അച്ഛന്റെ മകൻ…
Story written by Rajesh Dhibu
================
“ദേ നീങ്ങള് അവനോടൊന്നും ചോദിക്കാൻ നിൽക്കണ്ട ” പുറത്തെ ചായ്പ്പിൻ്റെ കതക് തുറക്കുന്നേരം അകത്ത് തൊട്ടടുത്തുള്ള മുറിയിൽ അച്ഛനും അമ്മയും അടക്കം പറയുന്നതിന് സുബിൻ കാതോർത്തു..
ഈറനായ ഷർട്ടൂരി മുറിയുടെ മൂലയിലേയ്ക്ക് വലിച്ചെറിയുമ്പോഴും തൻ്റെ വേദന തിരിച്ചിറിയുന്ന അമ്മയുടെ വാക്കുകൾ നിലയ്ക്കാതെ ശബ്ദിച്ചുകൊണ്ടിരുന്നു..
അവന് ഈ ജോലി കിട്ടും എൻ്റെ പ്രാർത്ഥന ഈശ്വരൻമാര് കേൾക്കാതിരിക്കില്ല. അത്രകണ്ട് വേദനിക്കുന്നുണ്ട് എൻ്റെ മോൻ.
പാവം അവൻ്റെ പ്രായത്തിലുള്ളവർക്കല്ലാം സർക്കാര് ജോലിയായി….എൻ്റെ മോന് മാത്രം…..! പാതിയിൽ…
നനഞ്ഞു കുതിർന്ന വാക്കുകളിലും ഒരായിരം പ്രതീക്ഷകളുമായ് കാത്തിരിക്കുന്ന അമ്മയോട് പോയി പറയണമെന്നുണ്ടായിരുന്നവന് ഇതും കിട്ടില്ലമ്മേ…വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ലമ്മേ ഭാഗ്യം കൂടി വേണം.
പ്രഭാകരൻ്റെ മോന് ഭാഗ്യമില്ലമ്മേ….
പറഞ്ഞിട്ടെന്തിനു !!…ആരോട് ? അവൻ മനസ്സിൽ സ്വയം പിറുപിറുത്തു..പാവം അമ്മയുടെ പ്രതീക്ഷ കളയണ്ട…
വീട്ടിൽ നിന്നും പടിയിറങ്ങി പോകുമ്പോൾ അമ്മയുടെ കണ്ണിൽ കാണുന്ന ആ പ്രതീക്ഷയുടെ തിളക്കം എന്തിനു ഞാനായിട്ടു ഇല്ലാതാക്കണം
തൻ്റെ ചിന്തകളിൽ ഉരുതിരിഞ്ഞ ചോദ്യങ്ങൾക്ക് വേദനിപ്പിക്കും വിധം മറുപടി പറഞ്ഞതച്ഛനായിരുന്നു.
“കിട്ടുമെടി കിട്ടും സർക്കാര് ജോലി എടുത്ത് വച്ചേക്കല്ലേ..പ്രഭാകരൻ്റെ മോൻ പ്രഗൽഭനല്ലേ…ചെന്ന് ചോദിക്കുമ്പോഴേക്കും എടുത്ത് കൊടുക്കാൻ..സ്വന്തം കുടുംബത്തോട് അല്പമെങ്കിലും സ്നേഹം വേണം.”
“സ്വന്തം കഴിവിൽ വിശ്വാസം വേണം.” ഏതു ജോലിയായാലും സന്തോഷത്തോടെ ചെയ്യാനുള്ള അർപ്പണബോധം വേണം. ആർക്കോ വേണ്ടി ദിവസവും ഉണരുന്നു വൈകുന്നേരമാകുമ്പോൾ മുക്കു മുട്ടെ കഴിച്ചുറങ്ങുന്നു..”
“സുഗതൻ്റെ മോൻ ഗൾഫിൽ പോയപ്പോൾ ഞാൻ വല്യ ഡോക്ടറുടെ കയ്യും കാലും പിടിച്ചാണ് ഇവന് ആ ആബുലൻസിൻ്റ ഡ്രൈവർ ജോലി തരപ്പെടുത്തിയത്..”
