വിധേയ
Story written by Nisha Pillai
===============
ഇന്നും ബസ് വൈകി. സ്റ്റോപ്പിൽ ബസ് നിർത്തിയതും സീത മുന്നോട്ടു കുതിച്ചു.
മുന്നിൽ നിന്ന പെണ്ണമ്മ ചേച്ചിയും കണ്ടക്ടറും ഒരേ പോലെ ശകാര വർഷങ്ങൾ കൊണ്ട് മൂടി. അതൊന്നും വക വയ്ക്കാതെ മുന്നിലെ ഇടവഴികൾ പിന്നിട്ടു ഒറ്റ പായലായിരുന്നു.
പകലിനു നീളം കുറവായതിനാൽ നേരത്തെ ഇരുട്ട് പരന്നു കഴിഞ്ഞു. തിരക്കിനിടയിൽ വഴിയിൽ കണ്ട പല പരിചിതരെയും അവഗണിക്കേണ്ടി വന്നു. മുറ്റത്തു കടക്കാനുള്ള പടിവാതിൽ തുറന്നതും കൊഴുപ്പുള്ള ചൂട് തുപ്പൽ കവിളില്പതിഞ്ഞതും ഒരുമിച്ചായിരുന്നു.
“എവിടെയായിരുന്നു ഇത്രേം നേരം??ഏതവന്റെ കൂടെയായിരുന്നു “
ഭർതൃ മാതാവിന്റെ ക്രൂ രമായ ചോദ്യവും ആ ഭയാനകങ്ങളായ കണ്ണുകളും പിന്നിട്ടു നേരെ മുറിയിലേക്ക് കയറി. ബാഗിൽ നിന്ന് ചോറ്റു പാത്രവും പണമടങ്ങിയ കുഞ്ഞു പഴ്സും എടുത്തു നേരെ അടുക്കളയിലേക്കു…പാത്രങ്ങളൊക്കെ കഴുകി വെടിപ്പാക്കി കഞ്ഞിക്കുള്ള അരിയും വെള്ളവും അടുപ്പിൽ വച്ച് നേരെ കുളിമുറിയിലേക്ക് പോയി.
പൊടി നിറഞ്ഞ നിറത്തിലെ കട ജീവനക്കാരിയുടെ ദേഹമാസകലം പൊടിയാണ്. വൈകുന്നേരങ്ങളിൽ ദേഹമാസകലം സോപ്പ് പതച്ചു കിണറ്റിലെ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഒരു സുഖമാണ് .തുപ്പൽ വീണ കവിൾത്തടം സോപ്പ് കൊണ്ട് ഉരച്ചു കഴുകിയിട്ടും എന്തോ പറ്റിപ്പിടിച്ചിരിക്കുന്ന പോലൊരു തോന്നൽ. മൂന്നാലു തവണ ആവർത്തിച്ച് കഴുകിയിട്ടും ആ തോന്നൽ മാറിയില്ല.
അടുക്കളയിൽ വെള്ളം തിളച്ചു തുടങ്ങിയിട്ടുണ്ടാകും. കുളിമുറിയിൽ നിന്നിറങ്ങി നനഞ്ഞ വസ്ത്രങ്ങൾ അയയിൽ വിരിച്ചു. കഴിഞ്ഞ വിവാഹ വാർഷികത്തിൽ ഭർത്താവു വാങ്ങി തന്ന നീല സാരി അലക്കി അലക്കി നിറം മങ്ങിയത് അവൾ നെടുവീർപ്പോടെ നോക്കി നിന്നു
സമയം 7 കഴിഞ്ഞു…
പൂമുഖത്തു അമ്മയുടെ നാമജപം മുറുകുന്നു. എട്ടു മണിക്ക് മുൻപ് കഞ്ഞി കാലമാക്കിയില്ലേൽ അമ്മ ഭ ദ്രകാ ളിയെ പോലെ അടുക്കളയിലേക്കു ഒരു വരവുണ്ട്. പിന്നെ ഒരു ലഹളയാണ്. പെട്ടെന്ന് അത്താഴം ശെരിയാക്കാൻ തുടങ്ങി.
