ഭാഗ്യക്കുറി
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
==================
മേഘമോളുടെ കുളിയും ഒരുങ്ങലുമെല്ലാം പൊടുന്നനേ തീർന്നു. പുസ്തകങ്ങൾ ഭംഗിയായി ബാഗിൽ അടുക്കി വച്ച്, അവൾ അമ്മയുടെ വരവും നോക്കി കാത്തിരുന്നു.
ചെത്തിത്തേയ്ക്കാത്ത പരുക്കൻ ഇഷ്ടികച്ചുവരിലെ പഴഞ്ചൻ ക്ലോക്കിൽ സമയം എട്ടരയെന്നു കാണിച്ചു. പ്ലാസ്റ്റിക് ചാക്കു കൊണ്ടു പഴുതടച്ച ജനലിലെ ചെറുവിടവിലൂടെ കടന്നുവന്ന ശീതക്കാറ്റിൽ ഉടലു കുളിരുന്നു. വിരിയോടുകൾ പതിപ്പിക്കാത്ത അകത്തളത്തിലാകെ ചെമ്മൺ പൊടി തൂവിക്കിടന്നു. പണി തീരാത്ത ചെറിയ വാർക്കപ്പുരയുടെ മച്ചിൽ മാറാല തൂങ്ങിയ പഴഞ്ചൻ ഫാൻ നിശ്ചലം നിന്നു.
അടുക്കളയിൽ പാത്രങ്ങളുടെ കലമ്പലുകളുടെ ശബ്ദതാളം മുറുകുന്നു. ഇടയ്ക്കിടയ്ക്ക്, അമ്മ അടുക്കളയിൽ നിന്നും പുറത്തേക്കു ധൃതിയിൽ വരുന്നു. പഴയ സാരി കൊണ്ടു വാതിൽ മറ തീർത്ത കിടപ്പുമുറിയുടെ ഉള്ളിലേക്കു പോകുന്നു. അതേ വേഗത്തിൽ തിരികേപ്പോരുന്നു. അടുക്കള ശാന്തമായി. അമ്മയിപ്പോൾ കുളിച്ചു വസ്ത്രം മാറുകയാകും. അമ്മയ്ക്ക്, സ്കൂളിനടുത്തേ ബേക്കറിയിലാണു ജോലി. കട തുറക്കും നേരത്തു തന്നെ ജോലിക്കാരികൾ അവിടെയുണ്ടാകണമെന്നു ഉടമസ്ഥനു നിർബ്ബന്ധമാണ്. അല്ലെങ്കിൽ, അമ്മയ്ക്ക് അയാളുടെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കേണ്ടി വരും. പ്രാണൻ പിടഞ്ഞിട്ടാണെങ്കിലും, അമ്മ കൃത്യസമയത്തു തന്നേ ജോലിയിടത്തിൽ ചെല്ലും. അമ്മയോടൊപ്പം, മേഘമോൾ സ്കൂളിലും. വീടിനു മുന്നിലെ പഞ്ചായത്തു വഴിയിലൂടെ ഒരു സ്കൂൾവാൻ കടന്നുപോയി. മേഘയുടെ കൂടെ ആറാം ക്ലാസ്സിൽ പഠിയ്ക്കുന്ന ആൻ മരിയയും, ഏയ്ഞ്ചലും, എബിൻ ജോണുമെല്ലാം സ്കൂൾ വണ്ടിയിലാണു പോകുന്നത്. ഒന്നാം ക്ലാസു മുതൽ, മേഘയും അമ്മയും രണ്ടരക്കിലോമീറ്ററോളം നടന്നാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്.
“ഹലോ, ആരൂല്ല്യേ ഇവിടെ?”
ഉമ്മറത്തു നിന്നും പരിചിതമായൊരു ശബ്ദം കേട്ടു. മേഘമോൾ പുറത്തേക്കു ചെന്നു. ഇൻസ്റ്റാൾമെന്റുകാരൻ ശ്രീനിവാസൻ ചേട്ടനാണ്.
അവൾ അകത്തേക്കു തിരിച്ചു വന്നു. മുറി വാതിൽക്കലേക്കു നോക്കി വിളിച്ചു പറഞ്ഞു.