“ചോ ര കാണുന്നത് പേടിയാണത്രേ. ശവശരീരങ്ങൾ കാണുമ്പോൾ കൈയ്യും കാലും വിറയ്ക്കുമത്രേ..കൊച്ചു കുട്ടിയല്ലേ..പേടിക്കാൻ “
“കൊല്ലം പത്തു മുപ്പത്തിയഞ്ചായി ഞാൻ മോർച്ചറിയുടെ മുന്നിൽ കുത്തിയിരിപ്പു തുടങ്ങിയിട്ട്…ഒരു അറപ്പും വെറുപ്പും ഇന്നേ വരെ തോന്നിയിട്ടില്ല ..”
“ചോ ര കാണുമ്പോൾ ഒരു ദിവസം പോലും ഈ കണ്ണുകൾ അടഞ്ഞു പോയിട്ടില്ല. മുഖം തിരിച്ചിട്ടില്ല. എന്റെ വിധി ചാവണവരെ ശ വങ്ങൾക്കു കാവലിരിക്കാനാവും യോഗം…”
നിശബ്ദമായ നിമിഷങ്ങളിൽ എപ്പോഴോ ആ ശരവർഷം ശാന്തമായി..
പറഞ്ഞിട്ടെന്തു കാര്യമെന്ന് അച്ഛനുതന്നെ തോന്നിക്കാണും..
ആ പെരുമഴ പെയ്തു തോർന്നുവെങ്കിലും അവൻ്റെയുള്ളിൽ വേദനയുടേയും, കുത്തുവാക്കുകളുടേയും പരിഹാസത്തിൻ്റേയും മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു..
ശിവപ്രിയയ്ക്ക് ശുഭരാത്രി പോലും അയക്കാതെ അവൻ കിടക്കയിലേയ്ക്ക് ചാഞ്ഞു.
പാവം പ്രിയ ഇന്നത്തെ ടെസ്റ്റു അവൾക്കും ഒരു പാട് പ്രതീക്ഷയായിരുന്നു. ശ്രീയേട്ടന് ജോലി കിട്ടിയിട്ടു വേണം. എനിക്ക് നമ്മുടെ കാര്യം വീട്ടിൽ പറയാൻ അവളുടെ വോയ്സ് മെസ്സേജ് അവൻ്റെ മനസ്സിൽ തിരമാല പോലെ അലയടിച്ചു കൊണ്ടിരുന്നു…
നീയെന്തിനാടീ പെണ്ണേ എന്നെ പ്രണയിച്ചത്..ആർക്കും വേണ്ടാത്ത നിനക്കും ഞാൻ ഒരു ഭാരമാകും..ജോലിയും കൂലിയുമില്ലാത്ത ഞാൻ എങ്ങിനെയാണ് നിനക്ക് നല്ലൊരു ഭർത്താവാകുന്നത്..ഭാഗ്യമില്ലാത്തവൻ ഭാഗ്യമില്ലാത്തവൻ എന്ന അപസ്വരം ഉപബോധമനസ്സിൽ ആരോ തന്നോട് മാത്രമായി പറയുന്നതുപോലെ തോന്നിയവന്
പുറത്തെ മഴ തോർന്നിട്ടുണ്ടായിരുന്നില്ല. അവൻ കൈയ്യെത്തിച്ച് ജനാല തുറന്നിട്ടു
ജനൽപാളികളിൽ കൂടി ഒഴുകി വന്ന തണുത്ത കാറ്റിനും അവൻ്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളിയെ അലിയിച്ചു കളയുവാൻ സാധിച്ചില്ല ആരോടെല്ലാം തോന്നുന്ന ദേഷ്യവും വെറുപ്പും ഉള്ളിൽ തിളച്ചു മറിയുകയാണ്..
നിറവേറാത്ത ഒരു പാട് സ്വപ്നങ്ങൾ പൂഴിമണ്ണിൽ എത്തി നോക്കുന്ന തിരകളെപോലെ വന്നകലുമ്പോൾ ഇന്നു കണ്ട സ്വപ്നം തൻ്റെ കാല്പാദങ്ങളെ നനയിച്ചു കടന്നു പോയിരിക്കുന്നു…
ആ നനവ് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.