ചമ്മന്തിക്കും തോരനുമുള്ള തേങ്ങാ ചിരണ്ടി വച്ചു. തോരന് വേണ്ടി ചെറുപയർ വേവിച്ചു വച്ചു. കഞ്ഞി തയാറാക്കി മേശ പുറത്തു വച്ചു. ഓരോരുത്തർ വന്നു കഴിച്ചു മടങ്ങും. പണമടങ്ങിയ കുഞ്ഞു പേഴ്സ് ഒളിപ്പിച്ച അരികലത്തിൽ നിന്നു പുറത്തെടുത്തു എന്നി നോക്കി. 141 രൂപ ഉണ്ട്. ഈ മാസത്തെ അവശേഷിക്കുന്ന തുക, ബസ് ക്യാഷ് ഇതിൽ നിന്നു കണ്ടെത്തണം. തനിക്കു കിട്ടുന്ന തുച്ഛമായ ശമ്പളം, ഭർത്താവിന് കിട്ടുന്ന തുകയും കൊണ്ട് വേണം അഞ്ചു അംഗങ്ങൾ ഉള്ള കുടുംബം ജീവിക്കാൻ. വൃദ്ധനായ അച്ഛന്റെ മരുന്ന് , മാനസിക രോഗിയായ അമ്മയുടെ ചെലവുകൾ, യുവാവായ അനിയന്റെ പഠനം….ഇത്യാദിയൊക്കെ ഉള്ള തുകയിൽ നടത്തണം.
26 വയസ്സായെങ്കിലും ജോലിക്കൊന്നും പോകാതെ കുട്ടിക്കളിയും രാഷ്ട്രീയവുമായി നടക്കുകയാണ് സൂരജ്. സുരേഷേട്ടനെക്കാൾ അഞ്ചു വയസ്സോളം ഇളയത്..പ്ലസ് ടു വരെ ഒരേ ക്ലാസ്സിൽ പഠിച്ചതെങ്കിലും പേടിയായിരുന്നു അവനെ. പരസ്പരം മിണ്ടിയിട്ട് പോലും ഇല്ലായിരുന്നു. പെൺകുട്ടികൾക്ക് അവനെ വെറുപ്പായിരുന്നു
സന്ധ്യനാമജപത്തിന്റെ അവസാന ശീലുകൾ കേട്ടതോടെ ബക്കറ്റിൽ കൈ കഴുകാനുള്ള വെള്ളം ഉമ്മറത്ത് കൊണ്ട് വച്ചു. ഇനി അത്താഴത്തിനുള്ള സമയമാണ്. ഇത്തിരി വൈകിയാൽ അമ്മ താണ്ഡവമാടും. ഭർത്താവായ സുരേഷേട്ടൻ എത്താൻ 8 മണിയാകും. വന്നു കഴിഞ്ഞാൽ കുളിയും അലക്കും ഒക്കെ കഴിഞ്ഞു ഒരു സമയം ആകും ഭക്ഷണം കഴിക്കാൻ. പിന്നെ അമ്മയോടും അച്ഛനോടും ഇന്നത്തെ വിശേഷങ്ങൾ ഒക്കെ പങ്കു വച്ചു ഉറങ്ങാൻ എത്താൻ പിന്നെയും വൈകും. മാനസിക പ്രശ്നങ്ങൾ ഉണ്ടേലും അമ്മ ഒരിക്കലും സ്വന്തം മക്കളോട് മാനസിക പ്രശ്നങ്ങൾ ഒന്നും കാണിക്കാറില്ല. ഭ്രാന്ത് ഒക്കെ തന്നോടാണ്. അവൾ സാരി മാറ്റി വയറ്റിലെ പൊള്ളൽ പാട് നെടുവീർപ്പോടെ നോക്കി.
സീത എന്ന പേര് തന്നെ ദുഃഖമയമാണ്. അച്ഛമ്മ അമ്മയോട് പറഞ്ഞതാ കുട്ടിക്ക് സീത എന്ന് പേരിടല്ലേ കണ്ണീരു ഒഴിഞ്ഞു കുട്ടിക്ക് നേരമുണ്ടാകില്ലന്നു .അച്ഛൻ കേട്ടില്ല
അവൾ അമ്മയെ ഓർത്തു. ഏഴാം വയസ്സിൽ പനി വന്നു മരിച്ച തന്റെ ‘അമ്മ.’ അമ്മ ഉണ്ടായിരുന്നേൽ തന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു. അമ്മയില്ലാതെ ഒരു കുഞ്ഞും വളരുത്. പ്രതേകിച്ചു പെൺകുട്ടികൾ…ജീവിതം ദുരന്തമാകും….
