എന്ന് സ്വന്തം പല്ലവി ~ ഭാഗം – 08 ~ എഴുത്ത്: ലില്ലി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“”വാ എന്റെ അടുത്ത് ഇരിക്ക്….””

ആജ്ഞയോടെ അവനത് പറഞ്ഞതും ഞാനവനെ മിഴിച്ചു നോക്കി…

പതിയെ അവൻ എനിക്കടുത്തേക്ക് എഴുനേറ്റ് വന്ന് എന്റെ ഇരുതോളിലും പിടിച്ചു ബെഞ്ചിലേക്ക് ഇരുത്തി..ഒരു പാവയെ പോലെ ഞാനവനെ അനുസരിച്ചുപോയി..

“”നീയിനി പഴയപോലെ എന്റെയടുത്ത് തന്നെ ഇരിക്കണമെന്നല്ല…. നീയിനി ഇവിടയേ ഇരിക്കൂ…””

വിചിത്രമായ എന്തോ കണ്ടപോലെ ക്ലാസ്സ്‌ ഒന്നടങ്കം എന്നിലേക്കും സൂരജിലേക്കും കണ്ണും നട്ടിരിക്കുന്നത് കാൺകെ ഞാൻ ജാള്യതയോടെ ജെനിയെ തിരഞ്ഞപ്പോൾ അവൾ ചിരിയോടെ കണ്ണുകളടച്ചു കാട്ടി…

സൂരജിന്റെ ശ്രദ്ധ എന്നിലേക്ക് തന്നെയാണ്…

ഒരിക്കൽ എന്നെ കരയിച്ച ആ നാവുകൾ ഇന്നെന്റെ സന്തോഷം ആഗ്രഹിക്കുന്നു…
അവഗണയോടെ എനിക്ക് നേരെ മുഖം തിരിച്ചവൻ എനിക്കായി മാത്രം ചിരിക്കുന്നു…
എന്നിട്ടും അവന്റെ വാക്കുകൾ ഏൽപ്പിച്ച മുറിവുകൾ എന്നിൽ അവശേഷിക്കുന്നതുപോലെ…പലതവണ എന്റെ ആത്മാഭിമാനത്തെയും കുറവുകളേയും ചോദ്യം ചെയ്തവനോട് പൊറുക്കുവാൻ കഴിയാതെ മനസ്സുപോലും മുഖം തിരിക്കുന്നു…

ചിന്തകളെ കടിഞ്ഞാണിട്ടുകൊണ്ടു ഞാൻ മിണ്ടാതെ തലകുനിച്ചിരുന്നു…എഴുനേറ്റ് പോയാൽ അവന്റെ പ്രതികരണങ്ങളെ ഭയന്നു ഞാൻ അവനരികിലിരുന്നു… തലയുയർത്തി നോക്കിയപ്പോൾ എന്തോ ഒന്ന് പിടിച്ചടക്കിയ ലാഘവത്തോടെ ഇരിക്കുന്ന സൂരജിനെ കാൺകെ എന്നിൽ നിറഞ്ഞ അരിശത്തെ ഞാൻ അടക്കിപിടിച്ചു…

പിന്നീടവൻ എന്നോടൊന്നും സംസാരിച്ചില്ല എങ്കിലും ആ ശ്രദ്ധ മുഴുവൻ എന്റെ ഓരോ ചെറിയ പ്രവർത്തികളിലേക്കും ചലനങ്ങളിലേക്കും നീണ്ടുവരുന്നത് ഞാനറിഞ്ഞു…ഇതുവരെയില്ലാത്തൊരു വീർപ്പുമുട്ടൽ എന്നിലേക്ക് വന്നു നിറയുന്നത് ഞാനറിഞ്ഞു…

ഇടയ്ക്കൊക്കെ എല്ലാം മറന്നു അവനിലേക്ക് ചാഞ്ഞുപോകുന്ന എന്റെ മനസ്സിനോട് നൂറു ചോദ്യങ്ങൾ കാണും എനിക്ക് ചോദിക്കാൻ ….ഉത്തരം കിട്ടാതെ കുറേ നേരം മനസ്സിനെ ശൂന്യതയിലേക്ക് മേയാൻ വിടും…

പിന്നീടങ്ങോട്ട് പതിവുപോലെ കാര്യങ്ങൾ ഓരോന്നും നീങ്ങി ദിവസങ്ങൾ ഓരോന്നും യാത്രപറയാതെ പോകുന്നു…ഇടയ്ക്ക് മാത്രം എന്നെ നോക്കുകയും ചിരിക്കുകയും ചെയ്യുന്നതല്ലാതെ യാതൊന്നിനും സൂരജ് എന്നിലേക്ക് വന്നിരുന്നില്ല…എന്നാൽ ആ കണ്ണുകൾ ഞാൻ എന്ന വൃത്തത്തിനുള്ളിൽ മാത്രം അകപ്പെട്ടുകിടക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു…

കോളേജ് ഡാൻസ് ക്ലബ്‌ ഇനാഗുറേഷന് ദിവസങ്ങൾ മാത്രം ബാക്കിയായി…ജനിക്കൊപ്പം എന്നെ അറിയാനും കൂട്ടുകൂടാനും സിദ്ധുവേട്ടനും കാവേരി ചേച്ചിയും ഉണ്ടായിരുന്നു…

പലതവണ പലരിൽ നിന്നും പരിഹാസങ്ങൾ മാത്രം നേടി അപകർഷതാബോധത്തോടെ ഒതുങ്ങി മാറി നടന്ന, എല്ലാവരാലും മാറ്റി നിർത്തപ്പെട്ട എനിക്ക് കിട്ടിയ ഈ വിലപ്പെട്ട സൗഹൃദങ്ങളെ അസൂയയോടെ പലരും നോക്കുന്നത് ഞാനറിഞ്ഞു…

ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കാനുള്ള എന്നിലെ ഭയം അവരുടെ പ്രചോദനവും സൗഹൃദവും കൊണ്ട് പാടെ മാഞ്ഞുപോയി….എന്തിനും ഏതിനും ഒരു നിശ്ശബ്ദതയുടെ അകലത്തിൽ എനിക്കൊരു താങ്ങായി ജെനിയും കൂടെ ഉണ്ടായിരുന്നു…

ഒരിക്കൽ ഫ്രീ ടൈമിൽ ക്ലാസ്സിലേക്ക് വന്ന സിദ്ധുഏട്ടൻ ജെനിക്കൊപ്പമിരുന്ന എന്നെ കണ്ട് ഞങ്ങൾക്കടുത്തേക്ക് വന്നിരുന്നു…

