എല്ലാവരുടെയും തമാശകൾ ആസ്വദിച്ച് ഇരുന്ന എന്റെ കണ്ണുകൾ അവളെ തേടുകയായിരുന്നു. ദൂരെ അവൾ നില്കുന്നത്…

സഹയാത്രിക….

Story written by Nisha Pillai

=================

ഇന്ന് കുറെ വൈകി. തിങ്കളാഴ്ചകളിൽ പതിവാണ്…മ.ദ്യപിക്കുന്ന ഞായർ സായാഹ്നങ്ങളിൽ ഉറങ്ങാൻ വൈകുന്ന പ്രഹേളിക. ഓർമകളിൽ വട്ടം ചുറ്റുന്ന രാത്രികൾ…സ്റ്റേഷൻ അടുത്തപ്പോഴേക്കും ട്രെയിൻ സിഗ്നൽ കിട്ടി. ബൈക്ക് ഒരു മൂലയ്ക്ക് വച്ചിട്ട് ലോക്ക് ചെയ്തു ഓടി പ്ലാറ്റഫോമിൽ എത്തിയപ്പോൾ ട്രെയിൻ നീങ്ങി തുടങ്ങി.

പതിവ് പോലെ D3യിൽ തന്നെ കയറണം..വിജയേട്ടനും ബാച്ചുകാരും അതിലെ കയറൂ..വിജയേട്ടനും ജോസേട്ടനും അനീഷ് മുഹമ്മദും കുമാരേട്ടനും മഞ്ജുവും അങ്ങനെ ഒരു പന്ത്രണ്ടു പേരുടെ ഗ്രൂപ്പ് ആണ്..അതിൽ ഞാൻ മാത്രേ ഉള്ളു അവിവാഹിതൻ. രാവിലെ എല്ലാരും ഒപ്പം ഉണ്ടാകും. പക്ഷെ മടക്ക യാത്ര പല പല സമയത്തു പല പല ട്രെയിനിൽ ആകും…

അതൊരു ഗംഭീര കൂട്ടായ്മയാണ്. ഓണവും ക്രിസ്മസും വിഷുവും ബലി പെരുന്നാളും ഒക്കെ ആഘോഷിക്കുന്ന സൗഹൃദ കൂട്ടായ്മ. രാവിലെ അവരുടെ കൂടെ കൂടുമ്പോൾ കിട്ടുന്ന ആ എനർജി. വല്ലാത്തൊരു ഫീലാ…അന്ന് ബാങ്കിൽ പോയി ജോലിചെയ്യാൻ നല്ലൊരു ഉണർവ് കിട്ടും. വിജയേട്ടനാണ് ഗ്രൂപ്പ് തലവൻ. എത്ര തിരക്കാണെലും D3 യിലെ കയറൂ…

ട്രെയിനിനോടൊപ്പം ഓടി, പിന്തിരിയാൻ തുടങ്ങിയപ്പോൾ ആണ് ഭംഗിയുള്ള നീണ്ടവിരലുകളുള്ള ഒരു കയ്യ് തനിക്കായി നീട്ടിയത്. പിന്നെ ഒന്നും ഓർത്തില്ല കൈ നീട്ടി അതിൽപിടിച്ചു, വലതുകാൽ പടിയിൽ ചവിട്ടി പകുതി ട്രെയിനിന്റെ പടിയിലും പകുതി എയറിലും ആയ അവസ്ഥ. പുറത്തോട്ടു പോയാൽ ആ കുട്ടിയും കൂടെ പോരും. തന്നെ രക്ഷിക്കാൻ നോക്കി അവളും പെടുന്ന അവസ്ഥ. പെട്ടെന്ന് ഒരു ശക്തിയുള്ള കൈ തന്നെ വലിച്ചു കയറ്റിയത്. ആദ്യത്തെ പരിഭ്രമത്തിനു ശേഷം നോക്കിയത് വിജയേട്ടന്റെ ദേഷ്യഭാവമുള്ള മുഖത്തേക്കാണ്. പെട്ടെന്ന് അങ്ങേരു വെട്ടിത്തിരിഞ്ഞു കൂട്ടുകാരുടെ അടുത്തേക്ക് നീങ്ങി. പരിഭ്രമിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ തോളിൽ തട്ടി “താങ്ക്സ്” പറഞ്ഞു.

