യുദ്ധം
Story written by Kannan Saju
==============
“ഈ വരുന്ന വാവിന്റെ അന്ന് അർധരാത്രി എന്നിലൂടെ ഭഗവാൻ നിങ്ങളുമായി പൂർണ്ണമായും ലൈം ഗീ ക മായി ബന്ധപ്പെടും..അതിലൂടെ മാത്രമേ നിങ്ങളുടെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ആവുകയുള്ളു “
ജോത്സ്യന്റെ വാക്കുകൾ ഇടിമിന്നൽ പോലെ വൈദേഹിയിൽ തറച്ചു കയറി…മുന്നിൽ കത്തി നിൽക്കുന്ന നില വിളക്കിലെ ദീപങ്ങൾ പത്ത് മടങ്ങു ചിന്നി ചിതറിയ ജ്വാലകളായി അവൾക്കു തോന്നി.
“ഈശ്വരാ….പതിനഞ്ചു വർഷത്തെ പ്രണയം…ഒടുവിൽ നാട്ടുകാരെയും വീട്ടുകാരെയും എല്ലാം എതിർത്തു വിവാഹം…ആ മനുഷ്യനെ ഞാൻ എങ്ങനെ ചതിക്കാൻ ??? പക്ഷെ ഇന്ന് അദ്ദേഹം ക്യാൻസറിനു അടിമപ്പെടും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലല്ലോ! പ്രതീക്ഷ വേണ്ടാന്ന് ഡോക്ടർ പോലും പറഞ്ഞു കഴിഞ്ഞു..ഇനിയെന്തെങ്കിലും അത്ഭുതം സംഭവിക്കണം..അതായിരുന്നു ഡോക്ടറുടെ അവസാന വാക്കുകൾ…അതിനിനി പോവാനും പ്രാർത്ഥിക്കാനും ഇനി അമ്പലങ്ങളും പള്ളികളും ബാക്കി ഇല്ല..പേര് കേട്ടിടത്തും പറഞ്ഞു കേട്ടിടത്തും എല്ലാം പോയി…ഇതിപ്പോ അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ട നിമ്മി പറഞ്ഞിട്ടാണ് ഇയ്യാളുടെ അടുത്ത് വന്നത്…ഇയ്യാളാണെങ്കിൽ ഇതുവരെ ഒരു ജോത്സ്യനും പറയാത്ത ഒന്ന് പറഞ്ഞിരിക്കുന്നു..അതിനാണെങ്കിൽ എന്റെ ജീവന്റെ വില ഉണ്ട്..എന്റെ മനസ്സിനൊപ്പം കണ്ണേട്ടന് മാത്രമായി ഞാൻ മാറ്റി വെച്ച ഒന്ന്..എന്റെ ശരീരം! “
ദീപങ്ങളിലേക്ക് നോക്കി സ്വയം പറഞ്ഞു കൊണ്ടിരുന്ന വൈദേഹിയുടെ ശ്രദ്ധ പിടിച്ചുകൊണ്ടു “കുട്ടി എന്താ ആലോചിക്കണേ???….ഉം..എനിക്കറിയാം, നോക്കു കുട്ട്യേ ഇവിടെ ഞാനല്ല നിന്നെ പ്രാപിക്കുക..എന്റെ ശരീരത്തിലേക്കു പ്രവേശിക്കുന്ന ഭഗവാൻ ആണെന്ന് ഓർക്കണം…അതിലൂടെ ഭഗവാൻ സംതൃപ്തനാവുമ്പോൾ നിന്നോട് ചോദിക്കും എന്ത് വരമാണ് നിനക്ക് വേണ്ടതെന്നു? അപ്പൊ ഭർത്താവിനെ രക്ഷിക്കാൻ പ്രാർത്ഥിക്കുക…ഏതു മാറാ രോഗവും അദ്ദേഹം മാറ്റി തരും…അതാണ് ഭഗവാന്റെ ശക്തി…അതിൽ കുറ്റബോധം വേണ്ട…ഭർത്താവിന്റെ ജീവന് വേണ്ടി അല്ലെ…കളം ഒരുക്കാനും ഭഗവാനെ വിളിച്ചു വരുത്താനും ഒക്കെ ആയി നല്ലൊരു തുക വേണ്ടി വരും..അത് പൈസ ആയി കയ്യിൽ തന്നാ മതി…ഇനി ഇവിടെ ഇരിക്കേണ്ട…പൊയ്ക്കോളൂ…സമ്മതം എങ്കിൽ മാത്രം വരിക “
അതും പറഞ്ഞു കണ്ണുകൾ അടച്ചു അയ്യാൾ പ്രാർത്ഥനയിൽ മുഴുകി….അവൾ മെല്ലെ എഴുന്നേറ്റു പുറത്തേക്കിറങ്ങി..