ജെനിയുടെ ഭാഷ തീരെ അറിയില്ല സിദ്ധുഏട്ടന്…അവളോട്‌ വലിയ കാര്യമാണ് ആൾക്ക്…വന്നു വന്നു എന്നോടൊന്നും സംസാരിക്കില്ല…അവർ രണ്ടും കൂടി ബുക്കിൽ എഴുതി എഴുതി അങ്ങോട്ടും ഇങ്ങോട്ടും കാര്യങ്ങൾ പറച്ചിലാണ്….ക്ഷമയോടെ അവളെ കേൾക്കാനും അറിയാനുമുള്ള സിദ്ധുഏട്ടന്റെ താല്പര്യത്തെ ഞാൻ ചിരിയോടെ നോക്കിയിരിക്കും…

കുറ്റം പറയാനാകില്ല അവളുടെ മൗനം പോലും ആരും കൊതിച്ചുപോകും…

ഒത്ത നടുവിൽ അവർക്കിരുവശവും ഇരുന്നപ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം എന്നെ പൊതിയുന്നു… സ്നേഹിക്കാനും കൂട്ടുകൂടാനും കരുതാനും ആരൊക്കെയോ ഉള്ളപ്പോൾ നമ്മളെ മൂടുന്ന ഒരുതരം മനസ്സുനിറയുന്ന സന്തോഷമില്ലേ… അത് ജീവിതത്തിൽ ഒരു ഊർജ്ജമാണ്…

ഇടയ്ക്കെപ്പോഴോ സിദ്ധുവേട്ടന്റെ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന ജെനിയെ നോക്കികൊണ്ട്‌ നിറഞ്ഞ ചിരിയോടെ ഞാൻ മുഖം തിരിച്ചതും, എന്നിലേക്ക് കത്തുന്ന നോട്ടമെറിഞ്ഞു കൊണ്ട് അരിശത്തോടെ വേഗത്തിൽ പുറത്തേക്ക് പോകുന്ന സൂരജിനെ കാൺകെ ഞാൻ അന്തിച്ചു പോയി…

ഇവനിതെന്താ പറ്റിയത്…ആലോചന പൂർത്തിയാക്കും മുന്നേ ഡാൻസ് പ്രാക്ടിസിനു വരാൻ പറഞ്ഞുകൊണ്ട് കാവേരിചേച്ചിയും അകത്തേക്ക് വന്നു….

ഉച്ചയായപ്പോളേക്കും പ്രാക്ടീസ് കഴിഞ്ഞ് ഞാനാകെ ക്ഷീണിതയായിരുന്നു…എന്റെയും അവളുടെയും ചോറുപൊതിയുമായി വരാന്തയിൽ എന്നെയും കാത്ത് നിൽക്കുന്ന ജെനിയെ കണ്ടിട്ട് ഞാനവൾക്കരികിലേക്ക് പോയി…ക്യാമ്പസിന്റെ ഒരു മൂലയിലായി വെട്ടുകല്ലുകൾ വട്ടം കെട്ടിയ അത്തിമരത്തിന്റെ തണലിലേക്കവൾ കൈ ചൂണ്ടി…

അവളുടെ ആഗ്രഹം പോലെ ആ മരത്തണലിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ കൈകോർത്തു പിടിച്ചു അവൾക്കൊപ്പം ഞാൻ നടന്നു…

അത്തി തളിർത്ത ഗന്ധം എങ്ങും പരക്കുന്നുണ്ട്..

സിമന്റ്‌ പൂശിയ ആ തിട്ടയിലേക്കു ഞങ്ങൾ ഇരുന്നു…ഒരു കൈകൊണ്ടു അവിടേക്കും ഇവിടേക്കും കൈ ചൂടി ജെനി മൗനം വാചാലമാക്കുന്നുണ്ട്….

“”ഞാനും കൂടിക്കോട്ടെ പവിക്കുട്ടി…””

പരിചിതമായ ആ ശബ്ദം തിരിച്ചറിഞ്ഞ ഞാൻ ചിരിയോടെ ഞങ്ങൾക്കടുത്തേക്ക് വരുന്ന കാവേരിചേച്ചിയെ നോക്കിയിരുന്നു…

അനുവാദമോ സമ്മതമോ ഒന്നും വേണ്ടി വന്നില്ല എന്റെ ഇലയിലേക്ക് കയ്യിട്ട് വാരി കഴിച്ചു തുടങ്ങി ആശാട്ടി…

“”” ഹോ എന്ത് ടേസ്റ്റ് ആടീ പവി…നിങ്ങടെ അനുരാധമാം പാചകത്തിൽ തീരെ പോരാട്ടോ…””

ഇഷ്ടമായീന്ന് തോന്നുന്നു സ്വാദോടെ കഴിച്ചിട്ട് സ്വന്തം അമ്മയുടെ പാചകത്തെ കുറ്റം പറയുന്നുണ്ട്…

“””ടീച്ചറ് കേൾക്കണ്ടാട്ടൊ ചേച്ചി…””

എവിടുന്ന് ആള് ഒന്നും കേൾക്കുന്നുമില്ല… തീറ്റയിൽ തന്നെ ശ്രദ്ധ…ചിരിയോടെ എല്ലാം കണ്ടിരിക്കുകയാണ് ജെനിയും…ഓരോ കഥകളും പറഞ്ഞു കഴിച്ചു തീരാറായതും ഞങ്ങളെ ദൂരെ നിന്നും കണ്ട സിദ്ധുവേട്ടനും ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വരുന്നുണ്ട്…

“”ഈ തീറ്റഭ്രാന്തിയെ അടുപ്പിക്കല്ലേ പല്ലവി… നിയൊക്കെയിനി സ്ഥിരം ഉച്ചക്ക് പട്ടിണിയാവും…””

ജെനിയെ നോക്കി കണ്ണടച്ച് ചിരിച്ചുകൊണ്ട് സിദ്ധുവേട്ടൻ കാവേരിചേച്ചിയെ കളിയാക്കി…

“”നീ പോടാ…വേണേൽ കഴിക്ക്….””

