അതാ പിന്നിലായ് ഒരനക്കം, മുഴുവനായിട്ട് തിരിഞ്ഞ് നോക്കാതേ ചെറുതായൊന്ന് തല വെട്ടിച്ച് നോക്കി….

യക്ഷിയും ഞാനും….

എഴുത്ത്: ഷെർബിൻ ആൻ്റണി

=================

അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു രാത്രിയിൽ ജോലിയും കഴിഞ്ഞ് വരാൻ നേരം വൈകി. സ്റ്റാൻഡിൽ നിന്നുള്ള ലാസ്റ്റ് ബസ്സിലാണ് വീട്ടിലേക്ക് മടങ്ങിയത്.

ബസ്സിറങ്ങി അരക്കിലോ മീറ്ററോളം നടക്കണം വീട്ടിലേക്ക്, കാട് പിടിച്ച് കിടക്കുന്ന ആ വഴിയിലൂടെ ടൂ വീലർ മാത്രേ പോകൂ.

സമയം പന്ത്രണ്ടിനോട് അടുക്കുന്നു, കുറ്റാക്കൂരിരുട്ടിൽ ചീവീടുകളുടെ ശബ്ദം മാത്രം. ഉള്ളിൽ നേരിയ പരിഭ്രാന്തി തോന്നിയെങ്കിലും മൊബൈൽ വെളിച്ചത്തിലൂടെ മുന്നോട്ട് നടന്ന് നീങ്ങി.

അതാ പിന്നിലായ് ഒരനക്കം, മുഴുവനായിട്ട് തിരിഞ്ഞ് നോക്കാതേ ചെറുതായൊന്ന് തല വെട്ടിച്ച് നോക്കി. വെള്ള സാരിയുടെ തുമ്പ് കണ്ടതും ഞാനുറപ്പിച്ചു ഇത് യക്ഷി തന്നെ!

ഓടിയിട്ടൊന്നും കാര്യമില്ല, വല്ല പൊട്ടക്കുളത്തിലും വീണ് ചാകും!ഏതായാലും ചാവാൻ പോകുവാ, എങ്കിൽ പിന്നെ മാന്യമായിട്ട് തന്നെ ചത്തേക്കാം.മനസ്സിലുണ്ടായിരുന്ന സംശയങ്ങൾക്ക് ഒക്കെ ഇന്ന് അറുതി വരുത്തണം. രണ്ടും കല്പിച്ച് ഞാനാ യക്ഷിയോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു.

തിരിഞ്ഞ് നോക്കാതേ ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു,

മാഡം നിങ്ങളീ വെള്ളിയാഴ്ച മാത്രം പുറത്തിറങ്ങാനുള്ള കാരണം?

ആദ്യം ഒരു പൊട്ടിച്ചിരിയാണ് കേട്ടത്. അതേ….യക്ഷികളുടെ അതേ ചിരി!

എന്തായാലും നിങ്ങളെന്നെ കൊ ല്ലുമെന്ന് എനിക്കറിയാം, അവസാനത്തെ ആഗ്രഹമായ് എൻ്റെ സംശയങ്ങളെ കണ്ടാൽ മതി. എൻ്റെ ദയനീയമായ ആ അപേക്ഷ കേട്ടിട്ടാവണം ആ ചിരി നിന്നു.

വശ്യമായ സ്വരത്തിൽ അവൾ പറഞ്ഞു തുടങ്ങി…..

അതോ….അത് പിന്നെ പരമ്പരാഗതമയ് ഞങ്ങളുടെ രീതിയാണത്. വെള്ളിയാഴ്ചയാണ് സിനിമകൾ റിലീസാവുന്നതും, തിയേറ്ററില് പടം മാറുന്നതുമൊക്കെ. അതോണ്ട് അന്ന് സെക്കൻഡ് ഷോയ്ക്ക് ആള് ഉണ്ടാവും. ഒന്ന് നിർത്തിയിട്ട് വളരെ കൂളായിട്ട് യക്ഷി പറഞ്ഞുതുടങ്ങി.

റിസ്ക്കെടുത്ത് പാലയും, പനയുമൊക്കെ കേറുന്നതും ഇറങ്ങുന്നതും കൊണ്ട് എന്തേലുമൊക്കെ ഗുണം വേണ്ടേ….

വളരെ മാന്യമായിരുന്നു മറുപടി.

