കല്യാണത്തിൽ നിന്നും പിന്മാറാൻ അവളെ കെട്ടാൻ പോകുന്നവനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞ…

Story written by Manju Jayakrishnan

==============

‘കാമുകിയുടെ കല്യാണത്തിന് ഉപ്പു വിളമ്പാൻ പോകുന്നില്ലെ ‘എന്ന് ചോദിച്ചാണ് കൂട്ടുകാർ എന്നെ ചൊറിഞ്ഞു തുടങ്ങിയത്

ചങ്കു പറിച്ചെടുത്തു പോയവളോടുള്ള ദേഷ്യവും സങ്കടവും ഉള്ളിൽ തികട്ടി വരുമ്പോൾ ആണ് ചങ്കായി നിന്നവരുടെ പരിഹാസം…

‘പരിശുദ്ധ പ്രേമം ‘ കൊണ്ടു നടന്നിട്ടിപ്പോ എന്തായി എന്ന് ചോദിച്ചവരോടും മറുപടി പറഞ്ഞത് എന്റെ കണ്ണുനീർത്തുള്ളികൾ ആയിരുന്നു

എന്നും ഞാനാ കവലയിലെ പാലമരച്ചോട്ടിൽ കാത്തിരിക്കും…അവൾ ഒരു നോട്ടമെറിഞ്ഞു നടന്നകലും…ചില  ദിവസങ്ങളിൽ രാവിലത്തെ ചായ  പോലും ഒഴിവാക്കി ഞാൻ അവിടെ ഇരിക്കും…അവൾ വന്നില്ല എങ്കിൽ  പണിക്കു പോകേണ്ട സമയം വരെ  നോക്കും…ഒന്നും കഴിക്കാതെ ആവും ചിലപ്പോൾ പണിക്കു കേറുന്നത്..

സിനിമ കൊട്ടകയിൽ പടം കാണാൻ അവൾ വിളിച്ചിട്ടുണ്ട്…ആരും ഇല്ലാത്ത നേരത്ത് വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്…ഒഴിഞ്ഞു മാറിയത് അവളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് ആയിരുന്നു

കല്യാണത്തിൽ നിന്നും പിന്മാറാൻ അവളെ കെട്ടാൻ പോകുന്നവനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞ വാചകങ്ങൾ എന്നെ തകർത്തു കളഞ്ഞു

“നിനക്കില്ലാത്തതെന്തോ അവളെന്നിൽ കണ്ടു എന്ന് “

അതോടെ ഞാൻ തകർന്നു തരിപ്പണം ആയി

അവളില്ലാത്ത ലോകത്ത് മറ്റൊന്നും എനിക്ക് കൗതുകമായി തോന്നിയില്ല…

‘തീർത്തു കളയാം ‘ ഞാൻ തീരുമാനിച്ചു…

എന്റെ കൈചേർത്ത് പിടിക്കേണ്ടവൾ മറ്റൊരാളുടെ കൈയിൽ കൈ  കൊരുത്ത്…ഇല്ല എനിക്കത് സഹിക്കാൻ പറ്റില്ല…എന്റെ തീരുമാനത്തെ ഞാൻ ന്യായീകരിച്ചു..

എന്നും കാണാറുള്ള ആ  പാലമരചോട്ടിൽ ഞാൻ തൂ ങ്ങിയാടുന്നത് അവൾ കൺകുളിർക്കേ കാണട്ടെ….രാത്രി വൈകിയ കൊണ്ടു അവിടം വിജനമാണ്…കയറുമായി  ഞാൻ നിലയുറപ്പിച്ചു..