കപട ദേഷ്യത്തോടെ ഒരുരുള ഉരുട്ടി ചേച്ചി സിദ്ധുവേട്ടന്റെ വായിലേക്ക് വച്ചുകൊടുത്തു…

എന്തോ ഉള്ളിലാകെ ഒരു നിറവ്…

ഇതാണോ വലിപ്പച്ചെറുപ്പമില്ലാതെ കലാലയങ്ങളിൽ വാർത്തെടുക്കുന്ന സൗഹൃദങ്ങൾ…

ഒരിക്കൽ ഈ ഭക്ഷണം തൂത്തെറിഞ്ഞ് എന്നെ അപമാനിച്ചു പോയ സൂരജിന്റെ മുഖം എന്റെ മനസ്സിലേക്ക് കടന്നുവന്നു…നെഞ്ചിലേക്ക് ഒരു വിങ്ങൽ വന്നു നിറയുന്ന പോലെ…കൺകോണിൽ ഒരു നനവ് ഞാനറിഞ്ഞു….അപ്പോളേക്കും എന്റെ മനസ്സ് വായിച്ചെന്നോണം ജെനിയുടെ കൈകൾ എന്റെ കൈകളിലേക്ക് മുറുകിയിരുന്നു…

ഇടയ്ക്കെപ്പോളോ എന്റെ കണ്ണുകൾ അങ്ങ് ദൂരെ വരാന്തയിലെ തൂണിൽ ചാരി
ഞങ്ങളിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന സൂരജിന്റെ മുഖത്ത് പതിഞ്ഞതും, അവനിൽ കുറ്റബോധം നിറയുന്നത് ഞാനറിഞ്ഞു…

ആത്മസംതൃപ്തിയോടെ നിറഞ്ഞ ചിരിയിൽ ഞാനവനെ നോക്കിയതും അവന്റെ കണ്ണുകൾ കലങ്ങുന്നതും വേഗം പിന്തിരിഞ്ഞു നടന്നകലുന്നതും ഞാൻ നോക്കിയിരുന്നു….

വീട്ടിലെത്തിയതും അമൂല്യനിധിപോലെ സൂക്ഷിച്ചിരുന്ന അച്ഛൻ വാങ്ങി തന്ന ആ പഴയ ചിലങ്കയുടെ മുത്തുകൾ ഞാൻ തലോടി…

ചുവന്ന വെൽവെറ്റ് പ്രതലത്തിലേക്ക് തുന്നിച്ചേർത്തിരുന്ന ആ മണിമുത്തുളിലേക്ക് അച്ഛന്റെ ഓർമ്മയിൽ ഒരിറ്റ് കണ്ണീർ അടർത്തു വീണു…ഞാൻ അച്ഛനരികിലേക്ക് നടന്നു…കണ്ണുകളടച്ചു ശാന്തമായി ഉറങ്ങുന്ന അച്ഛന്റെ നെറുകയിൽ ഞാൻ ചുണ്ടുചേർത്തു…

“”അച്ഛന്റെ രാജകുമാരി വീണ്ടും ചിലങ്കകെട്ടാൻ പോവാട്ടോ… “

കണ്ണീരിൽ കുതിർന്ന ചിരിയോടെ ഞാനത് പറഞ്ഞതും കണ്ണുതുറന്നു എന്നെ തന്നെ നോക്കിക്കിടക്കുന്ന അച്ഛന്റെ കൈകൾ ഞാൻ നെഞ്ചിലേക്ക് ചേർത്തു വച്ചു…
എന്നിൽ മൗനമാണെങ്കിലും ഹൃദയം ആർത്തലച്ചു പൊട്ടിക്കരയുകയായിരുന്നു…

ദിവസങ്ങൾ കഴിയുന്തോറും പ്രകടമാകുന്ന എന്നിലെ മാറ്റങ്ങളെ അമ്മ ആശ്വാസത്തോടെ കാണുകയായിരുന്നു…ശ്രമിക്കാറുണ്ട് ഞാനിപ്പോൾ പഠനത്തിൽ ഒന്നാമത് എത്താനല്ലെങ്കിലും തോൽക്കാതിരിക്കാനായി….

ഒരിക്കൽ രണ്ട് മാർക്ക് കിട്ടിയ പരീക്ഷയിൽ ഇന്ന് ഇരുപതു മാർക്ക് വാങ്ങിയ എന്റെ മാറ്റത്തെ കണ്ട് സന്തോഷിച്ച് ചിരിക്കുന്ന സൂരജിനെ ഞാൻ നോക്കിയിരുന്നു…ഒരു തമാശകേട്ടാൽ പോലും ചിരിക്കാത്ത മുരടനാ…ഇപ്പോൾ ഈ ചിരി എന്തിനെന്നു ഞാൻ ആലോചിച്ചു… ഹോ ഇനി മുരടൻ എന്ന എന്റെ വിളി കൂടി കേട്ടാൽ മതി…

ഒരുദിവസം ക്ലാസ്സിലൊരു പെൺകുട്ടി എന്തോ ചോദിച്ചപ്പോൾ മറുപടി നൽകാതെ മുഖം തിരിച്ചു അവൻ പോയതിന് അറിയാതെ അവളുടെ വായിൽ നിന്നും “”മുരടൻ””എന്ന് ഒന്ന് വീണുപോയി…ഉറഞ്ഞുതുള്ളിക്കൊണ്ടവൻ അവളെ വിളിച്ച തെറി അഭിഷേകത്തിൽ ക്ലാസ്സ്‌ ഒന്നടങ്കം ഞെട്ടിപ്പിടഞ്ഞിരുന്നു…ആ ഓർമ്മകളിൽ ഞാൻ അറിയാതെ ചിരിച്ചുപോയി…

ജെനി അവളുടെ കസിന്റെ കുട്ടിയുടെ ചരടുകെട്ടിനു പോയതിനാൽ അവൾ ക്ലാസ്സിൽ വരാതെയിരുന്ന ദിവസം ലഞ്ച് ബ്രേക്ക്‌ ആയിട്ടും പുറത്തേക്ക് പോകാത്ത സൂരജിനെ നോക്കി ഞാൻ അല്പനേരമിരുന്നു…ഒരിക്കൽ പോലും അവൻ വീട്ടിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടുവരുന്നത് കണ്ടിട്ടില്ല എന്ന് ചിന്തിച്ചു ഞാനിരുന്നു…എന്തോ തീരുമാനിച്ചുറപ്പിച്ചുള്ള ആ ഇരുപ്പിൽ പന്തികേട് തോന്നി ഞാനവനെ നോക്കിയതും എന്നെ ശ്രദ്ധിക്കാതെയവനിരുന്നു….

ബാഗിൽ നിന്നും പൊതിയെടുത്തു തുറന്നതും ആ മണമടിച്ചിട്ടാകാം ആള് എന്നിലേക്കും ഭക്ഷണത്തിലേക്കും നോക്കുന്നതു ശ്രദ്ധിക്കാതെ ഞാൻ കഴിക്കാൻ തുടങ്ങി….

ഇടയ്ക്കെപ്പോളോ എനിക്കടുത്തേക്കവൻ അല്പം ചേർന്നിരുന്നുകൊണ്ട്‌ ചോദിച്ചു….

“”ഞാനും ഇന്ന് ഇതീന്ന് കഴിച്ചോട്ടെ….””

