ആള് അടുത്തേയ്ക്ക് വന്നു. കാലിന്റെ പെരുവിരൽ കൊണ്ട് നിലത്ത് രണ്ട് മൂന്ന് വട്ടമൊക്കെ വരച്ച്…

ഞാൻ ഇത്രേ ചെയ്തുള്ളൂ…

Story written by Neelima

==============

രാവിലെ ഉണർന്ന്, അടുക്കളപ്പണിയൊക്കെ വേഗത്തിൽ തീർത്ത് കുളിച്ചൊരുങ്ങി വന്നപ്പോഴും, കെട്ടിയോൻ പുതച്ചു മൂടി കട്ടിലിൽ തന്നെ കിടപ്പുണ്ട്. പതിയെ ചെന്ന് കാലിൽ ഒന്ന് തോണ്ടി വിളിച്ചു.

‘കൊന്നാലും ഞാൻ എണീക്കൂല്ലേടീ ‘ എന്ന മട്ടിൽ ആള് ഒന്നുകൂടി പുതപ്പ് തലയിലേയ്ക്ക് വലിച്ചു മൂടി.

“എന്തൊരു ഉറക്കമാണ് ചേട്ടാ? അമ്പലത്തിൽ പോണ്ടേ?”

ഒച്ച ഒരല്പം ഉയർന്നു പോയോ എന്നൊരു സംശയം. അങ്ങേര് ഞെട്ടിക്കൊണ്ട് തലയുയർത്തി പുതപ്പ് മാറ്റി എന്നെയൊരു നോട്ടം. (പഞ്ചാബി ഹൗസ് സിനിമയിൽ, മ ദ്യപിച്ചു കിടന്നിട്ട്, ദിലീപ് സംസാരിക്കുന്നു എന്ന് തോന്നുമ്പോൾ ഹരിശ്രീ അശോകൻ എഴുന്നേറ്റു നോക്കുന്ന ഒരു നോട്ടമില്ലേ? ഏതാണ്ട് അത് പോലെ !)

ഞാൻ ഒന്ന് വെളുക്കെ ചിരിച്ചു കാണിച്ചു.

“അമ്പലത്തിലോ? ഇന്നോ?ഞായറാഴ്ചയോ? അടുത്ത ശനിയാഴ്ച ആകട്ടെ…. “

ഏതോ സിനിമ ഡയലോഗും പറഞ്ഞ് പിന്നെയും ഉറങ്ങാൻ തുടങ്ങുന്ന മനുഷ്യനെ കണ്ടപ്പോൾ ചപ്പാത്തി കോലെടുത്തു തലയ്ക്കിട്ടൊന്നു കൊടുക്കാനാണ് തോന്നിയത്. പിന്നെ, ഇന്നെന്റെ പിറന്നാൾ ആണല്ലോ, ഗിഫ്റ്റ് കിട്ടേണ്ടതാണല്ലോ, എന്നൊക്കെ ഓർത്തപ്പോൾ അങ്ങ് സഹിച്ചു.

“ഇന്നെന്റെ പിറന്നാളായിട്ട് രാവിലെ അമ്പലത്തിൽ പോകാതിരിക്കാനോ?നിങ്ങൾ അതൊക്കെ മറന്ന് കാണും. എനിക്ക് മറക്കാൻ ഒക്കില്ലലോ? “

കുറച്ചു സെന്റി അടിച്ചാണ് പറഞ്ഞത്.

അത് കേട്ട പാടേ കെട്ടിയോൻ ഹർഡിൽസ് ചാടിക്കടക്കുന്നത് പോലെ പുതപ്പും മാറ്റി, കട്ടിലിൽ നിന്നും ഒരു ചാട്ടവും ചാടി അലമാരയ്ക്ക് അടുത്തേയ്ക്ക് ഓടുന്നത് കണ്ടു.

‘ഓഹോ…കൊച്ചു കള്ളൻ…ഗിഫ്റ്റ് ഒക്കെ നേരത്തെ വാങ്ങി ഒളിച്ചു വച്ചിട്ടുണ്ടല്ലേ? ‘

അങ്ങേരോട് തോന്നിയ ദേഷ്യം ഒക്കെ നിമിഷ നേരം കൊണ്ട് ആവിയായിപ്പോയി.

അലമാരിയുടെ അടുത്തുള്ള മേശവലിപ്പ് തുറന്ന് കാര്യമായിട്ട് എന്തോ തിരയുകയാണ് ആള്. ഈശ്വരാ…റിങ് എന്തോ ആണെന്ന് തോന്നുന്നു. അതാണ്‌ മേശയിൽ വച്ചത്. എന്റെ ഭർത്തു ഇത്രേം റൊമാന്റിക് ആയിരുന്നോ? അങ്ങേരോട് ഒരു മതിപ്പൊക്കെ തോന്നിപ്പോയി.

ആളപ്പോഴും മേശയ്ക്കുള്ളിൽ തിരച്ചിൽ തന്നെ.

ഇപ്പൊ റിംഗുമായിട്ട് എന്റെ അടുത്തേയ്ക്ക് വരും. കൈ പിടിയ്ക്കും. മോതിരവിരലിൽ മോതിരം അണിയിക്കും. കയ്യെടുത്തു ചുംബിയ്ക്കും…എന്നിട്ട് പറയും…

‘ഹാപ്പി ബർത്ത്ഡേ സ്വീറ്റ് ഹാർട്ട്….’

ആഹാ അന്തസ്സ്! എന്താ ഇമേജിനേഷൻ…? എന്നെ സമ്മതിക്കണം. സീരിയലുകൾ കണ്ടു കൂട്ടിയതിന്റെ ഗുണം! ഞാൻ എന്നെത്തന്നെ ഒന്ന് അഭിനന്ദിച്ചു….

എന്തായാലും ഓർത്തപ്പോൾ തന്നെ ഇത്തിരി നാണമൊക്കെ വരുന്നുണ്ട്.

ആള് അടുത്തേയ്ക്ക് വന്നു. കാലിന്റെ പെരുവിരൽ കൊണ്ട് നിലത്ത് രണ്ട് മൂന്ന് വട്ടമൊക്കെ വരച്ച് വ്രീളാവിവശയായി തല കുനിച്ചു നിന്നു…ഇനി അതിന്റ കുറവ് വേണ്ട!

ആള് വന്നെന്റെ കൈ പിടിച്ചു. ഞാൻ മുഖം ഉയർത്തിയില്ല. ഇപ്പൊ മോതിരം ഇടും…ഇപ്പൊ മോതിരം ഇടും….

