എന്തായാലും പെങ്ങൾ കുരിപ്പ് ഇല്ലാത്തോണ്ട് കുറച്ച് സ്വാതന്ത്ര്യം ഒക്കെ ഉണ്ട് വീട്ടിൽ, അല്ലേൽ അമ്മേടെ…

ഒടുവിലെ യാത്ര…

Story written by Sayana Gangesh

=============

“ഒരു പണിക്കും പോവൂല എന്നട്ട് നട്ടുച്ച വരെ കിടന്നുറങ്ങുകയും ചെയ്യാ….അതിങ്ങനെ ആ ഞാൻ ഒന്നും പറയാൻ പാടില്ല ലോ മക്കളെ, എല്ലാത്തിനും സമയമുണ്ടത്രേ….മോൻ അത്ര നല്ലപിള്ള ഒന്നും അല്ല എന്ന് അങ്ങേർക്ക് അറിയണ്ടാണോ എന്തോ….ഡാ…..ഞാൻ വരണോ അങ്ങട്ട്? “

അടുക്കളയിൽ നിന്നും അമ്മയുടെ അവസാനത്തെ ഭീഷണിയിൽ “ഹ്മ്മ് അലാറം അടിച്ചു “എന്ന ആത്മഗതത്തോടെ ബെഡിൽ കിടന്ന് കൊണ്ട് കൈയും കാലും നീർത്തി പതിയെ കട്ടിലിൽ നിന്ന് എണീറ്റു.

എന്തായാലും പെങ്ങൾ കുരിപ്പ് ഇല്ലാത്തോണ്ട് കുറച്ച് സ്വാതന്ത്ര്യം ഒക്കെ ഉണ്ട് വീട്ടിൽ, അല്ലേൽ അമ്മേടെ സ്പൈ ആയി എന്റെ ചുറ്റും നടന്ന് രഹസ്യം ചോർത്തി അമ്മേടേന്ന് പെട വാങ്ങി തരലാണ് പെണ്ണിന്റെ മെയിൻ പരിപാടി.

രാജാവായി വാണിരുന്ന എന്നെ വെറും ഭടനാക്കിക്കൊണ്ട്  നാലാം വയസ്സ് മുതൽ കൂടെ കൂടിയതാണ് കുരിപ്പ്. എല്ലായിടത്തും ആൺകുട്ടികൾക്ക് മേൽക്കോയ്‌മ കിട്ടുമ്പോൾ ന്യൂ ജെൻ മാതാപിതാക്കൾ ആയി എന്റെ അമ്മയും അച്ഛനും സ്നേഹവും വറുത്ത മീനും ഓണക്കോടിയും വിഷു കൈനീട്ടവും ഇതൊന്നും പോരാഞ്ഞിട്ട് സ്വന്തമായി മുറിയും കൊടുത്തു അവൾക്ക്…

നടക്കുന്ന വിവേചനത്തിനെതിരെ ഞാൻ ഒന്ന് പ്രതിക്ഷേധിച്ചാലോ “അവൾ ഈ വീട്ടിൽ കുറച്ചു വർഷമല്ലേ ഉണ്ടാകൂ ടാ,…. “അമ്മ ടിഷ്യു കൊണ്ട് കണ്ണുകൾ ഒപ്പി മുഖത്ത് കുറേ സെന്റിയും വാരി തേച്ച് എന്റെ മുഖത്തോട്ട് നോക്കും, ഇനി വാധിച്ചിട്ട് കാര്യം ഇല്ല എന്ന് മനസിലാക്കി ഞാനും രംഗം വിടും.

ഇപ്പോൾ വെക്കേഷൻ പ്രമാണിച്ച് അവൾ മാമന്റെ വീട്ടിൽ പോയിരിക്കുവാ, അതാണ് വറുത്ത മീനും സൺ‌ഡേ സ്പെഷ്യൽ ചിക്കൻ ഫ്രൈയും അവളുടെ റൂമും അമ്മയുടെ ഹെഡ് മസ്സാജും പിന്നെ അവളുടെ റൂമും ആസ്വദിച്ച്‌ ഞാൻ ഇങ്ങനെ വിലസി നടക്കുന്നത്

“ടാ…..നീ എണീറ്റില്ലേ ” ഓർമകളുടെ പടിക്കെട്ടിൽ നിന്ന് എന്നെ ധടു പിടും വീഴ്ത്തി കൊണ്ട് അമ്മയുടെ അട്ടഹാസം എന്റെ ചെവികളിലേക്ക് ഇരച്ചെത്തി.

