ഇനി താൻ പോകാതെ കാൾ കട്ട്‌ ചെയ്യില്ലെന്ന് മനസിലാക്കി അഞ്ജലി പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റു…

Story written by Nithya Prasanth

===============

“അഞ്ജലി….ഈ പ്രൊജക്റ്റ്‌ നമുക്ക് വളരെ ഇമ്പോർടന്റ്റ്‌ ആണ്…..അനാലിസിസ് ഇന്ന് തന്നെ കംപ്ലീറ്റ് ചെയ്തു തീർക്കുക…..രോഹിത്തിന്റെ ടീം ന്റെ ഹെല്പ് ചോദിച്ചോളൂ….ഞാൻ പറഞ്ഞിട്ടുണ്ട്…”

മറുപടിയ്ക്കു കാത്തുനിൽക്കാതെ ആര്യൻ ഫോണെടുത്തു ഏതോ നമ്പർ ഡയൽ ചെയ്തു…സ്വതവേ ഗൗരവമാർന്ന മുഖം തന്റെ പ്രെസെന്റ്സിൽ ഒന്ന് കൂടി വലിഞ്ഞു മുറുകിയിട്ടുണ്ട്….

ഇനി താൻ പോകാതെ കാൾ കട്ട്‌ ചെയ്യില്ലെന്ന് മനസിലാക്കി അഞ്ജലി പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റു….ജൂനിയർ സ്റ്റാഫ്നെ ഗൗനിക്കുന്നത്ര പോലും സീനിയർ ലീഡർ ആയ തന്നോടിപ്പോളില്ലെന്നു അറിയാം…..

“ഇന്നും ഓവർടൈം ആണല്ലേ??”

പുശ്‌ഛം കലർന്ന രോഹിതിന്റെ ചോദ്യം കേട്ട് ലാപ്ടോപ്പിൽ നിന്നും കണ്ണുകളുയർത്തി അവൾ ചോദ്യഭാവത്തിൽ അവനെ ഒന്ന് നോക്കി….

“അതിന്….????”

“നിനക്ക് പ്രോബ്ലം ഒന്നുമില്ലെങ്കിൽ  ഓക്കെ… “

“ഞാൻ നിങ്ങളെപ്പോലെ ഇറെസ്പോൺസിബിൾ അല്ല…….വർക്ക് ഹോളിക്കാണ്…ഏറെക്കുറെ…”

സീറ്റിൽ ഒന്നുകൂടെ നിവർന്നിരുന്നു അവനെ നോക്കി പറഞ്ഞു.

“എന്ന് മുതൽ ……???? മുൻപത്തെ മാനേജരെ നീ വിളിക്കാൻ ഇനി ചീത്ത ഒന്നും ബാക്കി ഇല്ലല്ലോ….ഇതിപ്പോൾ ഇയാളോടുള്ള നിന്റെ മുടിഞ്ഞ പ്രണയം കൊണ്ടല്ലെ നീ വർക്ക്‌ ഹോളിക് ആയത്…”

“അതെ….അതു തന്നെയാ കാര്യം…ഞാൻ നിന്നോട് ഒന്നും മറച്ചുവയ്ക്കാറില്ലല്ലോ…പക്ഷെ ഒരു കാര്യം ഉണ്ട്…ആളു കുറച്ചു റഫ് ആണെങ്കിലും ബാക്കി ഉള്ളവരെ പോലെ ചിരിച്ചു കൊണ്ട് പാരവയ്‌ക്കില്ല…പിന്നിൽ നിന്നും കുത്തുകയും ഇല്ല..സ്‌ട്രൈറ്റ് ഫോർവേഡ്…ഈ എന്നെപോലെ…”

അവൾ ഒരുകണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…ഏതോ ഓർമയിൽ അവളുടെ കാപ്പി കണ്ണുകൾ തിളങ്ങി…

അതുകണ്ടു രോഹിതിനു ഒന്നുകൂടി ദേഷ്യം ഇരച്ചു കയറി…

“മ്മ്….ഒരു പുണ്യാളൻ…തനി ഗുണം കണ്ടറിയാം…”

“മൈൻഡ് യുവർ ഓൺ ബിസിനസ്‌…….യൂ നീഡ്ന്റ് ടീച്ച് മീ….ഒക്കെ……. “

“പിന്നെ ആളെ ഇങ്ങനെ ചീത്ത പറയുന്നത് എനിക്ക് അത്ര പിടിക്കുന്നില്ലാട്ടോ”

“നിനിക്ക് പിടിക്കണമെന്ന് ആരു പറഞ്ഞു….ഇത്രയും സ്മാർട്ട്‌ ആന്റ് ഹാൻഡ്‌സം ആയ ഞങ്ങൾ കുറെ പേർ ഉണ്ടായിട്ട് ആ കടുവയെ ആണല്ലോ നീ ഇഷ്ടപെട്ടത്…അതു കൊണ്ട് ഞങളുടെ ഒരു സപ്പോർട്ടും പ്രതീക്ഷിക്കേണ്ട…”

“അയ്യോ വേണ്ടേ…”

കൈകൂപ്പി അവനെ ഒന്ന് തൊഴുതുകൊണ്ട് പരിഹാസത്തോടെ പറഞ്ഞു….

