ജീവിതം പഠിപ്പിച്ച ചില പാഠങ്ങൾ…
Story written by Aparana Dwithy
==================
“ഇനി നി മനുവിനെ ശല്ല്യം ചെയ്യരുത്, ഞങ്ങളുടെ മകന് ഒരു തെറ്റ് പറ്റി അതവൻ തിരുത്താനും തയ്യാറാണ്. “
മനുവിന്റെ അമ്മയുടെ വാക്കുകൾ നെഞ്ചിലേക്ക് തറച്ചു കയറിയപ്പോളും പതറിയില്ല. ഞാൻ മനുവിന്റെ മുഖത്തേക്ക് നോക്കി എന്തോ വലിയ അപരാധം ചെയ്തപോലെ തലകുനിച്ചു നിൽക്കുവായിരുന്നു അവൻ.
‘എന്താ മനുവിന്റെ തീരുമാനം ‘ ശബ്ദമൊട്ടും ഇടറാതെ തന്നെ ഞാൻ ചോദിച്ചു.
“ഞങ്ങളുടെ തീരുമാനം തന്നെയാണ് അവന്റേതും” മറുപടി അമ്മയുടേതായിരുന്നു.
“അല്ലെങ്കിലും ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നു കയറാൻ തക്ക എന്ത് യോഗ്യതയാണ് നിനക്കുള്ളത്. വിയർപ്പിലും ചെളിയിലും കിടന്ന് വളർന്നു കുടുംബത്തിൽ പിറന്ന ആൺപിള്ളേരെ വളയ്ക്കാൻ ഇറങ്ങിക്കോളും ഓരോന്ന്. ഇതിന്റെയൊക്കെ വീട്ടിൽ ഉള്ളവരെ പറഞ്ഞാൽ മതിയല്ലോ. “
ദേഷ്യവും സങ്കടവും അടക്കിപ്പിടിച്ചു ഞാൻ മൗനം പാലിച്ചു.
“എടി എന്റെ മോന് നല്ലൊരു വിവാഹാലോചന വന്നിട്ടുണ്ട്. അതിനെങ്ങാനും തടസം നിൽക്കാൻ വന്നാലുണ്ടല്ലോ….കാശ് വല്ലതും വേണേൽ പറഞ്ഞാൽ മതി ” ആ സ്ത്രീ തുടർന്നു.
‘നിങ്ങളുടെ മകന്റെ കാശ് കണ്ടിട്ടൊന്നുമല്ല ഞാൻ അയാളെ ഇഷ്ടപെട്ടത്. ‘
“പിന്നെ എന്തായിരുന്നെടി നിന്റെ ഉദ്ദേശം? “
പുറത്തേക്കൊഴുകാൻ വെമ്പി നിൽക്കുന്ന കണ്ണുനീരിനെ പാടുപെട്ട് പിടിച്ചുനിർത്തി ഞാൻ ആ വീടിന്റെ പടിയിറങ്ങി.
ഗേറ്റ് കടന്നപ്പോൾ പിടിച്ചു നിർത്തിയ സങ്കടമത്രയും അണപൊട്ടിയൊഴുകി.
‘ഇല്ല…..ഇനി കരയരുത് മീര. അവനു വേണ്ടി നീയൊഴുക്കുന്ന അവസാനത്തെ കണ്ണീരാവണം ഇത്. നിനക്ക് ഇനിയുമുണ്ട് ജീവിത ലക്ഷ്യങ്ങൾ. തന്നെ വിശ്വസിച്ചു കഴിയുന്ന രണ്ടുപേരുണ്ട് വീട്ടിൽ അവർക്ക് വേണ്ടി നീ വാശിയോടെ ജീവിക്കണം.’ സ്വയം മനസ്സിനെ പറഞ്ഞാശ്വസിപ്പിച്ചു ഒരു യന്ത്രത്തെ പോലെ അവൾ വീട്ടിലേക്കു നടന്നു.
മനസ്സിൽ മുഴുവനും അവന്റെ ഓർമകളായിരുന്നു. താനായിരുന്നില്ല പിറകെ നടന്നതും ഇഷ്ട്ടം പറഞ്ഞതുമൊന്നും. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും നിരന്തരമുള്ള അവന്റെ അഭ്യർത്ഥനയെ തുടർന്ന് അവനെ ഇഷ്ട്ടപെടുകയായിരുന്നു. അന്ന് തന്നെ തന്റെ വീടിനെ കുറിച്ചും, വളർന്ന സാഹചര്യത്തെ കുറിച്ചും തുറന്നു പറഞ്ഞതുമാണ്.
“എനിക്ക് പൊന്നും പണവും ഒന്നും വേണ്ടാ, എന്നെ സ്നേഹിക്കുന്ന ഒരു മനസ്സുണ്ടായാൽ മാത്രം മതി എന്ന അവന്റെ മറുപടി എന്നെ എത്രമാത്രം സന്തോഷിപ്പിച്ചിരുന്നു. എന്നിട്ടും……
അച്ഛൻ പലപ്പോഴും പറയാറുണ്ട്, ‘ആരെയും ഒരുപാടങ്ങു വിശ്വസിക്കരുത്, പലരും അവരുടെ നല്ല വശങ്ങൾ മാത്രമേ നമ്മുടെ മുന്നിൽ തുറന്നു കാണിക്കുകയുള്ളുവെന്ന്…’
ശരിയാണ്…..താനാണിവിടെ തെറ്റുകാരി, വിശ്വസിക്കരുതായിരുന്നു…….