അവന്റെ നോട്ടത്തിൽ എന്റെ നെഞ്ചൊന്ന് പിടഞ്ഞു…

“”വേണ്ടടോ സൂരജെ…ഈ ദാരിദ്ര്യവാസീടെ എച്ചിലിന്റെ ചവർപ്പ് തനിക്ക് ചേരില്ലടോ…
വിയർപ്പിന്റെയും സ്നേഹത്തിന്റെം രുചിയാണ് ഇതിന്…തനിക്കിത് ഇഷ്ടപ്പെടില്ലടോ….””

ആഹാരം നിഷേധിക്കുന്നതിനോട് എനിക്ക് സങ്കടമുണ്ടായിരുന്നെങ്കിലും പെട്ടന്ന് അങ്ങനെയാണ് എന്റെ നാവിൻ തുമ്പിൽ വന്നുപോയത്…

എന്നിൽ നിന്നും ഒരിക്കലും ഇങ്ങനൊരു മറുപടി പ്രതീക്ഷിക്കാത്ത പോലെ അടുത്തനിമിഷം അവൻ എനിക്കരികിൽ നിന്നും നീങ്ങിയിരുന്നു…ആളുടെ മുഖം മങ്ങുന്നതും നിരാശയോടെ കണ്ണുകൾ ചെറുതാകുന്നതും കാൺകെ ഞാൻ വല്ലാതെയായി …

അടുത്ത നിമിഷം അവൻ ഒന്നും മിണ്ടാതെ ക്ലാസ്സിനു പുറത്തേക്ക് പോകാനിറങ്ങി…
വാതിൽക്കൽ എത്തിയതും ഒരിക്കൽ കൂടി എന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ട ആ കലങ്ങിയ കണ്ണുകൾ എന്റെ കരളിലേക്ക് സൂചിമുന കണക്കെ ആഴ്ന്നിറങ്ങി….

സൂരജ് പോയശേഷം ഒരുവറ്റുപോലും ഇറക്കാനാകാതെ ഞാനിരുന്നു…പറ്റുന്നില്ല ഇത്രയൊക്കെ ചെയ്തിട്ടും അവന് മുന്നിലെ ഈ ചെറിയ ജയത്തിൽ എന്നിൽ സന്തോഷത്തിന് പകരം വേദനയാണല്ലോ നിറയുന്നതെന്ന് ഞാനോർത്തു…

പിന്നീട് ആ ദിവസം ക്ലാസ്സിലേക്ക് തിരികെ വരാതിരുന്ന സൂരജിനെ എന്റെ കണ്ണുകൾ ക്യാമ്പ്‌സിന്റെ പല കോണിലും തിരഞ്ഞുനടന്നു…പേരാറിയാത്തൊരു വികാരം ഉള്ളിൽ നിറഞ്ഞു എന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു…

തിരികെ ബസ് ഇറങ്ങിയതും വായനശാലയുടെ മുന്നിൽ ആരോടോ സംസാരിച്ചുകൊണ്ടു നിൽക്കുന്ന സൂരജിനെ ഞാൻ കണ്ടു…കൂട്ടുകാരുമായി ആള് എന്തോ വലിയ ചർച്ചയിലാണ്… ചില നിമിഷങ്ങളോളം ആ റോഡരികിൽ അവനെ നോക്കി ഞാൻ നിന്നു…

വീട്ടിലേക്ക് നടന്നതും ആ മൺപാതയിലൂടെ പൊടിപറത്തി ബുള്ളറ്റിൽ പോയ സൂരജിന്റെ കണ്ണുകൾ ഒരുവേള എന്നിലേക്ക് ഒഴുകി വന്നത് ഞാനറിയുന്നുണ്ടായിരുന്നു…

ഡാൻസ് ക്ലബ്‌ ഇനാഗുറേഷൻ ദിവസമാണിന്ന്… അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി കോളേജിലേക്ക് ഞാനിറങ്ങി…പോകുംവഴി ക്ഷേത്രനടയിൽ ഇരു കൈകളും കൂപ്പി കണ്ണുകൾ അടച്ച് ഞാൻ പ്രാർഥനയോടെ നിന്നു…

വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു വേദിയിലേക്ക്… അതും പ്രശസ്ത നർത്തകി മൃണാളിനി മേടത്തിനു മുന്നിൽ…എത്രമാത്രം ധൈര്യം സംഭരിച്ചിട്ടും വക്കത്തെത്തി നിൽക്കുമ്പോൾ കരുതിവച്ചതെല്ലാം ചോർന്നു പോകുന്ന പോലെ…എന്നിൽ വരുന്ന ചെറിയ പിഴവുകൾ പോലും പൂർണ്ണ വിശ്വാസത്തോടെ നിർബന്ധിച്ചു എന്നിലേക്ക് ഈ ദൗത്യത്തെ അടിച്ചേൽപ്പിച്ച സിദ്ധുവേട്ടനോടും കാവേരി ചേച്ചിയോടുമൊക്കെ ചെയ്യുന്ന തെറ്റായി മാറില്ലേ എന്ന ഭയം എന്നെ വരിഞ്ഞു മുറുക്കി.. ഞാൻ ഉള്ളുരുകി ആ നടയിൽ പ്രാർത്ഥനയോടെ നിന്നു…

നെറ്റിയിൽ ആരുടെയോ വിരലുകൾ ചേരുന്നതും നെറുകയിലേക്ക് ഒരു തണുപ്പ് അരിച്ചിറങ്ങുന്നതും അറിഞ്ഞു ഞാൻ കണ്ണുകൾ വലിച്ചു തുറന്നു…

കള്ളച്ചിരിയോടെ കണ്ണിൽ കുസൃതി നിറച്ചു എനിക്ക് മുന്നിൽ നിൽക്കുന്ന സൂരജിനെ കാൺകെ ഞെട്ടലോടെ ഞാൻ ഒരു ചുവടു പിന്നിലേക്ക് വച്ചു…

ഇത്ര അധികാരത്തോടെ എന്റെ നെറ്റിയിൽ കുറിവരച്ച സൂരജിനെതിരെ ഒന്ന് പ്രതികരിക്കുവാനോ ഒരു വാക്ക് മിണ്ടാനോ ആകാതെ ആ ക്ഷേത്ര നടയിൽ ഞാൻ തറഞ്ഞു നിന്നു…ആ കണ്ണുകളിൽ, നോട്ടത്തിൽ അവനോടുള്ള വെറുപ്പുകൾ അലിഞ്ഞു പോകുന്നത് ഞാനറിഞ്ഞു…