“ഇതിനു നീ അനുഭവിക്കും ..”

അതും പറഞ്ഞു ദേഷ്യത്തിൽ അവൻ അവിടന്നും പോയി…..

“ആയിക്കോട്ടെ……”

അവൾ പുച്ഛത്തോടെ  തിരികെ തന്റെ വർക്കിലേക്ക് തിരിഞ്ഞു…

അവൻ പോയതും അവളുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു…..അവൻ ഇങ്ങനെ ആണ്…രോഹിത്…തന്റെ ബെസ്റ്റ് ഫ്രണ്ട്….എന്തൊക്കെ പറഞ്ഞാലും എത്ര അകലത്തിൽ ആയിരുന്നാലും ഓടിയെത്തും എന്ത് ആവശ്യത്തിനും….കാണുമ്പോൾ എന്തെങ്കിലും പറഞ്ഞു ഒന്ന് വഴക്ക് കൂടിയില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല രണ്ടു പേർക്കും….

ഇന്ന് ഒരുപാട് വർക്ക്‌ ഉണ്ട് തീർക്കാൻ….വീട്ടിൽ എത്തുമ്പോൾ ഒരു സമയം ആവും…അവൻ പറഞ്ഞതുപോലെ പണി തന്നത് തന്നെയാണ്….പുതിയ ഓപ്പറേഷൻസ് മാനേജർ….ആര്യൻ മഹാദേവ്…

ആളു പൊതുവെ സീരിയസ് ആണ്….അധികം ചിരിക്കാത്ത മുഖഭാവം…കർശനമായ നിലപാടുകൾ…ആറടി പൊക്കത്തിൽ ആരെയും ആകർഷിക്കുന്ന  സൗന്ദര്യം….ചില ലേഡി സ്റ്റാഫുകൾ ഇമവെട്ടാതെ ആളെ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്…അവരോട് ചൂടാകുന്നതും പേടിപ്പിച്ചു വാണിംഗ് നൽകി പറഞ്ഞയക്കുന്നതും കണ്ടിട്ടുണ്ട്….

ആൾ ചാർജെടുത്ത സമയത്തു തന്നോട് ആയിരുന്നു കൂടുതൽ കാര്യം…സീനിയർ ടീം ലീഡർ ആയത് കൊണ്ടും…കാര്യം കാണാൻ സ്തുതിപാടാൻ നിൽക്കാത്തത് കൊണ്ടും ഒക്കെ….റെസ്‌പെക്ട് തന്നെ സംസാരിക്കാറുണ്ടായിരുന്നുള്ളു….

ആളുടെ ഗെറ്റപ്പ് കണ്ടു അട്ട്രാക്ഷൻ ഒന്നും തോന്നിയിട്ടില്ല…പരുഷമായ പെരുമാറ്റം കൊണ്ടാകണം ഒരു അറ്റാച്ച്മെന്റും തോന്നിയതുമില്ല….എങ്കിലും മുഷിപ്പിക്കേണ്ട എന്ന് കരുതി കൂടെ നിന്നു….പിന്നെ തിരിച്ചറിയുക ആയിരുന്നു…ഗൗരവത്തിന്റ മുഖം മൂടി എടുത്തണിഞ്ഞിരിക്കുക ആണെന്ന്….കുട്ടികളുടെ മനസാണെന്ന്…കാപട്യം നിറഞ്ഞ ഈ ചുറ്റുപാടിൽ നന്മയും സ്നേഹവും ഉള്ള കുറച്ചു പേരിൽ ഒരാളാണെന്ന്…

പിന്നെ എപ്പോഴോ മനസ്സിൽ തോന്നിയ ബഹുമാനം..സ്നേഹം..ഒക്കെ പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു….കുറച്ചു നാൾ മനസ്സിൽ തന്നെ ഒതുക്കി വച്ചു ഇഷ്ടം…..തുറന്നു പറഞ്ഞപ്പോൾ ഞെട്ടലോടെ തന്നെ നോക്കി നിന്നു കുറച്ചു നിമിഷങ്ങൾ…

“ഇല്ല..എനിക്ക് ഇഷ്ടം ഇല്ല…നിന്നെയെന്നല്ല…ആരെയും….”