ചാടി പ്പിടഞ്ഞ് കിണറിന്റെ അരികിൽ ബ്രഷും വായിലിട്ട് ഇരുന്നപ്പോഴേക്കും റൂമിലിരുന്ന് ഫോൺ മാടി വിളിച്ചു.

“എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു…..”

“ആ തമ്പുരാൻ പള്ളിയുറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോഴേക്കും മന്ത്രിമാരുടെ ദൂതെത്തിയല്ലോ “.ഫോൺ ബെല്ലടിച്ചതും അമ്മ വീണ്ടും തുടങ്ങി.

മറുപടി പറഞ്ഞാൽ ഇവിടം ഒരു യുദ്ധഭൂമിയാക്കാൻ മാതാശ്രീക്ക് ഒരു മടിയുമില്ല എന്നറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടാതെ ഫോണുമെടുത്ത് പുറത്തേക്കിറങ്ങി. അമ്മയുടെ പ്രവചനം പോലെ തന്നെ എന്റെ മന്ത്രിമാരുടേതായിരുന്നു കാൾ.

“ടാ നീ വരുന്നില്ലേ….ഇന്ന് പി സി കെ ൽ കല്യാണം ഉണ്ട് അതും ക്രിസ്ത്യൻ. വന്നാ മച്ചാന് നല്ലൊരു പിടുത്തം പിടിക്കാം.”

എന്റെ വീക്നെസ് കേറി പിടിച്ചു അവൻ.

“ആഹാ ദാണ്ടേ വരുന്നു…” എന്ന് പറഞ്ഞ് തിരിഞ്ഞതും മുൻപിൽ എല്ലാം കേട്ട് “ദിഗംബരൻ ” ആയി നിൽക്കുന്നു നമ്മുടെ പിതാശ്രീ

“മ്മ്, എങ്ങോട്ടാടാ..?” കൈയും പിണച്ച് നിന്ന് അച്ഛൻ ചോദിച്ചു

“അച്ഛാ അത്….ഒരു ഇന്റർവ്യൂ ന്റെ വേക്കൻസി…അല്ല.”

“തീറ്റ മത്സരത്തിനായിരിക്കും ലേ….ചുമ്മാ നുണ പറഞ്ഞ് കൂടുതൽ ചളമാക്കാതെ പോടാ… “.അച്ഛൻ അടിമുടി പുച്ഛിച്ച്‌ കൊണ്ട് റൂം വിട്ട് പോയി.

അച്ഛൻ പോയത് അടുക്കളയിലേക്കയതിനാൽ ഏതൊരു നിമിഷവും അമ്മയുടെ വിചാരണ നേരിടേണ്ടി വരുമെന്നുറപ്പുള്ളതിനാൽ ബൈക്കിന്റെ കീയുമെടുത്ത് കാറ്റിനെ വെട്ടും വേഗത്തിൽ ഞാൻ പുറത്തെത്തി. ബൈക്കും സ്റ്റാർട്ട് ചെയ്ത് അവിടം വിട്ടു