ഒരു വശത്തു നിന്നും ഭാഗീകമായി ഊരിമാറ്റിയ കറുത്ത ഷർട്ടും സിൽവർ കസവുള്ള മുണ്ടുമാണ് വേഷം…ആനാവൃതമായ നെഞ്ചിലെ രോമകൂപങ്ങൾക്കിടയിൽ സ്വർണ്ണനൂലിൽ കെട്ടിയ രുദ്രാക്ഷമാല മാറിൽ ചേർന്നു കിടക്കുന്നു…നെറ്റിയിൽ നീട്ടി വരച്ച ചന്ദനക്കുറിയും..ഒരു നിമിഷം കണ്ണെടുക്കാതെ ഞാനൊന്ന് നോക്കി നിന്നുപോയി…ഇപ്പോൾ ഒരു തനി നാട്ടിൻപുറത്തുകാരനെ പോലെയുണ്ട്…

ആൾക്ക് അമ്പലവും ഈശ്വരനുമൊക്കെ ഉള്ള കൂട്ടത്തിലായിരുന്നോ!!!ഒരുവേള എന്റെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു തിരികെയെത്തിയപ്പോൾ അവൻ ഗൗരവത്തോടെ എന്നെ നോക്കി പിരികമുയർത്തി…

ഒന്നുമില്ലെന്ന രീതിയിൽ ഞാൻ തലയാട്ടിയതും എനിക്കടുത്തേക്ക് കുറച്ചുകൂടി അവൻ ചേർന്നു നിന്നു…

“”നീ ടെൻഷൻ ഒന്നും അടിക്കേണ്ട പവി, നന്നായി കളിക്ക്…നിന്നെക്കൊണ്ട് പറ്റും….”

മെല്ലെ ആ വലതുകരം എന്റെ തോളിൽ ചേർത്ത് അമർത്തി മറുപടിക്ക് കാത്തുനിൽക്കാതെ അവൻ ദൂരേക്ക് നടന്നകന്നു…

അവന്റെ ശബ്ദം ഒരു തണുത്ത കാറ്റെന്ന പോലെ എന്നെ പൊതിഞ്ഞു…കനൽപോലെ പോലെ നീറിയ മനസ്സിലേക്ക് ആ വാക്കുകൾ മഞ്ഞുതുള്ളികളായി…

ഒരിക്കൽ ആട്ടക്കരി എന്ന് വിളിച്ചവൻ…ഇന്നെനിക്ക് ആശംസകൾ പറയുന്നു..വീണ്ടും ആ ചോദ്യം എന്നിൽ അലയടിച്ചുയർന്നു. നീയാരാണെനിക്കെന്ന്…???

കോളേജ് ഓഡിറ്റോറിയത്തിന്റെ ഉത്ഘാടനവേദിയിൽ നിന്നും ഉയർന്നു കേൾക്കുന്ന ശബ്ദങ്ങളും കരഘോഷങ്ങളും ഗ്രീൻ റൂമിലിരുന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു…

ട്രഡീഷണൽ ക്ലാസിക്കൽ ഡാൻസ് കോസ്റ്റ്യുമും ആഭരണങ്ങളുമണിഞ്ഞ് മേക്കപ്പിന് ശേഷം എന്റെ ഊഴവും കാത്ത് ഞാനിരുന്നു…എല്ലാത്തിനും എനിക്കൊപ്പം തന്നെ ജെനിയും കൂടെയുണ്ടായിരുന്നു…വേദിയിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിക്കുന്ന സിദ്ധുഏട്ടനും കാവേരിച്ചേച്ചിയും ഇടയ്ക്കിടയ്ക്ക് എന്നെ തേടിവരികയും എല്ലാ സഹായങ്ങളും ചെയ്യുന്നുമുണ്ടായിരുന്നു…

ഇടയ്ക്കെപ്പോളോ മനസ്സിലേക്ക് സൂരജിന്റെ മുഖം തികട്ടി വരുന്നപ്പോൾ
കോളേജിലെങ്ങും ആളെ കണ്ടില്ലല്ലോ എന്ന് ഞാനോർത്തു…ചിലപ്പോൾ വരില്ലായിരിക്കും…അതൊന്നും കാണാൻ ആൾക്ക് താല്പര്യം ഉണ്ടായിരിക്കില്ല…

പതഞ്ഞു പൊങ്ങുന്ന വികാരങ്ങളെ ശാസിച്ചകറ്റി ഞാൻ മനസ്സിനെ ഉറപ്പിച്ചു നിർത്തി…

വേദിയിൽ കയറും മുന്നേ സദസ്സിന്റെ മുൻ നിരയിലിരിക്കുന്ന പട്ടുസാരിയുടുത്ത് നെറ്റിയിൽ വലിയ വട്ടപ്പൊട്ടണിഞ്ഞ തേജസ്സാർന്ന ആ മുഖത്തിനുടമയിലേക്ക് എന്റെ കണ്ണുകൾ തേടിച്ചെന്നു….

മൃണാളിനി മേടത്തിനടുത്തേക്ക് ചെന്ന് ആ പാദങ്ങളിൽ തൊട്ട് ഞാൻ അനുഗ്രഹം വാങ്ങി…നിറചിരിയോടെ ആ ഇരു കൈകളും എന്റെ ശിരസ്സിൽ അമർത്തി അനുഗ്രഹം ചൊരിയുന്നുണ്ടായിരുന്നു…

തിരികെ നടന്നു വേദിയിലേക്ക് കയറാനൊരുങ്ങിയതും എന്നെ നോക്കി ഓഡിറ്റോറിയത്തിന്റെ അവസാന നിരയിൽ നിൽക്കുന്ന സൂരജിനെ ഞാൻ കണ്ടതും, ചിരിയോടെ എന്നെ നോക്കിയവൻ ഇരു കണ്ണുകളും ചിമ്മിയടച്ചു….