കൈകൾ ടേബിളിലൂന്നി വിറയാർന്ന ശബ്ദത്തിൽ ചെറിയ കിതപ്പോടെ പറഞ്ഞു നിർത്തുമ്പോൾ താൻ ആദ്യമായി കാണുകയായിരുന്നു  ആര്യനിൽ ഇങ്ങനെ ഒരു ഭാവം….

“അഞ്ജലിക്കു പോകാം…..”

അതായിരുന്നു സ്നേഹത്തോടെ ഉള്ള അവസാന സംഭാഷണം….താൻ പിന്മാറാൻ ഒരുക്കമല്ലെന്നു കണ്ടപ്പോൾ പിന്നെ അന്യരോടെന്ന പോലെയാണ് പെരുമാറിയിട്ടുള്ളത്….

ആദ്യം കുറച്ചു വിഷമം വന്നെങ്കിലും പിന്നീട് മനസിലായി..അഭിനയം ആണെന്ന്…അനാവശ്യമായി ദേഷ്യപെടുമ്പോളും കൂടുതൽ കൂടുതൽ ജോലി ഏൽപ്പിക്കുമ്പോളും ഉള്ളിൽ ചിരിക്കുക ആയിരുന്നു….ഇതൊക്കെ തന്നോടുള്ള ഇഷ്ടകൂടുതൽ തന്നെ ആണ് കാണിക്കുന്നതെന്ന് തോന്നി….സന്തോഷത്തോടെ ഏറ്റുവാങ്ങി….കൂടുതൽ ജോലി തരുമ്പോളെല്ലാം താങ്ക്സ് പറഞ്ഞു ആളെ ഒന്നുകൂടി ചൊടിപ്പിക്കാൻ ശ്രമിച്ചു….

തനിക്ക് അത്രത്തോളം ഒരു ഭ്രാന്തായി  മാറിക്കഴിഞ്ഞിരിക്കുന്നു ആര്യൻ…എല്ലാവരുടെയും മൊശടൻ…..തന്റെ മാത്രം പ്രണയം….ഒരു ദിവസം പോലും കാണാതിരിക്കാനാകാത്ത വിധം അത്രമേൽ ആഴത്തിൽ പതിഞ്ഞു പോയിരിക്കുന്നു….

സെക്ഷൻ മാനേജർ വിളിച്ചിട്ടാണ് അഞ്ജലി കാബിനിൽ പോയത്…..

“പുതിയ പ്രൊജക്റ്റ്‌ ന്റെ പ്ലാൻ ആൻഡ് ബഡ്ജറ്റ് മൂന്ന് ദിവസത്തിനുള്ളിൽ തീർക്കണം….ആര്യൻ സർ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്….”

“ഇപ്പോൾ ഉള്ള വർക്ക്‌ തന്നെ ഫുൾ ഡേ ഇരുന്നാലേ തീരു… പിന്നെ നെക്സ്റ്റ് എങ്ങനെ ചെയ്യാനാ…???”

“സീ അഞ്ജലി….അതൊക്കെ നിങ്ങൾ തമ്മിൽ പറഞ്ഞാൽ മതി…. അഞ്ജലി ആയിരുന്നല്ലോ ആളുടെ പെറ്റ്…. എന്നോട് ഇത്രയും പറയാൻ ഏല്പിച്ചു….”

സാധാരണ പോലെ അല്ല… ഇതിപ്പോ എട്ടിന്റെ പണിയാണ്… ചെയ്തില്ലെങ്കിൽ  ജോലി പോകും അല്ലെങ്കിൽ ജോലി ചെയ്തു തന്റെ തന്റെ പണി തീരും…..രണ്ടിലൊന്ന് ഉറപ്പാണ്…

എന്തായാലും വിട്ടു കൊടുക്കില്ല… തന്നെ കൊണ്ട് റിസൈൻ ചെയ്യിപ്പിക്കാനുള്ള അടവാണ്.. നടക്കില്ല….

രോഹിത് ലീവെടുത്തു…. അവൻ ഫുൾ ഡേ തനിക്കു വേണ്ടി വർക്ക്‌ ചെയ്തു തന്നു….. മൂന്നു ദിവസം…. മൂന്നു ദിവസം താൻ ഉറങ്ങിയിട്ടില്ല… ഫുൾ ടൈം വർക്ക്‌ ചെയ്തു….വാശി ആയിരുന്നു…ആവശ്യത്തിന് ഭക്ഷണം പോലും കഴിച്ചില്ല…ദേഷ്യം ആയിരുന്നു….എല്ലാവരോടും….എല്ലാത്തിനോടും … തന്നോട് തന്നെയും ..

