുമലിൽ കൈവെച്ചുകൊണ്ട് ഞാൻ ചോദിച്ചപ്പോൾ തോളിലുള്ള എന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അവൾ ചീറികൊണ്ട് എനിക്ക് നേരെ തിരിഞ്ഞു..
“പറഞ്ഞതല്ലേ..? ഞാൻ പറഞ്ഞതല്ലേ എന്നെ അങ്ങനെ വിളിക്കണ്ടാന്ന് അവനോട്..? പിന്നേം പിന്നേം അവൻ അങ്ങനെ വിളിച്ചിട്ടല്ലേ..? “
അത്രേം നേരം ക്ഷമിച്ചു നിന്ന എന്റെ നിയന്ത്രണം വിട്ടത് പെട്ടെന്നായിരുന്നു..
“ആ ചെറിയ ചെക്കനെ തള്ളി താഴെയിട്ടതും പോരാഞ്ഞിട്ട് പിന്നേം സ്വയം ന്യായീകരിക്കുന്നോ..? അത് പറഞ്ഞു തീരുന്നതിനൊപ്പം ഞാൻ കൈ വീശി അവളുടെ വലതുകവിളിൽ ഒരെണ്ണം ഇട്ടുകൊടുത്തു..
പിന്നീടുള്ള പ്രതികരണത്തിന് കാത്തുനിൽക്കാതെ വീട്ടിൽനിന്നിറങ്ങി ബൈക്കിൽ കയറി എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോരുകയും ചെയ്തു..
അമ്പലമുറ്റത്തെ ആൽത്തറയിൽ പലവിധ ചിന്തകളുമായി അങ്ങിനെ കിടക്കുമ്പോൾ നേരം സന്ധ്യയാകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല..അവസാനം ഒരു ഉറച്ചതീരുമാനത്തിലെത്തി മൊബൈൽ ഫോണെടുത്തു ഞാൻ അമ്മയെ വിളിച്ചു സംസാരിച്ചു..
രാത്രി എട്ടുമണിയോട് കൂടി വീട്ടിലെത്തി അകത്തേക്ക് കയറിയപ്പോൾ ബെഡ്റൂമിന്റെ വാതിൽ അതുപോലെ തന്നെ അടഞ്ഞു കിടപ്പുണ്ട്..അമ്മ അടുക്കളയിലാണെന്ന് തോന്നുന്നു…
“രാരീ.. രാരീ നീ വാതിൽ തുറക്ക്.. ” രണ്ടുമൂന്നു തവണ തട്ടി വിളിച്ചിട്ടും വാതിൽ തുറക്കുകയോ റൂമിൽ നിന്ന് ഒരു അനക്കം പോലും കേൾക്കുകയോ ഉണ്ടായില്ല..
അവസാനം ഞാൻ ഊണ് മേശക്കരികിൽ വന്നിരുന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു..
“അമ്മേ, വല്ലാതെ വിശക്കുന്നു..ചോറ് തായോ.. “
പ്ലേറ്റിൽ ചോറ് അരികിൽ വെച്ച് അമ്മ അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ വീണ്ടും ഉറക്കെ വിളിച്ചു കൂവി..
“അമ്മേ ആ മൊളീഷ്യം കുറച്ച് കൂടുതൽ എടുത്തോളൂ..എനിക്കത് നന്നായി ഇഷ്ട്ടപെട്ടു.. “
പെട്ടെന്ന് ബെഡ്റൂമിന്റെ വാതിൽ തുറന്ന് മുടി വാരികെട്ടി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രാജകുമാരി എന്റെ അടുത്തേക്ക് വന്നു..
ആ വരവ് ഇടംകണ്ണിട്ട് നോക്കികൊണ്ട് ഞാൻ അമ്മ മേശപ്പുറത്തുകൊണ്ട് വെച്ചു പോയ കറിപാത്രം ഇടത്തെ കയ്യാൽ എടുക്കാൻ ശ്രമിക്കവേ, എന്റെ കൈ തട്ടി മാറ്റികൊണ്ട് ആ പാത്രത്തിലെ മൊളീഷ്യം രണ്ട് തവിയോളം അവളെന്റെ ചോറിലേക്ക് ഒഴിച്ചു തന്നു..
“വയറ് നിറച്ചും കഴിക്ക് ഏട്ടാ.. ” അരികിൽ നിന്ന് രാജകുമാരി അത് പറഞ്ഞപ്പോൾ എനിക്കെന്തോ സങ്കടം വന്നു..
“രാരീ.. കയ്യും മുഖവും കഴുകി നീയും ഇവിടെ വന്നിരിക്ക്..നമുക്ക് ഒരുമിച്ചു കഴിക്കാം..” എന്റെ വാക്ക് കേൾക്കേണ്ട താമസം വേഗത്തിൽ കൈകഴുകി അവളെന്റെ അരികിലായി എന്നോട് ചേർന്നിരുന്നു..
ഒരുരുള ചോറ് മൊളീഷ്യത്തിൽ മുക്കി അവളുടെ വായിലേക്ക് വെച്ച് കൊടുത്ത് രാരി അത് കഴിക്കുന്നതും നോക്കി ഇരിക്കുമ്പോൾ ഞാൻ ഒരു കാര്യം മനസ്സിലായി..
രാരിയെ ഇതുപോലെ കൂടെ ചേർത്ത്പിടിക്കുകയും, അവളുടെ കുഞ്ഞു പിടിവാശികളും ശാഠ്യങ്ങളും അംഗീകരിച്ചുകൊടുക്കുകയും ചെയ്താൽ ഇടക്ക് താളം തെറ്റുന്ന ആ മനസ്സ് പഴയ പോലെയാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു..
സുഹൃത്തുക്കളെ…അസുഖം എന്നത് ഒരു അവസ്ഥയാണ്..അത് ആർക്കും എപ്പോ വേണമെങ്കിലും വരാം..പ്രിയപ്പെട്ടവരുടെ സ്നേഹവും പരിചരണവുമാണ് അസുഖങ്ങൾക്കുള്ള ഏറ്റവും വലിയ മറുമരുന്ന്..
~Sai Bro.