ഒഴുകിവന്ന സംഗീതത്തിനൊപ്പം നൃത്തവിസ്മയം തീർക്കുകയായിരുന്നു പല്ലവി…വർണ്ണപ്പട്ടുകൾ ചുറ്റിയ ആ സ്ത്രീരൂപം ചടുല താളങ്ങളോടെയും അസാധാരണ മെയ്വഴക്കത്തോടെയും നിറഞ്ഞാടി…ഉടലഴകും മിഴിയഴകും സദസ്സിലെ ഓരോ കണ്ണുകളിൽ അസൂയ പടർത്തി…

നൃത്തമവസാനിച്ചപ്പോൾ സദസ്സാകെ കരഘോഷങ്ങൾ നിറയുന്നത് ഞാനറിഞ്ഞു…ഒരിക്കൽ എന്നെ പരിഹസിച്ച പലരും എനിക്ക് വേണ്ടി കയ്യടിക്കുന്നു…
പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നിയെനിക്ക്…തിരശ്ശീല വീഴാനൊരുങ്ങിയപ്പോൾ സദസ്സിൽ നിന്നും വേദിയിലേക്ക് കയറി വന്ന മൃണാളിനി മേടം എനിക്കരികിൽ വന്നെന്നെ ചേർത്തു പിടിച്ചു…

“”നൃത്തം ഗംഭീരമായിരുന്നു…പരിശീലനത്തിലൂടെ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ കുട്ടിക്ക് സാധിക്കുമെന്നെനിക്ക് ഉറപ്പുണ്ട്…ദൈവം തന്ന കഴിവിനെ ഉപയോഗപ്പെടുത്തണം കേട്ടോ… “

ചിരിയോടെ അതും പറഞ്ഞവർ നടന്നകലുമ്പോൾ അവർക്കു മുന്നിൽ കൂപ്പിയ എന്റെ കൈകൾ വിറച്ചു…

അഭിനന്ദനപ്രവാഹമായിരുന്നു പിന്നീടങ്ങോട്ട്…ജെനിയും കാവേരിചേച്ചിയും ഇരു വശത്തു നിന്നും എന്നെ ഇറുക്കെ പുണർന്നു ശ്വാസം മുട്ടിച്ചു…

“”നീ കലക്കി മോളെ പല്ലവി….””തിരക്കിനിടയിൽ ഓടി വന്നു എന്റെ തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു സിദ്ധുഏട്ടൻ…

ഒരു നിമിഷം കഴിഞ്ഞു ഞാൻ മെല്ലെ അടർന്നു മാറി ആ കൈകളിലേക്ക് നന്ദിസൂചകമായി എന്റെ കൈകൾ ചേർത്ത് കൂട്ടിപ്പിടിച്ചു…

ഇടയ്ക്കെപ്പോളോ കത്തുന്ന കണ്ണുകളോടെ എന്നെയും സിദ്ധുവേട്ടനെയും തീഷ്ണതയോടെ നോക്കി നിൽക്കുന്ന സൂരജിനെ കാൺകെ സിദ്ധുവേട്ടന്റെ കൈകളെ ഞാൻ മോചിപ്പിച്ചു…ആ കോപത്തിന്റെ ചൂടിൽ വെന്തെരിയുമോ എന്ന് ഞാൻ ഭയന്നു….

പ്രോഗ്രാം കഴിഞ്ഞു മേക്കപ്പ് ഒക്കെ മാറ്റി വന്നപ്പോൾ നേരം ഒരുപാട് വൈകി…
ചക്രവാളത്തിലേക്ക് സൂര്യൻ ചെഞ്ചായം പൂശിയകന്നപ്പോൾ ഇരുട്ട് പരക്കുവാൻ തുടങ്ങുന്നത് ഞാനറിഞ്ഞു…

അലോഷിചേട്ടൻ ജെനിയെ കൂട്ടാൻ വന്നപ്പോൾ എന്നെ തനിച്ചാക്കി പോകാൻ തയ്യാറാകാതെ അവളും എനിക്കൊപ്പം നിൽക്കുകയാണ്…

ഇടയ്ക്കെപ്പോളോ സിദ്ധുവേട്ടൻ ഞങ്ങൾക്കരികിലേക്ക് വരികയും ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ എന്നെ വീട്ടിലാക്കാം എന്ന് പറയുകയും ചെയ്തപ്പോൾ മനസ്സില്ല മാനസോടെ അവൾ പോകാനിറങ്ങി….

മൃണാളിനിമേടത്തിന് പോകാനുള്ള കാർ അറേഞ്ച് ചെയ്യാൻ പോയതാണ് സിദ്ധുഏട്ടൻ…വേഗം തന്നെ തിരികെ വരാമെന്നും ഒരുമിച്ച് ഇറങ്ങാമെന്നും എന്നോട് പറഞ്ഞു…

പാർക്കിങ്ങിനടുത്തെ വരാന്തയുടെ പടിയിൽ തൂണിലേക്ക് ഞാൻ ചാരി ഞാനിരുന്നു …
ഇന്നത്തെ ദിവസം തന്ന സന്തോഷകരമായ നിമിഷങ്ങൾ മനസ്സിലേക്ക് ഓടിയെത്തുമ്പോളും ഇടയ്ക്കെപ്പോഴോ സൂരജിനെ ഓർമ്മകൾ എന്നെ പൊതിഞ്ഞു…

നെറുകയിൽ തൊട്ട സൂരജിന്റെ വിരൽചൂടിലേക്ക് ഞാൻ കൈകൾ ചേർത്തപ്പോൾ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു…

ഒരു ചിരിയിലൂടെ എനിക്ക് ആത്മവിശ്വാസം പകർന്നപ്പോൾ ഞാൻ അവന് പകരം നൽകിയ പുഞ്ചിരിയെ, അഭിനന്ദനമെന്നോണം എനിക്കവൻ തിരികെ തന്നില്ലല്ലോ എന്നുഞാനോർത്തു….

എന്നാൽ കുറച്ച് സമയം മുൻപേ ഇതുവരെ കാണാത്തത്ര ദേഷ്യത്തോടെ തീഷ്ണതയോടെ ജ്വലിച്ച ആ കണ്ണുകളുടെ കാരണം തേടി എന്റെ ചിന്തകൾ അലഞ്ഞു….

അടുത്ത നിമിഷം വലിയ ഒച്ചയോടെ പാഞ്ഞു വന്ന സൂരജിന്റെ ബുള്ളറ്റ് എനിക്കടുത്തേക്ക് ചേർത്ത് നിർത്തി…

ഞാൻ വേഗത്തിൽ ചാടി എഴുനേറ്റ് വരാന്തയിൽ നിന്നും താഴേക്കിറങ്ങി…സൂരജിനെ ഞാൻ നോക്കിയപ്പോൾ ആ മുഖം ഗൗരവത്തിലാണ്…

“”വാ…നീ വന്ന് വണ്ടീൽ കേറ്…നേരം ഇരുട്ടി ഞാൻ നിന്നെ വീട്ടിലാക്കാം…””

വീണ്ടും അധികാരത്തോടെ അവന്റെ ശബ്ദം ഉയർന്നു പൊങ്ങി…

“”സൂരജ് പൊയ്ക്കോളൂ…എന്നെ സിദ്ധുവേട്ടൻ വീട്ടിലാക്കാന്ന് പറഞ്ഞു..””

ഞാനത് പറഞ്ഞതും കലിയോടെ ആ മുഖം ചുവന്നു തുടുക്കുന്നത് ഞാനറിഞ്ഞു..