തേങ്ങ അങ്ങോട്ട് ഉടയ്ക്ക് സാമീ….

എന്റെ മനസ്സാണ്….

ഒന്ന് മിണ്ടാതിരിക്ക് മനസ്സേ….ഇത്രേം റൊമാന്റിക് ആയിട്ട് എന്റെ കെട്ടിയോൻ നിക്കുമ്പോ പറയുന്നത് കേട്ടില്ലേ? ബ്ലെടി ഫൂൾ!

മനസ്സിനേം ചീത്ത വിളിച്ച് അങ്ങനെ നിന്നപ്പോഴുണ്ട് കൈ പിടിച്ചു തുറന്ന്, ഇഷ്ടമില്ലാത്ത കല്യാണത്തിന് പോയിട്ട് താല്പര്യമില്ലാതെ, നൂറിന്റെ നോട്ട് ആരും കാണാതെ കല്യാണപ്പെണ്ണിന്റെ അമ്മേടെ കയ്യിലേയ്ക്ക് തിരുകി വച്ച് കൊടുക്കുന്നത് പോലെ എന്തോ ഒരു സാധനം എന്റെ കൈക്കുള്ളിലേയ്ക്ക് വച്ച് തന്നത്.

“സോറി ടി…ഒന്നും വാങ്ങാൻ പറ്റീല്ലാ…നിനക്ക് ഇഷ്ടമുള്ളത് എന്താന്നു വച്ചാ വാങ്ങിക്കോ….”

എന്നൊരു ഡയലോഗും…

കൈ തുറന്ന് നോക്കിയ ഞാൻ പകച്ചു പോയി!

അതാ എന്റെ കയ്യിലിരുന്നു ചിരിക്കുന്നു…ആരാ? നമ്മുടെ സ്വന്തം ഗാന്ധി അപ്പൂപ്പൻ!

അപ്പൊ നിങ്ങൾ കരുതും രണ്ടായിരത്തിന്റെ നോട്ടിലെ ഗാന്ധിജി ആണെന്ന്. നൂറിന്റെ നോട്ടിലും ഗാന്ധിജി ഉണ്ട് എന്ന കാര്യം നിങ്ങൾ മറന്ന് പോകരുത്!!!!

എന്തൊക്കെ ആയിരുന്നു..? മലപ്പുറം കത്തി.. മെ ഷീൻ ഗണ്ണ്… ഇപ്പൊ റിങ് നോട്ടായി! ഹാ എന്റെ വിധി! കഴിഞ്ഞ പിറന്നാളിന് പത്തു രൂപേടെ മിൽക്കിബാറിന്റെ മിട്ടായി വാങ്ങിത്തന്ന എന്റെ പ്രിയതമനിൽ നിന്നും ഞാൻ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുതായിരുന്നു…എന്റെ തെറ്റാണ്…എന്റെ മാത്രം തെറ്റ്!

എന്തായാലും പുരോഗമനം ഉണ്ട്. ഇനിയിപ്പോ അമ്പലത്തിൽ കൂടെ കൂട്ടാം എന്ന് കരുതി തല ഉയർത്തി നോക്കിയപ്പോഴോ, ആട് നിന്നിടത്ത് പൂട പോലും ഇല്ല…കട്ടിലിലേയ്ക്ക് നോക്കുമ്പോഴുണ്ട് ആള് കട്ടിലിൽ കയറി കിടന്ന് വീണ്ടും പുതപ്പ് തപ്പി എടുക്കുന്നു.

പിറന്നാള് അടുത്ത വർഷോം വരും. പോയ ഉറക്കം പിന്നീട് കിട്ടൂല്ല പോലും.

സ്നേഹനിധിയായ എന്റെ ഭർത്തുവിന്റെ പൂർവികരെയെല്ലാം സ്മരിച്ചു കൊണ്ടാണ് താഴേയ്ക്ക് ഇറങ്ങിയത്. ഇനിയിപ്പോ അമ്പലത്തിലേയ്ക്ക് നടന്ന് പോകേണ്ടി വരുമല്ലോ ഭഗവാനെ എന്ന് കരുതി മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോ കണ്ട കാഴ്ച! മുറ്റത്ത്‌ ഒരു ആക്റ്റീവ…!

നമ്മുടെ ആളിന്റെ ബൈക്ക് വർക്ക്‌ഷോപ്പിൽ ആയതു കൊണ്ട്, അമ്മാവന്റെ മകന്റെ കയ്യിൽ നിന്നും ഓഫീസിൽ പോകാനായി രണ്ട് ദിവസത്തേയ്ക്ക് കടം വാങ്ങിയ മുതലാണ് ആ ഇരിക്കുന്നത്.

എന്നാൽപ്പിന്നെ ഇന്നത്തെ യാത്ര ഇതിൽ തന്നെ ആകട്ടെ. കണ്ട പാടേ അങ്ങോട്ട് ഉറപ്പിച്ചു. ഒരു സ്കൂട്ടി വാങ്ങിത്തരാൻ പറയുമ്പോ, ‘നിനക്ക് അതിന് ആക്സിലേറ്റർ ഏതാ ബ്രെക്ക് ഏതാ എന്ന് അറിയാമോ?’ എന്ന് പുച്ഛിക്കുന്ന ഭർത്തുവിന് മുന്നിലേയ്ക്ക് ആക്റ്റീവയിൽ വന്നിറങ്ങുന്ന രംഗം ആലോചിച്ചപ്പോൾ തന്നെ കുളിര് കോരി. പിന്നെ തിരിഞ്ഞും പിരിഞ്ഞും നോക്കിയില്ല. ചാവിയും എടുത്ത് വണ്ടിയിൽ കയറി അമ്പലത്തിലേയ്ക്ക് വച്ച് പിടിച്ചു.

ഗമയിൽ അങ്ങനെ പോകുമ്പോഴുണ്ട് അതാ റോഡിനു നടുക്ക് എവറസ്റ്റ് കൊടുമുടിയെക്കാൾ ഉയരത്തിൽ ഒരു ബംപ്. ഇതിപ്പോ അപ്പുറത്തൂന്ന് വരുന്ന വണ്ടി പോലും കാണാൻ ഒക്കൂല്ലല്ലോ എന്ന് ഓർത്തെങ്കിലും ആ ഹിമാലയൻ ബംപിനെ നോക്കി ഞാൻ ഒന്ന് പുച്ഛിച്ചു. ഇതും ഇതിനപ്പുറവും ചാടിക്കടന്നവളാണീ പി പി ശാന്ത എന്ന് മനസ്സിൽ കരുതി വണ്ടി അതിന് മുകളിലേയ്ക്ക് കേറ്റിയത് മാത്രം ഓർമ്മയുണ്ട്. ദാ പോണ്…വണ്ടി താഴോട്ടും ഞാൻ ആകാശത്തോട്ടും….!!!

