പ്ലാസ്റ്റർ ഇട്ട ഒടിഞ്ഞ വലത് കൈ തടവി കട്ടിലിനു ഒരു മൂലയിലായി ഇരുന്നപ്പോഴാണ് മകൻ ഭക്ഷണവുമായി വന്നത്….

ബലിച്ചോറ്…

Story written by Neelima

==============

പ്ലാസ്റ്റർ ഇട്ട ഒടിഞ്ഞ വലത് കൈ തടവി കട്ടിലിനു ഒരു മൂലയിലായി ഇരുന്നപ്പോഴാണ് മകൻ ഭക്ഷണവുമായി വന്നത്….

നല്ല വിശപ്പ്‌ ഉണ്ടായിരുന്നു. കൈ വയ്യാത്തതിനാൽ രാവിലെയും ശരിക്ക് ഒന്നും കഴിക്കാൻ കഴിഞ്ഞില്ല. കൊണ്ട് വന്ന പ്ലേറ്റും സ്പൂണും എന്റെ മുന്നിലായി വച്ചു

ആഹാരം മുന്നിൽ കണ്ടപ്പോൾ വിശപ്പ്‌ പതിന്മടങ്ങു വർധിച്ചു. എന്തെങ്കിലും കഴിച്ചില്ലെങ്കിൽ വൻ കുടൽ ചെറു കുടലിനെ തിന്നും എന്നുള്ള അവസ്ഥ ! നിസ്സഹായനായി ദീനനായി മകനെ നോക്കി

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവനെ പതിയെ വിളിച്ചു

“”മോനേ…..””

“”മ്മ്…എന്താ ?””

ഈര്ഷ്യയോടെയുള്ള ചോദ്യം കേട്ടപ്പോൾ പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല. കുനിഞ്ഞിരുന്നു

“”എന്തിനാ വിളിച്ചത് ?””. സ്വരം അല്പം ശാന്തമായി തോന്നി. തല ഉയർത്തി നോക്കി

“”മോനേ…അച്ഛന് ഈ ചോറൊന്ന് വായിൽ വച്ച് തരുമോടാ ? കൈ വയ്യാത്തോണ്ട് അച്ഛന് കഴിക്കാൻ പറ്റണില്ല മക്കളേ..നല്ല വിശപ്പ്‌. രാവിലെയും ഒന്നും കഴിച്ചില്ല .””

അരികിലേക്ക് നടന്ന് എത്തിയ മകനെക്കണ്ട് അയാൾ വായ്‌ ഒരല്പം തുറന്ന് പ്രതീക്ഷയോടെ മകനെ നോക്കി.

“”ഇള്ള കുഞ്ഞൊന്നും അല്ലല്ലോ മാമുണ്ണിക്കാൻ ? സ്പൂൺ കണ്ടില്ലേ ?ഇടത് കൈ കൊണ്ട് അതിൽ കോരി അങ്ങ് കഴിച്ചാൽ മതി. എനിക്ക് നൂറു കൂട്ടം പണികളുണ്ട് .””

“”ഞാൻ തരാം അച്ഛന് .””.ശബ്ദം കേട്ട് വന്ന മരുമകൾ അരികിലേക്ക് വരാൻ തുടങ്ങി

“”നിനക്ക് അടുക്കളയിൽ പണി ഒന്നും ഇല്ലേ ?”” ചോദ്യം കഴിയും മുന്നേ മരുമകൾ നിന്നിടം ശൂന്യം !

കണ്ണ് നീര് വന്ന് മൂടി കാഴ്ച മറച്ചു. ദേഷ്യത്തോടെ മകൻ തിരിഞ്ഞു നടക്കുന്നത് മങ്ങിയ കാഴ്ചയായി

മകന്റെ ചോരുളയ്ക്കായി തുറന്ന വായ്‌ അപ്പോഴും തുറന്നു തന്നെ ഇരുന്നു. പ്ലേറ്റിലേയ്ക്ക് നോക്കി. പ്ലേറ്റിൽ ഇരുന്ന് ചോറും ചീര തോരനും അയല കറിയും അയാളെ നോക്കി കൊഞ്ഞനം കുത്തി. അയാളുടെ വയറു നിറഞ്ഞു വിശപ്പ്‌ ശമിച്ചിരുന്നു

ഇടം കൈ കൊണ്ട് പ്ലേറ്റ് പിറകിലേക്ക് നീക്കി. കുറച്ചു നേരം അയാൾ  ഓർമകളുടെ കയങ്ങളിലേയ്ക്ക് ഊളിയിട്ടു. മുഖം ഒഴികെ കുഞ്ഞി കയ്യും കാലും എല്ലാം തുണിക്കുള്ളിൽ പൊതിഞ്ഞു ഒരു കുഞ്ഞു പാവക്കുട്ടിയെ തൂ വെള്ള വസ്ത്രധാരിയായ ഒരു  മാലാഖ തന്റെ കയ്യിലേക്ക് വച്ച് തന്നത് ഇന്നലെ എന്ന പോലെ അയാളുടെ കൺ മുന്നിൽ തെളിഞ്ഞു. തന്നെ തന്നെ നോക്കുന്ന ആ കുഞ്ഞ് വെള്ളാരം കണ്ണുകൾ ഇപ്പോഴും മനസ്സിൽ  മായാതെ നിൽക്കുന്നു. പിന്നീടുള്ള അവന്റെ ഓരോ വളർച്ചയും കൗതുകത്തോടെയാണ് കണ്ട് നിന്നത്…