അമ്മ മരിച്ച ഉടനെ തന്നെ രണ്ടാം കല്യാണം കഴിച്ച അച്ഛന് രണ്ടു പെണ്മക്കൾ വല്ലാത്ത ഭാരമായിരുന്നു. ഒരു സമാധാനം ഇല്ലാത്ത ജീവിതം. ഗതികെട്ട് ചേച്ചി ഒരു അന്യജാതിക്കാരന്റെ കൂടെ ഇറങ്ങി പോയി. അവളെങ്കിലും രക്ഷപെട്ട് എന്ന് കരുതിയതാ. അവൾ ചെന്ന് കയറിയത് എരിതീയിലേക്കാണെന്നു മനസിലായപ്പോൾ മടങ്ങാൻ പറഞ്ഞതാ. ഇനി ഒരു തിരിച്ചു വരവില്ലെന്നു അവൾ തീരുമാനിച്ചു. ഞാൻ രക്ഷപെടാൻ ശ്രമിച്ചില്ല. അച്ഛൻ എന്നെ ഈ തടവറയിലേക്ക് താമസിയാതെ പറഞ്ഞയച്ചു
നാലാം വര്ഷം…ഒരു മാറ്റവും ഇല്ലാതെ….വിഷമങ്ങൾക്കൊന്നും തന്റെ കണ്ണുകൾ നനയിക്കാൻ കഴിയുന്നില്ല എന്നവൾ ഓർത്തു. വരണ്ടു തുടങ്ങിയ കണ്ണുകളും മനസ്സും. പുറത്തെ വരാന്തയിൽ തനിയെ കിടന്നുറങ്ങുന്നു. പുറത്തു വെട്ടം ഒന്നുമില്ല. ദൂരെയുള്ള ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന് ചെടികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന നേരിയ വെട്ടം മാത്രം…കൊതുകിന്റെ മൂളിപ്പാട്ടും ദൂരെ പ ട്ടികളുടെ ഓരിയിടലും…
വൃശ്ചികത്തിലെ തണുപ്പ് കാരണം പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടാരുന്നു. അവൾ സാരി കൊണ്ട് ദേഹം മൂടി. ഉറക്കം വരുന്നില്ല…എങ്ങനെ നേരം വെളുപ്പിക്കും…
അവൾ ബാഗിൽ നിന്ന് മാസ്ക് എടുത്തു,ഒന്ന് കൊണ്ട് കണ്ണും മറ്റൊന്ന് കൊണ്ട് വായും മൂക്കും മറച്ചു. ചേച്ചിയുടെ കുട്ടി ആശുപത്രിയിൽ എന്നറിഞ്ഞു കാണാൻ പോയതാ….വന്നപ്പോൾ ലേറ്റ് ആയി. തന്നെ പുറത്താക്കി അമ്മ വാതിൽ കുറ്റിയിട്ടു. വിശപ്പ് കൊണ്ട് തളർന്നു. ഉച്ചക്ക് കുറച്ചു ചോറ് കഴിച്ചത്. ഉമ്മറത്ത് അച്ഛൻ കിടക്കാറുള്ള ചാരുകസേരയിൽ കയറി ചുരുണ്ടി കിടന്നു. ഒന്ന് മയങ്ങിയപ്പോൾ ആരോ തലയിൽ തടവുന്ന പോലെ തോന്നി. കണ്ണ് തുറന്നപ്പോൾ ആരെയും കണ്ടില്ല. പക്ഷെ അമ്മയുടെ മണം അവിടെ നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി. ആ നനുത്ത വിരലുകളുടെ സ്പര്ശനം ഇന്നും ഓർമയിലുണ്ട്…
എപ്പോഴോ ഉണർന്നു നോക്കിയപ്പോൾ നേരം നല്ല പോലെ വെളുത്തിരുന്നു. കഴിഞ്ഞ മാസം , ഒരു രാത്രി തന്നെ പുറത്തു കിടത്തി ഉറക്കിയ രാത്രിയുടെ ഓർമ്മകൾ അവളെ ശല്യപ്പെടുത്തി.