വിളിച്ചത് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്നാണെങ്കിലും, പറന്നത് ഏതാണ്ട് വന്ദനം സിനിമയിൽ ജഗദീഷ് ആകാശത്ത് കൂടെ പറന്നത് പോലെ ആയിരുന്നു. എന്തായാലും ലാൻഡ് ചെയ്‌തത് റോഡിൽ കൂടി പൊയ്ക്കൊണ്ടിരുന്ന ഏതോ ഓട്ടോയുടെ പുറത്തായത് എന്റെ ഭാഗ്യം. അതിന്റെ മുകളിൽ ആണേൽ വിൽപ്പനയ്ക്കായുള്ള മെത്ത കെട്ടി വച്ചിരുന്നു. അത് കൊണ്ട് ശരീരത്തിന് കാര്യമായ കേടുപാടുകൾ ഒന്നും ഉണ്ടായില്ല. ആശ്വാസത്തോടെ ഒന്ന് നിശ്വസിക്കുന്നതിനു മുന്നേ, എന്നെക്കൊണ്ട് അവസാന ശ്വാസം എടുപ്പിച്ചേ അടങ്ങൂ എന്ന മട്ടില് ആ ഓട്ടക്കാരൻ സഡൻ ബ്രെക്ക് ഇട്ടു.

ഞാൻ ഉരുണ്ടു പിരണ്ടു ദേ കിടക്കുന്നു ഓട്ടോയുടെ മുന്നില്. ആ ഓട്ടോക്കാരനേം മനസ്സിൽ ചീത്ത പറഞ്ഞ് കഷ്ടപ്പെട്ട് തല ഉയർത്തി നോക്കുമ്പോഴുണ്ട് ആ ചേട്ടൻ മുന്നിൽ വന്ന് നിന്ന് ആകാശത്തോട്ടും എന്റെ മുഖത്തോട്ടും മാറി മാറി നോക്കുന്നു.

ഈ സാധനം ‘മാനത്തൂന്നെങ്ങാനും വന്നതാണോ’ എന്നാവും….’കല്ല് മഴയെന്ന് കേട്ടിട്ടുണ്ട്. ഇതെന്താ പെണ്ണ് മഴയോ?’ എന്നൊരു ഭാവവുമുണ്ട് അയാളുടെ മുഖത്ത്.

“മിഴിച്ച് നോക്കി നിക്കാതെ ഒന്ന് പിടിച്ച് എഴുന്നേൽപ്പിക്കെടോ….” എന്ന് അയാളോട് പറഞ്ഞതും അയാൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചതും മാത്രം ഓർമ്മയുണ്ട്. കണ്ണ് തുറക്കുമ്പോൾ മൂക്കിലേയ്ക്ക് മരുന്നുകളുടെ മണമാണ് അടിച്ചു കയറിയത്.

ആശുപത്രി ആണോ? തല ചരിച്ചു നോക്കി. അടുത്ത ബെഡിൽ അതാ തല വഴി വെള്ള പുതപ്പിച്ച ഒരു രൂപം.

ദേവ്യേ…..!!! മോർച്ചറി !!!

“ഞാൻ ചത്തേ….എന്റെ കെട്ടിയോൻ ഇനി വേറെ കെട്ടുവേ….” അറിയാതെ നിലവിളിച്ചു പോയി.

അതാ ആ രൂപം തലയിലെ തുണി മാറ്റി എന്നെ തുറിച്ചു നോക്കുന്നു.

“മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല നാശം.”

അയാള് പിറുപിറുത്ത് കൊണ്ട് തിരിഞ്ഞു കിടന്നു.

ഞാൻ ആണേൽ ആകെ ചമ്മി. തല ചരിച്ചു നോക്കിയതോ ഭർത്തുവിന്റെ മുഖത്തും. അവിടെ ആണേൽ കട്ടകലിപ്പ്.

“മ്മ്…എന്താ?”

ആള് ദേഷ്യത്തിലാണ്…

“ഞാൻ കരുതി ഇത് മോർച്ചറി ആണെന്ന്. “

“എന്തെ മോർച്ചറിയിൽ പോണോ?”

ആശുപത്രിയിൽ കിടക്കുന്ന ഭാര്യയോട് ചോദിക്കുന്ന ചോദ്യം?!! എന്റെ ചങ്ക് തകർന്ന് പോയി.

“വോ.. വേണ്ട…..”

ഇല്ലേൽ അങ്ങേരെങ്ങാനും എന്നെ എടുത്ത് മോർച്ചറിയിൽ കൊണ്ട് ഇട്ടാലോ? വിശ്വസിക്കാൻ പറ്റില്ല….അത് കൊണ്ടാ…

“അല്ല ചേട്ടാ…. ആ സ്കൂട്ടർ….?”

എന്തായാലും എന്റെ കാലൊടിഞ്ഞു. ആ സ്കൂട്ടറിനു അംഗഭംഗങ്ങൾ ഒന്നും ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു.

ആള് എന്റെ കൊങ്ങയ്ക്ക് പിടിക്കും എന്ന് കരുതിയതാ…പക്ഷെ, അവിടെ ശാന്ത ഭാവം.

“നീ വന്ദനം സിനിമ കണ്ടിട്ടുണ്ടോ?”

ഞാൻ തലയാട്ടി.

“എന്നാലേ അതില് മോഹൻലാല് സൈക്കിൾ വാരിക്കൂട്ടി കൊണ്ട് പോണത് പോലെ, കിഴക്കേതിലെ ശ്യാം, സ്കൂട്ടറിന്റെ പാർട്സ് ഒക്കെ നുള്ളിപ്പെറുക്കി കേശവേട്ടന്റെ വർക്ക്‌ ഷോപ്പിൽ എത്തിച്ചിട്ടുണ്ടെന്ന് എന്നെ വിളിച്ച് പറഞ്ഞു. ഞാൻ ഇനി പാച്ചുവിനോട് എന്ത്‌ പറയുമോ?”

പാച്ചു എന്ന് പേര് കേട്ടപ്പോ ചിരിക്കണോ കരയണോ എന്നറിയാതെ ഒരു സങ്കടഭാവത്തിൽ ഞാൻ അങ്ങനെ കിടന്നു. ഈ പറഞ്ഞ പാച്ചുവിന്റെയാണേ സ്കൂട്ടർ!