“അമ്മേ, ശ്രീനിച്ചേട്ടൻ വന്നിട്ടുണ്ട്, വിളിയ്ക്കണൂ”
അമ്മ, തിരക്കിൽ പുറത്തേക്കു വന്നു. ബ്ലൗസും അടിപ്പാവടയും ധരിച്ച്, പാവാടയ്ക്കു മുകളിൽ അച്ഛന്റെ കൈലിയും ചുറ്റിയാണ് പുറത്തേക്കുള്ള വരവ്. അമ്മേടെ ഡ്രസ്സു മാറല്, കഴിഞ്ഞിരുന്നില്ലേ ?ഈ വയറൊക്കെ കാണിച്ചു തന്നെ ഉമ്മറത്തു പോണോ.?.പിറുപിറുത്തു കൊണ്ട് വാതിൽക്കലേക്കു നടന്ന അമ്മ, കതകു തുറക്കും മുൻപേ ഒരു പുഞ്ചിരിയെടുത്തണിഞ്ഞു. ഉമ്മറത്തു നിന്നും അമ്മയുടേയും ശ്രീനിച്ചേട്ടന്റെയും സംഭാഷണങ്ങൾ വ്യക്തമാകുന്നു.
“ഈ ആഴ്ച്ച പൈസയില്ല ശ്രീനിച്ചേട്ടാ, പ്രദീപേട്ടനു സുഖമില്ലാതെ ജോലിക്കു പോകാൻ കഴിഞ്ഞില്ല. അടുത്തയാഴ്ച്ച എടുക്കാം.”
“കട്ടിലും കിടക്കയുമൊക്കെ വാങ്ങീട്ട് വർഷം രണ്ടാവാറായി. ഒരു വർഷം കൊണ്ട് അടച്ചു വീട്ടേണ്ടതാണ്. നിങ്ങളുപയോഗിച്ച കട്ടിലും കിടക്കയും ഇനിയാർക്കെങ്കിലും കൊടുക്കാൻ പറ്റ്വോ? പ്രദീപിനെ കണ്ടിട്ടല്ലാ ട്ടാ ഞാനിതു തന്നത്. നിങ്ങള് വീട്ടുംന്ന് കരുതീട്ടാ. ഞാൻ, അടുത്താഴ്ച്ച വരും ട്ടാ, ജോലിക്കു പോകാനുള്ള ഒരുക്കായിരുന്നൂ ലേ, നേരം വൈകണ്ട, പൊയ്ക്കോളൂ”
ശ്രീനിച്ചേട്ടന്റെ സംഭാഷണത്തോെടൊപ്പം ഒരു വഴുത്ത ചിരിയും ഇടകലരുന്നു. മേഘമോൾക്കു മുഷിച്ചിൽ തോന്നി, അച്ഛൻ, ഇത്ര നേരത്തേ തന്നെ പുറത്തു പോയിരിക്കുന്നതു ജോലിക്കായിരിക്കുമോ, ആയിരുന്നാൽ മതിയായിരുന്നു. അച്ഛന്റെ ആ അറുപഴഞ്ചൻ ബൈക്ക് മുറ്റത്തില്ലായിരുന്നു. അനിയത്തിപ്രാവ് സിനിമേല്, കുഞ്ചാക്കോ ബോബൻ ഇതു മാതിരി ബൈക്കാ ഓടിച്ചേന്നു അച്ഛൻ വീരസ്യം പറയാറുണ്ട്. മേഘമോൾക്ക് ആ ബൈക്ക് ഇഷ്ടമേയല്ലായിരുന്നു. സകല ഭംഗിയും പൊയ്പ്പോയ ബൈക്ക്. അവളുടെ കൂട്ടുകാരികളുടെ വീട്ടിലൊക്കെ പുത്തൻ ബൈക്കുകളുണ്ട്.