കൂട്ടുകാർ എല്ലാം ഹായ് പറഞ്ഞു. വിജയേട്ടൻ മാത്രം ദേഷ്യപ്പെട്ടു മുഖം വീർപ്പിച്ചു ഇരിക്കുവാണ്. അങ്ങേരുടെ വെളുത്തു തടിച്ച മുഖം വല്ലാണ്ട് ചുവന്നു. അങ്ങേരങ്ങനെയാ ദേഷ്യം സന്തോഷവും ഒക്കെ നല്ലവണ്ണം പ്രകടിപ്പിക്കുന്ന സ്നേഹമുള്ള ഒരു സാധാരണ മനുഷ്യൻ

“ഇങ്ങേർക്കിതു എന്ത് പറ്റി, കടന്നൽ കുത്തിയോ” മഞ്ജുവിന്റെ കമന്റ്, കണ്ണുകൾ കൊണ്ട് അരുതെന്നു കാട്ടി.

വിജയേട്ടന്റെ ദേഷ്യത്തിന് കാരണം താനാണ്. താൻ ചാടി കയറിയത്  പുള്ളിയെ ദേഷ്യം പിടിപ്പിച്ചു. അങ്ങേരുടെ അനന്തരവൻ അരുൺ കുറെ വര്ഷം മുൻപ് ട്രെയിനിൽ നിന്ന് വീണു മരിച്ചതാണ്. അവൻ അയാൾക്ക് വളരെ പ്രിയപ്പെട്ടവൻ ആയിരുന്നു. രണ്ടു വര്ഷം മുൻപ് പരിചയപ്പെട്ടത് മുതൽ  എന്നോടും വളരെ സ്നേഹമാണ്. അരുൺ പി കോശി എന്ന തന്നെ കോശി എന്നാണ് വിളിക്കുന്നത്. തന്റെ അപ്പൻ കോശിയും വിജയേട്ടനെ പോലെ ട്രഷറി ഓഫീസർ ആയിരുന്നു. അപ്പനെ വിജയേട്ടന് നേരത്തെ അറിയാമായിരുന്നു. ചെങ്ങന്നൂർ എത്തുമ്പോൾ എനിക്ക് സീറ്റും പിടിച്ചിടും വിജയേട്ടൻ. രണ്ടു പെണ്മക്കളുടെ അച്ഛനായ വിജയേട്ടന് താൻ മകനെ പോലെ ആയിരുന്നു.

താൻ അടുത്തേക്ക് ചെന്നപ്പോൾ കുമാറേട്ടൻ ഒതുങ്ങിയിരുന്നു. വിജയേട്ടന്റേം കുമാരേട്ടന്റേം നടുക്ക് കയറിയിരുന്നു. വിജയേട്ടന്റെ തോളിൽ പിടിച്ചു

“ട്രെയിൻ വിട്ടപ്പോൾ അകെ പരിഭ്രമിച്ചു, ആ കുട്ടി കൈ തന്നപ്പോൾ “

“കൈ തന്നപ്പോൾ….കോശി സൂക്ഷിച്ചില്ലേൽ ട്രെയിൻ പോലെ അപകടം പിടിച്ച ഒരു വാഹനം വേറെ ഇല്ല “

“അപ്പോൾ ഒന്ന് ഓർത്തില്ല വിജയേട്ടൻ ക്ഷമിക്കു”

“നിനക്ക് അടുത്ത ട്രെയിനിൽ വന്നാൽ പോരായിരുന്നോ, അല്ലേൽ ഒരു ലീവ്, തീർന്നു പോയിരുന്നെലോ, എന്റെ കോശി…ഓർക്കാൻ വയ്യ “

“നിങ്ങള് എന്റെ അപ്പന് വിളിച്ചതല്ലേ നൈസ് ആയിട്ടു “

“പോടാ , എന്താ ലേറ്റ് ആയെ , എത്രെണ്ണം അടിച്ചു ഇന്നലെ “

“പതിവ് തെറ്റി , ഇന്നലെ നാലെണ്ണം അടിച്ചു”

വിജയേട്ടൻ ചോദ്യഭാവത്തിൽ നോക്കി.