“അല്ല, നിനക്ക് ഫോർ വീലർ ലൈസൻസ് ഇല്ലല്ലോ അല്ലെ?”

“ഇല്ല. എന്തെ?”

“ഒരു കാർ എടുത്താലോ എന്നൊരാലോചനയുണ്ട്. അത് വേണോ വേണ്ടയോ എന്നറിയാനാ…..”

ആളിന്റെ മറുപടി കേട്ട് നിഷ്കു ഭാവത്തിൽ ഞാൻ ഒന്ന് ചിരിച്ചു. ചിലപ്പോഴൊക്കെ മൗനം വിദ്വാന് ഭൂഷണം! അത് കൊണ്ട് കൂടുതൽ ഒന്നും മിണ്ടാൻ പോയില്ല.

ആശുപത്രിയിൽ നിന്നും ഇറങ്ങിയപ്പോ ഭർത്തുവിന് എന്റെ വീട്ടുകാരോട് പെട്ടെന്നൊരു സ്നേഹം.

“എടി… നിന്റെ വീട്ടിലോട്ട് പോയിട്ട് കുറച്ചായില്ലേ? അവരെന്തു കരുതും? നമുക്ക് അങ്ങോട്ട് പോയാലോ? “

ഞാൻ പുള്ളിക്കാരനെ അടിമുടി ഒന്ന് നോക്കി.

“അച്ഛനും അമ്മേം തമ്മിലുള്ള പിണക്കം മാറീല്ല അല്ലെ? “

“ഇല്ല..”

പുള്ളിക്കാരൻ മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഒരിളി.

“അത് പറ..വെറുതെ അല്ല എന്റെ വീട്ടുകാരോട് പെട്ടെന്നൊരു സ്നേഹം…”

സംഗതി എന്താണെന്ന് വച്ചാൽ, ഇന്നലെ രാത്രി അമ്മായി, ആളിന്റെ അച്ഛനുമായിട്ട് ഒന്ന് ഉടക്കി. കാരണം ചോദിച്ചാൽ അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നുമില്ല. ഉടക്കി. അത്ര തന്നെ!

അതിലെ തമാശ എന്താണെന്ന് വച്ചാൽ, അച്ഛനോട് വഴക്ക് ഉണ്ടാക്കുന്നതും അച്ഛനെ ചീത്ത പറയുന്നതും അമ്മ തന്നെയാണ്. എന്നിട്ട് അമ്മ തന്നെ പിണങ്ങി ഇരിക്കുകേം ചെയ്യും. എന്താ അല്ലെ?

അങ്ങനെ അടിയുണ്ടാക്കുന്ന ദിവസങ്ങളിൽ എല്ലാം അമ്മായി നിരാഹാരമാണ്. ഒന്നും കഴിക്കില്ല എന്ന് മാത്രമല്ല അടുക്കളയിൽ പോലും കേറില്ല. ഇന്നിപ്പോ എനിക്കും കാല് വയ്യാത്ത സ്ഥിതിയ്ക്ക് വീട്ടിൽ പോയാൽ പട്ടിണി ആവൂല്ലോ? അതാണ്‌ എന്റെ വീട്ടുകാരോട് ഇത്ര സ്നേഹം…കാര്യം എന്തായാലും എന്റെ വീട്ടിൽ പോയാൽ പണിയും ചെയ്യണ്ട, അമ്മ ഉണ്ടാക്കുന്ന സദ്യേം കഴിക്കാം, വീട്ടുകാരെ കാണുകേം ചെയ്യാം. അത് കൊണ്ട് നേരെ വീട്ടിലേയ്ക്ക് വച്ച് പിടിച്ചു.

അവിടെ ചെല്ലുമ്പോഴുണ്ട് ചേച്ചിയും ചേട്ടായിയും ഒക്കെ വന്നിട്ടുണ്ട്. എല്ലാർക്കും ഒരോ സലാം കൊടുത്ത് നമ്മൾ നമ്മുടെ കൃത്യ നിർവഹണത്തിലേയ്ക്ക് കടന്നു.

എന്താ? ഉറക്കം…അത് തന്നെ….

മുടന്തി മുടന്തി എന്റെ കട്ടിലിൽ പോയി നോക്കിയപ്പോഴുണ്ട് അതാ കിടക്കുന്നു കുട്ടാപ്പി…ചേച്ചിടെ മോൻ..രണ്ടര വയസ്സുകാരൻ! അവനെ ഒരു വശത്തോട്ട് മാറ്റി കിടത്തി ഞാനും കിടന്നു. കിടന്ന പാടേ ഉറങ്ങിപ്പോയി.

പിന്നെ കണ്ണു തുറക്കുന്നത് കുട്ടാപ്പിയുടെ നിലവിളി കേട്ടിട്ടാണ്. ചെക്കൻ കട്ടിലിൽ എഴുന്നേറ്റിരുന്നു ഉറക്കെ കരയുകയാണ്. എന്തൊക്കെ പറഞ്ഞിട്ടും അടങ്ങുന്നില്ല. കാറി കൂവി വിളിയാണ്.

ചേച്ചി എവിടുന്നോ ഓടിപ്പാഞ്ഞു വന്ന് കൊച്ചിനെ കയ്യിൽ എടുത്ത് കാര്യം ചോദിച്ചപ്പോ പറയുവാ…. “കുത്തിച്ചാത്തൻ..കുത്താപ്പിയേ പിച്ചാൻ വന്ന്….കുത്തിചാത്തൻ…. “

ഹൊ…പേടിച്ചു പോയി…കൊച്ച് കളിക്കുടുക്കയിലെ ലുട്ടാപ്പിക്കഥയും കേട്ട് കിടന്നിട്ട് സ്വപ്നം കണ്ടതോ മാറ്റോ ആണ്. ഒന്ന് ദീർഘ നിശ്വാസം എടുത്ത് നിൽക്കുമ്പോഴുണ്ട് ചേച്ചി എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നു.

“നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് മേക്കപ്പ് ഇടാതെ കൊച്ചിന്റെ കൂടെ വന്ന് കിടന്ന് ഉറങ്ങല്ലേന്ന്….ഇത് ഇപ്പൊ എത്രാമത്തെ തവണയാ?”

പിന്നെ കൊച്ചിനെ നോക്കി ഒരു പറച്ചിലും…

“അത് കുട്ടിച്ചാത്തൻ അല്ലടാ മക്കളെ…നിന്റെ കുഞ്ഞ അല്ലെ? കരയണ്ട കേട്ടോ…”

എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു വന്നതാണ്. നല്ലത് രണ്ട് പറയാൻ തുടങ്ങുമ്പോഴുണ്ട് പൊടികുപ്പീടെ വക ഡയലോഗ്…

“പയ്യുമ്പോലെ അത് കുത്തിചാത്തൻ അല്ലല്ലോ..കുഞ്ഞ അല്ലെ….” കൂടെ ഒരു കള്ള ചിരിയും….