ശബ്ദം കേട്ട് തല ഉയർത്തിയപ്പോൾ മുന്നിൽ സുരേഷേട്ടൻ. മണി10 കഴിഞ്ഞു. അടുക്കള ഒതുക്കി കിടന്നപ്പോൾ ആ വീട്ടിൽ എല്ലാവരും ഗാഢമായാ നിദ്രയിൽ ആയിരുന്നു.
രാവിലെ ഉണർന്നു ജോലിയൊക്കെ തീർത്തു ഡ്രസ്സ് ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. പെട്ടെന്ന് അടുക്കളയിൽ നിന്നൊരു അലർച്ച. ചെന്ന് നോക്കുമ്പോൾ ദോശയൊക്കെ താഴെ വീണു കിടക്കുന്നു. കയ്യിലിരുന്ന സാരിയിലും ദേഹത്തും ചൂടുള്ള ചട്ണി വന്നു വീണു. കണ്ണ് നീറി പുകയാൻ തുടങ്ങി. കിണറ്റിൻ കരയിലേക്ക് ഓടുമ്പോൾ ദേഹത്ത് പാത്രംവന്നു പതിച്ചു
“ദോശ കൊണ്ട് നിന്റെ ത ള്ളക്കു കൊടുക്ക് ,ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് ചപ്പാത്തി മതിയെന്ന് .” അപ്പോൾ അതാണ് കാര്യം എന്നും ചപ്പാത്തിയും പൂരിയും ഉണ്ടാക്കാൻ ഞാൻ എന്താ മെഷീൻ ആണോ
“അമ്മെ ജോലിക്കു പോകുന്ന ദിവസം എന്നെ കൊണ്ട് ചപ്പാത്തി ഉണ്ടാക്കാൻ പറ്റില്ല”
“ഞാൻ പറയുന്ന നീ കേട്ടാൽ മതി. ഇങ്ങോട്ടൊന്നും പറയണ്ട ,പറയുന്ന അനുസരിച്ചാൽ മതി “
“രണ്ടു ആരോഗ്യമുള്ള മക്കൾ അകത്തു കിടന്നുറങ്ങുന്നില്ലേ ,അവരോടു പറ ,എനിക്ക് വയ്യ .”
അവർ എനിക്കെതിരെ വഴി തടഞ്ഞു നിന്നു.
“നീയെന്താ പറഞ്ഞെ ,നിനക്കിവിടെ നിന്നു തുള്ളി വെള്ളം തരില്ല ഞാൻ “
“എനിക്ക് നിങ്ങടെ ഒന്നും വേണ്ട.എനിക്ക് ഇത്തിരി മനസമാധാനം തരുമോ”
മുറിയിൽ കയറി വസ്ത്രം മാറി ഇറങ്ങിയപ്പോൾ അച്ഛനും അമ്മയും അനിയനും എനിക്കെതിരെ നിൽക്കുന്ന കാഴ്ചയാണ് കണ്ടത് .ഇതൊന്നും അറിയാതെ ഉമ്മറത്തിരുന്നു പത്രം വായിക്കുന്ന ഭർത്താവു.അറിഞ്ഞാലും കാര്യമില്ല .അവരുടെ കൂടെ ചേരും.അമ്മ പറയുന്നത് വേദ വാക്യമാണ് മകന് .ആരെയും ഗൗനിക്കാതെ ബാഗും എടുത്തു മുന്നോട്ടു നടന്നു .പുറകെ കേൾക്കുന്ന ശാപ വാക്കുകളെ അവഗണിച്ചു .ഭർത്താവിനോട് അടുത്ത് ചെന്ന് പോകുന്നു എന്ന് മാത്രം പറഞ്ഞു.വേഗതയിൽ പടിവാതിൽ കടന്നു.
ബസിൽ വച്ചു ആശയോട് എല്ലാം തുറന്നു പറഞ്ഞു.രണ്ടാളും കവലയിൽ ബസിറങ്ങി.ഞങ്ങൾ ജോലി ചെയ്യുന്ന തുണിക്കടയുടെ മുന്നിലൂടെ നടന്നു നേരെ ചെറിയാച്ചന്റെ മെഡിക്കൽ ഷോപ്പിൽ കയറി. എന്നെ കണ്ടപ്പോൾ തന്നെ ജോബി തലവേദനയുടെ ഗുളിക എടുത്തു തന്നു.ഇടക്കിടക്ക് ഷോപ്പിൽ കയറുന്നതു അതിനായിരുന്നു.