“സാധാരണ രണ്ടാ കണക്കു , ഇന്നലെ റാണിമോൾടെ ഒരു ഫ്രണ്ട് വന്നു കല്യാണം വിളിച്ചു , പിന്നെ വീടാകെ മാറി. അമ്മയും അപ്പനും മിണ്ടാട്ടമില്ല. ഞാൻ ആരോട് പറയും പരാതിയും പരിഭവവും “

“അപ്പോൾ നീയും കൂടെ പോയാലോ,ഒന്നോർത്തു നോക്കെ നിന്റെ വീടിന്റെ അവസ്ഥ “

വിജയേട്ടൻ എന്റെ കയ്യിൽ മെല്ലെ തടവി ആശ്വസിപ്പിച്ചു

മുഖം ഉയർത്തി നോക്കിയത് എതിർവശത്തു ഇരിക്കുന്ന ആ കുട്ടിയുടെ മുഖത്തേക്ക്. അവൾ എല്ലാം കേട്ടെന്നു തോന്നുന്നു. എന്നെ നോക്കി ചിരിച്ചു. ഞാൻ കണ്ണുകൾ അടച്ചു കുഴപ്പം ഇല്ലെന്നു കാണിച്ചു. പിന്നെ പലപ്പോഴും കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ അവൾ നാണം കൊണ്ട് തല കുനിച്ചു

എറണാകുളം ടൗണിൽ ഇറങ്ങിയപ്പോൾ കൂട്ടായ്മ കാരൊക്കെ പിരിഞ്ഞു. ഞാൻ നാലു ചുറ്റും അവളെ നോക്കി. അവളെ കണ്ടില്ല. വൈകിട്ടത്തെ ട്രെയിനിലും  നോക്കി. അവളെ കണ്ടില്ല. അവൾ ഒരു മരീചികയായി മാറി.

ഇടക്കൊരു ദിവസം അവിചാരിതമായി അവളെ കണ്ടു. ചിരിച്ചു പരിചയം പുതുക്കി. അവൾ ദൂരെ നിൽക്കുകയായിരുന്നു. അടുത്ത് വിളിച്ചിരുത്തണമെന്ന് തോന്നി. ഒരു പക്ഷെ കൂട്ടയ്മയിൽ ഉള്ളവർക്ക് ഇഷ്ടപ്പടില്ല. അന്നും അവൾ ഏത് സ്റ്റേഷനിൽ ഇറങ്ങിയെന്നു കണ്ടില്ല.

ഞായറാഴ്ച പതിവുപോലെ റാണിമോൾ മരിച്ചു കിടന്ന ഞാറ്റു കടവിൽ പോയി. കുറെ നേരം അവിടെ ഇരുന്നു..മടങ്ങും വഴി വിജയേട്ടന്റെ വീട്ടിൽ കയറി. എന്നെ പ്രതീക്ഷിച്ചിരുന്ന പോലെയാണ് സായി ചേച്ചി വാതിൽ തുറന്നത്. ചായയും ചൂട് പരിപ്പ് വടയും കഴിച്ചു. മക്കളായ അശ്വതിയും ആരതിയും അടുത്ത് വന്നിരുന്നു. എന്നെ കൊണ്ട് പാട്ടു പാടിച്ചു. രണ്ടു പേരും കുറെയായി  എന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു

മടങ്ങിയപ്പോൾ വൈകി..അപ്പനും അമ്മയും tv യുടെ മുന്നിൽ..എനിക്ക് ഭക്ഷണം വിളമ്പി വച്ചിട്ട് അവർ കിടക്കും. രണ്ടു പേരും എനിക്ക് വേണ്ടി ജീവിക്കുന്നു. ഒരു മരണ വീട് പോലെയാണ്…

ഒരേയൊരു പെങ്ങൾ റാണിമോൾ  3  വര്ഷം മുൻപ് മരിച്ചു. ആത്മഹത്യാ ആണെന്നാ എല്ലാരും കരുതിയത് കാരണം 2 മാസം ഗർഭിണി ആയിരുന്നു. കാമുകൻ ചതിച്ചതാ….മയക്കി കൊണ്ട് പോയി കൂട്ടുകാർക്കു പങ്കു വച്ചു. പക്ഷെ അവൾ വളരെ ബോൾഡ് ആയ കുട്ടിയായിരുന്നു. അപ്പനേം അമ്മയേം നേരിടാനുള്ള ബുദ്ധിമുട്ടു കാണും. ഒന്നും വീട്ടിൽ പറഞ്ഞില്ല. അവന്റെ ബ്ലാക്ക് മെയിൽ ഒന്നും ഫലിക്കാതായപ്പോൾ പമ്പയാറ്റിൽ തള്ളിയിട്ടതാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ബ്ലഡിൽ മ യക്ക്  മ രുന്നിന്റെ സാന്നിധ്യം കണ്ടത് കൊണ്ടാണ് കൊലപാതകം തെളിഞ്ഞത്. Dr മഹേഷ് ആയിരുന്നു കുറ്റക്കാരൻ. അയാൾ ശിക്ഷിക്കപ്പെട്ടു. പക്ഷെ അവളിനി  തിരിച്ചു വരില്ലല്ലോ…