പകച്ചു പോയി എന്റെ യൗവനം…!!!

പിന്നെ, കൊച്ചിനേം കുറ്റം പറയാൻ ഒക്കില്ല..കഴിഞ്ഞ തവണ ഇവന്റെ കൂടെ ഞാൻ ഉറങ്ങാൻ കിടന്നപ്പോഴും അവൻ ഇതേ സ്വപ്നം ആണ് കണ്ടത്. അന്നും ഇങ്ങനെ നിലവിളിച്ചത് ഞാൻ വല്ലാതെ ഓർക്കുന്നു.

ഇനി എന്നെക്കണ്ട് കുന്തം ആണെന്ന് വല്ലോം കരുതിയിട്ട് ലുട്ടാപ്പി എങ്ങാനും വരുന്നതാണോ ആവോ?

എന്നെ നോക്കി ഒരാക്കിയ ചിരിയും ചിരിച്ചു ചേച്ചി കൊച്ചിനേം എടുത്തോണ്ട് പോയപ്പോ ചമ്മിയതിന്റെ ക്ഷീണം തീർക്കാൻ ഞാൻ ഒന്നൂടെ കേറി കിടന്ന് ഉറങ്ങി. അല്ല പിന്നെ…നമ്മളോടാ കളി!

ഉച്ചയ്ക്ക് നല്ല അടിപൊളി സദ്യ ഒക്കെ കഴിച്ച് പിന്നേം ഉറങ്ങി. വീട്ടിൽ നിന്നും ഇറങ്ങുമ്പോ വൈകിട്ട് ആറ് മണിയൊക്കെ ആയിരുന്നു. രാത്രിയിലേയ്ക്ക് ഉള്ളത് കൂടി ഹോട്ടലിൽ നിന്നും വാങ്ങിക്കൊണ്ടാണ് പോയത്. അത് കൊണ്ട് അമ്മായിയുടെ സമരം അവസാനിച്ചിട്ടില്ല എന്ന് ഞാൻ ഊഹിച്ചു.

അവർക്കൊക്കെ ചപ്പാത്തീം ചിക്കനും…എനിക്ക് മസാല ദോശയും…പിറന്നാളുകാര് നോൺവെജ് കഴിക്കാൻ പാടില്ലാത്രേ! ‘നിങ്ങൾക്ക് പിറന്നാൾ ശാപം കിട്ടും ദുഷ്ടാ’ എന്ന് മനസ്സിൽ പ്രാകി എങ്കിലും, മസാല ദോശ എന്റെ ഇഷ്ടഭക്ഷണം ആയതു കൊണ്ടും ചപ്പാത്തി അത്ര ഇഷ്ടമില്ലാത്തത് കൊണ്ടും കെട്ടിയോനെ വെറുതെ വിട്ടു. ഒപ്പം ആരും അറിയാതെ മസാല ദോശ, ചിക്കൻ ഫ്രൈ കോമ്പിനേഷൻ ഇന്ന് ഒന്ന് ട്രൈ ചെയ്യണം എന്ന് മനസ്സിൽ ഓർക്കുകയും ചെയ്തു.

***************

അമ്മായി നിരാഹാര സമരം അവസാനിപ്പിക്കാത്തത് കൊണ്ട് ആൾക്ക് വാങ്ങിയ ചപ്പാത്തിയും ചിക്കനും ബാക്കിയായി. അതിനെ എടുത്തു ഫ്രിഡ്ജിൽ വച്ചിട്ടാണ് മുറിയിലേയ്ക്ക് വന്നത്. പതിവ് പോലെ കിടന്ന പാടേ ഭർത്തു ഉറക്കമായി. ഒരു പിറന്നാൾ മുഴുവൻ ഉറങ്ങി തീർത്തത് കൊണ്ടാവും എനിക്ക് ഉറക്കമേ വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലാണ് മിന്നായം പോലെ ഒരു ചിന്ത മനസ്സിലൂടെ കടന്ന് പോയത്.

ഗ്യാസ് ഓഫ് ആക്കാൻ ഞാൻ മറന്നിരിക്കുന്നു…..

ഈശ്വരാ….ഇനിയിപ്പോ അടുക്കളയിലേയ്ക്ക് പോണോല്ലോ? ഒന്നാമത് കാല് വയ്യ, രണ്ടാമത് ഈ പ്രേ തങ്ങളെ ഒന്നും എനിക്ക് പണ്ടേ ഇഷ്ടമല്ല. പേടിയൊന്നും അല്ല…. എന്തോ എനിക്ക് ഇഷ്ടമല്ല….! വൃത്തികെട്ട ജന്തുക്കൾ! ഇരുട്ടത്ത് പോണ വഴിയിൽ വല്ല പ്രേതത്തിനേം കണ്ടാൽ???!!!! റിസ്ക് എടുക്കണ്ട…ആളിനെ പറഞ്ഞു വിടാം…

ഞാൻ ഒന്ന് പതുക്കെ തോണ്ടി വിളിച്ചു. എവിടെ?? പോ ത്ത് കുത്തിയാൽ പോലും എണീക്കൂല്ല എന്ന മട്ടിൽ ഉറക്കത്തോട് ഉറക്കം. ‘ ശൂ… ശൂ….’പതുക്കെ വിളിച്ച് നോക്കി….രക്ഷയില്ല….ഇങ്ങേരുടെ മേത്ത് കുംഭകർണന്റെ പ്രേതമോ മാറ്റോ കേറിയതാണ്….! ദേഷ്യത്തോടെ ഓർത്തു. നിവർത്തി കെട്ടപ്പോ കയ്യിൽ ഒരു ചെറിയ അടി വച്ച് കൊടുത്തു.

“ഹണി….പതിയെ…വേദനിച്ചു…. ” കണവൻ കൊഞ്ചുന്നു…

അയ്യടാ മനമേ… ഏതോ പെണ്ണിനേം സ്വപ്നം കണ്ടു കൊടക്കുവാ……ചുമ്മാതല്ല വിളിച്ചിട്ട് എഴുന്നേൽക്കാത്തത്. കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമായി. നമ്മളെ എടി പോടി എന്നല്ലാതെ വിളിച്ചിട്ടില്ല. ഇത് ഓഫീസിലെ അക്കൗണ്ടന്റ് കെ പി കുസുമം തന്നെ….!