“ഇന്നിത് വേണ്ട”
ഞങ്ങളെ കണ്ടത് കൊണ്ടാകും തുണിക്കട മുതലാളി അഷ്‌റഫ് ഇക്കയും അങ്ങോട്ട് വന്നു .ആശ പഞ്ചായത്ത് മെമ്പർ സുനിലേട്ടനെയും വിളിച്ചു കടയിൽ കയറ്റി.കടയിൽ തിരക്കില്ലാത്തതു സൗകര്യപ്രദമായി.ആശ എല്ലാരോടുമായി വിവരങ്ങൾ ചുരുക്കി പറഞ്ഞു
“ഞാൻ ഇപ്പോൾ തന്നെ സുരേഷിനെയും അച്ഛനെയും വിളിക്കാം ” പഞ്ചായത്ത് മെമ്പർ
“എന്തിനു? പതിവ് കോമ്പ്രമൈസ് ആണെങ്കിൽ അത് വേണ്ട സുനിലേട്ടാ ” ആശ
“പിന്നെ എന്ത് വേണമെന്നാ ആശ പറയുന്നേ ” ചെറിയാച്ചൻ
“ഇന്ന് ആ വീട്ടിൽ നിന്നു ചാവാൻ തുനിഞ്ഞു ഇറങ്ങിയ ഒരു പെണ്ണാ ഇത്.നിങ്ങളുടെ വീട്ടിലും ഉണ്ടാകില്ലേ പെൺകുട്ടികൾ .അഷ്റഫിക്ക ഹസീനക്ക് ഇങ്ങനെ സംഭവിച്ചാൽ നിങ്ങള് സഹിക്കുമോ ,നിങ്ങള് സഹിക്കുമോ ചെറിയാച്ചാ.ഇവൾ ആരോരുമില്ലാത്ത കുട്ടിയാണ്.അവൾക്കു ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് .അവർക്കു വേണ്ടത് പണം സമ്പാദിച്ചു കൊടുക്കുന്ന ഒരു ജോലിക്കാരിയെ ആണ്.”
“എന്നാലും ആശേ ,പെട്ടെന്ന് വീട്ടിൽ നിന്നിറങ്ങി പോന്നാൽ നാട്ടുകാര് എന്ത് പറയും ” ജോബി
“ഈ കൂട്ടത്തിൽ എല്ലാ സമുദായക്കാരും പാർട്ടിക്കാരും ഉണ്ട് .സുരേഷിന്റെ അനിയൻ ഒരു പാർട്ടി പ്രവർത്തകനും ഗുണ്ടയുമാണ് .അയാൾ സ്വാധീനം മൂലം ഇത് ഒത്തു തീർപ്പാക്കും .ഇനി ആ വീട്ടിലേക്കു മടങ്ങിയാൽ ഈ കുട്ടിയുടെ ജീവൻ അപകടത്തിലാണ് .പാർട്ടികൾ ഒന്നും ഇതിൽ ഇടപെടാതിരിക്കാനാ ഇമ്മാതിരി ഒരു വേദിയിൽ പറയുന്നേ.എനിക്ക് അവൾ സന്തോഷത്തോടെ ജീവിച്ചിരിക്കണം.ആ വീട്ടിൽ ഈ കുട്ടിക്ക് സ്വാതന്ത്ര്യമായി വസ്ത്രം മാറാൻ പോലുമുള്ള സൗകര്യമില്ല .പലപ്പോഴും ബാത്‌റൂമിൽ നിന്ന് കാമറ കണ്ടു ഇറങ്ങി പോന്നിട്ടുണ്ട് .ആരോട് പറയാൻ .സംരക്ഷികേണ്ടവൻ വെറും അയ്യോ പാവം അല്ലെ.”