കാക്കി വേഷമണിഞ്ഞ തൻ്റെ വലതു കയ്യിലെ ടോർച്ചുമായി മോർച്ചറിയുടെ വാതിൽക്കൽ നിലാവിനെ നോക്കിയിരിക്കുന്ന സുബിൻ എന്ന ചെറുപ്പക്കാരൻ
വെളുത്ത വസ്ത്രങ്ങൾക്കടയിൽ കണ്ണുകളടച്ചു ഉണർന്നിരിക്കുന്ന ആത്മാക്കൾ ഒരേ സ്വരത്തിൽ വിളിച്ചു പറയുന്നു. വല്ലാത്ത തണുക്കുന്നു. ഞങ്ങൾക്ക് എന്നാണ് ഒരു മോചനമുണ്ടാവുക. അവൻ ഞെട്ടിയെഴുന്നേറ്റു.. ചുറ്റുപാടും ഒന്നു നോക്കി ഇരുട്ട്..ഞാൻ കണ്ടതു സ്വപ്നമായിരുന്നോ..
അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി മഴ തോർന്നിരിക്കുന്നു…
രാത്രിയിൽ വന്ന സ്വപ്നങ്ങൾക്ക് നിറമുണ്ടായിരുന്നു
ഞാൻ കണ്ട സ്വപ്നങ്ങൾ സത്യമാണോ…
നിറമുള്ള സ്വപ്നങ്ങൾ സഫലമാകുമെന്നുള്ള മുത്തശ്ശിയുടെ വാക്കുകൾ അപ്പോൾ മനസ്സിലൂടെ കടന്നു പോയി..
രാവിലെ ചായ കുടിക്കുവാൻ ടേബിളിൽ വന്നിരുന്നപ്പോഴാണ് അച്ഛൻ്റെ കറുത്തിരുണ്ടു കാർമേഘത്തെ പോലെയുളള മുഖത്തേയ്ക്കൊന്നവൻ നോക്കിയത്..
ആ കണ്ണുകളിൽ കോപം തിളച്ചു മറയുന്നതവൻ കണ്ടു. ദോശയിൽ നിന്ന് ഒരു നുള്ള് കൈയ്യിലെടുത്തുകൊണ്ടവൻ തേച്ചുമിനുക്കാത്ത ചുവരുകളോടെന്ന പോലെ അൽപ്പം ശബ്ദമുയർത്തി കൊണ്ടു പറഞ്ഞു…
“ഇന്ന് മുതൽ അച്ഛൻ ജോലിക്കു പോകണ്ട….” പാതി ചവച്ച ദോശയെ തിടുക്കത്തിൽ താഴോട്ടിറക്കി കൊണ്ട് പ്രഭാകരൻ ചാടിയെഴുന്നേറ്റു..
“എന്താ നിൻ്റെ തീരുമാനം.. ?”
ചുവരുകളിൽ തട്ടിയുള്ള ആ ഗർജ്ജനം അടുക്കളയിൽ അമ്മയുടെ കാതിലെത്തിയതും ദോശമാവൊഴിച്ചു കൊണ്ടിരുന്ന കരണ്ടിയുമായി അമ്മയും അങ്ങോട്ടേക്ക് എത്തിച്ചേർന്നിരുന്നു…
അച്ഛൻ്റ ചോദ്യത്തിനു മുന്നിൽ ആദ്യമൊന്നു പകച്ചെങ്കിലും…സ്വപ്നങ്ങൾ നേടിത്തന്ന ധൈര്യത്തെ മുറുകെ പിടിച്ചു..നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് സുബിൻ തുടർന്നു.
“ഞാൻ സത്യമാണ് പറഞ്ഞത് അച്ഛനു പെൻഷനാകാൻ ഇനി അഞ്ചു കൊല്ലം കൂടിയല്ലേ ഉള്ളൂ..വാളൻററി എഴുതി കൊടുത്തിട്ട് അച്ഛൻ വീട്ടിൽ വിശ്രമിക്കൂ..എന്നെ തീറ്റിപ്പോറ്റിയതിനു കണക്കു പറഞ്ഞു ഈ വീട്ടിൽ ആരും വഴക്കിടണ്ട .”