പുറത്തേക്കു പോയപ്പോൾ ധരിച്ച പുഞ്ചിരിയെ ഉരിഞ്ഞെറിഞ്ഞു, അമ്മ അകത്തേക്കു വന്നു. പിറുപിറുക്കലുകൾ കിടപ്പുമുറിയിലേക്കു നീണ്ടുപോയി. അമ്മ സാരിയുടുത്തു പുറത്തേക്കു വന്നു. അമ്മയ്ക്കിപ്പോൾ, ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും സീരിയലിലെ നീലൂന്റെ ഛായ പോലെയുണ്ട്. മേഘ മനസ്സിലോർത്തു. ടി.വി കണ്ടിട്ടെത്ര നാളായി. കേബിൾ ചാർജു കൊടുക്കാഞ്ഞ്, അവരതു കട്ടു ചെയ്തു. കഷ്ടമായി. ഉപ്പും മുളകും രസായിരുന്നു. മേഘമോൾ ഓർത്തു.
വീടുപൂട്ടി, അവർ റോഡിലേക്കിറങ്ങി. വേഗത്തിൽ മുന്നോട്ടു നടന്നു. ഇടവഴി, പ്രധാന റോഡിലേക്കു തിരിയുന്നിടത്തു വച്ചാണ്, അവർക്കെതിരെയൊരു തല നരച്ച സ്ത്രീ നടന്നുവന്നത്.
“ത്രേസ്യയമൂമ്മ” മേഘമോൾ പിറുപിറുത്തു. അച്ഛന്റെ കൂട്ടുകാരൻ ജോസിന്റെ അമ്മച്ചിയാണ്.
“ഡ്യേ, ബിന്ദ്വോ….മ്മടെ പ്രദീപിപ്പോൾ ചൊവ്വിനും ചേലുക്കും പണിക്കു പോണുണ്ടോ?പ്രീഡിഗ്രി കഴിഞ്ഞ്, അവനും ജോസും ഒരുമിച്ചാ ഇലക്ട്രീഷ്യൻ പണിക്ക് പോയീത്. ജോസിനിപ്പോ ലൈസൻസും, ഇമ്മിണി പണിക്കാരുമൊക്കെയുണ്ട്. ഈ പ്രദീപ് മാത്രം എന്ത്യേ ഇങ്ങനെ ആയത്? ചൊവ്വിനു പണിക്കും പോവില്ല. കിട്ടണ കാശിനൊക്കെ ലോട്ടറീം. അവനും ജോസും ഒന്നിച്ചല്ലേ പെരപണി തുടങ്ങീത് ? എന്നിട്ടിപ്പോ രണ്ടു വീടിന്റെം വ്യത്യാസം കണ്ടാ….ജോസ്, ടൗണില് ഒരു കടയും എടുത്തു. ഈ ചെക്കൻ മാത്രം എന്ത്യേ ഇങ്ങനെ നാശായത്…”
അമ്മ അതിനു മറുപടി പറഞ്ഞില്ല. മേഘയുടെ കയ്യും പിടിച്ച് ധൃതിയിൽ നടന്നു..കുന്നുകയറി കവലയിലെത്തിയപ്പോൾ, പലിശക്കാരൻ രാജൻ എതിരേ വന്നു. അയാൾ ഇരുവരേയും നോക്കിച്ചിരിച്ചു.
“മോള് സൂക്കേടായി ആശൂത്രീ കിടക്കാന്നും പറഞ്ഞ്, പ്രദീപ് ഇന്നലെ മൂവായിരം രൂപാ പതിപ്പിനെടുത്തല്ലോ? സൂക്കേടു മാറിയോ? ഇത്ര വേഗം ആശൂത്രീന്നു പോന്നോ? സ്കൂളിലും പൂവ്വാറായോ? പതിപ്പ്, തെറ്റാണ്ട് അടച്ചു വീട്ടണം ട്ടാ, ആസ്പത്രിക്കാര്യമായ കാരണാ ഞാനവനു കാശു കൊടുത്തേ.”
“മോൾക്കു ചെറിയ പനിയായിരുന്നു രാജേട്ടാ, കുറവുണ്ട്. അവൾക്കു പരീക്ഷയാണ്. അതാ, വീട്ടിലിരുത്താണ്ട് സ്കൂള്യേ വിടണത്. കാശു തരാൻ ഞാൻ പ്രദീപേട്ടനോടു പറയാം ട്ടാ….”
അമ്മയുടെ മറുപടി കേട്ട്, മേഘമോൾ അന്തിച്ചു നിന്നു. മുന്നോട്ടു നടക്കും വഴി, അവൾ അമ്മയോടു ചോദിച്ചു.