രാവിലെ നേരത്തെ ഉണർന്നു. ഇനിയും സ്റ്റേഷൻ എത്താൻ വൈകി കൂടാ. മ ദ്യ പാനം നിർത്തണം. കുഞ്ഞു പെങ്ങളെ നഷ്ടം ആയപ്പോൾ നാണക്കേടും സങ്കടവും ഒക്കെ  കൂടി ഭ്രാ ന്ത് ആയ അവസ്ഥയിൽ തുടങ്ങിയ ശീലം. ബാങ്ക് മാനേജർ ആയപ്പോൾ അത് ആഴ്ചയിൽ ഒന്നാക്കി കുറച്ചു. വിവാഹവും വൈകി കൂടാ. ഇഷ്ടപെട്ട ആളെ ഇതുവരെ കണ്ടെത്തിയില്ല. പക്ഷെ അവളോട് ഒരു ഇഷ്ടം തോന്നി തുടങ്ങി. ട്രെയിനിൽ കയറിയാൽ കണ്ണ് ആദ്യം തിരയുന്നത് അവളെ ആയി മാറി. അവൾക്കു ആകർഷണം തോന്നാൻ കട്ടി മീശയും ബുൾഗാൻ താടിയും വച്ചു. പുതിയ കുറച്ചു ഷർട്സ് വാങ്ങി. വിജയേട്ടന് എന്റെ പുതിയ ലുക്ക് നന്നേ ഇഷ്ടപ്പെട്ടു

“നിന്നെ ഇപ്പോൾ കണ്ടാൽ ഒരു പുത്യാപ്ള പോലെയുണ്ട് കോശിയെ “

“എന്റെ ഗ്ലാമർ കണ്ടു നിങ്ങള്ക്ക് അസൂയ അല്ലെ “

“അല്ല കോശി , ഇതാ നിനക്ക് ചേർച്ച ” ആനിചേച്ചിയുടെ വക .” എന്റെ കെട്ട്യോന്റെ പെങ്ങളുടെ ഒരു മോളുണ്ട് നോക്കാട്ടോ, ചെന്നൈയിൽ സോഫ്റ്റ് വയറിൽ ആണ് “

“പിന്നെന്താ ആനി നോക്കിക്കോ , ഈ മുരടൻ തനിയെ ആരെയും കണ്ടെത്തില്ല ” വിജയേട്ടന്റെ വക

എല്ലാവരുടെയും തമാശകൾ ആസ്വദിച്ച് ഇരുന്ന എന്റെ കണ്ണുകൾ അവളെ തേടുകയായിരുന്നു. ദൂരെ അവൾ നില്കുന്നത് കണ്ടു. ടോയ്ലറ്റ് എന്ന വ്യാജേന ഞാൻ അവൾ നിൽക്കുന്ന സ്ഥലത്തേക്ക് നീങ്ങി. കണ്ണുകൾ ഇടഞ്ഞു. പുഞ്ചിരികൾ കൈമാറി. കുറച്ചു നേരം ഡോറിന്റെ അടുത്ത് പോയി ഒരു പഴയ സുഹൃത്തിനെ കണ്ടു കുശലം പറഞ്ഞപ്പോൾ അവൾ നിൽക്കുന്ന ഭാഗത്തു നിന്നൊരു ബഹളം

ഞാൻ അങ്ങോട്ട് നീങ്ങി അവളാണ് ഉച്ചത്തിൽ സംസാരിക്കുന്നത്..ഏതോ ഒരുവനെ ചൂണ്ടി കാണിച്ചു അവൾ അലറുകയാണ്..പോലീസിനെ വിളിക്കൂ. ഇയാൾ എന്നോട് അപമര്യാദയായി പെരുമാറി.

