പെണ്ണ് വന്നു മുന്നിൽ നിന്നെങ്കിലും മുന്നിലെ അലമാരയിൽ അടുക്കിവെച്ചിരിക്കുന്ന പഴയ പത്രത്താളുകൾക്ക്….

ചിലന്തിവല

Story written by Sebin Boss J

=================

”” പത്തിലേഴ്‌ പൊരുത്തമുണ്ട് . ഇക്കാലത്ത് അത്രേം പൊരുത്തം ധാരാളമാ “‘.

”’ചെറുക്കനെന്നാ ജോലി ? ”’ ബ്രോക്കറിന്റെ വാക്കുകൾക്ക് വില കൊടുക്കാതെ പെണ്ണിന്റെയച്ഛൻ ചോദിച്ചു .

“‘ കൃഷിപ്പണിയാ . സ്വന്തമായി ഒരേക്കറിനടുത്ത് സ്ഥലമുണ്ട്. ഇവൻ നല്ല അധ്വാനിയാ . സഹോദരിമാരെ രണ്ടു പേരെയും ഇവന്റെയധ്വാനം കൊണ്ടാ കെട്ടിച്ചു വിട്ടേ . അപ്പൻ നേരത്തെ മരിച്ചുപോയതാണേ .””‘

“‘ അമ്മയുണ്ടോ ?”’

””’ഉണ്ട് .. നല്ല സ്നേഹമൊള്ളോരമ്മച്ചി . ..കൊറേ കഷ്ടപ്പെട്ടാണേ അവരീ പിള്ളേരെ വളർത്തി , പഠിപ്പിച്ചു വലുതാക്കിയത്. വാതത്തിന്റെ ചില വിഷമങ്ങളുണ്ട്, എന്നാലും അടുക്കള പണിയൊക്കെ ചെയ്തോളും “”‘

“‘ കിടപ്പിലെങ്ങാനുമായെങ്കി നമ്മുടെ പെൺകൊച്ചു നോക്കേണ്ടി വരും ..ഊം …ആട്ടെ എത്രയാ നിങ്ങള് ഉദ്ദേശിക്കുന്നെ ?”’ പെണ്ണിന്റെയമ്മാവന്റെയായിരുന്നു ചോദ്യം

”’ ‘ഉദ്ദേശിക്കുന്നേന്ന് പറഞ്ഞാൽ ..സ്ത്രീധനം ആന്നോ … എന്നാൽ അങ്ങനെയൊന്ന് വേണ്ടാന്നാ ഞങ്ങളുടെ തീരുമാനം . രണ്ട് പെണ്മക്കളെ കെട്ടിച്ചു വിട്ട പാട് ഞങ്ങൾക്കു നന്നായി അറിയാം.””

“‘ഊം … കൃഷിക്കാരെന്ന് പറഞ്ഞാൽ ഒരു സ്ഥിരവരുമാനം ഇല്ലാത്തോരാ ..എടിയേ ..മോളെയിങ്ങു വിളിച്ചേ ….വന്ന സ്ഥിതിക്ക് എന്തായാലും ഒന്ന് കണ്ടു പോട്ടെ “”‘ പെണ്ണിന്റെ സംസാരത്തിൽ പുച്ഛം കലർന്നിരുന്നു

പെണ്ണ് വന്നു മുന്നിൽ നിന്നെങ്കിലും മുന്നിലെ അലമാരയിൽ അടുക്കിവെച്ചിരിക്കുന്ന പഴയ പത്രത്താളുകൾക്ക് മീതെ വല കെട്ടുന്ന ചിലന്തിയിലായിരുന്നു സംസാരം കൊണ്ട് മനംമടുത്ത ചെറുക്കന്റെ കണ്ണുകൾ.

“”എന്നാൽ ഞങ്ങളാലോചിച്ചിട്ടങ്ങോട്ട് പറയാം.. ””’

ചായ കുടിച്ചയുടനെ , പെണ്ണിന്റെയച്ഛൻ പറഞ്ഞപ്പോഴേ ചെറുക്കൻ അത് കേൾക്കാനിരുന്നപോലെ ഉടൻ തന്നെയെണീറ്റു .

കൃഷിക്കാരനായതി ന്റെ പേരിൽ പതിനാറാമത്തെ ആലോചനയും തിരസ്കരിക്കപ്പെട്ട് ആ വീട്ടിൽ നിന്നുമിറങ്ങുമ്പോൾ അലമാരിക്കുള്ളിൽ

വല നെയ്തുകൊണ്ടിരുന്ന ആ ചിലന്തിയും തന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നതായി അവന് തോന്നി

“”‘ ആണോ ..ആഹാ … പോരെ പോരെ .. ശെരി ..അതൊന്നും ഒരു കുഴപ്പോമില്ല “”‘

“‘എടിയേ ..മോളോട് ഡ്രസ്സ് മാറേണ്ടന്ന് പറ . ഒരു കൂട്ടരും കൂടെ വരുന്നുണ്ടന്ന് . ചെറുക്കൻ സർക്കാരുദ്യോഗസ്ഥനാ . നല്ല സ്ത്രീധനം കൊടുക്കേണ്ടിവരും സാരമില്ല , നമ്മുക്ക് ഒറ്റ മോളല്ലേ., എല്ലാം അവൾക്കുള്ളതല്ലേ “”

പുറത്തുകടക്കും മുൻപേ അകത്തെ സംസാരം കേട്ട് , കുനിഞ്ഞ ശിരസ്സോടെ ഗേറ്റിനു വെളിയിലേക്ക് നടന്ന ചെറുക്കനെ നോക്കി , ചുണ്ടുകോട്ടിചിരിച്ചിട്ട് പെണ്ണിന്റെയച്ചൻ ആഹ്ലാദത്തോടെ അടുക്കളയിലേക്ക് നോക്കിപ്പറഞ്ഞു

ആറുമാസങ്ങൾക്കപ്പുറം,

വലയിൽ കുടുങ്ങിയ ഒരു പൂമ്പാറ്റയെ ആ എട്ടുകാലി ആഹാരമാക്കുമ്പോൾ , ആ ചിലന്തിവലക്ക് താഴെ ഉണ്ടായിരുന്ന പത്രത്താളിൽ സ്ത്രീധന മർദ്ദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഒരു പെൺകുട്ടിയുടെ പടമുണ്ടായിരുന്നു . .മുകളിലെ ഭിത്തിയിൽ ഫ്രയിമിട്ട് വെച്ച കല്യാണ ഫോട്ടോയിലെ മണവാട്ടിയുടെ അതേ മുഖമായിരുന്നു പത്രത്താളിലെ ആ പെൺകുട്ടിക്ക് .

-സെബിൻ ബോസ്