ഒന്നും മിണ്ടാതെ കട്ടിലിൽ ഇരിക്കുന്ന അവളെ നോക്കി കണ്ണൻ ചോദിച്ചു “നിനക്കെന്നാടി മോളെ പറ്റ്യേ?? “
ഒരു ഞെട്ടലോടെ അവൾ കണ്ണനെ നോക്കി…തന്റെ പരിഭ്രമം മറക്കാൻ ശ്രമിച്ചു ” ഏയ്…ഒന്നൂല്ല കണ്ണേട്ടാ “
“നീ ഓക്കേ അല്ലെ? “
“എന്റെ ഏട്ടൻ ഓക്കേ അല്ലെ? ” അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു
“അയ്യേ… എന്നാത്തിനാടി പോ ത്തേ കരയുന്നെ ??? ഏഹ്??? ഞാൻ ചത്തോ? “
വൈദേഹി തന്റെ കൈകൊണ്ട് അവന്റെ വാ പൊത്തി “അല്ലെങ്കിലേ മനുഷ്യൻ ചത്തു ജീവിക്കാ…ഇങ്ങനൊന്നും പറയല്ലേ എന്റെ കണ്ണേട്ടാ! “
“ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കും…സത്യം കണ്ടില്ലെന്നു നടിച്ചിട്ടു എന്നാ കാര്യം….??? മം??? ഇനി ഉള്ള ദിവസങ്ങൾ മനോഹരമാക്കി സന്തോഷത്തോടെ വേണം കണ്ണേട്ടനെ യാത്ര ആക്കാൻ “
“ദേ കണ്ണേട്ടാ…ഒരുമാതിരി…. “
കണ്ണൻ മെല്ലെ ഒന്ന് ചിരിച്ചു…
“നിങ്ങള് ജോലിക്ക് പോയി വരുന്നത് വരെ പോലും പിടിച്ചു നിക്കാൻ പറ്റാത്ത എനിക്ക് നിങ്ങളില്ലാത്ത ഒരു ലോകം എങ്ങനായിരിക്കും കണ്ണേട്ടാ??? “
കണ്ണൻ നിശബ്ദനായി….
“ഞാൻ എന്നാ പറയാനാ മോളെ….ഇനി എന്നതെങ്കിലും അത്ഭുതം നടക്കണം എങ്കിൽ മുകളിൽ ഉള്ളവൻ വിചാരിക്കണം… “
അവളുടെ മുഖത്ത് നോക്കാതെ മേലേക്ക് നോക്കികൊണ്ട് കണ്ണൻ പറഞ്ഞ വാക്കുകൾ അവളെ വീണ്ടും സമ്മർദത്തിൽ ആഴ്ത്തി..
“അപ്പൊ ദൈവം ഇല്ലന്നൊക്കെ കണ്ണേട്ടൻ പറഞ്ഞിട്ട് ???? എന്നെ എപ്പോഴും കളിയാക്കിയിട്ട്??? “
“സഹായിക്കാൻ ആരും ഇല്ലാതെ വരുമ്പോ, ശാസ്ത്രവും കൈ വിടുമ്പോൾ, ചെയ്യാനുള്ളതെല്ലാം ചെയ്തു ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ എന്ന് ഡോക്ടർമാർ പോലും പറയുമ്പോ ആരാ മോളെ ദൈവം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തത്??? “
വൈദേഹി ഫോൺ എടുത്തു നിമ്മിയെ വിളിച്ചു….