“എന്താ കുട്ടി ,അയാൾ എന്ത് ചെയ്തു “

“അത്”

“ന ഗ്ന ത പ്രദർശനം”

അവൻ രക്ഷപെടൻ ശ്രമിച്ചു. ഓടുന്നതിനിടയിൽ കുതറി എന്റെ ദേഹത്തേക്ക് അവൻ വന്നു വീണു. ഞാൻ അവനെ പൊക്കി രണ്ടു പൊട്ടിച്ചു. ആരോ അവനെ പിടിച്ചു വച്ചു.അടുത്ത സ്റ്റേഷനിൽ നിന്നും പോലീസ് കയറി. അവനെ പിടിച്ചിറക്കി. പെൺകുട്ടിയും അവിടെ ഇറങ്ങി. ആരേലും സാക്ഷികൾ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഞാൻ ഉണ്ട് എന്ന് മറുപടി പറഞ്ഞു. വിജയേട്ടൻ എന്റെ കൈ പിടിച്ചു പുറകോട്ടു വലിച്ചു

ആരും കേൾക്കാതെ ഞാൻ വിജയേട്ടന്റെ ചെവിയിൽ മന്ത്രിച്ചു

“വിജയേട്ടനും രണ്ടു പെൺകുട്ടികൾ അല്ലെ “

“ഇതൊക്കെ പൊല്ലാപ്പാകും കോശി. നമ്മൾ സാക്ഷി പറയാൻ കയറിയിറങ്ങേണ്ടി വരും .നിനക്ക് ഇതിനൊക്കെ സമയം ഉണ്ടോ .ഇപ്പോൾ തന്നെ ഉത്തരവാദിത്വങ്ങൾ കൂടുതൽ അല്ലെ “

“ഞാൻ പോയി വരാം വിജയേട്ടാ ” ബലമായി അങ്ങേരുടെ കൈ വിടർത്തി മാറ്റി.

ഞാനും അവളും പോലീസും അവനും ആ സ്റ്റേഷനിൽ ഇറങ്ങി. ട്രെയിൻ വീണ്ടും നീങ്ങി തുടങ്ങി. അവൾ എന്നെ പിന്നിലേക്ക് നീക്കി നിർത്തി

“നിങ്ങൾ കണ്ടോ അയാളുടെ പ്രദർശനം”

“ഇല്ല കുട്ടി പറഞ്ഞപ്പോൾ കുട്ടിയെ രക്ഷിക്കാൻ….വേണ്ടി ശ്രമിച്ചതാ”

“അയാൾ എന്നോടും ഒന്നും ചെയ്തില്ല. ഞാൻ വെറുതെ ഒച്ചപ്പാട്  ഉണ്ടാക്കിയതാ”

എനിക്കും നല്ല ദേഷ്യം തോന്നി. ഇത് കാരണം ഞാനിന്നു വൈകുമല്ലോ, വിജയേട്ടൻ അപ്പോഴേ പറഞ്ഞതാ

“പിന്നെന്തിനാ കുട്ടി ബഹളം വച്ചേ, പാവം അയാളെ പോലീസ്  “

“നിങ്ങൾ ചെന്ന് പറ നിങ്ങൾ ഒന്നും കണ്ടില്ലെന്നു , ഇടിച്ചിട്ട ദേഷ്യത്തിന് തല്ലിയതാണെന്ന്”

എങ്ങനെയും പോലീസിനെ ബോധിപ്പിച്ചു, ഫോൺ നമ്പറും അഡ്രസ്സും കൊടുത്തു അവിടെ നിന്ന് മുങ്ങി. അടുത്ത ട്രെയ്നിനായി കാത്തിരുന്നു. എവിടെ നിന്നോ അവൾ അടുത്ത് വന്നിരുന്നു.

“ഞാൻ നർമദാ , അത് അനൂപ് എന്റെ ബോയ് ഫ്രണ്ട് ആണ്. ഞങ്ങൾ ഒന്നിച്ചു തിരുവനന്തപുരത്തെ ഒരു കോളേജിൽ എഞ്ചിനീറിങ്  പഠിച്ചു. ഞാൻ വയനാട് കാരിയാണ്. ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. രണ്ടു വീട്ടുകാരും എതിർപ്പിലാണ്. ഞങ്ങൾ ഒരു കാനേഡിയൻ എമിഗ്രേഷന് ശ്രമിക്കുകയാണ്. കുറെ പണം ആവശ്യമുണ്ട്. പെട്ടെന്ന് പണം ഉണ്ടാക്കാൻ ഞങ്ങൾ ട്രെയിനിൽ ചെറിയ മോഷണം തുടങ്ങി. കൂടുതലും  സ്വർണം ആണ്. ഇന്ന് ഞാൻ ഒരു കുട്ടിയുടെ കാൽത്തള ഊരി മാറ്റിയപ്പോൾ അവർ ശ്രദ്ധിക്കുന്നതായി തോന്നി. ശ്രദ്ധ തിരിക്കാൻ ആണ് ഞാൻ ബഹളം വച്ചതു. അവൻ തൊണ്ടി മുതലുമായി ഓടി. ഒട്ടും പ്രതീക്ഷിക്കാതെ നിങ്ങൾ അതിന്റെ ഇടയ്ക്കു കയറി. എല്ലാ പ്ലാനും പൊളിച്ചു”

“ഞാൻ ഇതൊക്കെ പോലീസിനോട്  പറയും”, ഞാൻ ദേഷ്യം കൊണ്ട് ചാടി എണ്ണീറ്റു.