“”സിദ്ധു ഏട്ടനോ…ഏത് വകയിലാടി അവൻ നിന്റെ ഏട്ടനായത്…ഏഹ്…””

പൊടുന്നനെ അവനിലെ ഭാവം മാറി കണ്ണുകൾ ചുവന്നു…

“”സൂരജ് പോയെ ഞാൻ എങ്ങനേലും പൊയ്ക്കോളാം…എന്റെ കാര്യത്തിൽ താൻ ഇടപെടേണ്ട…”” വിറയലോടെ ഞാനത് പറഞ്ഞതും അവന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടപോലെ ബുള്ളറ്റിൽ നിന്നും ചാടിയിറങ്ങി……

“”ഓഹ് അവന്റെ കൂടെ ഒട്ടിയിരുന്നു പോയാലെ നിനക്ക് പാറ്റത്തോളാരിക്കും…””

“”ഇല്ലാത്തത് പറയരുത് സൂരജെ…”

“”എന്ത് ഇല്ലാത്തതാടി…അവന് തൊടാനും കെട്ടിപ്പിടിക്കാനും കയ്യിൽ പിടിക്കാനും നിന്ന് കൊടുക്കുവല്ലേ നീ…അല്ലേലും നിന്നെപ്പോലുള്ള ദാരിദ്ര്യ… “” എന്തോ ഓർത്തപ്പോലവൻ വിഴുങ്ങി…

അവന്റ വാക്കുകളുടെ തീഷ്ണതയ്ക്ക് മുന്നിൽ നെഞ്ച് പിടഞ്ഞു പോയി…എന്റെ കണ്ണുകൾ നിറഞ്ഞ് കണ്ടതിനാലാകാം പെട്ടന്നവൻ ശാന്തനായി തിരികെ വണ്ടിയിൽ കയറിയിയുന്നു…

“”നീയായിട്ട് വന്ന് വണ്ടീൽ കയറീലെങ്കിൽ തൂക്കി എടുത്ത് കൊണ്ട് പോകും ഞാൻ … അതിപ്പോൾ ഏത് സിദ്ധുഏട്ടൻ വന്നാലും ഞാൻ പറഞ്ഞാൽ പറഞ്ഞത് ചെയ്യും….””

ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ പോലെ അവന്റെ വാക്കുകൾ എന്നിലേക്ക് ആഴ്ന്നിറങ്ങി…വീണ്ടും വീണ്ടും അവൻ എന്നിൽ വൃണപ്പെടുത്തുന്ന ഒരിക്കൽ ഏറ്റ മുറിവിൽ നിന്നും രക്തം ഇറ്റു വീണു….

പറഞ്ഞു പറഞ്ഞു എന്നെയൊരു മോശം പെണ്ണായി വരെ അവൻ ചിത്രീകരിച്ചതോർക്കുമ്പോൾ മാംസം പൊള്ളുന്ന നോവ് എന്നിൽ പടർന്നിറങ്ങി…വയ്യ ഇനിയൊന്നും കേൾക്കാനുള്ള ത്രാണിയെനിക്കില്ല..

സിദ്ധുഏട്ടൻ വന്ന് ഇനിയും മറ്റൊരു പ്രശ്നത്തിന് വഴിതെളിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല…

വണ്ടിയുടെ പിന്നിൽ കയറിയതും സൂരജിന്റെ മുഖം എന്തോ പിടിച്ചടക്കിയ സന്തോഷത്തിൽ വികസിക്കുന്നത് ഞാനറിഞ്ഞു…

“”പവിയേ നീ പിടിച്ചിരിരുന്നോണം…”” തല പിറകിലേക്ക് തിരിച്ചു എന്നെ നോക്കി ഗൗരവം വിടാതെ അവനതു പറഞ്ഞതും വീണ്ടും വീണ്ടും അവന് മുന്നിൽ തോറ്റു പോയവളെ പോലെ എന്റെ ഉള്ളം വെന്തു നീറി…

ഒരുതരം ആവേശത്തോടെ ചീറിപ്പായുന്ന ബുള്ളെറ്റിനു പിറകിൽ പേടിയോടെ ഞാനിരുന്നു….

ഇടക്കെപ്പോളോ സൈഡ് മിററിലൂടെ എന്നെ തന്നെ നോക്കുന്ന സൂരജിനെ ശ്രദ്ധിക്കാതെ ഞാൻ കണ്ണുകൾ വെട്ടിച്ചു…

വേഗതയുടെ നിയന്ത്രണങ്ങൾ അവൻ മറികടക്കുമ്പോൾ പേടിയോടെ ഞാൻ വിറയ്ക്കുകയായിരുന്നു…കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നു….

എന്റെ അവസ്ഥ അവനറിഞ്ഞ പോലെ ഒരു ചെറിയ തട്ടുകടയോട് ചേർന്നു ഒരല്പം മുന്നോട്ടു വണ്ടി ഒതുക്കി…വഴിവിളക്കിന്റെ വെളിച്ചം പരന്നു കിടക്കുന്നുണ്ട്…വഴിയോരങ്ങളിൽ ആൾത്തിരക്കും കുറവായിരുന്നു….

ഇറങ്ങാനെന്നോണം അവൻ എന്നെ നോക്കിയപ്പോൾ ഞാൻ ഇറങ്ങി നിന്നു….
അടുത്തനിമിഷം എന്നിലേക്ക് ഭയം വന്ന് മൂടുന്നത് ഞാനറിഞ്ഞു…എന്തോ എനിക്കവനെ വിശ്വാസമാണ്…അവനൊപ്പം ഇത്ര ധൈര്യത്തോടെ ഇറങ്ങി തിരിച്ചതും ആ ആശ്വാസത്തിലാണ്‌…ഏറി വന്ന ഭയത്തെക്കാൾ അവനോടുള്ള വിശ്വാസം മുന്നിട്ടുനിന്നപ്പോൾ മനസ്സൊന്നു ശാന്തമായി…

എനിക്കടുത്തേക്ക് നിന്ന് ആള് എന്റെ മുഖത്തേക്ക് സസൂക്ഷ്മം നോക്കുന്നുണ്ട്…

“”കരയണ്ട…. ഇനി പതിയെ പോകാം…ദാ കണ്ണ് തുടയ്ക്ക്…”..കരുതലോടെ എനിക്ക് നേരെ അവന്റെ കർചീഫ് നീട്ടിയപ്പോൾ വാങ്ങാതെ ഞാൻ തലകുനിച്ചു നിന്നു…..