ഹണി പോലും…! നിങ്ങക്കുള്ള പണി ഞാൻ നാളെ താരാട്ടാ.

മനസ്സിൽ പത്തു ചീത്തയും പറഞ്ഞു കയ്യിൽ ഒരു അടി കൂടി കൊടുത്ത് പതിയെ എഴുന്നേറ്റു….

ഞൊണ്ടി ഞൊണ്ടി മുറിക്ക് പുറത്തിറങ്ങി…ചുറ്റിനും കുറ്റാകുറ്റിരുട്ട്!

🎶ഏകാന്തതയുടെ അപാരം തീരം….ഏകാന്തതയുടെ അപാ…ര…. തീരം….🎶

എന്റെ മനസാണ്…

അല്ലെങ്കിലും മനുഷ്യൻ ഒറ്റയ്ക്കുള്ളപ്പോ അതിന് ഇങ്ങനത്തെ പാട്ടൊക്കേ വരൂ….വൃത്തികെട്ട മനസ്സ്…! മനുഷ്യനെ പേടിപ്പിക്കാൻ…

എങ്ങനെയൊക്കെയോ ഡൈനിങ് റൂമിൽ എത്തി. സ്വിച്ച് ഇടാൻ തുടങ്ങിയപ്പോഴാണ് എലി കരളുന്നത് പോലെ ഒരു ശബ്ദം….ഞെട്ടി… ഞാൻ നന്നായിട്ട് ഞെട്ടി….!

വിറച്ചു വിറച്ചു ചുറ്റിനും നോക്കി. ജനാല കർട്ടൻ ഒക്കെ കഴുകാൻ ഇട്ടത് കൊണ്ട് മുറിയ്ക്കുള്ളിൽ നിലാവിന്റെ അരണ്ട വെളിച്ചമുണ്ട്. ഞാൻ നോക്കുമ്പോ അതാ ഫ്രിഡ്ജിനടുത്ത് കരിമ്പടം മൂടിയ ഒരു രൂപം! ഇനി പ്രേതം എങ്ങാനും ആണോ? ഓർത്തപ്പോ തന്നെ അടിമുടി ഒരു വിറയൽ കടന്ന് പോയി.

‘പോവല്ലേ.. പോവല്ലേ….’

നോക്കണ്ട…! ഞാൻ ആകെക്കൂടെ ഉള്ള ഒരിത്തിരി ബോധത്തിനോട് പറഞ്ഞതാ.. അതൂടെ പോയാൽ എന്നെ ആ പ്രേ തം എങ്ങാനും പിടിച്ചു തിന്നാലോ?!

മൂക്ക് വിടർത്തി ഒന്ന് മണം പിടിച്ചു. നല്ല പൊരിച്ച ചിക്കന്റെ മണം…പ്രേ തം ചിക്കൻ കഴിക്കുമോ? പ്രേ തവും ചത്തത്. ചിക്കനും ചത്തത്…സാധ്യത ഇല്ലാതില്ല….

എന്നാലും, കണ്ടിട്ടുള്ള സിനിമകളിൽ ഒന്നും പ്രേതം ആഹാരം കഴിക്കുന്നത് കണ്ടിട്ടില്ലാലോ….അപ്പൊ ഇനി വല്ല കള്ളനും ആകുമോ? അത് തന്നെ….കക്കാൻ കേറിയപ്പോ വിശന്നു കാണും. ഫ്രിഡ്ജിൽ ഇരുന്ന ചപ്പാത്തിയും ചിക്കനും തട്ടുകയാണ് കള്ളൻ.

മ്മടെ ഭർത്തുവിനെ വിളിച്ചാലോ? അല്ലേൽ വേണ്ട. പുള്ളിക്കാരന് അല്ലെങ്കിലേ എന്നെ കളിയാക്കലാണ് പണി…ഇനി ഞാൻ എങ്ങാനും ആളിനെ വിളിക്കാൻ പോകുമ്പോ കള്ളൻ രക്ഷപെട്ടാൽ ഞാൻ വല്ല നിഴലും കണ്ട് പേടിച്ചതാണെന്ന് പറഞ്ഞു കളയും.വേണ്ട…ഞാൻ തന്നെ പിടിക്കാം. ഈ കള്ളനെ പിടിച്ച് ഭർത്തുവിന്റെ മുന്നിൽ എന്റെ ധൈര്യം തെളിയിക്കണം.

മനസ്സിൽ ഉറപ്പിച്ചു.

കള്ളൻ പുറം തിരിഞ്ഞു നിൽപ്പാണ്. വല്ല വടിയോ മാറ്റോ കിട്ടിയാൽ പിറകിലൂടെ പോയി തലയ്ക്കടിയ്ക്കാം. വെറുതെ കൈ കൊണ്ട് ഡൈനിങ് ടേബിളിന് പുറത്തൊക്കെ പരതി. കയ്യിൽ എന്തോ തടഞ്ഞു. ചപ്പാത്തിക്കോല്!

ഇതാരപ്പാ ഇവിടെ കൊണ്ട് വച്ചത്? ഇനി അമ്മായി എങ്ങാനും അമ്മാവനെ തല്ലാൻ എടുത്തതായിരിക്കുമോ? ആ….അത് എന്തെങ്കിലും ആകട്ടെ. നമുക്ക് കാര്യം നടന്നാൽ മതി.

പതുക്കെ മുന്നിലോട്ട് നടന്നു തുടങ്ങിയപ്പോ പിന്നേം ഒരു സംശയം…അടുത്ത് ചെല്ലുമ്പോ കള്ളൻ എങ്ങാനും തിരിഞ്ഞാൽ? എന്നെ കണ്ടാൽ…അയാളുടെ കയ്യിൽ കത്തീം തോക്കും ഒക്കെ കാണും. വേണ്ട…ഞാൻ തട്ടിപ്പോയാൽ അയാൾ ആ കുസുമത്തെ കെട്ടും..അങ്ങനിപ്പോ സുഖിക്കണ്ട!