കവലയിൽ നിന്ന് പിള്ളേരേം കൂട്ടി വേഗം പി സി കെ ലേക്ക് വച്ചു പിടിച്ചു, പിടിക്കപ്പെടാതിരിക്കാൻ എല്ലാരും ഉള്ളതിൽ നല്ല ഡ്രെസ്സും പിന്നെ മാസ്കും ഫിറ്റ്‌ ചെയ്തിരുന്നു. ഹാളിലേക്ക് ബൈക്കിന്റെ ഫ്രണ്ട് ടയർ കയറിയപ്പോൾ തന്നെ മൂക്കിലേക്ക് അടിച്ച് കയറിയ കോഴിബിരിയാണിന്റെ മണം എന്റെ മനസിനെ ചീസിന്റെ മണത്തിന്റെ പുറകേ കണ്ണടച്ച് പറന്ന് പോകുന്ന ജെറി ആകുന്നത് മനസിലാക്കി പുറകിലിരുന്നവൻ ഷോൾഡറിൽ അമർത്തികൊണ്ട് “ക്ഷമ മുഖ്യം ചങ്ങായി…” എന്ന് പറഞ്ഞ് കൊണ്ട് എന്റെ കൈയും പിടിച്ച് പയ്യന്റെ കൂട്ടുകാരായി കുറച്ച് നേരം അഭിനയിക്കാനായി ഹാളിനുള്ളിലേക്ക് കൊണ്ട് പോയി.

ചുറ്റും വ്യാപിച്ചിരിക്കുന്ന ഭക്ഷണപ്പുരയിലെ വിഭവങ്ങളുടെ മണം എന്റെ മനസിന്റെ കൺട്രോൾ കളയാതിരിക്കാൻ കണ്ണുകളെ വേറെ വഴിക്ക് തിരിച്ച്‌ കിണഞ്ഞ് പാടുപെടുമ്പോഴാണ് കൂടെ വന്നവന്മാർ നെയ്യിൽ പൊരിച്ച് വച്ചിരിക്കുന്ന ചുകന്ന കോ ഴികളെക്കാൾ മുഴുത്ത കോ ഴികളാക്കാൻ തുടങ്ങിയത്.

ഹാളിൽ അവിടിവിടായി നിന്നിരുന്ന ഓരോ പെങ്കിളികളെയും നോക്കി ആര് ആരെ നോക്കും എന്ന് ഫിക്സ് ചെയ്യുന്ന തിരക്കിലായിരുന്നു അവർ. ഒരു ലോഡ് പുച്ഛം എന്റെ മുഖത്ത് വാരിത്തേച്ചു അവർ കാണാൻ പക്ഷേ കുറച്ചു സമയം സെയിം എക്സ്പ്രഷൻ കണ്ടിന്യൂ ചെയ്തിട്ടും അവന്മാർ എന്നെ തിരിഞ്ഞു നോക്കിയ പോലുമില്ല, ഒപ്പം പതിയെ എന്റെ ഉള്ളിൽ നിന്നും ഒരു കുഞ്ഞ് പൂവാലൻ കോഴി കൊക്കാരകൊക്കൊ പാടാൻ തുടങ്ങി.

ഒരു കോണിൽ നിന്ന് ഞാനും പതിയെ ഓരോരുത്തരെ ആയി ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴാണ് ഇവന്മാർ ഇത്രയും കോൺസെൻട്രേറ്റ് ചെയ്തിരുന്നതിന്റെ കാരണം പിടികിട്ടിയത്. പത്ത് ആളെ നോക്കിയാൽ കൊറോണ കാടാക്ഷിച്ച് എട്ട് ആൾ മാസ്ക് വച്ചിട്ടുണ്ട്. അവർക്കും മാസ്കിനുമപ്പുറം ഒളിഞ്ഞ് നിൽക്കുന്ന അവരുടെ മുഖം സങ്കൽപ്പിക്കാനായിരുന്നു പാവങ്ങൾ കഷ്ടപ്പെട്ടിരുന്നത്.

മെല്ലെ ഞാനും അവർക്കിടയിലെ ഒരാളായി മാറി. കണ്ണിൽ പെടുന്ന ഓരോരുത്തരെയും നോക്കി പുരികൻ ഒരെണ്ണം പൊക്കി കള്ളച്ചിരി ചിരി ചിരിച്ച്, അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ നടന്ന് പെട്ടന്ന് അവരുടെ മുഖത്തേക്ക് നോക്കി, അങ്ങനെ ചെയ്യാൻ പറ്റുന്ന എല്ലാം ചെയ്ത് ആരുടെയെങ്കിലും ശ്രദ്ധ പിടിച്ച് പറ്റാൻ നോക്കുന്നതിനിടെയാണ് പെട്ടന്ന് ഒരുവൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്, ഒരു നിമിഷം പെട്ടന്ന് ഹൃദയം നിലച്ചപോലെ തോന്നി,

