മയിൽപ്പീലി….
Story written by Rajesh Dhibu
===================
വീട്ടിൽ വെള്ളപൂശാൻ ആളു വന്നപ്പോഴാണ് വീണ അടുക്കി വെച്ച പഴയ പെട്ടികളെല്ലാം എടുത്ത് താഴെയിട്ടത്…
ബാലേട്ടന്റെ ഭ്രാന്താ…കുട്ടിക്കാലം മുതലുള്ള സാധനങ്ങൾ എല്ലാം ശേഖരിച്ചു വെയ്ക്കും ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരു പാട് സാധനങ്ങൾ..എല്ലാമെടുത്ത് കത്തിച്ചു കളയണം…
“അല്ല പിന്നെ !!! “
അവൾ മനസ്സിൽ തീരുമാനിച്ചൂ..
വൈറ്റ് വാഷ് കഴിഞ്ഞ് തിരിച്ച് സാധനങ്ങൾ എല്ലാം പഴയതുപോലെ അടക്കി വെയ്ക്കുന്നതിനിടയിലാണ് അവൾ ബാലേട്ടൻ്റെ പെട്ടികൾ ഓരോന്നായി തുറന്നു നോക്കിയത്….ക്ലാവ് പിടിച്ച ട്രോഫികൾ , ചിതലരിച്ച ഫോട്ടോകൾ , പഴഞ്ചനായ നാടൻ വാദ്യോപകരണങ്ങൾ, പഴയതുണികൾ , മറ്റൊരു പെട്ടിയിൽ കുറേ പുസ്തകങ്ങൾ. ചില പുസ്തകങ്ങൾക്കുള്ളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന മയിൽ പീലികൾ..
“ബാലേട്ടന് വട്ടു തന്നെ.. “
അപ്രകാരം ഉരുവിട്ടു കൊണ്ട് ..അവൾ പുസ്തകങ്ങൾ ഒരോന്നായി മറിച്ചു നോക്കി..നോവലുകൾ, മഗളം, മനോരമ.. നാന ,വനിത ചിത്രഭൂമി….അതു കണ്ട് അവൾ സ്വയം ചിരിച്ചു..
“എന്നെ കുറ്റം പറയുന്ന ബാലേട്ടൻ ഒരു ഒന്നാന്തരം പൈങ്കിളിയാണല്ലോ….: “
ഇങ്ങു വരട്ടെ ഇന്ന് ശരിയാക്കിത്തരാം…ഇതും പറഞ്ഞ് കളിയാക്കിയിട്ടു തന്നെ വേറെ കാര്യം….ബാലേട്ടൻ്റെ ചമ്മിയമുഖം മനസ്സിൽ ഓർത്തവൾ ഊറിച്ചിരിച്ചു..
പിന്നീടതിൽ നിന്ന് കുറച്ചു പുസ്തകങ്ങൾ എടുത്ത് അവൾ മേശയുടെ പുറത്ത് വെച്ചു കൊണ്ട് വീണ്ടും ജോലിയിൽ തുടർന്നു…
പണിയെല്ലാം കഴിച്ചു വെച്ച് ഒരു കുളിയും പാസാക്കി തിരിച്ച് കട്ടിലിൽ വന്നു കിടന്നപ്പോഴാണ് മേശപ്പുറത്തിരുന്ന പുസ്തകൾ കണ്ണിൽ പെട്ടത്..അവൾ അതിലൊരണ്ണം എടുത്ത് മറിച്ചു നോക്കി..സ്ഥിരം പല്ലവിയായിരുന്നു അതിലെ ഉള്ളടക്കം…
പാചക കുറിപ്പുകളും ഫേഷൻ ഷോയും….
പേജുകൾ ഒന്നാന്നായി മറിച്ചു കൊണ്ടിരുന്നപ്പോഴാണ് അതിൽ വന്ന തലക്കെട്ട് അവൾ വായിച്ചത്…ബ്രെസ്റ്റ് ക്യാൻസർ എങ്ങിനെ തടയാം….അറിയുവാനുള്ള ആഗ്രഹമോ..അതോ..താനും ഒരു പൊണ്ണായതു കൊണ്ട് തന്നെ കുറിച്ചുള്ള വിവരണമോ..അവളിൽ അതു വായിച്ചു തീർക്കാനുള്ള ആകാംഷയായി….
വായിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ അറിയാതെ തൻ്റെ മാ റിടങ്ങളെ തടവി നോക്കി..രണ്ടു മൂന്നു ദിവസം മുൻപ് കുളിച്ചു കൊണ്ടിരിയ്ക്കുമ്പോൾ തനിയ്ക്കും അത്തരത്തിൽ ഒരു വേദന അനുഭവപ്പെട്ടിരുന്നു…അന്ന് മനസ്സിൽ ബാലേട്ടനെ ഒരു പാട് കളിയാക്കിയതുമാണ്..അവൾ സംശയം…മുൻ നിർത്തി ഒരിക്കൽ കൂടി ആ ഭാഗം അമർത്തി…ഇപ്പോഴും ചെറുതായി വേദനയുണ്ട്..ഈശ്വരാ..അതിൽ കുറിച്ചിട്ടുള്ള ഒരോ വരികളിലും തൻ്റെ ശരീരത്തിലൂടെ കടന്നു പോയിട്ടുണ്ടോ എന്നവൾ സംശയിച്ചു…
അവൾ ചാടിയെഴുന്നേറ്റ് ബാത്ത് റൂമിലേയ്ക്ക് ഓടി…തിരക്കിട്ടു കൊണ്ട് വസ്ത്രങ്ങൾ അഴിച്ചു വെച്ച് വേദനയുള്ള ഭാഗത്ത് ശക്തിയായി അമർത്തി നോക്കി..വാസ്തവം ഉള്ളിൽ എന്തോ ഒരു മുഴ പോലെ..കണ്ണിൽ നിന്നുതിർന്നു വീണ മിഴിനീർത്തുള്ളികൾ മാറിടങ്ങളെ നനയിച്ചു. അവൾ പൈപ്പ് തുറന്നിട്ടു കൊണ്ട് പൊട്ടിക്കരഞ്ഞു….
ഒരു കുഞ്ഞിനെ മു ല യൂട്ടുവിനുള്ള തൻ്റെ ആഗ്രഹം…എല്ലാ സ്വപ്നങ്ങളും അസ്തമിച്ചു പോയല്ലോ..ഈശ്വരാ..ഇനി ഞാൻ എന്തിനാണ് ജീവിച്ചിരിക്കുന്നത്..
ദേതിച്ചു മാറ്റിയതിനു ശേഷം മാ റിടമില്ലാത്ത ശരീരത്തെ പുരുഷൻ്റെ ശരീരവുമായി സങ്കൽപിച്ചു കൊണ്ടവൾ വാവിട്ടു കരഞ്ഞു…
ദേഷ്യവും, വേദനയും കാരണം അവൾ മനസ്സികമായി തകർന്നിരുന്നു..ബാലേട്ടൻ അറിഞ്ഞാൽ..നാലിന് നാൽപ്പത് വട്ടം തൻ്റെ മേനിയഴക് വർണ്ണിക്കുന്ന ബാലേട്ടൻ…അവൾ കണ്ണുകൾ തുടച്ചു കൊണ്ട് മുറിയിൽ വന്നിരുന്നു…അവൾ ആ പുസ്തകത്തിനടിവശത്തായി ചേർത്തിരുന്ന ഡോക്ടർ സാന്ത്രയുടെ നമ്പറിൽ വിളിച്ചു നോക്കി..ആ നമ്പർ നിലവിലില്ല എന്നു കേട്ടതും അവൾ കൂടുതൽ പരിഭ്രാന്തിയായി….
കൂടുതലൊന്നും ആലോചിക്കാതെ. അവൾ ബാലേട്ടനെ വിളിച്ചു..
“ബാലേട്ടാ.. “
“എന്താ ടീ പെണ്ണേ..രാവിലെ വാങ്ങുകയില്ല എന്നു പറഞ്ഞത് നിന്നെ വെറുതെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതല്ലേ….വാങ്ങിയിട്ടുണ്ട്….വീണ്ടും ഓർമ്മപ്പെടുത്തേണ്ട..”
സങ്കടം സഹിക്കവയ്യാതെ അവൾ കരച്ചിലിടക്കി നിന്നു..