ഒരു പുതപ്പോ മാറ്റോ കിട്ടിയാൽ പിറകിലൂടെ ചെന്ന് തലവഴി മൂടാം…എന്നിട്ട് തല മണ്ടയ്ക്കിട്ട് കൊടുക്കാം. അതാണ്‌ നല്ലത്….ഡൈനിങ് റൂമിന് അടുത്താണ് ഗസ്റ്റ് റൂം. അത് പൂട്ടാറില്ല. പതുങ്ങി ചെന്ന് പതിയെ തള്ളി നോക്കി. കതക് തുറന്നു. ഇരുട്ടിൽ തപ്പി ബെഡ് കണ്ടു പിടിച്ചു. ഷീറ്റിന്റെ തുമ്പിൽ പിടിച്ചു ഒരു വലി കൊടുത്തു. എന്തോ ഒരു സാധനം ‘പൊത്തോ’ എന്ന ശബ്ദത്തോടെ തറയിൽ വീണു. ഞാൻ പിന്നേം ഞെട്ടി…കട്ടിലിന്റെ മോളിൽ ഇതിപ്പോ എന്താ കിടന്നത്? കുറച്ചു നേരം ചെവി വട്ടം പിടിച്ചു. അനക്കം ഒന്നും ഇല്ല.

ആലോചിച്ച് നിൽക്കാൻ നേരം ഇല്ലാത്തത് കൊണ്ട് ഷീറ്റും എടുത്തു പുറത്തേക്കിറങ്ങി. പതുങ്ങി പതുങ്ങി ആ രൂപത്തിന് പിറകിലേയ്ക്ക് ചെന്നു. അവിടെ അപ്പോഴും കാര്യമായി ചിക്കനുമായി പിടിവലി നടക്കുകയാണ്. പിന്നെ ഒന്നും നോക്കിയില്ല. ഷീറ്റ് കള്ളന്റെ തലവഴി മൂടി കയ്യിലെ ചപ്പാത്തിക്കോല് കൊണ്ട് തലയ്ക്കു തന്നെ ഒരടി വച്ച് കൊടുത്തു. കള്ളൻ, വെട്ടി ഇട്ട വാഴ പോലെ ദാ കിടക്കുന്നു താഴെ. പാവം ഒന്ന് നിലവിളിച്ചത് പോലും ഇല്ല….

“ഞാൻ കള്ളനെ പിടിച്ചേ…ഞാൻ കള്ളനെ പിടിച്ചേ…..”

അവിടെ നിന്ന് ഉറക്കെ വിളിച്ച് കൂവി.

മൂന്നാലു വട്ടം കൂവി കഴിഞ്ഞപ്പോൾ എന്റെ ആള് കണ്ണും തിരുമ്മി എണീറ്റ് വന്നു.

“എന്താടി…?”

ഉറക്കം പോയതിന്റെ ദേഷ്യം നല്ലോണം ഉണ്ട്. ഞാൻ മൈൻഡ് ആക്കിയില്ല.

സംഭവം വിശദമായി വിവരിച്ചു.

ആള് എന്നെ അതിശയഭാവത്തിൽ ഒരു നോട്ടം…ഞാൻ ആണേൽ ഒരു പത്തടി പൊങ്ങി നിക്കുവാണ്.

ബോധം കെട്ട് കിടക്കുന്ന കള്ളന്റെ അടുത്തേയ്ക്ക് ആള് വരാൻ തുടങ്ങുമ്പോഴാണ് ഗസ്റ്റ് റൂമിന്റെ വാതിൽ തുറന്ന് നടുവും തിരുമ്മി അച്ഛൻ പുറത്തേയ്ക്ക് വന്നത്.

“അച്ഛനിത് എന്നാ പറ്റി?” ഭർത്തു ആണ് ചോദിച്ചത്.

‘അച്ഛൻ എങ്ങനെ ആ റൂമിൽ എത്തി’ എന്ന ചോദ്യമായിരുന്നു എന്റെ മനസ്സിൽ.

“ഹാ…ഒന്നും പറയണ്ടടാ…പിണങ്ങുന്ന ദിവസങ്ങളിൽ എല്ലാം നിന്റെ അമ്മ എന്നെ മുറീന്ന് പുറത്താക്കും. അപ്പഴൊക്കെ ഞാൻ ഇവിടാ കിടക്കാറ്. ഇന്ന് ആരാണ്ട് എന്നെ ഉറക്കത്തിൽ കട്ടിലേന്ന് ഉരുട്ടി ഇട്ട്. ഇടയ്ക്കൊക്കെ നിന്റെ അമ്മ സ്വപ്നം കണ്ടിട്ട് ഇങ്ങനെ ചവിട്ടി താഴെ ഇടാറുണ്ട്…അങ്ങനെ ആകുമെന്ന് കരുതി ഞാൻ വീണിടത്തു തന്നെ കിടന്നങ്ങ് ഉറങ്ങി. എണീറ്റാൽ എന്റെ ഉറക്കം പോയാലോ? ഇപ്പോഴാ ഓർത്തത് ഞാൻ വേറെ മുറിയയിൽ ആണലോ കിടന്നത് എന്ന്. എങ്ങനെ ആണാവോ ഞാൻ താഴെ എത്തിയത്? “

ആള് ഒന്നും മനസിലാകാത്തത് പോലെ തലയും ചൊറിഞ്ഞു നിന്ന് പറയുന്നുണ്ട്.

അപ്പൊ ഞാൻ കേട്ട ‘പൊത്തോ’ ഈ സാധനം വീണതിന്റെ ആയിരുന്നു അല്ലെ? എന്തായാലും ഉറക്കത്തിന്റെ കാര്യത്തിൽ മോന്റെ അച്ഛൻ തന്നെ.

ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ അങ്ങനെ നിന്നു.

അച്ഛൻ പറഞ്ഞതൊക്കെ കേട്ട് ഒന്ന് മൂളിയിട്ട് ആള് കള്ളന്റെ അടുത്തേയ്ക്ക്  ചെന്ന് പുതപ്പ് മാറ്റി.

ആ മുഖത്തേയ്ക്ക് ഞാൻ ഒന്നേ നോക്കിയുള്ളൂ. ദേ തറയിൽ കിടക്കുന്നു ‘പാണ്ടി ലോറി കയറിയ തവളയെ’ കണക്ക് നമ്മുടെ അമ്മായിയമ്മ!വായിൽ മുഴുവനും ചപ്പാത്തിയും ചിക്കനും കുത്തി നിറച്ച് വച്ചിട്ടുണ്. അതാവും അടി കിട്ടീട്ടും ഒരു നിലവിളി പോലും കേൾക്കാത്തത്. അതിൻ്റെ ഒപ്പം കുത്തിക്കേറ്റിയ ഒരു ചിക്കൻ കാലിൻ്റെ എല്ലാണേൽ യ ക്ഷീടെ കോമ്പല്ല് കണക്കെ വായിൽ നിന്നും വെളിയിലോട്ട് തള്ളി നിൽക്കുന്നുമുണ്ട്.