എന്നെത്തന്നെയാണോ ആ കുട്ടി ഉദ്ദേശിച്ചത് എന്നറിയാൻ ചുറ്റും ഒന്ന് നോക്കിയപ്പോൾ അവന്മാരൊക്കെ വേറെ റൂട്ടാണ് നോക്കുന്നത്. എന്റെ കോൺഫിഡൻസ് അതോടെ അൽപ്പം ഉയർന്നു. ഞാൻ വീണ്ടും അവൾ നിന്നിടത്തേക്ക് മിഴികൾ ചലിപ്പിച്ചു. കൂട്ടുകാരികൾക്കിടയിൽ നിന്ന് അവൾ എന്നെ തന്നെ നോക്കുകയാണ്, ഇടയ്ക്ക് ആ കണ്ണുകൾ ഒന്ന് ചെറുതായി….അത് കണ്ടതും എന്റെ ഹൃദയത്തിന് ചിറകുകൾ മുളച്ചു, കാരണം ചിരിക്കുമ്പോഴാണല്ലോ കണ്ണുകൾ ചെറുതാകുന്നത്. അവൾ കുറച്ച് ദൂരെ ആണ് നിൽക്കുന്നത്. അവളുടെ കൂട്ടുകാരെല്ലാം കലപില പറയുന്നതിനിടേൽ അവൾ അവർക്കിടയിൽ എന്നെ മാത്രം ശ്രദ്ധിച്ച് നിൽക്കുന്നു.

എന്റെ മനസ്സ് അവളുടെ മുഖമൊന്ന് കാണുവാൻ വെമ്പൽ കൊണ്ടു. പതിയെ ഞാൻ അവരുടെ നേരെ ഉള്ള ഒരു ചെയറിൽ ഇരിപ്പുറപ്പിച്ചു. എന്റെ കണ്ണുകളിലൂടെ ഞാൻ അവളോട് കഥകൾ പറഞ്ഞു, അപ്പോഴേക്കും പാ ഷാണത്തിൽ കൃ മിയായി അവന്മാർ എന്റെ അടുത്തോട്ട് വന്നു.

“വാടാ..കഴിക്കാം, “.ഒരുവൻ നിരാശയോടെ പറഞ്ഞു.

“എന്തായി ഒരാളും മൈൻഡ് ചെയ്തില്ലേ?” ഞാൻ അവനെ കളിയാക്കി…

“ഓ ആരാണ് പറയുന്നത് ഫുഡ് ഫുഡ് എന്ന് പറഞ്ഞ് നടക്കുന്നോർക്ക് ഇതൊന്നും മനസിലാകില്ല മോനെ…” അവൻ എന്റെ ഷോട്ൾഡറിൽ പിടിച്ച് മുഖത്ത് വിഷമം വരുത്തികൊണ്ട് പറഞ്ഞു.

“ഹ്മ്മ്, ഫുഡ് എന്റെ വീക്നെസ് ആ എന്ന് വച്ച്…..എനിക്ക് പിന്നാലെ പോണ്ടടാ…” ഞാൻ കോളർ പതുക്കെ ഉയർത്തി

“ഏ….എടാ കള്ളാ….എവിടെ എനിക്ക് കൂടെ കാണിച്ച് താടാ…….”.അവൻ എന്നെ അത്ഭുതത്തോടെ നോക്കി.

“മ്മ്മ്…… കാണിച്ച് തരാം, “.ഞാൻ പതിയെ അവളിരിക്കുന്നിടത്തേക്ക് തിരിഞ്ഞു. അപ്പോഴാണ് അവൾ ഒറ്റയ്ക്ക് ആണ് ഇരിക്കുന്നത് എന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.

