ഡിസ്ലെക്സിയ….
Story written by Aparna Dwithy
================
“നിങ്ങളുടെ മകനെ നന്നാക്കാൻ ഇനി ഞങ്ങളെ കൊണ്ട് പറ്റില്ല. കണ്ടില്ലേ എല്ലാ വിഷയത്തിലും പൂജ്യം മാർക്ക് ആണ് വാങ്ങിയിരിക്കുന്നത്. അവനു ബുദ്ധിയില്ല, വല്ല സെപ്ഷ്യൽ സ്കൂളിലും കൊണ്ടുപോയി ചേർക്കു, വെറുതെ ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ “
ടീച്ചറുടെ വാക്കുകൾ എന്റെ നെഞ്ചിലേക്ക് തറച്ചു കയറി. ആറ്റുനോറ്റുണ്ടായൊരു മോൻ ആണ് അത് ഇങ്ങനെയും. അപ്പോളും കുഞ്ഞു റയാൻ പപ്പ വാങ്ങികൊടുത്ത കളർ പെൻസിൽ കൊണ്ട് പേപ്പറിൽ കുത്തി വരക്കുകയാണ്.
‘മതി പഠിച്ചത് ഇനി നീ വീട്ടിലിരുന്നാൽ മതി ‘ ഞാൻ അവന്റെ കയ്യും പിടിച്ചു സ്കൂളിന്റെ പടിയിറങ്ങി.
‘അതേയ് നിങ്ങളുടെ മോന് ബുദ്ധിയില്ലാന്ന്….ഇനി അങ്ങോട്ട് വിടണ്ട എന്നാണ് ടീച്ചർമാർ പറഞ്ഞേക്കുന്നത്. എന്താന്ന് വച്ചാൽ പപ്പേം മോനും തീരുമാനിച്ചോ. എനിക്ക് വയ്യ ഇനി ‘
“നീ ഇങ്ങനെ കിടന്നു കരഞ്ഞാൽ എന്താ കാര്യം നമ്മുക്ക് വഴിയുണ്ടാക്കാം “
‘അസത്ത്….ഇത്രേം പറഞ്ഞിട്ടും അവനു വല്ല കൂസലും ഉണ്ടോ എന്ന് നോക്കിക്കേ. എന്നാലും ഇത് എന്റെ വയറ്റിൽ തന്നെ വന്ന് ജനിച്ചല്ലോ കർത്താവേ….. ‘
“അങ്ങനൊന്നും പറയാതെന്റെ ആനിയെ. അവൻ മിടുക്കാനാവും. നീ നോക്കിക്കോ ” ജെയിംസ് തന്റെ മകന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
ഇതൊന്നും ശ്രദ്ധിക്കാതെ റയാൻ തന്റെ പുതിയ ടോയ് കാർ അഴിച്ചു പണിയുന്ന തിരക്കിലായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ റയാന്റെ ലോകം ആ വീടിനുള്ളിൽ മാത്രമായി.
അധികാമാരോടും സംസാരിക്കാത്ത റയാൻ തന്റെ കളിപ്പാട്ടങ്ങളോട് സംസാരിക്കുന്നത് പതിവാക്കി. ഹോസ്പിറ്റലിൽ കൊണ്ടുപോയി ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണിച്ചെങ്കിലും അവനു കുഴപ്പമൊന്നുമില്ലെന്നും പഠിക്കാൻ മടിയായത് കൊണ്ടാവാം എന്ന് പറഞ്ഞു അവരും കൈയൊഴിഞ്ഞു.
ഇടയ്ക്കൊക്കെ ഞാൻ അവന്റെ സംസാരം ശ്രദ്ധിക്കുമായിരുന്നു. പല വാക്കുകളും അവൻ തെറ്റായിട്ടാണ് പറയുന്നത്. തിരുത്തികൊടുക്കാൻ ശ്രമിച്ചെങ്കിലും അവൻ അവന്റേതായ ശൈലിയിൽ ഉച്ചരിച്ചുകൊണ്ടേയിരുന്നു. തന്റെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ വരയ്ക്കാനും, പാഴ് വസ്തുക്കൾ കൊണ്ട് ആ കഥാപാത്രങ്ങളെ നിർമിക്കാനും റയാൻ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
അങ്ങനെയിരിക്കെ “താരേ സമീൻ പർ ” എന്ന ഫിലിം ഞാൻ കാണാൻ ഇടയായി. എന്തോ അതിലെ ഇഷാൻ എന്ന കഥാപാത്രവുമായി റയാന് സാമ്യമുള്ളത് പോലെ. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അവനുമായി കൂടുതൽ അടുത്തു. അവന്റെ പുസ്തകങ്ങൾ പരിശോധിച്ചപ്പോൾ പല അക്ഷരങ്ങളും തലതിരിച്ചാണ് എഴുതിയിട്ടുള്ളത്. അവൻ അത് വായിക്കുന്നതും വ്യത്യസ്തമായാണ്. ഒരുപക്ഷേ നേരത്തെ ഞാൻ ഇത് മനസിലാക്കേണ്ടതായിരുന്നു. തന്റെ മകന് “ഡിസ്ലെക്സിയ” അഥവാ ലേർണിംഗ് ഡിസബിലിറ്റി ആണ്. അവന് ചില വാക്കുകൾ ഉച്ചരിക്കാനോ, വായിക്കാനോ പറ്റുകയില്ല. എഴുതുമ്പോളൊക്കെ തലതിരിച്ചാവും എഴുതുക. അന്വേഷിച്ചപ്പോൾ ഈ അവസ്ഥയ്ക്ക് മരുന്നില്ല. നമ്മുടെ സ്നേഹത്തോടെ ഉള്ള സാമീപ്യം തന്നെയാവാം ഇതിനുള്ള മരുന്നും.