മെല്ലെ എന്റെ താടിയിൽ പിടിച്ചുയർത്തി അവൻ തന്നെ കണ്ണു തുടച്ചു തന്നപ്പോൾ ആ കണ്ണുകളെ നേരിടാനാകാതെ ഞാൻ തറഞ്ഞു നിന്നു….

“”ഈ ബുള്ളറ്റിന്റെ ബാക്ക് സീറ്റിൽ എനിക്കൊപ്പം ആദ്യമായി കയറിയ പെണ്ണ് നീയാ….അതിന്റെ ആവേശത്തിലാ സ്പീഡ് കൂട്ടിയത്…പേടിച്ചോ നീയ്..ഏഹ്…””

കൗതുകത്തോടെ മറുപടി പറയാതെ ഞാനവനെ നോക്കിയിരുന്നു…

അവന്റെ വാക്കുകളുടെ വേദനയിലാകാം ഞാൻ മിണ്ടാതെ വിഷമിച്ചിരിക്കുന്നതെന്ന് മനസ്സിലായപ്പോൾ അവൻ പോകാനെന്നോണം വണ്ടിയിൽ കയറി..എന്തോ ഓർത്തപോലെ അവൻ വീണ്ടും എനിക്ക് നേരെ തിരിഞ്ഞു…

“”സിദ്ധാർത്ഥിന് വിളിച്ചു പറ, നിന്നെ കാത്ത് നിൽക്കണ്ടാന്ന്…””

ഒരു നിമിഷം ഞാൻ അവന്റെ വാക്കുകൾ ആശ്ചര്യത്തോടെ കേട്ടുനിന്നുപോയി…

ദ്വന്ദവ്യക്തിത്വമാണോ നിനക്ക്….ഒരേ സമയം പല രീതിയിൽ സ്വഭാവം പ്രകടിപ്പിക്കുന്നു…എനിക്കറിയില്ല സൂരജ് നിനക്കെന്താണെന്ന്…നീയാരാണെന്ന്…ഒന്നെനിക്ക് മനസ്സിലായി, നിന്റെ ചിന്തകളിൽ ഞാനൊരു നെരിപ്പോടാകുന്നുവെന്ന്…

ഇഴയറ്റുപോയ ചിന്തകളെ കൂട്ടിപ്പിടിച്ചു സിദ്ധുവേട്ടനോട് ഞാൻ വീട്ടിലെത്തി എന്ന് മാത്രം മെസ്സേജ് അയച്ചു…പിന്നീടുള്ള യാത്രയിൽ ഞങ്ങൾ ഇരുവരും മൗനമായിരുന്നു..

പക്ഷെ അവന്റെ മുഖം ഈ ലോകത്ത് ഏറ്റവും സന്തോഷമുള്ളവൻ ഞാനാണെന്ന് വിളിച്ചുപറയുന്ന ഭാവമായിരുന്നു…

എന്നിലും ആ സന്തോഷം ഞാനറിയാതെ പടർന്നു പിടിക്കുന്നുണ്ടെങ്കിലും അവന്റെ വാക്കുകളാൽ മുറിവേറ്റ ഹൃദയത്തിലെ വൃണങ്ങളിൽ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു….

റോഡിൽ നിന്നും മൺപാതയിലേക്ക് ബുള്ളറ്റ് ഇറങ്ങി…ഇടവഴി താണ്ടി വീട്ടിലേക്ക് കയറുന്ന ഒതുക്കുകല്ലുകൾക്ക് മുന്നിൽ അവൻ ബുള്ളറ്റ് നിർത്തി…ഞാനിറങ്ങിയപ്പോൾ എനിക്കൊപ്പം വരാനെന്നോണം അവനും ഇറങ്ങി നിന്നു…

യാത്രപറയാതെ മുഖം കൊടുക്കാതെ ഞാൻ ഒതുക്കുകല്ലുകൾ കയറാനൊരുങ്ങിയതും പിന്നിൽ സൂരജിന്റെ വിളികേട്ടു…

“”പവി….”” ഞാൻ തിരിഞ്ഞു നിന്ന് എന്താണെന്ന് ഭാവത്തിൽ അവനെ നോക്കി നിന്നു…

“”എന്നെ വിളിക്കുന്നില്ലേ നിന്റെ വീട്ടിലേക്ക്…””

ഒരു നോട്ടം കൊണ്ടുപോലും യാത്രപറയാതെ ഞാൻ തിരിഞ്ഞു നടന്നത് ആൾക്ക് നിരാശയായി എന്ന് ഞാനറിഞ്ഞു….ആ മുഖത്തേക്ക് നോക്കി ഞാൻ പുച്ഛത്തോടെ ചിരിച്ചു…

“”വിളിക്കാൻ പറ്റില്ല സൂരജെ….അതിന് കാരണങ്ങൾ ഒരുപാടുണ്ട്…ദാരിദ്രവാസിയായ എന്റെ തീരെ ചെറിയ വീട്ടിൽ ഒരുപാട് ഇല്ലായ്മകൾ ഉണ്ടടോ…ഒരു പാവം അമ്മയുണ്ട്…മരണത്തിന് പോലും വേണ്ടാതെ ശ്വാസം മാത്രം ശേഷിച്ച എന്റെ അച്ഛനുണ്ട്…സത്യത്തിൽ തനിക്ക് ഇരിക്കാൻ ഒരു നല്ല കസേര പോലും അവിടെ ഇല്ല…ഞാൻ ഇതൊക്കെ പറയുന്നത് തന്റെ സിംപതിക്ക് വേണ്ടിയല്ലാട്ടോ…കാരണം നാളെ ഒരിയ്ക്കൽ തനിക്കെന്നെ പരിഹസിക്കാൻ എന്റെയീ ഓരോ കുറവുകളും ഓരോരോ കാരണങ്ങളാകും…ചിലപ്പോൾ അത് താങ്ങാനാകാതെ ഞാൻ….””

പൂർത്തിയാക്കാനാകാതെ ഒരു വിങ്ങൽ എന്റെ തൊണ്ടകുഴിയിൽ വന്നടിഞ്ഞു….

“”അവസാനം ഇന്ന് താനെന്നെ ഒരു മോശം പെണ്ണുമാക്കിയില്ലേ സൂരജെ …ഒരുപാട് പറഞ്ഞതല്ലേ… ഇനിയും എന്നെ എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നത്…””

ദുർബലമായൊരു തേങ്ങലോടെ ഞാൻ നടന്നകന്നു….

ഇരുട്ടിലേക്ക് അകന്നു പോകുന്ന പല്ലവിയെ കണ്ടുനിൽക്കെ കരൾ പറിഞ്ഞിളകുന്ന വേദനയോടെ സൂരജ് പിടഞ്ഞു….

കാത്തിരിക്കണേ…..