“ഞാൻ പറഞ്ഞില്ലേൽ നിങ്ങൾ ഇതൊന്നും അറിയില്ലല്ലോ, ഞാൻ ഇന്ന് മുതൽ ഈ പരിപാടി നിർത്തുകയാണ്. നിവൃത്തി കേടു കൊണ്ടാണ്. അനൂപ്  ഇങ്ങനെ ഒരാൾ ആണെന്ന് എനിക്കറിയില്ലാരുന്നു. ഞാൻ പെട്ട് പോയതാണ്”

“നിനക്കൊക്കെ മാതാപിതാക്കളെ ധിക്കരിച്ചു ഇന്നലെ കണ്ടു മുട്ടിയവന്റെ കൂടെ ഓടാൻ നല്ല സാമർഥ്യം ആണല്ലോ, എല്ലാം കഴിയുമ്പോൾ  ഇരവാദം മുഴക്കി കരഞ്ഞാൽ മതിയല്ലോ “

അവളുടെ കരച്ചിൽ എന്റെ ദേഷ്യം കൂട്ടി….അവൾ നിസ്സഹായ ആയി എന്നെ തന്നെ നോക്കി ഇരുന്നു. വിങ്ങി വിങ്ങി കരയുന്ന അവളെ ഗൗനിക്കാതെ ഞാൻ എഴുന്നേറ്റു നടന്നു

വൈകിട്ട് പതിവില്ലാതെ വിജയേട്ടൻ സ്റ്റേഷനിൽ എന്നെ കാത്തിരുന്നു

“ഇന്നെന്താ നേരത്തെ പോയില്ലേ വിജയേട്ടാ “

“നിന്നെ കാത്ത് നിന്നതാ. നിന്നെ കാണാതെ വീട്ടിൽ ചെന്നാൽ സായി എന്നെ വീട്ടിൽ കയറ്റില്ല ,ഫോൺ ചെയ്തപ്പോൾ ഞാൻ ഓർക്കാതെ രാവിലത്തെ സംഭവം പറഞ്ഞു. എന്തായി”

“എന്ത് ആകാൻ ഞാൻ കണ്ടില്ല എന്ന് പോലീസിനോട് പറഞ്ഞു മുങ്ങി. അവള് ഒരു ഫ്രോഡ് ആണ് “

“നന്നായി , ഇനി കേസും കൂട്ടവും ഒന്നും വേണ്ട , ഞാൻ ഇന്ന് മുഴുവൻ അതാണ് പ്രാർഥിച്ചത് ” വിജയേട്ടൻ എന്റെ കൈ രണ്ടും കൂട്ടി പിടിച്ചു

പിന്നെ അവളെ കണ്ടിട്ടേയില്ല…

ആനി ചേച്ചിയുടെ ബന്ധുവിനെ പോയി കണ്ടു ഇഷ്ടായി. നല്ല കുട്ടി. അമ്മച്ചിക്കും ഇഷ്ടായി. അത് ഏതാണ്ട് ഉറപ്പിക്കുന്ന മട്ടാണ് വിജയേട്ടനും അപ്പനും കൂടി.വീട്ടിൽ ആകെ സന്തോഷമായി. ബന്ധുക്കൾ ഒക്കെ വീണ്ടും പോക്കും വരവും ഒക്കെ തുടങ്ങി.അപ്പൻ പഴയ പോലെ ഉഷാറായി

ഇതിനിടക്ക് എനിക്ക് കൊല്ലത്തേക്ക് ട്രാൻസ്ഫർ ആയി…ആകെ ഉള്ള വിഷമം കൂട്ടായ്മ പിരിഞ്ഞതായിരുന്നു.