പറഞ്ഞു തീർന്നതും അപ്രതീക്ഷിതമായ ഒരു പൊട്ടിത്തെറിയായിരുന്നു അമ്മയുടെ ഭാഗത്തുനിന്ന്…
“എടാ മഹാപാപി അച്ഛനോട് തർക്കുത്തരം പറയാൻ മാത്രം വളർന്നോടാ നീയ്..മോനെ ആ മനുഷ്യനെ വേദനിപ്പിക്കല്ലേടാ..”
അതൊരു ഉഗ്രശാസനയായവന് തോന്നിയില്ല. ഉച്ചത്തിലാണ് പറഞ്ഞു തുടങ്ങിയെങ്കിലും പറഞ്ഞവസാനിക്കുമ്പോൾ അമ്മയുടെ വാക്കുകൾ ഇടറിയിരുന്നതവൻ തിരിച്ചറിഞ്ഞു..
താനിത് ഇരുവരിൽ ഒരാളിൽ നിന്നും പ്രതീക്ഷിച്ചതെന്ന കണക്കിൽ അവൻ ഭക്ഷണത്തിൽ ശ്രദ്ധയൂന്നി
“കൊള്ളാം ” എന്നൊരു വാക്കിലൊതുക്കി കൊണ്ട് ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങിയപ്പോയ മനുഷ്യനെ നോക്കി അമ്മ മിഴിനീർ തുടച്ചപ്പോൾ മറുപടിയായ് അവൻ അമ്മയോടു മാത്രമായ് പറഞ്ഞു.
“തിന്നിട്ട് എല്ലിൽ കുത്തിയിട്ടൊന്നുമല്ല അമ്മേ..എൻ്റെ മനസ്സും ശരീരവും കളിമണ്ണ് കൊണ്ടുണ്ടാക്കിയതല്ല എന്നൊന്നു സമയം കിട്ടുമ്പോൾ അമ്മ അച്ഛനെ പറഞ്ഞു മനസ്സിലാക്കണം.”
….നിസ്സഹായയായ അമ്മയുടെ ചുണ്ടുകൾ മന്ത്രിച്ചില്ല..
പകരം ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. വസ് ത്രം മാറി പുറത്തേക്കിറങ്ങുമ്പോൾ സിംഹാസനം നഷ്ടമായ രാജാവിനെ പോലെ ശിരസ്സ് താഴ്ത്തി ചാരുകസേരയിൽ ചാഞ്ഞു കിടക്കുന്ന അച്ഛനെ ശ്രദ്ധിക്കാതെയവൻ മുറ്റത്തേക്കിറങ്ങി
“മോനേ ഒന്ന് നിന്നേടാ “എന്നു പറഞ്ഞു കൊണ്ട് ഉമ്മറപ്പടി വരെ വന്ന അമ്മയുടെ കാല്പാദങ്ങൾ അച്ഛൻ്റെ കിടപ്പുകണ്ട് നിശ്ചലമായി…
“നിങ്ങള് ഇങ്ങനെ വിഷമിക്കല്ലേ. അവൻ ബോധമില്ലാതെ വല്ലതും വിളിച്ചു പറഞ്ഞു എന്നു വെച്ച്…നിങ്ങളിങ്ങനെ തളർന്നാലോ..”
മകന് വേണ്ടി സംസാരിക്കുന്ന ലക്ഷ്മിയുടെ മുഖത്തേക്ക് പ്രഭാകരൻ ഒന്നു തലയുയർത്തി നോക്കി..ചെറുതായി ഒന്നു ചിരിച്ചു..
“ശരിയാടീ..നീ പറഞ്ഞത് ശരിയാ. ബോധമില്ലാത്തതെനിക്കാ…അവനു ബുദ്ധിയുണ്ട്. എൻ്റെ മോൻ ഇത്രയു വളർന്നു പോയെന്ന് ഞാൻ തിരിച്ചറിയാൻ വൈകി..”
