പ്രണയം തളിർക്കുമ്പോൾ….
Story written by Praveen Chandran
=================
“മിസ്റ്റർ രോഹൻ പ്രേം” റിസപ്ഷനിലിസ്റ്റിന്റെ ആ വിളി കേട്ട് ഞാൻ തലയുയർത്തി അവളെ നോക്കി..
“യെസ് മാഡം ” ഞാൻ കൈ ഉയർത്തിക്കാട്ടി..
“ബയോഡാറ്റയുമായി അകത്തേക്കു പൊക്കോളൂ..മാനേജർ വിളിക്കുന്നുണ്ട്..” അവൾ പറഞ്ഞു..
“താങ്ക്സ് മാഡം” ഞാൻ പറഞ്ഞത് കേട്ട് അവൾ ഒന്നു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല..
എനിക്കത് അത്ര തൃപ്തിയായില്ല…
“ചിലർ ചിരിച്ചാൽ കാണാൻ നല്ല രസമായിരിക്കും..പക്ഷെ ചിരിക്കണം” ഞാനവളെ ഒന്നാക്കാനായി പറഞ്ഞു..
അവൾക്കതു തീരെ രസിച്ചില്ല എന്നതു അവളുടെ മുഖത്തു നിന്ന് എനിക്കു മനസ്സിലായി..
“ഹും ജോലി ശരിയായിട്ടുപോലുമില്ല അതിന് മുമ്പേ ചെക്കൻ പഞ്ചാരയടി തുടങ്ങിയോ? അവൾ കൂടെയുണ്ടായിരുന്ന മറ്റൊരു റിസപ്ഷനിലിസ്റ്റിനോടായി പറഞ്ഞു..
ഞാനത് കേൾക്കാത്ത ഭാവത്തിൽ അകത്തേക്കു പോയി…
“മേ ഐ കമിംഗ് സാർ?..” ഡോർ പാതി തുറന്നുകൊണ്ട് ഞാൻ ചോദിച്ചു..
“യെസ് കമിംഗ്”
കുറച്ച് സമയത്തിനു ശേഷം ഞാൻ പുറത്തു വന്നു..
“മുഖം കണ്ടിട്ട് ജോലി കീട്ടിക്കാണാൻ സാദ്ധ്യതയില്ലല്ലോ” അവൾ എന്നെ കളിയാക്കി..
“നാളെ എന്നെക്കാണുമ്പോൾ ചിരിക്കാൻ മറക്കണ്ട..” ഞാൻ അത് പറഞ്ഞ് നിറഞ്ഞ ഒരു ചിരി പാസ്സാക്കി പുറത്തേക്കു നടന്നു..
അവൾ അവളുടെ ജോലികളിലേക്ക് മുഴുകി..
അവിടന്നിറങ്ങിയതും എന്റെ മനസ്സിൽ അവൾ മാത്രമായിരുന്നു…കാരണം ഞാനവളെ പല തവണ കണ്ടിട്ടുണ്ട്..അവളെന്നെ ശ്രദ്ധിച്ചിട്ടില്ലായിരിക്കാം..പക്ഷെ അവളവിടെയാണ് ജോലി ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. കണ്ടപ്പോൾ എങ്ങിനെയെങ്കിലും അവിടെ കയറിപ്പറ്റണമെന്ന് മാത്രമായിരുന്നു മനസ്സിൽ..അതെന്തായാലും നടന്നു..
പിറ്റെ ദിവസം നേരത്തോടെ തന്നെ ഞാൻ റിസപ്ഷനിൽ വന്ന് ഇരിപ്പുറപ്പിച്ചു..
ഓടിക്കിതച്ചുകൊണ്ടാണ് അവൾ അവിടേക്ക് കയറിവന്നു..
“ഹായ്..ഗുഡ്മോണിംഗ് ആശ..” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
അവൾ എന്നെ ഒന്ന് നോക്കിയതിന് ശേഷം അകത്തേക്ക് കയറിപോയി..
ഞാനാകെ ചമ്മിപ്പിപ്പോയി..അവിടെ വേറെയും ഒന്നു രണ്ടു പേരുണ്ടായിരുന്നു..
എനിക്കെന്തോ എന്നോട് തന്നെ പുച്ഛം തോന്നി
കുറച്ച് സമയത്തിനു ശേഷം അവൾ തിരിച്ചുവന്നു.
എന്റെ മുഖത്തു പോലും നോക്കാതെ അവൾ ജോലികളിൽ മുഴുകി..
ഞാനാശ്ചര്യത്തോടെ അവളെ നോക്കി..