ഞായറാഴ്ചകൾ വിജയേട്ടന്റെ വീട്ടിൽ കൂടും. ഇല്ലെങ്കിൽ അവർ നാലാളും വീട്ടിലേക്കുവരും…

ഒരിക്കൽ കൊല്ലം ജംഗ്ഷൻ ഇറങ്ങി നടക്കുമ്പോൾ എതിരെ ഒരു പെൺകുട്ടി  വരുന്നു. നല്ല പരിചയം തോന്നി. ജീൻസും ഷർട്ടും അണിഞ്ഞു ബോയ് കട്ട് ചെയ്ത മുടിയും…ദൂരെ നിന്ന് തന്നെ അവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്നിക്കു ആളെ പിടികിട്ടിയില്ല.

അവൾ അടുത്ത വന്നു ”സർ”, എന്ന് വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നിന്നു. അത് നർമദാ ആയിരുന്നു. അവളിപ്പോൾ കൊല്ലത്തൊരു കമ്പനിയിൽ ജോലിനോക്കുകയാണ്. അനൂപിന് വിസയും പേപ്പറും ഒക്കെ ശെരിയായെന്നും അടുത്ത മാസം അവൻ ക്യാനഡായില്ലേക്ക് പോകുമെന്നും അവൾ അറിയിച്ചു. അവൻ അവിടെ ചെന്നിട്ട് അവൾക്കു ജോലി ശെരിയാക്കും.

”ഇതെന്താ പുതിയ ലുക്കിൽ, ആളാകെ മാറിയല്ലോ “

അവൾ തല കുനിച്ചു നിന്നു.

“പഴയതൊക്കെ വിട്ടു ഒരു പുതിയ ജീവിതം, തെറ്റുകൾക്കെല്ലാം ഒരു പരിഹാരം വേണം, എനിക്ക് വീട്ടിൽ പോകാൻ ആഗ്രഹം തോന്നുന്നു, പക്ഷെ അവൻ സമ്മതിക്കുന്നില്ല .”

“അയാൾ കുട്ടിയുടെ ജീവിതംമവച്ചു കളിക്കുവാണോ, അവരെ വിളിക്കണം പോയി കാണണം, എല്ലാം എല്ലാരോടും തുറന്നു പറയണം “

“ഞാനും തീരുമാനിച്ചു. അവൻ പോയിട്ട് നാട്ടിൽ പോകണം. ചിലപ്പോൾ ഞാൻ അവിടെ കൂടും. എല്ലാം തുറന്നു പറയാൻ പറ്റില്ല. കുറച്ചെങ്കിലും പറഞ്ഞിട്ടുള്ളത് സാറിനോടാണ്. ഈയിടെയായി ജീവന് അപകടം ഉള്ള പോലെ ഒരു തോന്നൽ “

“ഏയ് കുട്ടി ധൈര്യമായിരിക്കു , ഒക്കെ ശെരിയാകും”

“സാറിന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ സാറിന്റെ നമ്പർ തരുമോ “

ഒന്ന് സംശയിച്ചു നിന്നു. പിന്നെ നമ്പർ കൊടുത്തു.

“ബാങ്കിങ്  ഹവേഴ്സ്  വിളിച്ചാൽ ചിലപ്പോൾ കിട്ടില്ല ,എന്നാലും ആവശ്യമുണ്ടേൽ വിളിക്കു  “

എന്തോ ആ കുട്ടിയോട് എനിക്ക് ദയ തോന്നി. അവളോട് യാത്ര പറഞ്ഞു ഞാൻ നടന്നു…

പിന്നെ ഞാൻ ആ സംഭവമേ മറന്നു. കല്യാണവും തിരക്കും ഒക്കെ ആയി ജീവിതം മുന്നോട്ടു പോയി…

ഒരിക്കൽ ബാങ്കിൽ ഇരിക്കുന്ന സമയം പരിചയമില്ലാത്ത ഒരു കാൾ വന്നു .ഒരു മീറ്റിംഗ് ആയതു കൊണ്ട്  കാൾ അറ്റൻഡ് ചെയ്തില്ല. പിന്നെ ഞാൻ അത് മറന്നു. ആവശ്യക്കാരൻ വീണ്ടും വിളിക്കുമല്ലോ എന്ന് കരുതി. ആരും വിളിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞു വാട്സ് ആപ്പിൾ കുറെ ഫോട്ടോസ് വന്നു

നോക്കിയപ്പോൾ നർമ്മദയുടെ കുറെ ഫോട്ടോസ്. രണ്ടു പേരുടെയും ആധാർകാർഡ്, പാസ്പോര്ട്ട് കോപ്പികൾ…ഒന്നിച്ചുള്ള കുറെ ഫോട്ടോസ്…ഇതൊക്കെ എന്തിനാ അയച്ചത് ഒരു പിടിയും കിട്ടിയില്ല

തിരികെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഞാൻ അക്കാര്യം വിട്ടു. കല്യാണം കഴിഞ്ഞു ഒരു പുതിയ ജീവിതത്തിലേക്ക് കടന്നു

ഞാൻ ഒരു പുതിയ “ഞാൻ” ആയി മാറി.