നാലാം ദിവസം ഓഫീസിൽ എത്തി…. പേപ്പേഴ്സ് എല്ലാം സബ്‌മിറ്റ് ചെയ്തു….. മുഖത്തോട് മുഖം കണ്ടിട്ടും പരസ്പരം ചിരിച്ചില്ല… ഗൗരവത്തിൽ തന്നെ തല താഴ്ത്തിയിരുന്നു…… ദേഷ്യം ഉണ്ടായിരുന്നു… സങ്കടം ഉണ്ടായിരുന്നു.. തന്നോട് ഇത്രയും കരുണ ഇല്ലാത്തതിന്….. ആര്യന്റെ ചോദ്യങ്ങൾക്കു  മുഖത്തു നോക്കാതെ മറുപടി പറഞ്ഞു….

ഉറങ്ങാതെ കണ്ണുകളും മുഖവും നീരുവന്നു വീർത്തിരുന്നു…. ആൾ അതൊക്കെ കണ്ടിട്ടും കണ്ടഭാവം നടിച്ചില്ല…. ഒന്നും സംഭവിക്കാത്ത പോലെ..

തിരിച്ചു സീറ്റിൽ വന്നിരുന്നു… തന്റെ അവസ്ഥ കണ്ടിട്ട് പോലും അതിനെക്കുറിച്ചു ഒരു വാക്ക് ചോദിച്ചില്ല…. ശരീരത്തോടൊപ്പം മനസും തളരുന്നതറിഞ്ഞു……തൊണ്ട വരളുന്ന പോലെ…. ചുറ്റുപാടും കറങ്ങുന്ന പോലെ…. പതിയെ കണ്ണുകൾ അടഞ്ഞു പോയി… തളർന്നു കസേരയോടെ താഴേക്ക് വീഴുകയായിരുന്നു…..

“പ്രഷർ വേരിയേഷൻ വന്നിട്ടാണ്… ഉറക്കവും ഭക്ഷണവും ഒക്കെ കുറഞ്ഞിട്ടാണ്…. ട്രിപ്പിട്ടിട്ടുണ്ട്….ഇന്ന് ഒരു ദിവസം ഇവിടെ കിടക്കട്ടെ…..”ഡോക്ടർ രോഹിതിനോടായി പറഞ്ഞുകൊണ്ട് മുറിവിട്ടു പോയി….

അവൻ വിഷമത്തോടെ തന്റെ അടുത്തിരിപ്പുണ്ട്….. ഓഫിസിലെ എല്ലാരും തന്നെ കാണാൻ വന്നു… ഒരാളൊഴിച്… ആര്യൻ…… സാറുമാത്രം വന്നില്ല…..

തന്റെ ഈ അവസ്ഥയിൽ തന്നെക്കാൾ വിഷമം രോഹിതിനുണ്ടെന്ന് തോന്നി…. തനിക്കു ആകെ ഒരു മരവിപ്പ് ആയിരുന്നു….. സാറിന് തന്നോട് സ്നേഹം ഉണ്ടെന്ന് വിചാരിച്ചിരുന്നത് വെറും തോന്നലായിരുന്നുവോ …. ഞാൻ ആരുമല്ലെന്നാണോ …എനിക്ക് ആ മനസ്സിൽ യാതൊരു സ്ഥാനവും ഇല്ലന്നാണോ …..ആ സത്യം ഉൾക്കൊള്ളനാകാതെ ഒരുതരം നിർവികരതയിലായിരുന്നു മനസ്…..

“നീ മരിച്ചാൽ പോലും അയാൾ നിന്നെ കാണാൻ വരുമെന്ന് തോന്നുന്നില്ല…പിന്നെ എന്തിനാ ഇങ്ങനെ വാശിപിടിക്കുന്നത് … ആർക്ക് വേണ്ടിയാ… നീ….ഇങ്ങിനെ…….”

പറഞ്ഞു മുഴുമിപ്പിക്കാതെ നിർത്തുമ്പോൾ അവൻ കരച്ചിലിന്റ വക്കോളാം എത്തിയിരുന്നു…..

അവൻ പറഞ്ഞത് സത്യമാണോ???..താൻ മരിച്ചാൽ പോലും  ആൾ കാണാൻ വന്നെന്നു വരില്ലേ…….

“സെൽഫ് റെസ്‌പെക്ട് എന്നൊരു കാര്യം ഉണ്ട്.. അറിയാവോ നിനക്ക്….നിന്നെ ഇഷ്ടം ഇല്ലാത്തവരുടെ പുറകെ ഇങ്ങനെ നടന്നു , നീ നിന്റെ അഭിമാനം കളയരുത്….”