“ഇല്ല..പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല..ഒരു പൂജ വേണം എന്ന് പറഞ്ഞു…അന്ന് നിമ്മിയോട് എന്നാ പറഞ്ഞെ? “
“ഞാൻ കുഞ്ഞിന് എപ്പോഴും അസുഖം മാറാത്തൊണ്ടു പോയതല്ലാർന്നോ…അപ്പൊ എന്നാന്നു വെച്ചാലെ..ഞങ്ങള് കൃസ്ത്യാനികളല്ലേ?? ഏതോ ഒരു നമ്പൂതിരീടെ സ്ഥലം ആയിരുന്നത്രെ പണ്ട് ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലം..അവിടെ തൊട്ടിലിൽ മകനെ ആട്ടുന്ന ഭഗവതിയുടെ രൂപത്തെ ആണത്രെ ആ നമ്പൂതിരി പൂജിച്ചു കൊണ്ടിരുന്നത്…അത് ഇപ്പോഴും മണ്ണിനടിയിൽ ഉണ്ടന്ന്..അതുകൊണ്ട് സ്വർണ്ണം കൊണ്ടുണ്ടാക്കിയ തൊട്ടിൽ ഭാഗവതിക്കു സമർപ്പിക്കാൻ പറഞ്ഞു..ഞങ്ങളത് കൊണ്ടുപോയി അദ്ദേഹത്തിന് കൊടുത്തു…ശേഷം അദ്ദേഹം ധ്യാനത്തിൽ ഒരു ഡോക്ടറുടെ മുഖം കണ്ടു..ഇനി അദ്ദേഹത്തെ പോയി കണ്ടു കൊള്ളു, ഇനി മുതൽ മരുന്നുകൾ കുട്ടിയുടെ ശരീരത്തിൽ ഫലം കണ്ടു തുടങ്ങും എന്ന് പറഞ്ഞു. “
“എന്നിട്ട്??? “
“ഇപ്പൊ മോനോരു കൊഴപ്പോം ഇല്ലെടോ…അതല്ലേ ഞാൻ പറഞ്ഞെ..അദ്ദേഹം പറയുന്ന പോലെ ചെയ്യൂ “
” ഉം “
രാത്രി ഉറങ്ങാനാവാതെ അവൾ കണ്ണുകൾ തുറന്നു കിടന്നു…വേദന കൊണ്ട് പുളയുന്ന കണ്ണനെ നോക്കി….ഒരുപാട് ഓർമ്മകൾ ഉള്ളിലൂടെ കടന്നു പോയി..ഭർത്താവിന്റെ ജീവന്റെ കാര്യം ആണ്…അദ്ദേഹത്തിന് വേണ്ടി ജീവൻ വേണേലും ഞാൻ കൊടുക്കും!.പക്ഷെ ഞാൻ കണ്ണേട്ടനെ ചതിക്കുന്ന പോലാവോ??? ഇല്ല!കണ്ണേട്ടന്റെ ജീവനേക്കാൾ വലുതല്ലല്ലോ ഒന്നും…എനിക്ക് അദ്ദേഹത്തെ ജീവനോടെ വേണം…ഞാൻ വിശ്വസിക്കുന്ന ഭഗവാൻ എന്നെ ചതിക്കില്ല!
നൂറായിരം ചിന്തകൾക്കും ചോദ്യങ്ങൾക്കും ഒടുവിൽ വൈദേഹി ആ തീരുമാനം എടുത്തു…
സുഹൃത്തിനൊപ്പം തിരുവനന്തപുരത്തു ഡോക്ടറെ കാണാൻ പോവുന്നു എന്ന് പറഞ്ഞു അനിയനെ കണ്ണന്റെ അരികിൽ നിർത്തി അവൾ രാവിലെ ഇറങ്ങി…തന്റെ രണ്ടു വളയും മാലയും വിറ്റു ആ പണം ബാഗിലാക്കി അവൾ അയ്യാളുടെ അടുത്തേക്ക് തിരിച്ചു.
ഉഗ്ര രൂപത്തിലുള്ള മൂർത്തിയുടെ മുറി നിറഞ്ഞു നിക്കുന്ന കളത്തിനു മുകളിൽ വൈദേഹിയെ കിടത്തി…രാത്രിയുടെ അന്ധകാരത്തെ ഭേദിക്കുന്ന വിളക്കിന്റെ വെളിച്ങ്ങൾ മാത്രം…കയ്യിൽ ഉണ്ടായിരുന്ന തന്റെ അവസാന സ്വർണവും വിറ്റു..ഇനി കണ്ണേട്ടനെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം എങ്കിൽ കടം വാങ്ങണം..അങ്ങനെ വീണ്ടും ചിന്തകൾ കാട് കയറി.