അതെന്താ പാലമരവും പനയും മാത്രം തിരഞ്ഞെടുക്കുവാൻ കാരണം?ഒന്നൊന്നായ് ഞാൻ കെട്ടഴിച്ചു.

അതിന് കാരണം മറ്റൊന്നുമല്ല, ഞങ്ങളുടെ മുത്തശ്ശിയുടെ സ്ഥലം അങ്ങ് കോട്ടയം പാലായിലായിരുന്നു. അതിൻ്റെ സ്മരണയ്ക്കും നൊസ്റ്റുവിനും വേണ്ടിയാണ് ഞങ്ങളിന്നും പാലയിൽ തങ്ങുന്നത്. ഗൾഫിലൊക്കെ മൊത്തം ഈന്തപ്പനകളാണല്ലോ, അതോണ്ട് പനയും ഞങ്ങളുടെ ഗസ്റ്റ് ഹൗസാണ്. വാസസ്ഥലം മാറ്റുവാൻ ഞങ്ങൾക്കിപ്പോൾ YWCA യിൽ നിന്ന് നല്ല പ്രഷറുണ്ട്?

അത് കേട്ട എനിക്ക് അത്ഭുതമായിരുന്നു. YWCA??? എന്ന് വെച്ചാൽ? യക്ഷികൾക്കും യൂണിയനൊക്കെ ആയോ? കാലം പോയ പോക്കേ.

YWCA എന്ന് വെച്ചാൽ യക്ഷീസ് വെൽഫെയർ & കെയർ അസോസിയേഷൻ. മഴക്കാലങ്ങളിൽ പനേന്ന് സ്ലിപ്പാവാൻ സാധ്യത ഏറേയാണ്. കുറച്ച് നാൾക്ക് മുന്നേ ഒരു ന്യൂജെൻ പ്രേതം പാതിരാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ ബോറടിച്ചെന്നും പറഞ്ഞ് റോഡിലേക്കിറങ്ങിയതാണ്. അവിടെ ആരെയോ കണ്ട് പേടിച്ച് ആ പെൺകൊച്ച് പനയിലേക്ക് വലിഞ്ഞ് കേറിയതാണ്. ഉള്ളിലുള്ള പരിഭ്രമം കാരണം മഴ പെയ്ത് ഇഴുകി കിടന്ന പനയിൽ നിന്ന് തെന്നി നടുവും കുത്തി അയ്യോ പൊത്തോന്നും പറഞ്ഞാണ് വീണത്!

മരിച്ച് പോകുന്ന എല്ലാവരും പ്രേതങ്ങളും യക്ഷിയുമായ് തിരിച്ച് വരുമോ?

ഇല്ല, സ്വഭാവികമായ് മരണപ്പെടുന്ന ആരും തന്നെ തിരിച്ച് വരാറില്ല. അപകട മരണങ്ങളിൽ പെട്ട് ജീവിച്ച് കൊതി തീരാത്തവരും, പിന്നെ ആ ത്മ ഹ ത്യ ചെയ്തവരുമാണ് വീണ്ടും ഇവിടെ അലഞ്ഞ് തിരിയാൻ വിധിക്കപ്പെടുന്നത്. അത് പറഞ്ഞ് നിർത്തിയപ്പോൾ ആ യക്ഷിപ്പെണ്ണ് ഒന്ന് ഏങ്ങിയിരുന്നോ!

അതൊക്കെ പോട്ടേ പരക്കെ കേട്ട് വരുന്ന ഒരു കാര്യമാണിത്, നിങ്ങൾ വഴിയാത്രികരോട് ചുണ്ണാമ്പ് ചോദിക്കാറുണ്ട് എന്നൊക്കെ?

യക്ഷിപ്പെണ്ണിൻ്റെ മറുപടികൾ തൃപ്തികരമായത് കൊണ്ട് പിന്നേം പിന്നേം മാധ്യമ പ്രവർത്തകരെ പോലേ ഞാൻ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു.

ചെറുതായൊന്ന് ചിരിച്ചിട്ട് ആ യക്ഷിപ്പെണ്ണ് മറുപടിയും തന്നു. മറ്റൊന്നിനുമല്ല, ബ്ലഡ് ജ്യൂസ് കിട്ടാതേ ഞങ്ങൾ തിരിച്ച് ചെല്ലുമ്പോൾ കാർന്നോന്മാര് ഞങ്ങളെ കളിയാക്കിയിരുന്നു, അതു കൊണ്ടാണ് ഇരയെ കിട്ടിയില്ലെങ്കിലും മുറുക്കി ചുവന്ന ചുണ്ടോടെ ചെല്ലുമ്പോൾ ആ പരേത്മാക്കൾ സന്തോഷിച്ചോട്ടേന്ന് കരുതി. വളരെ വിചിത്രമായ മറുപടിയായ് എനിക്കത് തോന്നി!