ഉള്ളു പൊള്ളിക്കുന്നതായിരുന്നു അവന്റെ വാക്കുകൾ… പക്ഷെ സത്യവും……

“പിടിച്ചു വാങ്ങുന്ന സ്നേഹത്തിനു ആയുസ് ഉണ്ടാവില്ല അഞ്ചു….സത്യത്തിൽ നിന്റെ ഈ ഭ്രാന്തു കണ്ടിട്ട് എനിക്ക് പേടിയാകുന്നു…….”.അവൻ കരയുക ആയിരുന്നു…. വാത്സല്യം ഉള്ളപ്പോൾ മാത്രം വിളിക്കുന്നതാണ് ഇങ്ങനെ…. അഞ്ചു എന്ന്…..

“ഞാൻ പോയി കണ്ടിരുന്നു അയാളെ…ഇനി ഗേ ആയത് കൊണ്ടാണോ  നിന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത് എന്ന് എനിക്ക് ഡൌട്ട് തോന്നി….അങ്ങനെ അല്ലെങ്കിൽ നിനക്ക് വേണ്ടി അയാളുടെ കാലുപിടിക്കാനും തയ്യാറായാണ് ഞാൻ പോയത്….”

“പക്ഷെ എന്നോട് സംസാരിക്കാൻ പോലും അയാൾ തയ്യാറായില്ല….”

❣️❣️❣️❣️❣️

“എന്തായിത്????….”

നീട്ടിപിടിച്ച കവറിലേക്കും തന്റെ മുഖത്തേക്കും മാറി നോക്കികൊണ്ട്‌ ആര്യൻ ചോദിച്ചു….

“എന്റെ റെസിഗനേഷൻ “

ഭാവഭേദം ഒന്നുമില്ലാതെ ലെറ്റർ വാങ്ങി…പതിയെ തുറന്നു വായിച്ചു… പിന്നെ മടക്കി നാലായി കീറി വൈസ്റ്റ്‌ ബിന്നിലിട്ടു….

ഇതുകണ്ട് ദേഷ്യം ഇരച്ചുകയറി…..കണ്ണുകൾ ചുവന്നു…വിറയാർന്ന ചുണ്ടുകളോടെ…..ആദ്യമായി ആര്യന് നേരെ വിരൽ ചൂണ്ടി അലറി……” ഐ ഗെറ്റ് സൊ ഇറിറ്റേറ്റഡ് ബൈ യൂ….എനിക്ക് റെസിഗനേഷൻ വേണം…..ഞാൻ ഇനി ഇവിടെ വർക്ക്‌ ചെയ്യില്ല…”

കരഞ്ഞില്ല…ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല…ദേഷ്യം ആയിരുന്നു….തന്നോട് ഇതു വരെ മനസുതുറന്ന് സംസാരിക്കാൻ കൂട്ടക്കാത്ത ആളോട്…..

“എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്…..ഇന്ന് വൈകുന്നേരം അഞ്ജലി ബീച്ചിനടുത്തുള്ള റെസ്റ്റോറന്റൈൽ വരണം… .”

ദേഷ്യം അടങ്ങിയിരുന്നില്ല… രൂക്ഷമായി നോക്കികൊണ്ട്‌  ഓഫീസ് റൂം വിട്ടിറങ്ങി…..

**************

താൻ വരുമ്പോൾ റെസ്റ്റോറന്റ്നു പുറത്തിട്ടിരിക്കുന്ന ഒഴിഞ്ഞ കസേരസ്കളിലൊന്നിൽ ആര്യൻ ഇരുപ്പുണ്ടായിരുന്നു….കുറച്ചകലെ മാറി രോഹിത്തും…എന്നെ തനിച്ചു വിടാൻ അവനു മനസ് വന്നില്ല…വല്ല പൊട്ടത്തരവും കാണിക്കുമോന്നു ഭയനിട്ടാവും….

കുറെ നാളുകൾക്കു ശേഷം ആര്യൻ തന്നെ നോക്കി പുഞ്ചിരിച്ചു….വിഷാദം കലർന്ന ചിരി….നിസ്സഹായത ഉണ്ടായിരുന്നു മുഖത്ത്….

ഇതു ഇതുവരെ കാണാത്ത ആര്യന്റെ മറ്റൊരു ഭാവം…..

“സുഖമായോ അഞ്ജലി….”

ആണെന്നും അല്ലെന്നും ഉള്ള രീതിയിൽ ഒരു നോട്ടം മാത്രമേ അവളുടെ ഭാഗത്തുനിന്നും ഉണ്ടായുള്ളൂ….