“എന്റെ ഭഗവാനെ എന്റെ കണ്ണേട്ടനെ കാത്തോളണേ…. ” അവൾ കണ്ണുകൾ അടച്ചു.. ഇനി സംഭവിക്കുന്നതൊന്നും കാണാൻ ആ കണ്ണുകൾക്ക് ത്രാണി ഇല്ലായിരുന്നു..ഉള്ളിൽ ദൈവത്തോടുള്ള വിളി മാത്രം…
ദേഹത്ത് ഭഗവാൻ കയറിയ അയ്യാൾ ഉറഞ്ഞു തുള്ളി….കളം മാച്ചു കൊണ്ട് അയ്യാൾ അവളുടെ ദേഹത്തേക്ക് ചാടി വീണു….കരിമ്പിൻ കാട്ടിൽ കയറിയ ഒറ്റയാനെ പോലെ അയ്യാൾ അവളെ ചവിട്ടി മെതിച്ചു…
ഒടുവിൽ ദീർഘ നിശ്വാസത്തോടെ അവളുടെ ദേഹത്ത് നിന്നും നാളത്തേക്ക് വീണു കിടന്നുകൊണ്ട് അയ്യാൾ കിതച്ചു കൊണ്ട് പറഞ്ഞു “നന്നായി പ്രാർത്ഥിച്ചോളു….ഞാൻ സംതൃപ്തനാണ് “
അവൾ നിറ കണ്ണുകളോടെ കൈകൾ കൂപ്പി പ്രാർത്ഥിച്ചു..കുളിച്ചു പുറത്തേക്കിറങ്ങിയ വൈദേഹി സമയം നോക്കി…വെളുപ്പിന് നാല് മണി ആവുന്നു…
“ഒന്നും പേടിക്കണ്ട..എല്ലാം മംഗളകരമാവും…കുട്ടി ധൈര്യായി പൊയ്ക്കോളൂ “
അയ്യാളുടെ മുഖത്ത് നോക്കാതെ അവൾ സ്കൂട്ടറിന് അരികിലേക്ക് നടന്നു…കുറച്ചു ദൂരം ചെന്നപ്പോൾ ഒരു അമ്പലത്തിനു മുന്നിൽ അത്യാവശ്യം ആളുകൾ വന്നു പൊയ്ക്കൊണ്ടിരിക്കുന്നിടത്തു അവൾ വണ്ടി നിർത്തി..തന്റെ മൊബൈൽ സ്വിച് ഓൺ ചെയ്തു…ചെയ്തതും അനിയന്റെ കാൾ വന്നു
“ചേച്ചി…ചേച്ചി എവിടെത്തി? “
“ഞാൻ…ഞാൻ ” എന്ത് പറയണം എന്നറിയാതെ അവൾ പതറി
“ചേച്ചി വേഗം വാ ചേച്ചി… ” അവന്റെ സങ്കടം നിറഞ്ഞ വാക്കുകളിൽ നിന്ന് അവൾക്കു എന്തൊക്കയോ.മനസ്സിലായി തുടങ്ങിയിരുന്നു ” കണ്ണേട്ടൻ.. “
“കണ്ണേട്ടൻ??? “
“പെട്ടന്ന് വയ്യാതായി…ഹോസ്പിറ്റലിൽ കൊണ്ട് പോവും മുന്നേ….. “
ഫോൺ അവളുടെ കയ്യിൽ നിന്നും താഴെ വീണു….
ദിവസങ്ങൾ കടന്നു പോയി… ഒരുമിച്ചു പോയിരുന്നിടങ്ങളിൽ എല്ലാം കണ്ണന്റെ ഓർമകളിൽ അവൾ ഒറ്റയ്ക്ക് പോയി ഇരുന്നു. ഓർമകളെക്കാൾ അന്നത്തെ രാത്രി അവളുടെ ഉള്ളിൽ ഒരു കുറ്റബോധമായി മാറാൻ തുടങ്ങി…ആരോടെങ്കിലും ഒന്ന് മനസ് തുറക്കാൻ അവൾ കൊതിച്ചു. കണ്ണന്റെ വസ്ത്രങ്ങൾ മടിയിൽ വെച്ചും നെഞ്ചോട് ചേർത്ത് പിടിച്ചും അവൾ അലറി കരഞ്ഞു…വീണ്ടും ദിവസങ്ങൾ കടന്നു പോയി.