വെള്ള സാരിയുടേയും, കാല് നിലത്ത് തൊടാതെ നടക്കുന്നതിൻ്റെ കാര്യം കൂടി ഞാൻ ചോദിക്കുമ്പോഴും മുമ്പും പിറകുമായ് ഞങ്ങൾ നടത്തവും തുടർന്ന് കൊണ്ടിരുന്നു.

പ്രേതമായ് പരലോകത്ത് എത്തുമ്പോൾ ഞങ്ങൾ ന ഗ്ന രായിരിക്കും, നാണം മറക്കാൻ മേഘങ്ങളെയാണ് ഞങ്ങൾ ആശ്രയിച്ചിരുന്നത്, അത് നിങ്ങൾ സാരിയായ് തെറ്റിദ്ധരിച്ചിരിക്കുകയാണ്. മരണ ശേഷം  ഞങ്ങൾ ശപഥം എടുക്കും, ഇനിയീ നശിച്ച മണ്ണിൽ കാല് കുത്തില്ലെന്ന്! ഭൂമിയിൽ പതിയാതിരിക്കാൻ ഞങ്ങൾ ഉപയോഗിക്കുന്നത് ഹെവി ഹൈഹീൽഡ് ചെരുപ്പാണ്.

പുത്തൻ അറിവുകൾ പകുത്ത് നൽകി കൊണ്ടുള്ള ആ യാത്ര രസകരമായിരുന്നു. എന്തായാലും നടന്ന് നടന്ന് വീടനടുത്ത് എത്തി, പിന്നെ ഒന്നും നോക്കാൻ പോയില്ല ഒറ്റ ഓട്ടമായിരുന്നു. വീടിൻ്റെ സിറ്റൗട്ടിൽ കയറി തിരിഞ്ഞ് നോക്കുമ്പോൾ പുറകേ ആരും ഉണ്ടായിരുന്നില്ല. തോന്നലായിരുന്നോ ഇതൊക്കെ?

കോളിംഗ് ബെൽ അമർത്തി,അല്പനേരം കഴിഞ്ഞ് വീടിൻ്റെ വാതിൽ തുറന്ന് ശരിക്കുള്ള യക്ഷിയെ കണ്ടതും അലറി വിളിക്കാനാണ് തോന്നിയതെങ്കിലും നിത്യവും കണ്ട് മടുത്തത് കൊണ്ട് ഒന്നും മിണ്ടാതേ അകത്ത് കയറി കതകടച്ചു.

……………………………………

പിറ്റേ ദിവസം ജോലി ഇല്ലാത്തത് കൊണ്ട് വൈകിയാണ് എണീറ്റത്. ബ്രഷെടുത്ത് ടോയ്ലെറ്റിലേക്ക് പോകാൻ നേരമാണ് മതിലിനടുത്തുള്ള സംസാരം ശ്രദ്ധിച്ചത്.

മോളിന്നലെ എപ്പഴാ എത്തിയത്? എൻ്റെ  ഭാര്യ അടുത്ത വീട്ടിലെ ചേച്ചിയോട് ചോദിച്ചതാണ്, ദൂരേ ഹോസ്റ്റലിൽ പഠിക്കുന്ന അവരുടെ മോളുടെ കാര്യമായിരുന്നു.

ബസ്സ് മിസ്സായ കാര്യം അവളിന്നലെ വിളിച്ച് പറഞ്ഞിരുന്നു. വഴിയിലേക്ക് ചെല്ലാമെന്ന് അവളുടെ പപ്പ പറഞ്ഞപ്പോൾ വേണ്ട ഇവിടത്തെ ചേട്ടനും ലാസ്റ്റ് വണ്ടീല് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് ഞങ്ങൾക്ക് സമാധാനമായത്.

അത് കേട്ട ഞാൻ അവരാരും കാണാതേ മെല്ലെ അങ്ങോട്ട് നോക്കുമ്പോൾ അപ്പുറത്തെ അഴയിൽ അതാ ഒരു വെളുത്ത ഷോൾ അലക്കി ഇട്ടിട്ടുണ്ടായിരുന്നു!

✍️ ഷെർബിൻ ആൻ്റണി