“എന്നെ ദേഷ്യം പിടിപ്പിക്കാൻ നോക്കിയായത്‌കൊണ്ടാ ഞാൻ അങ്ങിനെ ഒക്കെ…. സോറി….. എങ്കിലും ഇങ്ങനെ അസുഖം വരുത്തി വയ്ക്കും എന്ന് വിചാരിച്ചില്ല…..”

“കഴിഞ്ഞോ….സഹതാപം…..???….എങ്കിൽ കാര്യത്തിലേക്ക് കടക്കാമായിരുന്നു…” അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു

അത്രയും പറഞ്ഞിട്ടും ഒട്ടും ദേഷ്യം ഉണ്ടായിരുന്നില്ല അവന്റ മുഖത്തു….വീണ്ടും പുഞ്ചിരി…. വിഷാദഭാവത്തിന് പുറത്തു ഒരു കുസൃതിചിരി മിന്നിമാഞ്ഞുവോ….എന്തോ…. തന്റെ കുറുമ്പ് സംസാരങ്ങൾ ആസ്വദിക്കുന്നപോലെ……

അതു ശ്രദ്ധിക്കാതിരിക്കാൻ ശ്രമിച്ചു… വീണ്ടും മനസ് കൈവിട്ടു പോയാലോ….

“നമുക്കൊന്ന് നടന്നാലോ??? അനുവാദത്തിനായി തന്നെ നോക്കി…

പതിയെ എഴുനേറ്റു നടന്നു….തിരമാലകൾ പതിയെ കാലുകളെ തഴുകി കടന്നുപോയി….എത്രവട്ടം ഇവിടെ കുത്തിമറിഞ്ഞു ആഘോഷിച്ചിരിക്കുന്നു…… എന്നാൽ ഇന്ന്…

ഈ പ്രണയം എന്ന് പറഞ്ഞാൽ ഇങ്ങനെ ആണല്ലേ…. നാമറിയാതെ നമ്മെ ഏതോ ഒരു സ്വപ്നലോകത്തേയ്ക്ക് കൊണ്ടുപോയി… ഒരുപാട് വർണങ്ങളൊക്കെ നെയ്തുകൂട്ടി അവസാനം അഗാധമായ ഏതോ ദുഖ കയത്തിലേക്കു തള്ളിയിടുന്നു…..എത്ര സന്തോഷമായി ജീവിച്ചിരുന്നതാ…ചിത്രശലഭത്തെ പോലെ… ഒട്ടും ഭാരമില്ലാതെ…. പാറിപറന്നു….

“അഞ്ജലി…..”

ആര്യന്റെ വിളിയാണ് ചിന്തകളിൽ നിന്നും മടക്കി കൊണ്ടുവന്നത്….

“ഞാൻ തന്നെ അവോയ്ഡ് ചെയ്തതിനു കാരണം ഉണ്ട്….”ഒന്ന് നിർത്തി അവൻ തുടർന്നു….അവന്റെ മനസ് ഏതോ വേദനയാർന്ന ഓർമകളിൽപെട്ടുഴലുന്നപോലെ തോന്നി…അവന്റെ വാക്കുകൾക്കായി കാതോർത്തു.

“ഞാൻ ബിരുദത്തിന് പഠിക്കുന്ന സമയത്ത് ഇടയ്ക്കിടെ വരുന്ന വയറുവേദന ആദ്യമൊക്കെ പെയിൻ കില്ലർ കഴിച്ചു നിർത്തി ….പിന്നെ അതുകൊണ്ട് കുറയാതായപ്പോൾ അടുത്ത് ഹോസ്പിറ്റലിലെ ഫിസിഷ്യനെ കാണിച്ചു… അവിടുത്തെ ടെസ്റ്റ്‌ കളിലും സ്കാനിങ്ങിലും സംശയങ്ങൾ തോന്നി അവർ ബയോപ്സി ടെസ്റ്റ്‌നു അയച്ചു…..റിസൾട്ട്‌ പോസിറ്റീവ് ആയിരുന്നു……”

ഒന്ന് നിർത്തി അഞ്ജലിയെ നോക്കി….തന്നെ തന്നെ നോക്കി ഞെട്ടലോടെ നിൽക്കുന്നവളെയാണ് കണ്ടത്……

ഒരു ദീർഘ ശ്വാസം എടുത്തു അവൻ തുടർന്നു…

“പിന്നെ കൊച്ചിയിലെ പ്രസിദ്ധമായ കാൻസർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു ട്രീറ്റ്മെന്റ്….. ഫസ്റ്റ് സ്റ്റേജ് ആയിരുന്നു….. ചെറിയൊരു സർജറി…പിന്നെ കീമോ…..ആ ട്രീറ്റ്മെന്റ്ഒക്കെ കഴിഞ്ഞു ടെസ്റ്റ് ചെയ്തപ്പോൾ പൂർണമായും സുഖമായി എന്നാണ് ഡോക്ടർ പറഞ്ഞത്… “