അപ്പോഴാണ് തൊട്ടടുത്തു ഒരു പെണ്ണ്…അവളെന്നെ നോക്കി ചിരിക്കുന്നുണ്ട്.. ‘തേപ്പ് കിട്ടി പണ്ടാരമടങ്ങി ഇരിക്കുമ്പോഴാ അവളുടെ ഒരു ഡിങ്കോൾഫിക്ക’ ഞാൻ മനസ്സിൽ പറഞ്ഞു

‘എനിക്ക് താല്പര്യമില്ല പെണ്ണെ..വേറെ ആരെ എങ്കിലും നോക്കിക്കോ…’

ഞാൻ പറഞ്ഞു

അവളെ അവിടെ നിന്നും മറ്റേണ്ടതും എന്റെ ആവശ്യം ആണല്ലോ..

‘ചേട്ടൻ എന്താ കയറൊക്കെയായി’

എന്നുള്ള ചോദ്യത്തിനും ഞാൻ ഒന്നും മിണ്ടിയില്ല..

‘എന്റെ ചേട്ടാ…ജീവിക്കാനെ ഈ  ചാകാൻ പോണത്തിന്റ പത്തിലൊന്ന് ധൈര്യം മതി ‘ പിന്നെ ഇതൊക്കെ മനസിലാക്കി കഴിയുമ്പോൾ ചിലപ്പോൾ ജീവിതം കൈവിട്ടു പോകും..അവൾ പറഞ്ഞു നിർത്തി

“ഒരു തേപ്പിന് ഒരു ബലിയാട് പോരെ”

അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ കുറേ ചോദിച്ചെങ്കിലും അവൾ ‘അതു വേറെ കാര്യം ‘ എന്ന് പറഞ്ഞു വിഷയം മാറ്റി

“പിന്നെ ചേട്ടൻ രക്ഷപെട്ടു എന്ന് കരുതിയാമതി…ചേട്ടന്റെ ആളെ  എനിക്കറിയാം…ചേട്ടൻ മാത്രമൊന്നും ആയിരുന്നില്ല…പുള്ളിക്കാരി തേച്ചതിന്റെ ലിസ്റ്റ് എടുക്കാൻ നിന്നാൽ ഇങ്ങേരു ചാകാനുള്ള ക്യുവിന്റെ അവസാനം നിൽക്കേണ്ടി വരും ” അവൾ പറയുന്നത് വിശ്വസിക്കാനാകാതെ ഞാൻ കേട്ടു നിന്നു..

“ഇവളെ സ്നേഹിക്കുന്നതിനെ എതിർത്തിത്തതിനല്ലെ അല്ലേ ചേട്ടൻ സ്വന്തം അമ്മയെയും കൂടപ്പിറപ്പിനെയും  തള്ളിപ്പറഞ്ഞെ..അവർക്കൊക്കെ അവളുടെ സ്വഭാവം മനസ്സിലായതു  കൊണ്ടാ പിന്തിരിപ്പിക്കാൻ നോക്കിയത്  അല്ലാതെ അവൾ പണ്ടു പറഞ്ഞതു പോലെ സ്ത്രീധനം കിട്ടില്ല എന്ന് തോന്നിയത് കൊണ്ടൊന്നും അല്ല…വയ്യാത്ത അവർ തൊഴിലുറപ്പിന് പോയാ ഇപ്പോ കഴിയുന്നെ..ചേട്ടന്റെ അനിയത്തി എല്ലാവരോടും പറഞ്ഞിരിക്കുന്നത് പോലെ മാർക്ക്‌ കുറഞ്ഞിട്ടല്ല പഠിക്കാൻ പോകത്തെ….അതു ചെയ്യേണ്ട ചേട്ടൻ അതിനു തയ്യാറാകാത്ത കൊണ്ടാ… “

അവളുടെ വാക്കുകൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു…

‘നിനക്കിതൊക്കെ എങ്ങനെ അറിയാം….’