“ശ്ശേ… നിങ്ങളോട് സംസാരിച്ച് വെറുതേ സമയം കളഞ്ഞു…ഞാൻ ഇപ്പോൾ വരാം” വേഗം ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

അവളുടെ അടുത്തേക്ക് നടന്നടുക്കും തോറും അവളുടെ മുഖഭാവങ്ങൾ മാറുന്നത് ഞാൻ ശ്രദ്ധിച്ചു,.പതിയെ എന്റെയും. ഞാൻ ഒന്ന് കൂടെ കണ്ണ് ചിമ്മി നോക്കിയതും അവൾ പറഞ്ഞു. “അധികം ചിമ്മണ്ട കോ ഴി ചേട്ടാ…..”

അവളുടെ ശബ്‌ദം എന്റെ നെഞ്ചിൽ കുത്തിയിറങ്ങി. “ആര് കോ ഴി…..ഞാൻ നീ ആണെന്ന് മനസിലാക്കി തന്നെ ആ വന്നേ “

“ഓ പിന്നേ അത് കൊണ്ടാകും ലേ എന്റെ പൊന്നാങ്ങള അത്രേം കണ്ണും പുരികനും വച്ച് അവിടിരുന്ന് കോപ്രായങ്ങൾ കാണിച്ചത്, സ്വന്തം പെങ്ങളെ മനസിലാകാത്ത നിന്നെ ഒക്കെ……” അവൾ എന്നെ നോക്കി കാർപ്പിച്ചു.

“അത്…അത് പിന്നെ നീ മാസ്ക് വച്ച് ആരുടെയോ ഡ്രസ്സ്‌…പിന്നെ നീ എന്താ ഇവിടെ?” ഞാൻ അവൾക്ക് മുൻപിൽ ബ ബ ബ അടിച്ചു.

“അച്ചോടാ…ഇതേയ് എന്റെ ഫ്രണ്ട് ന്റെ മാര്യേജ് ആണ്. പിന്നെ മാമന്റെ വീട്ടിൽ നിന്ന് വന്നതോണ്ട് നിത്യടെ ഡ്രസ്സ്‌ ഇട്ടു.” അവൾ കൈയും കെട്ടി നിന്ന് എന്നെ നോക്കി പറഞ്ഞു.

ഇനി എന്താ ചെയ്യാ ന്ന് ആലോചിച്ച് നിൽക്കുന്ന എന്നെ ഒന്ന് തറപ്പിച്ച് നോക്കി കൊണ്ട് അവൾ തുടർന്നു. “വിളിക്കാത്ത സദ്യക്ക് വന്നതും പോരാ  ചെക്കന് എളക്കവും, ഹും വാ ഇനി ഇവിടെ നിന്ന് എനിക്ക് നാണക്കേടുണ്ടാക്കണ്ട ബാക്കി വീട്ടിൽ ചെന്ന് അമ്മനോട് പറഞ്ഞതിന് ശേഷം….” അവൾ എന്റെ കൈയ്യിൽ പിടിച്ച് വലിച്ച് പുറത്തോട്ട് നടന്നു.

“കൊറോണ പിടിച്ച്‌ ഐസൊലേഷനിൽ ഇരുന്നോന്റെ വീട്ടിൽ പ്രളയം എന്ന് പറഞ്ഞ അവസ്ഥയിൽ പെട്ടാലോ ന്റെ റബ്ബേ” എന്ന് മനസ്സിൽ പറഞ്ഞുണ്ട് അവളുടെ പുറകേ പോകുമ്പോഴുണ്ട് ഇതിനൊക്കെ കാഴ്ച്ചക്കാരായി ന്റെ മന്ത്രിമാരും അവരിൽ ഒരുത്തന്റെ കൈയ്യിൽ എനിക്കായി കാത്തുവച്ച ന്റെ ആവി പറക്കുന്ന കോഴിബിരിയാണിയും…ആ കാഴ്ച്ചയിൽ ഞാൻ അവരോടയിൽ പതിയെ പാടി….

“ഒടുവിലെ യാത്രയ്ക്കായിന്ന്

പ്രിയ ജനമേ ഞാൻ പോകുമ്പോൾ

മെഴുതിരിയേന്തും മാലാഖ

മരണരഥത്തിൽ വന്നെത്തി… “

~സയന