“എങ്കിലും ആറുമാസം കൂടുമ്പോൾ ചെക്കപ്പ് ചെയ്യണം….അന്ന് ഒരുവർഷം എനിക്ക് നഷ്ടമായിരുന്നു … എങ്കിലും പിന്നീട് ഗ്രാജുവേഷനും പോസ്റ്റ്‌ ഗ്രാജുവഷനും പൂർത്തിയാക്കി….. ചെക്ക്അപ്പ്‌ ഇതുവരെ മുടക്കിയിട്ടില്ല….ഇതുവരെ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല…..എങ്കിലും ഇനിയും വരുമൊന്നു…എനിക്ക് ഒരു…….’

പാതിയിൽ നിർത്തി… “വിവാഹം വേണ്ട എന്നാണ് ഞാൻ തീരുമാനിച്ചത്….”

ആര്യൻ അവളുടെ മുഖത്തേക്ക് നോക്കി… നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ….ഒന്നും മിണ്ടാനാകാതെ അവൾ…

“ഞാൻ ഈ വിവരം ഓഫീസിൽ ആരോടും പറഞ്ഞിട്ടില്ല….. എനിക്ക് സഹതാപം ഇഷ്ടം ഇല്ല… അതാണ്….”

“പിന്നെ അഞ്ജലി… നിന്നെ എന്നിൽ നിന്നും അകറ്റാനായിട്ടാണ് ഞാൻ കുറച്ചു റൂഡ് ആയി പെരുമാറിയത്…..”

“എന്നിട്ടും വിട്ടുപോകില്ല എന്ന് കണ്ടപ്പോൾ എല്ലാം തുറന്നു പറയാമെന്നു കരുതി….”

പെട്ടെന്ന് കേട്ട ഷോക്കിൽ അഞ്‌ജലിക്കു ഒന്നും പറയാനുണ്ടായിരുന്നില്ല…അതു കണ്ടപ്പോൾ ആര്യന്റെ ചുണ്ടിൽ ഒരു വിജയച്ചിരി തെളിഞ്ഞു….

“ഇപ്പോൾ എന്ത് തോന്നുന്നു….അഞ്ജലി….ഭയമുണ്ടോ തനിക്ക് ????. “

അതിനും അവളുടെ ഭാഗത്തുനിന്നും മറുപടി ഒന്നും ഉണ്ടായില്ല…..

“ആദ്യമേ ഇതങ്ങു തുറന്നു പറഞ്ഞാൽ മതിയായിരുന്നു അല്ലെ???…..ഇത്രയും ബുദ്ധിമുട്ട് തനിക്കും എനിക്കും ഉണ്ടാവില്ലായിരുന്നു…”

ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ…

“സാരമില്ലെടോ.. ഞാനിത് പ്രതീക്ഷിച്ചതാണ്….കാര്യങ്ങൾ ഒക്കെ അറിയുമ്പോൾ തന്റെ ക്രഷ് ഒക്കെ മാറും എന്ന് എനിക്ക് അറിയാമായിരുന്നു…. അതാണ് തുറന്നു പറയാമെന്നു വച്ചത്……”

“ഇനി വയ്‌കേണ്ട… നമുക്ക് പോകാം….”

അവൾ പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോൾ തിരിഞ്ഞു നടന്നക്കാനൊരുങ്ങിക്കൊണ്ട് അവൻ പറഞ്ഞു…

“ഞാൻ…എന്നോട് ക്ഷമിക്കണം…. ഒന്നും അറിയാതെ ഞാൻ ഒരുപാട് ദേഷ്യപ്പെട്ടു…..”

“അതൊന്നും സാരമില്ലടോ…അതൊക്കെ ഈ പ്രായത്തിന്റെ അറിവില്ലായ്മയായെ ഞാൻ കണ്ടിട്ടുള്ളു…വരൂ… പോകാം…”

വാത്സല്യത്തോടെ പുഞ്ചിരിയോടെ തന്നെ നോക്കി പറയുന്നവനെ അവൾ ഒരു നിമിഷം നോക്കി നിന്നു… പിന്നെ പാഞ്ഞു ചെന്നു അവനെ ഇറുകെ പുണർന്നു…

“അസുഖത്തെ കുറിച്ചു ഓർത്തിട്ടാണ് എന്നെ അകറ്റി നിർത്തിയതെങ്കിൽ….എനിക്ക് പേടിയില്ല…..”

പെട്ടെന്നുണ്ടായ അവളുടെ പെരുമാറ്റത്തിൽ ഞെട്ടിപ്പോയ ആര്യൻഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം പൊടുന്നനെ അവളുടെ കൈകൾ തട്ടിമാറ്റി….

