സാധാരണ മാലിനിയുമായി പിണങ്ങുന്ന ദിവസം അവൾ അച്ചുവിനോട്, തന്നെ വിളിക്കാൻ ഇങ്ങോട്ട് പറഞ്ഞ് വിടാറാണ് പതിവ്…

നൈമിഷികം

Story written by Saji Thaiparambu

=============

മോളേ അച്ചൂ….

മുറ്റത്തിരുന്ന് അങ്ങേതിലെ മീനാക്ഷിയുമായി സംസാരിച്ചോണ്ടിരുന്ന അശ്വതി, അമ്മയുടെ വിളി കേട്ട് അടുക്കളയിലേക്ക് ഓടിച്ചെന്നു

“എന്താ അമ്മേ?”

“ദേ കാപ്പി എടുത്ത് വച്ചിരിക്കുന്ന കാര്യം, മോള് അച്ഛനോട് ചെന്ന് പറ”

“അതമ്മയ്ക്കങ്ങോട്ട് പറഞ്ഞാലെന്താ?”

“ദേ അച്ചൂ ,നിന്റച്ഛനല്ലേ എന്നോട് പിണങ്ങിയത്. ആദ്യം അച്ഛൻ വന്ന് മിണ്ടട്ടേ, എപ്പോഴും ഞാനങ്ങോട്ട് ചെന്ന് മിണ്ടുന്നത് കൊണ്ട് നിന്റച്ഛന് ഇത്തിരി അഹങ്കാരം കൂടുതലാ”

“ഓ….ഹ്, നിങ്ങളിങ്ങനെ ആഴ്ചയിൽ പിണങ്ങുന്നത് കൊണ്ട് എനിക്കെപ്പോഴും ഹംസത്തിന്റെ റോളാ”

പരിഭവിച്ച് കൊണ്ടവൾ അച്ഛനടുത്തേക്ക് ചെന്നു.

“അച്ഛാ…കാപ്പി കഴിക്കാൻ ചെല്ലാൻ അമ്മ പറഞ്ഞു “

“മ്ഹും ,ശരി”

മസില് പിടിച്ച് പത്രം വായിച്ച് കൊണ്ടിരുന്ന രവീന്ദ്രൻ അതേ ഗൗരവത്തോടെ തന്നെ എഴുന്നേറ്റ് തീൻമേശയിലേക്ക് പോയി.

ആഹാരം കഴിച്ചിട്ട്, രവീന്ദ്രൻ വിശാലമായ തന്റെ കൃഷിസ്ഥലത്തേക്കിറങ്ങി.

നാട്ടിലെ അറിയപ്പെടുന്ന കർഷകനാണ് അയാൾ. സ്വന്തം പറമ്പിൽ ഒട്ടുമിക്ക പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. സഹായികളാരുമില്ലാതെ ഒറ്റയ്ക്കാണ് കിളയ്ക്കലും നടീലും വിളവെടുപ്പും എല്ലാം…

രാവിലെ തുടങ്ങുന്ന അദ്ധ്വാനം ഉച്ചയ്ക്ക്  ഊണ് കഴിക്കാൻ കരയ്ക്ക് കയറുന്നത് വരെ തുടരും.

സാധാരണ മാലിനിയുമായി പിണങ്ങുന്ന ദിവസം അവൾ അച്ചുവിനോട്, തന്നെ വിളിക്കാൻ ഇങ്ങോട്ട് പറഞ്ഞ് വിടാറാണ് പതിവ്.

മണി ഒന്നര കഴിഞ്ഞിട്ടും അവളെ കാണുന്നില്ല. വിശന്ന് കൊടല് കരിഞ്ഞ് അയാൾ, അവസാനം വീട്ടിലേക്ക് നടന്ന് ചെന്നു.