“നമുക്ക് പോലീസിൽ പറയാം” മെമ്പർ
“അത് വേണം ,അവൾക്കു ഒരു ഹോസ്റ്റലിൽ താമസ സൗകര്യം ഏർപ്പെടുത്തണം..സംരക്ഷിക്കാൻ ആരുമില്ലാത്തവൾ ആണ്.നിങ്ങളൊക്കെ വിചാരിച്ചാൽ ഇതൊക്കെ നടക്കും.ആരും തലയിൽ എടുത്തു വെയ്ക്കണ്ട.ആർക്കും ചീത്ത പേരും വരില്ല. അല്ലാതെ മരിച്ചു കിടക്കുമ്പോൾ റീത്തും വച്ച് അനുശോചനം കൂടിയാൽ പോരാ .സോഷ്യൽ മീഡിയയിൽ കൂടി പ്രതികളെ തൂക്കിലേറ്റിയിട്ടും കാര്യമില്ല.ഞാൻ തീരുമാനിച്ചു കഴിഞ്ഞു.ആരു വന്നില്ലെങ്കിലും അവൾക്കു വേണ്ടി ഞാൻ ഒറ്റയ്ക്ക് പൊരുതും.നിങ്ങൾ ഒരു സമൂഹത്തിന്റെ പരിച്ഛേദം ആണ്.പാമ്പും സയനൈഡും ഒക്കെ ഒത്തിരി ജീവിതങ്ങൾ ഇല്ലാതാക്കിയില്ലേ. ഇവൾക്ക് അങ്ങനെയുണ്ടാകരുത്.ഇവൾ ആർക്കും ഒരു ഭാരമാകരുത്.സ്വന്തം കാലിൽ നിൽക്കാൻ അവൾക്കു സാധിക്കട്ടെ .”
എല്ലാവരും മൗനം സമ്മതം എന്ന മട്ടിൽ എഴുന്നേറ്റു.പഞ്ചായത്ത് പ്രസിഡന്റ് ലത ചേച്ചിയും വന്നു. കുറെ നാളുകൾക്കു ശേഷം പാർട്ടി സമുദായ ഭേദമന്യേ നാട്ടുകാർ ഒരു കാര്യത്തിന് ഒന്നിച്ചു ചേർന്നു. സീത ആശയോട് ചേർന്നു നിന്ന്. ആശ ഒരു സിങ്ക പെണ്ണിന്റെ കരുത്തോടെ അവളെ പോലീസ് സ്റ്റേഷൻ ,വക്കാലത്തു ഓഫീസ് ,ഹോസ്റ്റൽ എല്ലായിടത്തും കൊണ്ട് പോയി.ഇടയ്ക്കു സൂരജിന്റെ ഗുണ്ടകളുടെ മിന്നലാട്ടം ഉണ്ടായെങ്കിലും പ്രത്യക്ഷത്തിൽ മുന്നോട്ടു വരാൻ ആരും ധൈര്യപ്പെട്ടില്ല..ആശയുടെ പെൺകരുത്ത് .തീപാറുന്ന നോട്ടങ്ങൾ.പെണ്ണിന് തുണയാകേണ്ടത് പെണ്ണ് തന്നെയാണ്.
ഇന്നിപ്പോൾ അതൊക്കെ ഓർക്കുമ്പോൾ രസമാണ്….
ജീവിതത്തിൽ ആദ്യമായി ജയിച്ചു എന്ന് തോന്നിയ ദിവസം. തനിക്കു വേണ്ടിയും സംസാരിക്കുവാൻ ആരേലും ഉണ്ടെന്നു തോന്നിയ ദിവസം .മരിക്കാൻ ഇറങ്ങി പുറപെട്ടതാണേലും തന്നെ രക്ഷിക്കാൻ ഒരാളുണ്ടാകുമെന്ന തോന്നൽ..
കല്യാണം അതൊരു വല്യ കുടുക്കിലാണ് അവസാനിച്ചത്. ഇപ്പോൾ ഞാൻ സുരക്ഷിതയാണ് .ആശയുടെ അത്രേം ഇല്ലേലും ഞാനും ഇന്ന് കരുത്തുള്ളവൾ ആണ് .അനീതിക്ക് എതിരെ പ്രതികരിക്കുന്നവൾ.സ്വന്തം കാലിൽ നില്ക്കുന്നതിൻ്റെ ആത്മ വിശ്വാസം ചെറുതൊന്നുമല്ല. ആരേയും ഒന്നും ബോധിപ്പിക്കാനുമില്ല.സ്വന്തം മനസാക്ഷിയെ പേടിച്ചാൽ മാത്രം മതി. പേരിന്റെ ശാപം മാറി കിട്ടിയപോലെ……
~നിശീഥിനി