“നിന്റെ തമാശ കുറെ കൂടുന്നുണ്ട് അഞ്ജലി…. ഇല്ല.. എനിക്ക് അങ്ങനെ ഒരു ഇഷ്ടവും ഇല്ല…”.അവന്റ ശബ്ദം വിറച്ചു…

“കള്ളം.. നുണയനാ നിങ്ങൾ.. നിങ്ങൾക് എന്നെ ഇഷ്ടം ആണ്…ഓരോതവണ എന്നെ അകറ്റി നിർത്തുമ്പോഴും  എന്നെക്കാളേറെ നിങ്ങളുടെ മനസ് പിടയ്ക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… ഉള്ളിൽ സ്നേഹം ഉണ്ടായിട്ടും ഇങ്ങനെ അകറ്റി നിർത്തുന്നതിന്റ കാരണം മാത്രം എനിക്ക് അറിയില്ലായിരുന്നു……” പറയുമ്പോൾ അവൾ കിതയ്ക്കുന്നുണ്ടായിരുന്നു..

അവന്റെ മുഖം വിളറി..

അവൾ ഇരുകൈകൾക്കൊണ്ടും അവനെ ചുറ്റിപ്പിടിച്ചു ആ നെഞ്ചിൽ മുഖം ചേർത്തു….

“എനിക്ക് പേടിയില്ല…ഒരസുഖത്തെയും… ഇനി ഒന്നും ഉണ്ടാവില്ല … അഥവാ വന്നാലും ഞാൻ ഉണ്ടാവും കൂടെ… നിങ്ങളിനി ഒറ്റയ്ക്കാവില്ല ഒരിക്കലും…..ഞാൻ ഉണ്ടാവും …..എന്റെ മരണം വരെ….”

“വേണ്ട അഞ്ജലി… എന്തിനാ വെറുതെ…”അവന്റ ശബ്ദം ഇടറി…

“മതി… എനിക്കൊന്നും കേൾക്കേണ്ട…”പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവനെ തടഞ്ഞു…

“ഒരസുഖത്തിനും എനിക്ക് നിങ്ങളോടുള്ള ഇഷ്ടത്തിന് കുറവ് വരുത്താനാകില്ല…..” ചുറ്റിയിരുന്ന കൈകൾ ഒന്നുകൂടി മുറുകി….

“ആളുകൾ ശ്രദ്ധിക്കുന്നു….”ചുറ്റുപാടും നോക്കികൊണ്ട്‌ അവളെ മാറ്റിനിർത്താൻ നോക്കി അവൻ…

“ശ്രദ്ധിക്കട്ടെ……നിങ്ങളെ വിട്ടു ഞാൻ പോകില്ല….” അവളുടെ ശബ്ദം ആർദ്രമായി…..

“അഞ്ജലി…..നിന്നോടെനിക്ക് ഇഷ്ടം ഉണ്ടായിരുന്നു…  ഒരുപാട്…….ആഗ്രഹിക്കാൻ അർഹത ഇല്ലാന്ന് തോന്നി….എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതാവുമോന്ന് പേടിച്ചിട്ടാ  അകറ്റി നിർത്തിയതും…..” ആര്യൻ തന്റെ ഇരു കൈകൾ കൊണ്ടും അവളെ തന്നിലേക്ക് അണച്ചുപിടിച്ചു…. ആ മൂർദ്ധാവിൽ ചുംബിച്ചു….

വിശ്വസിക്കാനാവാതെ അവൾ മുഖമുയർത്തി നോക്കി….. കണ്ണുകളിൽ നിറയെ വാത്സല്യവും പ്രണയവുമായി ആര്യൻ… ഇതാ തന്റെ മുന്നിൽ…. ഈ ലോകത്തിൽ ഏറ്റവും വലിയ സന്തോഷവതി തനാണെന്ന് തോന്നി…..

ആ നെഞ്ചിലേക്ക് മുഖം ചേർത്തു വയ്ക്കുമ്പോൾ  ആകാശത്തെ ചുവപ്പ് അവളുടെ കവിളുകളിലേക്കും പടർന്നിരുന്നു.. അവരുടെ ഒത്തുചേരലിന് സാക്ഷിയായി വീണ്ടുമൊരു പുലരിക്കായി പുത്തനുണർവിനായി അസ്തമയസൂര്യനൊരുങ്ങുകയായിരുന്നു…അങ്ങകലെ ഒരുമെയ്യായി പുണർന്നു നിൽക്കുന്നവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രിയ സുഹൃത്തും….

അവസാനിച്ചു.

~നിത്യ പ്രശാന്ത്.