“എടോ. മിണ്ടടോ..പിണക്കം മാറിയില്ലേ…. “
ഏട്ടൻ്റെ സ്നേഹത്തിനു മുന്നിൽ എറെ നേരം പിടിച്ചു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല…
മറുപടിയായ് ഒരു പൊട്ടി കരച്ചിലായിരുന്നു….
“വീണേ..എന്തു പറ്റി..?
“എനിക്കിപ്പോൾ ബാലേട്ടനെ കാണണം. ഒന്നു വരാൻ പറ്റോ.. ?”
അവൾ കരഞ്ഞുകൊണ്ട് വാക്കുകൾ കൂട്ടിച്ചേർത്തുകൊണ്ട് യാചിച്ചു…
ഇക്കാര്യമറിഞ്ഞാൽ ബാലേട്ടൻ എന്തു പറയുമെന്നുള്ള ചിന്തകൾ മാത്രമായിരുന്നു അവളുടെ മനസ്സു മുഴുവൻ…കൂറെ സമയം തലയണിയിൽ മുഖം കമിഴിത്തിയവൾ കിടന്നു കരഞ്ഞു…പുറത്ത് കോളിംഗ് ബെല്ലടിച്ചപ്പോഴാണ് അവൾ എഴുന്നേറ്റത്..
“ബാലേട്ടൻ “
ഒലിച്ചിറങ്ങിയ കണ്ണുനീർ അവൾ തുടച്ചു കൊണ്ട് താഴേയ്ക്ക് നടന്നു..അപ്പോഴേയ്ക്കും അവളുടെ മുഖം വാടി കരിഞ്ഞിരുന്നു..വാതിൽ തുറന്നതും പൊട്ടിക്കരഞ്ഞുകൊണ്ടവൾ ബാലേട്ടൻ്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു…
“വീണേ..നിനക്ക് എന്തു പറ്റി..എന്തിനാണ് കരയുന്നത്. ” കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന പുസ്തകം അവൾ ഏട്ടനു നേരെ നീട്ടി..
“ഏട്ടാ എനിയ്ക്ക്.. ” അവൾ ബാക്കി പറയാതെ നിന്നു തേങ്ങി. അവൻ ഒറ്റനോട്ടത്തിൽ അത് ഒന്നു ഓടിച്ചു വായിച്ചു..
“അയ്യേ..ഇതൊക്കെ വായിച്ചു കരയാണോ…”
“അല്ല….എനിയ്ക്ക് പേടിയാവുന്നു..നമുക്ക് ഒരു ഡോക്ടറെ കാണാം.. “
താൻ എന്തിനാ വെറുതെ ടെൻഷൻ അടിക്കണേ. “
“തനിയ്ക്ക് ഒന്നുല്ലാ എല്ലാം നിൻ്റെ തോന്നലാ.. “
“അല്ല ഏട്ടാ എനിയ്ക്ക് സത്യായിട്ടും വേദനയുണ്ട് “
“വേഗം റെഡിയാവൂ. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ പോയി നിനക്ക് ആശ്വാസമാകാൻ വേണ്ടി ഒരു ചെക്കപ്പ് നടത്താം എന്താ പോരേ…”
പെട്ടന്ന് തന്നെ അവൾ ഒരുങ്ങി. ബാലേട്ടനൊപ്പം ആശുപത്രിയിലേയ്ക്ക് തിരിച്ചു. ഡോകടറെ കാണാൻ പുറത്ത് ബെഞ്ചിൽ ബാലേട്ടൻ്റെ തോളിൽ തല ചായ്ച്ചു കൊണ്ടിരിക്കുകയായിരുന്നപ്പോഴാണ് അവൾ ആ ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റത്…
“വീണ ബാലൻ “
നേഴ്സ് വന്നു വിളിച്ചപ്പോൾ അവർ എഴുന്നേറ്റ് ഡോക്ടർക്ക് അഭിമുഖമായി ചെന്നിരുന്നു. ചെക്കപ്പ് കഴിഞ്ഞ് ഡോക്ടർ തിരികെ വന്ന് കസേരയിൽ ഇരുന്നപ്പോൾ അവളുടെ സംശയത്തിന് ചെറുതായി മങ്ങലേറ്റിട്ടുണ്ട് എന്നവനു മനസ്സിലായി..