അവന്റെ പാൽ പുഞ്ചിരി…ആദ്യമായി കമിഴ്ന്നത്….ഇഴഞ്ഞത്…ഇരുന്നത്….പിച്ച വച്ചത്…തന്റെ കൈ പിടിച്ചു അവൻ നടന്നത്…ആദ്യാക്ഷരങ്ങൾ കുറിച്ചത്…..എല്ലാം ഒരു തിരശീലയിൽ എന്ന പോലെ മിന്നി മറഞ്ഞു

ഒരു കുഞ്ഞു കൂടി വേണമെന്ന ഭാര്യയുടെ ആഗ്രഹം പോലും നിഷ്കരുണം നിഷേധിച്ചത് ഇവനോടുള്ള സ്നേഹം പകുത്തു പോകും എന്ന് ഭയന്നാണ്

പണിക്ക് പോകാത്ത ദിവസങ്ങളിൽ അവനുള്ള ചോറുമായി ഭാര്യ എന്റെ അരികിലേക്ക് വരും. ചോറ് പാത്രം എന്റെ കയ്യിൽ പിടിപ്പിച്ചു അവൾ അവളുടെ അവസാനമില്ലാത്ത അടുക്കളപ്പണികളിലേയ്ക്ക് അലിഞ്ഞു ചേരും….

ചോറ് ഉരുളയാക്കി കുഞ്ഞു വായിലേയ്ക്ക് കൊണ്ട് പോകുമ്പോഴേ നിഷേധാർഥത്തിൽ തല വെട്ടിച്ചു ചുണ്ടുകൾ പൂട്ടി വയ്ക്കുമവൻ…കാക്കയെയും പൂച്ചയേയും പൂവും പൂമ്പാറ്റയും കാട്ടിക്കൊടുക്കുമ്പോൾ അദ്‌ഭുതത്തോടെ കുഞ്ഞി കണ്ണ് മിഴിച്ചവൻ ചുറ്റും നോക്കും. മഴയും മഴവില്ലും കാട്ടി കഥകൾ പറയുമ്പോൾ അതിൽ ലയിച്ചു അവൻ അറിയാതെ വാ തുറക്കും. അവസാന ഉരുളയും അവന്റെ വായിലേയ്ക്ക് വയ്ക്കുമ്പോൾ അവന്റെ വയറിനേക്കാൾ നിറയുന്നത്  എന്റെ മനസായിരുന്നു

ഒടുവിൽ കാലിയായ പ്ലേറ്റുമായി യുദ്ധം ജയിച്ച യോദ്ധാവിനെപ്പോലെ അടുക്കളയിലേയ്ക്ക് ചെല്ലുമ്പോൾ, “”ഇപ്പോൾ മനസിലായോ നിങ്ങൾക്ക് ഇവന് ആഹാരം കൊടുക്കാനുള്ള ബുദ്ധിമുട്ട്”” , എന്ന് പറഞ്ഞ് ചിരിയോടെ മുന്നിൽ നിൽക്കുന്ന ഭാര്യയ്ക്ക് ഒരു പുഞ്ചിരി മറുപടിയായി നൽകി അവനെയും ഒക്കത്തു വച്ച് തിരിഞ്ഞു നടക്കും

കഴിഞ്ഞു പോയ കാലത്തിന്റെ സുഖകരമായ ഓർമകൾ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിരിഞ്ഞു

മക്കൾ തന്നോളമായാൽ താൻ എന്ന് വിളിക്കണം എന്നുള്ള പഴമൊഴി എന്നോ തങ്ങൾ  മറന്നു പോയിരുന്നു. പക്ഷെ, പലപ്പോഴും അവൻ തന്നെ അത് ഞങ്ങളെ ഓർമിപ്പിച്ചു. അവൾ ഉണ്ടായിരുന്നപ്പോൾ എന്നും സുന്ദരമായ പഴയ കാലത്തിന്റെ ഓർമ്മകൾ പരസ്പരം പങ്ക് വച്ചേ ഉറങ്ങാറുണ്ടായിരുന്നുള്ളു. ഒരിക്കൽ ആ സുഖ സുഷുപ്തിയിൽ നിന്നും അവൾ ഉണർന്നില്ല. എന്നെ തനിച്ചാക്കി ദുഖങ്ങൾ ഇല്ലാത്ത ലോകത്തിലേയ്ക്ക് അവൾ ഒറ്റയ്ക്ക് യാത്രയായി.

വീണ്ടും ആ കട്ടിലിന്റെ മൂലയ്ക്ക് ചുരുണ്ടു കൂടുമ്പോൾ അയാളുടെ ഉള്ളവും അവൾക്ക് അരികിൽ എത്താൻ കൊതിക്കുന്നുണ്ടായിരുന്നു

****************

രണ്ട് വർഷങ്ങൾക്കിപ്പുറം….അയാൾ ഇന്ന് മകന്റെ വരവും കാത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസവും അവൻ ഈ ദിവസം എനിക്കായി മാറ്റി വയ്ക്കാറുണ്ട് .

ഇന്നവൻ അവന്റെ കൈ കൊണ്ട് തരുന്ന ചോറ് ഉണ്ട് എനിക്ക് മനസും വയറും നിറയ്ക്കണം

നനഞ്ഞ കൈ ഉറക്കെ കൊട്ടുന്നത് കേട്ടു. അവൻ വന്നു. എന്റെ മകൻ ! എനിക്കുള്ള ഭക്ഷണവുമായി…

മകന്റെ കൈ കൊണ്ട് ഉരുട്ടി നൽകുന്ന എള്ളും പൂവും നിറഞ്ഞ ചോറ് ആവോളം ആസ്വദിച്ചു കഴിക്കാനായി ഒരു ബലിക്കാക്കയായി അയാൾ പറന്നുയർന്നു

(അവസാനിച്ചു)