“എനിക്കു സൂക്കേടൊന്നുമില്ലല്ലോ അമ്മേ, ഞാനിന്നലേം ക്ലാസിൽ പോയതല്ലേ? എന്തുട്ടാ ഇയാള് പറയണ് ?
അമ്മയതിനു മറുപടി പറഞ്ഞില്ല. അവർ വേഗം നടന്നുനീങ്ങി.
“ബിന്ദൂ, കടേലെ പറ്റ് മൂവായിരം കടന്നൂട്ടാ, ഒരാളേം ഇങ്ങ്ട് കാണണില്ലല്ലോ? പ്രദീപിനെ ഞാൻ, അന്വേഷിച്ചൂന്ന് പറഞ്ഞോളാട്ടാ”
പലചരക്കു കടക്കാരൻ മാധവേട്ടൻ വിളിച്ചു പറഞ്ഞു..അമ്മ, തിരിഞ്ഞു നോക്കാതെ തലയാട്ടി. നടത്തം തുടർന്നു…..
അവൾ, സ്കൂളിലേക്കും അമ്മ ബേക്കറിയിലേക്കും വഴി പിരിഞ്ഞു. നാലുമണിക്ക് സ്കൂൾ വിട്ടാൽ, രണ്ടുമണിക്കൂറോളം ബേക്കറിയിൽ തങ്ങണം. അമ്മ, ആറുമണി കഴിഞ്ഞേ ഇറങ്ങൂ. അതുമാത്രമാണ് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം. വിശക്കും. പക്ഷേ, അതു ശീലമായിപ്പോയി.
തിരികെയെത്തിയപ്പോൾ സന്ധ്യയായി. അച്ഛന്റെ പുരാവസ്തുവായ ബൈക്ക് മുറ്റത്തിരിപ്പുണ്ട്. ഉമ്മറത്തിണ്ണയിലിരുന്ന് പുകവലിക്കുന്ന അച്ഛൻ. അമ്മ, അച്ഛനേ പരിഗണിക്കാതെ അകത്തേക്കു മറഞ്ഞു. ആ പോക്കുനോക്കി, അച്ഛൻ മുഖം വക്രിച്ചു. മേഘമോൾ അച്ഛനരികിലേക്കു ചെന്നു. അച്ഛനു, വില കുറഞ്ഞ ബ്രാ ണ്ടിയുടെ പതിവു ഗന്ധം.
“അച്ഛാ, എനിക്ക് സ്കൂൾ ഫീസു തരാതെ രാവിലെ എങ്ങോട്ടാ പോയത്?.നാളെ കൊടുക്കണം ട്ടാ”
അച്ഛനതിനു മറുപടി പറഞ്ഞില്ല. മുറ്റത്ത് നിറയേ ലോട്ടറി ടിക്കറ്റുകൾ ചിതറിക്കിടപ്പുണ്ടായിരുന്നു. അവളതെല്ലാം പെറുക്കിയെടുത്തു. ഒരു പഴയ ബാഗു നിറയേ ലോട്ടറി ടിക്കറ്റുകളുടെ ശേഖരം അവൾക്കിപ്പോൾ സ്വന്തമായുണ്ട്. ഒരടുക്കു ലോട്ടറി ടിക്കറ്റുകളുമായി അവൾ അകത്തേക്കു കയറുമ്പോൾ അച്ഛൻ പുലമ്പുന്നതു കേട്ടു.
“ഇ റ ച്ചി വാങ്ങാൻ ചില്ലറയാക്കാൻ ടിക്കറ്റെടുത്തോനൊക്കെയാണ് കോടികൾ. ഇവിടെ ടിക്കറ്റു കാശു കൂടിയില്ല….”
അച്ഛൻ ഉമ്മറത്തിരുന്ന് പിന്നേയും പിറുപിറുക്കുന്നുണ്ടായിരുന്നു. മേഘമോൾ അതൊന്നും ശ്രദ്ധിച്ചില്ല. അവൾക്കു വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. അവൾ അകത്തളത്തിലേക്കു പ്രവേശിച്ചു. പുറത്ത്, സന്ധ്യ കനത്തു; ഇരുളു പരന്നു.