തലയിൽ എന്തോന്നാ കുത്തബ്മിനാറോ?! ഒന്നൂടെ സൂക്ഷിച്ചു നോക്കി. അല്ലല്ല…ഞാൻ ചപ്പാത്തിക്കോലിട്ട് കൊടുത്തിടത്തു മുഴച്ച് നിൽക്കുന്നതാണ്.

എല്ലാം കൊണ്ടും ആ കിടപ്പ് കണ്ട് എനിക്ക് തൃപ്തിയായി!

കെട്ടിയോനെ നോക്കുമ്പോ എന്നെ ഇപ്പൊ കൊ ല്ലും എന്ന മട്ടിലാണ് നിൽപ്പ്.

‘ഇത് അമ്മയാണെന്ന് ഞാൻ അറിഞ്ഞോ?’ എന്ന മട്ടിൽ ഞാനും നിന്നു.

അപ്പോഴുണ്ട് അച്ഛൻ കമിഴ്ന്നു കിടന്ന് അമ്മേടെ മുഖത്ത് കാര്യമായിട്ട് എന്തോ തിരയുന്നു.

“അച്ഛൻ ഇത് എന്നാ ചെയ്യുവാ?”

ആളിന് ദേഷ്യം.

“അത് പിന്നെ…എടാ…ഇതിപ്പോ ഒരു കൊമ്പും ഒരു തേറ്റയും അല്ലെ ഉള്ളൂ..നിന്റെ അമ്മേടെ സ്വഭാവം വച്ച് രണ്ട് കൊമ്പും രണ്ട് തേറ്റയും കാണണ്ടെ?”

അച്ഛന്റെ നിഷ്കു ഭാവത്തിലുള്ള ചോദ്യം കേട്ടപ്പോ സത്യത്തിൽ എനിക്ക് ചിരി പൊട്ടി. പിന്നെ ചിരിച്ചാൽ എനിക്കിട്ട് പൊട്ടും എന്നറിയുന്നത് കൊണ്ട് മിണ്ടിയില്ല.

“നോക്കി നിക്കാതെ വന്ന് പിടിക്കെടി…”

കേട്ട പാടേ ഞാനും ചെന്നു അമ്മേ പിടിക്കാൻ. അതിന് മുൻപ് കയ്യിലെ ചപ്പാത്തി കോല് ഡൈനിങ് ടേബിളിന് പുറത്ത് വച്ചപ്പോഴാണ് അച്ഛന്റെ അടുത്ത ഡയലോഗ്.

“ഇത് ഞാൻ അപ്പൊ ഇന്ന് പാറ്റയെ കൊ ന്നിട്ട് അടുക്കളേൽ കൊണ്ട് വച്ചില്ലായിരുന്നോ? “

ഞാൻ അച്ഛനെ അന്തംവിട്ട് നോക്കി.

“പാറ്റേ കൊ ന്നെന്നോ? ചപ്പാത്തി കോലിട്ടോ?”

“ആ…അതിനെന്താ? ഇന്നലെ ചിലന്തിയെ കൊന്നതും മിനിയാന്ന് ആ കുഞ്ഞ് അട്ടയെ കൊന്നതും ഇതിട്ട് തന്നാ….”

അടിപൊളി….മിനിയാന്ന് കഴുകി വച്ചതാണല്ലോ എന്നോർത്തിട്ടാണല്ലോ ഭഗവാനെ ഞാൻ ഇത് ഇന്നലെ കഴുകുക പോലും ചെയ്യാതെ ചപ്പാത്തി പരത്താൻ എടുത്തത്?

കണ്ണിന് മുൻപിൽ ചപ്പാത്തിയിൽ കൂടി ഒരു ചിലന്തി ഇഴഞ്ഞു പോയി. ബ്ളാഹ്….!

ബുദ്ധി മാത്രമല്ല ബോധോം ഇല്ലാ ല്ലേ? എന്ന ഭാവത്തിൽ ഭർത്തുനെ നോക്കിയപ്പോ അവിടെ ദയനീയ ഭാവം. പിന്നെ ഒന്നും മിണ്ടിയില്ല. ഞാൻ മാത്രം അല്ലല്ലോ, ആ ചപ്പാത്തി എല്ലാരും കഴിച്ചില്ലേ എന്നോർത്ത് ആശ്വസിച്ചു.

ഞങ്ങൾ മൂന്നും ചേർന്ന് അമ്മയെ എങ്ങനെ ഒക്കെയോ പൊക്കിയെടുത്ത് മുറിയിൽ കൊണ്ട് കിടത്തി. ഇച്ചിരി വെള്ളമൊക്കെ കുടഞ്ഞപ്പോ അമ്മയ്ക്ക് ബോധം വന്നു. ചപ്പാത്തി കട്ട് കഴിച്ചത് കയ്യോടെ പിടിച്ചതിലെ ചമ്മൽ കൊണ്ടാകും അമ്മ മൗന വൃതത്തിൽ ആയിരുന്നു. അത്കൊണ്ട് ഞാൻ രക്ഷപെട്ടു.

ഞങ്ങള് മുറിയിൽ നിന്ന് ഇറങ്ങുമ്പോഴും അച്ഛൻ അമ്മേടെ മുഖത്ത് തന്നെ സൂക്ഷിച്ചു നോക്കി ഇരിക്കുന്നത് കണ്ടു. കാണാതെ പോയ കൊമ്പും തേറ്റയും അന്വേഷിക്കുന്നതാകണം……!!!

വന്ന് കിടന്നപ്പോഴാണ് പിന്നെയും ഓർത്തത്…ഗ്യാസ് ആണയ്ക്കാൻ പിന്നേം മറന്നിരിക്കുന്നു. ഇനിയിപ്പോ എണീക്കാൻ വയ്യ. അമ്മായി എങ്ങാനും വിശപ്പ് തീരാഞ്ഞിട്ട് വീണ്ടും വന്നാലോ? അത് കൊണ്ട് തലവഴി പുതപ്പിട്ട് മൂടി കിടന്ന് അങ്ങ് ഉറങ്ങി. ഉറങ്ങും മുൻപ് ഞാൻ ഓർക്കാതിരുന്നില്ല….

‘എന്നാലും ഇത് ഒരു ഒന്നൊന്നര പിറന്നാൾ ആയിപ്പോയി !!!!’

അവസാനിച്ചു

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം.

തമാശക്കഥ എഴുതാൻ ഒന്നും അറിയില്ല. വെറുതെ എഴുതി നോക്കിയതാണ്. വായിച്ചിട്ട് അഭിപ്രായം നിങ്ങൾ തന്നെ പറയൂ…