വീടെത്തുമ്പോൾ അച്ഛനും അമ്മയും കോലായിൽ തന്നെയുണ്ടായിരുന്നു.
“ആഹാ ഇന്നെന്താ മോളുടെ ക്ലാസ്സ് നേരത്തെ കഴിഞ്ഞോ?, ഞാൻ കാപ്പി എടുത്തുവെക്കാം ” അമ്മ അകത്തേക്ക് നടന്നു
ഞാനും അവർക്ക് മുഖം കൊടുക്കാതെ മുറിയിലേക്ക് ചെന്നു. അച്ഛന്റെയും അമ്മയുടെയും ചോദ്യങ്ങളെ താൻ ഭയന്നിരുന്നു. തന്റെ മുഖമൊന്നു വാടിയാൽ അവരത് മനസിലാക്കുമായിരുന്നു. അതുകൊണ്ട് തന്നെ തലവേദനയെന്നു നുണ പറഞ്ഞു വേഗം കിടന്നു. തലയിണയിൽ മുഖമമർത്തി കരയുമ്പോൾ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ നന്നേ പാടുപെട്ടിരുന്നു. താനൊന്ന് കരഞ്ഞാൽ കരഞ്ഞാൽ കലങ്ങുന്ന വേറെയും രണ്ടു ഹൃദയങ്ങളുണ്ടിവിടെ.
“മോളെ….. ” പെട്ടന്നായിരുന്നു അച്ഛൻ വന്നത്.
കണ്ണുകൾ തുടച്ചു ഞാൻ എഴുന്നേറ്റിരുന്നു.
“ന്താ ന്റെ കുട്ടിക്ക് പറ്റ്യേ? ” അച്ഛൻ തന്റെ അരികിലിരുന്നു.
‘ഒന്നൂല്ല അച്ഛാ ഒരു ചെറിയ തലവേദന ‘
“ന്നിട്ട് ന്റെ കുട്ടീടെ മനസാണല്ലോ നീറി പുകയണത്. സാരമില്ല മോളെ എന്റെ രാജകുമാരിനെ സ്വന്തമാക്കാൻ അവന് അർഹതയില്ലെന്ന് കരുതിയാൽ മതി.”
ഞാൻ ഒന്ന് അമ്പരന്നു ‘അച്ഛൻ…..എങ്ങനെ? ‘
“ന്റെ മോളുടെ മനസ്സ് കാണാൻ ഈ അച്ഛനെക്കാളും വേറെയാർക്കാണ് കഴിയുക. മോള് വിഷമിക്കണ്ട “
ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കുമ്പോൾ അച്ഛനെന്നെ ചേർത്തുപിടിച്ചു പറഞ്ഞു. ” ന്റെ മോള് ഉറങ്ങിക്കോളൂ. ഒരു സ്വപ്നം കണ്ടതാണെന്ന് കരുതിയാൽ മതി. ഒന്ന് ഉറങ്ങിയെഴുനേൽക്കുമ്പോൾ മറന്നു പോകുന്നൊരു സ്വപ്നം. “
അച്ഛന്റെ നെഞ്ചിലേക്ക് തലചായ്ച്ചു പൊട്ടിക്കരയുമ്പോൾ ആ കണ്ണീരിനൊപ്പം ചില നശിച്ച ഓർമകളും ഒഴുക്കി കളയുകയായിരുന്നു…
****************
വർഷങ്ങൾക്കിപ്പുറം പ്രളയം ഒരു സംസ്ഥാനത്തെ മുഴുവൻ കവർന്നെടുക്കാൻ ശ്രമിക്കുമ്പോൾ, അതിൽ നിന്നും കരകയറ്റാൻ കൈകോർക്കുന്ന പലർക്കുമിടയിൽ താനും തിരക്കിലായിരുന്നു.
പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യുമ്പോളാണ് ആ സ്ത്രീയും എനിക്ക് മുന്നിൽ കൈ നീട്ടിയെത്തിയത്. അതെ അവർ തന്നെ. ഒരിക്കൽ അവരുടെ മകനെ സ്നേഹിച്ചു എന്ന കുറ്റത്തിന് തന്നെയും തന്റെ വീട്ടുകാരെയും അവഹേളിച്ച അതേ സ്ത്രീ. തന്റെ കൈകളിൽ നിന്നും ഭക്ഷണം സ്വീകരിച്ചു നന്ദിയോടെ നോക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. സ്വന്തം കുടുംബമഹിമ മറന്ന് ഒരുപറ്റം ആൾക്കാരുടെ കൂടെയിരുന്നു അവർ ഭക്ഷണം കഴിക്കുമ്പോൾ, സബ് കളക്ടർ മീരദാസ് തന്റെ കടമകൾ തുടർന്നു……!
~അപർണ