“എനിക്കു സന്തോഷമായി..അച്ഛൻ മരിക്കുന്നവരെ കാത്തിരിക്കേണ്ട കാര്യമില്ല..കട്ടിലൊഴിയാൻ..ഞാൻ ഒഴിഞ്ഞു കൊടുക്കുവാൻ തീരുമാനിച്ചു…”
“വാർദ്ധക്യത്തിൻ്റെ ഏകാന്തതയിൽ ചിലപ്പോൾ എരിഞ്ഞടങ്ങേണ്ടി വരുമെന്നുള്ള ഭയം എന്നിൽ വന്നു തുടങ്ങിയിരിക്കുന്നു. ഞാൻ ഒഴുക്കിയ വിയർപ്പിനും ഞാൻ നൽകിയ സ്നേഹത്തിനുമാണവൻ വില പറഞ്ഞത് നീയും കേട്ടതല്ലേ..
“നിങ്ങളെന്തു ഭ്രാന്താ മനുഷ്യാ ഈ പറയണേ..”
“ഒന്നോർക്കുമ്പോൾ അവൻ പറഞ്ഞതിലും കാര്യമുണ്ട്.. ലക്ഷ്മി ഇന്നത്തെ കാലത്തു ഇത്രയും എളുപ്പത്തിൽ സർക്കാർ ജോലി എവിടെ കിട്ടും.”
“ഇന്നവൻ്റെ മനസ്സിൽ ഒരു ലക്ഷ്യമുണ്ട് പൊട്ടിപ്പൊളിഞ്ഞ പടികളാണങ്കിലും സൂക്ഷിച്ചു കയറുവാൻ സാധിച്ചാൽ അവൻ രക്ഷപ്പെടുമെടി.”
“എനിക്കു വിശ്വാസമുണ്ട്. നീ ആ കുടയിങ്ങോട്ട് എടുത്തേ..നല്ല കാര്യങ്ങൾ വച്ചു താമസിപ്പിക്കണ്ട..അതു പറയുമ്പോൾ ആ മുഖത്തെ സന്തോഷം ലക്ഷ്മി തിരിച്ചറിഞ്ഞു.”
മനസ്സിൽ കുറ്റബോധമില്ലാതെയുള്ള വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മി തിടുക്കത്തിൽ അകത്തു പോയി കുടയെടുത്തു കൊണ്ടുവന്ന് നൽകി..
“നിങ്ങൾക്കവനോട് ദേഷ്യമുണ്ടോ.”
“എന്തു ചോദ്യമാടീ..അവൻ നമ്മുടെ മോനെല്ലടീ..ഈ വയസ്സാംകാലത്ത് എന്നെക്കൊണ്ട് ഇത്രയും ചെയ്യുവാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമേയുള്ളൂ..”
“ഞാനിറങ്ങാ..”
അതു കേട്ടിട്ടും തലയാട്ടുവാൻ മാത്രമേ..ലക്ഷ്മിക്കന്നേരം കഴിഞ്ഞുള്ളൂ.
നടക്കുന്നതെല്ലാം സ്വപ്നമാണോ എന്നു വരെ ഒരു നിമിഷം ചിന്തിച്ചു പോയി..
എല്ലാ കാര്യങ്ങളും ശരിയാക്കി വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മയുടേയും മകൻ്റേയും സംസാരം പ്രഭാകരൻ പടിവാതിൽക്കൽ നിന്നേ കേട്ടു..
അച്ചൻ്റെ ചുമയിൽ ഒതുങ്ങിപ്പോയ സംസാരത്തിൽ അവരുടെ ബഹുമാനത്തിൻ്റെ നേർക്കാഴ്ച്ചകൾ കണ്ടു പ്രഭാകരൻ ഉള്ളു കൊണ്ടു ഒന്നു ചിരിച്ചു….
“ലക്ഷ്മി ഇങ്ങു വന്നേ ടി.”
ആംഗ്യ ഭാഷയിൽ അവനിൽ നിന്നും സമ്മതം വാങ്ങിക്കൊണ്ട് അമ്മ അകത്തേയ്ക്ക് ഓടിയപ്പോൾ അത് തന്നെ കുറിച്ചുള്ള കാര്യങ്ങളായിരിക്കുമെന്ന് അവൻ തീർച്ചപ്പെടുത്തിയിരുന്നു.