തൻ്റെ ധൈര്യം ചോർന്നു പോകരുതേ എന്ന് മനസ്സിൽ പലവട്ടം ഉരുവിട്ടെങ്കിലും….തനിക്കതിനു കഴിയുന്നില്ലന്നവൻ ഇതിനോടകം തിരിച്ചറിഞ്ഞിരുന്നു.
മനസ്സ് പാകപ്പെടുത്തി അവൻ ഡോക്ടറോടു ചോദിച്ചു..
“ഡോക്ടർ ഒന്നും പറഞ്ഞില്ല…”
ഡോക്ടർ നേഴ്സിനെ വിളിച്ച് അവളെയും കൂട്ടി ടെസ്റ്റിന് പറഞ്ഞയച്ചപ്പോൾ അവൾക്കു ഒന്നും ഉണ്ടാകരുതേ..എന്ന് മനസ്സിൽ ദൈവങ്ങളോട് പ്രാർത്ഥിക്കുകയായിരുന്നു
സീ മിസ്റ്റർ ബാലൻ..ഭയപ്പെടേണ്ടതായിട്ടൊന്നുമില്ല..മാമോഗ്രാമിൽ ഈ കുട്ടിയ്ക്ക് സ്തനാർബുദമാണ് ഒരു സംശയം….
ഇപ്പോൾ ഇത് സർവ്വസാധാരണമാണ്…താങ്കൾ ആണ് ആ കുട്ടിയ്ക്ക് ധൈര്യം നൽകേണ്ടത്..പത്തോളജി ടെസ്റ്റും കൂടി കഴിഞ്ഞാലേ..റീമൂവ് ചെയ്യുന്നതിനെ പറ്റി ഞങ്ങൾ തീരുമാനിക്കുകയുള്ളൂ….
ഡോക്ടർ അപ്പോൾ വീണ എന്നേന്നയ്ക്കുമായി എന്നെ വിട്ട് അകലുകയാണോ..
താങ്കളും കൊച്ചു കുട്ടികളെപ്പോലെകരയുന്നുവോ..?
ഡോക്ടർ അവളുടെ കാര്യമാലോചിക്കുമ്പോൾ കണ്ണു നിറയുന്നതാണ്…
വിഷമിക്കാതെടോ..മേലേ ഒരാളില്ലേ. അങ്ങേരു കൂടെയുണ്ടാവും…
ഡോക്ടർ സ് ത നം റീമൂവ് ചെയ്താലും പ്രശ്നമല്ല. എനിക്കവളെ വേണം..എൻ്റെ ജീവൻ്റെ പാതിയാണവൾ…ആ സ്തനത്തിനു താഴെയായി അവൾക്ക് സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു ഹൃദയമുണ്ട്..അത് നിലയ്ക്കാൻ ഞാൻ സമ്മതിക്കില്ല…
ഡോക്ടർ എനിക്കിപ്പോഴും വിശ്വാസം വരുന്നില്ല. അവളുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലും മറ്റു എല്ലാ കാര്യങ്ങളും ശ്രദ്ധയോടു കൂടി നോക്കുന്നവളാണ് വീണ….അവൾക്കിങ്ങിനെ…?
തൻ്റെ ഭാര്യ മാത്രമല്ല.. 80 % സ്ത്രീകളും തങ്ങളുടെ സ് ത നങ്ങളെ കാര്യമായി ശ്രദ്ധിക്കാറില്ല എന്നു വേണമെങ്കിൽ പറയാം. കുട്ടികളില്ലാത്ത സ്ത്രീകളാണെങ്കിൽ ഇത് ഭർത്താവിന് വിട്ടുകൊടുക്കും. കൊച്ചു കുട്ടികളുണ്ടെങ്കിൽ അവർക്ക് പാലൂട്ടന്നതിനും..മാസത്തിൽ ഒരിക്കലെങ്കിലും അവരവരുടെ സ് ത നം പരിശോധിക്കുന്ന എത്ര സ്ത്രീകളുണ്ട്..വിരലിൽ എണ്ണാവുന്നവരേ കാണൂ..സ് ത ന പരിശോധന തൻ്റേതുന്നുള്ള ബോധത്തിൽ നിന്നു കൊണ്ട്. അത് ശീലമാക്കുകയും, കൃത്യമായ വ്യായാമ ശീലങ്ങൾ പിന്തുടരുകയും ചെയ്താൽ ഇതെല്ലാം ഒരു പരിധിവരെ തടയാൻ കഴിയും…പിന്നെ അളവില്ലാത്ത ഭക്ഷണ രീതിയും ശരീരം അമിതമായി വണ്ണം വെയ്ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്..ഇത്രയും കാര്യങ്ങൾ ഭാര്യമാരേ ഓർമ്മിക്കാൻ കഴിഞ്ഞാൽ..സ്തനാർബുദത്തെ തടയാൻ നമുക്ക് കഴിയും…
ഡോക്ടർ….ഞാൻ….അവൻ സിസ്സഹായനായി ഡോക്ടർ പറയുന്നതു മൂളി കേട്ടുകൊണ്ടിരുന്നു..