“ഇതെന്തു സ്വഭാവം..ഈ സാധനത്തിനെയാണോ ഞാൻ പ്രേമിക്കാൻ നോക്കുന്നത്..” ഞാൻ മനസ്സിലാലോചിച്ചു..
അന്ന് വൈകീട്ട് ഓഫീസ് കഴിഞ്ഞ് പോകാൻ നേരം ഞാൻ അവളുടെ മുഖത്തേക്കൊന്നു നോക്കി..
“എന്തേ..താൻ സ്ത്രീകളെ കണ്ടിട്ടില്ലേ? അവൾ ദേഷൃത്തോടെ ചോദിച്ചു..
“കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ മര്യാദയില്ലാത്തവരെ കണ്ടിട്ടില്ല”..
ഞാൻ പറഞ്ഞ് കേട്ട് അവളുടെ മുഖം ചുവന്നു..
“ഒരു സെയിൽസ് എക്സിക്യൂട്ടീവിന് ഇത്ര മര്യാദ ഒക്കെ മതി..പിന്നെ താനിവിടെ ജൂനിയറല്ലേ..ആ നിലക്ക് നിന്നാമതി..എന്നെ ഭരിക്കാൻ വരണ്ട”
“ഇതിനു മറുപടി ഞാനിപ്പോ പറയുന്നില്ല..”
പിന്നീട് ഓരോരോ കാരൃങ്ങൾക്കുമായി ഞങ്ങൾ തമ്മിലുളള പ്രശ്നങ്ങൾ കൂടിക്കൂടി വന്നു…
ഞങ്ങൾ തമ്മിൽ കീരിയും പാമ്പുമായി മാറാൻ അതിക സമയം വേണ്ടിവന്നില്ല..എനിക്ക് ആദൃം അവളോട് തോന്നിയ ഇഷ്ടമൊക്കെ വെറുപ്പായി മാറാൻ അധിക സമയം വേണ്ടി വന്നില്ല..അവളെ കാണുന്നത് തന്നെ എനിക്ക് കലിപ്പായി തുടങ്ങി..
അങ്ങിനെയിരിക്കെ ഒരു ദിവസം റിസപ്ഷനിൽ അവളെ കാണാഞ്ഞ് ഞാൻ ഓഫീസ് ബോയിയോട് കാരൃം തിരക്കി..
“ആ പൂ തന ഇന്നു വന്നില്ലേ വിനോദേട്ടാ?”
എന്റെ ചോദ്യം കേട്ട് വിനോദേട്ടൻ അല്പം ഗൗരവത്തിലായി…
“ഇനി അവൾ വരുമെന്ന് തോന്നുന്നില്ല മോനേ..അവളുടെ അമ്മ ഇന്നു രാവിലെ മരിച്ചു..കുറെക്കാലമായി കാൻസറിനു ചികിത്സയിലായി രുന്നു..”
” ഹോ..” ഞാൻ വിഷമത്തോടെ വിനോദേട്ടനെ നോക്കി..
“അവരെ ചികിത്സിക്കാനായിട്ടാ ആ കുട്ടി ഇത്ര നാളും ഇവിടെ ജോലിക്കു വന്നിരുന്നത്..അവൾക്ക് മറ്റാരുമില്ല..അച്ഛൻ ഉപേക്ഷിച്ചു പോയതിൽ പിന്നെ അമ്മയാണ് അവളെ വളർത്തിയത്..അവൾക്കെല്ലാം ആ അമ്മയായിരുന്നു..അതാ ഇപ്പോ ഇല്ലാതായത്..”
എനിക്ക് മറുപടിയായി ഒന്നും പറയാനുണ്ടായിരു ന്നില്ല..അത്രക്ക് എന്റെ മനസ്സിനെ നൊമ്പരപെടുത്തിയിരുന്നു ആ സംഭവം..
ഓഫീസിന്നു എല്ലാവരുടേയും കൂടെ ഞാനും പോയിരുന്നു അവളുടെ വീട്ടിൽ..അവളുടെ അവസ്ഥ ദയനീയമായിരുന്നു..
ഒന്നു കരയാൻ പോലുമാകാതെ മുറിയുടെ ഒരു കോണിലിരിക്കുന്നുണ്ടവൾ…
അവിടന്ന് പോന്നതിന് ശേഷവും എന്റെ മനസ്സിൽ ആ മുഖം മാത്രമായിരുന്നു…
പിന്നീട് ഓഫീസില് വരുമ്പോഴൊക്കെ ഞാവളുടെ വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു..