തനിക്ക് കേൾക്കുവാൻ പാകത്തിൽ അല്പം ഉച്ചത്തിലാണ് അച്ഛൻ അമ്മയോട് സംസാരിച്ചിരുന്നത്
“എല്ലാം ശരിയാക്കിയിട്ടുണ്ട്..നാളെ മുതൽ അവനോട് ജോലിക്കു വരാൻ രാമ ക്യഷ്ണദ്ദേഹം പറഞ്ഞിട്ടുണ്ട്…ഒരു മാസത്തിനുള്ളിൽ സ്ഥിരമാക്കാമെന്ന് ഉറപ്പും നൽകിയിട്ടുണ്ട് ..”
“അപ്പോൾ യൂണിഫോം.?
“എൻ്റെ പുതിയത് എടുത്ത് കൊടുക്ക് ഞാൻ ഒരു ദിവസമല്ലേ ഇട്ടിട്ടുള്ളു.”
“രാവിലെ പോകുമ്പോൾ വാസുവിൻ്റെ കടയിൽ അളവ് കൊടുത്തു പോകാൻ പറ…വൈകുന്നേരം ഞാൻ പേയി വാങ്ങിക്കൊണ്ടു വരാം..”
തൻ്റെ കണ്ണു നിറഞ്ഞുവോ…അവൻ കണ്ണിനു താഴേ ചൂണ്ടുവിരലുകൾ കൊണ്ടു മെല്ലെ തടവി…ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിക്കാൻ തോന്നിയവന്..
സ്നേഹം പ്രകടിപ്പിക്കാത്ത അച്ഛൻ്റെ മനസ്സ് അവൻ തിരിച്ചറിഞ്ഞു..
പിറ്റേന്ന് അലക്കി തേച്ച വേഷവുമിട്ടവൻ അമ്മയുടെ മുന്നിൽ വന്നു നിന്നു കൊണ്ടു പറഞ്ഞു…
“അനുഗ്രഹിക്കണം ..”
അമ്മയുടെ കണ്ണിലേക്ക് അധികനേരം നോക്കി നിൽക്കാനവനു കഴിഞ്ഞില്ല. ആ കണ്ണീരിലൊലിച്ചു പോകുമെന്നവൻ ഭയന്നു.
“നിന്നെ ദൈവം അനുഗ്രഹിക്കട്ടെ..’
സാരിത്തലപ്പു കൊണ്ടു മുഖം തുടച്ചു കൊണ്ടു അമ്മ ആക്കാര്യം പറയുമ്പോൾ താൻ ചെയ്തതു തെറ്റാണോ എന്നവൻ ഒരു നിമിഷം ഓർത്തു. പോയി. സമൂഹം തരുന്ന ഓമനപ്പേര്
അച്ഛൻ്റെ ജോലി തട്ടിയെടുത്ത മകൻ…
“ചെല്ലടാ ചെല്ല്..അമ്മയുടെ വാക്കുകളാണ് അവനെ വീണ്ടും ചിന്തയിൽ നിന്നുണർത്തിയത് . അച്ഛൻ ഉമ്മറത്തിരിപ്പുണ്ട് ആ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കെടാ.”
തന്നെ കണ്ടപ്പോൾ അച്ഛൻ വീണ്ടും അതേ രണ്ടക്ഷരം പറഞ്ഞു കൊണ്ടന്നാദ്യമായി ചിരിച്ചു..
“കൊള്ളാം.”
ആ കാലിൽ വീണപ്പോൾ അറിയാതെ തന്നെ രണ്ടു തുള്ളി കണ്ണുനീർ ആ കാലുകളെനനയിച്ചപ്പോൾ മനസ്സിൽ ശപിക്കരുതേ എന്നു മാത്രമാണുരുവിട്ടത്..
“അച്ഛാ.. ” അന്നവൻ്റെ ചുണ്ടുകൾ ആദ്യമായി മന്ത്രിച്ചു സ്നേഹത്തോടെയും ബഹുമാനത്തേടെയും ആ മുഖത്തേക്ക് അല്പ നേരം നോക്കി നിന്നു…
“സമയം കളയണ്ട….മോനേ..ഇറങ്ങിക്കോളൂ”.