സ് ത നങ്ങളിൽ മാറ്റങ്ങളോ മുഴകളോ ഉണ്ടെന്ന് സംശയം തോന്നിയാൽ പിന്നെ വച്ചു താമസിപ്പിക്കരുത്….പ്രാരംഭ ഘട്ടത്തിൽ തന്നെ ഇവിടെ വന്നത് നന്നായി..ഒട്ടും ഭയപ്പെടണ്ടടോ..താൻ ഒന്നുകൊണ്ടും പേടിക്കേണ്ട ട്ടോ എല്ലാം നല്ല രീതിയിൽ നടക്കും….
തനിയ്ക്ക് ധൈര്യം നല്കുന്നതിനായി പിന്നീട് ഡോക്ടർ പറഞ്ഞൊതൊന്നും അവനു കേൾക്കാൻ കഴിഞ്ഞില്ല…ശരീരം മുഴുവനും മരവിച്ചു പോയിരുന്നു…ഉത്സവ പറമ്പിൽ അച്ഛൻ്റെ കൈവിട്ട് ഒറ്റയ്ക്കായി പോയ ഒരു കൊച്ചു കുട്ടിയെ പോലെ അവൻ പുറത്തേയ്ക്കിറങ്ങി അങ്ങോട്ടുമിങ്ങോട്ടും നടന്നു. മനസ്സ് ശൂന്യമായിരിക്കുന്നു…റിസൽട്ട് വന്നതിനു ശേഷം ഡോക്ടർ അക്കാര്യം പറയുമ്പോൾ കണ്ണുകൾ വീണ്ടും നിറയുകയായിരുന്നു
“തൻ്റെ കൂടെ ദൈവം ഉണ്ടടോ..നാളെത്തന്നെ ഒരു ചെറിയ ഓപ്പറേഷനിലൂടെ നമുക്ക് അത് തുടച്ചു നീക്കാം…”
എത്ര തവണ ഡോകറോട് നന്ദിപറഞ്ഞുവെന്ന് അവന് ഒട്ടും നിശ്ചയമില്ലായിരുന്നു….
എല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം ബാലേട്ടൻ്റെ നെഞ്ചിൽ തല വെച്ചു കിടക്കുമ്പോൾ…അവൾ മെല്ലേ പറഞ്ഞു…
“ബാലേട്ടാ..”
അവൻ അവളുടെ മുടിയിൽ തലോടികൊണ്ടു ചോദിച്ചു..
എന്താ വീണേ..
പുസ്തകങ്ങളിൽ സൂക്ഷിച്ചു വെയ്ക്കുന്ന മയിൽപ്പീലിയ്ക്ക് ജീവനുണ്ടെന്ന് പറയുന്നത് എത്ര ശരിയാണ്…
“എന്തു പറ്റി ഇങ്ങിനെ ചിന്തിക്കാൻ മാത്രം…”
ഏട്ടൻ സൂക്ഷിച്ചു വെച്ച ആ മയിൽപീലി ഞാൻ കണ്ടില്ലായിരുന്നെങ്കിൽ എനിയ്ക്ക് ഈ ജീവിതം വീണ്ടും കിട്ടുമായിരുന്നോ….
*************
എന്ന് നിങ്ങളുടെ സ്വന്തം ദീപു….