പിന്നീടുള്ള എന്റെ ദിവസങ്ങൾ ഞാൻ എന്റെ മകന് വേണ്ടി മാറ്റി വെച്ചു. അക്ഷരങ്ങളെ ശബ്ദത്തിലൂടെ പരിചയപെടുത്തിയും, വാക്കുകൾ ശബ്ദത്തിലൂടെ കേൾപ്പിച്ചും ഞാൻ പരിശീലനം ആരംഭിച്ചു.
ഡികോഡിങ്ങിലൂടെ ഞാൻ അക്ഷരങ്ങളെ ശബ്ദവുമായി ബന്ധപെടുത്തിയും, നിറങ്ങളെ വർണ്ണകടലാസുകളായി നൽകിയും, അവന് ഇഷ്ട്ടപെട്ട ചോക്ലേറ്റ്സ് നൽകി അത് കൗണ്ട് ചെയ്യിപ്പിച്ചും പരിശീലനം നൽകിയപ്പോൾ അവന്റെ മാറ്റങ്ങൾ ഞാൻ കണ്ടറിഞ്ഞു. അതോടൊപ്പം പാഴ് വസ്തുക്കളിൽ അവൻ തീർക്കുന്ന വിസ്മയങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ലോകത്ത് 15-20 ശതമാനം വരെ ആളുകൾ ഡിസ്ലെക്സിയ എന്ന ലേർണിംഗ് ഡിസബിലിറ്റി ഉള്ളവരാണ്. പലപ്പോളും വേണ്ട വിധം ഈ അവസ്ഥ കണ്ടുപിടിക്കുകയോ പ്രത്യേക പരിശീലനം നൽകുകയോ ചെയ്യാറില്ല. കുട്ടികളിൽ ഉണ്ടാവുന്ന ഈ അവസ്ഥ മാതാപിതാക്കൾ മനസിലാക്കുകയും വേണ്ട പരീശീലനങ്ങൾ നൽകുകയും ചെയ്താൽ നമ്മുക്ക് മാറ്റം കൊണ്ടുവരാൻ സാധിക്കും. കുട്ടികളിൽ സംസാരശേഷി വൈകി ഉണ്ടാവുക, പുതിയ വാക്കുകൾ പഠിക്കാൻ സമയമെടുക്കുക, അക്ഷരങ്ങൾ തലതിരിച്ചു എഴുതുക, പല വാക്കുകളും, പേരുകളും, നിറങ്ങളും ഒക്കെ മറന്നു പോകുക എന്നിവയാണ് ലക്ഷണങ്ങൾ.
കൂടുതലായും ഈ അവസ്ഥ ഉണ്ടാവാനുള്ള കാരണം പാരമ്പര്യമാണ്. ഡിസ്ലെക്സിയ ഉള്ള ഒരു അമ്മയ്ക്കോ അച്ഛനോ ജനിക്കുന്ന കുഞ്ഞിന് ഈ അവസ്ഥ ഉണ്ടാവാനുള്ള സാധ്യത 50 ശതമാനത്തോളമാണ്. രണ്ടു പേർക്കും ഈ അവസ്ഥ ഉണ്ടെങ്കിൽ കുഞ്ഞിനെ ബാധിക്കാനുള്ള സാധ്യത 99% വരെയാണ്.
ബ്രെയിൻ ഡാമേജ് മൂലവും ഈ അവസ്ഥ ഉണ്ടാവാറുണ്ട്. ഇതൊരു അസുഖമല്ലാത്തതിനാൽ മരുന്നുകൾ ഒന്നും തന്നെയില്ല സ്പെഷ്യൽ ട്രെയിനിങ് നടത്തി ഈ അവസ്ഥയുള്ളവരുടെ ലേർണിംഗ് സ്‌കിൽ ഉയർത്തുക എന്നത് മാത്രമാണ് നമ്മുക്ക് ചെയ്യാവുന്നത്.
~അപർണ