“മോളേ… മോളെ”

അയാൾ വിളിച്ചിട്ടും അവളെ കാണാതിരുന്നപ്പോഴാ ഓർത്തത് ,ഓ ഹ്, ഇന്ന് സ്കൂൾ ഉള്ള ദിവസമല്ലേ?

ഇനിയെങ്ങനാ നാണംകെട്ട് അവളോട് മിണ്ടാൻ ചെല്ലുന്നത്. തല്ക്കാലം മോള് സ്കൂളീന്ന് വരുന്നത് വരെ വിശപ്പ് സഹിക്കാം, അവൾ വേണമെങ്കിൽ ഇങ്ങോട്ട് വന്ന് മിണ്ടട്ടെ, തോറ്റ് കൊടുക്കാൻ ഈ എക്സ് മിലിട്ടറി രവീന്ദ്രനെ കിട്ടില്ല.

അയാൾ തിരിച്ച് പറമ്പിലേക്ക് തന്നെ പോയി.

മൂന്ന് മണി കഴിഞ്ഞപ്പോൾ വിശപ്പ് കലശലായി.

അവസാനം അയാൾ ഒരുപായം കണ്ടെത്തി.

മാലിനി കേൾക്കെ മോള് ഉണ്ടെന്നുള്ള രീതിയിൽ പറഞ്ഞാൽ പോരെ, തനിക്ക് ചോറ് വിളമ്പി തരാൻ.

അയാൾ വരാന്തയിൽ കയറി നിന്ന് പതിവ് തെറ്റിക്കാതെ പല്ലവി തുടർന്നു.

“മോളേ അച്ഛന് വിശക്കുന്നു എന്ന് പറ”

ഇത് കേട്ട് അടുക്കളയിൽ നിന്നും മാലിനി മറുപടി പറഞ്ഞു.

“മോളെ.. നീ അച്ഛനോട് ചെന്ന് പറ, കൃത്യം ഒരു മണിയാപ്പോൾ ചോറ് വിളമ്പി വച്ചിട്ട് അമ്മ അച്ഛനോട് പറയാൻ പറഞ്ഞതാണെന്ന്, ഇത്രയും നേരം ഇങ്ങോട്ട്, കാണാത്തത് കൊണ്ട് അമ്മ എല്ലാം കൂടെയെടുത്ത് പശുവിന്റെ കാടിവെള്ളത്തിലിട്ടെന്ന് പറ “

അത് കേട്ടപ്പോൾ രവീന്ദ്രന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു.

”എടീ സ്കൂളിൽ പോയ കൊച്ചിനോട് പറഞ്ഞാൽ, അത് ഞാനെങ്ങനെ അറിയാനാടീ”.

വിശക്കുമ്പോൾ അയാൾ ഒരു ഭ്രാന്തനാകുമെന്ന പരസ്യവാചകം മാലിനി യോർത്തു.

“ഓഹ്, അപ്പോൾ നിങ്ങള് തന്നെ എന്നോട് ആദ്യം മിണ്ടുവല്ലേ ,എനിക്ക് അത്രയും മതിയായിരുന്നു. നിങ്ങളെത്ര പിണങ്ങിയാലും നിങ്ങൾക്കെന്നെങ്കിലും ഞാൻ ഭക്ഷണം തരാതിരുന്നിട്ടുണ്ടോ മനുഷ്യാ? ഞാൻ വെറുതെ പറഞ്ഞതാ, നിങ്ങൾക്കിഷ്ടപ്പെട്ട മാമ്പുഴ പുളിശ്ശേരി ഉണ്ടാക്കീട്ടുണ്ട്. വന്നിരിക്ക് ഞാനും കഴിച്ചിട്ടില്ല”

അത് കേട്ടപ്പോൾ ഇളിഭ്യനായിപ്പോയ രവീന്ദ്രൻ വിളറിയ ചിരിയുമായി ഊണ് കഴിക്കാനിരുന്നു.

~സജിമോൻ തൈപറമ്പ്