ആരോ വീടിന്റെ ബെൽ അടിച്ചു….വാതിൽ തുറന്ന വൈദേഹി കാശയ വേഷം ധരിച്ച യുവാവിനെ കണ്ടു ” ആരാ? “
“ഇതിവിടെ ഏല്പിക്കാൻ പറഞ്ഞു സ്വാമി “
ഒരു എഴുത്തു കവറിൽ ആക്കിയത് അയ്യാൾ അവളെ ഏൽപ്പിച്ചു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു കാറിൽ കയറി.
അവൾ വരയ്ക്കുന്ന കൈകളോടെ കത്ത് പൊട്ടിച്ചു.
“മകളെ സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു. ഭർത്താവിനെ നഷ്ടപ്പെട്ടതിൽ നമുക്കും ദുഖമുണ്ട്. നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു. രണ്ടു വീട്ടുകാരും നിങ്ങളുടെ കൂടെ ഇപ്പോഴും ഇല്ലെന്നു എനിക്കറിയാം..കണ്ണന്റെ അനിയൻ ഇടയ്ക്കു വരാറുണ്ടോ? കണ്ണന്റെ ചികിത്സക്കു ഉള്ളതെല്ലാം നഷ്ടമായല്ലേ? വിഷമിക്കണ്ട. പൈസ ഉണ്ടാക്കാൻ ഉള്ള മാർഗവുമായി ആണ് ഞാൻ ഈ സന്ദേശം അയച്ചിരിക്കുന്നത്. എന്റെ കൂടെ നിന്നാൽ കുട്ടിക്ക് ധാരാളം പണം ഉണ്ടാക്കാം. ഇനി കാര്യത്തിലേക്കു കടക്കാം,.വിദേശത്ത് നിന്നും നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു എന്റെ പൂജക്കായി നിരവധി വിദേശികൾ ഇവിടെ വന്നു നിന്ന് പൂജ ചെയ്തു പോവാറുണ്ട്..അവരെ സന്തോഷിപ്പിക്കാൻ അവര്ക്കിഷ്ടം ഉള്ളതെല്ലാം ഞാൻ കൊടുക്കാറും ഉണ്ട്..നാളെ വരുന്ന ആൾക്ക് ഞാൻ മോളുടെ ഫോട്ടോ കാണിച്ചപ്പോൾ വലിയ ഇഷ്ടമായി. അവൻ വന്നു പോവുന്ന വരെ അവനെ ഒരു ഭാര്യയെ പോലെ പരിഹരിക്കണം. അവൻ ആവശ്യപ്പെടുന്നതെല്ലാം ചെയ്തു കൊടുക്കണം. എത്ര സുഖിപ്പിച്ചു നിർത്തുന്നോ അത്രയും പ്രയോജനം ഉണ്ടാവും… “
അവളുടെ കണ്ണുകൾ നിറഞ്ഞു
“അതല്ല നിരസിക്കാൻ ആണ് ഭാവം എങ്കിൽ കവറിനുള്ളിൽ ഒരു പെൻഡ്രൈവ് കൂടി ഉണ്ട്..അതൊന്നിട്ടു കണ്ടോളു! “
പെൻഡ്രൈവ് ലെ പൂജ കളത്തിൽ അയ്യാളുമായുള്ള വീഡിയോ കണ്ടു വൈദേഹി തളർന്നു വീണു…എത്ര വലിയ ആപത്തിലാണ് താൻ പെട്ടിരിക്കുന്നതെന്നു അവൾക്കു ബോധ്യം വന്നു..ദൈവത്തോട് തനിക്കുണ്ടായിരുന്ന വിശ്വാസം എങ്ങനെ എങ്കിലും ഭർത്താവിനെ രക്ഷിക്കണം എന്നാ സ്നേഹം…ഇത് രണ്ടും മുതലെടുക്കപെട്ടിരിക്കുന്നു.
ചിന്തകൾക്കൊടുവിൽ അവൾ തീരുമാനത്തിൽ എത്തി..ഇതിൽ നിന്നും ഇനി ഒരു മോചനം ഉണ്ടാവില്ല എന്ന് അവൾക്കുറപ്പായി…
“അല്ലെങ്കിലും കണ്ണേട്ടൻ ഇല്ലാത്ത ലോകം തനിക്കൊരു ഭാരം തന്നെ ആണ്! “
അവൾ സ്വയം പറഞ്ഞു….