“പിന്നെ ഒരു കാര്യം….” നടക്കുവാൻ തുടങ്ങിയ അവൻ്റെ കാലടികളെ ആരോ പിടിച്ചു നിറുത്തി…അവനതു പ്രതീക്ഷിച്ചതുമായിരുന്നു
“മോനെ മൃതദേഹങ്ങളെ ഒരിക്കലും പുച്ഛത്തോടെ കാണരുത്. മൃതദേഹത്തിൻ്റെ കൂടെ വരുന്നവർക്ക് നമ്മൾ ഒരു സഹായമായിരിക്കണം. അവരിൽ ഒളായിരിക്കാൻ ശ്രമിക്കണം…ജീവൻ വെടിഞ്ഞാലും ഒരുപക്ഷെ ആത്മാവ് അവരിൽ നിന്നും വിട്ടകന്നിട്ടുണ്ടാവില്ല. ജീവിച്ചിരുന്നപ്പോൾ അവർ ഏറ്റുവാങ്ങിയ വേദനകളിൽ ഒരു തുടർച്ചക്കാരായി നമ്മൾ ഒരിക്കലും മാറരുത്…”
അനുസരണയുള്ള കൊച്ചു കുട്ടിയെപ്പോലെയവൻ തലയാട്ടി.
ദൂരെ മറയും വരെ ഇരുവരും അവനെത്തന്നെ നോക്കി നിന്നു.
എൻ്റെ യൂണിഫോം അവനു നന്നായി ചേരുന്നുണ്ടല്ലേ ലക്ഷ്മി…
മറുപടി പറയാതെ വിതുമ്പി കൊണ്ടവർ അകത്തേക്കു കയറിയപ്പോൾ പ്രഭാകരൻ ചിരിച്ചു കൊണ്ട് തൻ്റെ കണ്ണുകളാപ്പി.
തെമ്മാടീ തോൽപ്പിച്ചു കളഞ്ഞല്ലോ..
അവൻ ആ ഒറ്റപ്പെട്ട കെട്ടിടത്തിന് പുറത്തുനിന്ന് അകത്തേക്ക് ഉറ്റു നോക്കി ഇനിയുള്ള തന്റെ ജീവിതം ഈ കെട്ടിടത്തിന്റെ വാതിൽക്കലായിരിക്കും
ഇടയ്ക്കിടെ വന്നു പോകുന്ന ചിലർ തുണിക്കെട്ടുമേന്തി പോകുന്ന ജോലിക്കാരെ പോലെ വളരെ അനായാസമായി ആബുംലൻസിലേക്ക് മൃതദേഹങ്ങൾ എടുത്തു വയ്ക്കുന്നു..എന്തൊരു വേദനാജനകമായ കാഴ്ചയാണ്.
ആദ്യ ദിവസമായതുകൊണ്ടാകും നാരായണേട്ടൻ തന്നെ എല്ലായിടത്തും ഒന്നു ചുറ്റിക്കാണിച്ചത്തിനു ശേഷം ആ കസേര ചൂണ്ടിക്കാണിച്ചത്…
“അച്ചൻ്റെ കസേരയാ മോനേ..ഇനിയിത് നിൻ്റെയാ..ഞാനിന്ന് നേരത്തേ ഇറങ്ങും ട്ടോ…ഇന്നലെ രാത്രിയിലും ജോലി ചെയ്തതു കൊണ്ട് വല്ലാത്ത ക്ഷീണം..മോനേവല്ല സഹായത്തിനാളു വേണമെങ്കിൽ 208 ലേക്ക് വിളിച്ചാൽ മതി..”
നാരയണേട്ടനോട് നന്ദി പറഞ്ഞു കൊണ്ട്..
അവൻ ആ കസേരയിൽ പോയിരുന്നു..നീണ്ട പന്ത്രണ്ട് മണിക്കൂർ അച്ഛൻ കഴിച്ചുകൂട്ടുന്ന ഇടം അങ്ങിനെയെത്ര വർഷങ്ങൾ…
തനിക്കതിനു കഴിയുമോ..അവൻ തന്റെ ആത്മ വിശ്വസത്തിന്റെ മൂടുപടം തുടച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു..
അവൻ തൻ്റെ മനസ്സിനോട് ആരാഞ്ഞു..