ഒരു ദിവസം രാവിലെ  സ്റ്റേഷനിൽ എത്തിയപ്പോൾ അകെ പോലീസും തിരക്കും. ഒരു പെൺകുട്ടി ട്രാക്കിൽ മരിച്ചു കിടക്കുന്നു. ആത്മഹത്യാ ആണെന്നാ പറഞ്ഞെ…കുട്ടിയുടെ ചതഞ്ഞ ബോഡിയുടെ ചിത്രം സ്റ്റേഷനിലെ tv യിലൂടെ കാണിച്ചപ്പോൾ എനിക്ക് നർമ്മദയെ  ഓർമ വന്നു. കൂടെ പഠിച്ച വിനു ഇപ്പോൾ റെയിൽവേ പോലീസ് ആണ്. അവനെ കോൺടാക്ട് ചെയ്തു. നർമ്മദയുടെ ഡീറ്റെയിൽസ് പറഞ്ഞു. എന്റെ സംശയം അവൻ ഗൗരവമായി എടുത്തു..അത് കേസിനു ഒരു വഴിത്തിരിവായി. ആധാർകാർഡ് അയച്ചു കൊടുത്തു. വയനാട്ടിൽ നിന്നു അവളുടെ വീട്ടുകാർ വന്നു. ബോഡി ഐഡന്റിഫയ് ചെയ്തു

ഞാൻ കൊടുത്ത വിവരങ്ങൾ വച്ച് അനൂപിനെ അറസ്റ്റ് ചെയ്തു. അവനും കൂട്ടുകാരും അവളെ കൊ ന്നു ട്രാക്കിൽ വച്ചതാണെന്നു തെളിഞ്ഞു. അവനും കൂട്ടുകാർക്കും അല്ലറ ചില്ലറ മോഷണവും ക ഞ്ചാവ് കച്ചവടവും ആയിരുന്നു പണി. അവളുടെ മാതാപിതാക്കൾ തകർന്നു നിൽക്കുന്ന കാഴ്ച എന്നെ അസ്വസ്ഥനാക്കി. എന്റെ സഹോദരിയുടെ ശവശരീരത്തിനു മുന്നിൽ നിസ്സഹായതയോടെ നിന്ന അപ്പനേം അമ്മയേം ഓർമ വന്നു. അവന്പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ ഞാൻ ശ്രമിച്ചു.ഒരു സഹോദരന്റെ സ്ഥാനത്തു നിന്നു കേസ് നടത്തി.

ഇപ്പോൾ അവളുടെ ആത്മാവ് കുറച്ചെങ്കിലും ആശ്വാസം കിട്ടി കാണും. അല്ലെങ്കിൽ ഇതൊരു അജ്ഞാത ശവമായി മാറിയേനെ….

ഞാൻ പലപ്പോഴും വിചാരിക്കാറുണ്ട് എന്തിനായി ഞങ്ങൾ ട്രെയിനിൽ വച്ച് കണ്ടു മുട്ടി. എന്നെ അവൾ കൈ പിടിച്ചു കയറ്റിയതെന്തിന്. ആരോടും പറയാത്ത വിവരങ്ങൾ എന്നോട് കൈ മാറിയതെന്തിന് ? ഒരു പക്ഷെ അവൾക്കു നേരത്തെ തോന്നിയിരുന്നോ ഞാൻ അവളെ ഹെൽപ് ചെയ്യുമെന്ന്…ചില കാര്യങ്ങൾ അജ്ഞാതമായി ഇരിക്കുന്നത് എന്ത് കൊണ്ടാണ്.

ഇനി എന്നെങ്കിലും അവൾ വേറെ ഒരു രൂപത്തിൽ എന്റെ സഹയാത്രികയായി വരുമായിരിക്കും എന്ന് പ്രത്യാശിച്ചു ഞാൻ ട്രെയിൻ യാത്രകൾ തുടർന്നു.

~നിശീഥിനി