അവൾ ചിരിച്ചു…

‘അപ്പൊ ഞാൻ ഉദേശിച്ച പോലെ നീയൊരു മോശം പെൺകുട്ടി അല്ല അല്ലേ..അനിയത്തിയുടെ കൂട്ടുകാരി ആവും ഞാൻ ഊഹിച്ചു. ദൂരെ  പഠിക്കുന്ന ഒരു കൂട്ടുകാരിയെക്കുറിച്ച് അവൾ പറയാറുണ്ട്. പാതിരാത്രിയിൽ ഒക്കെ വന്നു  ഇറങ്ങി തനിയെ  വീട്ടിലെത്തുന്ന അവൾ തന്നെയാവും ഇവൾ…ഇവിടെ ഈ പാതിരാത്രിയിൽ  ഇങ്ങനെ ഇരിക്കേണ്ട, ഞാൻ കൊണ്ടാകാം ‘

‘വേണ്ട’ എന്നവൾ പറഞ്ഞു…

ഒരുപാട് നിർബന്ധത്തിന്  ഒടുവിൽ അവൾ എനിക്കൊപ്പം യാത്രയായി…ഒരു വഴി എത്തിയപ്പോൾ എന്നോട് പൊക്കോളാൻ പറഞ്ഞു.

‘നാട്ടുക്കാര് കണ്ടാൽ ചേട്ടന് മോശം അല്ലെന്നു…. “

എനിക്ക് ചിരി വന്നു…

വീട്ടിലെത്തിയപ്പോൾ അമ്മയും അനിയത്തിയും കാത്തിരിക്കുകയാണ്. പാവങ്ങൾ ഒന്നും കഴിച്ചിട്ടില്ല…

ഈ സമയത്ത് ചേതനയറ്റ എന്റെ ശരീരമാണ് വന്നിരുന്നതെങ്കിലോ…

ഈശ്വരാ…..

അന്ന് ഞങ്ങൾ ഒരുമിച്ചു ചോറുണ്ടു…അനിയത്തിയോട് നാളെത്തന്നെ പഠിക്കാൻ ചേരാൻ പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നു പേരും കരഞ്ഞു…

അവളുടെ കൂട്ടുകാരിയുടെ കാര്യം ഞാൻ മറച്ചു വെച്ചു…പാതിരാത്രിയിൽ ഒരു പെണ്ണിനെ കണ്ടു എന്നൊക്കെ പറഞ്ഞാൽ അവൾക്കു മോശമാകും  എന്നു കരുതി…

പഠിക്കാൻ ചേരാൻ ഫോം വാങ്ങാൻ പോയ അവൾ കരഞ്ഞു കൊണ്ടു വന്നപ്പോൾ ആണ് ഞാൻ കാര്യം തിരക്കുന്നത്….

അവളുടെ കൂട്ടുകാരി കവലയിൽ ആ  പാലമരത്തിൽ തൂങ്ങി നിൽക്കുന്നത്രെ…എന്റെ സപ്ത നാഡികളും വിറച്ചു..തൊണ്ടക്കുഴി വറ്റി വരണ്ടു….അപ്പൊ ഇന്നലെ ഞാൻ കണ്ടത് എന്റെ  കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല…

ഏട്ടന്റെ മറ്റവൾ ഇല്ലെ, അവളെ ലവൻ  കെട്ടിയത് ഇവളുടെ ജീവിതം തകർത്തിട്ടായിരുന്നു…അവളെപ്പോയി കണ്ടു പറഞ്ഞു കാലു പിടിച്ചിട്ടും അവൾ കേട്ടില്ലത്രെ….തെളിവുകൾ ഉൾപ്പെടെ വേണ്ടപ്പെട്ടവർക്ക് എത്തിച്ചിട്ടാണ് അവൾ ഇത് ചെയ്തത്…അവന്റെ കാര്യം ഇതോടെ തീരുമാനം ആകും

അനിയത്തി പറഞ്ഞു

അവൾ പറഞ്ഞതിന്റെ അർത്ഥം എനിക്കിപ്പോൾ അറിയാം

‘ഒരു തേപ്പിന് ഒരു ബലിയാട് പോരെ ‘

Nb : ആത്മഹത്യ ഒന്നിനും പരിഹാരമല്ല…ഒരു നിമിഷത്തെ തോന്നലിൽ നഷ്ടമാകുന്ന ജീവിതങ്ങൾക്കായി…