രണ്ടാഴ്ച്ചക്കു ശേഷം വീണ്ടും ഞാനവിടെ പോയി..വയസ്സായ ഒരു സ്ത്രീ മാത്രമാണ് അവളെ കൂടാതെ അവിടെ ഉണ്ടായിരുന്നത്..
എന്നെ കണ്ടതും തുണികൾ തോരയിടുകയായിരുന്ന അവൾ വേഗം അകത്തു നിന്ന് ഉമ്മറത്തേക്ക് കസേര കൊണ്ടു വന്ന് എന്നോട് ഇരിക്കാനായി പറഞ്ഞു..
“ചായ എടുക്കട്ടെ..കട്ടൻ ചായയേ ഉണ്ടാകൂ” അവൾ ചോദിച്ചു..
“വേണ്ട”… ഞാൻ പറഞ്ഞു..
അവൾക്ക് ഒരു പാട് മാറ്റം വന്നത് പോലെ എനിക്ക് തോന്നി…
“എന്നോട് ദേഷ്യമാണോ ഇപ്പോഴും” കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവൾ ചോദിച്ചു..
“ഏയ്..അങ്ങിനെയാണേൽ ഞാനിവിടെ വരുമോ?” ഞാൻ പറഞ്ഞു..
“താൻ എന്നോട് ക്ഷമിക്കണം..എന്റെ അവസ്ഥ എങ്ങിനെയായിരുന്നെന്ന് തനിക്ക് ഇപ്പോ മനസ്സിലായിക്കാണുമല്ലോ..തന്നോടെന്നല്ല എല്ലാവരോടും എന്റെ പെരുമാറ്റം ഏറെക്കുറെ അങ്ങിനെത്തന്നെയായിരുന്നു” അവൾ വിഷമത്തോടെ യാണ് അത് പറഞ്ഞത്..
“അതൊക്കെ ഒരു തമാശയായിട്ടേ ഞാനെടുത്തിട്ടുളളൂ..തന്നെയുമല്ല തന്റെ അവസ്ഥയറിഞ്ഞതു മുതൽ തന്നോടുളള ഇഷ്ടം കൂടിയിട്ടേയുളളൂ..താൻ ഓഫീസിൽ വരണം അതു പറയാൻ കൂടിയാ ഞാൻ വന്നത്…ഇവിടെ ഇങ്ങിനെയിരുന്നാൽ തന്റെ വിഷമം കൂടുകയേ ഉളളൂ”..
അവളൊന്നും മറുപടി പറഞ്ഞില്ല..
“ബന്ധുക്കളായിട്ട് ആരും ഇല്ലേ? ഞാൻ ചോദിച്ചു..
“ഉണ്ടായിരുന്നോരെല്ലാം കർമ്മങ്ങൾ കഴിഞ്ഞതോടെ പോയി..വേറെ എനിക്കാരുമില്ല..”
നനഞ്ഞ കണ്ണുകൾ ഷോളുകൊണ്ട് പതിയെ തുടച്ചുകൊണ്ട് അവൾ പറഞ്ഞു..
മറുപടിക്കായി വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചു..
“ഞാനിറങ്ങട്ടെ..”
ഒരു മൂളൽ മാത്രം അവളിൽ നിന്നു കേട്ടു ഞാൻ..
“പിന്നെ ആരും ഇല്ലാന്നുളള തോന്നൽ വേണ്ടാട്ടോ..തനിക്കിഷ്ടമാണെങ്കിൽ ഇനി ഞാനുണ്ടാവും എന്നും..സഹതാപത്തിന്റെ പേരിൽ തോന്നിയൊരിഷ്ടമായി ഇതിനെ കണക്കാക്കണ്ട..പണ്ടുമുതലേ എനിക്കിഷ്ടമായിരുന്നു..ആലോചിച്ചു പറഞ്ഞാൽ മതി..പിന്നെ ഇതിന്റെ പേരിൽ ഓഫീസിൽ വരാതിരിക്കരുത്ട്ടോ..തല്ല് കൂടാനാണെങ്കിലും എനിക്ക് തന്നെ എന്നും കാണാമല്ലോ..”
ഒരു പാട് വൈകിയാണെങ്കിലും ആദ്യമായി ആ മുഖത്ത് ഞാൻ ഒരു ചിരി കണ്ടു..പക്ഷെ അത് കണ്ണ് നിറഞ്ഞ് കൊണ്ടായിരുന്നു എന്ന് മാത്രം..
~പ്രവീൺ ചന്ദ്രൻ