ഫാനിൽ ഇട്ട ആത്മഹത്യ കുരുക്കിനു മുന്നിൽ സ്റ്റൂളിൽ കയറി നോക്കി നിൽക്കവേ “ഈ സമയം എന്റെ കണ്ണേട്ടൻ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിനോട് ഇതെല്ലാം ഞാൻ തുറന്നു പറഞ്ഞിരുന്നെങ്കിൽ? എന്താവുമായിരുന്നു??? “
അവൾ സ്വയം ചോദിച്ചു…. ” അദ്ദേഹം എന്നെ ഒഴിവാക്കുമായിരുന്നോ?? കുറ്റപ്പെടുത്തുമായിരുന്നോ???? “
മൗനം
“ഇല്ല…ഞാൻ അറിയാതെ ചെയ്ത് തെറ്റിന്, എങ്ങനെ എങ്കിലും കണ്ണേട്ടനെ വേണം എന്നാ ചിന്തയിൽ പറ്റിക്കപെടുവാണെന്നു അറിയാതെ പോയ നിമിഷങ്ങളിൽ സംഭവിച്ചതിനു ഉറപ്പായും എന്നെ ചേർത്ത് പിടിച്ചേനെ “
“മോളെ “
ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി..കട്ടിലിൽ കണ്ണേട്ടൻ കിടക്കുന്ന പോലെ അവൾക്കു തോന്നി
“സാരമില്ല…എനിക്ക് മനസ്സിലാവും..പക്ഷെ ഇനി ഒരിക്കലും ഒന്നിന്റെ പേരിലും ആർക്കും മുതലെടുക്കാൻ നിന്ന് കൊടുക്കരുത് “
അവൾ നിറ കണ്ണുകളോടെ മിണ്ടാതെ നിന്ന്
“മോളു മരിച്ചത് കൊണ്ട് എന്താ പ്രയോജനം?”
“ഞാൻ…ഞാൻ അയ്യാളെ കൊ ല്ല ട്ടെ കണ്ണേട്ടാ??? ” വിങ്ങിക്കൊണ്ട് അവൾ ചോദിച്ചു
“എന്നിട്ടോ??? അതുകൊണ്ട് എന്ത് പ്രയോജനം??? ഇനിയുള്ള കാലം മോളു ജയിലിൽ കിടക്കാനോ??? “
“പിന്നെ…പിന്നെ ഞാൻ എന്നാ കണ്ണേട്ടാ ചെയ്യാ?? “
“അവനെ കൊന്നാൽ അവനു പകരം അവിടെ മറ്റൊരുത്തൻ വരും…അവൻ പോയാൽ വേറൊരുത്തൻ..ഒരുപാട് വൈദേഹികൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും…തടയണം…പോരാടണം…നിയമപരമായി…ഒരു നാണക്കേടും വിചാരിക്കാതെ…ധൈര്യത്തോടെ…പലരും ഇങ്ങനുള്ള അബദ്ധങ്ങൾ പറ്റിയാലും നാണക്കേട് ഓർത്തു മിണ്ടാതെ ഒതുങ്ങി കൂടുന്നത് കൊണ്ടാണ് ഇവന്മാർക്ക് ധൈര്യം കൂടി വരുന്നത്…ഇനി ഒരു പെണ്ണും മുതലെടുക്കപ്പെടരുത്…അസുഖവും, സാമ്പത്തികവും ആയുധമാക്കി വിശ്വാസത്തെ മുതലെടുത്തു ഒരു പാവങ്ങളെയും പറ്റിക്കരുത്…. “
കണ്ണുകൾ ചിമ്മി തുറക്കുമ്പോൾ കണ്ണൻ മുന്നിൽ നിന്നും മാഞ്ഞു…
ഉറച്ച തീരുമാനത്തോടെ….ഉയർത്തി പിടിച്ച മുഖത്തോടെ ചുരുട്ടിയ മുഷ്ടിയോടെ വൈദേഹി പോലിസ് സ്റ്റേഷന്റെ പടികൾ ചവിട്ടി കയറി…
“യുദ്ധം ഇനിയാണ് ആരംഭിക്കുന്നത് “
അവൾ മനസ്സിൽ പറഞ്ഞു…
(അവസാനിച്ചു)
~അഥർവ്വ് ❣️