കഴിയണം….ചെയ്തേ പറ്റൂ. ഇനി അച്ഛനെ ബുദ്ധിമുട്ടിക്കരുത്..പാവം ഞാൻ ആ നല്ല മനസ്സിനെ വാക്കുകൾ കൊണ്ട് ഒരു പാട് വേദനിപ്പിച്ചു. കുറ്റബോധം അവനെ വേട്ടയാടുവാൻ തുടങ്ങി…
ഇനി അച്ഛൻ്റെ മകനായി ജീവിക്കണം.
മണിക്കൂറുകൾ ഒരോന്നും ഓരോ യുഗങ്ങളായിട്ടാണ് അവന് തോന്നിയത്..സൂര്യൻ ഇരുളിനെ പകരത്തിന് പറഞ്ഞു വിട്ടു കൊണ്ട് എങ്ങോ പോയ്മറഞ്ഞിരിക്കുന്നു…
വീട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ്. പടി കടന്ന് ഒരു ആബുലൻസ് വന്നു നിന്നത്.
അവൻ ആ അബുലൻസിനിരികിലേക്ക് നടന്നു..അച്ഛൻ്റെ വാക്കുകൾ ഒരിക്കൽ കൂടിയോർത്തെടുത്തു..
ഇന്ന് തൻ്റെ ജീവിതത്തിലെ ആദ്യത്തെ കർമ്മമാണ്..
അവൻ ഒരു പാട് പ്രതീക്ഷകളോടെ ആ ആബുലൻസിൻ്റെ വാതിൽക്കലെത്തി..
ആംബുലൻസിന്റെ വാതിൽ തുറന്നു കൊണ്ട് നാരായണേട്ടൻ പുറത്തിറങ്ങി..അയാളുടെ കണ്ണുകൾ വറ്റിവരണ്ടിരുന്നു. മുഖം വിളറി വെളുത്തിരുന്നു..
പുറത്തേക്കിറങ്ങി ആബുലൻസിൻ്റെ വാതിലിൽ മുഖം പൊത്തി നിൽക്കുന്ന നാരായണേട്ടൻ്റെ തോളിൽ കൈവച്ചു കൊണ്ടവൻ ചോദിച്ചു.
ഞാൻ പിടിക്കാം നാരായണേട്ടാ..
അകത്തേക്കെടുക്കാം…
അവൻ വീണ്ടും പറയാൻ തുടങ്ങിയപ്പോൾ, കരച്ചിലിന്റെ ബാക്കിയെന്നവണ്ണം ഒരേങ്ങലായ് ആ ശബ്ദം പുറത്തുവന്നു…
“മോനേ..നീ വണ്ടിയിലേക്ക് കയറടാ ..”
തുറന്നു കിടന്ന വാതിലിനിടയിലൂടെ എവിടെ നിന്നോ വന്ന ആ കാറ്റ് ആ മൃതദേഹത്തിൻ്റെ ശിരസ്സിൽ മൂടിയ തുണി മാറ്റി കൊണ്ട് കടന്നു പോയപ്പോൾ ആ ഇരുണ്ട വെളിച്ചത്തിൽ ആ മുഖമവൻ കണ്ടു..
കണ്ണുകളടച്ചുറങ്ങുന്ന തൻ്റെയച്ഛൻ…തൊട്ടടുത്തായി പ്ലാസ്റ്റിക്ക് കവറിൽ ഇരിക്കുന്ന ചോരക്കറ പുരണ്ട യൂണിഫോമിലേക്കും ഒന്നു നോക്കി..
അവൻ അതെടുത്ത് നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട്…കരിയില വീണു കിടക്കുന്ന ആ സിമൻ്റ് തറയിലവൻ ഒരു ഭ്രാന്തനെപ്പോലെ കുന്തിച്ചിരുന്നു…
അപ്പോഴും മരവിച്ചിരിക്കുന്ന ശരീരത്തിലെ വരണ്ടുപോയ കണ്ണിൽ നിന്നും ശേഷിച്ച കണ്ണുനീർത്തുള്ളികൾ നിലത്തേക്ക് ഉതിർന്നു വീഴുന്നുണ്ടായിരുന്നു….
**********
എന്ന് നിങ്ങളുടെ സ്വന്തം ദീപു…